Monday, September 12, 2011

തിരക്കഥയുടെ പണിപ്പുര‌ - ഭാഗം 2


                        തിരക്കഥയുടെ പണിപ്പുര‌ - ഭാഗം 2                                                                                                                                                                             നാം ഒരു തിരക്കഥ എഴുതിക്കഴിഞ്ഞാൽ പിന്നെ നമ്മുടെ ജോലി അവിടെ അവസാനിച്ചൂ എന്ന് കരുതരുത്. നിർമ്മാതാവും,സംവിധായകനും,ക്യാമറാമാനും നടീനടന്മാരും ഒക്കെ അടങ്ങുന്ന ഒരു കൂട്ടായ്മയിലാണ് സിനിമ പിറക്കുന്നത്...അതുകൊണ്ട് നാം ഈ തിരക്കഥ എഴുതിക്കഴിഞ്ഞാൽ പിന്നെ ഒരു ഒത്തുചേരലിൽ നമ്മുടെ തിരക്കഥ വായിക്കപ്പെടുന്നു.എന്റെ അനുഭവത്തിൽ സവിധാന സഹായിയായിരിക്കും ഇതു വായിക്കുന്നത്..കാരണം ചില ഡയലോഗുകൾ നാം എഴുതിയ പോലെ, അതിന്റെ ഭാവം വന്നിട്ടുണ്ടോ എന്ന് നമുക്കും മനസ്സിലാക്കാമല്ലോ( സീരിയലുകളിൽ ഈ പതിവില്ല കേട്ടോ!.കാരണം അവിടെ   മിക്കവാറും തലേ  ദിവസമോ,അല്ലെങ്കിൽ അപ്പപ്പോഴോ തിരക്കഥാ സംഭാഷണം രൂപപ്പെടുകയാണ് ചെയ്യുന്നത്) ഇവിടെ സവിധായകനും,ക്യാമറാമനും ഇടപെടും.അവരുടെ ഭാഗത്ത് നിന്നും വരുന്ന നല്ല അഭിപ്രായങ്ങൾ ഉൾക്കൊണ്ട് നമ്മൾ വീണ്ടും,വീണ്ടും വെട്ടിത്തിരുത്തി എഴുതേണ്ടിവരും.അതിൽ കാര്യവുമുണ്ട് ക്യാമറാലെൻസ്, ലൊക്കേഷന്റെ അവസ്ഥ, തുടങ്ങിയവയൊക്കെയാണ് അവിടെ വില്ലനാകുന്നത്. നമുക്ക് മനോഹരം എന്ന് തോന്നുന്ന ചില സീനുകൾ അവരുടെ അഭിപ്രായത്തിൽ ഒന്നോടെ വെട്ടി മാറ്റേണ്ടി വരും... നമ്മുടെ ചില ബ്ളോഗെഴുത്തുകാർ വാശി പടിക്കുന്നത് പോലെ “ എഡിറ്റിംഗ്!!! ഏയ് എന്റെ കഥയിൽ ഒരു വള്ളി,പുള്ളി,വിസർഗ്ഗം പോലും ഞാൻ മാറ്റില്ലാ”...പറഞ്ഞ് കളയരുത് കാരണം സിനിമാ കോടികൾ മുടക്കി ചെയ്യുന്ന ഒരു കലയാണ്, മാത്രവുമല്ലാ ഇതൊരു കൂട്ടായ്മയുടെ ബാക്കിപത്രവും.
            ഷൂട്ടിംഗ് സമയത്ത് ,തിരക്കഥകൃത്ത് ലൊക്കേഷനിൽ തന്നെയുണ്ടാകണം എന്ന് തന്നെയാണ് എന്റെ പക്ഷം.ചില സമയങ്ങളിൽ ചില ഡയലോഗുകൾ പുതിയതായി എഴുതിച്ചേർക്കേണ്ടി വരും, അല്ലെങ്കിൽ നടീ നടന്മാർ കൈയ്യിൽ നിന്നും ഇടുന്ന ഡയലോഗുകളുടെ കണ്ടിന്യൂറ്റി എന്നിവ പരിശോധിക്കേണ്ടി വരും.ചിലപ്പോൾ ചില ഡയലോഗുകൾ- വാക്കുകൾ- നടീ നടന്മാരുടെ നാവിൽ ഉടക്കാറുണ്ട്,അത് പിന്നെ ഡബ്ബിംഗ് സമയത്ത് ബുദ്ധിമുട്ടുണ്ടാക്കും. അതിനാൽ സീനെടുക്കുന്ന സമയത്ത് തന്ന നാം അത് മറ്റി എഴുതിക്കൊടുക്കേണ്ടി വരും.
          കഴിഞ്ഞ ലക്കത്തിൽ ചെറുത് ചോദിച്ച രണ്ട് ചോദ്യങ്ങളുണ്ട്. 1, സംഭാഷണം എവിടെയാണ് എഴുതേണ്ടതെന്നു...സഹോദരാ അത് ആദ്യം തന്നെ ഞാൻ പറഞ്ഞില്ലേ പേജിന്റെ വലത് ഭാഗത്തെന്ന്.( തിരക്കഥ എന്നു പറയുമ്പോൾ അതിൽ സംഭാഷണവും ഉൾപ്പെടും- തിരനാടകം-)    ഉദാഹരണവും അതിന് താഴെ ചേർത്തിട്ടുണ്ട്. 2, സ്റ്റോറി ബോർഡ് എന്നാൽ എന്താണെന്ന്. പരോക്ഷമായി പറഞ്ഞാൽ തിരക്കഥയും സ്റ്റോറി ബോഡും ഒന്ന് തന്നെയാണ്.എന്നൽ പ്രത്യക്ഷമായി പറഞ്ഞാൽ സ്റ്റോറീ ബോർഡ് എന്ന് ഉദ്ദേശിക്കുന്നത്  ഷൂട്ടിംഗ് സ്ക്രിപ്റ്റാണ്.
എന്താണ് ഷൂട്ടിംഗ് സ്ക്രിപ്റ്റ്
സാധാരണ ഷൂട്ടിംഗ് സ്ക്രിപ്ത് തയ്യാറാക്കുന്നത് സംവിധായകനോടൊപ്പം ഉള്ള എക്സിക്യൂട്ടീവ് ഡയറക്റ്ററും,സഹസംവിധായകനുമാണു. കൂട്ടത്തിൽ സംവിധായകനും  തിരക്കഥാകൃത്തും കൂടാറുണ്ട്.                                            
         നമ്മൾ തിരക്കഥാ രചനയിൽ തന്നെ, ഒരോ സീനുകളിലും സ്ഥലവും,സമയവും ഒക്കെ എഴുതിയല്ലോ.ഇതിൽ ആ സീനുകളിൽ പങ്കെടുക്കുന്ന കഥാപാത്രങ്ങളുടെ പേരുകൾ,അവർ അണിയേണ്ട വേഷങ്ങൾ(മുൻപേ അഭിനയിച്ച സീനിന്റെ തൊട്ടടുത്ത സീനാണെങ്കിൽ കണ്ടിന്യൂറ്റി ഒക്കെ പ്രധാനപ്പെട്ടകാര്യങ്ങളാണ്) ഏത് തരത്തിലുള്ള വാച്ചാണ്,ചെരിപ്പാണ് തുടങ്ങിയവയും, വീടിനകത്താണെങ്കിൽ അവിടെ ഉപയോഗിക്കുന്നപ്രോപ്പർട്ടികൾ (മേശ,കസേര,ക്ലോക്ക്,                   ബ്രഷ്,പേയ്സ്റ്റ്, മറ്റു ആഡംബര സാധനങ്ങൾ തുടങ്ങി സീനിനനുസരിച്ചുള്ളഎല്ലാ സാധനങ്ങളും,) ഒക്കെ ഷൂട്ടിംഗ് സ്ക്രിപ്റ്റിലുണ്ടാകും. ശ്രിമതി. ലിപി പറഞ്ഞത് പോലെ ഈ കമ്പ്യൂട്ടർ യുഗത്തിൽ, നാം എടുക്കാൻ ഉദ്ദേശിക്കുന്ന സീനിന്റെ ,ലൊക്കേഷൻ ചിത്രങ്ങൾ ഷൂട്ടിംഗ് സ്ക്രിപ്റ്റിനോട് ചേർത്ത് വക്കാറുണ്ട്.പണ്ടൊക്കെ ഭരതൻ മാഷിനെപ്പോലുള്ളവർ ഓരോ ഷോട്ടും വരച്ച് വച്ച് ഷൂട്ട് ചെയ്യാറുണ്ടായിരുന്നൂ
തിരക്കഥയിലെ എഡിറ്റിംഗ്
നല്ലൊരു തിരക്കഥ രചയിതാവ് ഒരു എഡിറ്ററും കൂടെ ആയിരിക്കണം എന്ന് ഞാൻ നേരത്തേ സൂചിപ്പിച്ചിരുന്നല്ലോ.നമ്മൾ രചിക്കുന്ന തിരക്കഥയിൽ നിന്ന് കൊണ്ട് സംവിധായകൻ അത് ഷൂട്ട് ചെയ്യുന്നൂ.അത് എഡിറ്റിംഗ് ടേബിളിൽ എത്തുമ്പോൾ സവിധായകനും,എഡിറ്ററും ചേർന്ന് കഥക്ക് ആവശ്യമായ സീനുകൾ എഡിറ്റ് ചെയ്ത് ചേർക്കുന്നൂ.(ഒരു ഷോട്ട് പലരീതികളിൽ  സാധാരണ സംവിധായകർ ഷൂട്ട് ചെയ്യാറുണ്ട്, അതിൽ നല്ലതെന്ന് തോന്നിക്കുന്ന ഷോട്ടുകളാണ് എഡിറ്റ് ചെയ്ത് ചേർക്കുന്നത്) ചിലപ്പോൾ ചില സ്റ്റോക്ക് ഷോട്ടുകളും ഉപയോഗിക്കാറുണ്ട്. ഒരു തിരക്കഥാകൃത്ത്,തിരക്കഥയിൽ തന്നെ എഡിറ്റിംഗ് നടത്തി എഴുതിയാൽ ഫിലിം ചിലവുൾപ്പെടെ പലതും ലാഭിക്കാം...
ഒരു ഉദാഹരണം പറയാം
നാം എഴുതുന്ന ഒരു സ്ക്രിപ്റ്റിൽ താഴെക്കാണിച്ചിരിക്കുന്ന ഒരു സീൻ ഉണ്ടെന്ന് വിചാരിക്കുക.
മമ്മൂട്ടിയുടെ കഥാപാത്രത്തിനോട്,അദ്ദേഹത്തിന്റെ അച്ഛനായ കഥാപാത്രം പറയുന്നൂ                  “ “മേഘ എന്നാണ് കുട്ടിയുടെ പേര്....നല്ല കുട്ടി എനിക്ക് ഇഷ്ടപ്പെട്ടൂ.....അത് മാത്രം പോരല്ലോ, നിന്റെ ഇഷ്ടമാണ് പ്രാധാനം..... രാഘവൻ മാസ്റ്ററും ഞാനും ഒരുമിച്ച് വർക്ക് ചെയ്തിരുന്നതാ...പിന്നെ ഇന്ന് തന്നെ ഞാൻ ,നിന്നെ അങ്ങോട്ട് പറഞ്ഞയക്കാമെന്ന് പറഞ്ഞിരുന്നൂ...ഒന്ന് പോയി നോക്കിയിട്ട് വാ...”
അനുസരണയോടെ, തന്റെ മുറിയിൽ പോയി വേഷം മാറി വീ‍ട്ടിൽ നിന്നുമിറങ്ങി തന്റെ കാർ സ്റ്റാർട്ട് ചെയ്ത്,ടാരിട്ട റോഡിലൂടെ,പിന്നെ ചെമ്മൺ പാതയിലൂടെകാറോടിച്ച് ,വശങ്ങളിലെ വാഴത്തോപ്പുകളും,തെങ്ങിൻ തോപ്പുകളും,നെൽ‌പ്പാടവുമൊക്കെ കണ്ട് ഒരു ഇടത്തരം വീടിന്റെ മുമ്പിലെത്തി നിൽക്കുന്നു.കാറിൽ നിന്നും ഇറങ്ങി,മുറ്റത്ത് കൂടെ നടന്ന് വന്ന് അടഞ്ഞ് കിടക്കുന്ന കതകിൽ മമ്മൂട്ടി തട്ടുന്നു. പക്ഷേ ഇന്നത്തെ  കാലഘട്ടത്തിൽ ഇത്രയും വിവരങ്ങളില്ലാതെ  തന്നെ  പ്രേക്ഷകർക്ക് ,കാര്യം മനസ്സിലാക്കാനും മറ്റും ഫാസ്റ്റ് എഡിറ്റിംഗ് ആണ് നല്ലത്....മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ അച്ഛൻപറഞ്ഞ ഡയലോഗ് കട്ട്  ചെയ്താൽ  ഉടൻ തന്നെ   മമ്മൂട്ടിയുടെ കഥാപാത്രം ,വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്ന പെൺകുട്ടിയുടെ വീടിന്റെ വാതിലിൽ തട്ടുന്ന മമ്മൂട്ടിയെകാണിച്ചാൽ മതിയാകും.സീനുകളും ഷോട്ടുകളും വളരെ ഫാസ്റ്റ് ആകുമ്പോൾ കഥ പറച്ചിലിന്റെ ഇഴച്ചിൽ(വേഗതക്കുറവ്)പ്രേക്ഷകർക്ക് അനുഭവപ്പെടുകയില്ലാ.രണ്ട് മണിക്കൂറിനുള്ളിൽ  നാം പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ഇങ്ങനെ തിരക്കഥയിൽ തന്നെ  എഡിറ്റ് ചെയ്ത്  എഴുതിയാൽ സംവിധായകന് കാര്യങ്ങൾ എളുപ്പമാകുമെന്ന് മാത്രമല്ലാ,ഷൂട്ടിംഗിന്റെ ചിലവുകൾ വളരെയേറെ കുറയ്ക്കാനുമാകും....
            ഇനി ആ ഡയലോഗിനെ ഒന്ന് എഡിറ്റ് ചെയ്യാം“ മേഘ എന്നാണ് കുട്ടിയുടെ പേര്, നല്ല കുടുംബക്കാരാ...കുട്ടിയെ നിനക്ക ഇഷ്ടപ്പെട്ടോ എന്ന് മാത്രം അറിഞ്ഞാൽ മതി എനിക്ക്...നീ അത്രടം വരെ പോയിട്ട് വാ...”
 സംഭാഷണം എഴുതുമ്പോൾ നാം ഒരു കാര്യം ശ്രദ്ധിക്കണം, കഴിവതും സംസാരഭാഷ ഉപയോഗിക്കണം...  അത് പോലെ തന്നെ നറേഷനിലും സാഹിത്യപ്രക്ഷാളനം ആവശ്യമില്ലാ... മനോഹരമായ ഒരു കുളത്തിനരുകിൽ എന്നുള്ളടത്ത് ‘അഷ്ട സ്പടിക സങ്കാശം’ എന്നൊന്നും എഴുതേണ്ട് കാര്യമില്ലാ..ഇതെഴുതിയപ്പോഴാണ്. ശ്രീ.വി.കെ.എൻ. തമാശയിൽ എഴുതിയ“അപ്പുണ്ണി എന്ന നീചൻ” എന്ന തിരക്കഥയെപ്പറ്റി ഓർമ്മവരുന്നത്. ആ തിരക്കഥ തുടങ്ങുന്നത് ഇങ്ങനെയാണ് ‘മാനത്ത് വെള്ളി കീറുന്ന ശബ്ദം.....’ തിരക്കഥകളെ കളിയാക്കിക്കൊണ്ട് എഴുതിയ ആ കഥ പിന്നെ സത്യൻ അന്തിക്കാട് ‘അപ്പുണ്ണി’ എന്ന സിനിമയാക്കി.
           കഴിഞ്ഞ ലക്കത്തിൽ ഒരു ബ്ലോഗ് സഹോദരൻ ചോദിച്ചിരുന്നൂ“അപ്പോൾ സംവിധായകന് എന്താ ജോലി എന്ന്.ഒരു കാര്യം ഓർമ്മിക്കുക.ഒരു സിനിമയുടെ പിതാവ് എന്ന് പറയുന്നത് സംവിധായകൻ  തന്നെയാണ് .തിരക്കഥാരചയിതാവ് അമ്മയും.
          തിരക്കഥാകൃത്ത് എഴുതുന്ന സീനുകൾ, സംവിധായകൻ പല ആവർത്തി  വായിച്ച് നോക്കും.അപ്പോൾ തന്നെ അദ്ദേഹത്തിന്റെ മനസ്സിൽ സീനുകളുടെ ദൃശ്യങ്ങൾ  സ്ഥാനം പിടിക്കും.
സിനിമയുടെ ലൊക്കേഷൻ,ആർട്ടിസ്റ്റുകൾ(ഇവിടെ നിർമ്മാതാവിന്റേയും അഭിപ്രായം നിർബ്ബന്ധമാണ്) ക്യാമറാ ആങ്കിളുകൾ ഒക്കെ സ്ഥിരീകരിക്കുനത് സംവിധായകനാണ്. ഒരു തിരക്കഥ സിനിമയായിതീരുന്നത് പ്രാധാനമായും സംവിധായകന്റെ ക്രാഫ്റ്റ് ആണ്.
തിരക്കഥാകൃത്ത് ഉദ്ദേശിക്കുന്ന ‘ദൃശ്യങ്ങൾ’ ആയിരിക്കില്ലാ ഒരു പക്ഷേ സംവിധാ‍യകന്റെ മനസ്സിലുരുത്തിരിയുന്നത്. ഒരേ സ്വപ്നം ഒരേ പോലെ രണ്ട് വ്യക്തികൾക്ക് കാണാൻ സാധിക്കില്ലല്ലോ....അത് പോലെ....എങ്കിലും തിരക്കഥാകൃത്തും.സംവിധായകനും, ഛായാഗ്രാഹകനും,(നിർമ്മാതാവും- ചിലർ) ഒരുമിച്ചിരുന്ന് ചർച്ചകൾ ചെയ്ത് ദൃശ്യങ്ങളെ കൂടുതൽ മനോഹരമാക്കാനാണ് ശ്രമിക്കുന്നത്. ക്ഷമിക്കുക ഈ ലേഖനത്തിലെ പ്രതിപാദ്യ വിഷയം ‘തിരക്കഥ’യാണ്.അത് കൊണ്ട് തന്നെ സംവിധാനകലയെക്കുറിച്ച് ഇനിയോരിക്കൽ എഴുതാം.
ഇതിന്റെ ഒന്നാം ഭാഗത്തിൽ എനിക്ക് ഏറ്റവും പ്രീയപ്പെട്ട ശ്രീ.അപ്പു(ഷിബു) എം.ടി.യുടെ തിരക്കഥകൾ വായിച്ച് നോക്കി കൂടുതൽ മനസ്സിലാക്കാൻ നല്ലൊരു നിർദ്ദേശം കമന്റിലൂടെ ഇട്ടിട്ടുണ്ട്. അത് പോലെ സാബു.എം.എച്ച്.എം.ടിയുടെ തിരക്കഥാ സംബന്ധിയായ ലേഖനങ്ങളെക്കൂടി ചൂണ്ടിക്കാട്ടിയാൽ നന്നായിരിക്കും എന്നൊരു ശ്രദ്ധേയമായ കമന്റും ഇട്ടിട്ടുണ്ട്. പക്ഷേ തിരക്കഥാ രചനകളുടെ ആഴങ്ങളിലേക്ക് ചെന്നെത്താൻ അവ അത്രക്ക് ലളിതമല്ലാ...ഞാനിവിടെ നേനാ സിദ്ധിക്ക് എന്ന എന്റെ കുഞ്ഞ് മോൾക്കും മനസ്സിലാകത്തക്ക വിധത്തിൽ വളരെ ലളിതമായി ആവിഷ്ക്കരിക്കാനാണ്  ശ്രമിച്ചത്...ഇവിടേയും സംശയങ്ങൾ ഉണ്ടെങ്കിൽ ആർക്കും എന്നോട് ചോദിക്കാം എന്റെ അറിവിലുള്ള കാര്യങ്ങളെന്തും പറഞ്ഞ് തരാൻ എപ്പോഴും ഞാൻ തയ്യാറാണ്.ഒരു കാര്യം കൂടി:- പോസ്റ്റ്കൾക്ക് നീളക്കുടുതൽ വായനക്കാരെ വല്ലാതെ മുഷിപ്പിക്കും എന്ന ഒറ്റക്കാരണത്താൽ, ഞാൻ ഏറ്റെടുത്തിരിക്കുന്ന രണ്ട് സിനിമയുടെ തിരക്കഥയിലെ എതെങ്കിലും ഒരു സീൻ ഇവിടെ എടുത്തെഴുതണമെന്നത് അടുത്ത പോസ്റ്റ്ലേക്ക് മാറ്റിയിരിക്കുന്നു...
           “ആലി തൈയ്യിലൊരാ വെള്ളം അലിവോടൊഴിക്കയാ
                     വളരുമ്പോ അതേകുന്നൂ, വരുവക്കൊക്കെയും തണ
                          എല്ലാവർക്കും എന്റെ ഓണാശംസകൾ
തിരക്കഥയുട പണിപ്പുര ഒന്നാംഭാഗമിവിടെ  http://chandunair.blogspot.com/2011/08/blog-post.html

57 comments:

 1. രണ്ടാം ഭാഗത്തിന്റെ പ്രദര്‍ശനോല്‍ഘാടനം ഞാന്‍ നിര്‍വ്വഹിച്ചതായി പ്രഖ്യാപിക്കുന്നു..!
  ഏവര്‍ക്കും സ്വാഗതം..!
  ആശംസകള്‍ ചന്ത്വേട്ടാ..!

  ReplyDelete
 2. ചന്തു സർ, ഒരു നല്ല വായനയായിരുന്നു..... ഒത്തിരി എന്തൊക്കെയോ വായിച്ച ഒരു തോന്നൽ.ആശംസകൾ

  ReplyDelete
 3. അപ്പൊ അത്‌ പണ്ട്‌ ശ്രീനിവാസനെ ഏതോ ഒരു സിനിമയില്‍ പഠിപ്പിച്ചതു പോലെ സ്റ്റാര്‍ട്‌ ആക്ഷന്‍ കട്‌ മാത്രം അല്ല അല്ലെ :)

  ReplyDelete
 4. നന്നായിരിക്കുന്നു സർ. ഒരു ചെറിയ കാര്യം ചൂണ്ടി കാണിക്കട്ടെ (വായിച്ചും മറ്റുള്ളവരോടും ചോദിച്ചറിഞ്ഞത്‌). സ്റ്റോറി ബോർഡ്‌, തിരക്കഥ വായിച്ച ശേഷം, അതിനെ ഗ്രാഫിക്കലായിട്ട്‌ രേഖപ്പെടുത്തി വെയ്ക്കുന്നതാണ്‌ എന്നാണ്‌ മനസ്സിലാക്കിയിട്ടുള്ളത്‌. അതായത്‌ ചിത്രങ്ങളായിട്ട്‌ -അതു തിരക്കഥയുടെ വലതു മാർജിനിൽ തന്നെയുണ്ടാവും എന്നും കേട്ടിട്ടുണ്ട്‌. അതിൽ അഭിനയിക്കുന്നവരുടെ ആംഗിളുകൾ (നിൽക്കുകയോ, ഇരിക്കുകയോ ഉള്ള പൊസിഷൻ), മറ്റു background എന്നിവയും ഉണ്ടാവും. ചുരുക്കത്തിൽ ക്യാമറ frame ഇൽ കാണുന്ന രീതിയിൽ (camera angle) അതിൽ വിശദാംശംങ്ങൾ ഉണ്ടാവും. ശ്രീ ഭരതൻ അങ്ങനെ ചെയ്യുന്ന ഒരു സംവിധായകനായിരുന്നു എന്നു കേട്ടിട്ടുണ്ട്‌. വൈശാലി എന്ന് ചിത്രം മുഴുവൻ തന്നെയും ഇങ്ങനെ സ്റ്റോറി ബോർഡ്‌ ഉണ്ടാക്കിയ ശേഷമായിരുന്നു ഷൂട്ട്‌ ചെയ്തതെന്ന് കേട്ടിട്ടുണ്ട്‌ (അടിസ്ഥാനപരമായി അദ്ദേഹം ഒരു ചിത്രകാരനായിരുന്നു എന്നു പലയിടത്തും വായിച്ചിട്ടുണ്ട്‌).

  ഫാസ്റ്റ്‌ എഡിറ്റിംഗ്‌ നെ കുറിച്ച്‌ പറഞ്ഞത്‌ വളരെ നന്നായി.
  മേൽപറഞ്ഞ കാര്യം ഇങ്ങനെ ഒന്നു സങ്കൽപ്പിച്ചു നോക്കി.
  അച്ഛൻ പറഞ്ഞ ശേഷം നായകൻ തിരിഞ്ഞു നടക്കുന്നു.
  ഗേറ്റിൽ കൂടി വരുന്ന കാർ.
  ഇറങ്ങുന്ന കാൽ
  അടയുന്ന കാറിന്റെ ഡോർ
  പടികൾ കയറുന്ന നായകൻ
  ഡോറിൽ മുട്ടുന്ന വിരലുകളുടെ ക്ലോസ്‌ അപ്പ്‌.

  ഇത്രയെങ്കിലും ഉണ്ടെങ്കിൽ ഒരു സുഖം തോന്നില്ലേ?
  പക്ഷെ ഫാസ്റ്റ്‌ എഡിറ്റിംഗ്‌ നു ഒരു മറുവശമില്ലേ?
  ഉദാ: ഇവിടെ നായകൻ കാറിൽ പോകുമ്പോൾ മുഖം ഒന്നു കാണിച്ച്‌, ചിരിക്കുന്നതു (എന്തോ ഓർത്തതു പോലെ) കൂട്ടി കാട്ടിയാൽ, നായകന്റെ മനസ്സിൽ എന്തു വികാരമാണുള്ളത്‌ എന്നു കൂടി കാഴ്ച്ചക്കാർക്ക്‌ മനസ്സിലാവും.

  ഈയടുത്ത്‌ ശ്രീ ജോൺ പോളിന്റെയും (മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം), ശ്രീ ലെനിൻ രാജേന്ദ്രന്റെയും (ചിത്രം വേനൽ) ഓൺലൈനിൽ എവിടെയോ വായിച്ചു. ശരിക്കും സിനിമ നേരിൽ കണ്ടതു പോലെ തോന്നി പോയി. തിരക്കഥ ഒരു സാഹിത്യ രൂപമായി എന്തു മലയാളി എഴുത്തുകാരുടെ ഇടയിൽ വളർന്നു വരുന്നില്ല എന്ന് അത്ഭുതം തോന്നുന്നു.

  അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  ReplyDelete
 5. എനിക്ക് മനസ്സിലാവുന്നുണ്ട് അങ്കിള്‍ , പിന്നെ ഉപ്പാടെ ചില സീരിയല്‍ സിനിമ തിരക്കഥകള്‍ ഇവിടെ കിടക്കുന്നത് ഞാനെടുത്തു വായിക്കാറുണ്ട് , കൂടാതെ എം ടി , ബാലചന്ദ്ര മേനോന്‍ തുടങ്ങിയവരുടെ തിരക്കഥകള്‍ ഇവിടെ കുറേയുണ്ട്. വായിക്കാന്‍ സമയം കിട്ടാത്തതാണ് പ്രശ്നം. നമുക്ക് അടുത്ത് തന്നെ ചിലപ്പോള്‍ കാണാംട്ടോ .

  ReplyDelete
 6. ഇപ്പോ ഒന്നാം ഭാഗം ഒന്നും കൂടി വായിച്ചു, രണ്ടാം ഭാഗവും വായിച്ചു....ഇത് വായിച്ച് വിവരം വച്ച് ഞാൻ ചിലപ്പോ ഒരു തിരക്കഥ എഴുതി നോക്കും....മോഹമാണ്.
  തിരക്കഥകൾ സ്ഥിരമായി വായിയ്ക്കാറുണ്ട് കേട്ടൊ. ആ ടെക്നിക് എന്നെ അതിശയിപ്പിയ്ക്കാറുമുണ്ട്.
  ചന്തുവേട്ടന് നന്ദിയും നമസ്ക്കാരവും അറിയിക്കുന്നു.

  ReplyDelete
 7. ശ്രി ചന്തു നായര്‍ ,

  ആദ്യമായാണ് താങ്കളുടെ ബ്ലോഗ്‌ പോസ്റ്റ്‌ വായിക്കുന്നത് . ആദ്യമേ ഈ ഉദ്യമത്തിന് നന്ദി പറയുന്നു . പ്രത്യേകിച്ചും താങ്കളുടെ അറിവുകള്‍ മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടട്ടെ എന്നാ ആ മനസ്ഥിതിയോടു.. അതൊരു നിസാര കാര്യമല്ല .ദൃശ്യകലയായ സിനിമയിലും സീരിയലിലും തിരക്കഥയുടെ പങ്കു എന്താണെന്നും അത് അങ്ങനെ നിര്‍വഹിക്കമെന്നും , അതിനു സാധാരണ ഉപയോഗിക്കുന്ന സങ്കേതങ്ങള്‍ എന്തെന്നും ഒക്കെ ചുരുക്കിയനെങ്കിലും സരളവും വ്യക്തവുമായി താങ്കള്‍ പറയുന്നു .വളരെ നന്ദി. ഒരു കാലത്ത് നാനയും ചിത്രഭൂമിയിലും വരുന്ന തിരക്കഥകള്‍ ആര്‍ത്തിയോടെ വായിച്ചിരുന്നത് ഓര്മ വരുന്നു ..എന്തായാലും ഒരു തിരക്കഥ എങ്കിലും എഴുതി വേണം വാസുവിന് കണ്ണടക്കാന്‍ ;-)) ..അപ്പോഴേക്കും മലയാള സിനിമ ഉണ്ടാകുമോ എന്തോ..!

  വളരെ നന്ദി ! തുടര്‍ന്നും എഴുതുമല്ലോ !

  ReplyDelete
 8. എല്ലാം എല്ലാവര്ക്കും പറഞ്ഞു കൊടുത്തോ ...ഇനി തിരക്കഥയും സംവിധാനവും എഡിറ്റിങ്ങും ചന്തു ഏട്ടനെ പഠിപ്പിക്കാന്‍ ആശാന്മാര്‍ ഇറങ്ങും ..:)
  തമാശയാണ് കേട്ടോ ..നിറകുടം അല്ലേ തുളുമ്പൂ ...:)
  ആശംസകള്‍ ...

  ReplyDelete
 9. ഇല്ലില്ലില്ലാ, സംഭാഷണം എവ്ടെ എഴുതണംന്ന് ചെറുത് ചോദിച്ചിട്ടേയില്ലാട്ടാ :(
  കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ശ്രീനിവാസന്‍ എന്നും, ചിലയിടത്ത് സംഭാ‍ഷണം മാത്രം വേറെ പേരും ടൈറ്റില്‍ കാണിക്കുമ്പൊ കാണാറുണ്ട്. അതാ അങ്ങനൊരു ഡൌട്ട് വന്നത്. അല്ലാതെ എവ്ടെ എഴുതുംന്ന് ഏത് ചെറുതിനും മനസ്സിലാകണ പോലെ ഒന്നാം ഭാഗത്തില്‍ വിവരിച്ചിട്ടുണ്ട്. ഒന്നും അറിയാത്തവന്‍‌റെ പൊട്ടസംശയങ്ങള്‍ കേട്ട് അരിശപെടല്ലേ നായര്‍സാബ്.

  പിന്നെ സംവിധായകന്‍, അത് തിരക്കഥാകൃത്തിനൊരു ക്രെഡിറ്റിരിക്കട്ടെന്ന്വച്ച് പറഞ്ഞതാ. സീരിയസ്സായിരുന്നില്ല. ശോ. എന്നേകൊണ്ട് ഞാന്‍ തോറ്റ്. അപ്പൊ രണ്ടാം ഭാഗം കാര്യങ്ങള്‍ കൂടുതല്‍ ക്ലിയറാക്കി. സാബുവിന്‍‌റെ കമന്‍‌റും ഇഷ്ടപെട്ടു. ഇത്രേം തിരക്കഥകള്‍ക്കിടയില്‍ സമയം കിട്ടാതിരിക്കണ നേനയോടസൂ‍യേം.

  ആശംസകള്‍ സാബ്. കാണാംട്ടാ :)

  ReplyDelete
 10. പ്രീയ സാബൂ, താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. പക്ഷേ ഷൂട്ടിംഗ് സ്ക്രിപ്റ്റ് തയ്യാറാക്കുന്നത് സംവിധായക വിഭാഗമാണ്. തിരക്കഥാ രചയിതാവ് രചനമാത്രം ച്ര്യ്താൽ മതി.ചിലരുടെ സംശയങ്ങൾക്ക് മറുപടിയായിട്ട് ഞാനതിനെ ഇവിടെ പരാമർശിച്ചൂവെന്ന് മാത്രം...അതു പോലെ ഫാസ്റ്റ് എഡിറ്റിങ്ങ് ഒരോ തിരക്കഥ രചയിതാക്കളുടെ(രചനയിൽ) യുക്തിക്കനുസരിച്ചാവാം...ഇവിടെ ഞാൻ ഒരു ചെറിയ ഉദാഹരണം പറഞ്ഞെന്ന് മാത്രം... താങ്കൾ പറഞ്ഞപോലെ “തിരക്കഥ ഒരു സാഹിത്യ രൂപമായി എന്തു കൊണ്ട് മലയാളി എഴുത്തുകാരുടെ ഇടയിൽ വളർന്നു വരുന്നില്ല എന്ന് അത്ഭുതം തോന്നുന്നു.” എന്നത് എന്റേയും ചോദ്യമാണ്..താങ്കളുടെ വിലയേറിയ ഈ കമന്റിന് വളരെ നന്ദി.എല്ലാ നന്മകളും....

  ReplyDelete
 11. @ പ്രഭൻ...ഉത്ഘാടനം,നാളികേരമുടച്ച് സമ്പന്നമാക്കിയതിന് വളരെ നന്ദി... @ ശ്രീമതി.സ്വപ്ന അനു...വളരെ നന്ദി @ ഇന്‍ഡ്യാഹെറിറ്റേജ്‌:..ഒത്തിരി വിഷമം പിടിച്ച ഒരു പണീയാണേ.. @ നേന സിദ്ധീഖ്...മോളേ...മോൾക്കും മനസ്സിലാകത്തക്ക രീതിയിലാ അങ്കിൾ എഴുതിയത്...ഇനി മോളൂടെ ഒരു നല്ലതിരക്കഥ സംവിധാനം ചെയ്തിട്ട് വേണം ഒന്ന് ഉറങ്ങാൻ....

  ReplyDelete
 12. @ Echmukutty വളരെ സന്തോഷം..അടുത്ത പോസ്റ്റിൽ ഞാൻ ഒരു തിരക്കഥയുടെ ഒന്ന് രണ്ട് സീനുകളും,തിരക്കഥയെഴുതേണ്ടതിന് ഉപകാരപ്രദമായ ചിലടിപ്പ്സുകളും ഉൾക്കൊള്ളിക്കുന്നുണ്ട്..തിരക്കഥ എഴുതി നോക്കുക..എല്ലാ ഭാവുകങ്ങളും നേരുന്നു....

  ReplyDelete
 13. @ രമേശനിയാ....“എല്ലാം എല്ലാവര്ക്കും പറഞ്ഞു കൊടുത്തോ ...ഇനി തിരക്കഥയും സംവിധാനവും എഡിറ്റിങ്ങും ചന്തു ഏട്ടനെ പഠിപ്പിക്കാന്‍ ആശാന്മാര്‍ ഇറങ്ങും.....” എനിക്കീ കമന്റ് ‘ക്ഷ’ പിടിച്ചു.... നമ്മൾ ഇപ്പോഴും ‘കുട്ടികളല്ലേ’ ആശാന്മാർ വരട്ടേ...സുസ്വാഗതം...വരവിനും ,വായനക്കും,അവസാനത്തെ പ്രയോഗത്തിനും വളരെ നന്ദി....

  ReplyDelete
 14. @ ചെറുത്* ..ഒരിക്കലും ചെറുതല്ലാത്ത ചെറുതേ..നായര്‍സാബഇന് ഒരിക്കലും അരിശം വരില്ല്ലാട്ടോ...എന്ത് സംശയവും ചോദിക്കാം..വന്നെത്തിയതിനും വായനക്കും എന്റെ നമസ്കാരം.. . @ ChethuVasu... എന്നിൽ നിന്നും ഒരു തുള്ളി അറിവ് താങ്കൾക്ക് ലഭിച്ചൂവെങ്കിൽ ഞാൻ ധന്യനായി...ഈ വരവിന് എന്റെ നംസ്കാരം....

  ReplyDelete
 15. രണ്ടാംഭാഗവും വായിച്ചു ...ഇപ്പോഴാണ് ബ്ലോഗ്‌ പോസ്റ്റിനു ഒരു ഗരിമ കൈവന്നത് ....ഈ സംരംഭത്തിന് സര്‍വവിധ ഭാവുകങ്ങളും.

  ReplyDelete
 16. @ സ്നേഹിതേ....വരവിനും വായനക്കും അഭിപ്രായത്തിനും നമസ്കാരം...

  ReplyDelete
 17. ഞാന്‍ ഇതിന്റെ ഒന്നാം ഭാഗം കൂടി ഒന്ന് നോക്കട്ടെ

  ReplyDelete
 18. ചന്തുവേട്ടാ, വളരെ നന്ദി. ചേട്ടന്റെ ഈ മനോഹരമായ ലേഖനം വായിച്ചപ്പോള്‍ എന്റെ ആത്മവിശ്വാസം കൂടുന്നു. കാരണം, ചേട്ടന്‍ പറഞ്ഞ രീതികളിലൂടെത്തന്നെയാണ് എന്റെ ചിന്തകളും പോകുന്നത്. പോകുന്ന വഴി ശരിയാണെന്ന് പറയാന്‍ ഒരാള്‍ ഉണ്ടാകുമ്പോള്‍ മനസ്സില്‍ തോന്നുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. വളരെ നന്ദി!!

  ReplyDelete
 19. ലിങ്ക് തന്നപോള്‍ ഓഫീസിലായിരുന്നു.. ഇപ്പോള്‍ വീട്ടിലെത്തി ആദ്യം ചെയ്തത് ഇത് വായിക്കുക എന്നതാണ്. ഒന്നാം ഭാഗം തന്നെ എന്റെ മനസ്സില്‍ നല്ല പോലെ പിടിച്ചതാണ്. ഇത് വളരെ സുവ്യക്തമായിരുന്നു. ഒരുപാട് കാര്യങ്ങള്‍ സ്പഷ്ടമായി മനസ്സിലായി. നന്ദി സര്‍, വളരെ നന്ദി. ഇനിയും ഇത്തരം ഉപകാരപ്രദമായ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു. സസ്നേഹം

  ReplyDelete
 20. .ചന്തുവേട്ടാ, ഇതില്‍ നിന്നും ഞാന്‍ ഒരുപാട് പഠിക്കാനുണ്ട് ..........എനിക്കും നല്ല എഡിറ്റിംഗ്ന്ടെ കുറവുണ്ട് ......പിന്നേ ഇങ്ങനാണ് അപ്പൊ തിരക്കഥ എഴുതുന്നത് അല്ലെ ..........നേരെചൊവ്വേ എഴുതാന്‍ അറിയാത്ത ഞാന്‍ ഇപ്പൊ ആഗ്രഹിക്കുന്നത് എന്തെന്നോ ??? തിരക്കഥ എഴുതിയാല്‍ കൊള്ളാമെന്നു ........മനുഷ്യന്ടെ ആഗ്രഹങ്ങളെ അല്ലെ ...............അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ...........എനിക്കും പറഞ്ഞുതരണംട്ടോ??

  ReplyDelete
 21. ... എത്ര നല്ല ഒരു കാര്യം സാധിച്ചിരിക്കുന്നു. ഉദ്ദേശം ഇരുപത്തിയഞ്ച് എഴുത്തുകാർ തിരക്കഥാരചയിതാക്കളായിമാറുമെന്ന് ഉറപ്പായി. ഇനി എഡിറ്റിംങ്ങും സംവിധാനവുംകൂടി വിവരിച്ചാൽ, കുറച്ചുപേർ ആ വഴിക്കും നീങ്ങും. അങ്ങനെ ഒരു വഴിയിലൂടെ മാത്രം സഞ്ചരിക്കുന്നവർ പുതിയ വിശാലമായ പന്ഥാവിലൂടെ ഉയരങ്ങളിലേയ്ക്ക് വരട്ടെ. നല്ല ഉദ്യമത്തിന് അനുമോദനങ്ങൾ.....

  ReplyDelete
 22. കൊള്ളാം ചന്തുവേട്ടാ... പല കാര്യങ്ങളും മനസിലാക്കാന്‍ കഴിഞ്ഞു...
  ചന്തുവേട്ടന്‍ എഴുതിയ എതെങ്കിലും തിരക്കഥയിലെ സീൻ വായിക്കാന്‍ അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു.

  ReplyDelete
 23. @ സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു ... എന്റെ അറിവിൽ നിന്നും, എന്തും പറഞ്ഞുതരാൻ ഞാനുണ്ടാകും.ധൈര്യമായി മുൻപോട്ട് പോകുക..എല്ലാ ഭാവുകങ്ങളൂം... @ ആസാദ്‌.... വരവിനും വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.. @ kochumol(കുങ്കുമം) ഷാബുവിനോട് പറഞ്ഞത് തന്നെ ഞാനിവിടെ ആവർത്തിക്കുന്നൂ.... @ വി.എ....താങ്കളുടെ അനുമോദനങ്ങൾക്ക് നന്ദി...ഒരാൾക്കെങ്കിലും ഈ ലേഖനം ഉപകാരപ്പെടും എന്ന അറിവ്തന്നെ സന്തോഷമുണ്ടാക്കുന്നൂ.. @ Lipi Ranju ..അടുത്ത പോസ്റ്റിൽ ഞാൻ രണ്ടോ മൂന്നോ സീനുകൾ ഉൾപ്പെടുത്താം..പ്രോത്സാഹനത്തിനും അഭിപ്രായത്തിനും വായനക്കും നന്ദി കുഞ്ഞേ..

  ReplyDelete
 24. ചന്തു സാര്‍ ,

  സംഭാഷണത്തിലെ ഭാവത്തെ തിരക്കഥയില്‍ എങ്ങനെ വിവരിക്കും :
  ഉദാ : ശേഖരാ ,,,,,
  ഇത് പല വിധത്തില്‍ വിളിക്കാമല്ലോ

  സ്നേഹത്തോടെ ( ശേഖരാ ...)
  കടുപ്പിച്ചു .. (ശേഖരാ ..)
  സൂത്രത്തില്‍ (ശേഖരാ ..)
  ദുഖത്തോടെ ..(ശേഖരാ )

  ഇവിടെ കടുപ്പിച്ചു ,ദുഖത്തോടെ എന്നൊക്കെ എഴുതുക അല്ലാതെ , ശേഖരാ എന്നത് എത്ര ദുഃഖത്തില്‍ എത്ര കടുപ്പിച്ചു എത്ര അളവില്‍ ഊന്നല്‍ കൊടുക്കണം എന്നതൊക്കെ ഡബ്ബിംഗ് ആര്‍ടിസ്റ്റ് ന്റെ മനോധര്‍മം പോലെ ചെയ്യുകയാണോ പതിവ് ..?

  ReplyDelete
 25. സ്നേഹത്തോടെ ( ശേഖരാ ...)
  കടുപ്പിച്ചു .. (ശേഖരാ ..)
  സൂത്രത്തില്‍ (ശേഖരാ ..)
  ദുഖത്തോടെ ..(ശേഖരാ ) ഇതിലേതാണ് സീനിന്റെ അവസ്ഥ അത് തന്നെ എഴുതുക...ചോദ്യത്തിൽ തന്നെ ഉത്തരവും ഉണ്ടല്ലോ....ഡബ്ബിംഗ് ആര്‍ടിസ്റ്റ് ന്റെ മനോധര്‍മം പോലെ ചെയ്യുകയല്ലാ....സംവിധായകൻ അത് പറഞ്ഞ്കൊടുക്കും...

  ReplyDelete
 26. തിരക്കഥയെ കുറിച്ച്‌ ശ്രീ എം.ടി എഴുതിയ മനോഹരമായ ഒരു ലേഖനം ഇവിടെ വായിക്കാം. എല്ലാവർക്കും ഉപയോഗപ്രദമാവും.

  http://www.mathrubhumi.com/books/story.php?id=1176&cat_id=500

  ReplyDelete
 27. @ സാബൂ വളരെ നന്ദിയുണ്ട് ...ഇത് വായിച്ചിട്ടില്ലാത്തവർക്ക് ഈ ലിങ്ക് വളരെ പ്രയോജനം ചെയ്യും.... ഞങ്ങൾ പറഞ്ഞത് ഒരേ കാര്യങ്ങൾ തന്നെയല്ലേ..ഞാൻ അതിനെ എന്റേതായ അനുഭവത്തിൽനിന്ന് കൊണ്ട് വളരെ ലളീതമായി എഴുതി എന്ന് മാത്രം...താങ്കൾക്ക് എല്ലാ നന്മകളും.......

  ReplyDelete
 28. ചന്തു സര്‍.. ഈ പോസ്റ്റിനു വളരെ നന്ദി. സിനിമാ ഭ്രാന്ത് തലയ്ക്കു പിടിച്ച ഒരു അനുജന്‍ എനിക്കും ഉണ്ട്..വേഗം തന്നെ ഈ ലിങ്ക് അവനു കൊടുക്കട്ടെ. ഷോര്‍ട്ട് ഫിലംസ് നു സ്ക്രിപ്റ്റ് എഴുതി , കോളേജിലെ കൂട്ടുകാരെ ഒക്കെ വെച്ച് അഭിനയിപ്പിക്കലാണ് അവന്റെ പണി..

  ReplyDelete
 29. ങും ഞാന്‍ ഉറപ്പിച്ചു ... അത് തന്നെ കൊണ്ട് എഴുതിക്കാം

  ReplyDelete
 30. എം.ടി യുടെ തിരക്കഥകള്‍ എന്നെ വല്ലാതെ
  ആകര്‍ഷിക്കാറുണ്ട്.പത്മരാജന്റെതും.
  മമ്മൂട്ടി-മോഹന്‍ലാല്‍ വസന്ത കാലത്ത്
  എം ടി യുടെ തിരക്കഥകളില്‍ വന്ന അവരുടെ
  പടങ്ങള്‍ എത്ര മനോഹരങ്ങളാണ്. പിന്നെ ശ്രീനിവാസന്‍
  എന്നും എന്‍റെ favorite ആണ്. കച്ചവടത്തിന്
  വേണ്ടിഅദ്ദേഹവും കോംപ്രമൈസ് ചെയ്ത ചിലതൊഴികെ.
  ചന്തുവേട്ടന്‍റെ ഈ ഉദ്യമം പ്രത്യേക അഭിനന്ദനം
  അര്‍ഹിക്കുന്നു.
  ശരിക്കും ആസ്വദിക്കാനും പഠിക്കാനും പറ്റി.

  ReplyDelete
 31. "ഡബ്ബിംഗ് ആര്‍ടിസ്റ്റ് ന്റെ മനോധര്‍മം പോലെ ചെയ്യുകയല്ലാ....സംവിധായകൻ അത് പറഞ്ഞ്കൊടുക്കും..."

  നന്ദി ചന്തുവേട്ട ,

  യഥാര്‍ത്ഥത്തില്‍ സംഭാഷണത്തിലെ ഭാവാത്മകത ആണല്ലോ സംഭാഷണങ്ങള്‍ക്ക് ജീവന്‍ കൊടുക്കുന്നത് (ചിലപ്പോള്‍ ഒറ്റ വാക്ക് മാത്രം വേണ്ട രീതിയില്‍ പ്രയോഗിച്ചാല്‍ മതിയാകുംമല്ലോ യൊരു പാട് പാരഗ്രാഫുകളുടെ അര്‍ഥം തികയാന്‍ ) . കുട്ടിക്കാലത്ത് ( TV വരുന്നതിനു മുന്‍പ് ) റേഡിയോ നാടകങ്ങള്‍ സ്ഥിരം കേള്‍ക്കുമായിരുന്നു ..ഇത്ര മാത്രം ക്രിയേറ്റിവ് ആയ ഒരു വേറൊരു സംഭവം കേട്ടിട്ടില്ല (ഔ പക്ഷെ കഥാ പ്രസംഗം )..കാരണം ദൃശ്യത്തിന്റെ സഹായമില്ലാതെ ശ്രോതാവിന്റെ മനസ്സിലെ കാന്‍വാസില്‍ വലിയൊരു ദൃശ്യ ലോകം ശ്രുഷ്ടിക്കുമായിരുന്നു ആ നാടകങ്ങള്‍ .

  മര്‍മം അറിഞ്ഞു എഴുതുന്ന ഡയലോഗുകള്‍,അത് പറയുന്ന രീതി ,ഭാവം എന്നിവ ആണ് പലപ്പോഴും ഒരു ദൃശ്യത്തെ (സീനിനെ ) ആളുകളുടെ മനസ്സില്‍ കാലങ്ങളോളം ജ്വലിപ്പിച്ചു നിര്‍ത്തുന്നത് എന്ന് തോന്നിയിട്ടുണ്ട് .
  ഉദാ :
  "മോനെ കത്തി താഴെയിടെടാ ,അച്ഛനാടാ പറയുന്നത് " - കിരീടം
  "ജീവിതത്തില്‍ പലരും ചന്തുവിനെ തോലിപ്പിച്ച്ചിട്ടുണ്ട് , 'പലവട്ടം " - വീരഗാഥ
  "രാജു മോന്‍ ഒരിക്കല്‍ എന്നോട് ചോദിച്ചു ...." - രാജാവിന്റെ മകന്‍

  എന്റെ അനുമാനം ശരിയാണെങ്കില്‍ തലച്ചോര് (മനസ്സ് ) ദൃശ്യങ്ങളുടെ വിന്യാസ വിശദാംശങ്ങള്‍ എളുപ്പം മറന്നു കളയുകയും അതെ സമയം കേള്‍വിയുടെ വിശദാംശങ്ങള്‍ ഓര്‍മിച്ചു വക്കുകയും ചെയ്യുന്നുണ്ട് .

  ReplyDelete
 32. ..കാര്യമാത്ര പ്രസക്തമായ പോസ്റ്റ്‌

  ReplyDelete
 33. പുതിയ അറിവുകള്‍ സമ്മാനിച്ചതിനു വളരെ നന്ദി.

  ReplyDelete
 34. മാഷേ. ഇത് നേരത്തെ ആയിരുന്നെങ്കില്‍ എന്ന് ഞാനാശിച്ചു പോയി. പത്മരാജന്‍ മാഷുടെ ചില തിരക്കഥകള്‍ മാത്രം വായിച്ച അറിവിലാണ് ഞാനാ തിരക്കഥ തല്ലിക്കൂട്ടി ഒരു മത്സരത്തിനയച്ചത്.
  September 20, 2011 12:30 PM

  ReplyDelete
 35. എം.ടിയുടെ തിരക്കഥകൾ സമ്പൂർണ്ണം (6 വാല്യം) വലിയ കാര്യത്തിൽ വാങ്ങി. പക്ഷേ, വായിക്കാൻ അത്ര പിടികിട്ടിയില്ല. നിരാശ തോന്നി.

  ഇനിയിപ്പോൾ ഒന്ന് ശ്രമിക്കാം... വളരെ നന്ദി, ആശംസകൾ

  ReplyDelete
 36. @ ChethuVasu താങ്കളുടെ അഭിപ്രായം ശരിയാണ്. സിനിമയിലായാലും,നാടകത്തിലായലും,സംവിധായകൻ സന്ദർഭം പറഞ്ഞ്കൊടുക്കും...പിന്നെ അത് അവതരിപ്പിക്കുന്ന നടന്റെ ചലനവും ,സംഭാഷണശൈലിയുമാണ് രംഗത്തിന് ഭാവ തീവ്രതയുണ്ടാക്കുന്നത്... @ ബ്ലോഗുലാം,,,നന്ദി. @ Vp Ahmed, വരവിനും വായനക്കും നന്ദി.... @ കുസുമം ആര്‍ പുന്നപ്ര..... സാരമില്ലാ ഇനിയും മത്സരങ്ങൾ വരും..ഇതൊക്കെ ഓർമ്മിച്ച് വക്കുക...നല്ലൊരു തിരക്കഥാകാരിയാകൻ എല്ലാ യോഗ്യത്യും താങ്കൾക്കുണ്ട്.....ഭാവുകങ്ങൾ @ Gopakumar V S (ഗോപന്‍ ) ശ്രമിക്കുക...കൂട്ടിനു ഞാനും ഉണ്ടാകും....വരവിനും വായനക്കും നന്ദി....

  ReplyDelete
 37. ലളിതമായ രീതിയില്‍ ആര്‍ക്കും മനസിലാകുന്ന പോലെയുള്ള വിവരണത്തിന് നന്ദി....

  ReplyDelete
 38. ചേട്ടാ ആദ്യ ഭാഗത്തിന്റെ ലിങ്ക് ചേർക്കണം കേട്ടോ. ചേർത്തിട്ടുണ്ടെങ്കിൽ, കാണാൻ പറ്റിയില്ല. അവസാന ഭാഗത്ത് ചേർത്താൽ മതിയാകും.എന്റെ തിര ഇനിയും കടൽ കയറിയിട്ടില്ല!!!!
  പാവം ഞാൻ.

  ReplyDelete
 39. വായിച്ചു, ആസ്വദിച്ചു, അത്ഭുതപ്പെട്ടു...അറിവുകള്‍ പങ്കുവയ്ക്കുന്ന ഈ മനോഭാവത്തിന് അഭിവാദ്യങ്ങള്‍

  ReplyDelete
 40. @ കുഞ്ഞൂസ് (Kunjuss),@ വിധു ചോപ്ര @ ajith ..... വരവിനും വായനക്കും അഭിപ്രായത്തിനും വളരെ നന്ദി....

  ReplyDelete
 41. ചന്തുവേട്ടാ...ഇവിടെ വരുന്നതാദ്യമായാണ്‌... അപരിചിതമായ ഒരു മേഖല..

  പരിചയപ്പെടുത്തലിനു നന്ദി.

  ReplyDelete
 42. ഇത്രയും ആത്മാര്‍ത്ഥമായും സത്യസന്ധമായും എഴുതാന്‍ കഴിയുന്നത്‌ വലിയ കാര്യം തന്നെയാണ്‌. പിന്‍തുടര്‍ച്ചക്കാര്‍ക്ക്‌ ഒരു തുണ! ഈ സല്‍കൃത്യം തുടരട്ടെ.

  ReplyDelete
 43. തിരക്കഥ ആയാലും തിരക്കിട്ട് വേണ്ട.
  കുറേശെയായി പോന്നോട്ടെ.

  ReplyDelete
 44. അപരിചിതമായ ഒരു മേഘലയാണ് തിരക്കഥാ രചന.
  ലളീതമായ ഈ പ്രതിപാദന രീതി വളരെ ഇഷ്ടപ്പെട്ടു.
  ബാക്കിക്കായി കാ‍ത്തിരിക്കുന്നു...
  ആശംസകൾ...

  ReplyDelete
 45. ഇനിയും ഒരുപാട് കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നു...

  ReplyDelete
 46. @ junaith,@ ajith,@ പഥികൻ @ ഇസ്മായില്‍ കുറുമ്പടി (തണല്‍),@ ഋതുസഞ്ജന, @ വി.കെ .@ ദാസന്‍.....വരവിനും വായനക്കും അഭിപ്രായങ്ങള്‍ ക്കും നന്ദി... @ V P Gangadharan, Sydney മാഷേ ഇടക്ക്‌ ബ്ലോഗുലകത്തില്‍ കാണാതിരുന്നപ്പോള്‍ വിഷമം തോന്നി...തിരികെ വന്നതില്‍ വളരെ നന്ദി....പിന്‍തുടര്‍ച്ചക്കാര്‍ക്ക്‌ തുണ നല്‍കാന്‍ പലരും മടിക്കുന്ന കാലമാണിത്‌ എന്നില്‍ പകര്‍ന്ന്‍ കിട്ടിയ അറിവ്‌ മറ്റുള്ളവര്‍ക്ക്‌ പറഞ്ഞു കൊടുക്കുന്നതില്‍ ഞാന്‍ സംതൃപ്തി കാണുന്നു ....എല്ലാവര്ക്കും എന്റെ പ്രണാമം

  ReplyDelete
 47. തിരക്കഥ നന്നായി ആസ്വദിക്കുന്നുണ്ട്. അതിനിടയില്‍ അതിന്റെ ഗുട്ടന്‍സ് പഠിക്കുന്നുമുണ്ട്. ഇനി സംശയം വരുമ്പോള്‍ ബന്ധപ്പെടാം.

  ReplyDelete
 48. സത്യത്തില്‍ ഇങ്ങനെ ഒരു പുസ്തകം ഞാന്‍ തേടി നടക്കുകയായിരുന്നു. ബ്ലോഗില്‍ ഇങ്ങനെ ഒരു സംരംഭം തുടങ്ങിയതിനു നന്ദി. ബ്ലോഗാവുമ്പോള്‍ സംശയങ്ങള്‍ നേരിട്ട് ചോദിക്കാമല്ലോ? വര്‍ഷങ്ങളോളം ഈ സംരംഭം ഇവിടെ വായിക്കപ്പെടും.
  ആശംസകള്‍......അല്ല ..അല്ല...നന്ദി

  ReplyDelete
 49. ചെറിയ ഒരു ആവശ്യം വന്നു..അത് കൊണ്ട് നേരെ ഇങ്ങോട്ട് വന്നു രണ്ടും വായിച്ചു...
  അപ്പൊ ഇനിയും കാണാം...

  നന്ദി...

  ReplyDelete
 50. ഇപ്പോൾ എനിക്കും ഒരു തിരക്കഥ എഴുതണമെന്ന് മോഹമുദിക്കുന്നു :))
  പിന്നെ രമേശ് അനിയനോട് : കൊടുക്കും തോറും ഏറിടുന്നതാണ് വിദ്യയും വിജ്ഞാനവും. അതുകൊണ്ട് പേടിക്കണ്ടാട്ടോ. നമുക്കിത് പറഞ്ഞുതന്നപ്പോൾ അദ്ദേഹം ഒരു ലെസൺ കൂടി പഠിച്ചുകാണും.:)

  ReplyDelete
 51. താങ്കളുടെ ഏതെങ്കിലും ഒരു തിരകഥ ബ്ലോഗില്‍ പ്രസിധീകരിക്കുകയാണെങ്കില്‍ വളരെയധികം ഉപകാരപ്രദമാകും .
  പ്രതീക്ഷയോടെ കാത്തിരിക്കുന്നു .

  ReplyDelete
 52. ഒന്നാം ഭാഗത്തെ പോലെ തന്നെ അറിയാന്‍ ആഗ്രഹിച്ച പല ഉത്തരങ്ങളും ഈ ലേഖനത്തില്‍ നിന്നും വായിച്ചറിയാന്‍ സാധിച്ചു. നന്ദി ചന്തുവേട്ടാ..സിനിമ രംഗങ്ങളിലെ continuity യെ കുറിച്ച് അറിയാന്‍ ആഗ്രഹമുണ്ട്. അത് പോലെ തന്നെ കഥാഗതിക്ക്‌ അനുസരിച്ച് തന്നെ ഓരോ രംഗങ്ങളും ഷൂട്ട്‌ ചെയ്യാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ എന്തൊക്കെയാണ്. ?
  വീണ്ടും വരാം..

  ReplyDelete
 53. ഞാന്‍ ഇനി അടുത്ത ഭാഗം വായിക്കട്ടെ

  ReplyDelete
 54. മനോജ്‌.സി.ബിOctober 19, 2013 at 1:08 PM

  വളരെ നന്നായിരിക്കുന്നു ഒരുപാട് അറിവ് കിട്ടി ഇനിയും കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞു തരാന്‍ ദൈവം അനുഗ്രഹിക്കട്ടെ............

  ReplyDelete