Saturday, March 5, 2016

കവിതകളെഴുതുമ്പോൾകലാസൃഷ്ടികളുടെയെല്ലാം ആത്യന്തികലക്ഷ്യം വിനിമയമാണ്, സംവേദനമാണ്. കേവലാശയങ്ങൾ, വിവരങ്ങൾ, വ്യഞ്ജിപ്പിക്കുകയോ ധ്വനിപ്പിക്കുകയോ ചെയ്യുന്ന കാര്യങ്ങൾ, അനുഭൂതികൾ, വികാരങ്ങൾ, ഭാവങ്ങൾ തുടങ്ങി പലതും വിനിമയം ചെയ്യാനുണ്ട്. ഇതിനുള്ള ഉപാധികൾ വ്യത്യസ്തമായിരിക്കും എന്നുമാത്രം. ചിത്രകലയിൽ വരകളും വർണ്ണങ്ങളുമാകും സംഗീതത്തിൽ സ്വരങ്ങളാകും സാഹിത്യത്തിൽ വാക്കുകളാകും. വാക്കുകൾകൊണ്ടു നിർമ്മിച്ചെടുക്കുന്ന ഒരു കലാരൂപമാണ് സാഹിത്യം. അതിന്റെ ഒരു ശാഖ കവിതയും.
ഭാഷയിൽ നിർമ്മിക്കപ്പെടുന്ന കലാരൂപമാണെങ്കിലും കവിതയ്ക്ക് അതിന്റേതായ ഒരു സവിശേഷമാധ്യമമുള്ളതായി കവികൾക്ക് ബോധ്യമുണ്ടാകണം. സാമാന്യവ്യവഹാരത്തിൽനിന്ന് ഭിന്നമായ ഭാഷ, വൃത്തനിബദ്ധമായ പദ്യമോ, താളാത്മകമായ ഗദ്യമോ ആയ ആഖ്യാനം, അലങ്കാരകല്പനകൾ, കാവ്യഭാഷയുടെ വിനിയോഗം തുടങ്ങി നിരവധി പ്രത്യേകതകൾ കവിതയ്ക്കുണ്ട്. ഇവയിലുടെ കടന്നുപോകുമ്പോൾ കൈവരുന്ന സൌന്ദര്യാനുഭൂതിയും ഉളവാക്കുന്ന വികാരവായ്പും സ്ഫുരിക്കുന്ന ഭാവങ്ങളും ആസ്വാദകനു ലഭിക്കുന്നിടത്ത് കവി വിജയിക്കുന്നു.
ചിലർക്ക് സാഹിത്യവാസന ജന്മസിദ്ധമാണ്. മറ്റുചിലരാകട്ടെ വായിച്ചും എഴുതിയും ചിന്തിച്ചും ഈ സിദ്ധി കൈവശമാക്കുന്നു. നമ്മൾ ഒരു കവിത എഴുതുമ്പോൾ കവിതയ്ക്ക് നാം ഉൾക്കൊണ്ട വിഷയത്തെ ആദ്യം മനനം ചെയ്യണം. നമുക്ക് അറിയാത്ത വിഷയങ്ങളാണെങ്കിൽ അതിനെക്കുറിച്ചു പഠിക്കണം എന്നിട്ടേ കവിത എഴുതാവൂ…. ഒരുദാഹരണം പറയാം : ഒരു കവിതയിൽ തോറ്റംപാട്ടിനെക്കുറിച്ച് പറയുന്നുവെങ്കിൽ തോറ്റംപാട്ടിനെക്കുറിച്ചു നമ്മൾ മനസ്സിലാക്കിയിരിക്കണം. അത്തരത്തിൽ തോറ്റംപാട്ടിനെക്കുറിച്ച് ഒരു കവി എന്നോട് ചോദിച്ചതുകൊണ്ടാണ് ഈ ലേഖനം.
തോറ്റം
തെക്കൻകേരളത്തിലെ (തിരുവിതാംകൂർ പ്രദേശം) ഭദ്രകാളിക്ഷേത്രങ്ങളിൽ നടത്തിവരുന്ന ഒരു അനുഷ്ഠാനമാണ് തോറ്റംപാട്ട്. രണ്ടാം വിളവെടുപ്പിനു ശേഷം വാദ്യമേളങ്ങൾ, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ ഭദ്രകാളിയെ ശ്രീകോവിലിൽനിന്നും എഴുന്നള്ളിച്ച് പാട്ടമ്പലത്തിൽ കുടിയിരുത്തി, ഭദ്രകാളിയുടെ അവതാരകഥ ആദ്യാവസാനം പാടുന്ന ഒരു അനുഷ്ഠാനമാണു തോറ്റംപാട്ട്.
മീനമാസത്തിലെ ഭരണിനാൾമുതലാണ് ഈ പാട്ടുപാടുന്നത്. പ്രത്യേകം കെട്ടിയുണ്ടാക്കിയ പച്ചപ്പന്തലിൽ (മുൻഭാഗം കാണത്തക്കവിധം തെങ്ങോല, പച്ചയോടെ മെടഞ്ഞ്, കുത്തിവയ്ക്കുന്നു.) വച്ചാണ് പാട്ട്/തോറ്റം പാടുന്നത്. പന്തൽ ചാണകം മെഴുകി ശുദ്ധിവരുത്തിയിരിക്കും. പാട്ടു തുടങ്ങുന്ന ദിവസം കാപ്പുകെട്ടുക എന്നൊരു ചടങ്ങുണ്ട്. പാട്ടുത്സവം കഴിഞ്ഞേ കാപ്പഴിക്കുകയുള്ളൂ.
എല്ലാ ഭദ്രകാളിക്ഷേത്രങ്ങളിലും തോറ്റംപാട്ടു നടത്താറില്ല, ഭദ്രകാളിയുടെ പ്രതിരൂപമായ മുടി വെച്ച് ആരാധിക്കുന്ന ക്ഷേത്രങ്ങളിലാണു സാധാരണ തോറ്റംപാട്ട് നടത്താറുള്ളത്. മുടി എന്നതു തെയ്യത്തിന്റെ തലയിലെ വലിയ കിരീടങ്ങൾപോലെ കാണപ്പെടുന്ന, പ്ലാമ്പലകയിൽ കൊത്തിവെച്ച ഭദ്രകാളീമുഖവും തോളുവരെയുള്ള ഭാഗങ്ങളുമാണ്. ഭദ്രകാളിയുടെ തലമുടിയായി ധാരാളം പാമ്പുകളെ ഇതിൽ കൊത്തിവെക്കപ്പെട്ടതായി കാണാം. ഇതു ക്ഷേത്രങ്ങളിൽ ശ്രീകോവിലിൽനിന്നും മാറി മറ്റൊരു മുറിയിൽ (മുടിപ്പുരയിൽ) വെച്ചാരാധിക്കുന്നതാണ്. ഇങ്ങനെ മുടിയും മുടിപ്പുരയും ഉള്ള ക്ഷേത്രങ്ങളിൽമാത്രമാണു തോറ്റംപാട്ടു നടത്തുക.പാട്ടു സധാരണയായി വൈകിട്ടാണു നടത്തുക.
പാട്ടു രണ്ടു പകുതിയായാണു ക്രോഡീകരിച്ചിരിക്കുന്നത്. ഇതിന്റെ ആദ്യ പകുതിയിൽ ശിവന്റെ മകളായ കാളി ജനിക്കുന്നതും ദാരികനെന്ന അസുരനെ കൊലപ്പെടുത്തുന്നതുമാണു വർണ്ണിച്ചിരിക്കുന്നത്. എന്നാൽ രണ്ടാം പകുതി കണ്ണകീചരിതത്തിലധിഷ്ഠിതമാണ്. വടക്കൻ കൊല്ലം പങ്കിപാലകർ എന്ന പ്രമാണിയുടെ ജനനവും കാളിയെ അദ്ദേഹം വിവാഹം കഴിക്കുന്നതും പിന്നീടു ചിലമ്പു വില്ക്കാൻ പാണ്ടിനാട്ടിൽ പോകുന്നതും അവിടെവെച്ചു കൊല്ലപ്പെടുന്നതും ഈ ഭാഗത്തിന്റെ ഇതിവൃത്തമാണ്. ഭർത്താവിനെ അന്വേഷിച്ച് പാണ്ടിനാട്ടിലെത്തുന്ന കാളി പാണ്ടിനാടു മുടിച്ചുചാമ്പലാക്കി മലനാടു കയറി കൊടുങ്ങല്ലൂരിൽ വന്ന് ഇരിക്കുന്നതോടെ തോറ്റം അവസാനിക്കുന്നു. ഓരോ ദിവസവും ഗണപതിപ്പാട്ടു പാടിക്കൊണ്ടാണു തോറ്റം ആരംഭിക്കുന്നത്.
“ പത്തു നൂറായിരക്കോടി കനകവിളക്കും കൊളുത്തിവെച്ച്
പിറന്തവാൻ ഗണപതിയെ തായോടും പൂജിക്കാൻ തുടങ്ങുന്നേ
മാതാവേ...
ശോഭകലർന്നൊരു തമ്പുരാൻ തൻ‌മകൾ
ശോഭയോടെ വന്നിട്ട് അമൃത് പെയ്‌വാൻ

അതിനെ തുടർന്ന് ഒരുക്കലുകളെക്കുറിച്ചു പാടുന്നു.
“ നിലം വിളക്കയോ അമ്മേ തൂപ്പിക്കുന്നേ
നിലം കറുക്കയോ അമ്മേ തളിർപ്പിക്കുന്നിതാ
പഞ്ചവർണ്ണനോ എന്ന കുളിർ കണ്ടിട്ട്
കലശം കൂടയോ വെച്ചങ്ങാടിക്കുന്നേ. ”
നിലവിളക്കും, പൂവിളക്കും, കലശവും, കരിക്കും, കമുകിന്റെ പൂങ്കുലയും പൂവുകളും, പട്ടും മറ്റും വെച്ച് പീഠങ്ങൾ അലങ്കരിച്ച് അതിൽ ദേവിയുടെ ചിലമ്പും വാളും വെച്ച് അലങ്കരിച്ച് തുടർന്ന് ദേവിയെത്തന്നെ ആഹ്വാനംചെയ്ത് പന്തലിൽ ഇരുത്തിയാണ് പ്രധാന പാട്ട് തുടങ്ങുന്നത്.
പാലകൻ എന്നത് ചിലപ്പതികാരെത്തിലെ കോവലനാണെന്നും, കോവലന്റെ തത്ഭവമായ ഗോപാലൻ ലോപിച്ചാണ് പാലകൻ എന്നു വന്നതെന്നും സാഹിത്യചരിത്രത്തിൽ ഉള്ളൂർ അഭിപ്രായപ്പെട്ടിട്ടുണ്ട്
തോറ്റംപാട്ട്
തെയ്യങ്ങൾക്കും അവയോടനുബന്ധിച്ചു തലേന്നാൾ കെട്ടിയാടുന്ന തോറ്റം, വെള്ളാട്ടം എന്നിവയ്ക്കും പാടുന്ന അനുഷ്ഠാനപ്പാട്ടുകളെയാണ്‌ തോറ്റംപാട്ടുകൾ എന്നു പറയുന്നത്. കേരളത്തിൽ തെയ്യത്തിനുപുറമേ മറ്റു പല അനുഷ്ഠാനങ്ങൾക്കും തോറ്റംപാട്ടുകൾ പാടാറുണ്ട്. വണ്ണാൻ, മലയൻ, അഞ്ഞൂറ്റാൻ , മുന്നൂറ്റാൻ തുടങ്ങി തെയ്യം കെട്ടിയാടുന്ന സമുദായങ്ങളുടെ വംശീയമായ അനുഷ്ഠാനപ്പാട്ടുകളാണു തോറ്റംപാട്ടുകൾ. തെയ്യാട്ടത്തിന്റെ ആദിഘട്ടമാണ്‌ തോറ്റം. ദൈവത്തെ വിളിച്ചുവരുത്താൻ ഉപയോഗിക്കുന്നതും, ദൈവചരിത്രം വർണ്ണിക്കുന്നതുമായ പാട്ടാണിത്.
തോറ്റം എന്ന പദത്തിന്‌ സ്തോത്രം (സ്തുതി) എന്ന് അർത്ഥം പറയാറുണ്ട്. സൃഷ്ടിക്കുക, പുനരുജ്ജീവിപ്പിക്കുക എന്നീ അർത്ഥമുള്ള തോറ്റുക എന്ന ക്രിയാരൂപത്തിന്റെ ക്രിയാനാമരൂപമാണ്‌ തോറ്റം എന്നാണ്‌ ഗുണ്ടർട്ട് നിഘണ്ടു പറയുന്നത്. തമിഴിൽ തോറ്റം എന്ന പദത്തിന്റെ അർത്ഥം കാഴ്ച, ഉല്പത്തി, പുകഴ് (കീർത്തി), സൃഷ്ടി, രൂപം, ഉദയം തുടങ്ങി പല അർത്ഥങ്ങളും ഉണ്ട്. തോറ്റത്തിനു തോന്നൽ, വിചാരം എന്നും തോറ്റം പാട്ടിനു സ്തോത്രമെന്നും ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള അർത്ഥം നല്കുന്നു. തോന്നുക എന്ന പദത്തിന്റെ നാമമാണു തോറ്റം. അത് അമ്മയുടെ ജനനം പരാക്രമം തുടങ്ങിയവ വിവരിക്കുന്ന പാട്ടാണെന്നു ചേലനാട്ട് അച്യുതമേനോൻ പറയുന്നു. തോറ്റി എന്നതിനു സൃഷ്ടിച്ച എന്നാണർത്ഥമെന്നും ചേലനാട്ട് പറയുന്നു. പൂരക്കളിപ്പാട്ടിന്റെ വ്യാഖ്യാനത്തിൽ പാഞ്ചാലിഗുരുക്കൾ തോറ്റുക - ഉണ്ടാക്കുക എന്ന അർത്ഥം നല്കിയതിനെ ഉദ്ധരിച്ച് സി.എം.എസ്. ചന്തേര, തോറ്റുക എന്നതിനു ഉണ്ടാക്കുക എന്നും അർത്ഥം കൊടുത്ത് സങ്കല്പ്പിച്ചുണ്ടാക്കുന്നതാണ്‌ തോറ്റം എന്നു പറയുന്നു. ഉണ്ടാക്കൽ, പ്രത്യക്ഷപ്പെടുത്തൽ എന്നീ അർത്ഥങ്ങളാണു തോറ്റത്തിനെന്ന് ഡോ.രാഘവൻ പയ്യനാട് അഭിപ്രായപ്പെടുന്നു.
എല്ലാ സമുദായക്കാരുടെയും തോറ്റംപാട്ടുകൾ ഒരേ സ്വഭാവമുള്ളവയല്ല. അവതരണസ്വഭാവവും സന്ദർഭവുമനുസരിച്ച് മിക്ക തെയ്യത്തോറ്റങ്ങൾക്കും വിവിധ അംഗങ്ങളുണ്ട്. വരവിളിത്തോറ്റം, സ്തുതികൾ, അഞ്ചടിത്തോറ്റം, മൂലത്തോറ്റങ്ങൾ, പൊലിച്ചുപാട്ട്, ഉറച്ചിൽതോറ്റം, മുമ്പുസ്ഥാനം, കുലസ്ഥാനം, കീഴാചാരം തുടങ്ങി വിവിധ പേരുകളിൽ അറിയപ്പെടുന്ന ഘടകങ്ങൾ തെയ്യത്തോറ്റങ്ങളിൽ കാണാം.
വരവിളി
$$$$$$
കോലക്കാരൻ(തെയ്യം കെട്ടുന്ന ആൾ) ധരിക്കുന്ന വേഷത്തിൽ ദൈവത്തെ എഴുന്നള്ളിക്കാൻവേണ്ടി ചൊല്ലുന്ന പാട്ടിനെയാണ് തെയ്യത്തോറ്റം എന്നു പറയുന്നത്. വരവിളി തോറ്റത്തിലെ ഒരു പ്രധാന ഭാഗമാണ്‌. കോലക്കാരനിൽ ദൈവത്തെ ആവാഹിക്കാനുള്ള പ്രാർത്ഥനാപൂർ‌വ്വമായ വിളിയാണ്‌ വരവിളി.
പൊലിച്ചുപാട്ട്
&&&&&&&&&&
നാട്, നഗരം, പീഠം, ആയുധം, തറ, കാവ്, മറ്റു സ്ഥാനങ്ങൾ എന്നിവയ്ക്ക് പൊലിക, പൊലിക (ഐശ്വര്യം വർദ്ധിപ്പിക്കൽ)പാടുന്നതാണ്‌ പൊലിച്ചുപാട്ട്. ഇതിൽ തെയ്യങ്ങളുടെ സഞ്ചാരപഥം (നടവഴി), കുടികൊണ്ട സ്ഥാനം, തെയ്യത്തിന്റെ കഥ എന്നിവ ഉൾകൊള്ളുന്നു. പോരാതെ വാഴ്ക, വാഴ്ക എന്ന വാഴ്ത്തുപാട്ടും ഇതിൽ ഉണ്ടാകും. തായ്പരദേവത, മുച്ചിലോട്ടു ഭഗവതി തുടങ്ങിയ ഭഗവതിമാരുടെ പൊലിച്ചുപാട്ടിന്‌ കൈലാസംപാടൽ എന്ന വിശേഷപേരും ഉണ്ട്.
ഉറച്ചിൽതോറ്റം
&&&&&&&&&&&
പൊലിച്ചുപാട്ട് കഴിഞ്ഞാലുള്ള ഭാഗമാണ്‌ ഉറച്ചിൽതോറ്റം.
വരവിളി, പൊലിച്ചു പാട്ട്, ഉറച്ചിൽതോറ്റം എന്നീ മൂന്നു ഭാഗങ്ങൾ എല്ലാ തോറ്റങ്ങളിലുമുണ്ട്.
തോറ്റംപാട്ടുകൾ തെയ്യത്തിന്റെ കഥയാണ്‌. ദേവനായി അവതരിച്ച് മനുഷ്യഭാവത്തിൽ ജീവിച്ചവർ, മനുഷ്യനായി ജനിച്ച് മരണാനന്തരം ദേവതമാരായി മാറിയവർ, ദേവതകളായി പരിണമിച്ച ചരിത്രപുരുഷന്മാർ, മേൽ‌ലോകത്തുനിന്നു കീഴ്‌ലോകത്തേക്കിറങ്ങി അലൗകികത കൈവിടാതെ ഭൂലോകത്തു കുടികൊള്ളുന്നവർ, ഭൂമിയിൽ ജനിച്ച് ആത്മാഹുതിചെയ്തശേഷം ദേവതകളായി ഭൂമിയിലേക്കിറങ്ങിയവർ, മൃഗരൂപികളായ ദൈവങ്ങൾ, ദേവതാരൂപം ധരിച്ച തിര്യക്കുകൾ, സ്വർഗം പൂകിയ ശേഷം ഭൂമിയിലേക്കുതന്നെ ദേവതകളായി വന്നുചേർന്ന പുരാതനകഥാപാത്രങ്ങൾ, അഗ്നിയിൽനിന്നും,പാൽക്കടലിൽനിന്നും,വെള്ളത്തിൽനിന്നും വിയർപ്പിൽനിന്നും പൊട്ടിമുളച്ചവർ, യോനീബന്ധമില്ലാത്ത ദിവ്യപ്പിറവികൾ എന്നിങ്ങനെ വൈവിധ്യമായ അനേകം ദേവതകളുടെ പുരാവൃത്തങ്ങൾ തെയ്യത്തോറ്റങ്ങൾ പറയുന്നു.
തെയ്യങ്ങൾക്കും, തിറകൾക്കും തലേന്നാൾ തോറ്റമോ,വെള്ളാട്ടമോ കെട്ടിപ്പുറപ്പെടും. കോലക്കാരൻ വേഷമണിഞ്ഞ് കാവിന്റെയോ, സ്ഥാനത്തിന്റേയോ പള്ളിയറയുടെയോ മുന്നിൽ വെച്ചു തോറ്റം പാട്ടുകൾ പാടുകയും ചെണ്ടയോ തുടിയോ താളവാദ്യമായി ഉപയോഗിക്കുകയും പാട്ടിന്റെ അന്ത്യത്തിൽ ഉറഞ്ഞുതുള്ളി നർ‍ത്തനംചെയ്യുകയും ചെയ്യും. അതാണു തോറ്റം. തോറ്റത്തിന്റെ വേഷവിധാനം വളരെ ലളിതമാണ്‌. കാണിമുണ്ടെന്ന വസ്ത്രമുടുക്കുകയും പട്ടും തലപ്പാളിയും തലയ്ക്കു കെട്ടുകയും ചെയ്യും. അരയിൽ ചുവപ്പു പട്ടു ചുറ്റും. കോലക്കാരൻ പട്ടുടുത്ത് തലയിൽ പട്ടുതുണികെട്ടി കാവിനു മുമ്പിൽ വന്ന് കൈ ഉയർത്തി കൈകൂപ്പി താഴ്ന്നുവണങ്ങുന്നു. പറിച്ചുകൂട്ടിത്തൊഴുക എന്നാണു ഇതിനു പറയുക. തോറ്റത്തിനു മുഖത്തുതേപ്പു പതിവില്ല. ദേവതാസ്ഥാനത്തുനിന്നും കൊടുക്കുന്ന ചന്ദനം നെറ്റിയിലും മാറിടത്തിലും പൂശും. ചന്ദനം പൂശി ദിക്കുവന്ദനം നടത്തി കൊടിയില വാങ്ങുന്നു. കർ‍മ്മിയാണു കൊടിയില കൊടുക്കുന്നത്. പിന്നെ വീണ്ടും നാലുദിക്കു വന്ദനം നടത്തി കാവിനെ വലംവെച്ചു തോറ്റത്തിനു നില്ക്കും. തോറ്റത്തിൽ പ്രധാനമായി പിന്നണിയിൽനിന്നു പാടുന്ന ആളിനെ പൊന്നാനി എന്നു പറയുന്നു. തോറ്റംപാട്ടിന്റെ അരങ്ങിന് ഏതാണ്ട് കഥകളിയിലേതിനോടു സാമ്യമുണ്ടെങ്കിലും ഇവിടെ നടനും (തോറ്റവും) പാടുന്നു.
തോറ്റം കെട്ടിയാടുന്ന കോലക്കാരനും, ഗായകസംഘവുംകൂടി പാടുന്ന ഗാനമാണ്‌ തോറ്റംപാട്ട്. തോറ്റംപാട്ടു പാടുന്ന വേഷം തോറ്റവും, തോറ്റമെന്ന വേഷം(തോറ്റക്കാരൻ) പാടുന്ന പാട്ടു തോറ്റംപാട്ടുമാണ്‌.
ഉത്തരകേരളത്തിന്റെ സാമൂഹികവും സാമുദായികവും സാംസ്കാരികവുമായ അനേകം കാര്യങ്ങൾ തോറ്റങ്ങളിലൂടെ അറിയാൻ കഴിയും. പ്രാചീനകാലത്തെ ജനജീവിതത്തിന്റെ നാനാവശങ്ങൾ അറിയാൻ തെയ്യത്തോറ്റങ്ങൾ സഹായിക്കുന്നു. ആചാരങ്ങൾ, ഉപചാരങ്ങൾ, അനുഷ്ഠാനങ്ങൾ, വിശ്വാസങ്ങൾ, ആരാധാനാക്രമം, ജനനമരണപര്യന്തമുള്ള സംസ്കാരചടങ്ങുകൾ, തൊഴിൽ, ഉല്പാദനപ്രക്രിയ, വിപണനസമ്പ്രദായം, ദായക്രമം തുടങ്ങിയവയെക്കുറിച്ചുള്ള അറിവുകൾ തോറ്റങ്ങള്ളിൽനിന്നു ലഭിക്കുന്നു. 
പഴയകാലത്ത് സമൂഹത്തിലുണ്ടായിരുന്ന അനാശാസ്യപ്രവണതകളും തെയ്യത്തോറ്റങ്ങളിലൂടെ മനസ്സിലാക്കാൻ കഴിയും. ഭാര്യമാരുടെ ഏഷണി കേട്ട് സഹോദരിയെ കൊലചെയ്യുന്ന സഹോദരൻന്മാരെ കടവാങ്കോടു മാക്കത്തിന്റെ തോറ്റത്തിൽ കാണുവാൻ കഴിയും. മരുമക്കത്തായസമ്പ്രദായത്തിന്റെ ശൈഥില്യവും പരാജയവുമാണ്‌ ചില തോറ്റങ്ങളിൽ ഉള്ളത്. നാടുവാഴിത്തത്തിന്റെ കെടുതികൾ വ്യക്തമാക്കുന്ന തോറ്റങ്ങളുമുണ്ട്. ജാതിവൈകൃതത്തിന്റെയും അയിത്താചാരങ്ങളുടെയും നിരർത്ഥകത വെളിപ്പെടുത്തുന്ന ഇതിവൃത്തങ്ങളാണു ചില തെയ്യത്തോറ്റങ്ങളിലുള്ളത്. പൊട്ടൻതെയ്യത്തിന്റെ തോറ്റം ഒരു ഉദാഹരണമാണ്‌.
പഴയകാലത്തെ കടൽ‌വ്യാപാരം, വിപണനരീതികൾ തുടങ്ങിയവ തോറ്റംപാട്ടുകളിൽ കാണാം. മുമ്പ് പ്രാമുഖ്യം നേടിയിരുന്ന അഴിമുഖങ്ങളുടെ പേരുകളും ഈ പാട്ടുകളിൽ കാണാം. കുടക് തുടങ്ങിയ വനമേഖലകളുമായി കച്ചവടബന്ധം നടത്തിയതിന്റെ സ്വഭാവവും കതിവന്നൂർവീരൻതോറ്റം, പെരുമ്പഴയച്ചൻതോറ്റം തുടങ്ങിയവയിലൂടെ വ്യക്തമാകുന്നുണ്ട്. പരിസ്ഥിതിവിജ്ഞാനത്തിന്‌ തെയ്യത്തോറ്റങ്ങൾ ഒരു മുതൽക്കൂട്ടാണ്‌. വിവിധ പ്രകൃതികളെക്കുറിച്ചറിയാൻ അവയിലൂടെ കഴിയും. നിരവധി സ്ഥലനാമങ്ങളും ഇവയിൽ കാണാം. കുടകിലേക്കുള്ള സഞ്ചാരപഥത്തിലെ ഓരോ പ്രദേശത്തെക്കുറിച്ചും കതിവന്നൂർവീരൻതോറ്റത്തിൽ എടുത്തുപറയുന്നുണ്ട്. 
തോറ്റംപാട്ടുകളിലെ ഭാഷ
തോറ്റംപാട്ടുകൾ വിവിധ സമുദായക്കരുടെ പാരമ്പര്യധാരയാണെന്നതിനാൽ ഭാഷാഭേദങ്ങൾ അവയിൽ കാണാം. ഈ പാട്ടുകളെല്ലാം ഒരേ കാലഘട്ടത്തിലുള്ളവയല്ല. സംസ്കൃതത്തിന്റെ അതിപ്രസരം ചില തോറ്റങ്ങളിൽ കാണുമ്പോൾ മറ്റു ചിലവയിൽ തുളുവിന്റെയും തമിഴിന്റെയും സ്വാധീനം കാണാം. അത്യുത്തരകേരളത്തിലെ വ്യവഹാരഭാഷയുടെ സ്വാധീനവും തോറ്റംപാട്ടുകളിലുണ്ട്. അതേസമയം ശുദ്ധമലയാളശൈലിയിലുള്ളവയും കാണാൻ കഴിയും.
തെയ്യത്തോറ്റങ്ങൾ ബോധപൂർ‍‌വ്വമായ സാഹിത്യരചനകളാണെന്നു പറയാൻ കഴിയില്ലെങ്കിലും അവയിൽ സാഹിത്യമൂല്യം ഇല്ലെന്നു പറയാനാവില്ല. വർണ്ണനകളുടെ സർ‌വാം‌ഗീണസുഭഗത തോറ്റങ്ങളുടെ ഒരു സവിശേഷതയാണ്‌. ദേവതകളുടെ രൂപവർണ്ണന തോറ്റത്തിലെ മുഖ്യമായൊരു വിഷയമാണ്‌.
“ ചെന്താമര മലർകർ‌ണികയുലർന്നപോൽ
മൂന്നയുലർ‍ന്നെഴുന്നുള്ള പൊൻപൂക്കുല
മിന്നിമിന്നി പ്രഭാമണ്ഡലമതിന്നുടെ
വഹ്നികൾ മൂന്നായുയർന്ന കണക്കിനെ
വൃത്തവിസ്താരമായ് തെളുതേളെ വിളങ്ങിന
ചിത്രരത്നമണിയും പ്രഭാമണ്ഡലേ
............. .............. .......
കണ്ണെഴുത്തും കുറിയും കുനുചില്ലിയും
മന്ദഹാസം കലരും മുഖപത്മവും
കത്തുന്ന വഹ്നികളിരുകരസ്ഥലങ്ങളിൽ
വട്ടവാളും ധരിച്ചു കൊണ്ടിങ്ങനെ

ഈ ഭാഗം മടയിൽ ചാമുണ്ഡിയുടെ രൂപവർണ്ണനയാണ്‌. അകൃത്രിമവും ആശയസമ്പുഷ്ടവുമായ അലങ്കാരങ്ങൾ ചില തോറ്റങ്ങളിൽ കാണാം
“ തെളിവൊടുചന്ദ്രക്കലയതുപോലെ
വെളുവെളെയുള്ളോരു ദംഷ്ട്രാദികളും ”
“ പകലവനൊരു പതിനായിരമൊന്നി
ച്ചുദയംചെയ്തതുപോലെ ശോഭ ”
സാമാന്യജനങ്ങൾക്കുപോലും മനസ്സിലാകുന്ന ഉപമാലങ്കാരങ്ങളുള്ള ഈ ഭാഗം രക്തചാമുണ്ഡിത്തോറ്റത്തിലേതാണ്‌.
തെയ്യത്തോറ്റങ്ങളിൽ രസാവിഷ്കരണങ്ങളും കാണാം. വീരരൗദ്രഭാവങ്ങൾക്കാണ്‌ തോറ്റങ്ങളിൽ കൂടുതൽ പ്രാമുഖ്യമെങ്കിലും വികാരങ്ങളും തോറ്റംപാട്ടുകളിൽ കാണാം. മാക്കത്തോറ്റം, ബാലിത്തോറ്റം, കതുവന്നൂർ‌വീരൻതോറ്റം, വിഷ്ണുമൂർ‍ത്തിത്തോറ്റം തുടങ്ങിയ തോറ്റങ്ങളിൽ കരുണരസപ്രധാനമായ ഭാഗങ്ങൾ കാണാം. തെയ്യത്തോറ്റങ്ങളിൽ ജ്ഞാനവും ഭക്തിയും സാഹിത്യവും സമ്മേളിക്കുന്നു.
തെയ്യത്തോറ്റങ്ങളിൽ ചരിത്രവസ്തുതകൾ നേരിട്ടു പ്രതിപാദിക്കുന്നില്ലെങ്കിലും, ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ വസ്തുതകൾ മനസ്സിലാക്കാൻ ഇവ ഉപയോഗിക്കാം. തോറ്റംപാട്ടുകളെ പ്രാദേശിക ചരിത്രരചനയ്ക്കു നിദാനമായി സ്വീകരിക്കാവുന്നതാണ്‌.
തോറ്റത്തിനു ഉച്ചത്തോറ്റം, അന്തിത്തോറ്റം എന്നിങ്ങനെ വകഭേദമുണ്ട്. ആ പേരുകൾ തോറ്റം പുറപ്പെടുന്ന സമയത്തെ സൂചിപ്പിക്കുന്നതാണ്‌. കോലക്കാരൻ പട്ടു ചുറ്റിക്കെട്ടി ദേവതാസ്ഥാനത്തിനുമുന്നിൽ ചെണ്ടയുമായി വന്നുനിന്ന് തോറ്റംപാടി അവസാനിപ്പിക്കുകയാണ്‌ ഉച്ചത്തോറ്റത്തിൽ ചെയ്യുന്നത്. കക്കര ഭഗവതി, മുച്ചിലോട്ടു ഭഗവതി തുടങ്ങിയ തെയ്യങ്ങളുടെ ഉച്ചത്തോറ്റം ഉറഞ്ഞുതുള്ളുകകൂടി ചെയ്യും. എന്നാൽ അന്തിത്തോറ്റങ്ങൾ മിക്കതും ഉറഞ്ഞുതുള്ളാറുണ്ട്. വളരെ ചുരുക്കം ചില ദേവതകളുടെ അന്തിത്തോറ്റം മാത്രമേ ഉറഞ്ഞുതുള്ളാതിരിക്കുകയുള്ളൂ. തോറ്റങ്ങളുടെ ഉറഞ്ഞിളകിയാട്ടം ശരിയായ നർത്തനം തന്നെയാണ്‌ . തോറ്റം പുറപ്പെടാത്ത തെയ്യങ്ങൾക്കും തിറകൾക്കും തൽസ്ഥാനത്തു വെള്ളാട്ടം എന്ന വേഷമാണു പുറപ്പെടുക.
(കടപ്പാട്,വായന, കണ്ടറിവ്,കൊണ്ടറിവ്,കേട്ടറിവ്)


Sunday, February 28, 2016

കഥകളി (ഒരു തിരനോട്ടം )

കഥകളി
*********
കേരളത്തിന്റെ തനതായ ശാസ്ത്രീയ ദൃശ്യകലാരൂപമാണ് കഥകളി. ശാസ്ത്രക്കളി, ചാക്യാർകൂത്ത്, കൂടിയാട്ടം, കൃഷ്ണനാട്ടം, അഷ്ടപദിയാട്ടം, ദാസിയാട്ടം, തെരുക്കൂത്ത്, തെയ്യം, തിറ, പടയണി തുടങ്ങിയ ക്ലാസ്സിക്കൽ - നാടൻകലാരൂപങ്ങളുടെ അംശങ്ങൾ കഥകളിയിൽ ദൃശ്യമാണ്. 17, 18 നൂറ്റാണ്ടുകളിലായി വികസിതമായ ഈ കലാരൂപം ഒരുകാലത്ത് വരേണ്യവിഭാഗങ്ങൾക്കിടയിൽ മാത്രം ഒതുങ്ങിനിന്നിരുന്നുവെങ്കിലും ഇരുപതാം നൂറ്റാണ്ടിൽ മഹാകവി വള്ളത്തോൾ അടക്കമുള്ള ഉത്പതിഷ്ണുക്കളുടെ ശ്രമഫലമായി ഇന്ന് ലോകപ്രസിദ്ധി കൈവരിച്ചിരിക്കുന്നു.
നാട്യം, നൃത്തം, നൃത്യം എന്നിവയെ ആംഗികം, സാത്വികം, ആഹാര്യം എന്നീ അഭിനയോപോധികളിലൂടെ സമന്വയിപ്പിച്ച് അവതരിപ്പിക്കുകയാണ് ഒറ്റ വാചകത്തിൽ പറഞ്ഞാൽ കഥകളിയുടെ മർമ്മം.
കഥകളിക്കുവേണ്ടി രചിക്കപ്പെട്ട കാവ്യമായ ആട്ടക്കഥയിലെ സംഭാഷണ ഭാഗങ്ങളായ പദങ്ങൾ പാട്ടുകാർ പിന്നിൽനിന്നും പാടുകയും നടന്മാർ കാവ്യത്തിലെ പ്രതിപാദ്യം അരങ്ങത്ത് അഭിനയത്തിലൂടെ അവതരിപ്പിക്കുകയും ചെയ്യുന്നു. അഭിനയത്തിനിടയ്ക്ക് നടന്മാർ ഭാവാവിഷ്‌കരണപരവും താളാത്മകവുമായ രംഗചലനങ്ങളും അംഗചലനങ്ങളും പ്രദർശിപ്പിക്കുന്നു. പദങ്ങളുടെ ഓരോ ഭാഗവും അഭിനയിച്ചുകഴിയുമ്പോൾ ശുദ്ധനൃത്തചലനങ്ങൾ അടങ്ങുന്ന കലാശങ്ങൾ ചവിട്ടുന്നു. ഇങ്ങനെ അഭിനയത്തിലും അതടങ്ങുന്ന രംഗങ്ങളുടെ പരമ്പരയിലും കൂടി ഇതിവൃത്തം അരങ്ങത്ത് അവതരിപ്പിച്ച് രസാനുഭൂതി ഉളവാക്കുന്ന കലയാണ് കഥകളി.

നൃത്തം, നാട്യം, നൃത്യം, ഗീതം, വാദ്യം എന്നിങ്ങനെ അഞ്ചു ഘടകങ്ങളുടെ സമഞ്ജസ സമ്മേളനമാണ്‌ കഥകളി. ഇതു കൂടാതെ സാഹിത്യം ഒരു പ്രധാനവിഭാഗമാണെങ്ങിലും ഇതു ഗീതത്തിന്റെ ഉപവിഭാഗമായി കരുതപ്പെടുന്നു.
കളിതുടങ്ങുന്നതിനു മുൻപ്‌ മദ്ദളകേളി(അരങ്ങുകേളി/ശുദ്ധമദ്ദളം), വന്ദനശ്ലോകം, തോടയം, പുറപ്പാട്‌, മേളപ്പദം തുടങ്ങിയ പ്രാരംഭച്ചടങ്ങുകൾ ഉണ്ട്‌. പശ്ചാത്തലത്തിൽ ഭാഗവതർ ആലപിക്കുന്ന പദങ്ങൾ ഹസ്തമുദ്രകളിലൂടെയും, മുഖഭാവങ്ങളിലൂടെയും അരങ്ങത്തു നടൻമാർ അഭിനയിച്ചാണ്‌ കഥകളിയിൽ കഥ പറയുന്നത്. കഥകളിയിലെ വേഷങ്ങളെ പ്രധാനമായും പച്ച, കത്തി, കരി, താടി, മിനുക്ക്‌ എന്നിങ്ങനെ അഞ്ചായി തിരിച്ചിരിക്കുന്നു. പച്ച സത്ക്കഥാപാത്രങ്ങളും (സാത്വികം), കത്തി രാജസ കഥാപാത്രങ്ങളും(രാജാക്കന്മാരായ ദുഷ്ടകഥാപാത്രങ്ങളും) ആണ്‌. കരിവേഷം രാക്ഷസിമാർക്കാണ്‌. ചുവന്ന താടി താമസ(വളരെ ക്രൂരന്മാരായ) സ്വഭാവമുള്ള രാക്ഷസർ മുതലായവരും, കറുത്ത താടി കാട്ടാളർ മുതലായവരുമാണ്‌. ഹനുമാന്‌ വെള്ളത്താടിയാണ്‌ വേഷം. സ്ത്രീകളുടേയും മുനിമാരുടേയും വേഷം മിനുക്കാണ്‌. ഇത്തരത്തിൽ വേഷമണിയിക്കുന്നതിന് ചുട്ടികുത്ത് എന്നു പറയുന്നു.
പതിനേഴാം നൂറ്റാണ്ടിലാണ് കഥകളി ഉദ്ഭവിച്ചത്‌. കൊട്ടാരക്കരത്തമ്പുരാൻ രാമായണത്തെ എട്ട്‌ ദിവസത്തെ കഥയാക്കി വിഭജിച്ച്‌ നിർമിച്ച രാമനാട്ടമാണ്‌ പിൽക്കാലത്തു കഥകളിയായി പരിണമിച്ചത്‌. 1555-നും 1605-നും ഇടയ്ക്കാണ് രാമനാട്ടം ഉണ്ടാക്കിയത് എന്നാണ് പറയപ്പെടുന്നത്.
കഥകളിവേഷത്തെ പരിഷ്കരിക്കുകയും ചെണ്ട ഉപയോഗിക്കുകയും ചെയ്തത് വെട്ടത്തുനാട്ടുരാജാവായിരുന്നു. പാട്ടിനായി പ്രത്യേകം ആളെ നിറുത്തുന്ന രീതിയും വർണ്ണഭംഗിയുള്ള കിരീടങ്ങളും കടുത്തനിറത്തിലുള്ള കുപ്പായങ്ങളും പലവർണ്ണങ്ങളുപയോഗിച്ചുള്ള മുഖമെഴുത്തും വെട്ടത്തുരാജാവിന്റെ സംഭാവനയാണ്‌. ഇതിനെ വെട്ടത്തുനാടൻ എന്നാണ്‌ വിളിക്കുന്നത്. എത്യോപ്യയിലെ പരമ്പരാഗതവേഷമാണ്‌ ഇതിനു പ്രചോദനമായിട്ടുള്ളത് എന്നാണ് പണ്ഡിതമതം. വെട്ടത്തുരാജാവിനെ കഥകളിപരിഷ്കരണത്തിൽ സഹായിച്ചത്‌ കഥകളിപ്രേമിയായിരുന്ന ശങ്കരൻനായരായിരുന്നു.
രാമനാട്ടം കഥകളിയായി പരിഷ്കരിക്കപ്പെടുന്നതിന് വെട്ടതുരാജാവ് വരുത്തിയ മാറ്റങ്ങൾ ഇവയാണ്.
*നടൻമാർക്ക് വാചികാഭിനയം വേണ്ടെന്ന് തീർച്ചപ്പെടുത്തി.
*പാട്ടിനെ പിന്നണിയിലേയ്ക്കെത്തിച്ചു.
*കത്തി, താടി വേഷങ്ങൾക്ക് തിരനോട്ടം ഏർപ്പെടുത്തി.
*രാമനാട്ടത്തിലെ തൊപ്പിമദ്ദളത്തിനുപകരം ചെണ്ട ഏർപ്പെടുത്തി.
*കൂടിയാട്ടത്തിനനുസരിച്ചുള്ള പച്ച, കത്തി, താടി എന്നിവ മുഖത്തുതേപ്പടിസ്ഥാനത്തിലുള്ള വേഷവിഭജനം കൊണ്ടുവന്നു.
*മുദ്രകളോടെയുള്ള ആംഗികാഭിനയം കൊണ്ടുവന്നു.
വെട്ടത്തുസമ്പ്രദായത്തെ പരിഷ്കരിച്ച്‌ കഥകളിയെ ഒരു നല്ല നൃത്തകലയാക്കി തീർത്തത്‌ കപ്ലിങ്ങാടൻ നമ്പൂതിരിയും. ഇന്നു കാണുന്ന കഥകളി വേഷങ്ങളുടെ യെല്ലാം ഉപജ്ഞാതാവ് അദ്ദേഹമായിരുന്നു. കത്തി, താടി, കരി എന്നിവയ്ക്ക് മൂക്കത്തും ലലാടമധ്യത്തിലും ചുട്ടിപ്പൂ ഏർപ്പെടുത്തി.
ചുട്ടിയ്ക്ക് അകവിസ്തൃതി കെവരുത്തി.
മുനിമാർക്ക് മഹർഷിമുടി നിർദ്ദേശിച്ചു.
രാവണൻ, ജരാസന്ധൻ, നരകാസുരൻ എന്നീ കഥാപാത്രങ്ങളെ അരങ്ങിലെത്തിച്ച് കത്തിവേഷത്തിന് പ്രാധാന്യം നൽകി. സമകാലീനനായിരുന്ന കല്ലടിക്കോടനും കഥകളിയിൽ പരിഷ്കാരങ്ങൾ വരുത്തി.
ഭക്തിപ്രസ്ഥാനവുമായി ഈ കലാരൂപത്തിന് ബന്ധമുണ്ട്. ഇക്കാലത്ത് കേരളത്തിൽ അമ്മദൈവങ്ങൾക്കാണ് പ്രാധാന്യമുണ്ടായിരുന്നത്. എന്നാൽ ഭക്തിപ്രസ്ഥാനഫലമായി രൂപം കൊണ്ടത് പുരുഷപ്രധാനഭക്തിയാണ്. ഭക്തിപ്രസ്ഥാനത്തിന്റെ പുരുഷപ്രധാനഭക്തി എന്ന ആശയം ഉൾക്കൊള്ളുകയും എന്നാൽ അന്ന് നിലനിന്നിരുന്ന മുടിയേറ്റ് തുടങ്ങിയ മാതൃഭക്തിപ്രധാനങ്ങളായ കലാരൂപങ്ങളുടെ അനുഷ്ഠാനരീതികൾ അവലംബിച്ചുമാണ് കഥകളിയുടെ ആദ്യരൂപമായ രാമനാട്ടം രൂപമെടുത്തത്.
രാമായണകഥയെ ഒൻപത് ഭാഗങ്ങളാക്കി ഭാഗിച്ച് 8ദിവസംകൊണ്ടായിരുന്നു ആദ്യകാല അവതരണം. സംഘക്കളി, അഷ്ടപദിയാട്ടം, തെയ്യം, പടയണി, കൂടിയാട്ടം,തെരുക്കൂത്ത് എന്നിങ്ങനെ ഒട്ടേറെ കലാരൂപങ്ങളിൽ നിന്നും സ്വാംശീകരിച്ചെടുത്തിട്ടുണ്ട്.രാമനാട്ടത്തിന്റെ അപരിഷ്കൃത അവതരണരീതികൾക്ക് മാറ്റം സംഭവിച്ചത് കല്ലടിക്കോടൻ, കപ്ലിങ്ങാടൻ, വെട്ടത്തുനാടൻ എന്നീ പരിഷ്കാരസമ്പ്രദായങ്ങളിലൂടേയാണ്. അഭിനേതാവ് തന്നെ ഗാനം ചൊല്ലി ആടുന്ന രാമനാട്ടരീതിക്ക് മാറ്റം വരുത്തി പിന്നണിയിൽ ഗായകരുടെ പാട്ടിനനുസരിച്ച് നടൻ അഭിനയിക്കുന്ന രീതി കൊണ്ടുവന്നത് വെട്ടത്തുനാടൻ സമ്പ്രദായമാണ്. ആട്ടത്തിനു ചിട്ടകൾ ഏർപ്പെടുത്തിയതും കൈമുദ്രകൾ പരിഷ്ക്കരിച്ചതും കല്ലടിക്കോടൻ സമ്പ്രദായമാണ്. അഭിനയരീതിയുടെ ഒതുക്കം ആണ് കല്ലുവഴിച്ചിട്ടയുടെ പ്രധാനസംഭാവന. കലാശങ്ങൾ, ഹസ്താഭിനയം എന്നിവയിലാണ് ഈ ശൈലീപ്രകാരം പരിഷ്കാരം നടന്നത്.
കോഴിക്കോട്ടെ മാനവേദ രാജാവ്‌ എട്ടുദിവസത്തെ കഥയായ കൃഷ്ണനാട്ടം നിർമ്മിച്ചതറിഞ്ഞു കൊട്ടാരക്കരത്തമ്പുരാൻ കൃഷ്ണനാട്ടം കാണാൻ കലാകാരന്മാരെ അയച്ചുതരണമെന്നാവശ്യപ്പെട്ടെന്നും, മാനവേദൻ തെക്കുള്ളവർക്കു കൃഷ്ണനാട്ടം കണ്ടു രസിക്കാനുള്ള കഴിവില്ലെന്ന്‌ പറഞ്ഞു അതു നിരസിച്ചെന്നും, ഇതിൽ വാശി തോന്നിയാണു കൊട്ടാരക്കരത്തമ്പുരാൻ രാമനാട്ടം നിർമിച്ചതെന്നും ഒരു ഐതിഹ്യം ഉണ്ട്‌.
തിരുവിതാംകൂർ രാജാക്കന്മാര് കഥകളിക്ക് നൽകിയിട്ടുള്ള സംഭാവനകൾ ഏറെയാണ്. 'ബാലരാമഭരതം' എന്ന നാട്യശാസ്ത്രഗ്രന്ഥം രചിച്ചത് കാർത്തിക തിരുന്നാൾ മഹാരാജാവാണ്. 'നരകാസുരവധം' ആട്ടക്കഥയും അദ്ദേഹത്തിന്റെ കൃതിയാണ്. കാർത്തിക തിരുന്നാളിന്റെ സഹോദരനായ അശ്വതി തിരുനാളിന്റെ കൃതികളാണ് രുഗ്മിണീസ്വയം‍വരം, അംബരീഷചരിതം, പൂതനാമോക്ഷം, പൗണ്ഡ്രകവധം എന്നീ ആട്ടകഥകൾ. കാർത്തികതിരുന്നാളിന്റെ സദസ്സിൽപ്പെട്ട ഉണ്ണായിവാര്യർ 'നളചരിതം' ആട്ടകഥ രചിച്ചു. അശ്വതിതിരുനാളിന്റെ പിതാവ്‌ കിളിമാനൂർ കോയിത്തമ്പുരാൻ 'കംസവധം' എഴുതി. 'രാവണവിജയം' ആട്ടകഥയുടെ കർത്താവ്‌ വിദ്വാൻ കിളിമാനൂർ കോയിത്തമ്പുരാനാണ്. കീചകവധം, ഉത്തരാസ്വയം‍വരം, ദക്ഷയാഗം എന്നീ ആട്ടക്കഥകളുടെ കർത്താവായ ഇരയിമ്മൻ തമ്പിയും രാജകൊട്ടാരത്തിലെ ചാർച്ചകാരനായിരുന്നു.
കേളികൊട്ട്,
^^^^^^^^^^
കഥകളിയുണ്ട് എന്ന് നാട്ടുകാരെ അറിയിക്കുന്ന മേളമാണ് കേളി. സന്ധ്യയ്ക്ക് മുമ്പാണ് കേളികൊട്ട്. കഥകളിയുടെ അനുസാരിവാദ്യങ്ങളായ ചെണ്ട, മദ്ദളം, ചേങ്ങില, ഇലത്താളം ഇവ സമന്വയിപ്പിച്ച് കൊണ്ടുള്ള മേളപ്രയോഗമാണു കേളികൊട്ട്....
അരങ്ങുകേളി
^^^^^^^^^^^^
കളി തുടങ്ങിക്കഴിഞ്ഞുവെന്നറിയിക്കുന്ന ഗണപതികൊട്ടാണ് അരങ്ങുകേളി. ചെണ്ടയില്ലാതെ മദ്ദളവും ചേങ്ങിലയും ഇലത്താളവും ഇതിനുപയോഗിക്കുന്നു. ദേവ വാദ്യമായ മദ്ദളം ആദ്യമായി അരങ്ങത്ത് എത്തിക്കുന്നതു കൊണ്ട് പ്രത്യേക ഐശ്വര്യം കൈവരുന്നതായി വിശ്വസിക്കപ്പെടുന്നു.
തോടയം
^^^^^^^^
ഇത് ഇഷ്ടദേവതാ പൂജയാണ്. കുട്ടിത്തരം വേഷക്കാർ തിരശ്ശീലയ്‌ക്ക് പുറകിൽ നിന്നു നടത്തുന്ന സ്‌തുതിപരമായ നൃത്തമാണു തോടയം. വളരെ ലഘുവായ അണിയല് മാത്രമെ ഈ വേഷക്കാർക്കുണ്ടാവൂ. പ്രകൃതിയും പുരുഷനും ആയുള്ള അഥവാ ശിവനും ശക്തിയും ആയുള്ള കൂടിച്ചേരലിലൂടെ സൃഷ്ടി നടക്കുന്നു എന്നുള്ള പ്രതീകാത്മകമായുള്ള അവതരണം കൂടിയാണു തോടയം. എല്ലാ നടൻമാരും തോടയം കെട്ടിയതിനു ശേഷേമേ അവരവരുടെ വേഷം കെട്ടാവൂ എന്നാണു നിയമം.
വന്ദനശ്ലോകം
^^^^^^^^^^^^
പൊന്നാനി എന്ന പ്രധാന പാട്ടുകാരനും, ശിങ്കിടി എന്ന രണ്ടാം പാട്ടുകാരനും ചേർന്ന് പാടുന്നതാണ് വന്ദനശ്ലോകം.
പുറപ്പാട്
^^^^^^^
ഒരു പുരുഷവേഷവും സ്ത്രീവേഷവും തിരശ്ശീല നീക്കി രംഗത്തു ചെയ്യുന്ന പ്രാർത്ഥനാപരമായ ചടങ്ങാണ് പുറപ്പാട്‌. സാധാരണ പുരുഷവേഷം കൃഷ്ണനായിരിക്കും. കൃഷ്ണവേഷം മാത്രമായിട്ടും പുറപ്പാട് അവതരിച്ച് കണ്ടിട്ടുണ്ട്. അഞ്ചു വേഷത്തോടുകൂടി പകുതി പുറപ്പാട് എന്ന രീതിയിലും ഈ ചടങ്ങ് നടത്തുന്ന സമ്പ്രദായം ധാരാളമായി ഉത്തരകേരളത്തിൽ നിലവിലുണ്ട്. പുറപ്പാട് സാധാരണയായി തുടക്കകാരാണ്‌ (കുട്ടിത്തരക്കാർ) രംഗത്ത് അവതരിപ്പിക്കാറുള്ളത്. കഥകളിയിലെ ഏറെക്കുറെ ഏല്ലാ കലാശങ്ങളും അടവുകളും ഈ ചടങ്ങിൽ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ പുറപ്പാട് ചെയ്ത് ഉറപ്പിക്കുന്ന ഒരു കലാകാരന് മറ്റ് വേഷങ്ങൾ രംഗത്ത് അവതരിപ്പിക്കുന്നതിനുള്ള പരിശീലനമായും ഈ ചട‍ങ്ങ് പ്രയോജനപ്പെടുന്നു.
മേളപ്പദം
^^^^^^^^
ഗീതാഗോവിന്ദത്തിലെ “മഞ്ജൂതര കുഞ്ജദള” എന്ന അഷ്ടപദി പാടുകയും മേളം നടത്തുകയും ചെയ്യുന്നതാണ് മേളപ്പദം. ചമ്പ താളത്തിൽ 40,20,10 എന്നീ അക്ഷരകാലങ്ങളിൽ രാഗമാലികയായി അഷ്ടപദി പാടുകയും മേളം നടത്തുകയും ചെയ്യുന്നത്. കഥകളിക്ക് അഷ്ടപദിയോട്‌ ഉള്ള കടപ്പാട് ഇത്‌ വ്യക്തമാക്കുന്നു. പദത്തിന്റെ അവസാനത്തിൽ മേളക്കാർ മുമ്പോട്ടുവന്ന്‌ അവരുടെ അഭ്യാസം പ്രകടിപ്പിക്കുന്നു. ഈ ചടങ്ങിനു “നിലപ്പദം” എന്നും പേരുണ്ട്.
കഥാരംഭം
^^^^^^^^^
കഥകളി കഥയുടെ ആരംഭംകുറിക്കുന്നതാണ് കഥാരംഭം.
സംഗീതം
^^^^^^^^^
തോടയത്തിന് ‘ഹരിഹരവിധിനുത‘ എന്ന സാഹിത്യത്തിലൂടെ ഭക്തിഭാവത്തിന് പ്രാധാന്യം നൽകിയാണ് കോട്ടയത്തുതമ്പുരാൻ ആവിഷ്ക്കരിച്ചത്. ഭക്തിജനകവും മം‌ഗളകരവുമായ ‘നാട്ട‘ രാഗപ്രധാനങ്ങളായ സം‌ഗീതപാരമ്പര്യവും ദർശിയ്ക്കാവുന്നതാണ്. അനുവർത്തിച്ചുപോന്നിരുന്ന തോടയത്തിലെ താളത്തിൽ പഞ്ചാരിയും നൃത്തത്തിൽ കലാശങ്ങളും ഇരട്ടിയും കാൽകുടയലുമെല്ലാം ചേർത്ത് കൂടുതൽ മിഴിവേകി. തോടയത്തിൽ സാഹിത്യം കൂട്ടിച്ചേർത്തും പൂർവ്വരംഗത്തിന്റെ അംഗങ്ങളിൽ പുറപ്പാടിന്റെ ശ്ലോകത്തിനു മുമ്പ് വന്ദനശ്ലോകം ചൊല്ലുക എന്നൊരു ഏർപ്പാടുകൂടി ഇദ്ദേഹം തുടങ്ങിവെച്ചു.
അഭിനയം
^^^^^^^^^
ഒരു കഥയുടെ നാടകരൂപത്തിലുള്ള ആവിഷ്കാരമാണ്‌ കഥകളി എന്നു പറയാമെങ്കിലും അരങ്ങിൽ കഥാപാത്രങ്ങൾ ഒന്നും തന്നെ സംസാരിക്കുന്നില്ല. മാത്രവുമല്ല പശ്ചാത്തലത്തിൽനിന്നും പാട്ടുകാരുടെ പാട്ടിനനുസരിച്ച് കൈമുദ്രകൾ മുഖേന കഥ പറയുകയാണ്‌ ചെയ്യുന്നത്. കഥകളിയുടെ അഭിനയവിധങ്ങളാണ് ആംഗികം, സാത്വികം, വാചികം, ആഹാര്യം ഇവ. പദങ്ങൾ ചൊല്ലി ആടാൻ തുടങ്ങിയ കാലങ്ങളിൽ ആംഗികവാചികങ്ങളെ എങ്ങനെ പൊരുത്തപ്പെടുത്തും എന്ന സമസ്യയ്ക്ക് ഉത്തരമെന്ന നിലയിലാണ് വെട്ടം, കല്ലടിക്കോടൻ, കപ്ലിങ്ങാടൻ സമ്പ്രദായങ്ങൾ ആവിർഭവിച്ചത്.
മുദ്രകൾ
^^^^^^^
കഥകളി പദങ്ങളുടെ രംഗഭാഷയണ് മുദ്രകൾ. ഹസ്തലക്ഷണ ദീപികയിലെ മുദ്രകളാണ്‌ കഥകളിയിൽ അനുവർത്തിക്കപ്പെടുന്നത്. പ്രധാനമായും 24 മുദ്രകൾ അടിസ്ഥാനമുദ്രകളായി കണക്കാക്കപ്പെടുന്നു. വ്യത്യസ്ത ശാസ്ത്രവിഭാഗങ്ങളിൽ ഒരേ പേരിലുള്ള മുദ്രകൾ ഉണ്ടെങ്കിലും, അവ രൂപത്തിൽ വ്യത്യസ്തങ്ങളാണ്‌. മുദ്രകളുടെ ഉപയോഗത്തിനു നാട്യശാസ്ത്രവും അടിസ്ഥാനമാക്കിയിട്ടുണ്ട്. അഭിനയദർപ്പണം, ബാലരാമഭാരതം തുടങ്ങിയ ഗ്രന്ഥങ്ങളും അടിസ്ഥാനം തന്നെ. ആസ്വാദകൻ തന്റെ അരങ്ങുപരിചയത്താൽ നടൻ കാണിക്കുന്നത്‌ സന്ദർഭാനുസരണം മനസ്സിലാകുന്നതാണ് നല്ലത്. മിക്ക കലാകാരന്മാരും പലരും മുദ്രകൾ ചുരുക്കി കാണിക്കാറുണ്ട്. 24 അടിസ്ഥാന മുദ്രകൾ താഴെ കൊടുക്കുന്നു.
1. പതാക, 2.മുദ്രാഖ്യം, 3.കടകം, 4.മുഷ്ടി, 5.കർത്തരീമുഖം, 6.ശുകതുണ്ഡം, 7.കപിത്ഥകം, 8.ഹംസപക്ഷം, 9.ശിഖരം, 10.ഹംസാസ്യം, 11.അഞ്ജലി, 12.അർധചന്ദ്രം, 13.മുകുരം, 14.ഭ്രമരം, 15.സൂചികാമുഖം, 16.പല്ലവം, 17.ത്രിപതാക, 18.മൃഗശീർഷം, 19.സർപ്പശിരസ്സ്, 20.വർദ്ധമാനകം, 21.അരാളം, 22.ഊർണ്ണനാഭം, 23.മുകുളം, 24.കടകാമുഖം
(എന്റേയും സഹോദരന്റേയും ഗുരുനാഥനായ ‘നെല്ലിയോട് വാസുദേവൻ നമ്പൂതിരി സാ‍റിന്റെ മുന്നിൽ ഇത് സമർപ്പിക്കുന്നു ,വായനയും, ചിത്രങ്ങൾക്കും ചിലവിശദികരണവും ഗൂഗിളിനോട് കടപ്പെട്ടിരിക്കുന്നു)

Saturday, February 20, 2016

അഭിരാമവാരഫലം (ശ്രീമതി ലീലാപാവൂട്ടിയുടെ കവിത )

അഭിരാമവാരഫലം (ശ്രീമതി ലീലാപാവൂട്ടിയുടെ കവിത )
&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&
“എന്റെ ഭാരതപര്യടനം“
================
ശ്രീമതി ലീലാപാവൂട്ടി Leela Pavutty (ചേച്ചി) എഴുതിയ “എന്റെ ഭാരതപര്യടനം” എന്ന കവിത വായിച്ചപ്പോൾ തോന്നിയ എന്റെ ചിന്തകൾ ഞാൻ ഇന്നിവിടെ പങ്ക് വയ്ക്കുകയാണ് . സാധാരണയായി ആധുനിക കവികൾക്കും,ചില അത്യാന്താധുനിക കവികൾക്കും ഇല്ലാത്ത ഒരു പ്രത്യേകത ഞാൻ ഈ റിട്ടയർ അദ്ധ്യാപികയായ കവിയുടെ കവിതകളിൽ ദർശിച്ചിട്ടുണ്ട്. ശ്രീലകം സാറിനെപ്പോലെ,ബോബിസാറി നെപ്പോലെയൊക്കെയുള്ള ഗുരുക്കന്മാരുടേയും. നിഖിൽ എന്ന പുത്തൻ തലമുറയിലെ കവിയുടെ തിരുത്തലുകൾപോലും ഒരു അമാന്തവുമില്ലാതെ,തെല്ലും പരിഭവവും ഇല്ലാതെ ഉടൻ തന്നെ തിരുത്തുന്ന നല്ല വ്യക്തിത്വം. “ജന്മസിദ്ധമായ വാസനയും കഠിനാദ്ധ്വാനവുമാണു് റ്റീച്ചറെ ഈ നിലയില്‍ എത്തിച്ചതു്“ എന്ന ശ്രീലകം സാറിന്റെ വാക്കുകൾ ഇതോടൊപ്പം ചേർത്ത് വയ്ക്കുന്നു, ആദ്യമേ ടീച്ചർക്കെന്റെ സ്നേഹഹാരം.
എന്റെ ഭാരതപര്യടനം
==================
ശാരികപ്പൈതല്‍ മുന്നം,സാരമായ് ചൊല്ലിത്തന്ന
ഭാരതം ഗ്രഹിച്ചീടാന്‍ കാര്യമായ് കൊതിച്ചു ഞാന്‍
ഉത്കൃഷ്ടചിന്താമൃതം നിര്ഗ്ഗനളം പ്രവഹിക്കും
ശ്രേഷ്ഠമാം കാവ്യമിന്നും ശോഭിപ്പൂ ഭൂവില്‍ ധന്യം!
സര്‍വ്വവും നഷ്ടമാക്കും, സ്വാര്ത്ഥനമാം സ്ഥാനമോഹം
സര്‍വ്വജ്ഞരെങ്കില്‍പ്പോലും ,കാട്ടുന്ന ചരിത്രങ്ങള്‍
പാരിതില്‍ പണ്ടേതന്നെ കുപ്രസിദ്ധങ്ങളല്ലോ
വൈരവും ദുശ്ചിന്തയും ,ഹേതുവായ്ത്തീരും കഷ്ടം!
അജ്ഞാനം ഹേതുവാകാം, കാര്യമായറിഞ്ഞില്ലാ
പ്രജ്ഞയാല്‍ ചിന്തിച്ചൂ ഞാന്‍, കേട്ടതാം നീതിശാസ്ത്രം
എന്തിനായ് വേദവ്യാസന്‍, മാതാവിന്‍ വാക്കു കേട്ടു
സ്വന്തമായാര്ജ്ജി ച്ചതാം തേജസ്സു വെടിഞ്ഞു ഹാ!
പാണ്ഡവര്‍ വാസ്തവത്തില്‍ പാണ്ഡുവിന്‍ മക്കളാണോ
ദണ്ണമാണോര്ത്തീ്ടുകില്‍ ചാരിത്ര്യമാഹാത്മ്യവും
തന്നുടെ മാനം കാക്കാന്‍ മുന്നമാകുന്തീദേവി
തന്നുടെ സല്പുകത്രനേ ത്യജിച്ചൂ നിര്ഝതരിയില്‍
കൗരവസദസ്സിങ്കല്‍ സാധ്വിയാം സ്ത്രീരത്നത്തെ
കാരുണ്യമില്ലാതങ്ങു ദണ്ഡിച്ചൂ ദുഷ്ടര്‍ കഷ്ടം!
ആചാര്യരെല്ലാവരും മൗനംപൂണ്ടിരുന്നതിന്‍
ഔചിത്യമെന്താണെന്നു ചിന്തിച്ചാല്‍ കഷ്ടംതന്നെ.
കുത്സിതതന്ത്രം മാറ്റി രാജ്യത്തെ രക്ഷിക്കുവാന്‍
ഔത്സുക്യം കാട്ടേണ്ടതും കൃഷ്ണാ! നിന്‍ ധര്മ്മവമല്ലോ!
ദൂതനായ് ചെന്നിട്ടന്നു കൌരവഭസഭയില്‍ നീ
നീതി ശക്തമായ് ചൊല്ലാന്‍ മടിച്ചെന്നതും ചിത്രം!.
പോര്ത്ത്ട്ടില്‍ പാര്ത്ഥചന്‍, പാരം, പാരവശ്യം പൂണ്ടങ്ങു
പോര്ച്ച്ട്ടയഴിച്ചങ്ങു പാരിതില്‍ വലഞ്ഞപ്പോള്‍
സാരമാം ഗീതാമൃതം , സസ്നേഹം കൊടുത്തങ്ങു
സാര്ത്ഥഗമായ് തീര്ത്തൂ കൃഷ്ണന്‍,ജിഷ്ണുവിന്‍ ജന്മധര്മ്മംണ
സങ്കീര്ണ്ണാതത്ത്വങ്ങളാല്‍ സമ്പന്നമായുള്ളോരീ-
സങ്കടകഥാസാരം വായിക്കൊനൊരുങ്ങീ ഞാന്‍
ഒന്നുമേ കൃത്യമായി ഗ്രഹിക്കാന്‍ കഴിഞ്ഞില്ലാ
മന്നിതിലെല്ലാമെന്നും ദൈവേച്ഛ തന്നെ സത്യം!
==================================================
ലോകത്തിലെ ഏറ്റവും ബൃഹത്തായ ഇതിഹാസ കൃതിയാണ് മഹാഭാരതം. മഹാഭാരതത്തിന്റെ മറ്റൊരു പേര് ‘ജയം‘ എന്നാണ്‌. ഭാരതീയ വിശ്വാസമനുസരിച്ച്‌ ആകെയുള്ള രണ്ട്‌ ഇതിഹാസങ്ങളിൽ ഒന്നാണ്‌ ഇത്, മറ്റൊന്ന് രാമായണവും. മഹാഭാരതം ഇതിഹാസവും രാമായണം ആഖ്യാനവും എന്നൊരു വേർതിരിവും വേദകാലത്ത്‌ നിലനിന്നിരുന്നു. വേദങ്ങൾനിഷേധിക്കപ്പെട്ട സാധാരണ ജനങ്ങൾക്ക്‌ സമർപ്പിക്കപ്പെട്ട കാവ്യശാഖയാണ്‌ ഇതിഹാസങ്ങൾ എന്ന ശങ്കരാചാര്യരുടെ അഭിപ്രായത്തെ പിന്തുടർന്ന് മഹാഭാരതത്തെ ‘പഞ്ചമവേദം‘ എന്നും വിളിക്കുന്നു.
വേദവ്യാസനാണ് ഇതിന്റെ രചയിതാവ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാൽ ഇന്ന് കാണുന്ന രീതിയിൽ ഇത് എത്തിച്ചേർന്നത് വളരെക്കാലങ്ങളായുള്ള കൂട്ടിച്ചേർക്കലുകളിലൂടെയാണ്. മഹാഭാരതം ആദിപർ‌വ്വത്തിൽ പറയുന്നത് 8800 പദ്യങ്ങൾ മാത്രമുള്ള ഗ്രന്ഥമായിരുന്നു എന്നാണ്‌ എങ്കിലും പിന്നീട് അത് 24,000 ശ്ലോകങ്ങളും അതിനുശേഷം ഒന്നേകാൽ ലക്ഷം ശ്ലോകങ്ങളും ഉള്ള ഗ്രന്ഥമായി വളർന്നു എന്നു കാണാം. അതുകൊണ്ട് വ്യാസൻ എന്നത് ഒരു വംശനാമമോ ഗുരുകുലമോ ആകാനാണ് സാധ്യത.ഗുപ്തകാലത്താണ് ഒരുപക്ഷേ മഹാഭാരതം അതിന്റെ പരമാവധി വലിപ്പത്തിൽ എത്തിയത്, ഇതൊക്കെ തർക്ക വിഷയമാണെങ്കിലും നമ്മൾ മനസ്സിലാക്കിയിട്ടുള്ളതും പഠിച്ചിട്ടുള്ളതുമൊക്കെ മഹാഭാരതം എഴുതുയത് വേദവ്യാസൻ എന്ന് തന്നെയാണല്ലോ
വേദത്തെ നാലാക്കി പകുത്തതിനാൽ വേദവ്യാസൻ എന്ന നാമം. സപ്തചിരഞ്ജീവികളിൽ ഒരാളാണ് വേദ്വവ്യാസൻ.
$$$$$$$$$$$$$$$$$$$$$$$$$$$$$$$$$
ശാരികപ്പൈതല്‍ മുന്നം,സാരമായ് ചൊല്ലിത്തന്ന
ഭാരതം ഗ്രഹിച്ചീടാന്‍ കാര്യമായ് കൊതിച്ചു ഞാന്‍
ഉത്കൃഷ്ടചിന്താമൃതം നിര്ഗ്ഗ$ളം പ്രവഹിക്കും
ശ്രേഷ്ഠമാം കാവ്യമിന്നും ശോഭിപ്പൂ ഭൂവില്‍ ധന്യം!
ഇവിടെ കവി. എഴുത്തച്ഛന്റെ മഹാഭാരതം കിളിപ്പാട്ടിലൂടെ, ശാരികപ്പൈതലിന്റെ കുറുമൊഴിയോടെയാണു മഹാഭാരതകഥയിലേയ്ക്ക് കടക്കുന്നത് ,ശാരികപ്പൈതൽ മുന്നം (മുന്നം= പണ്ട്,. ആദ്യം, മുമ്പ്) (സാരം = മുഖ്യമായ അംശം, സംക്ഷിപ്തമായ അര്ത്ഥം , ചുരുക്കം,. മുഖ്യമായ ഉള്ളടക്കം) ഭാരതം എന്ന മഹത്തായ കാവ്യം മനസ്സിലാക്കുവാൻ വളരെ കാര്യമായിതന്നെ കൊതിച്ചിരുന്നു, ഉത്കൃഷ്ടചിന്താമൃതം (മഹാഭാരതം ഭരതവംശത്തിന്റെ കഥയാണ്. മഹാഭാരതത്തിന്റെ ആദിപർവത്തിൽ ദുഷ്യന്ത മഹാരാജാവിന്റെയും ഭാര്യ ശകുന്തളയുടെയും കഥ വിവരിക്കുന്നു. അവരുടെ പുത്രനായ സർവദമനൻ പിന്നീടുഭരതൻ എന്നറിയപ്പെടുന്നു. ഭരതൻ ആസേതുഹിമാചലം അടക്കിവാഴുന്നു. ഭരതന്റെ സാമ്രാജ്യം ഭാരതവർഷം എന്നറിയപ്പെടുന്നു. ഭരതചക്രവർത്തിയുടെ വംശത്തിൽ പിറന്നവർ ഭാരതർ എന്നറിയപ്പെടുന്നു. ഭരതവംശത്തിന്റെ കഥയും ഭാരതവർഷത്തിന്റെ ചരിത്രവുമാകുന്നു മഹാഭാരതം. ആഖ്യാനോപാഖ്യാനങ്ങളുടേയും തത്ത്വവിചാരങ്ങളുടേയും, വൈദികവും, പൗരാണികവും ആയ കഥകളുടേയും നാടോടിക്കഥകളുടേയും ഒരു മഹാസഞ്ചയം ആണ്‌ മഹാഭാരതം. പ്രസക്തങ്ങളായ പ്രസംഗങ്ങളും, മറ്റെങ്ങും കാണാത്ത വർണ്ണനകളും മഹാഭാരതത്തിൽ അങ്ങോളമിങ്ങോളം കാണാം. ആകർഷണീയമായ മറ്റൊരു ഘടകമാണ്‌ ജന്തുസാരോപദേശകഥകൾ, വിവിധ ജന്തുക്കൾ കഥാപാത്രങ്ങൾ ആകുന്ന ഈ കഥകൾ നീതി, ധർമ്മം മുതലായവയുടെ ഗഹനതയെ സാധാരണക്കാരനു മനസ്സിലാകത്തക്ക വിധത്തിൽ ലളിതമായി ചിത്രീകരിക്കുന്നു. ഇവയിലധികവും സംവാദരൂപത്തിലാണ്‌ രചിക്കപ്പെട്ടിട്ടുള്ളത്‌. ഏതൊരു തലത്തിലുള്ള വ്യക്തികളും സമൂഹത്തിനായി ചിലതു ചെയ്യേണ്ടതുണ്ടെന്ന് ഊന്നിയുറപ്പിക്കുന്ന നിയമങ്ങളാണ്‌ ശാസനകൾ എന്നറിയപ്പെടുന്നത്‌. മോക്ഷപ്രാപ്തിക്കുള്ള വഴിയും ശാസനകളിൽ കാണാം. ശാന്തിപർവ്വത്തിന്റെ തുടക്കം തന്നെ രാജനീതിയെ സംബന്ധിക്കുന്ന രാജധർമ്മാനുശാസനത്തിലാണ്‌. മോക്ഷധർമ്മാനുശാസനം, ആപർദ്ധമാനുശാസനം തുടങ്ങിയ ശാസനകളും ശാന്തിപർവ്വത്തിൽ കാണാം. ശാന്തിപർവ്വത്തിനു പുറമേ അനുശാസനപർവ്വത്തിലും ശാസനകളെ കാണാൻ കഴിയും. മഹാഭാരതത്തിലെ താത്ത്വികചർച്ചകൾ എത്രയെന്നു പറയാനാവില്ല, അനുശാസനപർവ്വത്തിൽ വിശദീകരിക്കുന്നത്‌ പ്രധാനമായും ധർമ്മശാസ്ത്രങ്ങളിലടങ്ങിയ തത്ത്വങ്ങൾ മാത്രമാണ്‌ മഹാഭാരതത്തിൽ പ്രധാനമായും നാല്‌ തത്ത്വോപദേശ ഗ്രന്ഥങ്ങളാണുള്ളത്‌ വിദുരനീതി, സനത്‌സുജാതീയം, ഭഗവദ്ഗീത, അനുഗീത………….. തുടങ്ങിയ കാര്യങ്ങൾ കവി “ഉത്കൃഷ്ടചിന്താമൃതം“ എന്നെ ഒറ്റവാക്കിൽ ഉൾക്കൊള്ളിച്ചത് ശ്ലാഘനീയംതന്നെ ഇത്തരം ശ്രേഷ്ഠമയ കാവ്യം ഇന്നും (എന്നും) ഈഭൂമിയുള്ളയിടത്തോലം കാലം ധന്യതയോടെ തന്നെ നിലനില്ക്കും.
സർവ്വവും നഷ്ടമാക്കും, സ്വാര്ത്ഥനമാം സ്ഥാനമോഹം
സർവ്വജ്ഞരെങ്കില്പ്പോെലും,കാട്ടുന്ന ചരിത്രങ്ങള്‍
പാരിതില്‍ പണ്ടേതന്നെ കുപ്രസിദ്ധങ്ങളല്ലോ
വൈരവും ദുശ്ചിന്തയും ,ഹേതുവായ്ത്തീരും കഷ്ടം!
(എത്ര അറിവുള്ള വരാണെങ്കിലും സ്വാർത്ഥയും സ്ഥാനമോഹവും കൊണ്ട് നടക്കുകയാണെങ്കിൽ, ‘എല്ലാം നഷ്ടമാക്കും‘ എന്നത് ഇന്നത്തെ സാക്ഷ്യം .നാം ഇന്ന് നമുക്ക് ചുറ്റും കാണുന്നതും അതാണല്ലോ പണ്ടേയുണ്ട് ഇത്തരം കുപ്രസിദ്ധമായ കാര്യങ്ങൾ മഹാഭാരതയുദ്ധം തന്നെ അധികാരത്തിന്റേയും, വൈര്യത്തിന്റേയും ബാക്കിപത്രങ്ങളാണല്ലോ?
അജ്ഞാനം ഹേതുവാകാം, കാര്യമായറിഞ്ഞില്ലാ
പ്രജ്ഞയാല്‍ ചിന്തിച്ചൂ ഞാന്‍, കേട്ടതാം നീതിശാസ്ത്രം
എന്തിനായ് വേദവ്യാസന്‍, മാതാവിന്‍ വാക്കു കേട്ടു
സ്വന്തമായാര്ജ്ജി ച്ചതാം തേജസ്സു വെടിഞ്ഞു ഹാ!
(ഒരു പക്ഷേ എന്റെ അറിവില്ലായ്മയാണോ?എനിക്ക് മഹാഭാരതകഥയിൽ നിന്നും കാര്യമായി ചിലതൊക്കെ വായിച്ചെടുക്കുവാൻ കഴിയാത്തത്. എങ്കിലും ബുദ്ധിയിൽ ചിലത് തെളിയുന്നുണ്ട്, വേദവ്യാസൻ തന്റെ മാതാവിന്റെ വാക്ക് കേട്ട് ചെയ്തതൊക്കെ ശരിയായിരുന്നോ?
വേദവ്യാസനെക്കുറിച്ച്
$$$$$$$$$$$$$$$$
പുരാണങ്ങളിൽ അനശ്വരരെന്ന് വിശേഷിക്കപ്പെടുന്ന വ്യക്തികളിൽ ഒരാളാണ് വേദവ്യാസൻ. ഇദ്ദേഹത്തിന്റെ ജീവിതം രണ്ട് വശങ്ങളിലായി ദർ‌ശിക്കാം. ആദ്ധ്യാത്മികം എന്നും ഭൗതികം എന്നും. ജനിച്ച ഉടൻ തന്നെ വളർ‌ന്ന് യോഗനിഷ്ഠനായ ഇദ്ദേഹം മാതാവിന്റെ അനുവാദത്തോടെ തപസ്സിനായി പുറപ്പെട്ടു. തപസ്സിനായി പോയ ഇദ്ദേഹം അനേകവർ‌ഷങ്ങൾക്ക് ശേഷംസരസ്വതീനദീതീരത്ത് പ്രത്യക്ഷനാവുന്നു. അവിടെ തപസ്സുചെയ്യവേ ആശ്രമസമീപത്ത് കുരുവിക്കുഞ്ഞുങ്ങളെ അവയുടെ മാതാപിതാക്കൾ അതീവശ്രദ്ധയോടെ പരിചരിയ്ക്കുന്നത് കാണാനിടയായി.സ്നേഹത്തിനു മാത്രം വേണ്ടിയുള്ള നിഷ്കളങ്കമായ ഈ വാത്സല്യം കണ്ട ഇദ്ദേഹം അത്യന്തം അപുത്രയോഗത്താൽ ദുഃഖിതനായി. നാരദോപദേശപ്രകാരം ദേവിയെ തപസ്സ് ചെയ്ത് പ്രീതിപ്പെടുത്താൻ നിശ്ചയിച്ചു. തപസ്സിനു വിഘ്നം വരുത്തുക എന്ന ഉദ്ദേശത്തോടെ ഘൃതാചി എന്ന അപ്സരസ്ത്രീ ഒരു പഞ്ചവർ‌ണ്ണക്കിളിയുടെ രൂപമെടുത്ത് ഇദ്ദേഹത്തിന്റെ മുന്നിലൂടെ പറന്നുപോയി. കിളിയുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായ മഹർ‌ഷിയ്ക്ക് കടഞ്ഞുകൊണ്ടിരുന്ന അരണിയിൽ‌നിന്നും ഒരു പുത്രൻ ജനിച്ചു. ശുകത്തെ മോഹിച്ചപ്പോൾ ഉണ്ടായ പുത്രൻ എന്ന നിലയ്ക്ക് സ്വപുത്രനെ ശുകൻ എന്ന് നാമകരണം ചെയ്തു. കാലങ്ങൾക്ക് ശേഷം, വിവാഹിതനായ ശുകൻ പിതാവിനേയും കുടും‌ബത്തേയും ഉപേക്ഷിച്ച് തപസ്സുചെയ്യാനായി പുറപ്പെട്ടു. മനോവിഷമത്താൽ അവശനായ വ്യാസൻ ആ സമയം തന്റെ മാതാവിനെ കുറിച്ചാലോചിയ്ക്കുകയും അങ്ങനെ ഹസ്തിനപുരിയിലേയ്ക്ക് തിരിക്കുകയും ചെയ്തു.
ഹസ്തിനപുരി രാജാവായ ശന്തനു ഗംഗാദേവിയെ വിവാഹം ചെയ്യുകയും ദേവവ്രതൻ എന്ന പുത്രൻ പിറക്കുകയും ചെയ്തു.ഗംഗാദേവി അദ്ദേഹത്തെ ഉപേക്ഷിച്ചു പോയ ശേഷം ഇദ്ദേഹം സത്യവതിയെ വിവാഹം ചെയ്യുകയും അതിൽ വിചിത്രവീരൻ, ചിത്രാംഗദൻ എന്നീ പുത്രൻ‌മാർ പിറക്കുകയും ചെയ്തു.സന്താനങ്ങളില്ലാതെ ഈ പുത്രൻ‌മാരെല്ലാം മരണമടഞ്ഞു.ശപഥത്താൽ രാജ്യഭരണം ഉപേക്ഷിച്ച ദേവവ്രതനു ശേഷം രാജ്യഭരണത്തിനു അവകാശികളില്ലാതിരിയ്ക്കേ വ്യാസൻ ഹസ്തിനപുരിയിലെത്തി. വ്യാസനിൽ‌നിന്നും അംബിക, അംബാലികഎന്നിവർ‌ക്ക് ധൃതരാഷ്ട്രർ, പാണ്ഡു എന്നീ പുത്രൻ‌മാർ ജനിച്ചു.ഇവരിൽ‌നിന്ന് കൗരവരും പാണ്ഡവരും പിറന്നു.കൂടാതെ കൊട്ടാരത്തിലെ ദാസിയിൽ വിദുരരും പിറന്നു.അംബിക വ്യാസരുടെ രൂപം കണ്ട് സംഗമസമയം കണ്ണടച്ചുകളയുകയാൽ ധൃതരാഷ്ട്രർ അന്ധനായും അംബാലിക വ്യാസരുടെ രൂപം കണ്ട് അറപ്പുതോന്നി വിളറുകയാൽ പാണ്ടോടെ പാണ്ഡുവും പിറന്നു………….മഹാഭാരതത്തിന്റെ രചയിതാവായി കണക്കാക്കപ്പെടുന്ന ഋഷിയാണ് കൃഷ്ണദ്വൈപായനൻ എന്ന വ്യാസമഹർഷി. മഹാഭാരതത്തിന്റെ രചയിതാവ് എന്നതിനു പുറമേ അതിലെ ഒരു കഥാപാത്രവുമാണ്. വ്യാസൻ എന്നാൽ വ്യസിക്കുന്നവൻ
പാണ്ഡവര്‍ വാസ്തവത്തില്‍ പാണ്ഡുവിന്‍ മക്കളാണോ
ദണ്ണമാണോര്ത്തീ ടുകില്‍ ചാരിത്ര്യമാഹാത്മ്യവും
തന്നുടെ മാനം കാക്കാന്‍ മുന്നമാകുന്തീദേവി
തന്നുടെ സല്പുകത്രനേ ത്യജിച്ചൂ നിര്ഝതരിയില്‍
( ഈ ചോദ്യം എനിക്കങ്ങിഷ്ടപ്പെട്ടൂ കുന്തിയുടെയുടെയും മാദ്രിയുടേയും മക്കളാണ് പാണ്ഡവർ………… മഹാഭാരതത്തിലെ പാണ്ഡു മഹാരാജന്റെ പത്നിയും പഞ്ചപാണ്ഡവരിലെ ആദ്യ മൂന്ന് പേരുടെ അമ്മയുമാണ് കുന്തി യാദവകുലത്തിലെ സുരസേനന്റെ പുത്രിയും കൃഷ്ണന്റെ പിതാവ്‌ വാസുദേവരുടെ സഹോദരിയുമാണ്‌. യദുകുലരാജൻ ശൂരസേനന്റെ മകളും വസുദേവരുടെ അനുജത്തിയുമാണ് . മക്കളില്ലാതിരുന്ന കുന്തി ഭോജന് ശൂരസേനൻ പൃഥയെ ദത്തുപുത്രിയായി നൽകി[1]. കുന്തീഭോജമഹാരാജാവ്‌ മകളായി ദത്തെടുത്ത ശേഷമാണ്‌ കുന്തിയെന്ന പേര്‌ കിട്ടിയത്‌. ഭാഗവതത്തിലും ഇവരുടെ കഥ പറയുന്നുണ്ട്. ഹൈന്ദവ ആചാരങ്ങളിൽ പ്രത്യേകിച്ച് വൈഷ്ണവന്മാർക്ക് വളരെ പ്രാധാന്യമുള്ള ഒരു വ്യക്തിയാണ് കുന്തി.
ചെറുപ്പമായിരുന്നപ്പോൾ ദുർവാസാവ് മഹർഷി കുന്തിക്ക്‌ ദേവതകളെ പ്രസാദിപ്പിക്കു ന്ന തിലൂടെ മക്കളെ ലഭിക്കുന്നതിനുള്ള വരം നൽകി. ഈ വരത്തിൽ വിശ്വാസം വരാതെ പരീക്ഷണാർഥം കുന്തി സൂര്യഭഗവാനെ വിളിച്ചു. തൽഫലമായാണ്‌ കർണ്ണൻ ജനിച്ചത്‌. കുന്തി കർണനെ ഒരു കുട്ടയിലാക്കി നദിയിൽ ഉപേക്ഷിച്ചു.
പിൽകാലത്ത്‌ ഹസ്തിനപുരിയിലെ രാജാവായ പാണ്ഡുവിനെ കുന്തി വിവാഹം കഴിച്ചു. പാണ്ഡുവിന്‌ ശാപം നിമിത്തം മക്കളുണ്ടാകില്ലായിരുന്നു. കുന്തി തനിക്കു ലഭിച്ച വരം ഉപയോഗിച്ച്‌ യുധിഷ്ഠിരൻ, ഭീമൻ, അർജുനൻഎന്നിവർക്ക്‌ ജന്മം നൽകി. ഇതേ വരം ഉപയോഗിച്ച്‌ മാദ്രിയും രണ്ടുപേർക്ക്‌ ജന്മം നൽകി - നകുലനുംസഹദേവനും……. എന്നിട്ടും കുന്തിയുടെ ചാരിത്ര്യമാഹാത്മ്യവും പറഞ്ഞ നടക്കുകയാണ് പലരും കവിയുടെ സംശയം ന്യായം തന്നെ.
കൗരവസദസ്സിങ്കല്‍ സാധ്വിയാം സ്ത്രീരത്നത്തെ
കാരുണ്യമില്ലാതങ്ങു ദണ്ഡിച്ചൂ ദുഷ്ടര്‍ കഷ്ടം!
ആചാര്യരെല്ലാവരും മൗനംപൂണ്ടിരുന്നതിന്‍
ഔചിത്യമെന്താണെന്നു ചിന്തിച്ചാല്‍ കഷ്ടംതന്നെ.
( രജസ്വലയായ പാഞ്ചാലിയെ സദസ്സിൽ ദുശ്ശാസനൻ വിവസ്ത്രയാക്കിയപ്പോൾ, ആചാര്യന്മാരുമ്മറ്റ് ബന്ധുക്കളും മൌനംദീക്ഷിച്ചെത്തിനാണെന്ന് കവി എത്ര ആൽപ്പ്ചിച്ചിട്ടുമുത്തരം കിട്ടുന്നില്ലാ, ഇന്നും നമ്മുടെ നാട്റ്റിൽ ഇതൊക്കെത്തന്നെയല്ലേ നടക്കുന്നതും, കഷ്ടം എന്ന വാക്കിൽ കവിയുടെ രോഷംകുടിയിരിപ്പുണ്ട്,)
കുത്സിതതന്ത്രം മാറ്റി രാജ്യത്തെ രക്ഷിക്കുവാന്‍
ഔത്സുക്യം കാട്ടേണ്ടതും കൃഷ്ണാ! നിന്‍ ധര്മ്മടമല്ലോ!
ദൂതനായ് ചെന്നിട്ടന്നു കൌരവഭസഭയില്‍ നീ
നീതി ശക്തമായ് ചൊല്ലാന്‍ മടിച്ചെന്നതും ചിത്രം!
.( പാണ്ഡവരും കൗരവരും തമ്മിലുള്ള യുദ്ധം ഒഴിവാക്കാൻ കഴിയാത്ത അവസ്ഥയിലെത്തിയപ്പോൾ കൃഷ്ണൻ തന്നെ ഇരുവരോടും താനേത് പക്ഷത്ത് ചേരണം എന്ന് തീരുമാനിക്കണം എന്നാവശ്യപ്പെട്ടു. കൃഷ്ണനുമായി ആത്മബന്ധം പുലർത്തിയിരുന്ന പാണ്ഡവർ നിരായുധനായ അദ്ദേഹത്തേയും, കൗരവർ അദ്ദേഹത്തിന്റെ സൈന്യത്തേയും തിരഞ്ഞെടുത്തു. യുദ്ധസമയത്ത് കൃഷ്ണൻ അർജ്ജുനന്റെ തേരാളിയായാണ് രംഗത്തിറങ്ങിയത്.
എന്നാൽ യുദ്ധസമയത്ത് തന്റെ മറുപക്ഷത്ത് യുദ്ധോത്സുകരായി നിൽക്കുന്ന ബന്ധുജനങ്ങളെ കണ്ട അർജ്ജുനൻ മനസ്താപത്തോടെ താൻ യുദ്ധത്തിനില്ലെന്നും, ബന്ധുജനങ്ങളുടെ രക്തമൊഴുക്കിക്കൊണ്ട് നേടുന്ന സൗഭാഗ്യങ്ങളൊന്നും തനിക്കുവേണ്ടെന്നും കൃഷ്ണനെ അറിയിക്കുന്നു. ഈ സമയത്ത് സ്വധർമ്മമനുഷ്ടിക്കാൻ അർജ്ജുനനെ നിർബന്ധിച്ചുകൊണ്ട് കൃഷ്ണൻ ഉപദേശിച്ചതെന്നു കരുതപ്പെടുന്നതാണ് ശ്രീമദ് ഭഗവദ് ഗീത.] ഭഗവാൻ വിഷ്ണു മനുഷ്യ ലോകത്തിൽ നന്മയ്ക്കു അപചയം സംഭവിക്കുമ്പോൾ ധർമ സംരക്ഷണത്തിനായി അവതരിക്കുന്നു. ഭൂമിദേവിയുടെ അപേക്ഷ പ്രകാരം മർത്യ ലോകത്തെ ശുദ്ധീകരിച്ചു ധർമം പുനസ്ഥാപിക്കാൻ ഭഗവാൻ അവതരിച്ചു. കവിയുടെ കാഴ്ചപ്പാടാണ് എനിക്കുമുള്ളത്, ഭാരതയുദ്ധത്തിന്റെ ഗതിമാറ്റിയതും കണ്ണൻ തന്നെയാണ്.}
പോര്ത്തപട്ടില്‍ പാര്ത്ഥമന്‍, പാരം, പാരവശ്യം പൂണ്ടങ്ങു
പോര്ച്ചപട്ടയഴിച്ചങ്ങു പാരിതില്‍ വലഞ്ഞപ്പോള്‍
സാരമാം ഗീതാമൃതം , സസ്നേഹം കൊടുത്തങ്ങു
സാര്ത്ഥഗമായ് തീര്ത്തൂ കൃഷ്ണന്‍,ജിഷ്ണുവിന്‍ ജന്മധര്മ്മംണ
(കവി ഇവിടെ ഭാരതയുദ്ധത്തെ ഒരു തരത്തിൽ ന്യായീകരിക്കുകയാണ്. “തളരുന്നു മമ ദേഹം, വളരുന്നു പൈദാഹവും,വഴുതുന്നു ഗാണ്ഡീവവും കണ്ണാ“ എന്ന് പറഞ്ഞ് അടർക്കളത്തിൽ തളർന്നിരിക്കുന്ന പാർത്ഥന് നൽച്ചിന്തകളായ ഗീതാമൃതം പകർന്ന് നൽകിയതും,ആ സാരാംശംങ്ങൾ നമുക്ക് പഠിക്കാനായതും ഇത്തരം ഇരു സന്ദർഭം ഉണ്ടായ്ത്കൊണ്ടാണെന്ന കവിയുടെ ചിന്ത നന്നെങ്കിലും.ഇവിടെ ഇത് മറ്റൊരു അർത്ഥസങ്ക്തത്തിലേയ്ക്ക് നയിക്കാമെന്ന് തോന്നി അതായത് തലോടലിനോടൊപ്പം ഒരു തല്ലും.)
“സങ്കീര്ണ്ണതതത്ത്വങ്ങളാല്‍ സമ്പന്നമായുള്ളോരീ-
സങ്കടകഥാസാരം വായിക്കൊനൊരുങ്ങീ ഞാന്‍
ഒന്നുമേ കൃത്യമായി ഗ്രഹിക്കാന്‍ കഴിഞ്ഞില്ലാ
മന്നിതിലെല്ലാമെന്നും ദൈവേച്ഛ തന്നെ സത്യം! ”
നല്ലൊരു വായനക്കാരിയുടെയും കവിയുടേയും മനസ്സ് ലീലേച്ചിയിൽ ഉണ്ടെന്ന് ഞാൻ കാണുന്നത് ഞാൻ ഈ വരികളിലൂടെയാണ്. തോക്കെടുക്കുന്നവനൊക്കെ വേട്ടക്കാരൻ എന്നത് പൊലെ, പേനെയെടുക്കുന്നവരും കവികളും കഥാകാരന്മാരുമാകുന്ന ഇക്കാലത്ത്. താൻ സർവ്വവും തികഞ്ഞ ഒരു വായനക്കാരിയല്ലെന്നും.പലവായനകളിലൂടെ ,പലയാവർത്തിയിലുള്ള വായനയിലൂടെയേ നല്ല രചനകളെ മനസ്സിലാക്കാൻ പറ്റുകയുള്ളൂ എന്നും. താനത്രയ്ക്ക് വലിയൊരു എഴുത്ത്കാരിയല്ലെന്നും, ദൈവേച്ഛ യാണ് ഇതിനെല്ലാം ഉത്തരവാദിയാകുന്നതും കവി പറഞ്ഞ് നിർത്തുമ്പോൾ, ഈ വലിയ മനസ്സിനുടമയ്ക്ക് മുന്നിൽ അറിയാതെ നമ്മൾ കൈകൂപ്പിപ്പോകുന്നത് കവിയുടെ വിജയം…………. വളരെ കുറച്ച് നാൾകൊണ്ടാണ് ശ്രീമതി ലീലാപാവൂട്ടി ഒരു നല്ല കവിയായി മുഖച്ചിത്രത്താളുകളിൽ നിറഞ്ഞ് തുടങ്ങിയത്. അഭിരാമം എന്ന ഗ്രൂപ്പ് ഈ മഹിതയുടെ വളർച്ചയ്ക്ക് ഒരു പാട് സഹായിച്ചിട്ടുണ്ട് എന്ന് ആവർത്തിച്ച് പറയുമ്പോൾ, ഞങ്ങൾ എന്തിനു വേണ്ടിയാണോ ഈ ഗ്രൂപ്പ് ഉണ്ടാക്കിയത് എന്ന ചോദ്യത്തിനു ഉത്തരം സ്പഷ്ടമാകുന്നതിൽ സന്തോഷം……………. ഈ കവിയുടെ കവിതകളെല്ലാം കൂടി ഒരുമിച്ച് ചേർത്ത് ഒരു കവിതാപുസ്തകം ഇറക്കിയാലോ എന്നും അഭിരാമത്തിന്റെ പേരിൽ ഞാൻ ആഗ്രഹിക്കുന്നു. ചേച്ചീ ഇനിയും എഴുതുക,ധാ‍രാളമായി. തെറ്റുകളും കുറ്റങ്ങളും അവിടുത്തെ കവിതകളിൽ ഇപ്പോൾ ഇല്ലെന്ന് തന്നെ പറയാം.എഴുത്തിനു പ്രായം പ്രശ്നമല്ലാ, എഴുതാനുള്ള ആവേശമാണ് നമ്മെ ചെറുപ്പക്കാരാക്കുന്നത്.ഇവിയും അങ്ങ് എത്ര്യോ ഉയരങ്ങളിലെത്തും എന്ന് എനിക്ക് നല്ല വിശ്വാസമുണ്ട്.എല്ലാ നന്മകളും ലീലാപാവൂട്ടി എന്ന കവിയിയ്ക്ക് ലഭിക്കട്ടെ എന്ന ആശം സകളോടെ                                                                         ==============================================

അഭിരാമവാരഫലം (വിനയന്റെ കവിത Vinayan Vjmd അവലോകനം)

അഭിരാമവാരഫലം (വിനയന്റെ കവിത Vinayan Vjmd )
**********************
ചില വായനകൾ നമ്മേ വളരെയേറെ ചിന്തിപ്പിക്കും, ചിലത് നമ്മിൽ വിഷമം ഉണ്ടാക്കും, മറ്റുചിലതാകട്ടെ, ലളിതകോമളകാന്തപദാവലികളാലും വൃത്ത, (താള)അലങ്കാരങ്ങളാലും സമ്പന്നമായിരിക്കും. ചിലത് ശക്തമായി പ്രതികരിക്കാനുള്ള ആർജ്ജവവും ഉണ്ടാക്കും. അഭിരാമത്തിലെ ഭാരവാഹികൾ ഗദ്യകവിതകളോടോ,ആധുനിക, അത്യന്താധുനികകവിതകളോടോ ഒരിക്കലും മുഖംതിരിഞ്ഞ് നിന്നിട്ടില്ലാ. ഇവിടെ രചനകളിലെ ‘നന്മയെ’ മാത്രമേ ദർശിക്കാറുള്ളൂ, “അന്തജനഗ്രജനില്ലിവിടെ, വർഗ്ഗം വർണ്ണം അരുതിവിടെ സകലരുമമ്മയ്ക്കോമനമക്കൾ ബന്ധുക്കൾ നാം ഒന്നാണേ, നമ്മുടെ അമ്മ; മലയാളഭാഷയും
&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&
വളരെ മുമ്പേ ഞങ്ങൾ ഉദ്ദേശിച്ചിരുന്ന കാര്യമാണ് ‘അഭിരാമത്തിൽ വരുന്ന രചനകളിൽ വളരെ നല്ലത് എന്ന് തോന്നുന്ന ഒരെണ്ണം ആഴ്ചയിലൊരിക്കൽ അവലോകനംചെയ്യുക എന്നത്. പലരും തിരക്കിലായതുകോണ്ട് അതാത് കവിതകളിലാണ് അവലോകനം നടത്താറുള്ളത്. ഇത്തവണ എന്റെ മനസ്സിൽ സ്ഥാനംപിടിച്ച ഒരു കവിത ഞാനിവിടെ ഉറക്കെ വായിക്കുകയാണ്. വിനയൻ വെഞ്ഞാറുമ്മൂടിന്റെ “പൊറുക്കരുത്..! “ എന്ന കവിതയാണ് എന്റെ കണ്ണിലുടക്കിയത്. ഭാഷയുടെ ലാളിത്യംകൊണ്ടും വരികളിലും വാക്കുകളിലും ഇഴചേർത്ത് തുന്നിയിരിക്കുന്ന ബിബകല്പനകൾ കൊണ്ടും സമൃദ്ധമാണ് ഈ കവിത &&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&
@Vinayan Vjmd
പൊറുക്കരുത്..!
____________________
നോക്കിനും മീതേ മഹാസങ്കടങ്ങളിൽ
വാക്കിന്റെ കുഞ്ഞു പിടഞ്ഞൂ...
കാലങ്ങൾ പൊതിയിട്ട കൂരിരുൾക്കട്ടപോൽ
മാനവമഹാവർഗ്ഗമുകുളം ..!
മണ്ണിൽ പുതഞ്ഞുരുണ്ടമറുന്നു തെയ്യങ്ങൾ
പിൻ കറങ്ങുന്നു വിൺപങ്ക !
സ്വപ്നങ്ങൾ പശവച്ച ചീട്ടുകൊട്ടാരങ്ങൾ
തീ പിടിച്ചണയുന്ന മൃത്യു...!
ചോപ്പക്ഷരങ്ങളിൽ വേറിട്ടവാക്കിന്റെ
കൂലിപ്പണത്തിലെത്തുപ്പൽ...!
വെട്ടിപ്പിളർത്തി വിതച്ചിട്ട വിത്തുകൾ -
ക്കുള്ളിൽ കുരുക്കുന്നയിത്തിൾ...!
മട്ടം പിടിക്കാതെ പൊക്കം ചുമക്കുന്ന
പത്തനപ്പേറ്റാട്ടി ഭൂമി...!
വന്ധ്യങ്കരിച്ചമ്മ വാങ്ങുന്ന കാൽപ്പണം
തിന്നിട്ടുമെല്ലിച്ചമക്കൾ...!
ചൂളം വിളിച്ചതിരിലേക്കാട്ടിവീശുന്ന
കാറ്റിന്റെ സീൽക്കാരസൂചി..!
ഗന്ധം കുടിച്ചുയിരുതോറ്റിച്ചുവാങ്ങിയി-
ട്ടട്ടത്തിലേറ്റുന്ന നീതി...!
മാനംകവർന്നിട്ടെരിച്ചു കൊന്നട്ടയെ-
ച്ചുട്ടെന്നഹന്തതൻ ഘോഷം ...!
പൊട്ടിപ്പിളർന്നൊഴുകിയെത്തും നിണപ്പാച്ചി-
ലൊട്ടിപ്പതഞ്ഞു ചെമ്മാനം...!
മണ്ണിലേക്കിറ്റുവാനുപ്പുനീരി -
ല്ലെന്റെ കണ്ണിൽ കലങ്ങുന്നു ചോര...!
രോഹിതേ, "ജന്മമേയപകടം" എന്നെഴുതി
നിന്നെ സ്മൃതിയിൽ പകർത്തേ,
മാരിവില്ലുടയുന്ന മാനത്ത് കാർമുകിൽ
തീമഴു ചുഴറ്റിവിലപിക്കേ,
ഭാർഗ്ഗവനിലൂടെ നിറയുന്നു പ്രതിചിന്തകൾ
ശീഘ്രമൊരു ശപഥമുടലാർന്നോ?
കൂളികളെണീറ്റു വാ.., മറുതകളുമൊടിയനും,
അറുകൊലയുമായി വാ, ...പ്രേതരാജ്യം.
ചുടലകളുണർന്നിവിടെ, സിന്ധുവറ്റി,
കുരുതിഭൂമിയിൽ മാനവനിറച്ചി മാത്രം..!
ജാതിതിമിരം ,മതഭ്രാന്ത്,മങ്ങുന്നെന്റെഭാരതം,
_____________ ബോധി______________
ഹൈദരാബാദ്‌ യൂണിവേഴ്‌സിറ്റിയില്‍ ഗവേഷകനായ രോഹിത്‌ വെമുല എന്ന ദളിത്‌ വിദ്യാർത്ഥിയുടെ ആത്മഹത്യയെക്കുറിച്ച് പലരും കഥകളും കവിതകളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്,മുഖപുസ്തകത്തിലും,മുഖ്യധാരയിലുമൊക്കെ പക്ഷേ,പലതും വിലാപങ്ങൾക്കപ്പുറം അതു നീണ്ടുനിന്നില്ലാ എന്ന് എന്റെ ചില വായനകൾ. ഇവിടെ വിനയൻ,ആ ഹത്യയ്ക്ക് പിന്നിലേയ്ക്കും മുന്നിലേയ്ക്കുംസഞ്ചരിക്കുകയാണ്.
“നോക്കിനും മീതേ മഹാസങ്കടങ്ങളിൽ
വാക്കിന്റെ കുഞ്ഞു പിടഞ്ഞു“ (പിടഞ്ഞൂ എന്ന് ദീർഘിപ്പിക്കണ്ടാ) ഇവിടെ ആ ആത്മഹത്യ നേരിട്ടുകണ്ട വ്യക്തിയാണു കവി എന്നുദ്ദേശിക്കുക. ആ കാഴ്ചയിൽ കണ്ട നോട്ടത്തിനേക്കാളും, ഉള്ളിലാർത്തലച്ചെത്തുന്ന മഹാസങ്കടത്തിൽ ഒരക്ഷരംപോലും പറയാനാവാതെ വാക്കിന്റെ കുഞ്ഞ് ( ചെറുവാക്ക് ) പറയാൻ കഴിയാതിടറിനിന്നു, മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ. ചില വേദനിക്കുന്ന കാഴ്ചകൾ കണ്ടീട്ട്, പ്രതികരിക്കാനാകാതെയുള്ള നിമിഷങ്ങളെ കവി ഓർക്കുന്നു.
“കാലങ്ങൾ പൊതിയിട്ട കൂരിരുൾക്കട്ടപോൽ
മാനവമഹാവർഗ്ഗമുകുളം .“ കാലാകാലങ്ങളിലായിമൂടിയിട്ടിരിക്കുന്ന അവർണ്ണർ എന്ന മാനവരെ കൂരിരുൾകട്ടയായി കവി വിഭാവനം ചെയ്യുന്നു. ആ മാനവവർഗ്ഗമാകട്ടെ ഇന്നും ശൈശവാവസ്ഥയിലാണ്(മുകുളം =വിടരാത്ത പൂവ്) മറ്റൊരർത്ഥം തേടിയാൽ, പ്രതികരണശേഷി നഷ്ടപ്പെട്ട ഒരു ജനതതിയുടെ ശൈശവാവസ്ഥ ........... പ്രതികരിക്കണം എന്ന കവിയുടെ ചിന്ത.
“സ്വപ്നങ്ങൾ പശവച്ച ചീട്ടുകൊട്ടാരങ്ങൾ
തീ പിടിച്ചണയുന്ന മൃത്യു...! ( സ്വപ്നങ്ങൾ, പശവച്ച ചീട്ടുകൊട്ടാരങ്ങളാണ് അത് കെട്ടിയുയർത്തുന്നതുപോലെതന്നെ നിലംപരിശാകുന്നു - നിമിനേരംകൊണ്ട്. അവ തീപിടിച്ചണയുന്ന മൃത്യുവിനെപ്പോലെതന്നെ, പിന്നെ ദളിതരെ ചുട്ടുകൊന്ന സംഭവവും വരിക്കിടയിൽ ഒളിപ്പിച്ചിരിക്കുന്നു.
“ചോപ്പക്ഷരങ്ങളിൽ വേറിട്ടവാക്കിന്റെ
കൂലിപ്പണത്തിലെത്തുപ്പൽ. ( ജോലി ചെയ്താലും ചെയ്തില്ലെങ്കിലും ചില മുതലാളി വർഗ്ഗം ദിനക്കണക്ക് പുസ്തകത്തിൽ ചുവപ്പടയാളം രേഖപ്പെടുത്താറുണ്ട്. അവിടെ ചിലപ്പോൾ തർക്കവും നടക്കാറുണ്ട്. തുപ്പൽ പശയാക്കിയെണ്ണുന്ന നോട്ടുകളുടെ എണ്ണവും കുറയ്ക്കുന്നു. അവൻ എന്നും ദാരിദ്രത്തിലാണ് കാരണം അവൻ കബളിപ്പിക്കപ്പെടുകയാണ്.
“വെട്ടിപ്പിളർത്തി വിതച്ചിട്ട വിത്തുകൾ -
ക്കുള്ളിൽ കുരുക്കുന്നയിത്തിൾ...!“ (വിതച്ചിട്ട വിത്തുകളിൽ പോലും പരാന്നസസ്യങ്ങൾ,തായ്‌വേരിറക്കുന്നു (വ്യംഗ്യമായി ഇതിൽ മറ്റൊരു അർത്ഥവും വായിക്കപ്പെടുന്നു)
“മട്ടം പിടിക്കാതെ പൊക്കം ചുമക്കുന്ന
പത്തനപ്പേറ്റാട്ടി ഭൂമി...(ഒന്നിലുമില്ലാ ഒന്നിലും ഒരു കണക്കും നാപ്പതും അമ്പതും നിലകളിൽ കെട്ടിയുയർത്തുന്ന പട്ടണത്തിലെ ഭൂമി, വിത്തിനു പകരം കോൺക്രീറ്റ് സൌദങ്ങൾ. കൃഷി ഭൂമി നഷ്ടമാകുന്നതോടെ അടിയാന്മാർക്കും കുടിയാന്മാർക്കും ജോലി നഷ്ടമാകുന്നതും സത്യം.
“വന്ധ്യങ്കരിച്ചമ്മ വാങ്ങുന്ന കാൽപ്പണം
തിന്നിട്ടുമെല്ലിച്ചമക്കൾ...!“ (പട്ടിണികൂടാതെ ജിവിക്കുവാൻ അമ്മ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയാകുന്നു . അങ്ങനെ ചെയ്താൽ സർക്കാർ കുറച്ച് പണം നല്കും അത് എത്രനാൾ മക്കളുടെ വയറു നിറയ്ക്കാനാകും? പ്രാഥമികാരോഗ്യകേന്ദ്രത്തിൽനിന്നും ‘പൊടിയക്കാലയിലെ‘ ആദിവാസി സ്ത്രീകൾ കടുത്ത വേദന വിറ്റെടുത്ത പണം കൊണ്ട് മക്കളെ ഊട്ടുന്നത്. അവിടെ ഞാൻ മൂന്നരക്കൊല്ലം ഏകാധ്യാപകനായിരുന്നു. എന്നും കാഴ്ചകൾ കരയിപ്പിച്ച വർഷങ്ങൾ...!എന്നത് കവിയുടെ സാക്ഷിപത്രം.(ഇത് എനിക്ക് കവിയുടെ ചാറ്റിൽ നിന്നും ലഭിച്ച വിവരം)
“ചൂളം വിളിച്ചതിരിലേക്കാട്ടിവീശുന്ന
കാറ്റിന്റെ സീൽക്കാരസൂചി..! (കരിയിലപോലെയാണ് ദളിതരുടെ ജീവിതം എപ്പോഴും എവിടേയ്ക്കും തട്ടിമാറ്റവുന്ന കരിയിലകൾ, ഒപ്പം വേദനയും)
“ഗന്ധം കുടിച്ചുയിരുതോറ്റിച്ചുവാങ്ങിയി-
ട്ടട്ടത്തിലേറ്റുന്ന നീതി...!നീതിയിപ്പോൾ അട്ടത്തിലാണ്(തട്ടിൻപുറത്ത്) ദളിതർക്ക് നീതി ലഭിക്കുന്നില്ലാ എന്ന വ്യംഗ്യം) ദളിതർക്കെന്നലല്ലാ പലർക്കും ഇന്നു നിതി ലഭിക്കുന്നില്ല അനിതി കൊടികുത്തിവാഴുകയും ചെയ്യുന്നു.
“മാനംകവർന്നിട്ടെരിച്ചു കൊന്നട്ടയെ-
ച്ചുട്ടെന്നഹന്തതൻ ഘോഷം ...! ( ഇതിൽ ഞാൻ രണ്ടർത്ഥം കാണുന്നു. പെണ്ണിന്റെ അഹന്തയെ ,അവളുടെ മാനം(അഭിമാനം,)കവർന്നിട്ട് കൊമ്പൊടിച്ച് വെറും പെണ്ണാക്കി മാറ്റിയെന്നഹങ്കരിക്കുന്ന ആണിന്റെ ആഘോഷമായും. പിന്നെ, ദളിതരായ പെൺകിടാക്കളെ പീഡിപ്പിച്ച്‘അട്ടയെ‘(നികൃഷ്ട ജിവി)അതുമല്ലെങ്കിൽ അട്ടയെക്കൊല്ലുവാൻ തോക്കൊന്നും വേണ്ടല്ലോ, ഒരു കൊച്ച് കല്ലു പോരേ, എന്തോ വലിയ കാര്യം ചെയ്തുവെന്നഹങ്കരികുന്ന മേലാളന്മാരുടെ? ആഘോഷത്തിന്റെ ആരവം ബാലിശമാണെന്ന കവിയുടെ നല്ച്ചിന്ത.
“പൊട്ടിപ്പിളർന്നൊഴുകിയെത്തും നിണപ്പാച്ചി-
ലൊട്ടിപ്പതഞ്ഞു ചെമ്മാനം...! (മനോഹരമായ ആലങ്കാരികത –വേദനിപ്പിക്കുന്നതെങ്കിലും)
“മണ്ണിലേക്കിറ്റുവാനുപ്പുനീരി -
ല്ലെന്റെ കണ്ണിൽ കലങ്ങുന്നു ചോര.( കരയുവാൻ കണ്ണിരില്ലാ, വേദന സഹിച്ച്, യാതനസഹിച്ച്, കഴിയുന്ന വർഗ്ഗത്തിന്റെ കണ്ണിൽ ഇനി കിനിയുവാൻ ചോരമാത്രമേയുള്ളൂ)
“രോഹിതേ, "ജന്മമേയപകടം" എന്നെഴുത
നിന്നെ സ്മൃതിയിൽ പകർത്തേ“ രോഹിത്, "എന്റെ ജൻമമാണ് എനിക്കുണ്ടായ ഏറ്റവും വലിയ അപകടം" എന്നെഴുതിവച്ചിട്ടാണ് രോഹിത് മരിച്ചത് . ആത്മഹത്യാക്കുറിപ്പ്‌ സാർത്ഥകമാക്കി ആ ചെറുപ്പക്കാരൻ മറഞ്ഞു. ശേഷക്രിയകൾ പിന്നാലെയെത്തി. പല തരം മഷിയിട്ടെഴുതി. പല കളങ്ങളിൽ വച്ചു. ആ മനുഷ്യന്റെ "ജൻമമേയപകടം" എന്ന കണ്ടെത്തലിലേക്കെത്തിച്ച മരണത്തിന്റെ പാശങ്ങളാകെ ആ വാക്കുകളിൽത്തന്നെ ഓർമ്മച്ചെപ്പിലടച്ചതാണ് കവി. അത് വിശദീകരിക്കണമെങ്കിൽ എനിക്ക് മറ്റൊരു പോസ്റ്റ് എഴുതേണ്ടി വരും മാത്രവുമല്ലാ, വായനകാർക്ക് അതിനെക്കുറിച്ചും ഏറെ അറിയാമല്ലോ?)
“മാരിവില്ലുടയുന്ന മാനത്ത് കാർമുകിൽ
തീമഴു ചുഴറ്റിവിലപിക്കേ,
ഭാർഗ്ഗവനിലൂടെ നിറയുന്നു പ്രതിചിന്തകൾ
ശീഘ്രമൊരു ശപഥമുടലാർന്നോ?
(ആകാശംപോലും മഴവില്ലിന്റെ ചാരുതകളഞ്ഞ് തീമഴുവെറിയാൻ വെമ്പിനില്ക്കുകയാണ്. പരശുരാമൻ ഇനിയും ഒരു അവതാരമെടുത്ത് പല മേളാളന്മാരുടേയും ശിരസ്സ് കൊയ്യാൻ ഭൂമിയിൽ അവതരിക്കേണ്ടിവരുമോ എന്ന് ഗഗനം പോലും ചിന്തിക്കുന്നു, മഴയായി വിലപിക്കുകയും ചെയ്യുന്നു. മഴ പ്രളയവും ഉണ്ടാക്കുമല്ലോ ?മനോഹരമായ ഒരു ചിന്തയാണിവിടെ വിനയൻ ഈ ആലങ്കാരിക ഭാഷകൊണ്ട് അർത്ഥമാക്കുന്നത്.ഇങ്ങനെയൊക്കെവേണം ആശയങ്ങൾ പകർത്തുവാൻ എന്ന് ഈയുള്ളവന്റെ എളിയ ചിന്തയും.
“കൂളികളെണീറ്റു വാ.., മറുതകളുമൊടിയനും,
അറുകൊലയുമായി വാ, ...പ്രേതരാജ്യം.
ചുടലകളുണർന്നിവിടെ, സിന്ധുവറ്റി,
കുരുതിഭൂമിയിൽ മാനവനിറച്ചി മാത്രം..!
ജാതിതിമിരം ,മതഭ്രാന്ത്,മങ്ങുന്നെന്റെഭാരതം,
....ധർമ്മം കെടുന്ന കാലം. (കാളി കൂളികൾ ഇവിടെ സംഹാരതാണ്ഡവമാടുകയാണ്. ജാതിത്തിമിരം ,മതഭ്രാന്ത്, രാഷ്ട്രീയകോമരങ്ങളുടെ തുള്ളൽ ഒക്കെക്കൊണ്ട് സിന്ധുനദിയും വറ്റുന്നു. (ധർമ്മം ക്ഷയിക്കുന്നു.) ഇവിടെ അധർമ്മം കൊടികുത്തിവാഴുന്നു എന്ന് കവി എഴുതിനിറുത്തുമ്പോൾ, പലരും പറയാതെപറയുന്ന കാരണങ്ങളുടെ നേർച്ചിത്രം മനോഹരമായി അവതരിപ്പിച്ചിരിക്കുകയാണ് ശ്രീ വിനയൻ. ഒറ്റവായനയിൽ തീർക്കാനുള്ളതല്ല കവിതയെന്നും, കാതിൽ വീണ് കാതിൽ വറ്റുന്നതല്ല കവിതയെന്നും അദ്ദേഹം നമ്മെ ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു. നാളെയുടെ വാഗ്ദാനമാണീ കവി എന്ന് സംശയലേശമന്യേ ഈ വായനക്കാരന് തോന്നുന്ന ശൈലിക്കുടമയാണീ കവി. പ്രിയ സഹോദരാ, ഇനിയും താങ്കളുറ്റെ തൂ‍ലിക പടവാളാകട്ടെ, ദന്തഗോപുരങ്ങൾ വിട്ട് മണ്ണിലിറങ്ങട്ടെ കവിത, അത് മണ്ണിന്റെ മക്കൾക്ക് ഉടവാളുകൾ തീർക്കട്ടെ…………….. എല്ലാ ആശംസകളും
$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$