ഊട്ട്.....
ഉടകുലപെരുമാളൂട്ട്,
മുട്ട് .....
ചെണ്ടക്കോലുകൾ തോലിൽ മുട്ടണ മുട്ട്,
തട്ട് ....
ഒറ്റക്കമ്പിലിടയ്ക്കത്തോലിൽ തട്ട്,
പാട്ട് ....
കണിയാര്‍ നന്തുണി തന്തികൾ തട്ടിപ്പാട്ട്.....
പിന്നെ :
പിണിയാള്‍ പൂപ്പട കൂട്ടി ,
നടുവില്‍ പൂക്കുല നിര്‍ത്തി ,
ചുറ്റും പന്തം നാട്ടി ,
പിന്നില്‍ പീഠമൊരുക്കി,
അതിലൊരു തുമ്പിലയിട്ട് ,
മലരവില് ചൊരിഞ്ഞു ,
കദളിപ്പഴപ്പടലനിരത്തി ,
ചന്ദന തിരികള്‍ തിരുക്കി ,
വക്കുവളഞ്ഞൊരു വെങ്കലവൃത്തത്താലത്തിൽ
നിറഭസ്മമെടുത്ത്നിരത്തി നടുക്കൊരു വിരലാൽ
കുഴിയും കുത്തി ,കര്‍പ്പുരത്തിൻ കട്ട നിരത്തി .
ശുഭ്രം, വസ്ത്രമെടുത്ത് തെറുത്ത് തിളങ്ങും ,
അയ്ഞ്ചാലുള്ള വിളക്കിനു തിരുത്തുണിയാക്കി .
എണ്ണയൊഴിച്ച്,
തിരികള്‍ നനച്ച്,
വിരലിന്‍തുമ്പത്തിത്തിരിയിറ്റോരെണ്ണമയം
തന്‍ തലയില്‍ തേച്ച് ,
താലത്തിൽ,പന്തത്തിൽ, തിരിയിലൽ, ചാലുവിളക്കിൽ
ആദരവിത്തിരിയും കുറയാതെ കത്തിച്ച് ,
ചാഞ്ചാടും നാല്‍ക്കാലികളില്ൽ കാൽ കാലേലേറ്റി
ഞെളിയും ഗൌരവഭാവം കൊള്ളും തമ്പ്രാക്കളെയും
നോക്കിയൊരറ്റം പറ്റിയൊതുങ്ങി.
പട്ട്..........
അരയില്‍ചുറ്റിക്കെട്ടിയ പട്ട് ,
കെട്ട്......
തലയിൽ വെള്ളത്തുണിയുടെ കെട്ട് ,
ഇട്ട്.....
ഫാലത്തിൽ,നെഞ്ചത്തിൽ,മുതുകിൽ ,കൈകാലുകളിൽ
ചന്ദന കുറികളുമിട്ട്
പീഠത്തിൽ മുനയേറും, മുറിയും വടിവാൾ തൊട്ട് വണങ്ങിയ
തുള്ളല്‍ക്കാരൻ, വെളി കൊണ്ടങ്ങ് വെളിച്ചപ്പാടായ്......
മേളം മുറുകി ...
ചെണ്ട ക്കൊലുകളൾ പെരുകിയ താളം ധ്രുത ഗതി ,
ആര്‍പ്പ് വിളിച്ചു , പിള്ളേർ ആര്‍ത്തുവിളിച്ചിട്ടലമുറയിട്ടും-
മേളംകൂട്ടി .
മെല്ലെ കൈകൾ വിറച്ചു .
പൂക്കുല തുള്ളി .
ചുണ്ടിൽ ചെറുചിരി വിറയാര്‍ന്നരമണി ,
ദേഹം തുള്ളി വിറച്ചിട്ടമ്പല മകമതിലോടി നടന്നു് –
വെളിച്ചപ്പാടാ പൂപ്പട തന്നുടെ പിന്നിലിരുന്നിട്ടോരോ ചെരുപിടി ,
പിന്നെ പെരുകിയ പിടിയോരോന്നും ,തലയ്ക്കു് മുകളിൽ,മച്ചിൽ
തട്ടും തക്ക വിധത്തില്‍ വാരിയെറിഞ്ഞു കളിച്ചു രസിച്ചു .
ചാഞ്ചാടിയിരുന്നൊരു കാര്‍ന്നോന്മാർ ,കരയാളന്മാർ
പെരുമാൾ കൂടിയ ദേഹം കണ്ടു വണങ്ങിയെണീറ്റു.
ചാടിയെണീറ്റു. പെരുമാൾ ഉറഞ്ഞെണീറ്റു.
മുനയേറും വടിവാള്‍ കയ്യിലെടുത്തു .
താളത്തില്‍ ,മേളത്തില്‍ തിരു നര്‍ത്തനമാടി.
വലുതായൊന്നു ചിരിച്ചു പെരുമാൾ വടിവാൾ ചുറ്റി നടന്നു .
ദിക്കുകൾ നാലും നോക്കി വീണ്ടും ഖഡ്ഗം മാറിൽ .
പെരുമാൾ ക്കൂടിയ ദേഹം കണ്ടു് ,പെരുകിയ കുരവ മുഴക്കി –
വൃദ്ധകൾ, മധ്യ വയസ്കർ , നമ്ര ശിരസ്കർ, തരുണികൾ
താണുവണങ്ങി.
പിന്നിൽ......
അവരുടെ കായസ്ഥം,വടിവുകൾ ,മിഴിചലനങ്ങൾ നോക്കി-
രസിച്ച് ചിരിച്ച് കളിക്കും തരുണന്മാരിലൊരുത്തന്‍, കാര്യപുടന്‍ ,
നിരീശ്വര ചിന്തകന്‍ ,ഉര ചെയ്തു....
“ഇങ്ങോര്, എന്തൊരു കള്ളത്തരമീ വെട്ടുകൾ വെറുമൊരുതട്ടിപ്പല്ലേ ”
വചനം കേട്ടു.....
പെരുമാൾ വാശിയെടുത്തൂ,
വടിവാൾ വീശിയെടുത്തൂ,
ചെണ്ട ക്കോലുകളറയും പോലാ ശിരസ്സിൽ തുടരനെ വെട്ടി .
പെരുമാൾ ഉറഞ്ഞു തുള്ളി ,
ചെണ്ടകളറഞ്ഞുവായിച്ചവരുടെ –
കയ്യുകൾ കുഴഞ്ഞു തളര്‍ന്നു ,
പെരുമാൾ മറിഞ്ഞു വീണു,
ഘോഷംമുറിഞ്ഞു നിന്നു.
പെരുമാൾ ദേഹം വിട്ടോ ?
തെല്ലൊരു സംശയമുള്ളിലോതുക്കി ,
ഉടയോന്‍ കുടിയ ദേഹം കണ്ടുനിറഞ്ഞൊരു മനവും പേറി
ഭസ്മ,നിവേദ്യം വാങ്ങി, ഭക്തജനങ്ങൾ മടങ്ങി.
പിണിയാൾ ,
തേങ്ങയുടച്ച്, ഇരുപാതികളിലും തിരുതുണി വച്ച് ,കത്തിച്ച്,
കതിനാ വെടികൾ മുഴങ്ങി.
വീണ്ടും കര്‍പ്പൂരത്തീ കത്തിച്ച് . ആരതി കൊണ്ടൂ.....
മുന്നേ ചെയ്യും ചെയ്തികളെല്ലാം ചെയ്തിട്ടും മയക്കമുന്നരാതുള്ളൊരു
തുള്ളല്‍ക്കാരൻ തന്നുടെ പിന്നിലിരുന്നിട്ട്...
പിണിയാൾ മെല്ലെതട്ടി വിളിച്ചു.
കണ്ടു ..............
പീഠം നോക്കീട്ടൊഴുകും ചുടു നിണം പുഴപോൽ,
ഉത്ഭവസ്ഥാനം ശിരസ്സിൽ , ആഴത്തിൽ മുറിവൊരു പര്‍വ്വത –
ശിഖരം തന്നിലെ പിളര്‍പ്പ് പോലെ ...................
***************
സന്ധ്യ മടങ്ങി, വര്‍ഷം തന്നിതിലൊരുനാൾ
ചെരുവയറാറും, പിന്നെ പെരുവയർ രണ്ടും നിറയാനുള്ളൊരു
പടിയും വാങ്ങി ,പടികൾ മെല്ല കയറിവരു ന്നൊരു തുള്ളൽ -
ക്കാരന്‍ തന്നുടെ കൈയ്യിലെ തുണി സഞ്ചിയിലെ ചില്ലറ—
നാണൃം എണ്ണി തിട്ടം തീര്‍ക്കാൻ മാത്രം മങ്ങിയ വെട്ടം
ഉതിര്‍ക്കും ,ഇറയത്തേറിയിരിയ്ക്കും കുത്തുവിളക്കിലെ
തിരിയും കെട്ടൂ................
പിൻകുറിപ്പ്:
സാധാരണ കേരളത്തിന്റെ വടക്ക് ഭാഗത്ത് നടമാടുന്ന ഒരു കലാ രൂപമാണ് തെയ്യം. കുരുത്തോല ,പ്രകൃതിയിൽ നിന്നെടുത്ത വര്‍ണ്ണങ്ങള്‍ എന്നിവ കൊണ്ടുള്ള വേഷ പകര്‍ച്ചയും.വ്യത്യസ്ഥമായ പാട്ടും,താളവും എന്നിവ ഇതിന്‍റെ സവിശേഷതകളാണ്.കണ്ടനാർകേളൻതെയ്യം, മുച്ചിലോട്ട് ഭഗവതിതെയ്യം തുടങ്ങിയ നിരവധി തെയ്യങ്ങളുണ്ട്. എന്നാൽ കേരളത്തിന്റെ തെക്ക് ഭാഗത്ത് അതിനു പകരമെന്നോണം കണ്ടു വരുന്ന ഒന്നാണ് ഊട്ട്. മാടന്‍ത്തമ്പുരാന്‍ ,അയണിയോട്ടുതമ്പുരാന്, ഉലകുടപെരുമാള്‍, ചാത്തന്‍തമ്പുരാന്‍ തുടങ്ങിയ നിരവധി തമ്പുരാക്കന്മാരെ കുടിയിരുത്തിയിരിക്കുന്ന ക്ഷേത്രങ്ങള്‍ തെക്കന്‍ കേരളത്തില്‍ ഉണ്ട് .നിര്‍ഭാഗ്യവശാല്‍ ഊട്ടും,പാട്ടും ഇന്ന് പല അമ്പലങ്ങളില്‍ നിന്നും അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ് . അയ്യടിത്താളത്തില്‍ ,ചെണ്ടക്കൊലുകൾ പെരുക്കുന്ന താള ഘോഷത്തിൽ കുലദൈവങ്ങളെ മനസ്സിലാവാഹിച്ച് സ്വയം മറന്നു് തുള്ളിയാര്‍ക്കുന്ന കോമരങ്ങളും അപ്രത്യക്ഷമായി.... സത്യത്തിൽ ഇതൊരു ആചാരാനുഷ്ഠാന കലയണ്. നശിക്കപ്പെടുന്ന നാടോടി കലാരൂപം ഒന്നു കൂടി .............!
(എന്റെ തറവാട് വക ഒരു അമ്പലമുണ്ട് ‘കൊമ്പാടിക്കൽ തമ്പുരാൻ ക്ഷേത്രം‘ ഇന്നത് കരക്കാരാണ് ഏറ്റെടുത്ത് നടത്തുന്നത്.. എന്റെ കുട്ടിക്കാലത്ത് ആ ക്ഷേത്രത്തിൽ നടന്ന യഥാര്‍ത്ഥ സംഭവമാണ് ഈ കവിതക്ക് അവലംബം)