പന്തീരുകുലത്തിലൊരുവൻ
പാറക്കഷണങ്ങൾ തകർന്നുടയുന്ന ശബ്ദം കേട്ട് വണ്ടിക്കാരൻ ഞെട്ടിയുണർന്നു..തന്റെ കാളവണ്ടി കൂട്ടം തെറ്റിയിരിക്കുന്നു.എന്നും ഒരുമിച്ചായിരുന്നൂയാത്ര.എട്ടാമത്തെ നമ്പറായിട്ടായിരുന്നു തന്റെ വണ്ടി.. മുൻപേ പോകുന്ന വണ്ടിക്ക് പിന്നാലെ മാത്രമേ തന്റെ കാളകൾസഞ്ചരിച്ചിരുന്നുള്ളൂ… ഇത് വരെ..... ഇന്നെന്തു പറ്റീ?
ഒരു കുന്നിന്റെ മുകളിലെക്കാണ് യാത്ര. തണുപ്പേറെയായത്കൊണ്ടാവാം മണ്ണും വിണ്ണും കറുത്ത കരിമ്പടം പുതച്ചിരിക്കുന്നൂ. ഇരുളിൽ, എവിടേക്കാണന്നറിയാതെയുള്ള യാത്ര. കാളവണ്ടിക്ക് താഴെ മുനിഞ്ഞ് കത്തിക്കൊണ്ടിരുന്ന റാന്തൽ എപ്പോഴാണു അണഞ്ഞ് പോയത്...
അയാൾ ഒരു കവിൾ പുകക്ക് ദാഹിച്ചു. കാതിൽ തിരുകിയിരുന്ന മുറിബീഡിയെടുത്ത് ചുണ്ടത്ത് വച്ചു.അരയിലെ മുണ്ടിന്റെ കോന്തലയിൽ നിന്നും തീപ്പെട്ടിയെടുത്ത് തുറന്നു, ഒരു കൊള്ളി മാത്രം..തണുപ്പിൽ വിരലുകൾ വിറക്കുന്നൂ.വളരെ നിയന്ത്രിച്ച് തീക്കോലെടുത്തു. വന്ധ്യയായ തീപ്പെട്ടിയിൽ എത്ര തന്നെയുരച്ചിട്ടും തിരി കത്താത്തതിൽ വണ്ടിക്കാരൻ അക്ഷമനായി. അത് അയാളുടെ ഏകാഗ്രത നഷ്ടപ്പെടുത്തി.വിരലുകളിൽനിന്നും തീക്കോൾ താഴേക്ക് വീണു.പെട്ടെന്നായാൾ കാളകളുടെ കയർ ആഞ്ഞു പിടിച്ചു. ഞരക്കത്തോടെ വണ്ടി നിന്നു.കയർ തൊണ്ടയിൽ മുറുകിയത്കൊണ്ടാകാം. കാളകളുടെ ഞരക്കത്തിനു വല്ലാത്തൊരു സ്വരവിന്യാസം.അയാൾ താഴേക്ക് ചാടിയിറങ്ങി. തറയിൽ കുത്തിയിരുന്ന് തീക്കോൽ പരതി..ഇരുട്ടും പിന്നെ വെട്ടമായി വന്ന മുഹൂർത്തത്തിലെപ്പോഴോ, വ്യക്തമായ വശങ്ങളുള്ള തീക്കോൽകണ്ടെടുത്തു.അവാച്യമായ ഒരാനന്ദം..കിട്ടില്ലാന്ന് നിനച്ചിരുന്ന ഒന്ന് കിട്ടിയപ്പോഴുള്ള ആഹ്ളാദത്തിൽ അയ്യാൾ ഒന്നുറക്കെ ചിരിച്ചു.അത് ഷണികമായിരുന്നു. തീക്കോൽ വീണ്ടും വീണ്ടും ഉരച്ച് നോക്കിയിട്ടും കത്താത്തത് കൊണ്ട് അയാൾ സ്പർശനത്താൽ ദർശിച്ചു.അതിന്റെ കാന്തം നഷ്ടപ്പെട്ടിരിക്കുന്നൂ. തീപ്പെട്ടിക്കൂടും,കൊള്ളിയും,ബീഡിയും വലിച്ചെറിഞ്ഞൂ.
ദ്വേഷ്യം മനസ്സിൽ ചുരമാന്താൻ തുടങ്ങിയപ്പോഴാണു അയാൾ അത് കണ്ടത്. അകലെ കുന്നിനു മുകളിൽ ഒരു ജ്യോതിസ്. വണ്ടിയിൽ ചാടിക്കയറി കാളകളുടെ ‘കടിഞ്ഞാൺ’ ആഞ്ഞ് പിടിക്കുകയും കാലുകളുടെ പെരുവിരൽ കൊണ്ട് അവയുടെ പിൻഭാഗത്ത് ചവിട്ടുകയും ചെയ്തു.ഇരട്ട വേദനയുടെ ഇരട്ടിപ്പിൽ കാളകൾ മുന്നോട്ട് കുതിച്ചു.
ഒട്ടും പ്രതീക്ഷിക്കാതെ മുകളിൽ നിന്നും ഉരുണ്ട് വന്ന ഒരു പാറക്കഷണം വാമഭാഗത്തെ കാളയുടെ ശരീരത്തിൽ പതിച്ചു.ഒരു അലർച്ചയോടെ കാള നിലം പതിച്ചു.കാളവണ്ടി ഇടത് വശത്തേക്ക് ചരിഞ്ഞു. അയാൾ ചാടിയിറങ്ങി കാളയെ നിരീക്ഷിച്ചു.അതിന്റെ നാഡീസ്പന്ദനം നിലച്ചിരിക്കുന്നു. വിഷമം ഉള്ളിലൊതുക്കി അയാൾ വണ്ടിയിൽ നിന്നും ആ കാളയുടെ കെട്ടഴിച്ച് മാറ്റി . കാളയുടെ കഴുത്തിരുന്ന്ഭാഗത്ത് തന്നെ കഴുത്ത് വച്ച് മറുകാളയോടൊപ്പം വണ്ടി വലിച്ചു.ലക്ഷ്യം മുകളിലത്തെ ജ്യോതിസ്സായിരുന്നു. കഠിനമായ കയറ്റം. കാലുകൾ തെന്നുന്നൂ.നാവ് വരളുന്നു. താൻ കാളകളെ അടിക്കുമ്പോഴും, ചവിട്ടുമ്പോഴും,ഭാരമുള്ള വസ്തുക്കൾ തോളേറ്റി വലിക്കുമ്പോഴും അവറ്റകൾക്കുണ്ടാകുന്ന വിഷമം ആന്നാദ്യമായി അയാൾക്ക് മനസ്സിലായി.ചിന്തകൾവെടിഞ്ഞ് അയാൾ വേഗതയുള്ളവനായി. വേഗത കുന്നിൻ നിറുകയിലെത്തിച്ചു.വണ്ടിയിൽ നിന്നും മോചിതനായി. അയാൾ തിരിഞ്ഞ് നോക്കി.കയറിവന്ന കയറ്റം ഇറക്കമായ് മുന്നിൽ.താൻ മോചിതനായപ്പോൾ ബാലൻസ് തെറ്റിയ മറുകാളയും,വണ്ടിയും താഴേക്ക് ഉരുണ്ട് പെയ്ക്കൊണ്ടിരുന്നത് അയാൾ കണ്ടില്ലാന്ന് നടിച്ചു. കുന്നിൻ നിറുകയിലാകെ പ്രകാശം തളം കെട്ടിനിൽക്കുന്നു. പാലൊളിപ്രഭ...പക്ഷേ നിരാശനായി...താൻ കണ്ട ജ്യോതിസ് അകലെ വളരെ അകലെയായിട്ട് വിളങ്ങി നിൽക്കുന്നു.അതിനടുത്തെത്താനുള്ള വഴി ആലോചിച്ച് അയാൾ നിലകൊണ്ടൂ.വൃഥാ?......