Saturday, December 18, 2010

ഭാർഗ്ഗവ രാമ ചരിതം

     ഭാർഗ്ഗവരാമചരിതം (കഥ)
000000000000000000000000
“രാമേട്ടാ...നോക്കു... ഒരാള്‍ക്ക്‌ ...ഇതില്‍ക്കൂടുതല്‍ വികൃതനാകാന്‍ കഴിയുമോ...... ?”
ഒറ്റനോട്ടത്തില്‍ത്തന്നെ അവളുടെ അഭിപ്രായം എനിക്കും സ്വീകാര്യമായിത്തോന്നി. അഞ്ചടിപ്പൊക്കം, അതിനൊത്ത വണ്ണം, കറുത്ത മുഖത്തിന് കാഠിന്യമേറ്റുന്ന കറുത്തതാടി, ജട പിടിച്ച തലമുടി നെറ്റിത്തടത്തിൽ ഞാന്നുകിടക്കുന്നു. ഇടത്തേക്കണ്ണ് വളരെ ചെറുതാണ്. വലത്തേത് കോങ്കണ്ണും. കരിക്കട്ടപോലെ തോന്നിക്കുന്ന ചുണ്ട്. ബീടിക്കറപിടിച്ച വൃത്തികെട്ട പല്ലുകള്‍. അഴുക്കും വിഴുക്കും മേളിച്ച് മഞ്ഞനിറമാക്കിയ ഒറ്റമുണ്ടു മാത്രമാണ് അയാളുടെ വേഷം. കാടുപോലെ വളര്‍ന്നുകിടക്കുന്ന, നെഞ്ചിലെ രോമങ്ങൾക്കിടയില്‍ വലത്തെ കൈവിരലുകള്‍ കോര്‍ത്തുപിടിച്ചുകൊണ്ടാണ് നടപ്പ്. ഇടത്തെകൈയിൽ കൊയ്ത്തരിവാള്‍. അയാൾ ഞങ്ങളെ നോക്കി, ചിരിച്ചു; വൃത്തികെട്ട ചിരി !
“കുട്ടിച്ചാത്തന്‍ .......... ഡെവിള്‍......... !”
പല്ലുകടിച്ച് മുറുമുറുത്തുകൊണ്ടവള്‍ കുനിഞ്ഞിരുന്നു.
“ഭാര്‍ഗ്ഗവന്‍...അതാണവന്റെ പേര്” ഞാന്‍ വിശദീകരിച്ചു.
“പാര്‍ക്കവന്‍….ങും.....”
ആ പേരവള്‍ ദേഷ്യത്തില്‍ പറഞ്ഞതുകേട്ട് ചിരിച്ചുപോയി.
തണുത്ത കാറ്റുള്ള സായാഹ്നമായിരുന്നു. ഞങ്ങള്‍ ഗ്രാമത്തില്‍ എത്തിയതിന്റെ രണ്ടാം ദിവസം. നാലുകെട്ടും പടിപ്പുരയും കൊട്ടിയമ്പലവും ഉള്ള തറവാട്ടിന്റെ മുന്‍വശത്ത്‌, പടര്‍ന്നു വിരിഞ്ഞുനില്ക്കുന്ന പുളിമരത്തിന്റെ കീഴില്‍ ഞങ്ങള്‍. നടവരനമ്പില്‍ക്കൂടി അലസമായി നടക്കുന്ന ഭാര്‍ഗ്ഗവന്‍ ഇടയ്ക്ക് ഒന്നുരണ്ടു തവണ തിരിഞ്ഞു നോക്കി. അവന്റെ മുഖത്തെ വികൃതമായ ചിരി മായാതെനിന്നിരുന്നു.
“ സാര്‍ ... സിഗരറ്റ്‌ ...“
കാര്യസ്ഥന്‍ വാസുപിള്ള പുറകില്‍ വന്നുനിന്നു വിളിച്ചു. സിഗരറ്റ്‌ വാങ്ങിവരാന്‍ താമസിച്ചതിന്റെ ജാള്യം അയാളുടെ മുഖത്ത്‌ ദൃശ്യമാകുന്നതു ശ്രദ്ധിക്കാതെ ചോദിച്ചു :
“ ഭാര്‍ഗ്ഗവനിപ്പോള്‍ എന്താ പണി?”
“ഏതു പാര്‍ക്കവന്‍.?”
“ തേവന്‍മൂപ്പന്റെ മോന്‍”
“കാളപാര്‍ക്കവനോ....? അവനു പ്രത്യേകിച്ച് പണിയൊന്നുമില്ല വെളുക്കുമ്പോള്‍ പാടവരമ്പത്തിറങ്ങും. പുല്ലു ചെത്തും. കാള യ്ക്കുള്ള തീറ്റയാ. ഒരു ആനയുടെ അത്രയുണ്ട് സാറേ അവന്റെ വിത്തുകാള. നാട്ടിലെ പശുക്കളുടെയൊക്കെ കേട്ടിയോനാ... . വിത്തു കൊടുക്കുന്നതിനു പാര്‍ക്കവന്‍ രൂപ വാങ്ങാറില്ല. ആവശ്യക്കാര്‍ പിണ്ണാക്കോ പരുത്തിക്കുരുവോ പുളിങ്കു രുവോ വാങ്ങിക്കൊടുക്കും. ന്താ....പ്പോ...തിരക്കാന്‍?”
“വെറുതെ”
കാര്യസ്ഥന്‍ പോയപ്പോള്‍ ഭാര്യ മൈഥിലി പരിഭവിച്ചു :
“എന്തിനാ ചെകുത്താന്റെ വിശദവിവരം?”
“നീ പിണങ്ങാതെ ഭാര്യേ.. നാലാംതരംവരെ ഞങ്ങള്‍ ഒരുമിച്ചാ പഠിച്ചത്. അവന്‍ ഭാര്‍ഗ്ഗവന്‍... ഞാന്‍ രാമന്‍ ...ആളൊന്ന് ...അവതാരം രണ്ട്”
“എനിക്കു മനസ്സിലായില്ല”
“ പുരാണം പറഞ്ഞതാ പെണ്ണേ”
“ ഓ .... ഒരു പുരാണം”
ദേഷ്യപ്പെട്ട് അവളെഴുന്നേറ്റുപോയിട്ടും ..ഞാന്‍ അവനെപ്പറ്റി പലതും ഓര്‍മ്മിച്ചിരുന്നു.
രാത്രിയിലേതോ യാമത്തില്‍ അവള്‍ ഞെട്ടിയുണര്‍ന്നു കരഞ്ഞു. ഭയന്നുവിറയ്ക്കുന്ന അവളുടെ ദു:സ്വപ്നത്തിലെ കാരണം ഭാര്‍ഗ്ഗവനായിരുന്നു. സാന്ത്വനപ്പെടുത്തിയുറക്കിയപ്പോള്‍ പുലരി വാതായനത്തിലെത്തിയിരുന്നു.
പിറ്റേന്നു പ്രഭാതത്തില്‍ ഞാന്‍ യാത്രതിരിക്കുമ്പോള്‍, അവള്‍ ഭാര്‍ഗ്ഗവനെക്കുറിച്ച് പറഞ്ഞുകരഞ്ഞു. പ്രായമായ അമ്മയും വാസുപിള്ളയും കളിയാക്കിച്ചിരിച്ചപ്പോള്‍ ദേഷ്യപ്പെട്ടുകൊണ്ട് അകത്തേക്കു പോയി .
ബസ്സിലിരിക്കുമ്പോള്‍ അവളെക്കുറിച്ചായിരുന്നു ചിന്ത. പതിനഞ്ചു വര്‍ഷത്തെ ദാമ്പത്യജീവിതത്തിനിടയിൽ, അവളില്‍ ഇത്തരം ഒരു ഭയം നാമ്പെടുക്കുന്നത്
ആദ്യമായാണ്.
ഈ ഭയത്തിന്റെ ആവിര്‍ഭാവം എന്നെ ഒരു തരത്തില്‍ സന്തുഷ്ടനാക്കി. കാരണം, മാസങ്ങളായീ ഞങ്ങളുടെ ജിവിതവിഹായസ്സിൽ കാര്‍മേഘം ഉരുണ്ടുകൂടാന്‍തുടങ്ങിയിട്ട്. വല്ലപ്പോഴും ചാറ്റൽമഴയും ഉണ്ടായി. നഗരത്തിലെ ഒരു സ്വകാര്യപണമിടപാടു കമ്പനിയുടെ പ്രവിശ്യാമാനേജരായിരുന്നു ഞാന്‍. ഒരുവര്‍ഷത്തിനുമുമ്പുണ്ടായ, കമ്പനി മുതലാളിയുടെ തിരോധാനം ഞങ്ങളുടെ ജീവിതത്തെ വല്ലാതെ ബാധിച്ചിരുന്നു . ഗള്‍ഫില്‍നിന്നു ജോലി ഉപേക്ഷിച്ചുവന്നപ്പോള്‍ ഉണ്ടായിരുന്നതും ഭാര്യയുടെ സ്വര്‍ണ്ണംവിറ്റുകിട്ടിയതുംകൂ‌ടെ നല്ലൊരു തുക തന്റേതായിത്തന്നെ ബാങ്കിലുണ്ടായിരുന്നതും നഷ്ടമായി. കേസും വഴക്കുമായി ഒരു വര്‍ഷം വല്ലാതെ വലഞ്ഞു. പണമിടപാടുകാരുടെ മുമ്പില്‍ നാണിച്ചു. എന്നെ വിശ്വസിച്ചും, ഞാന്‍ നിര്‍ബന്ധിച്ചും ബാങ്കില്‍ പണം ഇട്ടിരുന്നവരുടെ രൂപ ഞാന്‍തന്നെ കൊടുക്കാം എന്നേറ്റു. ഇന്‍സ്റ്റാള്‍മെന്റില്‍ വാങ്ങിയ ടി.വി. യുടേയും ഫ്രിഡ്ജിന്റേയും വാഷിംഗ് മെഷ്യന്റേയും ഡീലര്‍മാര്‍ വട്ടംകറക്കി. നഗരത്തില്‍, താമസിച്ചിരുന്ന വീട് വിറ്റ് കടങ്ങള്‍തീര്‍ക്കാം. മിച്ചമൊന്നുമുണ്ടാകില്ലെങ്കിലും കടക്കാരുടെ ബാദ്ധ്യത ഒഴിഞ്ഞുകിട്ടുമല്ലോ.
ചുറ്റുപാടുകള്‍ മനസ്സിലാക്കാതെ അവളെന്നെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. കമ്പനി പൊളിയുന്നതു മനസ്സിലാക്കി പണം മാറ്റാത്തതും, ഗള്‍ഫില്‍നിന്നു ജോലി ഉപേക്ഷിച്ചതും ഞാനൊരു മടിയനായതുകൊണ്ടാണ്‌ എന്നൊക്കെയുള്ള അവളുടെ വാദം പലപ്പോഴും എന്നെ ക്ഷുഭിതനാക്കി. എങ്കിലും ഞാന്‍ ക്ഷമിച്ചു, കാരണം എനിക്കവളെ അത്രയ്ക്ക് ഇഷ്ടമായിരുന്നു.
ഇതിനൊക്കെയുള്ള പരിഹാരത്തിനും മാറ്റത്തിനും വേണ്ടിയായിരുന്നു ഗ്രാമത്തിലേക്കുള്ള യാത്ര. ഇനിയുള്ള കാലം തറവാട്ടിലുള്ള അഞ്ചേക്കര്‍ വസ്തുവില്‍ കൃഷിചെയ്തുജീവിക്കാം. കുഗ്രാമത്തിലെ ജീവിതത്തെച്ചൊല്ലി തറവാട്ടില്‍ എത്തിയ ദിവസത്തിലും അവള്‍ വഴക്കുണ്ടാക്കി. ഭാർഗ്ഗവനെ കണ്ടതുമുതല്‍ അവളുടെ ചിന്തയും സംസാരവും ഒക്കെ അവനെക്കുറിച്ചായി. അതുകൊണ്ടാവാം മറ്റു കാര്യങ്ങളൊക്കെ അവള്‍ മറന്നു. ഞങ്ങളുടെ സുഖജീവിതത്തിനു ഇടനിലക്കാരനായി മാറിയ ഭാര്‍ഗ്ഗവനെയോര്‍ത്ത് അറിയാതെ ചിരിച്ചുപോയി.
ഒരാഴ്ച കഴിഞ്ഞാണ് ഗ്രാമത്തില്‍ തിരിച്ചുവന്നത്. നഗരത്തിലെ വീട് വില്പ്പനയ്ക്കുള്ള അഡ്വാന്‍സും വാങ്ങി, വീട്ടുസാധനങ്ങളെല്ലാം കയറ്റിയ ലോറിയോടോപ്പമാണ് വന്നത് തറവാട്ടില്‍ എത്താന്‍ ഇനി കുറച്ചു ദുരമേയുള്ളൂ
ചെമ്മൺപാതയില്‍, ലോറിക്കു മുന്നില്‍ മാര്‍ഗ്ഗതടസ്സംസൃഷ്ടിച്ചുകൊണ്ടൊരുകാളക്കൂറ്റന്‍. ഡ്രൈവര്‍ നിറുത്താതെ ഹോറണ്‍ മുഴക്കിയപ്പോള്‍ കാള കയറുംവലിച്ചിഴച്ച് പാഞ്ഞുപോയി. എവിടെനിന്നോ എത്തിയ ഭാര്‍ഗ്ഗവന്‍ കാളയോടൊപ്പം ഓടുന്നതു കണ്ടു.
സാധനങ്ങളെല്ലാം ലോറിയില്‍നിന്നിറക്കി മുറികള്‍ക്കുള്ളില്‍ ക്രമീകരിച്ചപ്പോള്‍ തളര്‍ന്നുപോയി. കുളി കഴിഞ്ഞ്‌ കിടക്കയിലേക്ക് വീണത്‌ മയക്കത്തോടെയായിരുന്നു
.
“ഇവിടെത്തന്നെ താമസിക്കാന്‍ തീരുമാനിച്ചൂ..അല്ലേ?”
മയക്കത്തില്‍നിന്നു തട്ടിവിളിച്ച് അവള്‍ ചോദിച്ചു.
“അതേ...എന്താ ..നിനക്ക് എതിര്‍പ്പ് വല്ലതുമുണ്ടോ..?“
അവള്‍ ചിരിച്ചു. ഭംഗിയുള്ള ചിരി. നെറ്റിയില്‍ സിന്ദൂരം . പുടവയും കവിണിയും ഉടുത്തിരിക്കുന്നു. ഈറന്‍മുടിയില്‍ മുല്ലപ്പൂക്കള്‍ .
“എവിടുന്നാ പൂക്കള്‍ ?”
വാലിട്ടെഴുതിയ പീലികള്‍ക്കുള്ളില്‍ പിടയുന്ന ഭംഗിയുള്ള കണ്ണുകളെ നിരീക്ഷിച്ചു.
“തൊടിയിൽ നിറച്ച് മുല്ലവള്ളികളുണ്ടല്ലോ... പേരയും മാതളമരവും നെല്ലിയും ജാമ്പയും.....റിയലി......ഐ ...ലൈക്ക്...ഹിയര്‍.“
“ഹെന്റെ..ഭഗവാനേ....!”
“ എന്താ,എന്തുപറ്റി ?”
“അല്ലാ... വര്‍ഷങ്ങള്‍ക്കു ശേഷം എന്നെ സംബന്ധിച്ചതില്‍ ആദ്യമായി നിനക്കിഷ്ടപ്പെട്ട ഒരു കാര്യം”
അവള്‍ വശ്യമായി ചിരിച്ചു.നെഞ്ചില്‍ മുഖം ചേര്‍ത്തുകിടന്നു.
“അഞ്ചേക്കർപറമ്പും ഈ വലിയതറവാടും, പെണ്ണേ, നമുക്കിതൊക്കെ പോരേ?”
“ പോരാന്ന് ഞാന്‍ പറഞ്ഞില്ലല്ലോ”
“ഇരുവരും പറയാത്ത ഒരു കാര്യമുണ്ട്.......... മനഃപൂർവ്വം...നടിക്കുന്ന കാര്യം ഒരു കുഞ്ഞുമുഖം. നമ്മുടെ ഈ സ്വര്‍ഗ്ഗത്തിന്റെ കാവല്‍ക്കാരനായി, അല്ല,അധിപനായി”
എന്റെ സ്വരത്തിലെ ശോകച്ഛവി ശ്രദ്ധിച്ചുകൊണ്ടവള്‍ എണീറ്റിരുന്നു.വിഷയം മാറ്റി.
“ചേട്ടാ ..പിന്നേയ്‌ ഞാനിന്നാ കാളക്കൂറ്റനെ കണ്ടു ...ചേട്ടന്റെ സഹപാഠിയുടെ”
“ഭാർഗ്ഗവന്റെയോ?”
“ഒരു മദയാനയെപ്പോലുണ്ട്. കണ്ടാല്‍ത്തന്നെയറിയാം അതിന്റെ കരുത്ത് നെറ്റിയില്‍ ഐശ്വര്യമുള്ള വെളുത്ത കുറി. ഇന്നലെ തൊട്ടടുത്തു കണ്ടപ്പോൾ ഞാന്‍ പേടിച്ചുപോയി...എന്നാലും, എനിക്കെന്തോ അതിനെ ഇഷ്ടപ്പെട്ടു”
“അപ്പൊ,ഭാര്‍ഗ്ഗവനോടുള്ള വെറുപ്പു മാറിയോ?”
“ചെകുത്താന്‍തന്നെയാ, ആ ശക്തന്റെ ഉടമസ്ഥനാണല്ലോ എന്ന ഒറ്റക്കാരണംകൊണ്ട് മാത്രം നാം അവനെ വധിക്കാന്‍ വിധിക്കുന്നില്ല........!“
അവള്‍ പൊട്ടിച്ചിരിച്ചു; ഞാനും.
നാലു ദിവസത്തിനു ശേഷമുള്ള പ്രഭാതത്തിനു മഞ്ഞു കൂടുതലയിരുന്നു. കുളിരുമണിഞ്ഞ് തൊടിയിലൂടെ നടക്കുകയായിരുന്നു .പിന്നിലെന്തോ ഒടിഞ്ഞുതകരുന്ന ശബ്ദം കേട്ട് തിരിഞ്ഞുനോക്കി. വാലുംപൊക്കിപ്പിടിച്ച്, വളരെ വേഗത്തില്‍, ഭാര്‍ഗ്ഗവന്റെകാള എന്റെ മുന്നിലൂടെ, വളര്‍ന്നുകിടക്കുന്ന മരച്ചിനിക്കമ്പുകള്‍ ചവുട്ടിമെതിച്ച് മുകളിലേക്ക് ഓടിപ്പോയി. ഒരു നിമിഷം ഭയന്നുനിന്നു.
വിളനാശത്തിന്റെ കാര്യം മനസ്സിനെ കലുഷമാക്കി. കാളയ്ക്കു പുറകെ പാഞ്ഞു. രാത്രി, കാവലിനായി കെട്ടിയിരിക്കുന്ന പുരയ്ക്കു സമീപം കാള നില്ക്കുന്നതു കണ്ട്, വളര്‍ച്ച മുറ്റിയ ഒരു ചീനിക്കമ്പ് പൊട്ടിച്ചെടുത്ത് അതുനടുത്തേക്കു ചെന്നു.
കാവല്‍പ്പുരക്കുള്ളില്‍ അടക്കിയ സീല്‍ക്കാരസ്വരം. ഒന്നെത്തിനോക്കി പെട്ടെന്നു തല പിന്‍വലിച്ചു. തറവാട്ടിലെ അടുക്കളജോലിക്കാരിയും ഭാര്‍ഗ്ഗവനുമായിരുന്നു അവിടെ !
അവരെ ശ്രദ്ധിച്ച്, ഇമയനക്കാതെ, വാൽ ചലിപ്പിക്കാതെ. നില്ക്കുന്ന കാള. എങ്കിലും അതിന്റെ തുറിച്ച കണ്ണുകളുള്ള മുഖത്ത്‌ വന്യമായ എന്തോ ഒന്ന് ദര്‍ശിച്ചു.
ശബ്ദമുണ്ടാക്കാതെ തിരിച്ചുനടന്നു. ഭാര്‍ഗ്ഗവന്റെയും കാളയുടേയും മുഖം ഒന്നാണെന്ന് എനിക്കു തോന്നി.
ഒരു തമാശയായിട്ടണ് സംഭവം മൈഥിലിയോടു പറഞ്ഞത്. അവള്‍ രോഷാകുലയായി. ജോലിക്കാരിയെ പിരിച്ചയച്ചു .
“പെണ്ണുങ്ങളാണ് പുരുഷന്മാരെ ചീത്തയക്കുന്നത് ... ഭാർഗ്ഗവൻ പാവമാണ്. അവന്റെ രൂപം മത്രമാണു വികൃതം. ഛേ.. അവന്റെ വികൃതരൂപത്തിനു മുമ്പിൽ അവൾ എന്തിനു……….. കുരുത്തംകെട്ടവൾ.”
രാത്രി കിടക്കയോളം ഇതിനെക്കുറിച്ചുതന്നെയായിരുന്നു അവളുടെ സംസാരം.
പിന്നത്തെ ദിവസങ്ങളിൽ ഭാർഗ്ഗവനൊടുള്ള അവളുടെ ഭയം കുറഞ്ഞു വരുന്നതായി എനിക്കു തോന്നി. അവന്റെ തുറിച്ച നോട്ടം കണ്ട് വീടിനുള്ളിലേക്കു പോകുന്നതു മതിയാക്കി, അവനെ നോട്ടം കൊണ്ട് എതിരിട്ടുതുടങ്ങി. ഭാർഗ്ഗവൻ അവൾക്കൊരു സാ‍ധരണക്കാരനായി. പകരം അവളുടെ സംസാരത്തിൽ കാളക്കൂറ്റനു പ്രധാന്യം നല്കിയെങ്കിലും, പഴയതുപോലെ എന്നെ കുറ്റക്കാരനായി ചിത്രീകരിച്ചു തുടങ്ങി. കുഞ്ഞുങ്ങൾ ഇല്ലാത്തതും, നഗരം വിട്ടുപോന്നതും, പണമുണ്ടാക്കാനറിയാത്തതും എന്റെ കഴിവില്ലായ്മയായി പറഞ്ഞു. അവളുടെ കണ്ണുകൾ ഈറനണിഞ്ഞു.
വീടിന്റെ വിലയാധാരം നടത്താൻ നഗരത്തിലേക്ക് തിരിച്ച വഴിക്ക് ശകുനമായി കണ്ടത് ഭാർഗ്ഗവനെയായിരുന്നു. ശകുനം? അതെന്തോ ആയിക്കോട്ടെ, എന്നൊടു പലതും പറഞ്ഞ് അവൻ കൂടെ നടന്നു. അവന്റെ വിനയവും ബഹുമാനവും എന്റെ വലതു കരത്തെ പോക്കറ്റിലേക്കു ചലിപ്പിച്ചു.
കൈയിൽ തടഞ്ഞ നൂറുരൂപാനോട്ട് അവനു നല്കിയപ്പോൾ വാങ്ങാൻ മടിച്ചു.
“വാങ്ങിച്ചോ...... കാളയ്ക്ക് വല്ലതും വാങ്ങി കൊടുക്ക്...... പിന്നെ നീയും കാര്യമായി വല്ലതും വാങ്ങി കഴിച്ച് ശക്തി കൂട്ടിക്കോ...... രൂപമതല്ലെങ്കിലും കാളയെപ്പോലെയാണല്ലൊ..... നീയും....!”
എന്റെ വാക്കുകളുടെ ഗൂഢമായ അർത്ഥം മനസ്സിലാക്കിയാണോ എന്തോ അവൻ ചിരിച്ചു. രൂപയും വാങ്ങി, നടന്നു.
വിചാരിച്ചതിലും നേരത്തേ വിലയാധാരം നടന്നു. ഗ്രാമത്തിൽ ബസ്സിറങ്ങിയപ്പോൾ മദ്ധ്യാഹ്നമായിരുന്നു. തറവാടും, അകത്തളത്തിൽ അമ്മയും ഉച്ചയുറക്കത്തിലായിരുന്നു.
വീടിനകത്തു മുഴുവനും തിരഞ്ഞിട്ടും മൈഥിലിയെ കണ്ടില്ല. കാട്ടുചെമ്പകത്തിന്റെ മുന്നിലും മുല്ലവള്ളിയുടെ ചാരത്തും തൊടിയിലും തിരഞ്ഞു. മനസ്സിലൊരു നൊമ്പരം. അവൾക്കായി ഞാൻ ഇതുവരേക്കും ഒന്നും നല്കിയിട്ടില്ല. ഇനിയിപ്പോൾ......എന്നെ.... വെറുത്ത്.....അവളുടെ വീട്ടിലേക്കു പോയിരിക്കുമോ...?
വെരുതെ........ അബദ്ധധാരണകൾ......!
കാവൽമാടത്തിലേക്കു നടന്നത് അവൾ അവിടെക്കാണും എന്ന ധാരണയൊടെയല്ലായിരുന്നു. എപ്പൊഴും സംഭവിക്കാറുള്ളതുപോലെ എന്റെ ധാരണ തെറ്റി !
നോട്ടം പിൻവലിക്കാൻപോലും ശക്തിയില്ലാതെ, കാവൽമാടത്തിനു മുമ്പിൽ. ഞാൻ ശിലയായി. സംസാരശേഷിയും. ശ്രവണശേഷിയും നശിച്ച് ദർശനശേഷിമാത്രമുള്ള കൃഷ്ണശില .......!
പെട്ടെന്ന്, പിന്നിലെന്തൊ തകർന്നടിയുന്ന ശബ്ദംകേട്ട് തിരിഞ്ഞുനോക്കി. വാലുയർത്തി, കാതുകൾ കൂർപ്പിച്ച്, കാറ്റിന്റെ വേഗത്തിൽ, കയറ്റംകയറി, വന്നുനില്ക്കുന്ന വന്യമായ മുഖഭാവമുള്ള ശക്തനായ കാള !
ഭാർഗ്ഗവന്റെ വിത്തുകാള !!
സീൽക്കാരശബ്ദം പടഹധ്വനിയായി മുഴങ്ങുന്ന കാവൽ‌പ്പുരക്കുള്ളിലേക്കു തറപ്പിച്ചുനോക്കിക്കൊണ്ട് അത് ഇമവെട്ടാതെ, നിലകൊണ്ടു !!
000000000000000000000000000000000000000000000000
               



                                       
                                     
            

Wednesday, December 1, 2010

ലേഖനം-ചില അറിവുകള്‍

ലേഖനം-ചില അറിവുകള്‍
 "വ്യോമയാനപക്ഷി "
അങ്ങ് അന്തതയില്‍ പാറുന്ന പക്ഷി.
അന്തതയില്‍വച്ചുതന്നെ പെണ്‍ പക്ഷി അതിന്റെ ഇണയെ കണ്ടെത്തുന്നു.പ്രാപിക്കുന്നു.ഗര്‍ഭം ധരിക്കുന്നു.
ആകാശത്തില്‍ വച്ചുതന്നെ സൂതികര്‍മ്മവും.
മുട്ട താഴേക്ക് പതിക്കുന്നു.ഘര്‍ഷര്‍ണം കൊണ്ട് ആകാശത്തുവച്ചുതന്നെപുറംത്തോട് പൊട്ടുന്നു.താഴേക്ക് പതിക്കാതിരിക്കാന്‍,ആരും പഠിപ്പിക്കാതെ തന്നെചിറകടിച്ച് പറന്നു തുടങ്ങുന്നു.
അമ്മയാരെന്നോ,അച്ഛനാരെന്നോ,ബന്ധുക്കളാരെന്നോ അറിയാതെ...തികച്ചും സ്വതന്ത്രരായി .......
ചന്തുനായര്‍ ( ആരഭി )