Thursday, April 4, 2013

ഗാനങ്ങളുടെ പണിപ്പുര


ഗാനങ്ങളുടെ പണിപ്പുര     
തിരക്കഥയുടെ പണിപ്പുരക്കും,കഥയുടെ പണിപ്പുരയ്ക്കും ശേഷം, ലളിത ഗാനങ്ങളുടെ എഴുത്തിനെക്കുറിച്ച് ഒന്ന് ഉറക്കെ ചിന്തിക്കുകയാണ്..ലളിത ഗാന വിഭാഗത്തിൽ പെടുന്നത് തന്നെയാണ് സിനിമാ ഗാനങ്ങളും..കവിത ഉള്ളിൽ ഉള്ളവർക്കാണ് ഈ മേഖലയിൽ തിളങ്ങാൻ കഴിയുകഎന്റെ അടുത്ത സിനിമയിൽ അഞ്ചു പാട്ടുകളാണുള്ളത്ബ്ലോഗ് ലോകത്തിൽ നിന്നും ആരെയെങ്കിലും കൊണ്ട് ഇതിൽ ഒന്നോ രണ്ടോ പാട്ടുകൾ എഴുതിക്കണം എന്ന ആഗ്രഹം ഞാൻ മുൻപ് എതോ പോസ്റ്റിൽ പറഞ്ഞിട്ടുണ്ടെന്നാണ്‌ ധാരണ.ഇപ്പോൾ ഇത്തരം ഒരു ലേഖനം എഴുതാൻ തന്നെ ഒരു കാരണം കൂടിയുണ്ട്.നമ്മുടെ സിനിമാ ഗാനമേഖലയിലെ പാട്ടുകൾ,രചനകൾ കൊണ്ടൂം സംഗീതം കൊണ്ടും കേൾക്കുവാൻ വളരെ അരോചകമയി തീർന്നിരിക്കുന്നു. “അമ്മായി ചുട്ടുവച്ച അപ്പത്തരങ്ങളൂം“ സാഹിത്യത്തിനെക്കാൾ മുഴച്ചു നിൽക്കുന്ന സംഗീതം കൊണ്ടും..ഇന്ന് ആ ശാഖ വംശനാശത്തിന്റെ പിടിയിലാണ്ഒരു പാട്ട് പോലും ഇഷ്ടപ്പെടാൻ തൊന്നുന്നില്ലാ. ന്യു ജനറേഷൻ സിനിമകൾ എന്ന ലേബലിൽ വരുന്ന സിനിമകളിലെ പാട്ടുകൾ ആരുടെയെങ്കിലും മനസ്സിൽ തങ്ങി നിൽക്കുന്നോ എന്ന് കവടി നിരത്തി പരിശോധിക്കേണ്ടീ വരുന്നു..
എന്താണ് ലളിത ഗാനം
പേരു സൂചിപ്പിക്കുന്നതു പോലെ ലളിതമായിരിക്കണം സാഹിത്യവും സംഗീതവും
കുറെ വാക്കുകൾ നിരത്തി വച്ചാൽ അത് ഗാനമാകില്ല. ലളിതഗാനങ്ങൾക്ക് പ്രത്യേകിച്ചു സന്ദർഭം ഒന്നും നോക്കേണ്ടതില്ലാ.കവിയുടെ മനസ്സിൽ തോന്നുന്ന സന്ദർഭം എന്താണോ അതു തന്നെയാകാം.മറിച്ച് സിനിമയിൽ ആണെങ്കിൽ സന്ദർഭത്തിനനുസരിച്ചാണ്‌ സിനിമാ പാട്ടുകൾ എഴുതുന്നത്..
                                                                                                                                                         ഇതിൽ തിരക്കഥാകൃത്തും,സംവിധായകാനും,(നിര്‍മ്മാതാവും)ഒരുമിച്ചിരുന്ന് കഥ സന്ദർഭം പറയും അപ്പോൾ അത് ഗാനരചയിതാവ് മനസ്സിലേക്കാവാഹിക്കും..പിന്നെ കവിഭാവന ചിറക് വിടർത്തും. ‘ഭാവന’ അതാണ് ഗാനരചയിതാക്കളിൽ അത്യാവശ്യം വേണ്ട  ഘടകം..ഒരു ഉദാഹരണം :ദേവാസുരം എന്ന സിനിമയിൽ നായകാനായ നീലകണ്ഠൻ ശ്ത്രുവിന്റെ താഡനമേറ്റ്  വിവശനായി കിടക്കുന്നൂ...സംവിധായകൻ, ഗിരീഷ് പുത്തഞ്ചേരിയോട് അവിടെ ഒരു ഗാനം വേണമെന്ന് ആവശ്യപ്പെടുന്നൂ... നീലകണ്ഠന്റെ ജീവിതവുമയി ബന്ധപ്പെട്ട് “മേനിയിൽ മുറിവുകൾ പറ്റീ അനങ്ങുകാനാവാതെ അവൻ കിടപ്പൂ” എന്നു ചുനക്കര രാമൻകുട്ടി യുടെ രീതിയിൽ അവിടെ ഒരു പാട്ട് എഴുതാം. എന്നാൽ ഗിരീഷിന്റെ ഭാവന ഉയർന്നത് ”സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരു നടയിൽ“ എന്നാണ് ഇപ്പോഴും സൂപ്പർ ഹിറ്റായ ആ പാട്ട് മലയാളികൾ നെഞ്ചോട് ചേർത്തു. എം.ജി.രാധാകൃഷ്ണൻ ആ വരികളെ ‘ചെഞ്ചുരുട്ടി’ രാഗത്തിൽ മനോഹരമയി സംഗീതം കൊടുത്തു...

സിനിമയിൽ പ്രണയത്തിനും, ദു:ഖത്തിനും ഒക്കെ ഗാനങ്ങൾ ആവശ്യമായി വരുന്നതുപോലെ കഥയിൽ കഥ പറയാനും പാട്ടുകൾ ഉപയോഗപ്പെടുത്താറുണ്ട്. ചെങ്കോൽ പോലുള്ള സിനിമകളിലെ ഗാനങ്ങൾ ശ്രദ്ധിക്കുക...ഭക്തിക്കും,രതിക്കും,വാക്ക് പോരിനും, കളിയാക്കലിനുമൊക്കെ പാട്ടുകൾ ഉപയോഗപ്പെടുത്തുന്നു.
ഒരു കവിക്കു് (ഗാന രചയിതാവിനു)  ഭാവനപോലെ തന്നെ താളവും അറിഞ്ഞിരിക്കണം... സപ്തതാളങ്ങളൂം(http://chandunair.blogspot.in/2011/06/blog-post_16.html) ഇതിൽ താളംന്നതിനെക്കുറിച്ച് ഞാൻ വിശദമായി പറഞ്ഞിട്ടുണ്ട്) അറിഞ്ഞിരിക്കണം എന്നല്ലാ ഞാൻ പറയുന്നത്.മൻസ്സിൽ ഒരു താളം വേണം എന്ന അർത്ഥത്തിൽ. ചില സംഗീത സംവിധായകർ റ്റ്യൂൺ ഇട്ടിട്ട് പാട്ടെഴുതൻ പറയും അവിടെ വരികളുടെ നീളവും,(മീറ്റർ) താളവും നമ്മൾ മനസ്സിലാക്കിയില്ലെങ്കിൽ വലിയപ്രയാസമുണ്ടാകും പാട്ടെഴുതാൻ..

എസ്.പി.വെങ്കിടേശ് എന്ന സംഗീത സംവിധായകൻ ആദ്യമായി  മലയാളത്തിൽ സംഗീതം  ചെയ്യുന്നത് ഈ എളിയവന്റെ പാട്ടുകളാണ്‌.അതിലൊരു പാട്ട് ഞാൻ എഴുതിയിട്ട് അദ്ദേഹം റ്റ്യൂൺ ചെയ്തതും,മറ്റൊന്നു റ്റ്യൂണിട്ടിട്ട് പാട്ടെഴുതിയതുമാണ്‌. http://malayalasangeetham.info/m.php?5655

പാട്ട് എഴുതുന്നയാൾ ഇത് രണ്ടിനും തയ്യാറുള്ള ആളായിരിക്കണം.  ഒരു പാട് പദ സമ്പത്ത് നമുക്കുണ്ടായിരിക്കണം. ചിലപ്പോൾ നമ്മൾ എഴുതിയ പാട്ട് സംഗീത സംവിധായകൻ റ്റ്യൂണിട്ട് വരുമ്പോൾ ചില വാക്കുകൾ പൊരുത്തപ്പെടാതിരിക്കും .സൂര്യൻ എന്ന മൂന്നക്ഷരം ഒരു താളവട്ടത്തിൽ തികയാതെ വരുമ്പോൾ ,പകലോൻ എന്നോ പകൽമീൻ എന്നോ,ആദിത്യൻ എന്നോ മാറ്റി എഴുതേണ്ടി വരും.. അവിടെ ശബ്ദതാരാവലി നോക്കാൻ പറ്റിയെന്നിരിക്കില്ലാ......

ഇപ്പോൾ പദസമ്പത്തും,ആശയ സമ്പത്തുമുള്ള, ചലച്ചിത്ര ഗാന രചയിതാക്കൾ ഒരു കൈ വിരലിൽ പോലും എണ്ണാനില്ലാ എന്നതാണ് സത്യം..പുതു തലമുറക്കാരിൽ റഫീക്ക് അഹമ്മദ് വയലാർ ശരചന്ദ്രവർമ്മ,ബി.ആർ പ്രസാദ് എന്നിവർ  മാത്രമാണ് കുറച്ചെങ്കിലും ചിന്തിച്ചെഴുതുന്നത്..
സാധാരണ ചലച്ചിത്രങ്ങളിൽ സന്ദർഭത്തിനനുസരിച്ചാണ്‌ സിനിമാ പാട്ടുകൾ എഴുതുന്നത്.. എന്ന് ഞൻ നേരത്തെ പറഞ്ഞിരുന്നല്ലോ. എന്നാൽ സന്ദർഭങ്ങൾ തങ്ങളുടെ ഭാവനയുമായി ചേർത്ത് ആ സന്ദർഭമില്ലാ‍തെ തന്നെ ഒരു പൂർണ്ണ കവിതയാക്കി മാറ്റിയിരുന്ന കവികളും ഗാന രചയിതാക്കളുമാണ്‌ വയലാർ,പി.ഭാസ്കരൻ മാഷ്, ശ്രീകുമാരൻതമ്പി ചേട്ടൻ,ഓ.എൻ.വി സർ, കാവാലം നാരായണപ്പണിക്കർ, കൈതപ്രം,ഗിരീഷ് പുത്തഞ്ചേരി,യൂസഫലി കേച്ചേരി, എസ്.രമേശൻ നായർ, ബിച്ചു തിരുമലയും,പൂവച്ചൽ ഖാദറും.   തുടങ്ങിയവർ

ഉറക്കം വരാതെ കിടക്കുന്ന ഒരു നായികയുടെ അവസ്ഥക്കു ഒരു ഗാനം എഴുതാൻ പറഞ്ഞപ്പോൾ പി.ഭാസ്കരൻ മാഷ് എഴുതിയ വരികൾ , എം.എസ്.ബാബുരാജിന്റെ ഈണത്തിലുള്ള ഈ ഗാനം ശ്രദ്ധിക്കുകതാനേ തിരിഞ്ഞും മറിഞ്ഞും,തൻ താമര മെത്തയിലുരുണ്ടും, മയക്കം വരാതെ മാനത്ത് കിടക്കുന്നൂ മധുമാസ സുന്ദര ചന്ദ്രലേഖഇന്നും നമുക്ക് നായികയെ അല്ല ഓർമ്മ വരുന്നത്ചന്ദ്ര ലേഖയെയാണ്. ഈ അടുത്ത കാലത്തു രമ്യാ നമ്പീശൻ പാടിയ കാവലത്തിന്റെ പാട്ടുകൾ പലരും പാടി നടക്കുന്നുണ്ട്.ഫോക്ക് ലോറിന്റെ അനന്ത സാധ്യതകൾ എന്നും തന്റെ തൂലിക തുമ്പിലൂടെ ഉതിർത്ത കാവാലം ഇങ്ങനെ എഴുതിആണ്ടലോണ്ടെ നേരേ കണ്ണിലെ ചന്ദിരാന്റെ പൂലാലാണെ കണ്ടപാടെ നാണം കൊണ്ടേ പോയ്യ്……‘ദാണ്ടെ നേരെ  നോക്കൂണ്ണുകളിൽ തിളങ്ങുന്നത് ചന്ദിരന്റെ(അമ്പിളിയുടെ) പൂ നിലാവാണ് ആ നോട്ടത്തിൽ, ആരാത്രിയിൽ അതു കണ്ടപ്പോൾ ഞാൻ നാണം കൊണ്ട് പൂത്തുലഞ്ഞൂ..രത്രിയിൽ എന്നത് സ്ഥിതികരിക്കാൻ അടുത്ത വരികളിൽ ആമ്പലിനെ കവി കൊണ്ടു വന്നിരിക്കുന്നൂ

ഇതു കവിത എഴുതന്നത് എങ്ങനെ എന്നുള്ളതോ ഗാനങ്ങളെക്കുറിച്ചുള്ള വിലയിരുത്തലോ അല്ലാ..മറിച്ചു ഒരു ഗാന രചയിതാവിനു വേണ്ട ഗുണങ്ങളെക്കുറിച്ചാണ് പറഞ്ഞിട്ടുള്ളത്.... നമ്മുടെ മലയാള സിനിമാ ഗാനങ്ങളെക്കുറിച്ചുള്ള ആസ്വാദനം ഇനി ഒരിക്കലാകാം...സിനിമാ പാട്ടുകൾ എഴുതുന്നവർക്കായുള്ള  ചെറിയ ലേഖനം മാത്രമാണീത്‌... എത്രപ്രയാസമുള്ള അവസ്ത്ഥയിലും ഗാനങ്ങൾ നമുക്ക് ആശ്വാസമാകുന്നു.അത് മരുന്നുമാകുന്നു.നമുക്ക് നല്ല പാട്ടുകളിലൂടെ ആമോദതീരത്ത് കുറെ നേരം കാറ്റ് കൊണ്ട് കിടക്കാം.... എല്ലാം മറന്ന്‌.............
                                                ***************

56 comments:

 1. ഞാൻ വായനയുടെ പണിപ്പുരയിൽ

  ReplyDelete
 2. നല്ല ലേഖനം, സത്യമായ നിരീക്ഷണം

  ഇതിനോട് ബന്ധപ്പെട്ടതാകയാല്‍ ഇന്നലെ ഫേസ് ബുക്കില്‍ പങ്കുവച്ച ഒരു അവലോകനം ഇവിടെ പേസ്റ്റ് ചെയ്യട്ടെ:

  നാം പുഴകള്‍ കണ്ടിട്ടുണ്ട്, മലകള്‍ കണ്ടിട്ടുണ്ട്, പൂവനങ്ങള്‍ കണ്ടിട്ടുണ്ട്, എല്ലാം കണ്ട് മറന്നിട്ടുമുണ്ട്

  എന്നാല്‍ ഒരാള്‍ ഇവയെല്ലാം കണ്ടപ്പോള്‍-
  “പുഴകള്‍
  മലകള്‍
  പൂവനങ്ങള്‍
  ഭൂമിയ്ക്കു കിട്ടിയ സ്ത്രീധനങ്ങള്‍“

  എന്നുപാടി. നമുക്ക് വെറും മലയും പുഴയുമൊക്കെ ആയത് അദ്ദേഹത്തിന് ഭൂമിപ്പെണ്ണിന് കിട്ടിയ സ്ത്രീധനമായിട്ടാണ് തോന്നിയത്. അങ്ങനെ തോന്നണമെങ്കില്‍, അത് ഇങ്ങനെ പറയണമെങ്കില്‍ കവിമാനസം വേണം, കവിഭാഷ വേണം.

  നിങ്ങള്‍ കണ്ടുവോ തലയുയര്‍ത്തിപ്പായും എന്‍ കുതിരയെ ചെമ്പന്‍ കുതിരയെ...
  എന്ന് കവി ചോദിയ്ക്കുമ്പോള്‍ കവിയോ മറ്റാരുമോ കാണാത്ത, അസ്തിത്വമേ ഇല്ലാത്ത ആ ചെമ്പന്‍ കുതിര നമ്മുടെ മനോമണ്ഢലത്തിലേയ്ക്ക് കുളമ്പടിച്ചെത്തുകയായി. “കോടികോടിയുഗാന്തരങ്ങള്‍ക്കപ്പുറത്ത് എന്റെ പിതാമഹര്‍ കണ്ട് കാട്ടുപുല്ല് കൊടുത്ത് വളര്‍ത്തിയതാണെ”ന്ന് കവി പറയുമ്പോള്‍ അത് നമ്മുടെ പിതാമഹര്‍ കണ്ട് വളര്‍ത്തിയ കുതിരയെന്ന് ആവേശത്തോടെ നമ്മളും ചിന്തിച്ചുപോകുന്നു. വായനയ്ക്കപ്പുറവും കുതിര നമ്മുടെ മനസ്സില്‍ തലയുയര്‍ത്തിപ്പാഞ്ഞുകൊണ്ടിരിയ്ക്കുന്നു

  “അന്തിമമാം മണമര്‍പ്പിച്ചടിവാന്‍ മലര്‍ കാക്കില്ലേ
  ഗന്ധവാഹനനെ രഹസ്യമാര്‍ക്കറിയാവൂ”

  എന്ന രണ്ടുവരികളിലൂടെ കവി എത്രയെത്ര വിഷമഘട്ടങ്ങളെയാണ് തരണം ചെയ്തിരിയ്ക്കുന്നത്. അല്ലെങ്കില്‍ വാസവദത്തയുടെ അവസാനനിമിഷങ്ങള്‍ ഉപഗുപ്തന്റെ വരവ് വരെ നീട്ടിയെത്തിയ്ക്കാന്‍ എത്രയധികം വാക്കുകള്‍ എഴുതേണ്ടിവരുമായിരുന്നു. അവിടെ വായനക്കാരനും രഹസ്യമാര്‍ക്കറിയാവൂ എന്ന ചോദ്യം ആവര്‍ത്തിയ്ക്കുന്നു. അപാരമായ ഭാവനയും നൈപുണ്യവും വേണം വാക്കുകള്‍ കൊണ്ട് വൈതരണി നീന്തിക്കടക്കണമെങ്കില്‍

  “വിശപ്പിന് വിഭവങ്ങള്‍ വെറുപ്പോളമശിച്ചാലും
  വിശിഷ്ടഭോജ്യങ്ങള്‍ കാണ്‍കില്‍ കൊതിയാമാര്‍ക്കും”
  എന്ന ആശയം എഴുതണമെങ്കില്‍ കവി ദാര്‍ശനികന്‍ കൂടി ആയിരിയ്ക്കണം.

  ചുരുക്കിപ്പറഞ്ഞാല്‍ കവി ദാര്‍ശനികന്‍ ആയിരിയ്ക്കണം, ഭാവനാസമ്പന്നന്‍ ആയിരിയ്ക്കണം, ബുദ്ധിപൂര്‍വം ഭാഷയെ ഉപയോഗിയ്ക്കാനും ശീലിയ്ക്കണം. അല്ലെങ്കില്‍ ഇങ്ങനെ പറയാം: കവി കാവ്യഭാഷയില്‍ ഒന്നിനെ വിവരിച്ചാല്‍ വായിയ്ക്കുന്നവന് അത് കാണാന്‍ കഴിയണം, അനുഭവിയ്ക്കാന്‍ കഴിയണം.

  വയലാറും വള്ളത്തോളും ആശാനുമൊക്കെ എഴുതുന്നപോലെ നമുക്കാവുമോ എന്ന് ചോദിയ്ക്കരുത്. ഭാവന ചന്ദനമരം പോലെയാണ്. അത് ചെറുതാണെങ്കിലും വലുതാണെങ്കിലും ചന്ദനമണം മാത്രമേ വീശുകയുള്ളു. നിങ്ങള്‍ക്ക് ഭാവനയുണ്ടെങ്കില്‍ അതിന്റെ സുഗന്ധം വീശാതിരിക്കയില്ല.

  ReplyDelete
 3. കേട്ടുകഴിഞ്ഞാല്‍ മറക്കുന്നതാണ് പുതിയ പാട്ടുകളില്‍ അധികവും എന്നത് ശരി തന്നെ.
  ഇനിപ്പോ പാട്ടെഴുതി നോക്കാം അല്ലേ.

  ReplyDelete
 4. @ mydreams. Tly ആദ്യവരവിന് നമസ്കാരം. @ അജിത് ...തീർത്തും ശരിയാ കവി ദാര്‍ശനികന്‍ ആയിരിയ്ക്കണം, ഭാവനാസമ്പന്നന്‍ ആയിരിയ്ക്കണം, ബുദ്ധിപൂര്‍വം ഭാഷയെ ഉപയോഗിയ്ക്കാനും ശീലിയ്ക്കണം @ റാംജി..ധൈര്യമായി പാട്ടെഴുതാം...വരവിനും വായനക്കും നന്ദി

  ReplyDelete
 5. മാണിക്യവീണാമുപലാളയന്തീം കാലത്ത് ചൊല്ലാറുണ്ട്. ചിലപ്പോൾ ചില പാട്ടുകളിലെ "ഞാൻ തൻ" എന്ന തരം പ്രയോഗങ്ങൾ കേൾക്കുമ്പോൾ അരൊചകമായി തോന്നാൻ അത് ഒരു കാരണം ആയിരിക്കാം.

  ഏതായാലും താങ്കളുടെ അടൂത്ത സിനിമയിലെ പാട്ടുകൾക്കായി കാത്തിരിക്കുന്നു.

  ഈ ലിങ്കുകൾ നേരത്തെ കണ്ടിരുന്നില്ല ഇപ്പോൽ പാട്ടുകൾ കേട്ടുകൊണ്ടിരിക്കുന്നു. ഈ ഒരു വിരുന്നിനു നന്ദി

  ReplyDelete
 6. നന്നായിരിക്കുന്നു, ഒരു തുടക്കക്കാരന്‍ അറിഞ്ഞിരിക്കേണ്ട കര്യങ്ങള്‍. നന്ദി.. ഇങ്ങനെ ഒരു ലേഖനത്തിന്

  ReplyDelete
 7. പഠിക്കാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കിക്കൂട.യുക്തിയുക്തമായ ഈ പഠനത്തില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട്.

  ReplyDelete
 8. ശരിയാണ് ചന്തുവേട്ടാ പഴേ പാട്ടുകളുടെ അത്രയും മനസ്സില്‍ തട്ടുന്ന പാട്ടുകള്‍ വളരെ കുറവാണ് ഇപ്പോള്‍ ..പാട്ടുകള്‍ എഴുതാന്‍ അറിയാത്ത എനിക്ക് എഴുതുന്നവരോട് വലിയ ആരാധനയും കേള്‍ക്കാനും കൂടെ പാടാനും ഇഷ്ടവുമാണ് ..അടുത്ത ചന്തുവേട്ടന്റെ സിനിമാ പാട്ടുകള്‍ എത്രയും പെട്ടെന്ന് കേള്‍ക്കാന്‍ സാധിക്കുമെന്ന് കരുതുന്നൂ ...നല്ല ലേഖനം

  ReplyDelete
 9. ഗാനങ്ങളുടെ വസന്തം കഴിഞ്ഞുവോ എന്നുപോലും സംശയിച്ചിട്ടുണ്ട്. എന്തായാലും 
  ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന ഗാനങ്ങളുണ്ടാവാന്‍ ഇത് ഒരു നിമിത്തമാവട്ടെ.

  ReplyDelete
 10. നന്നായിരിക്കുന്നു ചന്തു സാറെ ഈ വിജ്ഞാനപ്രദമായ ലേഖനം.
  പണ്ടത്തെ ആ ഗാനങ്ങളുടെ മാധുര്യവും,അര്‍ത്ഥഗാംഭീര്യവും ഇന്നുള്ള ഗാനങ്ങളില്‍ ഇല്ലെന്നുള്ളത് എത്ര ശരിയാണ്!!!
  ആശംസകളോടെ

  ReplyDelete
 11. നല്ല ലേഖനം ചന്തുവേട്ടാ.
  ഭാഷ പഠിക്കുകയേ വേണ്ട എന്ന് നമ്മള്‍ ഏകദേശം തീരുമാനിച്ച മാതിരിയാണ്. പിന്നെവിടുന്നാ പദസ്സമ്പത്ത്?
  സംഗീതം പോലെ ഒരുപക്ഷെ, നമ്മെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന മറ്റൊന്നും തന്നെയില്ല... എന്നിട്ടും പാട്ടുകളെ ഓര്‍മ്മിക്കാനാവാതെ പോകുന്നത് അജിത്തേട്ടന്‍ എഴുതിയത് മാതിരി ഭാവനയുടെ ചന്ദനമരത്തിലല്ല കാറ്റു വീശുന്നതെന്നതുകൊണ്ടാവാം... സംഗീതം വെറും ശബ്ദാടോപമായതുകൊണ്ടാവാം...

  ലേഖനം വളരെ നന്നായി. അഭിനന്ദനങ്ങള്‍

  ReplyDelete
 12. പാട്ടിൽ കവിതയുടെ ലാളിത്യവും നന്മയും നിറയുമ്പോൾ

  അത് സാധാരണക്കാരനായ ഒരു ആസ്വാദകന്റ്റെ മനസ്സിൽ

  നിത്യം നിലനിൽക്കും ...

  അമ്മായി ചൂ .. ട്ട .. ത് .. ഈ കാലത്തി ട്രെൻഡ് എങ്കിൽ

  അത് വെറും നീർ കുമിള മാത്രം .

  പഴയ ഗാനങ്ങൾ

  .... ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ ..

  സ്വർണമുകിലെ ...

  നാഥാ നീ വരൂ കാലൊച്ച കേൾക്കുവാൻ ...  ഇതിൽ ഒന്നും തന്നെ വലിയ പദപ്രയോഗങ്ങളോ ബഹളങ്ങളോ ഇല്ലായിരുന്നു .  എന്നാൽ മനസ്സിൽ തങ്ങി നില്ക്കുന്ന ലാളിത്യം ഉണ്ടായിരുന്നു .  നല്ല ഒരു ഗാന രചയിതാവിനെ പുത്തൻ പദത്തിന് ലഭിക്കട്ടെ ..

  എന്നാശംസിക്കുന്നു...  എല്ലാ നന്മകളും നേരുന്നു ....

  ReplyDelete
 13. valare nalla lekhanam. manassiruthi vaayichu.

  ReplyDelete
 14. ചന്ദ്ര കളഭം ചാര്‍ത്തിയുറങ്ങും തീരം ..
  ഇന്ദ്രധനുസിന്‍ തൂവല്‍ കൊഴിയും തീരം ..
  ഈമനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി ..എന്ന് പാടിയ കവിഭാവനയെ വെല്ലാനെന്തേ പുതു എഴുത്തുകാര്‍ക്ക് കഴിയുന്നില്ല!
  എന്തോ പഴയതിന്റെ ആ ലാളിത്യവും ഇമ്പവും ഇന്നത്തെ ഒരു ഗാനത്തിനും തോന്നുന്നില്ല.കാര്യങ്ങള്‍ തന്മയത്വത്തോടെ പറഞ്ഞു ചന്തുജീ.

  ReplyDelete
 15. പാട്ടിന്റെ പിന്നിലെ കഥകള്‍ തേടി പോകുക അത് രസാണ്.ഇന്ന് ഇത്തിരി ഭേദം റഫീക്ക്‌ അഹ്മദ് ഗാനങ്ങള്‍ തന്നെയാണ് അന്നാല്‍ അദ്ധേഹത്തിനും അമ്മായി ചുട്ടു ന്നൊക്കെ എഴുതേണ്ടിവരുന്നു നല്ലൊരു വിഷയം നല്ലൊരു ലേഖനം

  ReplyDelete
 16. ഇന്നത്തെ പാട്ടുകള്‍ ഒന്നും ജനമനസ്സുകളില്‍ നില്‍ക്കുന്നില്ല എന്‍റെ ഒരു അഭിപ്രായത്തില്‍ ഇതു സോങ്ങിനും കൂടുതല്‍ ഉപകരണങ്ങള്‍ ചേര്‍ത്ത് പാടുന്നത് അരോചകം ആണെന്നാണ്‌
  ആദ്യം നമ്മളുടെ സംഗീത സംവിധായകര്‍ ഇത്തരം അനാവശ്യ ഉപകരണങ്ങള്‍ ഒഴിവാക്കി ഭാവനാ സമ്പന്നമായ കവിതകള്‍ എടുത്ത് പാട്ടുകള്‍ നിര്മിക്കട്ടെ അപ്പോള്‍ ആ നഷടപെട്ട നല്ല കാലം തിരികെ വരും

  ReplyDelete
 17. പിറന്നാൾ സദ്യയ്ക്കും നോണില്ലാതെ കഴിയ്ക്കാൻ കഴിയാത്ത നാമ്മുടെ നട്ടിൽ, പുതു തലമുറ ഇതാണ്‌ ആവശ്യപ്പെടുന്നതെന്ന ലേബലിൽ "അമ്മായിയെ കൊണ്ട്‌ അപ്പം ചുടീപ്പിച്ച്‌" കൊണ്ടിരിക്കുകയാണ്‌ സിനിമക്കാർ. അപ്പോൾ പഴഞ്ചന്മാർ പറയുന്നത്‌ ആരു ചെവിക്കൊള്ളും ?
  ഏതായാലും ഈ പോസ്റ്റ്‌, എഴുതുന്നവർക്ക്‌ ഒരു സഹായി ആവും തീർച്ച, തുടരണമെന്ന അപേക്ഷയോടെ ആശംസകളും,

  ReplyDelete
 18. inspiring and informative writing.
  kodos

  ReplyDelete
 19. ഒരുപാട് നന്ദി...ആശംസകള്‍...!

  ReplyDelete
 20. ഈ മനോഹര തീരത്ത് തരുമോ... ഇനിയൊരു ജന്മം കൂടി...

  അക്കാലത്തെ മനോഹര വരികള്‍ ഇനിയും ഉണ്ടാകുമോ?
  നല്ല പോസ്റ്റ്‌...,..

  ReplyDelete
 21. വയലാർ, പി.ഭാസ്കരൻ,ശ്രീകുമാരൻ തമ്പി - ഇവരുടെ ഗാനങ്ങളോട് കിടപിടിക്കാൻ കഴിയുന്ന സിനിമാഗാനങ്ങൾ ഇപ്പോൾ അപൂർവ്വത്തിൽ അപൂർവ്വം..... സിനിമാഗാനങ്ങളിലെ വരികളുടെ സൗന്ദര്യമാണ് എന്നെ കൂടുതൽ ആകർഷിക്കാറുള്ളത്...

  സിനിമാഗാന ശാഖയെക്കുറിച്ച് അറിവു തന്ന നല്ല ലേഖനം.....

  ReplyDelete
 22. പാടാൻ അറിയില്ലെങ്കിലും കേൾക്കാൻ ഇഷ്ടമാണ്,, പണിപ്പുരകളെല്ലാം നന്നായിട്ടുണ്ട്.

  ReplyDelete
 23. പദസമ്പത്തും ഭാവനയും തന്നെയാണ് പ്രശനം.

  ReplyDelete
 24. KUTHIYIRUNNU VAYIKKANAM . NALEYAKATTE. BOOK MARK CHEYTHITTUNDU

  ReplyDelete
 25. നൂറുശതമാനം സത്യസന്ധത നിറഞ്ഞ നിരീക്ഷണത്തിനു ആദ്യമേ അഭിനന്ദനം .. ലജ്ജാവതിയും ,,അപ്പം ചുട്ട അമ്മായിയുമൊക്കെ ഇപ്പോള്‍ എവിടെ ? കാമ്പുള്ള അര്‍ത്ഥങ്ങള്‍ കൊണ്ട് നിറഞ്ഞ വരികള്‍ ഇന്നും പത്തരമാറ്റില്‍ തിളങ്ങി നില്കുന്നു ,ഇതൊക്കെ ഒരു താല്‍കാലിക പ്രതിഭാസം എന്ന് പറയാം ,ഏട്ടനെ പോലെ മെലഡിയെ സ്നേഹിക്കുന്നവരോട് ഒരു പാട് ആദരവ് തോന്നുന്നു ..

  ReplyDelete
 26. പഴയ പാട്ടുകളിലേക്ക് ഒരെത്തിനോട്ടം..പുതിയതിലൂടെ...
  പോസ്റ്റ് നന്നായി ചന്തുജി..

  ReplyDelete

 27. പദ സമ്പത്തിനാൽ അനുഗ്രഹീതരായ നമ്മുടെ പഴയ കവി വരന്മാർക്കു മുന്നിൽ ഓശ്ചാനിച്ചു നിൽക്കാൻ പോലും യോഗ്യത ഉണ്ടോ ഇന്നത്തെ ഗഗ്നം സ്റ്റൈൽ പാട്ടെഴുത്തുകാർക്കു. കാര്യങ്ങൾ ഇവിടെ നന്നായി അവതരിപ്പിച്ചു മാഷെ, പുതിയ പദ്ധതിക്ക് എല്ലാ ആശംസകളും നേരുന്നു. ഒപ്പം ആരോഗ്യം കൂടി ശ്രദ്ധിക്കണേ! പിന്നൊരു ചെറിയ നിർദ്ദേശം മാഷെ ഇവിടെ ചേർത്തിരിക്കുന്ന ചിത്രങ്ങൾ ഓരോ വശങ്ങളിലേക്ക് മാറ്റി കൊടുത്താൽ കാണാൻ കുറേക്കൂടി ചന്തം ഉണ്ടാകും എന്ന് തോന്നുന്നു

  ReplyDelete
 28. നന്നായിരിക്കുന്നു ചന്തുവേട്ടാ.. താങ്കൾ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്.. പഴയ കവികളുടെ ഭാവന ഇന്നത്തെ കവികൾക്കില്ല.. അല്ലെങ്കിൽ അവർ ബോധ പൂർവ്വം ഭാവന ഒഴിവാക്കി വെറുതെ വാക്കുകൾ കൊണ്ട് അമ്മാനമാടുന്നു.. അതിനാൽ തന്നെ ആ പാട്ടുകൾ അലങ്കോലമല്ലാതെ മനസ്സിനു സമാധാനം തരുന്നതോ, മനസ്സിൽ എന്നെന്നും തങ്ങി നിൽക്കുന്നതോ ആകുന്നില്ല.. ഗാന രചയിതാക്കൾ ഗാനങ്ങളുടെ പഴയ പ്രതാപകാലത്തെക്ക് തിരിച്ചു പോയെങ്കിൽ എത്ര നന്നായിരിക്കും...താങ്കൾക്കും കുടുംബത്തിനും നന്മ നേർന്നു കൊണ്ട്.. സ്നേഹപൂർവ്വം

  ReplyDelete
 29. റഫീക്ക് അഹമ്മദ് ഒരിക്കൽ പറയുകയുണ്ടായി, എന്റെ കവിതകൾ പാട്ടുകളായി അപ്പോൾ അവയിലെ വരികൾ മാറ്റിയെഴുതേണ്ടിയും വന്നു.........

  ഞാൻ കുറച്ച് കവിതയൊക്കെ എഴുതാറുണ്ട് കെട്ടോ :)
  ഇടക്ക് ചില പാട്ടുകൾ ഒക്കെ എഴുതാനും ശ്രമിച്ചിരുന്നു :)

  ReplyDelete
 30. ഗാനങ്ങളുടെ ഉള്ളുകള്ളികളിലേക്ക് നന്നായി
  പര്യടനം നടത്തി നല്ല നിരീക്ഷണ പാടവത്തോടെ
  എഴുതിയ ഈ കുറിപ്പുകൾ ഇഷ്ട്ടപ്പെട്ടു കേട്ടൊ ഭായ്

  ReplyDelete
 31. നൂറുശതമാനം സത്യസന്ധത നിറഞ്ഞ നിരീക്ഷണം.പാട്ടെഴുത്തിന്റെ ലേഖനം നന്നായി ..

  ".അമ്മ മഴക്കാറിനു കണ്‍നിറഞ്ഞു ..ആ കണ്ണീരില്‍ ഞാന്‍ നനഞ്ഞു" എന്ന് എഴുതാന്‍ ഗിരീഷ്‌ പുതന്ചെരിക്കെ കഴിയൂ ..അത്രയും പദസമ്പത്തുള്ള പുതിയ പാട്ടെഴുത്തുകാര്‍ ആരും തന്നെ ഇല്ല എന്നാണെനിക്കു തോന്നുന്നത് .

  ReplyDelete
 32. പാട്ടുകള്‍ കേട്ടുകൊണ്ടിരിക്കുന്നു.... :)

  നന്നായിട്ടുണ്ട്....
  --------------------------------
  ഒരു പാട് നല്ല ഗാനങ്ങള്‍ സമ്മാനിക്കാന്‍ ചന്തുവേട്ടന് കഴിയും...
  എന്നിട്ടുമെന്തേ മാറിനില്‍ക്കുന്നു?..

  ReplyDelete
 33. പാട്ടെഴുത്തിന്റെ ലേഖനം നന്നായി ..

  ReplyDelete
 34. പഴയ പാട്ടുകളെക്കുറിച്ച് കുറെ കാര്യങ്ങള്‍ മനസ്സിലായി അങ്കിള്‍

  ReplyDelete
 35. @ajith .... ഗാനങ്ങളെപ്പോലെ തന്നെ നമ്മുടെ പുതിയ കവികളൂം ഉപരിപ്ലമായിട്ടാണ് യാത്ര...‘വായിൽ വരുന്നത് കോതക്ക് പാട്ടെന്ന‘ നിലയിൽ അത്യന്താധുനികയുടെ പുറം ചാരി അവർ വാക്കുകളെ അമ്മാനമാടൂന്നൂ...കേട്ട് തഴമ്പിച്ച് വാക്കുകൾ, കഥയില്ലായ്മയിൽ നിറഞ്ഞ് നിൽക്കുന്നവ,കവിതയായാലും ഗാനമായലും അതിലൊരു കഥ വേണം പലരും അതിനെപ്പറ്റി ചിന്തിക്കുന്നുപോലുമില്ലാ..വള്ളത്തോൾ പാടി......”വന്ദിപ്പിൻ മതാവിനെ.............പച്ചയാം വിരിപ്പിട്ട സഹ്യനിൽ തലവച്ചും,സ്വച്ഛാബ്ധി മണത്തിട്ടാം പാദോപാതാനം പൂണ്ടും, പള്ളികൊണ്ടീടുന്ന നിൻ പാദ യുഗ്മത്തെ കാത്ത് കൊള്ളുന്നൂ കുമാരിയും,ഗോകർണ്ണേശനുമമ്മേ.................”, മലരണിക്കാടുകൾ തിങ്ങി വിങ്ങി,മരതക കാന്തിയിൽ മുങ്ങി മുങ്ങികരളും മിഴിയും കവർന്നു മിന്നി.......... എന്ന് ചങ്ങമ്പുഴ, ‘അല്ലിന്റെ അന്തിമ യാമത്തെ ഘോഷിച്ചൂ കല്ലോലമാലി തൻ മന്ത്രതുര്യം,രാത്രി തൻപോക്കെത്രത്തോളമായെന്നതു പാർത്തറിയുന്നതിനെന്നപോലെ” എന്ന് ജീ..... കാട്ട് വള്ളി കിഴങ്ങു മാന്തി ചുട്ടു തന്നില്ലേ..................നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്നു’ എന്ന് കടമ്മനിട്ട, ‘കാടെവിടെമക്കളെ” എന്ന് അയ്യപ്പപണീക്കർ, ‘ശീതം തഴച്ചൊരു ഹേമന്ത കാലവും ആമന്തം പോലിങ്ങ് വന്നതപ്പോൾ,പാലാഴി തൂവെള്ളം തൂകുന്ന പോലെ നൽ പ്രാലേയം തൂകി തുടങ്ങിതങ്ങും എന്ന് ചെറുശ്ശേരി............. പറഞ്ഞു തുടങ്ങിയാൽ തീരില്ലാ..ഇതൊന്നും ഇന്നത്തെ കവികൾ വായിക്കുന്നില്ല...പുതിയ(പഴയ) വാക്കുകൾ അവർ തേടിപ്പോകുന്നുമില്ലാ........എന്റെ ജീവിതത്തിൽ ഞാൻ വലുതായി കാണുന്ന ഒരു കാര്യമുണ്ട്. പി.കുഞ്ഞിരാമൻ നായർ,ഓ.എൻ.വി,കാവാലം,അയ്യപ്പപണീക്കർ, പി.ഭാസ്ക്കരൻ,ശ്രീകുമാരൻ തമ്പി, സുഗതകുമാരി എന്നിവരോട് വളരെ അടുത്തു പെരുമാറാനുള്ള അവസരം കിട്ടിയിട്ടുണ്ട് എന്നുള്ളതാണ്.അന്നൊക്കെ ഞങ്ങളുടെ ചർച്ചകൾ സാഹിത്യത്തെക്കുറിച്ചായിരുന്നൂ...ആ നല്ല കലം ഇനി ഉണ്ടാവുമോ ആവോ..

  ReplyDelete
 36. ലേഖനവും അജിത്തേട്ടന്റെ കമന്റും ശ്ശി പിടിച്ചു. ക്ലാസ്സിക്ക് എന്നും ക്ലാസ്സിക്ക് തന്നെ ആയിരിക്കും.

  നല്ല ഗാന രചയിതാക്കൾ നമുക്ക് ഇല്ലാതായി വരുന്നു എന്നത് ദുഃഖകരം തന്നെ.
  പ്രതേകിച്ച് ഗിരീഷ് പുത്തഞ്ചേരിയുടെ വിയോഗത്തിൽ...

  ReplyDelete
 37. ഹൃദ്യമായ വായന, മധുരമുള്ള എഴുത്ത് . ഒരു പി ഭാസ്കരൻ പാട്ട് കേൾക്കുന്ന പോലെ വായിച്ചു , മനസ്സിലാക്കി.

  ReplyDelete
 38. ബ്ലോഗ്‌ ആദ്യമായാണ്‌ കാണുന്നത്. വളരെ ഉപകാരപ്രദം ആയി.

  ReplyDelete
 39. തീർത്തും ശരിയായ നിരീക്ഷണം ; ഇന്ന് പാട്ടെഴുത്തില്ലല്ലൊ..എല്ലാം ചില കാട്ടി കൂട്ടലുകൾ അല്ലെ ....

  ReplyDelete
 40. നല്ല സംരംഭം , നല്ല കാഴ്ചപ്പാട് ആശംസകള്‍ !

  ReplyDelete
 41. ഒരുപാട് നാളുകള്‍ക്കു ശേഷമാണ് ഒരു ബ്ലോഗ്‌ വായിക്കുന്നത്.
  ചന്തുവേട്ടാ, നന്നായിരിക്കുന്നു. ഹൃദ്യമായ ലേഖനം. ഇന്നത്തെ ജീവിതത്തിന്‍റെ ചടുലത സംഗീതത്തെയും ബാധിക്കുകയും വാഗ്ദേവിയുടെ കടാക്ഷമില്ലാത്തവര്‍ വരികള്‍ എഴുതുകയും ചെയ്യുമ്പോള്‍ ഭാവനക്ക് പകരം ട്യൂണ്‍ ഒപ്പിക്കാനുള്ള ഗോഷ്ടികളായ് മാത്രം മാറുകയാണ് പാട്ടുകള്‍... സ്വപ്നം കാണാനും പ്രണയിക്കാനും നന്മകള്‍ സൂക്ഷിക്കാനും കൂട്ട് വന്ന പഴയ പാട്ടിന്‍റെ തേന്‍കിണ്ണം തന്നെയാണ് ഇന്നും ബഹളങ്ങള്‍ക്കിടയിലും നമ്മള്‍ നെഞ്ചോട്‌ ചേര്‍ക്കുന്നത്..
  പുതിയ സിനിമക്ക് ആശംസകള്‍.... നന്മകള്‍ നേരുന്നു..
  സസ്നേഹം

  ReplyDelete
 42. മാഷേ,
  വരാന്‍ വൈകി. സ്ഥലത്തില്ലായിരുന്നു.ക്ഷമിക്കുക. ലേഖനം ചെറുതായി പോയി. ന്ല അറിവു പകര്‍ന്നു.

  ReplyDelete
 43. പഴയ പാട്ടുകളാണ് ഇന്നും മനസ്സിൽ തങ്ങിനിൽക്കുന്നത്..
  ഓരോ സന്ദർഭത്തിനും പാടാൻ സ്വയം തോന്നിപ്പോകുന്ന എത്രയെത്ര പാട്ടുകൾ...
  ജനിക്കുമ്പോൾ തന്നെ മരിച്ചു വീശുന്ന ഇന്നത്തെ പാട്ടുകൾ ഒരാളുടേയും ചുണ്ടത്ത് പോലും തങ്ങി നിൽക്കുമെന്നു തോന്നുന്നില്ല.
  ആശംസകൾ ചന്തുവണ്ണാ..

  ReplyDelete
 44. ചന്തുവേട്ടാ .. ഈ പോസ്റ്റ്‌ ഇപ്പോഴാണ് കണ്ടത് .. ഇത്തരം പോസ്റ്റുകൾ വായിക്കാൻ എനിക്ക് ഒരു പ്രത്യേക ഇഷ്ടമാണ് . ചന്തുവേട്ടന്റെ ഇതിനു മുന്നേയുള്ള തിരക്കഥയെ പറ്റിയുള്ള പോസ്റ്റും ഞാൻ വളരെ താൽപ്പര്യത്തോടെ വായിച്ച ഒന്നാണ് .

  ദേവാസുരം സിനിമയിലെ 'സൂര്യ കിരീടം.. ' എന്ന പാട്ട് നീലകണ്ഠന്റെ അമ്മ മരിച്ച സമയത്ത് അയാൾ പശ്ചാത്താപ മനസ്സോടെ അമ്മയുടെ കത്തുന്ന ചിതയിലേക്ക് ദൂരേ നിന്ന് നോക്കി നിൽക്കുമ്പോൾ ഉള്ള പാട്ടല്ലേ ? ചന്തുവേട്ടൻ പറഞ്ഞ പോലെ നീലകണ്ഠന്റെ ദേഹം മുറിവേറ്റു കിടക്കുമ്പോൾ ഏതെങ്കിലും പാട്ട് കമ്പോസ് ചെയ്തിരുന്നോ ?

  ചന്തുവേട്ടൻ പറഞ്ഞ പോലെ ഇന്നുള്ള ഗാനങ്ങൾ മനസ്സിൽ തങ്ങി നിൽക്കുന്ന ഒന്നല്ല . പലപ്പോഴും പാട്ട് എഴുതുന്നത്‌ , സംഗീതം ആദ്യം ചെയ്ത ശേഷമാണ് എന്ന് കേൾക്കാറുണ്ട് . അത് ശരിയാണോ ? ചന്തുവേട്ടൻ അതിനോട് എങ്ങിനെ പ്രതികരിക്കുന്നു ? പാട്ട് എഴുതിയ ശേഷം കൊടുക്കുന്ന സംഗീതമാണോ അതോ സംഗീതം കൊടുത്ത ശേഷം ഉള്ള പാട്ടാണോ നല്ലത് ?

  സംവിധായകനും തിരക്കഥാകൃത്തും ഒരു സിനിമയിൽ എപ്പോഴൊക്കെ പാട്ടുകൾ വേണം എന്ന് നിശ്ചയിക്കുന്നു എന്ന് പറഞ്ഞു . അതിൽ കൈ കടത്താൻ സംഗീത സംവിധായകന് അവസരം കിട്ടാറുണ്ടോ , ? എന്തെങ്കിലും നിർദ്ദേശം കൊടുക്കാൻ സാധിക്കില്ലേ ?

  ഒരു സിനിമ ഇറങ്ങുന്നതിനു എത്രയോ മുന്പാണല്ലോ ആ സിനിമയിലെ ഗാനങ്ങൾ റിലീസ് ചെയ്യിക്കുന്നത് . അങ്ങിനെ ചെയ്യുന്നതിന്റെ പ്രധാന ഉദ്ദേശ്യം എന്താണ് ? അതിൽ തന്നെ പലപ്പോഴും സിനിമയ്ക്കു വേണ്ടി എഴുതിയ മുഴുവൻ ഗാനങ്ങൾ ചിത്രീകരിക്കാരുമില്ല . ആ സ്ഥിതിക്ക് സിനിമയുടെ ഷൂട്ട്‌ തുടങ്ങി കഴിഞ്ഞ് , സീനുകളിൽ തിരുത്തലുകൾ ഉണ്ടാകുമ്പോൾ ഇത്തരം ഗാനങ്ങൾ സംവിധായകന് ബാധ്യതയായി മാറില്ലേ ?

  ചില സിനിമ ഗാനങ്ങളുടെ ആദ്യ നാലുവരികൾ നല്ല അർത്ഥമുള്ളതായിരിക്കും , പക്ഷെ അനുപല്ലവിയിൽ വരുന്ന വരികളും ആദ്യമുള്ളതും ആശയപരമായി ഒരു ബന്ധവും കാണാറുമില്ല . അതെങ്ങിനെ സംഭവിക്കുന്നു ?

  ഇത്തരം പോസ്റ്റുകൾ വായിക്കുക എന്നതിലുപരി ഒരു പഠന കളരിയാക്കി മാറ്റാൻ ആണ് എന്ക്കിഷ്ടം . അത് കൊണ്ടാ ട്ടോ ഇങ്ങിനെ ചോദ്യങ്ങള ചോദിക്കുന്നത് . വീണ്ടുംവ വരാം .. ആശംസകൾ

  ReplyDelete
 45. @പ്രവീൺ ശേഖർ..ദേവാസുരം സിനിമയിലെ 'സൂര്യ കിരീടം.. ' എന്ന പാട്ട് നീലകണ്ഠന്റെ അമ്മ മരിച്ച സമയത്ത് അയാൾ പശ്ചാത്താപ മനസ്സോടെ അമ്മയുടെ കത്തുന്ന ചിതയിലേക്ക് ദൂരേ നിന്ന് നോക്കി നിൽക്കുമ്പോൾ ഉള്ള പാട്ട് തന്നെയാണ്..ഞനവിടെ ഒരു സന്ദർഭം പറഞ്ഞുവെന്നയുള്ളൂ...ആതെന്റെ തെറ്റ് തന്നെയാണ്.. ഇനി ചോദ്യങ്ങൾക്കുള്ള മറൂപടി........
  1,പാട്ട് എഴുതിയ ശേഷം കൊടുക്കുന്ന സംഗീതമാണോ അതോ സംഗീതം കൊടുത്ത ശേഷം ഉള്ള പാട്ടാണോ നല്ലത് ? ...എന്റെ വ്യക്തിപരമായ അഭിപ്രായം പറഞ്ഞാൽ..പാട്ടെഴുതിയ ശേഷം സംഗീതം നൽകുന്നതാണ് ഉത്തമം...കാരണം.സംഗീത സംവിധായകൻ നൽകുന്ന മീറ്റർ(താളവട്ടം) അനുസരിച്ച് ഗാനങ്ങൾ രചിക്കുമ്പോൾ കവി ഒരു പാട് അഡ്ജസ്റ്റുമെന്റിനു തയ്യാറാകേണ്ടി വരും....മത്രവുമല്ല ഭാവനക്ക് അവിടെ സ്ഥാനം കിട്ടാറില്ല…വാക്കുകൾ ട്യൂണി നനുസരിച്ചു എഴുതി ചേർക്കാനുള്ള തത്രപ്പാടിലായിരിക്കും..ഇന്നത്തെ ന്യൂ ജനറേഷന്‍ സിനിമകളിലെ പാട്ടുകള്‍ കേട്ടാല്‍ നമുക്ക് അത മനസിലാകും... ഒരിക്കൽ ഞാൻ എഴുതിയ പാട്ട് ഏം.ജി.രാധാകൃഷ്ണൻ ചേട്ടൻ ട്യുൺ ഇട്ടത് ഇത്തരുണത്തിൽ ഞാൻ ഓർക്കുന്നു “വനമാലീ നിൻ മാറിൽ ചേർന്നൂ പീനപയോധരയുഗളം,അനുരാഗീ നിൻ മുരളി ചൊരിഞ്ഞു പ്രഥമ സമാഗമ മധുരം”......ഇതു റ്റ്യൂണിട്ടിട്ടാണ് ഞാൻ എഴുതിയതെങ്കിൽ ഇത്രയും നന്നാവും എന്നു തോന്നുന്നില്ലാ............
  2, സംവിധായകനും തിരക്കഥാകൃത്തും ഒരു സിനിമയിൽ എപ്പോഴൊക്കെ പാട്ടുകൾ വേണം എന്ന് നിശ്ചയിക്കുന്നു എന്ന് പറഞ്ഞു . അതിൽ കൈ കടത്താൻ സംഗീത സംവിധായകന് അവസരം കിട്ടാറുണ്ടോ , ? ഇല്ലാ.........സമയവും,സന്ദർഭവും പറഞ്ഞിട്ട് കഥാ ഗതിക്കനു സരിച്ചു അവർ തീരുമാനിക്കുന്ന,ഗാന പശ്ചാത്തലം കവി എഴുതുന്നു..അത് സംഗീത സംവിധായകൻ ചിട്ടപ്പെടുത്തുന്നു.(ചിലപ്പോൾ ചിട്ടപ്പെടുത്തിയ റ്റ്യൂണിനനുസരിച്ച് പാട്ടുകളും എഴുതാറുണ്ട്) അവിടെ കൈ കടത്താൻ സംഗീത സംവിധായകനു ഒരു അവസരവും ഇല്ലാ..
  3, ഒരു സിനിമ ഇറങ്ങുന്നതിനു എത്രയോ മുന്പാണല്ലോ ആ സിനിമയിലെ ഗാനങ്ങൾ റിലീസ് ചെയ്യിക്കുന്നത് . അങ്ങിനെ ചെയ്യുന്നതിന്റെ പ്രധാന ഉദ്ദേശ്യം എന്താണ് ? അതിൽ തന്നെ പലപ്പോഴും സിനിമയ്ക്കു വേണ്ടി എഴുതിയ മുഴുവൻ ഗാനങ്ങൾ ചിത്രീകരിക്കാരുമില്ല . ആ സ്ഥിതിക്ക് സിനിമയുടെ ഷൂട്ട്‌ തുടങ്ങി കഴിഞ്ഞ് , സീനുകളിൽ തിരുത്തലുകൾ ഉണ്ടാകുമ്പോൾ ഇത്തരം ഗാനങ്ങൾ സംവിധായകന് ബാധ്യതയായി മാറില്ലേ ?
  തിരക്കഥ രൂപപ്പെട്ടു കഴിഞ്ഞാൽ സംവിധായകനും,തിരക്കഥാരചയിതാവും,നിർമ്മാതാവും ചേർന്ന് എത്ര പാട്ടുകൾ,എവിടെയൊക്കെ ഉപയോഗിക്കണം എന്ന് തീരുമാനമെടുക്കുന്നു.അവ റേക്കോഡ് ചെയ്തു വക്കുന്നു.നടീനടന്മാരുടെ ഡേറ്റ് അനുസരിച്ചാനു പിന്നെ ചിത്രീകരണം നടാക്കുന്നത്...അത് ചിലപ്പോൾ വർഷങ്ങൾ കഴിഞ്ഞെന്നുമിരിക്കും..എന്നാൽ പാട്ടിന്റെ വശ്യതകൊണ്ട് ആ ചിത്രം, നിർമ്മാണത്തിനു മിൻപേ തന്നെ ശ്രദ്ധിക്കപ്പെടുന്നൂ.. പിന്നെ ചിലചിത്രങ്ങളിൽ സിനിമയുടെ നീളക്കൂടുതൽ കാരണം ചില പാട്ടുകൾ ഉൾപ്പെടുത്താൻ കഴിയില്ലാ.. ഗാനങ്ങൾ ഒരിക്കലും നിർമ്മാതാവിനു ബാദ്ധ്യത ആകാറീല്ലാ..കാരണം.അതിന്റെ ഓഡീയോ റൈറ്റ്സ് മുന്നേ തന്നെ തീരുമാനിച്ചുറപ്പിക്കും..
  4 ചില സിനിമ ഗാനങ്ങളുടെ ആദ്യ നാലുവരികൾ നല്ല അർത്ഥമുള്ളതായിരിക്കും , പക്ഷെ അനുപല്ലവിയിൽ വരുന്ന വരികളും ആദ്യമുള്ളതും ആശയപരമായി ഒരു ബന്ധവും കാണാറുമില്ല . അതെങ്ങിനെ സംഭവിക്കുന്നു ?
  അത് ഗാന രചയിതാവിന്റെ ഭാവനാശുന്യത എന്നേ പറയാൻ കഴിയൂ.....

  ReplyDelete
 46. നല്ല പോസ്റ്റ്!
  അഭിനന്ദനങ്ങൾ ചന്തുവേട്ടാ!

  ReplyDelete
 47. എനിക്ക് കൂടുതലൊന്നും ഇക്കാര്യത്തില്‍ പറയാന്‍ അറിയില്ലെങ്കിലും പഴയ സിനിമാ പാട്ടുകളെ ഒരുപാടു ഇഷ്ടപ്പെടുന്ന ആള്‍ എന്നാ നിലയില്‍ പോസ്റ്റ്‌ വളരെ ഇഷ്ടമായി.
  ഗിരിഷ് പുത്തഞ്ചേരിയുടെ വരികള്‍ എന്നും ഒരത്ഭുതം തന്നെ.
  ചന്തു ഏട്ടനും പാട്ട് എഴുതാറുണ്ട് എന്നത് പുതിയ അറിവ്.
  ആശംസകള്‍.

  ReplyDelete
 48. ഇവിടെ പറഞ്ഞതെല്ലാം അക്ഷരം പ്രതി ശരിയാണ്. പഴയപാട്ടുകൾ സംഗീതത്തിലും സാഹിത്യത്തിലും മികച്ചവ തന്നെ. വയലാറിന്റെ ഭാവനാസൌകുമാര്യം അപാരം. അതിന്റെ നൂറയലത്ത് എത്തില്ല ഇന്നത്തെ ഗാനങ്ങൾ. അത്തരം അനുഗൃഹീതർ ഇനിയുമുണ്ടാവട്ടെ എന്നു നമുക്ക് ഹൃദയമുരുകി പ്രാർത്ഥിക്കാം. പോസ്റ്റ് കാണാൻ വൈകിപ്പോയതിൽ ഖേദിക്കുന്നു.

  ReplyDelete
 49. വളരെ നല്ലൊരു ലേഖനം മാഷേ... വളരെ ഇഷ്ടമായി.

  ReplyDelete
 50. സിനിമാപ്പാട്ടുകള്‍ ഇഷ്ടമാണ്. പഴയ പാട്ടുകള്‍ എപ്പോഴും മനസ്സില്‍‌ തങ്ങിനില്‍ക്കുന്നവ..
  പോസ്റ്റ് നന്നായിട്ടുണ്ട്.
  ആശംസകള്‍..

  ReplyDelete
 51. ഇഷ്ടമായി ,പഴയ സിനിമാപാട്ടുകള്‍ ആണ് ഇന്നും മനോഹരമായി തോന്നുന്നത് ,

  ReplyDelete
 52. വളരെ സന്തോഷം ഈ അറിവിന്

  ReplyDelete