Wednesday, August 30, 2017

സാരമേയം

സാരമേയം (കഥ-ചന്തുനായർ)
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
അച്ഛന്റെ ശ്രാദ്ധത്തിനാണു് അവർ ഒത്തുകൂടിയത്. തൃത്താലയിലെ വേമഞ്ചേരിമഠത്തിലെ മൂത്തസഹോദരന്റെ മനയിൽ. ബുദ്ധജൈനകാലഘട്ടത്തിനുശേഷം ഹിന്ദുമതത്തെ പുനരുദ്ധരിച്ച പണ്ഡിതൻ. ഹോത്രൻ.
പ്രസവിച്ചയുടനെതന്നെ, അമ്മയോടു കുഞ്ഞുങ്ങളെ ഉപേക്ഷിക്കാൻ പറഞ്ഞ പിതാവിന്റെ ശ്രാദ്ധത്തിനായി എത്തിയതാണവർ.
ഹോത്രന്റെ ദേശത്തിനടുത്തു താമസക്കാരനായ രണ്ടാമൻ, ഈരാറ്റിങ്കൽ പറയകോളനിയിലെ ഭാസ്കരനും അതിരാവിലെതന്നെയെത്തി. കീഴാളനാണു വളർത്തിയത്. ദളിതൻ. ഇല്ലത്തിന്റെ മുറ്റത്തുള്ള മരത്തില്‍ച്ചാരി, അയാൾനിന്നു.
നിളാതീരത്തു താമസിച്ചിരുന്ന അലക്കുകാരൻ വളർത്തിയ മുന്നാമനും എത്തി, കടവല്ലൂരിലെ വൈദികവിദ്യാലയം സ്ഥാപിച്ച രാജൻ.
അനിയന്റെ മുഖത്ത് പ്രകടമായ ദുഃഖഭാവം കണ്ടു് ഭാസ്കരൻ കാര്യം തിരക്കി.
“ഗുരുവും ഞാനും തമ്മിൽ അഭിപ്രായവ്യത്യാസം.ഞാൻ വേദപാഠശാല വിട്ടു ഏട്ടാ”
“സാരമില്ലനിയാ അതൊക്കെ ആരെങ്കിലും ഏറ്റെടുക്കും.മാത്രമല്ല, പലരുടെ ചിന്തകളും ഒരുമിച്ചു ചേരില്ലാ. ഉയർന്നവനെന്നും താണവനെന്നുമുള്ള വ്യത്യാസം എല്ലായിടത്തുമുണ്ടാകും.മതവും ജാതിയും രാഷ്ട്രതന്ത്രവും ഒക്കെ മനുഷ്യനെ കൊല്ലുന്ന ചിന്തകളിലേക്കുയർന്നു. ഇത് കലികാലം”
വള്ളുവൻ പടികടന്നെത്തുന്നതു് ഭാസ്കരനും രാജനും കണ്ടു. വള്ളക്കാരനായ കാട്ടുമാടൻ വളർത്തിയ വള്ളുവൻ.അദ്ധ്യാപകനും ജ്യോതിശാസ്ത്ര വിശാരദരനും മന്ത്രവാദിയും വൈദ്യരുമൊക്കെയാണു്. അദ്ദേഹം. തമിഴ്നാട്ടിൽനിന്നാണെത്തിയത്. നന്നേ ക്ഷീണിച്ച്, ഇല്ലത്തിന്റെ മുറ്റത്തിരുന്നു. ശ്രാദ്ധമായതുകൊണ്ടു തലേദിവസം ഒന്നും കഴിച്ചിരുന്നില്ല. വരാന്തയിലിരിക്കുന്ന കിണ്ടിയിൽനിന്നു് വെള്ളം വായിലേക്കു പകർന്നു. പിന്നെ ജേഷ്ഠന്മാരുടെ അടുത്തേക്കുപോയി
“മറ്റുള്ളവർ എത്തിയില്ലേ?”
“ഇല്ലാ” ഭാസ്കരന്റെ മറുപടി.
“വരും” രാജനാണതു പറഞ്ഞത്
“എന്തോ അത്യാഹിതം സംഭവിക്കും എന്നൊരു തോന്നൽ!!”
“എവിടെ?” രാജനു് സംശയം!
“നമ്മുടെ ഈ നാട്ടിൽ”
കൂടുതലൊന്നും പറയാതെ വള്ളുവൻ.
നാടൻപാട്ടിന്റെ അകമ്പടിയോടെ, മന്തുള്ളകാലിഴച്ചും മറ്റേക്കാലുയർത്തിക്കളിച്ചും പാടവരമ്പിലെ ചെളിവെള്ളം തെറ്റിച്ചും എത്തിയ നാലാമനെ കണ്ടാൽ ഒരു ഭ്രാന്തന്റെ ലക്ഷണം.നിളയുടെ കൈവഴിയായ തൂതപ്പുഴയുടെ തീരത്തെ ചെത്തല്ലൂർ,
നാരായണമംഗലത്തെ പ്രഭാകരൻ ഇളയത് വളർത്തിയ കുട്ടി. നാരയണൻ എന്നു് കുട്ടിക്കു പേരിട്ടത് നാരായണഭക്തനായതുകൊണ്ടുതന്നെയാണ്. വളരെ ചെറുപ്പത്തിലേതന്നെ ഊരുചുറ്റലാണ് ഇഷ്ടവിനോദം നാരായണനു്. മനസ്സിൽ പാണ്ഡിത്യം കുടിയേറ്റിയവൻ. പഴമച്ചൊല്ലുകൾ പതിരില്ലാതെ പാടിനടക്കുന്നവൻ.
ജേഷ്ഠന്മാരെ അവഗണിച്ച് അയാൾ ഇല്ലത്തിന്റെ മറ്റൊരു കോണിൽ, മുറ്റത്തു മലർന്നുകിടന്നു.
കവളപ്പാറ സ്വരൂപമെന്ന രാജവംശത്തിൽ‌പ്പെട്ട ഉമാദേവി വളർത്തിയതാണു് കാർത്ത്യായണിയെ.
കുട്ടത്തിലുള്ള ഏകസഹോദരി. മനയിലേക്കെത്തിയതും സഹോദരന്മാർ പെങ്ങൾക്കടുത്തെത്തിയതും ഒരേ സമയത്ത്. കാര്യങ്ങൾ തിരക്കി. ചിലർ കൈയിൽ കരുതിയിരുന്ന മധുരം അവൾക്കു നല്കി. മുണ്ടിന്റെ കോന്തലയിൽ ഭദ്രമായി സൂക്ഷിച്ചിരുന്ന ഒരു പിടി കാരയ്ക്ക നാരായണൻ അനിയത്തിക്കു കൊടുത്തിട്ട് ആ പാദങ്ങൾ തൊട്ടു വണങ്ങി.
അവൾ ഒരടി പിന്നോക്കം മാറി.
“എന്താ ഏട്ടാ ഈ കാട്ടണേ?”
നാരായണൻ ചിരിച്ചു, മൊഴിഞ്ഞു:
“യത്ര നാര്യസ്തു പൂജ്യന്തേ
രമന്തേ തത്ര ദേവതാഃ
യത്ര താസ്തു ന പൂജ്യന്തേ
സർവ്വാസ്തത്രാഫലാ ക്രിയാ”
തിരിച്ചുവന്നു തറയിൽ മലർന്നുകിടന്നു.
കാർത്ത്യായണി, മൂത്ത ജ്യേഷ്ഠനെക്കാണാനായി
മനയ്ക്കുള്ളിലേക്കു പോയി.
ആലുവയിലെ വെള്ളാരപ്പള്ളിക്കുടുംബത്തിലെ പുറംജോലിക്കാരനായിരുന്ന ചെറുമൻ .ചിണ്ടനു്
മക്കളില്ലായിരുന്നു. കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയ കുഞ്ഞിന് ചാത്തൻ എന്നു പേരിട്ട് വളർത്തി.ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ നിന്നാണു് ഏഴാമനായ ചാത്തൻ ശ്രാദ്ധത്തിനായി എത്തിയത്.
വള്ളുവൻ കിണ്ടിയിൽനിന്നു് അനുജനു ദാഹജലം പകർന്നു.
“പഴയോരുടുക്കും കൊട്ടി,പഴംതുകിലാലുടുത്തുംകെട്ടി
പഴങ്കഥകൾ പാടി വരുന്നേ പാണനാര്,
ശിവാ ബോദി പാടിവരുന്നേ പാണനാര്,
മഹാ ബോദീ പാടി വരുന്നേ പാണനാര്”
വയലേലയ്ക്കു നടുവിലെ നടവരമ്പിലൂടെ വരുന്ന പാണനാരെ കണ്ടപ്പോൾ നാരായണൻ കൈത്താളമിട്ട്, ഉച്ചത്തിൽപാടി.
എട്ടാമത്തെ സഹോദരനാണു് പാണനാർ. അദ്ദേഹത്തെ എടുത്തുവളർത്തിയത് ദരിദ്രനായ ശിവൻ എന്ന പാണനാണു്.അയാൾ സഹോദരങ്ങളെ വണങ്ങി.
തൃത്താലയിലുള്ള കുണ്ടലീനായർകുടുംബം വളർത്തിയ ഒൻപതാമൻ കേശവൻനായർ. ആയോധനകലകളിൽ പ്രാവീണ്യമുള്ള നായർ, വളരെവേഗമാണു നടന്നുവന്നതും ഇല്ലത്തെ വരാന്തയിൽ ഇരുന്നതും. സഹോദരന്മാരെ ഒളികണ്ണാലൊന്നു നോക്കി. വെറ്റിലച്ചെല്ലം തുറന്ന് നന്നായൊന്നു മുറുക്കി.
പത്താമനും പിന്നാലെയെത്തി. മാതാവിന്‍റെയും പിതാവിന്‍റെയും തീർത്ഥയാത്രയ്ക്കിടയിൽ പൊന്നാനിയിൽവച്ചാണു് പത്താമൻ ജനിക്കുന്നത്. ആ കുഞ്ഞിനെ എടുത്തുവളർത്തിയതു് മുസൽമാനായ ഖാദർകുട്ടിയാണു.കുഞ്ഞിനു് ഉമ്മർ എന്നു പേരിട്ടുവളർത്തി.വളർത്തച്ഛന്റെ വ്യാപാരശൃംഖലയിൽ ഉമ്മറും കൂട്ടാളിയായി. പാലക്കാട്ടുനിന്നു പൊന്നാനിയിലേക്ക്, പൊന്നാനിയിൽ വളരെയേറെ സുലഭമായ ഉപ്പു കൊണ്ടുവരുകയും പകരം പൊന്നാനിയിൽനിന്നു പാലക്കാട്ടേയ്ക്ക്, അവിടെ സുലഭമായിരുന്ന പരുത്തി കൊണ്ടുപോകുകയും ചെയ്ത് ഉമ്മർ നാടറിയുന്ന വ്യവസായിയായി. മനയുടെ വശത്തുള്ള റോഡിലൂടെയാണ് ഉമ്മറെത്തിയത്. വിലകൂടിയ കാറിൽ.
ഇല്ലത്തിൽ പിന്നീടെത്തിയത് രണ്ടുപേർ ഒരുമിച്ചായിരുന്നു. ഉളിയന്നൂർദേശക്കാരനും മരപ്പണിക്കാരൻ എടുത്തുവളത്തിയ, തച്ചുശാസ്ത്രത്തിൽ വിദഗ്ദ്ധനുമായ പതിനൊന്നാമൻ രാമനും സംസാരശേഷിയില്ലാത്ത പന്ത്രണ്ടാമനായ ദിനകരനും. പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം എന്ന ഗ്രാമത്തിലെ വായില്ലാംകുന്നു് എന്ന സ്ഥലത്തുനിന്നാണു് അദ്ദേഹം മൂത്ത ജ്യേഷ്ഠന്റെ വീട്ടിൽ എത്തിച്ചേർന്നത്.
അനുജന്മാരെല്ലാവരും എത്തിച്ചേർന്നപ്പോൾ മൂത്തജ്യേഷ്ഠനായ ഹോത്രൻ പുറത്തിറങ്ങി.
ശ്രാദ്ധത്തിനുള്ള ചോറ് ഉരുളിയിൽ തിളച്ചുപൊങ്ങി. എള്ള്, പാല്, തൈർ, കറുക, ചെറൂള, പൂവ് എല്ലാം ദ്രവ്യമായി.
മുറ്റത്തു് പന്ത്രണ്ടു തുമ്പിലകൾ നിരന്നു. പന്ത്രണ്ടു കിണ്ടികളും. ഇലയ്ക്കുപിന്നിൽ പന്ത്രണ്ടു മക്കളും മുട്ടുകുത്തിയിരുന്നു.
അവർ മോതിരവിരലിൽ, മൂന്നു ദർഭപ്പുല്ലുകൾ പിരിച്ചുണ്ടാക്കിയ പവിത്രക്കെട്ടണിഞ്ഞു.
തിളച്ചാറിത്തുടങ്ങിയ പൊങ്കാലച്ചോർ പന്ത്രണ്ടുപേരും ഉരുളകളായി ഉരുട്ടി. ഇലയിൽ വച്ചു. കിണ്ടികളിൽനിന്നു ജലം പകർന്ന് ഇലയ്ക്കുചുറ്റും തളിച്ചു് ശുദ്ധമാക്കി.
എല്ലാപേരും പിതാവിനെ മനസ്സിൽ ധ്യാനിച്ചു.
വേഗത്തിലാണ് ഇല്ലത്തിന്റെ ഇടതുവശത്തുള്ള കാട്ടിലൂടെ ആ ശ്വാവ് അവിടെ എത്തിയത്. നാക്ക് തുങ്ങിക്കിടക്കുന്നു. അതിൽനിന്ന് ആളുവാ ഒലിച്ചിറങ്ങുന്നുണ്ട്.കണ്ണുകൾ ചെമന്നിരിക്കുന്നു.
വള്ളുവനടുത്തെത്തിയ ശുനകം ഇലയിലെ ശ്രാദ്ധച്ചോറുണ്ണുവാൻ ശ്രമിച്ചു. സാധിക്കുന്നില്ലാ.
വള്ളുവൻ പെട്ടെന്നാണു് കണ്ണുതുറന്നത്.
ഉള്ളൊന്നുകാളി. ലക്ഷണം വച്ചുനോക്കുമ്പോൾ പേപിടിച്ച ഭഷകമാണു്.
‘ഹിതമല്ലാത്തതെന്തോ നടക്കാൻ പോകുന്നു എന്ന വെളിപാട്’.
അതു സഹോദരങ്ങളോട് പറയുന്നതിനു മുൻപുതന്നെ കുക്കുരം അദ്ദേഹത്തിന്റെ തുടയിൽ കടിച്ചു.ആർത്തനാദത്തോടെ വള്ളുവൻ ചാടിയെണിറ്റു. ഒപ്പം പതിനൊന്നുപേരും. അവർ ദംശകത്തെ ഓടിക്കാനും തല്ലാനുമായി കമ്പുകൾ തിരഞ്ഞു.
പക്ഷേ;
സർക്കസ്സ് കൂടാരത്തിലെ വളർത്തുപട്ടിയെപ്പോലെ ആ കൗലേയകം, അവരെയെല്ലാപേരേയും കടിച്ചു.
നാരായണന്റെ ബോധമണ്ഡലത്തിൽ, സാരമേയത്തിന്റെ യാത്രകൾ തെളിഞ്ഞു. കണ്ണുരിൽനിന്നു പുറപ്പെട്ടതാണു് ശ്വാനൻ. തലശ്ശേരിവഴി, വള്ളിക്കാടു വഴിയൊക്കെ ചുറ്റിക്കറങ്ങി, പിന്നെ തിരുവനന്തപുരത്തെത്തി. തിരിച്ചോടിവന്നതാണാ ശുനി.
പേപിടിച്ച പട്ടിയെ തളയ്ക്കാനാര്‍ക്കുമാകില്ല.എങ്കിലും ഇല്ലത്തിന്റെ വശത്തുള്ള തേങ്ങാപ്പുരയിൽ ശ്വാനനെ പൂണ്ടടങ്കം പിടിച്ചെടുത്ത്, നാരായണൻ കതകടച്ചു കുറ്റിയിട്ടു
ശ്രാദ്ധം മുടങ്ങി.
പൊക്കിളിനു ചുറ്റും സൂചിവയ്ക്കാം എന്നു പന്ത്രണ്ടുപേരിലൊരാൾ.ഇപ്പോൾ പൊക്കിളിൽ വേണ്ടാ അല്ലാതെ നാലോ അഞ്ചോ സൂചിവയ്പ്പിൽ വിഷബാധമാറ്റാം എന്നു വേറൊരാൾ.
ആയൂർവ്വേദമാണു നല്ലതെന്നു മറ്റൊരാൾ.
തർക്കം!
തർക്കത്തിനിടയിൽ രാഷ്ട്രതന്ത്രം വിഷയമായി.
തർക്കം മൂത്തു തമ്മിൽത്തല്ലായി.
ഹോത്രൻ, തന്റെ കുടുംബത്തിലുള്ളവരാരും പുറത്തിറങ്ങാതിരിക്കാനായി മുൻവാതിൽ പൂട്ടി.
ഇതെല്ലാം കണ്ടുകൊണ്ട് നാരായണൻ തേങ്ങാപ്പുരയ്ക്കു മുന്നിലിരുന്നു.
ഇളയസഹോദരനായ ദിനകരനും ജ്യേഷ്ഠനടുത്തെത്തി.
“നിനക്ക് സംസാരിക്കാനും കേൾക്കാനും സാധിക്കാത്തത് എത്ര നന്നായി. നീ ഇവിടെനിന്നു് രക്ഷപ്പെടുക. എത്രയും പെട്ടെന്ന്. വായില്യാംകുന്നിൽ നിന്റെ വീട് നിനക്കായി കാത്തിരിക്കുന്നു. നിന്നെക്കാത്തു് നിന്റെ പരിചാരകരും അവിടെയുണ്ടാകും. പോകുക.”
ദിനകരൻ ഒന്നു സംശയിച്ചുനിന്നു.
“പോകാനല്ലേ പറഞ്ഞത്?”
നാരായണൻ രുദ്രനായി.
“ഇവിടെ നമ്മുടെ സഹോദരങ്ങൾ തമ്മിൽ തല്ലുതുടങ്ങി.ഇനി അവർ ആയുധങ്ങളെടുക്കും. കൈയും കാലുമൊക്കെ വെട്ടിമാറ്റും.അവരുടെ അനുയായികളും ഉടനേയെത്തും.
നമ്മുടെ സഹോദരങ്ങളുടെ രക്തത്തിൽ പേവിഷം കലർന്നുതുടങ്ങി. ഇതു നാ‍ടാകെപ്പരക്കും. ഒരമ്മയുടെ, ഒരച്ഛന്റെ മക്കൾ തമ്മിൽത്തല്ലിച്ചാകുന്നത് നീ കാണണ്ടാ. എനിക്കു കുറച്ചു ജോലികൾകൂടെ തീർക്കാനുണ്ട്.എന്നിട്ട് ഞാനെന്റെ മലയിലേക്കുപോകും..ഇനി കല്ലുകളുരുട്ടി മുകളിലേക്ക് പോകില്ല. മുകളിലുള്ള കല്ലുകൾ താഴേക്കിടുകയാണിനി എന്റെ ജോലി.ആരും ഉയരങ്ങൾ താണ്ടണ്ടാ, ഉയർന്നുവരുന്ന വിഷപ്പട്ടികൾക്കുനേരെ ഞാൻ കല്ലുകളുരുട്ടിയിടും.”
ദിനകരൻ പടി കടന്നു പോയി.
പെട്ടെന്നാണതു സംഭവിച്ചത്!
ഹോത്രന്റെ മകൾ പതിന്നാലുകാരി മീനാക്ഷി പുറംവാതിൽ തുറന്നു് പുറത്തിറങ്ങിയതും തേങ്ങാപ്പുരയ്ക്കു പിന്നിലുള്ള വാതിലൂടെ സാരമേയം പുറത്തിറങ്ങിയതും ഒരുമിച്ചായിരുന്നു.
ശ്വാവ് കുട്ടിക്കടുത്തേക്ക് പാഞ്ഞു.
നാരായണൻ മീനാക്ഷിക്കടുത്തേക്കോടി.
അയാൾ ഒരഭ്യാസിയെപ്പോലെ, പാഞ്ഞുവന്ന പട്ടിയെ കാലുകളിൽ തൂക്കിയെടുത്തു് ദൂരേക്കെറിഞ്ഞു.
പ്രതികരിക്കാനുള്ള ശക്തി നഷ്ടമായിട്ടല്ലായെങ്കിലും ശ്വാനൻ വന്നവഴി തിരിച്ചോടിയത് എങ്ങോട്ടേക്കാണോ?
“മോളേ, ചെറിയച്ഛൻ നിന്നെ കൊണ്ടു പോകുന്നു”
“അയ്യോ!!! അപ്പോൾ എന്റെ അപ്ഫനും അമ്മയും?”
നാരായണൻ അതിനു മറുപടി നല്കിയില്ലാ.
പേയില്ലാത്ത ഒരു ലോകത്തിലേക്ക്, നന്മവിളയുന്ന നാളെയുടെ രക്ഷകയാക്കാൻവേണ്ടി മീനാക്ഷിയെ തോളിലേറ്റിക്കൊണ്ട് അയാൾ നടന്നു.
പിന്നിൽ, ആയുധങ്ങൾ കൂട്ടിമുട്ടുന്ന രവം കേൾക്കാതിരിക്കാനായി ആ കുഞ്ഞിന്റെ കാതുകൾ അയാൾ പൊത്തിപ്പിടിച്ചിരുന്നു.
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
രചന-ചന്തുനായർ
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^