Wednesday, October 21, 2015

ദയാവധം ( കഥ)

ദയാവധം^^^^^^^^^^^^^^
വന്യമായ താളമുണ്ടായിരുന്നു ശങ്കരനാരായൺ എന്ന സാഹിത്യകാരന്റെ കൂർക്കം വലിക്ക്.അദ്ദേഹത്തിന്റെ രചനകൾക്കും താളമുണ്ടായിരുന്നു. കഥയിലും, കവിതയിലും.
വാർദ്ധക്യം ഒരു രോഗമല്ല,അവസ്ഥയാണ്.പക്ഷേ അത്തരം അവസ്ഥയിൽ രോഗം പിടിപെട്ടാൽ?ഹ്യദയധമനികളിൽ കൊഴുപ്പടിഞ്ഞുകൂടിയത് അഞ്ചിടത്ത്.ഓപ്പൺസർജ്ജറി, ഡോക്ക്ടർ നിർദ്ദേശിച്ചെങ്കിലും അദ്ദേഹം അതിന് തയ്യാറാകാത്തത്,പണം ഇല്ലാത്തത് കൊണ്ട് തന്നെ,പിന്നെ പേടിയും, എഴുത്തുകാരന്മാർ പൊതുവേ അർദ്ധപട്ടിണിക്കാരാണല്ലോ, ശങ്കരനാരായണനെ മരുന്നുകൾ ആഹാരമാക്കി.
ഒരു ചുമരിനപ്പുറത്ത് മകൻ, വിമൽനാഥ് കഥ എഴുതുകയായിരുന്നു.അവന് അച്ഛന്റെ കൂർക്കം വലിയിലെ താളം ഒട്ടും ഉൾക്കൊള്ളാനായില്ലാ.പിതാവിന്റെ രചനകളിലെ താളവും അവന് ഇഷ്ടമായിരുന്നില്ല.പക്ഷേ; അച്ഛനെ അവന് വളരെ ഇഷ്ടവുമായിരുന്നു.
കുന്നിൻ മുകളിലെ പത്ത് സെന്റിൽ ഓടിട്ട ചെറിയൊരു കെട്ടിടം,അമ്മ ‘കവിത’ ചെറുപ്പത്തിലേമരിച്ചു. അത് ശങ്കരനാരായണന്റെ ഹ്യദയതാളത്തിന്റെ ‘മാത്ര’കുറച്ചു.
ഒരുകാലത്ത് ശങ്കർ എന്ന എഴുത്തുകാരന്റെ തൂലികാചലനങ്ങൾക്ക് കൺപാർത്തിരിക്കുന്ന വായനക്കാരുണ്ടായിരുന്ന്. മാസികക്കാരും,വാരികക്കാരും അദ്ദേഹത്തിന്റെ രചനകൾക്കായി കാത്തിരിക്കും.എഴുത്തിന് അദ്ദേഹം കൂലി പറയാറില്ലായിരുന്നു.കൊടുക്കുന്നത് വാങ്ങിക്കും, കൊടുക്കാതിരുന്നാലും പരിഭവമില്ലാ,‘പണത്തിന് വേണ്ടിയല്ലാ എഴുതേണ്ടത്,അനുവാചകർക്ക് വേണ്ടിയാണ്’ കുഞ്ഞും നാളിലെ തന്നെ മകന്റെ കാതുകളിൽ ഈ വാക്യം പവതവണ പ്രതിധ്വനിച്ചു , വിമൽനാഥിന് ആ വാക്യവുമായി ഒരിക്കലും പൊരുത്തപ്പെടാനായില്ലാ.
ആസ്പിരിൻ ഗുളികളൊഴിച്ച്,അച്ഛന്റെമരുന്നുകൾക്ക് തീവിലയാണ്.പലപ്പോഴും കൂട്ടുകാരുടെ സഹായത്താലാണ് അവൻ മരുന്നുകൾ വങ്ങിച്ചിരുന്നത്.
അവൻ അച്ഛന്റെ മുറിയിലെത്തി,സുഖാലസ്യത്തിലായിരുന്നു പിതാവ്. വശത്തെ മേശയുടെ പുറത്ത്, മൂന്ന് നാലുവരി എഴുതിയ കടലാസുള്ള ക്ലിപ്പ് ബോർഡ് .അക്ഷരങ്ങളുടെ സൌന്ദര്യം നഷ്ടമായിരിക്കുന്നത് മകൻ കണ്ടു , അച്ഛന് ഇൻസുലിൻ ഇഞ്ചക്ഷൻ എടുത്തിരുന്നില്ലാ ഇന്ന്,അവനോർമ്മിച്ചു .കുഞ്ഞ്ഫ്രിഡ്ജിൽ നിന്നും ഇൻസുലീൻ ബോട്ടിൽ എടുത്തു.സിറിഞ്ചിൽ നിറയ്ക്കുമ്പോളാനവനറിഞ്ഞത് ഒരു നേരത്തേയ്ക്ക് മാത്രമേ അതിൽ മരന്ന് അവശേഷിച്ചിട്ടുള്ളു എന്ന്.
കൈകളിലെ സൂചിത്തഴമ്പുകൾക്കിടയിൽ സ്ഥലം കണ്ടെത്തി സൂചിയിറക്കി, അച്ഛൻ കൈവലിക്കുകയും ഉണരുകയും ചെയ്തു. ഉറക്കംമുറിഞ്ഞതിലെ വിഷമം അവനാ മുഖത്തിൽ നിന്നും വായിച്ചൂ.
“ദാഹം”
“ഉണ്ട്”
അച്ഛന്റെ ശബ്ദം വളരെ നേർത്തിരുന്നു. ചൊൽക്കാഴ്ചകളിൽ ഹുങ്കാരശബ്ദത്തോടെ മുഴങ്ങിക്കേട്ടിരുന്ന ശബ്ദം,തന്റെ കവിതയ്ക്കൊപ്പം കടമ്മനിട്ട കവിതകളും അച്ഛൻ ആലപിക്കുമ്പോൾ സദസ്സ് കാത്കൂർപ്പിച്ചിരുന്നത് മകന്റെ ചിന്തയിൽ.
കൂജയിൽ നിന്നും വെള്ളം പകർന്ന് കൊടുത്തപ്പോൾ അവന്റെ നോട്ടം തന്റെ കൈയക്ഷരത്തിലാണെന്നത് ശങ്കർ കണ്ടൂ
“വികൃതമായി അല്ലേ ?”
“കൈയക്ഷരം മാത്രമല്ല….ചിന്തകളും ”
“ജനറേഷൻഗ്യാപ്പ്”
“അത് മാത്രമല്ലച്ഛാ,രീതികളുംശൈലികളും വളരെയേറെ മുന്നോട്ട് പോയീ”
“വായനക്കാർക്ക് മനസ്സിലാകത്തതാണോ പുതിയ ശൈലി”
“കുന്തകന്റെ വക്രോക്തിയുടെയും, പാണിനീ സൂക്തങ്ങളുടേയും കാലം കഴിഞ്ഞു”
“വ്യത്തവും,അലങ്കാരങ്ങളുമാണ് കവിതളുടെ ചാരുത,ഒക്കെ കളഞ്ഞു, നിന്നെപ്പോലുള്ള അത്യന്താധുനികർ…… ”
വീട്ടിലെ വളർത്ത് നായ അമിത ശബ്ദമുണ്ടാക്കി കുരച്ചു.അതിനെ മറികടന്ന് ശങ്കറും ഉച്ചത്തിൽസംസാരിക്കാൻ തുനിഞ്ഞു .അയാൾക്ക് നന്നായി ശ്വാസംമുട്ടി, സംസാരിക്കാനുള്ള ആവേശം പിന്നെ ചുമ കട്ടെടുത്തു , കടുത്ത ചുമ, ഇരിക്കാനും നില് ക്കാനും വയ്യാത്ത അവസ്ഥ. ഒരിറ്റ് ശ്വാസത്തിനായി ദാഹിക്കുന്ന അച്ഛനെ ഒന്ന് നോക്കിയിട്ട് അവൻ പുറത്ത് കടന്നു.
ആസ്മ, ഏറ്റവും വ്യത്തികെട്ട അസുഖം, മകൻ അവിടെ നിന്നാലുംയാതൊരു പ്രയോജനമില്ലാ, എപ്പോഴും അവനിങ്ങനെയാണ്.വലിവ് തുടങ്ങിക്കഴിഞ്ഞാൽ, കണ്ട് നില്ക്കാനാവാത്തത് കൊണ്ടാവാം മുറിക്ക് പുറത്തിറങ്ങിപ്പോകും.
.
‘ഈ പട്ടിക്ക് പേപിടിച്ചെന്നാ തോന്നണെ,കൊല്ലണം നാശത്തിനെ’ പുറത്ത്,വിമൽനാഥ് ശബ്ദമുയർത്തി.
ശങ്കർ,തലയിണയ്ക്കടിയിൽ,കരുതിയിരുന്ന സാൾബിറ്റമോൾ ഇൻഹെയിലർ വിറയാർന്ന കൈകൾകൊണ്ട് തപ്പിയെടുത്ത്, രണ്ട് പഫ്, ഇല്ലാ ഒരു രക്ഷയുമില്ലാ,അതയാൾ അലക്ഷ്യമായി വലിച്ചെറിഞ്ഞു..കട്ടിലിന്റെ വശത്തിരുന്നുകൊണ്ട്, കൈകൾ രണ്ടും തറയിലൂന്നി,മുതുക് വളച്ചിരുന്നു. ഇത്തരം വേളകളിൽ തെല്ല് ആശ്വാസം നൽകുന്നഒന്നാണത്. ആയാസപ്പെട്ട് ശ്വാസം എടുത്തു.കഫം നിറഞ്ഞ ലങ്ക്സിൽ നിന്നു വരുന്ന ശബ്ദത്തിനൊരു താളവുമില്ലായിരുന്നു. അവതാളത്തിന്റെ വന്യത.
ദിനേശ് എന്ന സഹപാഠി സ്വർണ്ണപ്പണിക്കാരനാണ്, ഇപ്പോൾ കടയടച്ച് അവൻ വീട്ടിൽ പോയിരിക്കും, വിമൽനാഥ് അവന്റെ വീട്ടിലേയ്ക്ക് നടന്നു.
അച്ഛന് മരുന്നു വാങ്ങിക്കുന്നതിൽ ദിനേശ് പലതവണ അവനെ സഹായിച്ചിട്ടുണ്ട്,
“ഈ രാത്രിയിൽ? ശങ്കർ സാറിന് അസുഖം കൂടിയോ,അതോ മരുന്ന് വാങ്ങിക്കാൻ….”
“കാശിനല്ലാ ഞാൻ ഇപ്പോൾ വന്നത്”
“പിന്നെ”
:നീ എന്നെയൊന്ന് സഹായിക്കണം”
“എന്ത് സഹായം”
“വീട്ടിലെ പട്ടിയ്ക്ക് പേവിഷബാധ, കുറച്ച് പൊട്ടാസ്യം സൈനയിഡ് തരണം”
“ഒന്നമത് സൈനയിഡ് ഇവിടെയില്ലാ,കടയിലാണ്, മറ്റൊന്ന് പട്ടികളെ കൊല്ലുന്നത് സൂക്ഷിച്ച് വേണം,പുറത്തറിഞ്ഞാൽ ആകെ പ്രശ്നമാകും.”
“അപ്പോൾമനുഷ്യനെക്കൊന്നാൽ പ്രശ്നമില്ലേ?”
“പട്ടികളെക്കാളും മനുഷ്യനാണല്ലോ ഇപ്പോൾകൂടുതൽ മരിക്കുന്നത്….!”,അല്ല നീ എന്തിനുള്ള പുറപ്പാടാ”
മറുപടി പറയാതെ അവൻ ദിനേശിന്റെവീട്ടിൽ നിന്നും ഇറങ്ങി,
കുറച്ചകലെയാണ്, മറ്റൊരു കൂട്ടുകാരനായ ഡോക്ടർ അരുൺ താമസിക്കുന്നത് . അവസാനത്തെ പേഷ്യന്റിനേയും നോക്കിയിട്ട്, പേഷ്യൻസ്റൂം അടയ്ക്കാൻ തുടങ്ങുകയായിരുന്നു അയാൾ.
വിമൽ നായപുരാണം ആവർത്തിച്ചൂ, അരുണിനെ നായ കടിച്ചിട്ടുണ്ട്,ഒരു മാസത്തിന് മുമ്പേയുള്ള ജോഗിങ്ങിനിടയിൽ, അതുകൊണ്ട് തന്നെ പട്ടി എന്ന് കേട്ടപ്പോൾ തന്റെ മനസ്സിൽ ഉറഞ്ഞുകൂടിയ ദേഷ്യം വാക്കുകളായി പുറത്ത് വന്നു.
“കൊല്ലണം അവറ്റകളെ,…അതെങ്ങനെ, നായകളെ സംരക്ഷിക്കാൻ,കേന്ദ്ര മന്ത്രിയും,നാട്ടിലെ ചില താരങ്ങളും ഓടിനടക്കുകയല്ലേ, എന്റെവീട്ടിലെ പട്ടിയെക്കൊല്ലാൻ ഞാനും മരുന്ന് കരുതി വച്ചിരിക്കുകയാ, വിമലിന് ഞാൻ ‘വിഷം’ തരാം നീ എന്റെ കൂട്ടുകാരനല്ലേ, ഞാൻ ഇഷ്ടപ്പെടുന്ന കവിയും. നിന്റെ കവിതകളൊക്കെ ഇപ്പോൾ പവിത്രന്റെ ശൈലിയിലാണല്ലോ, മാറ്റൊലിക്കവിയെന്ന് വിളിച്ച് ആൾക്കാർ പരിഹസിക്കും,നീ നിന്റെ ശൈലിയിൽ എഴുതുന്നതാണ് എനിക്കിഷ്ടം,“
ഡോക്ക്ടർ അരുൺ അകത്തേയ്ക്ക് പോയി വന്നു. ‘മരുന്ന് ’ വിമലിനെ ഏല്പ്പിച്ചു.
“ഡാ……..സമകാലീനത്തിൽ വന്ന നിന്റെ കവിതയിൽ നിന്ന് എനിക്ക് പുതിയൊരു അറിവ് കിട്ടി.സോക്രട്ടീസിനെക്കൊല്ലാൻ ഭരണാധികാരികൾ ഉപയോഗിച്ച വിഷം ‘ഹെം ലെക്ക്’ ആണെന്ന്,”… നീ എഴുത്തിനെ സീരിയസ്സായി കാണണം ,നിനക്കതിനുള്ള കഴിവുണ്ട്,ദത്തനെപ്പോലെ.”
ഒരു മൂളലിൽ അവൻ സന്തോഷമറിയിച്ച് പടികളിറങ്ങി.
അച്ഛൻ മയക്കത്തിലായിരുന്നു.എങ്കിലും താളമില്ല്ലാതെ തൊണ്ട കുറുകുന്നുണ്ടായിരുന്നു. അവൻ അച്ഛന്റെ കാലിൽ തൊട്ടൂ പിന്നെ തൊട്ട കരം,കണ്ണുകളിൽ വച്ചു. കട്ടിലിനു ഓരം ചേർന്നി രുന്നു . പോക്കറ്റിൽ നിന്നും സിറിഞ്ചും മരുന്ന് കുപ്പിയും എടുത്ത്.വളരെ ശ്രദ്ധയോടെ മരുന്ന് സിറിഞ്ചിലേയ്ക്ക് പകർന്നു.
“ഇതെന്താ” അച്ഛന്റെ ശബ്ദംനേർത്തിരുന്നു.
“ഡെറിഫിലിൻ” ശ്വാസ്വം മുട്ടൽ കുറയും
“ഇൻസുലീനും ഡെറിഫിലിനും ഒക്കെ കുത്തിവച്ച് എന്റെ മകനും ഡോക്ക്ടർ ആയി അല്ലേ?”
അതിൽ ഒരു പരിഹാസ ധ്വനി ഉണ്ടോ? അവൻ അത് ശ്രദ്ധിക്കാതെ വിട്ടൂ.
അച്ഛന്റെ കൈപ്പത്തി അവൻ സാവധാനം എടുത്ത് തന്റെ മടിയിൽ വച്ചൂ.
പുറം കൈയിൽ തട്ടി, അവൻ നീല ഞരമ്പ് തേടി. പിന്നെ സാവധാനം,മരുന്ന് ഞരമ്പിലേക്ക് കയറ്റി.
“ദായാവധം ആണോ ?”
അച്ഛന്റെ ചോദ്യത്തിന് അവൻ ‘അതെ’ എന്ന് തലയാട്ടി. മരുന്ന് മുഴുവനും ഞരമ്പ് ഏറ്റ് വാങ്ങി.
ഒരു ദീർഘനിശ്വാസം അച്ഛനിൽ നിന്നും ഉയർന്നത്. അവനറിഞ്ഞില്ല.
സിറിഞ്ചും ബോട്ടിലും അവൻ പുറത്ത് കൊണ്ട് പോയി മണ്ണിൽ കുഴിച്ചിട്ടൂ.
തിരികെ വന്ന് അച്ഛന്റെ നാസികാഗ്രത്ത് കൈ വച്ച് നോക്കി. ശ്വാസം നിലച്ചിരിക്കുന്നു.
ശങ്കരനാരായൺ, ഭംഗിയില്ലാതെ എഴുതി വച്ചിരുന്ന കഥയുടെ തുടക്കമടങ്ങിയ പേപ്പർ അവൻ ക്ലിപ്പ് ബോർഡിൽ നിന്നും എടുത്ത് വലിച്ച് കീറി,അത് സ്വന്തം പോക്കറ്റിൽ സൂക്ഷിച്ചു.
ഭംഗിയുള്ള അക്ഷരത്തിൽ അവൻ പുതിയ പേപ്പറിൽ എഴുതി
“പ്രശസ്ത സാഹിത്യകാരൻ ശങ്കരനാരായൺ അന്തരിച്ചു. വാർദ്ധ്യക്യ സഹജമായ കാരണങ്ങളാൽ 20/10/2015 സ്വവസതിയിൽ വച്ചായിരുന്നു.അന്ത്യം, മരണ സമയത്ത് കഥാകാരനും കവിയുമായ വിമൽനാഥ് മാത്രമേ കൂടെ ഉണ്ടായിരുന്നുള്ളൂ, കേരളസാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചിട്ടുള്ള ഇദ്ദേഹം പഴയ തലമുറയില്പ്പെട്ട എഴുത്തുകാരിലെ അവസാനത്തെ വ്യക്തിയായിരുന്നു.”
വിമൽനാഥ് പേനയടച്ച് പോക്കറ്റിൽ തിരുകി.പിന്നെ മൊബൈൽ എടുത്ത് ആരെയൊക്കെയോ വിളിച്ചൂ. അവൻ പത്രക്കാരേയും ചാനലുകാരേയും കാത്തിരുന്നപ്പോൾ,പുറത്ത് വളർത്തുനായ ഉച്ചത്തിൽ ഓരിയിടുന്നുണ്ടായിരുന്നു.
***************************************************

Monday, January 12, 2015

ആരഭി

ആരഭി

                                                                                  അവസാനിക്കാത്ത കവിത പോലെ ഒരു അർദ്ധവിരാമത്തിനു ശേഷം സൂര്യനുണർന്നു എത്രയോ കോടി വരികൾക്ക് മുമ്പേ എഴുതി തുടങ്ങിയ കവിത. ഉദയത്തിന്റെ ശൃംഗാരവും,മദ്ധ്യാഹ്നത്തിന്റെ വീരവും

സായാഹ്നത്തിന്റെ കരുണവും രാത്രിയുടെ ഭയാനകവും ഒക്കെ മേളിക്കുന്ന ഒരു മിസ്റ്റിക്ക് കവിത.

ഉദയത്തിന്റെ ഉത്സാഹത്തിൽ പ്രകൃതി ഭൂപാളം പാടുന്നു.കിളികളുടെ കളകൂജനം കേട്ടിട്ടാണോഅയാൾ ഉണർന്നത് ...അതോ അകലെ എവിടെ നിന്നോ കേൾക്കുന്ന വെങ്കിടേശ സുപ്രഭാതത്തിന്റെ  ഈരടികൾ ശ്രവിച്ചിട്ടോ?
ഇന്നലെഎപ്പോഴാണ് കണിക്കൊന്ന മരത്തിന്റെ ചുവട്ടിൽ വന്ന് കിടന്നത്?
ചിന്തയെ തടുത്ത്, കണിക്കൊന്ന പൂക്കളുടെ ഒരു കുല മുഖത്ത് പതിച്ചപ്പോൾ അയാൾ എഴുന്നേറ്റിരുന്നു. മുന്നിൽ നീണ്ട് നിവർന്ന് കിടക്കുന്ന അഗ്രഹാരത്തിന്റെ നാട്ട് വഴി.

പാൽക്കാരനും,പത്രക്കാരനും,ഹരിതവിപ്ലവും,ധവളവിപ്ലവും വീടുകളിലേക്ക് പകർന്ന് കൊടുക്കുന്നു.
വീടിന്റെ മുറ്റങ്ങളിൽ അടമാങ്ങ ഭരണികളും,ചില ചെറുപ്പക്കാരികളും മാക്കോലം വരക്കുന്നുണ്ട്. അയാൾക്ക് ചിരി പൊട്ടി അഗ്രഹാരത്തിലെ മുതിർന്ന സ്ത്രീകൾ എങ്ങനെയാ അടമാങ്ങാ ഭരണികളുടെ രൂപത്തിലായി തീരുന്നത്?

പെട്ടെന്ന് അഗ്രഹാരത്തിലെ ഏതോ വീട്ടിൽ നിന്നും ഒരു പത്ത് വയസുകാരിയുടെ ആരഭി രാഗത്തിലുള്ള കീർത്തനം അയാളുടെ കർണ്ണങ്ങളിൽ കുളിരലയായി. ശരീരത്തിലെ പൂക്കളെല്ലാം തട്ടിക്കളഞ്ഞ് വിശാഖൻ എഴുന്നേറ്റു
 “പാഹിപർവ്വത നന്ദിനി മാമയി...... സ്വാതി തിരുന്നാൾ കൃതി.
വിശാഖൻ ശബ്ദത്തിന്റെ ഉറവ തേടി നടന്നു.  അഴുക്കും വിഴുക്കും മേളിക്കുന്ന ജൂബ്ബയും, പൈജാമയും,തലമുടി വളർന്നു തോളുവരെ എത്തിയിരിക്കുന്നു. താടിരോമങ്ങൾ കഴുത്തിനെ മറച്ച് കിടക്കുന്നു. കുളിച്ചിട്ട്  വർഷങ്ങളായി കാണും എന്ന് ഒറ്റനോട്ടത്തിൽ തന്നെയുള്ളതിരിച്ചറിവ്.
വശങ്ങളിൽ മാക്കോലം വരക്കുന്ന പെണ്ണുങ്ങൾ തല ഉയർത്തിനോക്കി. വിഷു ദിനത്തിൽഒരു നികൃഷ്ട ജീവിയെ കണികണ്ടതിലുള്ള അവജ്ഞയിൽ അവർ മുഖം തിരിക്കുന്നതറിഞ്ഞു കൊണ്ട് അറിയാതെ അയാൾ നടന്നു.
കാവി പെയ്ന്റടിച്ച ഗേറ്റിനുള്ളിൽ നിന്നുമാണ് പാട്ടിന്റെ ഉറവ.
ഗേറ്റ് അടച്ചിട്ടിരിക്കുന്നു. വിശാഖൻ പടിക്കെട്ടിന്റെ വശത്തിരുന്നു.
പിന്നെ പാട്ടിൽ ലയിച്ച് കണ്ണടച്ചു. സ്വാപംസുഷുപ്തിക്കുംതപസിനുമിടക്കുള്ള അവസ്ഥ.
അയാളുടെ ചിന്തകളിൽ ആരോ കുടിയേറി. കുടിയേറിയ വ്യക്തിയുടെ ശബ്ദം വ്യക്തതയാർന്നു.

“ ജപകോടി ഗുണം ധ്യാനം,ധ്യാനകോടി  ഗുണോ ലയ,
ലയ കോടി ഗുണം ഗാനം,ഗാനത്പരതരം നഹി
നിർമ്മലമായ മനസ്സ് കൊണ്ട് കോടിപ്രാവശ്യം ജപം ചെയ്യുന്നതിനു തുല്യമാണ്.ഒരു തവണ ധ്യാനം ചെയ്യുന്നത്.കോടി പ്രാവശ്യം ധ്യാനം ചെയ്യുന്നതിനു തുല്ല്യമാണ് ഒരു തവണ ലയം പ്രാപിക്കുക എന്നത്,കോടി തവണലയം പ്രാവിക്കുന്നതിനു തുല്ല്യമാണ് ഒരു തവണ ഗാനം കേൾക്കുക എന്നത്.
എകാഗ്രമായിപാടുക എന്നതും ഇതിനു തുല്ല്യമാണു.അതു കൊണ്ട് ഗാനത്തെക്കാൾ ശ്രേഷ്ടമായത് മറ്റൊന്നില്ല” 
അകത്ത് നിന്നും ആരഭി രാഗം ഒഴുകി വരുന്നുണ്ട്.

വീണ്ടും വിശാഖന്റെ ചിന്തയിൽ  അശരീരി .
ഈശ്വരന്റെ ഹിതമനുസരിച്ച് ഒരു പുരുഷൻ  സ്ത്രീയുമായിബന്ധപ്പെടുമ്പോൾ പുരുഷന്റെ ശ്രോണീ പേശികൾസങ്കോജിക്കുകയും ലിംഗം യോനിയിലേക്ക് കൂടുതൽ ആഴ്ന്ന്ഇറങ്ങുകയും ചെയ്യുന്നു.അതോടൊപ്പം അനൈശ്ചികമായി മുതുക് ളയുന്നത് കൊണ്ട് ശരീരം ഒന്നടങ്കം  മുന്നോട്ടായുന്നു. ഈഅവസരത്തിൽ പുരുഷന്റെ ബോധംഒരു നിമിഷാർദ്ധത്തിലേക്ക്നഷ്ടപ്പെടുകയും അവന് ബാഹ്യലോകവുമയുള്ള എല്ലാബന്ധങ്ങളുംവിഛേദിക്കപ്പെടുകയുംചെയ്യുന്നുശക്തമായൊരു ആന്തരികപമ്പിന്റെ പ്രവർത്തനഫലമായി ഏതാണ്ട് അഞ്ച് മില്ലി ലിറ്റർരേത്രംആറ് അനുസ്യൂത പ്രവഹങ്ങളുമായി യോനിയിൽനിക്ഷേപിക്കപ്പെടുന്നു.പത്ത് സെക്കന്റ് കഴിഞ്ഞ് ഒക്കെശാന്തം.....ഓരൊ ബന്ധപ്പെടലിലും,ശരാശരി 500,000,000ബീജങ്ങൾ വിസർജ്ജിക്കപ്പെടുന്നു.ഒരു പുരുഷൻ തന്റെജീവിതത്തിൽമൊത്തം നാലരഗ്യാലൻ(23 ലിറ്റർരേത്രംവിസർജിക്കപ്പെടുന്നുഅഥവാ ഒന്നര ട്രില്യൻ ബീജങ്ങൾ,താത്വികമായി പറഞ്ഞാൽ ഓരോ പുരുഷനും  ഭൂമിയിലെ ആകെജനസംഖ്യയുടെ അഞ്ഞൂറിരട്ടി സന്താനങ്ങളുടെ പിതാവാകാൻകഴിവുണ്ട്.  ഭാഗ്യവശാൽ,ഏതാണ്ട് 288 സംഭോഗങ്ങളിൽ ഒന്നുമാത്രമെ ഗർഭജനകമാകുന്നുള്ളൂഅവിടെ സാധാരണ ഒരുഅണ്ഡവും ഒരു ബീജവും ഉപയൊഗിക്കപ്പെടുന്നുമുള്ളൂ.... എന്നുംനീ അറിയുക , ഒരു നിമിഷാർദ്ധത്തിലെക്ക് മനുഷ്യനു  കിട്ടുന്ന രതി   സുഖത്തേക്കാൾ  എത്രയോ  ശ്രേഷ്ടമാണ് സന്യാസിവര്യന്മാർക്ക് ലഭിക്കുന്നത്..  

ഞാൻ കുറച്ച്കൂടെ വിശദമായിപറയാം……

ആധാര ചക്രത്തിൽ ചുരുണ്ടുകിടക്കുന്ന കുന്ധിലിനിയെ സുഷ്മനാനാഡിയിലൂടെ സർപ്പമായ് ഇഴയിച്ച് ആധാരചക്രംസ്വാധിഷ്ടാനചക്രംമണിപൂരകചക്രം,അനാഹത ചക്രം,വിശുദ്ധിചക്രംആഞ്ജാചക്രം കഴിഞ്ഞ് സഹസ്രദള പത്മത്തിലെത്തിക്കുമ്പോൾ... സനാതനവും,ശ്രേഷ്ഠവും സുരതത്തിൽ നിന്നും ലഭിക്കുന്നതിനേക്കാൾ എത്രയോ മടങ്ങു വരുന്ന രതിമൂർച്ഛയുടെ സുഖാലസ്യത്തിൽ സന്യാസിവര്യന്മാർക്ക് അങ്ങനെ എത്രകാലം വേണോ ജിവിക്കാം... അപ്പോൾ ആ എകാഗ്രചിത്തം എല്ലാം അറിയും,എല്ലാം മനസിലാക്കും,  പിന്നെ ജീവിതം വേണ്ടാ എന്ന ചിന്തയാകുമ്പോൾ...മോക്ഷം....
സഗീതവും ഒരു തപസാണ്.    പക്ഷേ സംഗീതം സാധനയാക്കിയവർക്ക് ഇതുപോലെ സർവ സംഗപരിത്യാഗിയാകനോ,കഠിനമായ തപസനുഷ്ഠിക്കാനോ,അഘോരികളാകാനോ സാധിക്കില്ല. അവിടെ സാധാരണക്കാർക്ക്   സംഗീതം കൂട്ടായി വരും... അതു കൊണ്ട് നീ സംഗീതത്തെ തപസ്സ് ചെയ്യുക എഴുപത്തി രണ്ട് മേളകർത്താ രാഗങ്ങളും,അതിന്റെ ജന്യരാഗങ്ങളുംസപ്തസ്വരങ്ങളും എന്നും നിനക്ക് കൂട്ടായിരിക്കണം
അശരീരി അവസാനിച്ചെങ്കിലും വിശാഖൻ കണ്ണു തുറന്നില്ലാ. അയാളുടെ ശരീരത്തിൽ കുറച്ച് പൂക്കൾ വന്നു വീണു..
ആര്യേ...ഞാനിന്നു അമ്പലത്തിൽ വരണില്ല്യാ
“ അതെന്താ ആരഭീ? ”
എതിർ വീട്ടിൽ നിന്നും സമപ്രായക്കാരിയുടെ ചോദ്യം
“ അതേയ് ഞാൻ സാധകം ചെയ്ത് എണീക്കും മുൻപേ അമ്മഎന്നെകൂട്ടാണ്ട് അമ്പലത്തിൽ പോയികളഞ്ഞു. ഞാൻ പൂക്കളെല്ലാം കാറ്റിൽ പറത്തി.
ഞാൻ റെഡി ആയീ ആരഭീ...നമുക്ക് പോകാം
ഇല്ല്യാ....ഞാൻ വരണില്ല്യാആര്യ പൊയ്ക്കോ
ദുഖം തളം കെട്ടിയ മുഖവുമായി ആ പത്ത് വയസുകാരി തിരിഞ്ഞു നടക്കാ‍ൻ തുടങ്ങിയപ്പോഴാണ്പടിക്കെട്ടിന്റെ വശത്തിരിക്കുന്ന വിശാഖനെ കണ്ടത്. അയാൾ ആ കുട്ടിയെ നോക്കി ഇരിക്കുകയായിരുന്നു. പട്ടുകൊണ്ടുള്ള പച്ച് ഉടുപ്പും,പാവാടയും വേഷം.
“ ആരാ” കുട്ടിയുടെ ചോദ്യം.
അയാൾ എഴുന്നെറ്റ് കുട്ടിക്കു അഭിമുഖമായി നിന്നു. ആദ്യം കൈകൾ രണ്ടും ആകാശത്തേക്കുയർത്തി,പിന്നെ നമിച്ചും അയാൾ ദൈവം’ എന്ന് ആംഗ്യ ഭാഷ കാട്ടി.
“ ...ഇന്ന് വിഷുദിനമല്ലേ..ദൈവം കൈ നീട്ടം വാങ്ങാനിറങ്ങിയതാ ല്ലെഅമ്മ പറഞ്ഞിട്ടുണ്ട്,പലവേഷത്തിലും വന്ന് കൈ നീട്ടം ചോദിക്കുമെന്ന്...പരീക്ഷിക്കുകയാ ല്ലേ,ആരഭിയെ പരീക്ഷിക്കണ്ടാ  ട്ടോഒരു മിനിട്ട് നിൽക്കണെ ഞാൻ ഇപ്പോൾ വരാം
അവൾ അകത്തേക്കോടി.

മൊഴി മുത്തുകളിൽ പോലും സംഗീതത്തിന്റെ ആന്ദോളനം.

കുട്ടിതിരിച്ച് വന്നത് ഒരു പത്തു രൂപാ നാണയത്തുട്ടുമായിട്ടാണു. അത് അയാളുടെ നേരെ നീട്ടി.
തീർത്ഥജലം വാങ്ങുന്നതു പോലെ വലതു കരം മുന്നോട്ട് നീട്ടി,ഇടതുകരംവലതു കൈമുട്ടിൽ തൊടുവിച്ച് അയ്യാൾ ആദ്യത്തെ ഭിക്ഷ ഏറ്റ് വാങ്ങി. കുറച്ച് നേരം നാണയത്തുട്ടിൽ തന്നെ നോക്കി നിന്നു. പിന്നെ അത് അവൾക്ക് തിരികെ നൽകി.

“ എന്താ വേണ്ടേ” കുയിൽ നാദം

ഇതു വേണ്ട എന്ന്’ വിശാഖന്റെ പൊട്ടനാട്ടം
പിന്നെ.....?”
അയാൾ അവളുടെ കഴുത്തിൽ കിടന്ന മാലയിലേക്ക് വിരൽ ചൂണ്ടി.
“ മാലയോ?” ആരഭിക്ക് സംശയം
അല്ലാ’ വിശാഖന്റെ കഥകളി മുദ്ര.
പിന്നെ
അയാൾ കുട്ടിയുടെ കഴുത്തിൽ കിടന്നമാ‍ലയിലെ തമ്പുരുവിന്റെ ചിത്രമുള്ള ലോക്കറ്റ് ചൂണ്ടി കാണിച്ചു.ഒരു ഭാവഭേദവും കൂടാതെ കുട്ടി അത് ഊരിക്കൊടുത്തു.അയാൾ അത് തന്റെ ജൂബ്ബയുടെ പോക്കറ്റിൽ നിക്ഷേപിച്ചു.
‘ നേരത്തെ പാടിയത് കുട്ടിയാനോ?’ വിശാഖന്റെ കൈ മുദ്ര.
അതെ
എന്താ പേര്’ വിണ്ടും വിശാഖന്റെ കഥകളി.
ആരഭി
പാടിയത് നന്നായിരിക്കുന്നു’ വിശാഖന്റെ അഭിനന്ദനന്ദന മുദ്ര
താങ്ക്സ്ദൈവത്തിനു പാടാൻ അറിയാമോ?
അയാൾ ആവേശമുള്ളവനായി. ജുബ്ബ മുകളിലേക്ക് തെറുത്ത് കയറ്റി.വയറ്റിൽ താളമടിച്ച്കൊണ്ട്, ഒരു ഊമയുടെ അണമുറിയുന്നതും,അസ്പഷ്ടവും, ‘ബാ ബാഎന്ന എകാക്ഷരത്തിൽ കണ്ണുകൾ ഇറുക്കി അടച്ച്   അയാൾ ഉറക്കെ പാടി,
കുട്ടിയുടെ ഉറക്കെയുള്ള ചിരി അയാൾക്ക് പക്കമേളമായപ്പോൾ, അയാൾ ഉച്ചത്തിൽ പാടി ..ഊമകച്ചേരി.
കുട്ടിയുടെ ചിരിക്കൊപ്പം മറ്റുചിരിയോശകൾ കേട്ടപ്പോൾ.അയാൾ കണ്ണ് തുറന്നു.
അഗ്രഹാരത്തിലെ അടമാങ്ങാഭരണികൾ സ്ത്രീ ശബ്ദത്തിൽ ചിരിക്കുന്നു. അയാൾക്ക് നാണമുണ്ടായി.
തെറുത്തുകയറ്റിയ ജൂബ താഴ്ത്തിയിട്ട് അയാൾ അഗ്രഹാരത്തിലെ നാട്ട് വഴിയിലൂടെ കുതിച്ചോടി ഒന്നാമനാകാൻ കുതിക്കുന്ന ഒളിംബിക്ക് താരത്തെപ്പോലെ…………..
(തുടരും‌) 


                                                                                                                                                                                                                                                                                    (1972 ൽ ഞാൻ എഴുതിയ ഒരു കഥയാണ് ‘ആരഭി’ അന്നത് മലയാളനാട്ടിലും ആകാശവാണിയിലും അവതരിപ്പിച്ചിരുന്നു. ഇപ്പോൾ ഈ കഥ ഞാനൊരു തിരക്കഥയാക്കുകയാണ് അതോടൊപ്പം തന്നെ ഒരു നോവലറ്റ് കൂടിയാക്കുന്നൂ.)