Monday, July 30, 2012


കാക്കാരിശ്ശി നാടകം(ഒരു പാട്ട്)


കള്ളക്കരിക്കാടിമാസം, ഇല്ലായ്മയുടേയും, വല്ലായ്മയുടേയും മാസമാണ്.കഴിഞ്ഞ തവണത്തെ കർക്കിടകം പേമാരിയായ് കുത്തിയൊലിച്ചാർത്തിരുന്നു.കരളിൻ തുടിപ്പുകൾ കടലായ് ചമഞ്ഞിരുന്നു. ചിങ്ങം വന്നെത്തിയപ്പോൾ കുളിച്ചീറനുടുത്തപോൽ മാമരങ്ങൾ നിന്നിരുന്നുപൂവിറുക്കാൻ പൊലും പുറത്തിറങ്ങാൻ, അയ്യത്തെ കുട്ടികൾക്ക് പേടിയായിരുന്നു.എപ്പെഴാ മഴ തുള്ളിക്കൊരുകുടമായി തലയിൽ പതിക്കുക..     പക്ഷേ..ഇത്തവണ കർക്കിടകം പകുതിയായിട്ടും, മഴയില്ലാ കൂടെക്കൂടെ മാനമൊന്നിരുളും,മാനം പോയ പെണ്ണിനെപ്പോലെ.. പിന്നെയങ്ങ വെളുക്കും സ്വർണ്ണം കിട്ടിയ പെണ്ണിനെപ്പോലെ
ഇന്നലെ അവധി ദിവസമായിരുന്നു. ഞായറാഴ്ച..മടി ദിവസംഎനിക്ക് കുറേ നേരം ഉറങ്ങണം അതുകൊണ്ട് തന്നെ എന്നെ വിളിച്ചുണർത്തരുതെന്ന് ഭാര്യയോട് ശട്ടം കെട്ടിയിരുന്നൂ.. അവൾക്കത് പരിപാലിക്കാനായില്ലാ രാവിളെ ഏഴ് മണിക്ക് തന്നെ ഒരു കൂട്ടർ എത്തി. തൊട്ടടുത്തുള്ള വായനാശാലാ വാർഷികാഘോഷക്കമ്മിറ്റി ക്കാർ. ഓണപ്പരിപാടിക്ക് അവർക്കൊരു സിനിമാതാരത്തെ ഉൽഘാടകനായി കൊടുക്കണം.. അതിന്റെ രക്ഷാധികാരി എന്ന പദവി എനിക്ക് അലങ്കാരമായി കിട്ടിയിരുന്നത് കൊണ്ട് പറ്റില്ലാ എന്ന് പറയാൻ പറ്റിയില്ലാഞാൻ ഒരു നടനനെ വിളിച്ച് കാര്യമുണർത്തിച്ചു. അദ്ദേഹം വരാമെന്നേറ്റൂ കമ്മറ്റിക്കാർക്ക് സന്തോഷംഞാൻ വീണ്ടും കിടക്കയിലേക്ക് . വീണ്ടും വിളിനാദംഇത്തവണ പിരിവുകാരാണ്. എതാണ്ട് പത്തോളം കൂട്ടർ എത്തി പിരിവിനും,ഓണ മത്സരങ്ങളിൽ ജഡ്ജായിരിക്കുവനും മറ്റുമൊക്കെയായി.. ആറുമണിക്കാണു അയ്യാൾ എത്തിയത് കഴിഞ്ഞപ്രാവശ്യം കണ്ടതിനേക്കാൾ നന്നായി ക്ഷീണിച്ചിരിക്കുന്നൂ മണിയൻ എന്നാണ് അയ്യാളുടെ പേര്.ഒരു കാക്കാരിശ്ശിനാടക കലാകാരൻ ഇത്തവണ ഓണത്തിന് അയ്യാൾക്ക് രണ്ട് മൂന്ന് പ്രോഗ്രാമെങ്കിലും ശരിയാക്കിക്കൊടുക്കണം എന്ന അഭ്യർത്ഥനയുമായി എനിക്ക് ഒട്ടും നിരസിക്കാൻ പറ്റിയില്ലാ..കാരണം ഞാനും ഒരു കലാകാരനാണല്ലോ!.
ചായകുടിച്ച്, അയ്യാൾ പടിയിറങ്ങുമ്പോൾ മനസ്സ് പറഞ്ഞു “അന്യം നിന്ന് പോകുന്ന ഒരു നാടോടികലാരൂപം കൂടി”
കാക്കാരിശ്ശി നാടകം.
കേരളത്തിൽ, ഒരു കാലത്ത് വളരെയധികം പ്രചാരത്തിലിരുന്ന ഒരു നാടോടി കലാരൂപമാണ് “കാക്കാരിശ്ശി നാടകം” ഹാസ്യ രസമാണ് ഇതിന്റെ പ്രധാന ഭാവം. കാക്കാൻ,കാക്കാത്തിമാർ, തമ്പ്രാൻ തുടങ്ങിയ കഥാപാത്രങ്ങളണ് വേദിയിലെത്തുന്നത്.. നൃത്തവും,ഗീതവും, വാദ്യവും ഒരുപോലെ സമ്മേളിക്കുന്ന ഇതിലെ പാട്ടുകൾ മിക്കവാറും അയ്യടിത്താളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.” താ..താ..തക തീ തക താതെയ്യ്, തെയ്താതക ധിമിതക താതെയ്യ് എന്ന ചൊല്ല് ഇതിൽ പ്രധാനമാണ്. കുറവ സമുദാ യത്തിൽപ്പെട്ട ആൾക്കാരാണ് ഇതു കൂടുതലായും അവതരിപ്പിക്കുന്നത്. കാക്കാനും കാക്കാത്തി യുമായുള്ള ശണ്ഠയും അതിലിടപെടുന്ന തമ്പ്രാനും, പിന്നെ നാട്ട് കാര്യങ്ങളും,വീട്ട് കാര്യങ്ങളും ഹാസ്യരൂപേണ അവതരിപ്പിക്കുന്നതും, രണ്ട് ഭാര്യമാരുള്ള കാക്കാന്റെ ധർമ്മ സങ്കടങ്ങളും, മദ്യപാനിയായ കാക്കാന്റെ വിഡ്ഡിത്തങ്ങളും ഇതിൽ വിഷയങ്ങളാകുന്നു ശിവനും പാർവ്വതിയും, കുറവനും ,കുറത്തിയായും ഭൂമിയിലെത്തിയതിന്റെ പ്രതീകാത്മക ചിന്തയായിരിക്കാം ഇത്തരത്തിലുള്ള ഒരു കലാരൂപം ഉണ്ടായതിന്റെ പിന്നിലെ മിത്ത്. പരമശിവനും രണ്ട് ഭാര്യമാരുണ്ടായിരുന്നല്ലോ( പാർവ്വതിയും,ഗംഗയും). അത്തരത്തിലുള്ള ഒരു കാക്കാലന്റേയും, കാക്കാലത്തി യുടേയും കർക്കിടമാസ വിശേഷങ്ങൾ പറയുന്ന ഒരു ഗാനം ഇന്നലെ രാത്രി ഞാനെഴുതി. അതന് നിമിത്തമായ മണിയൻ എന്ന വ്യക്തിക്ക് സമർപ്പണമാണീ ഗാനം.

ഗാനം


അന്തിക്കള്ള് മോന്തിക്കൊണ്ടേ ആടിവരും കാക്കാന്റെ
പാടിയിലെ പൊൻ കാക്കാത്തിക്കുള്ളീന്നൊരരിശ്ശത്താളം..
അരിശ്ശത്താളം.

കാക്കാത്തിച്ചൊല്ലിന് ദ്രുത താളം
കാക്കാന്റെ ചോടന് വിളംബതാളം

പത്ത് പെറ്റ പെണ്ണേ നീയും പത്ത് മാറ്റ് തങ്കം പോലെ
പമ്മിപ്പതുങ്ങിപടിക്കലെത്തിച്ചൊല്ലി പാവം കാക്കാനും
                      താക തൈ, പാവം കാക്കാനും.

പനങ്കള്ളിൻ മധുരംചേർത്തൊരു മധുമൊഴി കേൾക്ക്കേണ്ട
തമ്പ്രാന്റെ കൂടെ നടന്നിട്ടില്ലാക്കളിയാടിക്കോ,
പെറ്റ പത്ത് വയറു നിറക്കാൻ കടം വാങ്ങാനിടമില്ലാ
കാക്കാത്തിക്കരിശം കൂടി തെയ്താതക തിത്തെയ്യ്തോം

കളിയല്ലെടി  കാര്യം പെണ്ണേ പൊടിമൂടും കുഴിത്താളം
കൊണ്ട് പോരെ തിരുവോണനാളിലുണ്ട് കളിവേല
കാക്കാത്തിക്കരിശം മാറി കാക്കാനതി രസമായി
കാരശ്ശേരി കാവിലന്ന് കാക്കാരിശ്ശി നടമാടി.
                  ……………………..
(മുപ്പത് വർഷങ്ങൾക്ക് മുൻപ് ഞാനൊരു കാക്കാരിശ്ശിൻ നാടകം എഴിതിയിരുന്നു.അന്ന് അത് വേദിയിൽ അവതരിപ്പിച്ചത് എന്റെ അനുജനും അനുജത്തിയും ഞാനുമായിരുന്നു.വർഷങ്ങൾക്ക് ശേഷം എന്റെ മൂത്ത സഹോദരിയുടെ അറുപതാം ജന്മനാളിൽ  എന്റെ അനന്തിരവളും (റാണിശ്രീ)അനന്തിരവനും(ശ്രീരാജ്) അത് വേദിയിൽ അവതരിപ്പിച്ചപ്പോഴുള്ള ചിത്രം)