Saturday, March 12, 2011

ഭരതവാക്യം



ഒടുവില്‍,
യാമക്കുരുക്കഴിക്കുന്ന രജനിക്ക് ഭരതവാക്യം ചൊല്ലിയാടാന്‍ 
സമീരണന്‍ ശ്രുതിമീട്ടിയെത്തുമ്പോള്‍, താളക്കണക്കറിഞ്ഞവ-
നറിയാത്തവനു പിന്നില്‍ ചുവടു വച്ചെത്തുന്ന
മൃതിയുടെ മഞ്ജീര ലയ താളം ഞാന്‍ കേള്‍ക്കുന്നു...
 
തണുത്തുറഞ്ഞോരവളുടെ കരങ്ങളന്നെപ്പുണരാന്‍ ഒരു നാഴിക ബാക്കി
നില്ക്കെ;ഓര്‍ക്കാതെയോര്‍ക്കുന്നു ഞാന്‍ , വരിച്ചോരിണയിലിണ-
ചേര്‍ന്നെത്ര  കോടി രേത്രങ്ങളെന്‍ പൌരുഷം പുറംതള്ളി 
എങ്കിലും;
എൻ നിണം സിരകളില്‍ പേറാന്‍,പൂവിടും താരിളം
തനുവൊന്നു മുത്താന്‍,താരാട്ടാന്‍, ‘തപ്പോട്ടുണ്ണി’ പാടാന്‍, 
ഒരു കുരുന്നിനെ തരാന്‍ വിധി വിഘ്നമായിരുന്നു.
നന്ദി വിധാതാവെ നന്ദി ... വിഘ്നത്തിനായിരം നന്ദി ചൊല്ലിടുന്നു....!

മനം മനനം ചെയ്‍വതസത്യമല്ല, സത്യം വാസുന്ധരേ
നീ പെറ്റ ഞാനുമെന്‍ സഗർഭരുമൊരുമിച്ച് നിന്‍-
മുലക്കാമ്പിലൂറിയോരമൃതം കുടിച്ചതറിഞ്ഞോണ്ട് മറന്നിട്ട് ,
നിന്നിരുരസ്യങ്ങൾക്കുമിടയിലിട വരമ്പിട്ടിരുവശങ്ങളി-
രവിലും പകലിലും കാവൽനില്ക്കവേ ,
അതിരിലാരാനുമെത്തി നോക്കുകിലവന്‍ശിരസ്സ-
പരൻകൊയ്യാന്‍ ഖഡ്ഗങ്ങള് രാകവേ
ഒന്നായ നിന്‍ ഇരുമിഴികളെ കണ്ണുള്ളോരന്ധരെന്‍‍ -
 സോദരര്‍ രണ്ടായി കാണവേ ,
മിഴി രണ്ടില്‍ തുളുമ്പിയ നീരതില്‍ തെളിയുന്ന 
പകലോന്റെ വട്ടവും മറ്റതില്‍ മതിത്തെല്ലും,
മുദ്രായാക്കീട്ടിഹ നാമങ്ങളിട്ടതില്‍ നായ്ക്കളായ് കാവലിരുന്നു മുരണ്ടീടവേ,
ആദിയില്‍ നീ ചൊന്ന വചനത്തിനായിരം വ്യംഗ്യാര്‍ത്ഥമോതുന്ന
ഓതിക്കന്മാരുടെ പിന്നാലെ മുഷ്ടി എറിഞ്ഞു നടക്കും 
പരിഷകള്‍ പകയുടെ പുകയുയര്‍ത്തീടവേ,   



നിന്‍ മേനി ചുറ്റുന്ന ഹരിതമാം വര്‍ണ്ണവും 
നിന്‍ സന്ധ്യ നല്‍കുന്നകുങ്കുമ ശോഭയും 
നിന്റെ കളേബരം ശോഭനമാക്കുന്ന  സൂനങ്ങൾ
തന്നുടെ സപ്തവര്‍ണ്ണങ്ങളും, കടം കൊണ്ടു്,                
കൊടിയാക്കാന്‍ കടുംനിറം ചാലിച്ച 
കൂറകള്‍ വടിത്തുമ്പില്‍ കെട്ടിപ്പറപ്പിച്ച്
മറ്റൊരാള്‍ തൊട്ടാലശുദ്ധമായ്‌ കണ്ടു കലഹിച്ചു 
കുന്തവും കത്തിയും കൈയ്യേറ്റി,കൊന്നും,
കൊലവിളി കാഹളം കേള്‍പ്പിച്ചും 
ചത്തോന്റെയെണ്ണം പെരുപ്പിച്ചു ചൊല്ലവേ .......
കര്‍ണ്ണങ്ങളറിയിച്ച് കണ്ണുകള്നിറഞ്ഞതതൊഴുകിയെന്‍-
കവിളുകളില്‍ നദികളായ് തീർന്നപ്പോള്‍ ,
നാരിയായ്ജനിക്കുകില്‍ ജനിപ്പിക്കാന്‍ കഴിയാത്ത നാരി 
അപശകുനമായി കാണുന്ന മാളോർക്ക് വഴിമാറി,
മുഖം പൊത്തി ,മനം പൊത്തി  തേങ്ങാതെ തേങ്ങുന്ന 
ഭൈമി ധരിക്കുന്നു, ചൊല്ലുന്നു.....


വിലപിപ്പൂ കാന്തന്‍ മക്കളില്ലാഞ്ഞിട്ട്, വിഷമിപ്പൂ നാഥന്‍ താതനാകാഞ്ഞിട്ട് ’

തെറ്റ് ;
തെറ്റിദ്ധരിക്കുന്നതുണ്ടെന്റെ കാന്തേ: ചെറ്റും തെറ്റില്ല നിന്നിലോ നാഥേ;
തെറ്റ് പറ്റാതെ നമ്മളെ കാത്തൊരു നിയതിക്ക്‌  ജീവിത ഹോമ-
ത്തിലശ്രുവാം ഹവിസര്‍പ്പണം ചെയ്തു നമിക്കുകയണ് ഞാന്‍.......
ഒരു വേള  ഊഷരമായൊരു നിന്നുടെ ജരായുസൂര്‍വ്വരമായിരുന്നീടുകില്‍
നീ പേററു നോവറിഞ്ഞുയിരിറ്റു പോറ്റുന്ന നമ്മുടെ കിടാങ്ങള്‍
നമുക്കന്യരാകില്ലേ, തങ്ങടെ രഥധ്വജസ്തംഭങ്ങളില്‍ കെട്ടാന്‍, 
പലനിറം മുക്കിയ കൂറകള്‍ പറപ്പിക്കാന്‍
ശകുനിമാര്‍ചൊല്ലുന്ന വേദാന്തംകേട്ടിട്ട് , തങ്ങളില്‍ തമ്മിലടിച്ചു മരിക്കില്ലേ?


സത്യത്തെ ,ധര്‍മ്മത്തെ വെട്ടി വീഴ്ത്തീടീല്ലേ ?
കണ്ണ് കെട്ടാത്തൊരു ഗാന്ധാരിയായിട്ട് 
കണ്ണടച്ചെത്ര കബന്ധങ്ങള്‍ തിരയില്ലേ
നിൻ മനമുരുകില്ലേ ? നിൻ മേനി തളരില്ലേ?
വളരുന്ന പൈദാഹമാരു ശമിപ്പിക്കും 
ഉമിനീര് വറ്റി വരണ്ടു നീ കേഴില്ലേ ?
വേണ്ടെന്റെ കാന്തേ, മക്കള്‍ മരിച്ചോരു ദു:ഖവും
പേറിക്കൊണ്ടപലപിച്ചീടണ്ട 
 മക്കളും .വേണ്ടല്ലോ...

കരയല്ലേകേള്‍ക്കുക ! മക്കളില്ലാഞ്ഞുള്ള  മോദത്താല്‍ 
മോഹന മൃതിയെ ഞാൻപുണരട്ടെ...
കേള്‍ക്കുന്നതുണ്ടു ഞാന്‍അവളുടെ കാലൊച്ച
അറിയുന്നതുണ്ട് ഞാന്‍അവളുടെ സാമീപ്യം
പോകട്ടെ ,പോകട്ടെ വാമഭാഗത്തിരുന്നിത്രനാളെന്ന
ഭജിച്ചൊരു ദേവതേ .......
നിനക്കിനി സോദരിയാണ് വസുന്ധര..
അല്ലല്ല നീ തന്നെയല്ലേ വസുന്ധര  !
                   ********
1 രേത്രം = ബീജം, 2 ഉരസ്യം = മാർവ്വിടം,3 ഖഡ്ഗം =  വാൾ, 4 വചനം = ആകാശ സംഭവോ നാദ: ( ഓം ആദിയിൽ വചനമുണ്ടായി) , 5 ജരായുസ് ഗർഭപാത്രം)