Tuesday, January 4, 2011

ആചാര്യൻ

                                     ആചാര്യൻ
എഴുത്തിൽ,എഴുത്തച്ഛന്  പിൻഗാമി
“തീക്കടൽ കടഞ്ഞ് തിരുമധുരം“ നൽകിടും
“രാധയുടെപ്രേമവും കൃഷ്ണന്റെ ബുദ്ധിയും“
മേളീക്കും മലയാള ഭാഷയുടെ “മൃണാളമേ“
ചമ്രവട്ടത്തെ സോദരാ നമസ്തുതെ !

“മുൻപേ പറക്കുന്ന പക്ഷി“യാണവിടുന്ന്
“ഭദ്രതയുടെ സമതലങ്ങളിൽ”-“സുദർശനം“
“ദ്വീപിൽ”, “വലിയ ലോകങ്ങളിൽ“,“നിലാവിൽ”,
“വേരുകൽ” പടരുന്ന വഴികളിൽ. “പുഴമുതൽ-
പുഴവരെ”യുള്ള പുളിനങ്ങളിൽ
കഥക്കുള്ള കാര്യങ്ങൾ കണ്ടറിഞ്ഞും.
താൻ തന്നെ കഥയെന്നുള്ളറിഞ്ഞും
“ഒറ്റയടിപ്പാത”യിൽ “ഒറ്റയാൻ” നിൽക്കുന്നു
സഹൃദയാ എന്നുടെ സാഷ്ടാംഗപ്രണാമം

ശാസ്ത്രം പഠിച്ചൂ,  പഠിച്ച പണി ചെയ്തു.
വെള്ളിനക്ഷത്രങ്ങെന്ന് നിനച്ചവർ
പുള്ളിപ്പുലികളായ് നായാട്ടിനെത്തി
(“പുള്ളിപ്പുലികളൂംവെള്ളിനക്ഷത്രങ്ങളും“)
“വേഷങ്ങൾ,” “നിഴൾപ്പാടുകൾ”“മരണശിക്ഷ“
തെല്ലുമമാന്തിച്ചില്ല  കുടിയൊഴിഞ്ഞു......
ബ്ര്യഹദാരണ്യകം  പഠിച്ചെത്തി നിന്നൂ...
കുടുമ്പശ്രീകൊവിലിൽ മണി വിലക്കയ്.
എശുത്താണിത്തുമ്പത്തെ മൂർച്ച ക്കൂട്ടി
മലയാളിപ്പെണ്ണിന് കുളിര് കോരി.

“ഇവിടെ എല്ലാപേർക്കും സുഖം“ എന്നു കോറിയ
വരികളിൽ “നിയതി“യുടെ ചിറകടി നിസ്വനം
“സ്പന്ദമാപിനികളെ നന്ദി “സ്പന്ദനമേറ്റിയ
അപ്പുവിൻ ഹൃദ് സ്വനമാരു കേട്ടൂ.........
(സി.രാധാകൃഷ്ണൻ അവർകളുടെ വീട്ടിലെ പേരാണ് അപ്പു )
“കുറേക്കൂടി മടങ്ങി വരാത്തവർ”,“വേർപാടുകളുടെ
വിരൽ‌പ്പാട് “ തീർക്കവേ........
“കരൾ പിളരും കാല“ത്തെയോർത്തിരുന്നു.
“എല്ലാം മായ്ക്കുന്ന കടലാ“യെങ്കിൽ മനം.

“കൈവഴികൾ” പിരിയുന്ന കുടുംബ ബന്ധങ്ങളിൽ
“കളിപ്പാട്ട”മാകുന്ന “മർത്ത്യ ജന്മ“ങ്ങളിൽ
“മരീചിക”തേടിയലഞ്ഞ”നിഴൽ‌പ്പാടുകൾ”
“ഒരു നിറകൺചിരി”യിലൊതൊങ്ങി നിന്നു.......

“അവിൽപ്പൊതി”യുമായിയീ കുചേലനെത്തീടുന്നു,
അറിവിൻ “നിലാവിനായ്”യിരുകരം നീട്ടുന്നു,
“ആഴങ്ങളിൽ നിന്നോരിറ്റ് അമൃതം“
നൽകണേ അറിവിന്റെ “തച്ചനാരേ”................

കേന്ദ്ര,കേരള,സാഹിത്യാക്കാദമി;എണ്ണിത്തിട്ടപ്പെടാൻ
കഴിയാത്തവാർഡുകൾ.
കരവിരുതിൻ കേമത്തം; വായിച്ചറിഞ്ഞോർ
മനസ്സാലെ നൽകിയ അനുമോദനവാർഡുകൾ
മലയാൾത്തിന്റമ്മ, ലളിതാംബികാന്തര്‍ജ്ജന-
പുരസ്കാരം കരഗതമയതിൽ മോദനം
ഇനിയുമെത്രയോ ഉയരങ്ങൾ താണ്ടുവാൻ
അക്ഷര പുത്രന് കഴിയണേ..... കാലമേ....

അടുത്തറിയാനും, അകമറിയാനും
അടിയന്  കൈവല്ല്യമായ സൗഭാഗ്യാത്തെ
ജീവിതാന്ത്യം വരെയോർത്തിടും സോദാ......
ഓർമ്മയുടെ പുസ്തകത്താളിലൊരു പീലിയായ്.....
ചന്തുനായർ

(2004-ലെ ലളിതാംമ്പികാ അന്തർജ്ജനം അവാർഡ് ലഭിച്ച എന്റെ പ്രീയ സുഹ്രുത്തും,പ്രസിദ്ധ നോവലിസ്റ്റുമായ ശ്രീ.സി.രാധാകൃഷ്ണൻ ചേട്ടനെ അനുമോദിച്ച് കൊണ്ട്, അദ്ദേഹത്തിന്റെ കൃതികളുടെ നാമങ്ങളുപയൊഗിച്ച് ഞാൻ എഴുതി  പ്രസിദ്ധീകരിച്ച ഒരു കവിത,അദ്ധേഹത്തിന്റെ കൃതികളെ അടുത്തറിയാൻ കുഞ്ഞൂസ്സിന് അയച്ച് കൊടുത്തതാണ് ഈ കവിത. അത് മറ്റുള്ളവർക്കും ഉപകാരപ്പെടും എന്ന അറിവിനാൽ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു...)


Monday, January 3, 2011

തെക്കേ തെയ്യം (കവിത)



ഊട്ട്.....
ഉടകുലപെരുമാളൂട്ട്,
മുട്ട് .....
ചെണ്ടക്കോലുകള്‍ തോലില്‍ മുട്ടണ മുട്ട്,
തട്ട് ....
ഒറ്റക്കമ്പിലിടയ്ക്കത്തോലില്‍ തട്ട്,
പാട്ട് ....
കണിയാര്‍ നന്തുണി തന്തികള്‍ തട്ടിപ്പാട്ട് .
പിന്നെ :
പിണിയാള്‍ പൂപ്പട കൂട്ടി ,
നടുവില്‍ പൂക്കുല നിര്‍ത്തി ,
ചുറ്റും പന്തം നാട്ടി ,
പിന്നില്‍ പീഠമൊരുക്കി,
അതിലൊരു തുമ്പിലയിട്ട് ,
മലരവില് ചൊരിഞ്ഞു ,
കദളിപ്പഴപ്പടലനിരത്തി ,
ചന്തന തിരികള്‍ തിരുക്കി , വക്കുവളഞ്ഞൊരു 
വെങ്കലവൃത്തത്താലത്തില്‍ നിറഭസ്മമെടുത്ത് 
പരത്തി നടുക്കൊരു വിരലാല്‍ കുഴിയും കുത്തി ,
കര്‍പ്പുരത്തിന്‍ കട്ട നിരത്തി .
ശുഭ്രം, വസ്ത്രമെടുത്ത് തെറുത്ത് തിളങ്ങും ,
അയ്ഞ്ചാലുള്ള വിളക്കിനു തിരുത്തുണിയാക്കി .
എണ്ണയൊഴിച്ച്,
തിരികള്‍ നനച്ച്,
വിരളിന്‍തുമ്പത്തിത്തിരിയിറ്റോരെണ്ണമയം
തന്‍ തലയില്‍ തേച്ച് ,
താലത്തില്‍,പന്തത്തില്‍, തിരിയില്‍, ചാലുവിളക്കില്‍
ആദരവിത്തിരിയും കുറയാതെ കത്തിച്ച് ,
ചാഞ്ചാടും നാല്‍ക്കാലികളില്‍ കാല്‍ കാലേലേറ്റി
ഞെളിയും ഗൌരവഭാവം കൊള്ളും  കരയാളരെയും
നോക്കിയൊരറ്റം പറ്റിയൊതുങ്ങി.
പട്ട്..........
അരയില്‍ചുറ്റിക്കെട്ടിയ പട്ട് ,
കെട്ട്......
തലയില്‍ വെള്ളത്തുണിയുടെ കേട്ട് ,
ഇട്ട്‌.....
ഫാലത്തില്‍ ,നെഞ്ചത്തില്‍,മുതുകില്‍ ,കൈകാലുകളില്‍
ചന്തനകുറികളുമിട്ട് ,
പീഠത്തില്‍ മുനയേറും, മുറിയും വടിവാള്‍  തൊട്ട്  വണങ്ങിയ
തുള്ളല്‍ക്കാരന്‍, വെളി കൊണ്ടങ്ങ് വെളിച്ചപ്പാടായ്......
മേളം മുറുകി ...
ചെണ്ട ക്കൊലുകള്‍  പെരുകിയ താളം ധ്രുത ഗതി ,
ആര്‍പ്പ് വിളിച്ചു , പിള്ളേര്‍ ആര്‍ത്തു വിളിച്ചിട്ടലമുറയിട്ടും-
മേളംകൂട്ടി .മെല്ലെ കൈകള്‍ വിറച്ചു .പൂക്കുല തുള്ളി .
ചുണ്ടില്‍ ചെറുചിരി വിറയാര്‍ന്നരമണി ,
ദേഹം തുള്ളി വിറച്ചിട്ടമ്പല മകമതിലോടി നടന്നു് 
വെളിച്ചപ്പാടാ പൂപ്പട തന്നുടെ പിന്നിലിരുന്നിട്ടോരോ ചെരുപിടി ,
പിന്നെ പെരുകിയ പിടിയോരോന്നും ,തലയ്ക്കു് മുകളില്‍,മച്ചില്‍
തട്ടും തക്ക വിധത്തില്‍ വാരിയെറിഞ്ഞു കളിച്ചു രസിച്ചു . 
ചാഞ്ചാടിയിരുന്നൊരു  കാര്‍ന്നോന്മാര്‍ ,കരയാളന്മാര്‍
പെരുമാള്‍ കൂടിയ ദേഹം കണ്ടു വണങ്ങിയെണീറ്റു.
ചാടിയെണീറ്റു. പെരുമാള്‍ ഉറഞ്ഞെണീറ്റു.
മുനയേറും വടിവാള്‍ കയ്യിലെടുത്തു .
താളത്തില്‍ ,മേളത്തില്‍ തിരു നര്‍ത്തനമാടി.
വലുതായൊന്നു ചിരിച്ചു പെരുമാള്‍ വടിവാള്‍ ചുറ്റി  നടന്നു .
ദിക്കുകള്‍ നാലും നോക്കി  വീണ്ടും ഖഡ്ഗം മാറില്‍ .
പെരുമാള്‍ ക്കൂടിയ ദേഹം കണ്ടു് പെരുകിയ കുരവ മുഴക്കി 
വൃദ്ധകള്‍, മദ്ധൃ വയസ്കര്‍ , നമ്ര ശിരസ്കര്‍ തരുണികള്‍
താണുവണങ്ങി.
പിന്നില്‍ ......
അവരുടെ കായസ്ഥം,വടിവുകള്‍ ,മിഴിചലനങ്ങള്‍ നോക്കി-
രസിച്ച് ചിരിച്ച് കളിക്കും തരുണന്മാരിലൊരുത്തന്‍, കാര്യപുടന്‍ ,
നിരീശ്വര ചിന്തകന്‍ ഉര ചെയ്തു....
ഇങ്ങോര്‍, എന്തൊരു കള്ളത്തരമീ വെട്ടുകള്‍ വെറുമൊരുതട്ടിപ്പല്ലേ  
വചനം കേട്ടു.....
പെരുമാള്‍ വാശിയെടുത്തൂ,
വടിവാള്‍ വീശിയെടുത്തൂ,
ചെണ്ട ക്കൊലുകളറയും പോലാ ശിരസ്സില്‍ തുടരനെ വെട്ടി .
പെരുമാള്‍ ഉറഞ്ഞു തുള്ളി ,
ചെണ്ടകളറഞ്ഞുവായിച്ചവരുടെ 
കയ്യുകള്‍ കുഴഞ്ഞു തളര്‍ന്നു ,
പെരുമാള്‍ മറിഞ്ഞു വീണു,
ഘോഷംമുറിഞ്ഞു നിന്നു.
പെരുമാള്‍ ദേഹം വിട്ടോ ?
തെല്ലൊരു സംശയമുള്ളിലോതുക്കി ,
ഉടയോന്‍ കുടിയ ദേഹം കണ്ടുനിറഞ്ഞൊരു മനവും പേറി
ഭസ്മ,നിവേദ്യം വാങ്ങി, ഭക്തജനങ്ങള്‍ മടങ്ങി.
പിണിയാള്‍ ,
തേങ്ങയുടച്ച്, ഇരുപാതികളിലും തിരുതുണി വച്ച് ,കത്തിച്ച്,
കതിനാ വെടികള്‍ മുഴങ്ങി.
വീണ്ടും കര്‍പ്പൂരത്തീ കത്തിച്ച് . ആരതി കൊണ്ടൂ.....
മുന്നേ ചെയ്യും ചെയ്തികളെല്ലാം ചെയ്തിട്ടും മയക്കമുന്നരാതുള്ളൊരു
തുള്ളല്‍ക്കാരന്‍ തന്നുടെ പിന്നിലിരുന്നിട്ട്...പിണിയാള്‍  മെല്ലെ മൃത-
മേനിയതില്‍ തട്ടി വിളിച്ചു.
കണ്ടു ..............
പീഠം നൊക്കീട്ടൊഴുകും ചുടു നിണം  പുഴപോല്‍ ,
ഉത്ഭവ സ്ഥാനം ശിരസ്സില്‍ , ആഴത്തില്‍ മുറിവൊരു പര്‍വ്വത 
ശിഖരം തന്നിലെ പിളര്‍പ്പ് പോലെ  ................... 
              ***************                                                      
സന്ധ്യ മടങ്ങി, വര്‍ഷം തന്നിതിലൊരുനാള്‍
ചെരുവയറാറും, പിന്നെ പെരുവയര്‍ രണ്ടും നിറയാനുള്ളൊരു
പടിയും വാങ്ങി ,പടികള്‍ മെല്ല കയറിവരു ന്നൊരു തുള്ളല്‍ -
ക്കാരന്‍ തന്നുടെ കൈയ്യിലെ തുന്നി സഞ്ചിയിലെ  ചില്ലറ
നാണൃം എണ്ണി തിട്ടം തീര്‍ക്കാന്‍ മാത്രം  മങ്ങിയ വെട്ടം
ഉതിര്‍ക്കും ,ഇറയത്തേറിയിരിയ്ക്കും കുത്തുവിക്കിലെ
തിരിയും കെട്ടൂ................   
                    *****************

             
പിൻകുറിപ്പ്‌:
സാധാരണ കേരളത്തിന്റെ വടക്ക് ഭാഗത്ത് നടമാടുന്ന ഒരു കലാ രൂപമാണ് തെയ്യം. കുരുത്തോല ,പ്രകൃതിയില്‍  നിന്നെടുത്ത വര്‍ണ്ണങ്ങള്‍ എന്നിവ കൊണ്ടുള്ള വേഷ പകര്‍ച്ചയും.വ്യത്യസ്ഥമായ പാട്ടും,താളവും എന്നിവ ഇതിന്‍റെ സവിശേഷതകളാണ്.കണ്ടനാര്‍ കേളന്‍ തെയ്യം,മുച്ചിലോട്ട്  ഭഗവതി തെയ്യം  തുടങ്ങിയ നിരവധി തെയ്യങ്ങളുണ്ട്. എന്നാൽ കേരളത്തിന്റെ   തെക്ക് ഭാഗത്ത്‌ അതിനു പകരമെന്നോണംകണ്ടു വരുന്ന ഒന്നാണ് ഊട്ട് . മാടന്‍ത്തമ്പുരാന്‍ ,അയണിയോട്ടു തമ്പുരാന്‍,ഉലകുടപെരുമാള്‍,ചാത്തന്‍തമ്പുരാന്‍ തുടങ്ങിയ നിരവധി തമ്പുരാക്കന്മാരെകുടിയിരുത്തിയിരിക്കുന്ന ക്ഷേത്രങ്ങള്‍ തെക്കന്‍ കേരളത്തില്‍ ഉണ്ട് .നിര്‍ഭാഗ്യവശാല്‍  ഊട്ടും,പാട്ടും ഇന്ന് പല അമ്പലങ്ങളില്‍ നിന്നും അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ് . അയ്യടിത്താളത്തില്‍ ,ചെണ്ട ക്കൊലുകള്‍ പെരുക്കുന്ന താള ഘോഷത്തില്‍ കുലദൈവങ്ങളെ  മനസ്സിലാവാഹിച്ച് സ്വയം മറന്നു് തുള്ളിയാര്‍ക്കുന്ന കോമരങ്ങളും അപ്രത്യക്ഷമായി.... സത്യത്തില്‍ ഇതൊരു ആചാരാനുഷ്ഠാന കലയണ്.
നശിക്കപ്പെടുന്ന നാടോടി കലാരൂപം ഒന്നു കൂടി .............!      

Saturday, December 18, 2010

ഭാർഗ്ഗവ രാമ ചരിതം

     ഭാർഗ്ഗവരാമചരിതം (കഥ)
000000000000000000000000
“രാമേട്ടാ...നോക്കു... ഒരാള്‍ക്ക്‌ ...ഇതില്‍ക്കൂടുതല്‍ വികൃതനാകാന്‍ കഴിയുമോ...... ?”
ഒറ്റനോട്ടത്തില്‍ത്തന്നെ അവളുടെ അഭിപ്രായം എനിക്കും സ്വീകാര്യമായിത്തോന്നി. അഞ്ചടിപ്പൊക്കം, അതിനൊത്ത വണ്ണം, കറുത്ത മുഖത്തിന് കാഠിന്യമേറ്റുന്ന കറുത്തതാടി, ജട പിടിച്ച തലമുടി നെറ്റിത്തടത്തിൽ ഞാന്നുകിടക്കുന്നു. ഇടത്തേക്കണ്ണ് വളരെ ചെറുതാണ്. വലത്തേത് കോങ്കണ്ണും. കരിക്കട്ടപോലെ തോന്നിക്കുന്ന ചുണ്ട്. ബീടിക്കറപിടിച്ച വൃത്തികെട്ട പല്ലുകള്‍. അഴുക്കും വിഴുക്കും മേളിച്ച് മഞ്ഞനിറമാക്കിയ ഒറ്റമുണ്ടു മാത്രമാണ് അയാളുടെ വേഷം. കാടുപോലെ വളര്‍ന്നുകിടക്കുന്ന, നെഞ്ചിലെ രോമങ്ങൾക്കിടയില്‍ വലത്തെ കൈവിരലുകള്‍ കോര്‍ത്തുപിടിച്ചുകൊണ്ടാണ് നടപ്പ്. ഇടത്തെകൈയിൽ കൊയ്ത്തരിവാള്‍. അയാൾ ഞങ്ങളെ നോക്കി, ചിരിച്ചു; വൃത്തികെട്ട ചിരി !
“കുട്ടിച്ചാത്തന്‍ .......... ഡെവിള്‍......... !”
പല്ലുകടിച്ച് മുറുമുറുത്തുകൊണ്ടവള്‍ കുനിഞ്ഞിരുന്നു.
“ഭാര്‍ഗ്ഗവന്‍...അതാണവന്റെ പേര്” ഞാന്‍ വിശദീകരിച്ചു.
“പാര്‍ക്കവന്‍….ങും.....”
ആ പേരവള്‍ ദേഷ്യത്തില്‍ പറഞ്ഞതുകേട്ട് ചിരിച്ചുപോയി.
തണുത്ത കാറ്റുള്ള സായാഹ്നമായിരുന്നു. ഞങ്ങള്‍ ഗ്രാമത്തില്‍ എത്തിയതിന്റെ രണ്ടാം ദിവസം. നാലുകെട്ടും പടിപ്പുരയും കൊട്ടിയമ്പലവും ഉള്ള തറവാട്ടിന്റെ മുന്‍വശത്ത്‌, പടര്‍ന്നു വിരിഞ്ഞുനില്ക്കുന്ന പുളിമരത്തിന്റെ കീഴില്‍ ഞങ്ങള്‍. നടവരനമ്പില്‍ക്കൂടി അലസമായി നടക്കുന്ന ഭാര്‍ഗ്ഗവന്‍ ഇടയ്ക്ക് ഒന്നുരണ്ടു തവണ തിരിഞ്ഞു നോക്കി. അവന്റെ മുഖത്തെ വികൃതമായ ചിരി മായാതെനിന്നിരുന്നു.
“ സാര്‍ ... സിഗരറ്റ്‌ ...“
കാര്യസ്ഥന്‍ വാസുപിള്ള പുറകില്‍ വന്നുനിന്നു വിളിച്ചു. സിഗരറ്റ്‌ വാങ്ങിവരാന്‍ താമസിച്ചതിന്റെ ജാള്യം അയാളുടെ മുഖത്ത്‌ ദൃശ്യമാകുന്നതു ശ്രദ്ധിക്കാതെ ചോദിച്ചു :
“ ഭാര്‍ഗ്ഗവനിപ്പോള്‍ എന്താ പണി?”
“ഏതു പാര്‍ക്കവന്‍.?”
“ തേവന്‍മൂപ്പന്റെ മോന്‍”
“കാളപാര്‍ക്കവനോ....? അവനു പ്രത്യേകിച്ച് പണിയൊന്നുമില്ല വെളുക്കുമ്പോള്‍ പാടവരമ്പത്തിറങ്ങും. പുല്ലു ചെത്തും. കാള യ്ക്കുള്ള തീറ്റയാ. ഒരു ആനയുടെ അത്രയുണ്ട് സാറേ അവന്റെ വിത്തുകാള. നാട്ടിലെ പശുക്കളുടെയൊക്കെ കേട്ടിയോനാ... . വിത്തു കൊടുക്കുന്നതിനു പാര്‍ക്കവന്‍ രൂപ വാങ്ങാറില്ല. ആവശ്യക്കാര്‍ പിണ്ണാക്കോ പരുത്തിക്കുരുവോ പുളിങ്കു രുവോ വാങ്ങിക്കൊടുക്കും. ന്താ....പ്പോ...തിരക്കാന്‍?”
“വെറുതെ”
കാര്യസ്ഥന്‍ പോയപ്പോള്‍ ഭാര്യ മൈഥിലി പരിഭവിച്ചു :
“എന്തിനാ ചെകുത്താന്റെ വിശദവിവരം?”
“നീ പിണങ്ങാതെ ഭാര്യേ.. നാലാംതരംവരെ ഞങ്ങള്‍ ഒരുമിച്ചാ പഠിച്ചത്. അവന്‍ ഭാര്‍ഗ്ഗവന്‍... ഞാന്‍ രാമന്‍ ...ആളൊന്ന് ...അവതാരം രണ്ട്”
“എനിക്കു മനസ്സിലായില്ല”
“ പുരാണം പറഞ്ഞതാ പെണ്ണേ”
“ ഓ .... ഒരു പുരാണം”
ദേഷ്യപ്പെട്ട് അവളെഴുന്നേറ്റുപോയിട്ടും ..ഞാന്‍ അവനെപ്പറ്റി പലതും ഓര്‍മ്മിച്ചിരുന്നു.
രാത്രിയിലേതോ യാമത്തില്‍ അവള്‍ ഞെട്ടിയുണര്‍ന്നു കരഞ്ഞു. ഭയന്നുവിറയ്ക്കുന്ന അവളുടെ ദു:സ്വപ്നത്തിലെ കാരണം ഭാര്‍ഗ്ഗവനായിരുന്നു. സാന്ത്വനപ്പെടുത്തിയുറക്കിയപ്പോള്‍ പുലരി വാതായനത്തിലെത്തിയിരുന്നു.
പിറ്റേന്നു പ്രഭാതത്തില്‍ ഞാന്‍ യാത്രതിരിക്കുമ്പോള്‍, അവള്‍ ഭാര്‍ഗ്ഗവനെക്കുറിച്ച് പറഞ്ഞുകരഞ്ഞു. പ്രായമായ അമ്മയും വാസുപിള്ളയും കളിയാക്കിച്ചിരിച്ചപ്പോള്‍ ദേഷ്യപ്പെട്ടുകൊണ്ട് അകത്തേക്കു പോയി .
ബസ്സിലിരിക്കുമ്പോള്‍ അവളെക്കുറിച്ചായിരുന്നു ചിന്ത. പതിനഞ്ചു വര്‍ഷത്തെ ദാമ്പത്യജീവിതത്തിനിടയിൽ, അവളില്‍ ഇത്തരം ഒരു ഭയം നാമ്പെടുക്കുന്നത്
ആദ്യമായാണ്.
ഈ ഭയത്തിന്റെ ആവിര്‍ഭാവം എന്നെ ഒരു തരത്തില്‍ സന്തുഷ്ടനാക്കി. കാരണം, മാസങ്ങളായീ ഞങ്ങളുടെ ജിവിതവിഹായസ്സിൽ കാര്‍മേഘം ഉരുണ്ടുകൂടാന്‍തുടങ്ങിയിട്ട്. വല്ലപ്പോഴും ചാറ്റൽമഴയും ഉണ്ടായി. നഗരത്തിലെ ഒരു സ്വകാര്യപണമിടപാടു കമ്പനിയുടെ പ്രവിശ്യാമാനേജരായിരുന്നു ഞാന്‍. ഒരുവര്‍ഷത്തിനുമുമ്പുണ്ടായ, കമ്പനി മുതലാളിയുടെ തിരോധാനം ഞങ്ങളുടെ ജീവിതത്തെ വല്ലാതെ ബാധിച്ചിരുന്നു . ഗള്‍ഫില്‍നിന്നു ജോലി ഉപേക്ഷിച്ചുവന്നപ്പോള്‍ ഉണ്ടായിരുന്നതും ഭാര്യയുടെ സ്വര്‍ണ്ണംവിറ്റുകിട്ടിയതുംകൂ‌ടെ നല്ലൊരു തുക തന്റേതായിത്തന്നെ ബാങ്കിലുണ്ടായിരുന്നതും നഷ്ടമായി. കേസും വഴക്കുമായി ഒരു വര്‍ഷം വല്ലാതെ വലഞ്ഞു. പണമിടപാടുകാരുടെ മുമ്പില്‍ നാണിച്ചു. എന്നെ വിശ്വസിച്ചും, ഞാന്‍ നിര്‍ബന്ധിച്ചും ബാങ്കില്‍ പണം ഇട്ടിരുന്നവരുടെ രൂപ ഞാന്‍തന്നെ കൊടുക്കാം എന്നേറ്റു. ഇന്‍സ്റ്റാള്‍മെന്റില്‍ വാങ്ങിയ ടി.വി. യുടേയും ഫ്രിഡ്ജിന്റേയും വാഷിംഗ് മെഷ്യന്റേയും ഡീലര്‍മാര്‍ വട്ടംകറക്കി. നഗരത്തില്‍, താമസിച്ചിരുന്ന വീട് വിറ്റ് കടങ്ങള്‍തീര്‍ക്കാം. മിച്ചമൊന്നുമുണ്ടാകില്ലെങ്കിലും കടക്കാരുടെ ബാദ്ധ്യത ഒഴിഞ്ഞുകിട്ടുമല്ലോ.
ചുറ്റുപാടുകള്‍ മനസ്സിലാക്കാതെ അവളെന്നെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. കമ്പനി പൊളിയുന്നതു മനസ്സിലാക്കി പണം മാറ്റാത്തതും, ഗള്‍ഫില്‍നിന്നു ജോലി ഉപേക്ഷിച്ചതും ഞാനൊരു മടിയനായതുകൊണ്ടാണ്‌ എന്നൊക്കെയുള്ള അവളുടെ വാദം പലപ്പോഴും എന്നെ ക്ഷുഭിതനാക്കി. എങ്കിലും ഞാന്‍ ക്ഷമിച്ചു, കാരണം എനിക്കവളെ അത്രയ്ക്ക് ഇഷ്ടമായിരുന്നു.
ഇതിനൊക്കെയുള്ള പരിഹാരത്തിനും മാറ്റത്തിനും വേണ്ടിയായിരുന്നു ഗ്രാമത്തിലേക്കുള്ള യാത്ര. ഇനിയുള്ള കാലം തറവാട്ടിലുള്ള അഞ്ചേക്കര്‍ വസ്തുവില്‍ കൃഷിചെയ്തുജീവിക്കാം. കുഗ്രാമത്തിലെ ജീവിതത്തെച്ചൊല്ലി തറവാട്ടില്‍ എത്തിയ ദിവസത്തിലും അവള്‍ വഴക്കുണ്ടാക്കി. ഭാർഗ്ഗവനെ കണ്ടതുമുതല്‍ അവളുടെ ചിന്തയും സംസാരവും ഒക്കെ അവനെക്കുറിച്ചായി. അതുകൊണ്ടാവാം മറ്റു കാര്യങ്ങളൊക്കെ അവള്‍ മറന്നു. ഞങ്ങളുടെ സുഖജീവിതത്തിനു ഇടനിലക്കാരനായി മാറിയ ഭാര്‍ഗ്ഗവനെയോര്‍ത്ത് അറിയാതെ ചിരിച്ചുപോയി.
ഒരാഴ്ച കഴിഞ്ഞാണ് ഗ്രാമത്തില്‍ തിരിച്ചുവന്നത്. നഗരത്തിലെ വീട് വില്പ്പനയ്ക്കുള്ള അഡ്വാന്‍സും വാങ്ങി, വീട്ടുസാധനങ്ങളെല്ലാം കയറ്റിയ ലോറിയോടോപ്പമാണ് വന്നത് തറവാട്ടില്‍ എത്താന്‍ ഇനി കുറച്ചു ദുരമേയുള്ളൂ
ചെമ്മൺപാതയില്‍, ലോറിക്കു മുന്നില്‍ മാര്‍ഗ്ഗതടസ്സംസൃഷ്ടിച്ചുകൊണ്ടൊരുകാളക്കൂറ്റന്‍. ഡ്രൈവര്‍ നിറുത്താതെ ഹോറണ്‍ മുഴക്കിയപ്പോള്‍ കാള കയറുംവലിച്ചിഴച്ച് പാഞ്ഞുപോയി. എവിടെനിന്നോ എത്തിയ ഭാര്‍ഗ്ഗവന്‍ കാളയോടൊപ്പം ഓടുന്നതു കണ്ടു.
സാധനങ്ങളെല്ലാം ലോറിയില്‍നിന്നിറക്കി മുറികള്‍ക്കുള്ളില്‍ ക്രമീകരിച്ചപ്പോള്‍ തളര്‍ന്നുപോയി. കുളി കഴിഞ്ഞ്‌ കിടക്കയിലേക്ക് വീണത്‌ മയക്കത്തോടെയായിരുന്നു
.
“ഇവിടെത്തന്നെ താമസിക്കാന്‍ തീരുമാനിച്ചൂ..അല്ലേ?”
മയക്കത്തില്‍നിന്നു തട്ടിവിളിച്ച് അവള്‍ ചോദിച്ചു.
“അതേ...എന്താ ..നിനക്ക് എതിര്‍പ്പ് വല്ലതുമുണ്ടോ..?“
അവള്‍ ചിരിച്ചു. ഭംഗിയുള്ള ചിരി. നെറ്റിയില്‍ സിന്ദൂരം . പുടവയും കവിണിയും ഉടുത്തിരിക്കുന്നു. ഈറന്‍മുടിയില്‍ മുല്ലപ്പൂക്കള്‍ .
“എവിടുന്നാ പൂക്കള്‍ ?”
വാലിട്ടെഴുതിയ പീലികള്‍ക്കുള്ളില്‍ പിടയുന്ന ഭംഗിയുള്ള കണ്ണുകളെ നിരീക്ഷിച്ചു.
“തൊടിയിൽ നിറച്ച് മുല്ലവള്ളികളുണ്ടല്ലോ... പേരയും മാതളമരവും നെല്ലിയും ജാമ്പയും.....റിയലി......ഐ ...ലൈക്ക്...ഹിയര്‍.“
“ഹെന്റെ..ഭഗവാനേ....!”
“ എന്താ,എന്തുപറ്റി ?”
“അല്ലാ... വര്‍ഷങ്ങള്‍ക്കു ശേഷം എന്നെ സംബന്ധിച്ചതില്‍ ആദ്യമായി നിനക്കിഷ്ടപ്പെട്ട ഒരു കാര്യം”
അവള്‍ വശ്യമായി ചിരിച്ചു.നെഞ്ചില്‍ മുഖം ചേര്‍ത്തുകിടന്നു.
“അഞ്ചേക്കർപറമ്പും ഈ വലിയതറവാടും, പെണ്ണേ, നമുക്കിതൊക്കെ പോരേ?”
“ പോരാന്ന് ഞാന്‍ പറഞ്ഞില്ലല്ലോ”
“ഇരുവരും പറയാത്ത ഒരു കാര്യമുണ്ട്.......... മനഃപൂർവ്വം...നടിക്കുന്ന കാര്യം ഒരു കുഞ്ഞുമുഖം. നമ്മുടെ ഈ സ്വര്‍ഗ്ഗത്തിന്റെ കാവല്‍ക്കാരനായി, അല്ല,അധിപനായി”
എന്റെ സ്വരത്തിലെ ശോകച്ഛവി ശ്രദ്ധിച്ചുകൊണ്ടവള്‍ എണീറ്റിരുന്നു.വിഷയം മാറ്റി.
“ചേട്ടാ ..പിന്നേയ്‌ ഞാനിന്നാ കാളക്കൂറ്റനെ കണ്ടു ...ചേട്ടന്റെ സഹപാഠിയുടെ”
“ഭാർഗ്ഗവന്റെയോ?”
“ഒരു മദയാനയെപ്പോലുണ്ട്. കണ്ടാല്‍ത്തന്നെയറിയാം അതിന്റെ കരുത്ത് നെറ്റിയില്‍ ഐശ്വര്യമുള്ള വെളുത്ത കുറി. ഇന്നലെ തൊട്ടടുത്തു കണ്ടപ്പോൾ ഞാന്‍ പേടിച്ചുപോയി...എന്നാലും, എനിക്കെന്തോ അതിനെ ഇഷ്ടപ്പെട്ടു”
“അപ്പൊ,ഭാര്‍ഗ്ഗവനോടുള്ള വെറുപ്പു മാറിയോ?”
“ചെകുത്താന്‍തന്നെയാ, ആ ശക്തന്റെ ഉടമസ്ഥനാണല്ലോ എന്ന ഒറ്റക്കാരണംകൊണ്ട് മാത്രം നാം അവനെ വധിക്കാന്‍ വിധിക്കുന്നില്ല........!“
അവള്‍ പൊട്ടിച്ചിരിച്ചു; ഞാനും.
നാലു ദിവസത്തിനു ശേഷമുള്ള പ്രഭാതത്തിനു മഞ്ഞു കൂടുതലയിരുന്നു. കുളിരുമണിഞ്ഞ് തൊടിയിലൂടെ നടക്കുകയായിരുന്നു .പിന്നിലെന്തോ ഒടിഞ്ഞുതകരുന്ന ശബ്ദം കേട്ട് തിരിഞ്ഞുനോക്കി. വാലുംപൊക്കിപ്പിടിച്ച്, വളരെ വേഗത്തില്‍, ഭാര്‍ഗ്ഗവന്റെകാള എന്റെ മുന്നിലൂടെ, വളര്‍ന്നുകിടക്കുന്ന മരച്ചിനിക്കമ്പുകള്‍ ചവുട്ടിമെതിച്ച് മുകളിലേക്ക് ഓടിപ്പോയി. ഒരു നിമിഷം ഭയന്നുനിന്നു.
വിളനാശത്തിന്റെ കാര്യം മനസ്സിനെ കലുഷമാക്കി. കാളയ്ക്കു പുറകെ പാഞ്ഞു. രാത്രി, കാവലിനായി കെട്ടിയിരിക്കുന്ന പുരയ്ക്കു സമീപം കാള നില്ക്കുന്നതു കണ്ട്, വളര്‍ച്ച മുറ്റിയ ഒരു ചീനിക്കമ്പ് പൊട്ടിച്ചെടുത്ത് അതുനടുത്തേക്കു ചെന്നു.
കാവല്‍പ്പുരക്കുള്ളില്‍ അടക്കിയ സീല്‍ക്കാരസ്വരം. ഒന്നെത്തിനോക്കി പെട്ടെന്നു തല പിന്‍വലിച്ചു. തറവാട്ടിലെ അടുക്കളജോലിക്കാരിയും ഭാര്‍ഗ്ഗവനുമായിരുന്നു അവിടെ !
അവരെ ശ്രദ്ധിച്ച്, ഇമയനക്കാതെ, വാൽ ചലിപ്പിക്കാതെ. നില്ക്കുന്ന കാള. എങ്കിലും അതിന്റെ തുറിച്ച കണ്ണുകളുള്ള മുഖത്ത്‌ വന്യമായ എന്തോ ഒന്ന് ദര്‍ശിച്ചു.
ശബ്ദമുണ്ടാക്കാതെ തിരിച്ചുനടന്നു. ഭാര്‍ഗ്ഗവന്റെയും കാളയുടേയും മുഖം ഒന്നാണെന്ന് എനിക്കു തോന്നി.
ഒരു തമാശയായിട്ടണ് സംഭവം മൈഥിലിയോടു പറഞ്ഞത്. അവള്‍ രോഷാകുലയായി. ജോലിക്കാരിയെ പിരിച്ചയച്ചു .
“പെണ്ണുങ്ങളാണ് പുരുഷന്മാരെ ചീത്തയക്കുന്നത് ... ഭാർഗ്ഗവൻ പാവമാണ്. അവന്റെ രൂപം മത്രമാണു വികൃതം. ഛേ.. അവന്റെ വികൃതരൂപത്തിനു മുമ്പിൽ അവൾ എന്തിനു……….. കുരുത്തംകെട്ടവൾ.”
രാത്രി കിടക്കയോളം ഇതിനെക്കുറിച്ചുതന്നെയായിരുന്നു അവളുടെ സംസാരം.
പിന്നത്തെ ദിവസങ്ങളിൽ ഭാർഗ്ഗവനൊടുള്ള അവളുടെ ഭയം കുറഞ്ഞു വരുന്നതായി എനിക്കു തോന്നി. അവന്റെ തുറിച്ച നോട്ടം കണ്ട് വീടിനുള്ളിലേക്കു പോകുന്നതു മതിയാക്കി, അവനെ നോട്ടം കൊണ്ട് എതിരിട്ടുതുടങ്ങി. ഭാർഗ്ഗവൻ അവൾക്കൊരു സാ‍ധരണക്കാരനായി. പകരം അവളുടെ സംസാരത്തിൽ കാളക്കൂറ്റനു പ്രധാന്യം നല്കിയെങ്കിലും, പഴയതുപോലെ എന്നെ കുറ്റക്കാരനായി ചിത്രീകരിച്ചു തുടങ്ങി. കുഞ്ഞുങ്ങൾ ഇല്ലാത്തതും, നഗരം വിട്ടുപോന്നതും, പണമുണ്ടാക്കാനറിയാത്തതും എന്റെ കഴിവില്ലായ്മയായി പറഞ്ഞു. അവളുടെ കണ്ണുകൾ ഈറനണിഞ്ഞു.
വീടിന്റെ വിലയാധാരം നടത്താൻ നഗരത്തിലേക്ക് തിരിച്ച വഴിക്ക് ശകുനമായി കണ്ടത് ഭാർഗ്ഗവനെയായിരുന്നു. ശകുനം? അതെന്തോ ആയിക്കോട്ടെ, എന്നൊടു പലതും പറഞ്ഞ് അവൻ കൂടെ നടന്നു. അവന്റെ വിനയവും ബഹുമാനവും എന്റെ വലതു കരത്തെ പോക്കറ്റിലേക്കു ചലിപ്പിച്ചു.
കൈയിൽ തടഞ്ഞ നൂറുരൂപാനോട്ട് അവനു നല്കിയപ്പോൾ വാങ്ങാൻ മടിച്ചു.
“വാങ്ങിച്ചോ...... കാളയ്ക്ക് വല്ലതും വാങ്ങി കൊടുക്ക്...... പിന്നെ നീയും കാര്യമായി വല്ലതും വാങ്ങി കഴിച്ച് ശക്തി കൂട്ടിക്കോ...... രൂപമതല്ലെങ്കിലും കാളയെപ്പോലെയാണല്ലൊ..... നീയും....!”
എന്റെ വാക്കുകളുടെ ഗൂഢമായ അർത്ഥം മനസ്സിലാക്കിയാണോ എന്തോ അവൻ ചിരിച്ചു. രൂപയും വാങ്ങി, നടന്നു.
വിചാരിച്ചതിലും നേരത്തേ വിലയാധാരം നടന്നു. ഗ്രാമത്തിൽ ബസ്സിറങ്ങിയപ്പോൾ മദ്ധ്യാഹ്നമായിരുന്നു. തറവാടും, അകത്തളത്തിൽ അമ്മയും ഉച്ചയുറക്കത്തിലായിരുന്നു.
വീടിനകത്തു മുഴുവനും തിരഞ്ഞിട്ടും മൈഥിലിയെ കണ്ടില്ല. കാട്ടുചെമ്പകത്തിന്റെ മുന്നിലും മുല്ലവള്ളിയുടെ ചാരത്തും തൊടിയിലും തിരഞ്ഞു. മനസ്സിലൊരു നൊമ്പരം. അവൾക്കായി ഞാൻ ഇതുവരേക്കും ഒന്നും നല്കിയിട്ടില്ല. ഇനിയിപ്പോൾ......എന്നെ.... വെറുത്ത്.....അവളുടെ വീട്ടിലേക്കു പോയിരിക്കുമോ...?
വെരുതെ........ അബദ്ധധാരണകൾ......!
കാവൽമാടത്തിലേക്കു നടന്നത് അവൾ അവിടെക്കാണും എന്ന ധാരണയൊടെയല്ലായിരുന്നു. എപ്പൊഴും സംഭവിക്കാറുള്ളതുപോലെ എന്റെ ധാരണ തെറ്റി !
നോട്ടം പിൻവലിക്കാൻപോലും ശക്തിയില്ലാതെ, കാവൽമാടത്തിനു മുമ്പിൽ. ഞാൻ ശിലയായി. സംസാരശേഷിയും. ശ്രവണശേഷിയും നശിച്ച് ദർശനശേഷിമാത്രമുള്ള കൃഷ്ണശില .......!
പെട്ടെന്ന്, പിന്നിലെന്തൊ തകർന്നടിയുന്ന ശബ്ദംകേട്ട് തിരിഞ്ഞുനോക്കി. വാലുയർത്തി, കാതുകൾ കൂർപ്പിച്ച്, കാറ്റിന്റെ വേഗത്തിൽ, കയറ്റംകയറി, വന്നുനില്ക്കുന്ന വന്യമായ മുഖഭാവമുള്ള ശക്തനായ കാള !
ഭാർഗ്ഗവന്റെ വിത്തുകാള !!
സീൽക്കാരശബ്ദം പടഹധ്വനിയായി മുഴങ്ങുന്ന കാവൽ‌പ്പുരക്കുള്ളിലേക്കു തറപ്പിച്ചുനോക്കിക്കൊണ്ട് അത് ഇമവെട്ടാതെ, നിലകൊണ്ടു !!
000000000000000000000000000000000000000000000000
               



                                       
                                     
            

Wednesday, December 1, 2010

ലേഖനം-ചില അറിവുകള്‍

ലേഖനം-ചില അറിവുകള്‍
 "വ്യോമയാനപക്ഷി "
അങ്ങ് അന്തതയില്‍ പാറുന്ന പക്ഷി.
അന്തതയില്‍വച്ചുതന്നെ പെണ്‍ പക്ഷി അതിന്റെ ഇണയെ കണ്ടെത്തുന്നു.പ്രാപിക്കുന്നു.ഗര്‍ഭം ധരിക്കുന്നു.
ആകാശത്തില്‍ വച്ചുതന്നെ സൂതികര്‍മ്മവും.
മുട്ട താഴേക്ക് പതിക്കുന്നു.ഘര്‍ഷര്‍ണം കൊണ്ട് ആകാശത്തുവച്ചുതന്നെപുറംത്തോട് പൊട്ടുന്നു.താഴേക്ക് പതിക്കാതിരിക്കാന്‍,ആരും പഠിപ്പിക്കാതെ തന്നെചിറകടിച്ച് പറന്നു തുടങ്ങുന്നു.
അമ്മയാരെന്നോ,അച്ഛനാരെന്നോ,ബന്ധുക്കളാരെന്നോ അറിയാതെ...തികച്ചും സ്വതന്ത്രരായി .......
ചന്തുനായര്‍ ( ആരഭി )