ഗാനങ്ങളുടെ പണിപ്പുര
തിരക്കഥയുടെ പണിപ്പുരക്കും,കഥയുടെ പണിപ്പുരയ്ക്കും ശേഷം,
ലളിത ഗാനങ്ങളുടെ എഴുത്തിനെക്കുറിച്ച് ഒന്ന് ഉറക്കെ
ചിന്തിക്കുകയാണ്..ലളിത ഗാന വിഭാഗത്തിൽ പെടുന്നത് തന്നെയാണ് സിനിമാ ഗാനങ്ങളും..കവിത
ഉള്ളിൽ ഉള്ളവർക്കാണ് ഈ മേഖലയിൽ തിളങ്ങാൻ കഴിയുക…എന്റെ അടുത്ത സിനിമയിൽ അഞ്ചു
പാട്ടുകളാണുള്ളത്…ബ്ലോഗ് ലോകത്തിൽ നിന്നും
ആരെയെങ്കിലും കൊണ്ട് ഇതിൽ ഒന്നോ രണ്ടോ പാട്ടുകൾ എഴുതിക്കണം എന്ന ആഗ്രഹം ഞാൻ മുൻപ്
എതോ പോസ്റ്റിൽ പറഞ്ഞിട്ടുണ്ടെന്നാണ് ധാരണ….ഇപ്പോൾ ഇത്തരം ഒരു ലേഖനം എഴുതാൻ തന്നെ ഒരു കാരണം
കൂടിയുണ്ട്….നമ്മുടെ സിനിമാ ഗാനമേഖലയിലെ
പാട്ടുകൾ,രചനകൾ കൊണ്ടൂം സംഗീതം കൊണ്ടും കേൾക്കുവാൻ വളരെ
അരോചകമയി തീർന്നിരിക്കുന്നു. “അമ്മായി ചുട്ടുവച്ച അപ്പത്തരങ്ങളൂം“… സാഹിത്യത്തിനെക്കാൾ മുഴച്ചു നിൽക്കുന്ന
സംഗീതം കൊണ്ടും..ഇന്ന് ആ ശാഖ വംശനാശത്തിന്റെ പിടിയിലാണ്…ഒരു പാട്ട് പോലും ഇഷ്ടപ്പെടാൻ
തൊന്നുന്നില്ലാ. ന്യു
ജനറേഷൻ സിനിമകൾ എന്ന ലേബലിൽ വരുന്ന സിനിമകളിലെ പാട്ടുകൾ ആരുടെയെങ്കിലും മനസ്സിൽ
തങ്ങി നിൽക്കുന്നോ എന്ന് കവടി നിരത്തി പരിശോധിക്കേണ്ടീ വരുന്നു…..
എന്താണ് ലളിത ഗാനം
പേരു സൂചിപ്പിക്കുന്നതു പോലെ ലളിതമായിരിക്കണം സാഹിത്യവും
സംഗീതവും…
കുറെ വാക്കുകൾ നിരത്തി വച്ചാൽ അത് ഗാനമാകില്ല.
ലളിതഗാനങ്ങൾക്ക് പ്രത്യേകിച്ചു സന്ദർഭം ഒന്നും നോക്കേണ്ടതില്ലാ.കവിയുടെ മനസ്സിൽ തോന്നുന്ന
സന്ദർഭം എന്താണോ അതു തന്നെയാകാം.മറിച്ച് സിനിമയിൽ ആണെങ്കിൽ സന്ദർഭത്തിനനുസരിച്ചാണ്
സിനിമാ പാട്ടുകൾ എഴുതുന്നത്..
ഇതിൽ തിരക്കഥാകൃത്തും,സംവിധായകാനും,(നിര്‍മ്മാതാവും)ഒരുമിച്ചിരുന്ന്
കഥ സന്ദർഭം പറയും അപ്പോൾ അത് ഗാനരചയിതാവ് മനസ്സിലേക്കാവാഹിക്കും..പിന്നെ കവിഭാവന
ചിറക് വിടർത്തും. ‘ഭാവന’ അതാണ് ഗാനരചയിതാക്കളിൽ അത്യാവശ്യം വേണ്ട ഘടകം..ഒരു ഉദാഹരണം :ദേവാസുരം എന്ന സിനിമയിൽ
നായകാനായ നീലകണ്ഠൻ ശ്ത്രുവിന്റെ താഡനമേറ്റ്
വിവശനായി കിടക്കുന്നൂ...സംവിധായകൻ, ഗിരീഷ് പുത്തഞ്ചേരിയോട് അവിടെ ഒരു ഗാനം വേണമെന്ന്
ആവശ്യപ്പെടുന്നൂ... നീലകണ്ഠന്റെ ജീവിതവുമയി ബന്ധപ്പെട്ട് “മേനിയിൽ മുറിവുകൾ പറ്റീ
അനങ്ങുകാനാവാതെ അവൻ കിടപ്പൂ” എന്നു ചുനക്കര രാമൻകുട്ടി യുടെ രീതിയിൽ അവിടെ ഒരു
പാട്ട് എഴുതാം. എന്നാൽ ഗിരീഷിന്റെ ഭാവന ഉയർന്നത് ”സൂര്യകിരീടം വീണുടഞ്ഞു രാവിൻ
തിരു നടയിൽ“ എന്നാണ് ഇപ്പോഴും സൂപ്പർ ഹിറ്റായ ആ പാട്ട് മലയാളികൾ നെഞ്ചോട് ചേർത്തു.
എം.ജി.രാധാകൃഷ്ണൻ ആ വരികളെ ‘ചെഞ്ചുരുട്ടി’ രാഗത്തിൽ മനോഹരമയി സംഗീതം കൊടുത്തു...
സിനിമയിൽ പ്രണയത്തിനും, ദു:ഖത്തിനും ഒക്കെ ഗാനങ്ങൾ
ആവശ്യമായി വരുന്നതുപോലെ കഥയിൽ കഥ പറയാനും പാട്ടുകൾ ഉപയോഗപ്പെടുത്താറുണ്ട്. ചെങ്കോൽ
പോലുള്ള സിനിമകളിലെ ഗാനങ്ങൾ ശ്രദ്ധിക്കുക...ഭക്തിക്കും,രതിക്കും,വാക്ക് പോരിനും, കളിയാക്കലിനുമൊക്കെ
പാട്ടുകൾ ഉപയോഗപ്പെടുത്തുന്നു.
ഒരു കവിക്കു് (ഗാന രചയിതാവിനു) ഭാവനപോലെ തന്നെ താളവും അറിഞ്ഞിരിക്കണം...
സപ്തതാളങ്ങളൂം(http://chandunair.blogspot.in/2011/06/blog-post_16.html) ഇതിൽ താളം എന്നതിനെക്കുറിച്ച്
ഞാൻ വിശദമായി പറഞ്ഞിട്ടുണ്ട്) അറിഞ്ഞിരിക്കണം എന്നല്ലാ ഞാൻ പറയുന്നത്.മൻസ്സിൽ ഒരു താളം
വേണം എന്ന അർത്ഥത്തിൽ. ചില സംഗീത സംവിധായകർ റ്റ്യൂൺ ഇട്ടിട്ട് പാട്ടെഴുതൻ പറയും
അവിടെ വരികളുടെ നീളവും,(മീറ്റർ) താളവും നമ്മൾ മനസ്സിലാക്കിയില്ലെങ്കിൽ
വലിയപ്രയാസമുണ്ടാകും പാട്ടെഴുതാൻ..
എസ്.പി.വെങ്കിടേശ് എന്ന സംഗീത സംവിധായകൻ ആദ്യമായി മലയാളത്തിൽ സംഗീതം ചെയ്യുന്നത് ഈ എളിയവന്റെ പാട്ടുകളാണ്.അതിലൊരു
പാട്ട് ഞാൻ എഴുതിയിട്ട് അദ്ദേഹം റ്റ്യൂൺ ചെയ്തതും,മറ്റൊന്നു റ്റ്യൂണിട്ടിട്ട്
പാട്ടെഴുതിയതുമാണ്. http://malayalasangeetham.info/m.php?5655
പാട്ട് എഴുതുന്നയാൾ ഇത് രണ്ടിനും തയ്യാറുള്ള
ആളായിരിക്കണം. ഒരു പാട് പദ സമ്പത്ത്
നമുക്കുണ്ടായിരിക്കണം. ചിലപ്പോൾ നമ്മൾ എഴുതിയ പാട്ട് സംഗീത സംവിധായകൻ റ്റ്യൂണിട്ട്
വരുമ്പോൾ ചില വാക്കുകൾ പൊരുത്തപ്പെടാതിരിക്കും .സൂര്യൻ എന്ന മൂന്നക്ഷരം ഒരു
താളവട്ടത്തിൽ തികയാതെ വരുമ്പോൾ ,പകലോൻ എന്നോ പകൽമീൻ എന്നോ,ആദിത്യൻ എന്നോ മാറ്റി
എഴുതേണ്ടി വരും.. അവിടെ ശബ്ദതാരാവലി നോക്കാൻ പറ്റിയെന്നിരിക്കില്ലാ......
ഇപ്പോൾ പദസമ്പത്തും,ആശയ സമ്പത്തുമുള്ള, ചലച്ചിത്ര
ഗാന രചയിതാക്കൾ ഒരു കൈ വിരലിൽ പോലും എണ്ണാനില്ലാ എന്നതാണ് സത്യം..പുതു
തലമുറക്കാരിൽ റഫീക്ക് അഹമ്മദ് വയലാർ ശരചന്ദ്രവർമ്മ,ബി.ആർ
പ്രസാദ് എന്നിവർ മാത്രമാണ് കുറച്ചെങ്കിലും
ചിന്തിച്ചെഴുതുന്നത്…..
സാധാരണ ചലച്ചിത്രങ്ങളിൽ സന്ദർഭത്തിനനുസരിച്ചാണ് സിനിമാ
പാട്ടുകൾ എഴുതുന്നത്.. എന്ന് ഞൻ നേരത്തെ പറഞ്ഞിരുന്നല്ലോ. എന്നാൽ സന്ദർഭങ്ങൾ
തങ്ങളുടെ ഭാവനയുമായി ചേർത്ത് ആ സന്ദർഭമില്ലാതെ തന്നെ ഒരു പൂർണ്ണ കവിതയാക്കി
മാറ്റിയിരുന്ന കവികളും ഗാന രചയിതാക്കളുമാണ് വയലാർ,പി.ഭാസ്കരൻ മാഷ്, ശ്രീകുമാരൻതമ്പി ചേട്ടൻ,ഓ.എൻ.വി സർ, കാവാലം നാരായണപ്പണിക്കർ, കൈതപ്രം,ഗിരീഷ് പുത്തഞ്ചേരി,യൂസഫലി കേച്ചേരി, എസ്.രമേശൻ നായർ, ബിച്ചു തിരുമലയും,പൂവച്ചൽ ഖാദറും.
തുടങ്ങിയവർ
ഉറക്കം വരാതെ കിടക്കുന്ന ഒരു നായികയുടെ അവസ്ഥക്കു ഒരു ഗാനം
എഴുതാൻ പറഞ്ഞപ്പോൾ പി.ഭാസ്കരൻ മാഷ് എഴുതിയ വരികൾ , എം.എസ്.ബാബുരാജിന്റെ
ഈണത്തിലുള്ള ഈ ഗാനം ശ്രദ്ധിക്കുക”താനേ തിരിഞ്ഞും മറിഞ്ഞും,തൻ താമര മെത്തയിലുരുണ്ടും, മയക്കം വരാതെ മാനത്ത്
കിടക്കുന്നൂ മധുമാസ സുന്ദര ചന്ദ്രലേഖ” ഇന്നും നമുക്ക്
നായികയെ അല്ല ഓർമ്മ വരുന്നത്…ചന്ദ്ര ലേഖയെയാണ്. ഈ അടുത്ത കാലത്തു രമ്യാ നമ്പീശൻ
പാടിയ കാവലത്തിന്റെ പാട്ടുകൾ പലരും പാടി നടക്കുന്നുണ്ട്….ഫോക്ക് ലോറിന്റെ അനന്ത
സാധ്യതകൾ എന്നും തന്റെ തൂലിക തുമ്പിലൂടെ ഉതിർത്ത കാവാലം ഇങ്ങനെ എഴുതി”ആണ്ടലോണ്ടെ നേരേ കണ്ണിലെ ചന്ദിരാന്റെ പൂലാലാണെ കണ്ടപാടെ നാണം കൊണ്ടേ
പോയ്യ്”……‘ദാണ്ടെ നേരെ നോക്കൂ…കണ്ണുകളിൽ തിളങ്ങുന്നത്
ചന്ദിരന്റെ(അമ്പിളിയുടെ) പൂ നിലാവാണ്… ആ നോട്ടത്തിൽ, ആരാത്രിയിൽ
അതു കണ്ടപ്പോൾ ഞാൻ നാണം കൊണ്ട് പൂത്തുലഞ്ഞൂ..രത്രിയിൽ എന്നത് സ്ഥിതികരിക്കാൻ
അടുത്ത വരികളിൽ ആമ്പലിനെ കവി കൊണ്ടു വന്നിരിക്കുന്നൂ…
ഇതു കവിത എഴുതന്നത് എങ്ങനെ എന്നുള്ളതോ ഗാനങ്ങളെക്കുറിച്ചുള്ള
വിലയിരുത്തലോ അല്ലാ..മറിച്ചു ഒരു ഗാന രചയിതാവിനു വേണ്ട ഗുണങ്ങളെക്കുറിച്ചാണ്
പറഞ്ഞിട്ടുള്ളത്.... നമ്മുടെ മലയാള സിനിമാ ഗാനങ്ങളെക്കുറിച്ചുള്ള ആസ്വാദനം ഇനി
ഒരിക്കലാകാം...സിനിമാ പാട്ടുകൾ എഴുതുന്നവർക്കായുള്ള ചെറിയ ലേഖനം മാത്രമാണീത്... എത്രപ്രയാസമുള്ള
അവസ്ത്ഥയിലും ഗാനങ്ങൾ നമുക്ക് ആശ്വാസമാകുന്നു.അത് മരുന്നുമാകുന്നു.നമുക്ക് നല്ല
പാട്ടുകളിലൂടെ ആമോദതീരത്ത് കുറെ നേരം കാറ്റ് കൊണ്ട് കിടക്കാം.... എല്ലാം മറന്ന്.............
***************