Monday, April 24, 2017

അഭിരാമവാരഫലം (കലികപൊൻ കുന്നം)

                                                    അഭിരാമവാരഫലം
                                                    ==================
മേഘസന്ദേശം നമ്മിൽ പലരും വായിച്ചിട്ടുണ്ട്. കാളിദാസന്റെ ഒരു കാവ്യമാണ് മേഘദൂതം. മേഘസന്ദേശം എന്നു പരക്കെ അറിയപ്പെടുന്ന ഇതു സന്ദേശകാവ്യം എന്ന വിഭാഗത്തിൽപ്പെടുന്നു. സംസ്കൃതസാഹിത്യത്തിലെ ആദ്യത്തെ സന്ദേശകാവ്യമായി ഇതു കണക്കാക്കപ്പെടുന്നു. വേർപെട്ടുകഴിയേണ്ടിവരുന്ന കാമുകീകാമുകന്മാരുടെ വിരഹദുഃഖത്തിന്റെ തീവ്രതയാണ് ഈ കൃതിയുടെ പ്രമേയം. കൃത്യവിലോപത്തിനു ശിക്ഷിക്കപ്പെട്ട് അളകാപുരിയിൽനിന്നു വിന്ധ്യാപർവ്വതപ്രദേശത്തെ രാമഗിരിയിലേക്കു നാടുകടത്തപ്പെട്ട പുതുമണവാളനായ ഒരു യക്ഷനാണ് ഈ കാവ്യത്തിലെ നായകൻ. ആഷാഢമാസത്തിലെ ആദ്യദിവസം അയാൾ താഴ്വരയിൽ കൊമ്പുകുത്തിക്കളിക്കുന്ന ഗജത്തെപ്പോലെ ഒരു വർഷമേഘത്തെ കണ്ടെത്തി. ("കൊമ്പുകുത്തിക്കളിക്കാനൊരുമ്പെടും കൊമ്പനാനപോൽ കാണാനഴകുമായ് താഴ്വരയെ തഴുകിവന്നെത്തിടും കാർമുകിലിനെ കണ്ടിതക്കാമുകൻ) വിരഹദുഃഖത്താൽ സുബോധംതന്നെ നഷ്ടപ്പെട്ടിരുന്ന യക്ഷൻ ആ മേഘംവഴി തന്റെ പത്നിക്ക് ഒരു സന്ദേശം അയയ്ക്കുന്നു. വിന്ധ്യാപർവതത്തിൽനിന്ന് അളകാപുരിവരെ പോകാനുള്ള വഴിയും അയാൾ മേഘത്തിനു നിർദ്ദേശിച്ചുകൊടുക്കുന്നു. മാർഗ്ഗവർണ്ണനയിലെ പ്രകൃതിചിത്രങ്ങളിൽ വിരഹിതനായ കാമുകന്റെ മാറിമാറിവരുന്ന മനോഭാവങ്ങൾ തെളിയുന്നു. മലകൾ അയാൾക്കു ഭൂമിയുടെ സ്തനങ്ങളും ജലസമൃദ്ധമായ നദികൾ വിലാസവതികളായ യുവകാമിനികളും വേനലിൽ വരണ്ട നദികൾ വിരഹിണികളായ നായികമാരുമായി തോന്നിച്ചു.
ഈ പ്രപഞ്ചത്തിൽ വിരഹദുഃഖം അനുഭവിക്കുന്ന സകലരുടേയും സന്ദേശമാണ് ഈ കാവ്യമെന്നു രബീന്ദ്രനാഥ ടാഗോർ അഭിപ്രായപ്പെട്ടിട്ടുണ്ട്.
'ജ്ഞാനപീo'ജേതാവായ മലയാളകവി ജി. ശങ്കരക്കുറുപ്പ് ഈ കാവ്യത്തിന് മേഘച്ഛായ എന്ന പേരിൽ ഒരു വിവർത്തനം നല്കിയിട്ടുണ്ട്. ദ്രാവിഡവൃത്തത്തിലുള്ള , തിരുനല്ലൂർ കരുണാകരൻറെ പരിഭാഷ സുപ്രസിദ്ധമാണ്...മേഘസന്ദേശം എന്ന പേരിൽ കെ എസ് നീലകണ്ഠനുണ്ണീയും തർജ്ജമ ചെയ്തിട്ടുണ്ട്.
കഴിഞ്ഞവാരം വായിച്ച കലിക പൊൻകുന്നത്തിന്റെ “നാമിരുമേഘശകലങ്ങൾ” എന്ന കവിതയിലൂടെയുള്ള സഞ്ചാരം ആകട്ടെ ആദ്യം; കാരണം കവിതയിലെ വിഷയം മേഘമാണ്. മേഘസന്ദേശമല്ലാ മേഘംതന്നെ ഇവിടെ സന്ദേശമാകുകയാണ്.
https://www.facebook.com/groups/1498796040413252/permalink/1589686921324163/
@Jincy Jincy Thomas Kalika Ponkunnam
നാമിരുമേഘശകലങ്ങൾ
**************************
നാമിരുമേഘശകലങ്ങളെൻ സഖീ
നോവിന്നുടൽപെറ്റ നൊമ്പരങ്ങൾ,
ഏതോ നിലാവിൽ തളിർത്തതാം രാഗത്തി-
ലൊരുചോപ്പുസൂര്യനെ തൊട്ടറിഞ്ഞോർ!
ഓരോ ഋതുവിന്നടർപ്പും കിളിർപ്പുമ -
ന്നാദ്യമറിഞ്ഞതാമീമിഴികൾ,
വർഷമുണർന്നപോലെന്തേയുണങ്ങാതെ _
യുറവടയ്ക്കാതെ വിതുമ്പിനില്പ്പൂ.
നാം കോർത്തകൈകളിൽ മിന്നൽപിടഞ്ഞതും
മുത്തിവിടർന്നതാം മാരിവില്ലും
ഇരുമെയ്പുണർന്നിളംമഴയായി പൊഴിഞ്ഞതു -
മൊരു സ്വപ്നദൂരേ തുടിച്ചുകാൺമൂ!
കാലം കുരുക്കിട്ടകത്തി മറുകോണി -
ലൊരു ചൂതിനങ്കംകുറിച്ചപോലെ,
കണ്ണേറകലെ നാമെങ്കിലുമംഗനേ-
യീ വിധിപ്പുഴ താണ്ടിയെത്തുകില്ല.
കാതംകണക്കിട്ട മെയ്ദൂരമെങ്കിലു-
മാത്മാവകലമില്ലാതെ സ്വന്തം,
അതു നെയ്ത മോഹനസ്മൃതികുടീരത്തിങ്ക -
ലണയുംനിലാവും വിൺതാരകവും!
ഇനിയെന്നു മാരിവിൽ തെളിയും വിരൽത്തുമ്പി -
ലൊരുമിന്നലെന്നു വിളിച്ചുണർത്തും?
ഇനിയെന്നു നാം ചേർന്നുപെയ്യും മിഴിക്കോണി -
ലൊരു സൂര്യനെന്നു വിളക്കു വയ്ക്കും?
********കലിക****************
ഇവിടെ കലിക എന്ന കവി രണ്ട് മേഘങ്ങളുടെ മനസ്സിനെ തന്റെ മനസ്സിലൂടെ വായിക്കുകയാണ്. “നാമിരുമേഘശകലങ്ങളെൻ സഖീനോവിന്നുടൽപെറ്റ നൊമ്പരങ്ങൾ,” മേഘങ്ങൾക്കും ഉടലും മനസ്സും ഉണ്ടെന്ന കവിഭാവനയുടെ ചിന്തതന്നെ മനോഹരം ഉടൽപെറ്റനൊമ്പരങ്ങൾ എന്ന പ്രയോഗവും നന്നായി.
“ഏതോ നിലാവിൽ തളിർത്തതാം രാഗത്തി-
ലൊരുചോപ്പുസൂര്യനെ തൊട്ടറിഞ്ഞോർ“
(അവർ കാമുകീകാമുകന്മാരാണ്, നിലാവിൽ മൊട്ടിട്ട അനുരാഗത്തിന്റെ തീക്ഷ്ണത ,അസ്തമയസൂര്യന്റെ രാഗവും തൊട്ടറിഞ്ഞ പറവകൾ)
ഓരോ ഋതുവിന്നടർപ്പും കിളിർപ്പുമ -
ന്നാദ്യമറിഞ്ഞതാമീമിഴികൾ
(ഭാരതീയ ദിനദർശികാടിസ്ഥാനത്തിൽ ഭാരത്തിൽ ആറ് ഋതുക്കൾ ഉണ്ട്.1, വസന്തം (Spring)- മാഘം, ഫാൽഗുനം എന്നീ മാസങ്ങൾ (ഫെബ്രുവരി ഉത്തരാർദ്ധം, മാർച്ച്, ഏപ്രിൽ പൂർവാർദ്ധം)
2, ഗ്രീഷ്മം (Summer)- ചൈത്രം, വൈശാഖം എന്നീ മാസങ്ങൾ (ഏപ്രിൽ ഉത്തരാർദ്ധം, മേയ്, ജൂൺ പൂർവാർദ്ധം)
3, വർഷം (Rainy) - ജ്യേഷ്ഠം, ആഷാഢം എന്നീ മാസങ്ങൾ (ജൂൺ ഉത്തരാർദ്ധം, ജുലൈ, ഓഗസ്റ്റ് പൂർവാർദ്ധം)
4, ശരത് (Autumn) - ശ്രാവണം, ഭാദ്രപദം എന്നീ മാസങ്ങൾ (ഓഗസ്റ്റ് ഉത്തരാർദ്ധം, സെപ്റ്റംബർ, ഒക്ടോബർ പൂർവാർദ്ധം)
5, ഹേമന്തം (pre-Winter) - ആശ്വിനം, കാർത്തികം എന്നീ മാസങ്ങൾ (ഒക്ടോബർ ഉത്തരാർദ്ധം, നവംബർ, ഡിസംബർ പൂർവാർദ്ധം)
6, ശിശിരം (Winter) - മാർ‌ഗശീർഷം, പൗഷം എന്നീ മാസങ്ങൾ (ഡിസംബർ ഉത്തരാർദ്ധം, ജനുവരി, ഫെബ്രുവരി പൂർവാർദ്ധം)
ഈ ഋതുക്കളുടെ സഞ്ചാരം ആദ്യമറിയുന്നതും നമ്മളെ അറിയിക്കുന്നതും മേഘങ്ങളാണല്ലോ)
വർഷമുണർന്നപോലെന്തേയുണങ്ങാതെ _
യുറവടയ്ക്കാതെ വിതുമ്പിനില്പ്പൂ.
നാം കോർത്ത കൈകളിൽ മിന്നൽ പിടഞ്ഞതും
മുത്തിവിടർന്നതാം മാരിവില്ലും
(ഉറവയടയ്ക്കാതെ തുള്ളിക്കൊരുകുടം പെയ്യുന്ന വർഷമേഘം, രണ്ടു മേഘശകലങ്ങൾ തമ്മിൽ കൂട്ടിമുട്ടുമ്പോളുണ്ടാകുന്ന മിന്നലും പിന്നീടുണ്ടാകുന്ന മഴവില്ലും ഒക്കെ തങ്ങളിൽനിന്നുടലെടുക്കുന്നതാണെന്നും ഇവ പ്രണയത്തിന്റെ പ്രതീകാത്മകബിംബങ്ങളാണെന്നും കവി പറയാതെ പറയുന്നു… മിന്നലിനെക്കുറിച്ചു ചെറിയൊരു ചിന്ത- അന്തരീക്ഷത്തിൽ ശേഖരിക്കപ്പെടുന്ന സ്ഥിതവൈദ്യുതോർജ്ജം സ്വയം മോചനംനേടുന്നതിന്റെ ഫലമായുണ്ടാകുന്ന പ്രതിഭാസമാണ് മിന്നൽ അഥവാ ഇടിമിന്നൽ. മിക്കപ്പോഴും ഇലക്ട്രോണുകളുടെ അഥവാ ഋണോർജ്ജകണങ്ങളുടെ പ്രവാഹമാണ് മിന്നൽ. (ധനോർജ്ജകണങ്ങളുടെ പ്രവാഹവും മിന്നലുണ്ടാക്കാറുണ്ട്, പക്ഷേ ഇവ കുറവായി -5% - ൽ കുറവായി- മാത്രം കാണപ്പെടുന്നുള്ളൂ) സാധാരണ മേഘങ്ങളിൽനിന്നു ഭൂമിയിലേക്കും മേഘങ്ങളിൽനിന്നു മേഘങ്ങളിലേക്കും മിന്നൽ പ്രവഹിക്കാം. മിന്നൽ‌പിണരുകൾ 60,000 മീ/സെ വരെ വേഗത്തിൽ സഞ്ചരിക്കുന്നു, ഊഷ്മാവ് 30,000 ഡിഗ്രി സെൽ‌ഷ്യസ് (54,000 ഡിഗ്രി ഫാരൻഹീറ്റ്) ഉയരുകയും ചെയ്യുന്നു. വേനലിൽ മഴയ്ക്കൊപ്പമാണ്‌ മിന്നൽ കൂടുതലായി കാണപ്പെടുന്നതെങ്കിലും മഴക്കാലത്തു കുറഞ്ഞ തോതിലെങ്കിലും ഉണ്ടാകാം .അഗ്നിപർവ്വതസ്ഫോടനസമയത്ത് തുടർച്ചയായ മിന്നലുകൾ ഉണ്ടാവാറുണ്ട്. മിന്നൽ വായുവിനെ കീറിമുറിക്കുമ്പോൾ ഉണ്ടാകുന്ന ഭയാനകമായ ശബ്ദത്തെ ഇടിമുഴക്കം എന്നു വിളിക്കുന്നു. കേരളത്തിൽ തുലാമാസകാലത്തു വൈകുന്നേരങ്ങളിൽ കൂടുതലായി മിന്നൽ ഉണ്ടാകുന്നു. വേനൽമഴയോടനുബന്ധിച്ചു രാത്രിയിലും മിന്നൽ ഉണ്ടാകാം. ലോകത്തിൽ എല്ലാ വർഷവും ഏകദേശം 16 ദശലക്ഷം മിന്നലുണ്ടാകുന്നുണ്ട്.
ഇരുമെയ്പുണർന്നിളംമഴയായി പൊഴിഞ്ഞതു -
മൊരു സ്വപ്നദൂരേ തുടിച്ചുകാൺമൂ!
കാലം കുരുക്കിട്ടകത്തി മറുകോണി -
ലൊരു ചൂതിനങ്കംകുറിച്ചപോലെ,
കണ്ണേറകലെ നാമെങ്കിലുമംഗനേ-
യീ വിധിപ്പുഴ താണ്ടിയെത്തുകില്ല
( മഴയായ് പെയ്ത സ്വപ്നമായി ഭൂമിയിൽ തുടിക്കുന്ന തുടിപ്പിനെ കാണുന്ന വർഷമേഘം . കാലങ്ങളുടെ സഞ്ചാരം.ചൂതിൽ,കള്ളച്ചൂതിൽ ചിരിക്കുന്ന ശകുനിമാർ,തമ്മിൽ അങ്കംകുറിക്കുന്ന മർത്ത്യജന്മം. അകലെയാണ് മേഘങ്ങൾ. അതുകൊണ്ടല്ലെങ്കിലും വിധിയെ തടുക്കാനാകില്ലല്ലോ?)
കാതംകണക്കിട്ട മെയ്ദൂരമെങ്കിലു-
മാത്മാവകലമില്ലാതെ സ്വന്തം,
അതു നെയ്ത മോഹനസ്മൃതികുടീരത്തിങ്ക -
ലണയുംനിലാവും വിൺതാരകവും!
(താഴെനിന്നു നോക്കിയാൽ നമ്മൾക്ക് അതു തമ്മിൽ ഒത്തൊരുമിച്ച് നീങ്ങുന്നതായി തോന്നും പക്ഷേ അവ പലപാളികളായാണ് നീങ്ങുക; കാതങ്ങളകലമിട്ട്. എങ്കിലും പ്രണയിനികളുടെ ആത്മാക്കൾതമ്മിൽ ഒരിക്കലും അകലുകയില്ലല്ലോ. അത്തരം പ്രണയത്തിന്റെ ചിഹ്നങ്ങളാണു മതിയും മതിത്തെല്ലും താരകറാണിമാരുമെന്ന് കവിഭാഷ്യം) ഇനിയെന്നു മാരിവിൽ തെളിയും വിരൽത്തുമ്പി -
ലൊരുമിന്നലെന്നു വിളിച്ചുണർത്തും?
ഇനിയെന്നു നാം ചേർന്നുപെയ്യും മിഴിക്കോണി -
ലൊരു സൂര്യനെന്നു വിളക്കുവയ്ക്കും?
(പ്രണയത്തിന്റെ ചേതോഹരഭാവമാണ് കവിതാന്ത്യത്തിലെ വരികളിൽ മിന്നിത്തിളങ്ങുന്നത്. വിരഹമാണ് പ്രണയത്തെ മനോഹരമാക്കുന്ന സമസ്യ. കാത്തിരിക്കുകയാണ് തമ്മിൽ കൂട്ടിമുട്ടാൻ, പെയ്തൊഴിഞ്ഞ മേഘങ്ങൾ കൂരാപ്പ് മാറ്റുമ്പോൾ വിളക്കുവയ്ക്കാനെത്തുന്ന സൂര്യനെ കാത്തിരിക്കുന്ന പ്രണയഭാവം. സുര്യനും ഇവിടെ ബിംബമാകുന്നു. ചൂടുള്ള പ്രണയമായ്.
വായനക്കാർ ഒരു രചന വായിക്കുമ്പോൾ ആഹാ എന്നു പറയുന്നിടത്താണു രചയിതാവിന്റെ വിജയം. കലിക എന്ന ഈ കവിയുടെ ഈ രചന വായിച്ചിട്ട് ഞാൻ ആഹാ എന്നു പറഞ്ഞുപോയെന്നു സത്യം. കവിതയെഴുത്ത് ഇങ്ങനെയൊക്കെ ആകണം എന്നു ചിന്തിക്കുന്ന ഒരു വ്യക്തിയാണ് ഈ ലേഖകൻ. കവിത ആശയംകൊണ്ടു സമ്പന്നമാകണം രണ്ടാമതൊരുവട്ടംകൂടി നമുക്കു വായിക്കാൻ തോന്നണം. അത്തരം വായനകൾ തരുന്ന രചനകളാണു കലികയുടേത്. ഈ കവിയുടെ ആദ്യകവിതാസമാഹാരത്തിന്റെ അവതാരിക എഴുതിയതു ഞാനാണ്. അതുകൊണ്ടുതന്നെ കലികയുടെ പലകവിതകളും ഞാൻ പലയാവർത്തി വായിച്ചുനോക്കിയിട്ടുമുണ്ട്. നാളെയുടെ ഈ നാളെയുടെ ഈ പാട്ടുകാരിക്കെല്ലാ ഭാവുകങ്ങളും !!!
==========================================.
Echmu Kutty
ദൈവത്തിന്റെ വിരലുകൾ ഗിറ്റാർ വായിക്കുമ്പോൾ......
https://www.facebook.com/groups/1498796040413252/permalink/1589709944655194/
എച്ചുമുക്കുട്ടിയുടെ ആദ്യകഥാസമാഹാരമായ അമ്മീമക്കഥകൾക്കും അവതാരിക എഴുതിയത് ഈ ലേഖകനാണ്.(2014) അതിലെവിടെയോ ഇങ്ങനെ എഴുതിയിരുന്നു. “ജീവിതബോധത്തെ കൃതിയിലേക്കു പ്രക്ഷേപിക്കുകയല്ല എഴുത്തുകാരൻ ചെയ്യുന്നത്. അസ്തിത്വവാദത്തിന്റെ വിചാരശൈലി ഉപയോഗിച്ചു പറഞ്ഞാൽ, സാഹിത്യസൃഷ്ടി എഴുത്തുകാരന്റെ കർമ്മമാണ്...പൂർവ്വനിർണ്ണയനമായ ഒരാശയലോകത്തെ കഥകളിൽ വിദഗ്ദ്ധമായി നിക്ഷേപിക്കുകയല്ലാ കഥാരചന എന്ന കർമ്മത്തിലൂടെ കഥാകാരൻ ചെയ്യുന്നത്. ആ ആശയലോകവും തന്റെ സത്തയും സൃഷ്ടിക്കപ്പെടുകയാണ് ചെയ്യുന്നത്. എഴുത്ത് സ്വയം സൃഷ്ടിക്കലാകുന്നത് അങ്ങനെയാണ്.
ഞാൻ തുറന്നു പറയട്ടെ, സൃഷ്ടിയുടെ ഈ സ്വഭാവത്തെക്കുറിച്ച് ഓർക്കാൻ നിർബന്ധിക്കുന്നതാണ് എച്ചുമുക്കുട്ടിയുടെ കഥകൾ. ഗിമിക്കുകളുടെ പുറകെ കഥാകാരി പോകുന്നില്ലാ. ആദ്യവരികളിൽ ആവേശത്തിന്റെ തിര ഇളക്കുന്നില്ലാ. അനുവാചകരെ തന്റെകൂടെ നിറുത്തി,സസ്പെൻസ് കളിക്കുന്നതിലും. ചില കഥകളിൽ കാണുന്നപോലെ കഥാന്ത്യത്തിലെ ട്വിസ്റ്റോ, പൊട്ടിത്തെറിക്കുന്ന ക്ലൈമാക്സോ ഒന്നും ഇവിടെ കഥാകാരി ഉപയോഗിക്കുന്നില്ലാ...എന്നാൽ..നമ്മൾ ഒരോകഥയും അവേശത്തോടെ വായിച്ചുനീങ്ങുന്നത് അതിലെ ജീവിതഗന്ധിയായ ആവിഷ്കാരംകൊണ്ടുതന്നെയാണ്.
“ദൈവത്തിന്റെ വിരലുകൾ ഗിറ്റാർ വായിക്കുമ്പോൾ“ എന്ന കഥയും അത്തരത്തിൽപ്പെടുന്ന ഒരെഴുത്താണ്. നായികയെ ഗിറ്റാർ പഠിപ്പിക്കാനെത്തുന്ന വിരൂപനായ അദ്ധ്യാപകനാണ് ഈ കഥയിലെ നായകൻ. രൂപത്തെ അവജ്ഞയോടെ കാണുന്ന കഥാകാരി അയാളുടെ വിരലുകൾ തന്ത്രിയിൽ തലോടിയപ്പോൾ കേട്ട വിസ്മയിപ്പിക്കുന്ന നാദപ്രപഞ്ചത്തിൽ മതിമറക്കുന്നു.
“നാദപ്രപഞ്ചം എന്റെ മുൻപിൽ മോഹിപ്പിക്കുന്ന ഇന്ദ്രജാലമായി ഇതൾനിവർന്നു. എന്റെ ഉള്ളിൽ കുയിലുകൾ പാടി, മയിലുകൾ പീലി വിടർത്തിയാടി. ഞാൻ ചിരിച്ചു,.ഞാൻ കരഞ്ഞു. ദൈവത്തിന്റെ വിരലുകൾ ഗിറ്റാർ വായിക്കുന്നതു ഞാൻ കാണുകയായിരുന്നു. വിരൂപനായ ആ ഗുരുവിനെ ഞാൻ നമസ്ക്കരിച്ചു. ”
പിന്നെ കഥാകാരി അയാളുടെ കുടുംബവിശേഷങ്ങൾ തിരക്കുന്നു. അയാൾ പറഞ്ഞ ജിവിതകഥയാണ് ഈ കഥയിലെ കാതൽ. കാഴ്ചയ്ക്കു വിരൂപനെങ്കിലും അയാളുടെ മനസ്സിലെ സൌന്ദര്യം നമ്മൾ ദർശിക്കുമ്പോൾ. ഈ കഥ അതിന്റെ പടവുകൾ കയറുകയാണ്. മനോഹരമായ ഈ കഥ ഞാൻ ഇവിടെ എടുത്തെഴുതുന്നില്ലാ. വായിക്കാത്തവർക്കായി അതിന്റെ ലിങ്ക് ഇവിടെ കൊടുത്തിരിക്കുന്നു. വായിക്കാത്തവർ വായിക്കുക. ശ്രീമതി എച്ചുമുക്കുട്ടിയ്ക്ക് അഭിരാമസാഹിത്യവേദിയിലേക്കു സ്വാഗതം. ഇനിയും ഇത്തരം കഥകൾക്കായി കാത്തിരിക്കുന്നു.@ Echmu Kutty
======================================
ജീവിതം സ്വന്തം കാഴ്ചപ്പാടിലൂടെ,
@Saroja Saroja Devi Nediyoottam
https://www.facebook.com/groups/1498796040413252/permalink/1589784274647761/
ഒരു ശരാശരിമലയാളിക്ക് ഇപ്പോൾ തെല്ലും ഇഷ്ടപ്പെടാത്ത കാര്യമാണ് ഉപദേശവും നീണ്ടപ്രസംഗവും പിന്നെ ലേഖനങ്ങളും. അഭിരാമത്തിൽത്തന്നെ ഇടയ്ക്കിടയ്ക്കു സംഭവിക്കുന്ന കാര്യങ്ങൾകൂടി ഇത്തരുണത്തിൽ പറഞ്ഞുകൊള്ളട്ടെ, നമ്മുടെ പ്രീയ ഗുരുനാഥനായ ശ്രീ. ജോസഫ് വി ബോബി സർ, എല്ലാരചനകളിലേയും അക്ഷരത്തെറ്റുകളും വികലമായ വാക്യഘടനകളും, ചില വാക്കുകളുടെ അർത്ഥവും ശരിയായ രീതിയിൽ അല്ലാ പ്രയോഗിച്ചിരിക്കുന്നെങ്കിൽ, അതു തിരുത്തിക്കൊടുക്കാറുണ്ട്. ഞാനും ശ്രീലകം സാറും അതു ചെയ്യാറുണ്ട്. ഞങ്ങൾ പല പല ഗ്രന്ഥങ്ങളും വായിച്ചും പഠിച്ചുമാണ് ഇവിടെ എടുത്തെഴുതുന്നത്. കാരണം അഭിരാമത്തിൽ വരുന്നവർ തെറ്റുകൾ മനസ്സിലാക്കി ശരിയായ വഴിയിലൂടെ സഞ്ചരിക്കാനാണ് അതു ചെയ്യുന്നത്. അതിൽ ഞങ്ങൾക്ക് തെറ്റു പറ്റിയിയിട്ടുണ്ടെങ്കിൽ എല്ലാവർക്കും ചൂണ്ടിക്കാണിക്കാം. ഞങ്ങൾ അതു തിരുത്താനും തയ്യാറാണ്. കാരണം ആരും ഭാഷയുടെ മറുതീരം കണ്ടവരല്ലാ. ഒരാൾ ചന്ദ്രഹാസം എന്ന പദത്തിനു ചന്ദ്രന്റെ ചിരി എന്ന് എഴുതിയപ്പോൾ അതല്ലാ ചന്ദ്രഹാസം എന്നാൽ, ചന്ദ്രഹാസം =പദോൽപ്പത്തി: (സംസ്കൃതം)ചന്ദ്ര+ഹാസ - ഒരുതരം വാൾ; രാവണനു പരമശിവൻ നല്കിയ വാൾ; വെള്ളി എന്നൊക്കെയാണു അർത്ഥം എന്നു പറഞ്ഞപ്പോൾ “ഇയാളാരു ഹേ പാണിനിയുടെ കൊച്ചുമകനോ ? എന്നൊക്കെ ചോദിക്കുന്നതു തികച്ചും തെറ്റായ രീതിയാണ്. അത്തരത്തിലുള്ളവർ അഭിരാമത്തിൽ രചനകളിടാതിരിക്കുക. ഇവിടംവിട്ടു പോകുക. ഇത് ഒരു സാഹിത്യപഠനക്കളരിയാണെന്നു മനസ്സിലാക്കുക. കാരണം, ഇവിടെ തിരുത്തലുകൾ ഇഷ്ടപ്പെടുന്ന കുറേയധികം നല്ല എഴുത്തുകാരുണ്ട്. പറഞ്ഞുവന്നത്, ചില ലേഖനങ്ങൾ പലരും വായിക്കാൻ മടിക്കുന്നത് അതിലെ ഭാഷായുടെ രീതിയും അക്ഷരപ്രക്ഷാളനത്തിന്റെ കടന്നുകയറ്റവും കൊണ്ടാണ്.
എന്നാൽ തികച്ചും ലളിതമായും പറയാനുള്ള കാര്യം വ്യക്തമായും ശക്തമായും പറഞ്ഞ ഒരു ലേഖനം കഴിഞ്ഞയാഴ്ച വായിക്കാനിടയായി ശ്രീമതി സരോജാ ദേവിയുടെ @ Saroja Devi Nediyoottam “ജീവിതം സ്വന്തം കാഴ്ചപ്പാടിലൂടെ,“ എന്ന നല്ല ലേഖനം.
“ജീവിതം വളരെ ലഘുവാണ്. കോടാനുകോടി ജനങ്ങളുടെ കൂട്ടമായ ഈ ലോകത്തേക്കു പിറന്നുവീഴുന്ന ഓരോ ജന്മവും അവരുടെ ജീവിതകാലവും വെള്ളത്തിലെ കുമിളകളോട് ഉപമിക്കാവുന്നത്രയും ലഘുവാണ്. ഇങ്ങനെ അമൂല്യങ്ങളിൽ അമൂല്യമായി വീണുകിട്ടുന്ന ജീവിതത്തെ എത്രമാത്രം സന്തോഷപ്രദവും സമാധാനപ്രദവും ആക്കാന്‍ നമ്മെക്കൊണ്ട് ആകുമോ അത്രക്കും ആനന്ദകരമാക്കാന്‍ ശ്രമിക്കുക എന്നതായിരിക്കണം നമ്മുടെ ആദ്യത്തെ ലക്ഷ്യം” എന്നു ആമുഖമായിപ്പറയുന്ന ഈ ലേഖനം അവസാനിക്കുന്നത് “ഇത്രയുംകാലത്തെ എന്റെ ജീവിതാനുഭവങ്ങള്‍ എന്നെ പഠിപ്പിച്ച പാഠങ്ങളാണ് ഇത്. പലര്‍ക്കും ജീവിതത്തെപ്പറ്റി വ്യത്യസ്തമായ കാഴ്ചപ്പാടുകളും നിര്‍വ്വചനങ്ങളും ആയിരിക്കും ഉണ്ടാവുക. എന്റെ ഈ കാഴ്ചപ്പാടു ശരിയായിക്കൊള്ളണമെന്നില്ല.“ എന്നിടത്താണ്. എല്ലാവരും ഈ ലേഖനം വായിക്കാനപേക്ഷ. സഹോദരീ. ഈ ലേഖനത്തിനുമുന്നിൽ ഒരു വായനക്കാരനെന്നനിലയിൽ തലകുമ്പിടുന്നു, എല്ലാ നന്മ്കളും ഇനിയും ഇത്തരം ലേഖനങ്ങളും താങ്കളുടെ നല്ല രചനകളും പ്രതീക്ഷിക്കുന്നു.
=========================================
വർഷങ്ങൾക്ക് മുമ്പ് ഏതോ ഒരു ഗ്രൂപ്പിൽ ശ്രീ ശിവരാജൻകോവിലഴികത്തിന്റെ ഒരു കവിത ഞാൻ കണ്ടൂ. എന്തൊക്കെയോ അദ്ദേഹത്തിനു കവിതയിലൂടെ പറയാനുണ്ട് എന്നു തോന്നി പക്ഷേ ഭാഷാജ്ഞാനം വളരെ കുറവായി തോന്നി. ഞാൻ അത് അദ്ദേഹത്തിന്റെ ഇൻബോക്സിൽ പറയുകയും ചെയ്തു. “അതൊന്നു തിരുത്തിത്തരൂ സർ” എന്നു മറുപടി. ഞാൻ തിരുത്തിയെഴുതിക്കൊടുത്തു. പലരുടേയും കവിതകൾ വായിക്കാനും, വാക്കുകളും ഭാഷാപ്രയോഗങ്ങളും വായിച്ചുപഠിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. കഠിനമായ പഠനത്തിലൂടെ അദ്ദേഹം ഇന്നു നല്ല കവിതകൾ രചിക്കുന്ന കവികളുടെ മുന്നിരക്കാരിലൊരാളാകുകയും പല ഗ്രൂപ്പുകളിൽനിന്നും സമ്മാനങ്ങൾ വാരിക്കൂട്ടുകയും ചെയ്യുന്നു. പല പുതിയ എഴുത്തുകാരും ഇദ്ദേഹത്തെ മാതൃകയാക്കണം എന്നു ഞാൻ പറഞ്ഞുകൊള്ളട്ടെ.
@Sivarajan Sivarajan Kovilazhikam
ഇനിഞാനുറങ്ങട്ടെ........
https://www.facebook.com/groups/1498796040413252/permalink/1588480564778132/
ഇനിഞാനുറങ്ങട്ടെ........
================================
ഇനി ഞാനുറങ്ങട്ടെ ഭയമേതുമില്ലാതി-
നിയെന്‍ വിലാപങ്ങളരുതായ് വരില്ല.
ഒളിയേണ്ടാ ഞാനിനിയിരുളിന്റെ മറയില്‍
കാലൊച്ച കേട്ടാല്‍ കാതോര്‍ക്കവേണ്ടാ.
അരിയജന്മങ്ങളായ് ജീവിച്ചോടുങ്ങുവാ-
നൊരുപിറവി വേണ്ടിനി പാരിലെന്നമ്മേ !
ഇനിവേണ്ടാ പെണ്ണായൊരുജന്മവും
വെറിപൂണ്ട മിഴികണ്ടു ഞാന്‍ മടുത്തു !
യാത്രയിലിനി വേണ്ട പിന്‍കാഴ്ചകള്‍,
വിജനമാം വീഥിയില്‍ ജപമന്ത്രവും.
എന്തിനായമ്മേ പിറക്കുന്നുനമ്മള്‍
പുറമ്പോക്കുകളെന്ന പിന്‍വിളിക്കോ?
നോവെന്റെ മേനിയിലഗ്നിയായ്പ്പടരുന്ന-
തിലേറെയുണ്ടെന്റെ ചിത്തത്തിലമ്മേ.
മുറിവില്‍നിന്നൊഴുകുന്ന ചുടുചോരാകണ്ടാ-
ലതുമൊരു ലഹരിയോ മര്‍ത്ത്യജന്മത്തിന് !
അരുതരുതെന്നുരചെയ്തുതളര്‍ന്നാലു-
മാരോദനങ്ങളും ലഹരീ നിറയ്ക്കുമോ?
അടിമയാണോ നമ്മളഭയങ്ങളില്ലാതെ-
യടരാന്‍ വിധിതീര്‍ത്ത ബലിമൃഗമോ?
ഭ്രാന്താണുപോല്‍,കാമബ്ഭ്രാന്താണുപോലും
പെണ്ണുടല്‍ചീന്തിരസിക്കുന്ന ഭ്രാന്ത് !
ഒരുകുഞ്ഞുതാരാട്ടുപാടുകയമ്മേയിനി-
ഞാനുറങ്ങട്ടെ ....ഉണരാതിരിക്കാന്‍ !!
==========================
ശിവരാജന്‍ കോവിലഴികം,
ലളിതമായ ആഖ്യാനം ആയതുകൊണ്ട് ഇതിലെ ഓരോ വരിയായെടുത്ത് വിശകലനംചെയ്യുന്നില്ല. എങ്കിലും ഈ വരികൾ വായിച്ചുപോകുമ്പോൾ എവിടെയോ ഒരു നൊമ്പരം പടർന്നുകയറുന്നില്ലേ, അതുതന്നെയാണി കഥയുടെ വിജയവും,
=======================================
കഴിഞ്ഞ രണ്ടു മൂന്നു ലക്കങ്ങളിലായി കൂടുതൽ ആളുകൾ വായിച്ചിരിക്കുന്ന ലേഖനങ്ങളാണ്. ജോസഫ് ബോബി സാറിന്റെ Joseph Boby നല്ല മലയാളം എന്ന പംക്തി. ഭാഷ മനസ്സിലാക്കാൻ മിക്കവരും എത്തുന്നു എന്നത് വളരെ സന്തോഷമുളവാക്കുന്ന കാര്യം. ഇവിടെയാണ് അഭിരാമത്തിന്റെ പ്രസക്തിയും. പ്രണാമം ബോബി സർ.
https://www.facebook.com/groups/1498796040413252/permalink/1588148114811377/
===================================================
മലയാളഭാഷാവ്യാകരണത്തിലെ പ്രാമാണിക ഗ്രന്ഥമാണ് കേരള‍ പാണിനീയം. എ.ആർ. രാജരാജവർമ്മയാണ് ഈ ഗ്രന്ഥത്തിന്റെ കർത്താവ്. ഇതിന്റെ ആദ്യപതിപ്പ് 1896-ലും പരിഷ്കരിച്ച പതിപ്പ് 1917-ലുമാണ് പുറത്തിറങ്ങിയത്.
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ഘട്ടത്തിലും എ.ആർ. രാജരാജവർമ്മയ്ക്കു സമശീർഷനായ ഒരു വൈയാകരണൻ ഇതരദക്ഷിണേന്ത്യൻ ഭാഷകളിൽ ഇല്ലായിരുന്നു. പാണിനി എഴുതിയ പാണിനീയത്തിൽ അവഗാഹം നേടിയിരുന്ന അദ്ദേഹം പക്ഷേ, പാണിനീയത്തെ അന്ധമായി പിന്തുടരാതെ മലയാളഭാഷയുടെ സ്വഭാവത്തിനിണങ്ങുന്ന മട്ടിലാണു കേരളപാണിനീയം രചിച്ചിരിക്കുന്നത്. സംസ്കൃതത്തിൽനിന്നല്ല പ്രാചീനതമിഴിൽനിന്നാണു മലയാളം ഉണ്ടായതെന്ന അഭിപ്രായമാണ് കേരളപാണിനീയത്തിൽ അദ്ദേഹം പ്രകടിപ്പിക്കുന്നത്. തമിഴിൽനിന്നു വേർപെട്ട് മലയാളം സ്വതന്ത്രഭാഷയായതിനു ഹേതുവായി കരുതാവുന്ന ആറു നയങ്ങൾ അദ്ദേഹം ഗ്രന്ഥത്തിൽ അവതരിപ്പിക്കുന്നുണ്ട്.
കേരള പാണിനീയം ഡോ. റോയ് ആംഗലേയത്തിലേക്ക് തർജ്ജിമചെയ്തിട്ടുണ്ട്.
&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&

എഴുത്ത് സത്യമാകുമ്പോൾ-വേദനയും,സന്തോഷവും

എഴുത്ത് സത്യമാകുമ്പോൾ-വേദനയും,സന്തോഷവും
&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&
1998 ലാണെന്നു തോന്നുന്നു തിരുവനന്തപുരം ദൂരദർശനുവേണ്ടി ഞാൻ എഴുതിയ “വിളക്കുവയ്ക്കുംനേരം” എന്ന സീരിയൽ എല്ലാ ബുധനാഴ്ചകളിലും സംപ്രേക്ഷണം ചെയ്തിരുന്നത്.
അന്നു മലയാളസിനിമയിലെ എന്റെ അടുത്തകൂട്ടുകാരനായ ശ്രീ. ബാലചന്ദ്രമോനോൻ, പ്രഗത്ഭരായ ശ്രീ.കെ.പി. ഉമ്മർ, ശ്രീ. രാഘവൻ, ശ്രീ. അസീസ്, രേണുക, നീമാപ്രസാദ് തുടങ്ങിയ വലിയ താരനിരയെത്തന്നെ അതിൽ ഉൾപ്പെടുത്തിയിരുന്നു.
അന്നത്തെ സീരിയലുകളിൽ ഏറ്റവും ജനശ്രദ്ധയാകർഷിച്ചതും കുറേയേറെ അവാർഡുകൾ ലഭിച്ചതും നല്ല റേറ്റിംഗിൽ പോയതുമായ സീരിയലായിരുന്നു അത്. എന്റെ നാട്ടുകാർക്ക് ഷൂട്ടിംഗ് കാണാൻ അവസരമൊരുക്കിക്കൊണ്ട്, എന്റെ നാടായ കാട്ടാക്കടയിലും നെയ്യാർ ഡാംസൈറ്റിലുമൊക്കെ യായിരുന്നുഅതിന്റെ ലോക്കേഷനും.
ബാലചന്ദ്രമേനോന്റെ മകൻ (സ്കൂൾകൂട്ടിയായ കഥാപാത്രം) ലഹരി ഉപയോഗിക്കുന്നതും നാടോടിനടക്കുന്ന അച്ഛന്റെ നോട്ടം മകനിൽ പതിയാത്തതും അമ്മയുടെ ദുഃഖവുമൊക്കെയാണ് ഇതിവ്യത്തം. നല്ല സസ്പെൻസും അതിലുൾപ്പെടുത്തിയിരുന്നു. കുടുംബകഥയായതുകൊണ്ടാകാം ഓരോരോ ബുധനാഴ്ച്ചകളിലും പ്രേക്ഷകർ ടീ.വി.ക്കു മുന്നിൽ സ്ഥാനം പിടിച്ചു.
ഇന്നത്തെപ്പോലെയുള്ള ‘മെഗാപരമ്പര‘യല്ലാത്തതിനാൽ ഒരു സിനിമയെടുക്കുന്നതുപോലെയാണു അതു ചിത്രീകരിച്ചതും.
പില്ക്കാലത്ത് പ്രശസ്തനായ, എന്റെ ഇളയ സഹോദരനെപ്പോലെയും ഒരു വേള, ശിഷ്യനെപ്പോലെയും കണ്ടിരുന്ന ശ്രീ. ശിവമോഹൻ തമ്പിയായിരുന്നു സംവിധായകൻ; അസോസിയേറ്റ് ഡയറക്റ്റർ രാധാ കൃഷ്ണൻ മംഗലത്തും.
സീരിയൽ തീർന്ന നാളിന്റെ പിറ്റേ ദിവസം ഒരാളെന്നെ കാണാൻ വീട്ടിൽ വന്നു… അത്ര പരിചയക്കാരനല്ലാത്ത ഒരാൾ, എന്തോ പറയാനുണ്ടെന്ന് ആ മുഖഭാവത്തിൽനിന്നു ഞാൻ വായിച്ചെടുത്തു. ഒപ്പമിരുന്ന് ചായ കുടിക്കുന്നതിനിടയിൽ അയാൾ ചോദിച്ചൂ :
“സാർ…… എന്റേയും, മകന്റേയും കഥയാണോ സാർ സീരിയലിനായി ഉപയോഗിച്ചത്?’
‘അല്ലാ‘ എന്ന എന്റെ മറുപടിയിൽ അയാൾ ത്യപ്തനായില്ല.
അയാൾ മകന്റെ കഥപറഞ്ഞു. അഞ്ചാം ക്ലാസുമുതൽ കഞ്ചാവ് ഉപയോഗിച്ചിരുന്ന മകനെപ്പറ്റി, ആറു സ്കൂളുകളിൽ മാറിമാറി പഠിച്ച മകനെപ്പറ്റി, ഇപ്പോൾ പത്താംതരത്തിലെത്തിയിരിക്കുന്ന മകൻ കൈവിട്ടു പോകുമെന്ന് പറഞ്ഞ് കരഞ്ഞു, ആ പിതാവ്.
“എങ്ങനെയെങ്കിലും ഈ നീരാളിപ്പിടുത്തത്തിൽനിന്നു മകനെ സാർ രക്ഷിച്ചുതരണം“
എന്നു കെഞ്ചിപ്പറഞ്ഞത് ഇപ്പോഴും കർണ്ണങ്ങളിൽ.
ഒരുനാൾ അയാൾ മകനുമായി എന്റെ ഓഫീസിൽ വന്നു. ഞാൻ അവനെമാത്രം എന്റെ കാറിൽ കയറ്റി കുറേ ദൂരം ഡ്രൈവ് ചെയ്തു. ഉപദേശിച്ചൂ. അച്ഛന്റേയും അമ്മയുടേയും ദുഃഖത്തെപ്പറ്റി ആ കുട്ടിയോടു പറഞ്ഞു.
ഒറ്റയ്ക്കു കാറോടിക്കുമ്പോഴാണ് മനസ്സിൽ കഥകൾ രൂപപ്പെടുന്നത്. പുതിയതായി ചെയ്യാൻ ഉദ്ദേശിക്കുന്ന ഒരു സിനിമയുടെ കഥ നെയ്യുകയായിരുന്നു മനസ്സിൽ.
പെട്ടെന്ന് ഒരു ചെറുപ്പക്കാരൻ എന്റെ കാറിനു കൈകാണിച്ചു. പതിവില്ലാത്തതാണെങ്കിലും ഞാൻ നിറുത്തി.
“ഞാൻ കയറിക്കോട്ടേ സർ ?“
ചെറുപ്പക്കാരന്റെ അപേക്ഷ അവഗണിക്കാനായില്ല. അയാൾ കയറി. യാത്ര തുടരവേ :
“സാറിനു രാഹുലിനെ ഓർമ്മയുണ്ടോ ?”
“ഇല്ല കുഞ്ഞേ”
“വിളക്കുവയ്ക്കുംനേരം എന്ന സീരിയലിലെ സാറിന്റെ കഥപാത്രം“
ഞാനപ്പോഴാണു ആ ചെറുപ്പക്കാരനെ ശ്രദ്ധിച്ചത്.
“അതേ സർ, അന്ന് സാർ ഉപദേശിച്ച ആ പത്താംക്ലാസ്സുകാരനാ ഞാൻ ഇപ്പോൾ ഞാൻ ടെക്നോപാർക്കിൽ ജോലിചെയുന്നു, ഇൻഫോസിസിൽ, കാറു വഴിക്കു കേടായി, മാരുതിക്കാരെ വിളിച്ച് പറഞ്ഞു അവർ വന്നു. വണ്ടി നാളെയേ കിട്ടൂ, സാറാണെന്ന് കരുതിയല്ല ഞാൻ കൈകാണിച്ചത്. വളരെ നന്ദിയുണ്ട് സർ”
അവൻ ലഹരിയിൽനിന്നു മുക്തമായതും പിന്നെ പഠിച്ചതും ജോലികിട്ടിയതും വിവാഹിതനായതും ഒക്കെ പറഞ്ഞു. ഞാൻ കേൾവിക്കാരനായി.
ഒരു കവലയിൽ എത്തിയപ്പോൾ അയാൾ വണ്ടി നിറുത്താൻ പറഞ്ഞു, ഞാൻ നിറുത്തി.
“സർ ഒരു മിനിറ്റ്”
അയാൾ ഒരു കുപ്പി സോഡയും ഒരു വെറ്റിലമുറുക്കാനും ഒരു കടയിൽനിന്നു വാങ്ങിവന്നു.
“വെറ്റിലയും പാക്കും പൊതിപ്പാക്കും ചുണ്ണാമ്പും(നൂറ്) മാത്രമേ വാങ്ങിയുള്ളു, പുകയില വാങ്ങിയില്ല സർ”
ഞാൻ അത്ഭുതപ്പെട്ടു. (യാത്രയിൽ സോഡയും മുറുക്കാനും എനിക്കിഷ്ടമാണെന്ന് ഈ യുവാവ് എങ്ങനെയറിഞ്ഞു?)
മറുപടി പറയുന്നതിനു മുമ്പേ അയാൾ എന്റെ കാലു തൊട്ടുവന്ദിച്ചു. എന്താണു പറയേണ്ടത് എന്നറിയാതെ വല്ലത്തൊരു വികാരത്തിനടിമപ്പെട്ടിരിക്കുന്ന എന്നെ ഒന്നുകൂടെ നോക്കി, തൊഴുതുകൊണ്ട് അയാൾ ഡോർ അടച്ചു. യാന്ത്രികമായി ഞാൻ കാർ മുന്നോട്ടെടുത്തു, അപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. എന്തിനെന്നറിയാതെ.!
&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&
ഇപ്പോൾ കേരളത്തിലെ സ്കൂളുകളിൽ ശക്തിയാർജ്ജിച്ചുവരുന്ന ലഹരിമരുന്നുപയോഗത്തെക്കുറിച്ചും അതിനെക്കുറിച്ചു സർക്കാറിനു നല്കിയ അപേക്ഷ എന്റെ ഒരു കൂട്ടുകാരൻ എനിക്കു മെയിലയച്ചത് തലേദിവസം. ഇപ്പോൾ ഇങ്ങനെ ഒരു അനുഭവവും. പ്രവാസികളേ നാട്ടിലുള്ള മാതാപിതാക്കളെ നമ്മുടെ മക്കളെ നിരീക്ഷിക്കുക. അവർ മയക്കുമരുന്നുമാഫിയകളുടെ കൈകളിൽ പെട്ടിട്ടുണ്ടോ എന്നു നിരീക്ഷിക്കുക………… ഉണരുക…ഉണർന്നുപ്രവർത്തിക്കുക ജാഗ്രതൈ!
(ചിത്രം -വിളക്കുവയ്ക്കുംനേരം, ബാലചന്ദ്രമേനോൻ,രേണുക)
&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&

ഓർമ്മയിലെ ഒരു സുദിനം

                                    ഓർമ്മയിലെ ഒരു സുദിനം

ആറ് മാസമായി ദൂരെ യാത്ര ചെയ്തിട്ട്.ആഗ്രഹമില്ലാഞ്ഞിട്ടല്ലാ മൂന്നാമത്തെ ഹാർട്ട് അറ്റാക്ക് വന്നതിനു ശേഷം ഡോക്ടർ ടൈനി നായരുടെ നിർബ്ബന്ധപ്രകാരം എന്റെ വാമ ഭാഗം എന്നെ ഒരിടത്തും വിടില്ലാ. അഥവാ തിരുവനന്തപുരം നഗരത്തിൽ പോകേണ്ട് ആവശ്യം വന്നാൽ ഒന്നുകിൽ ഭാര്യ,അല്ലെങ്കിൽ ഡ്രൈവർ ഇവർ രണ്ട് പേരുമാണ് സാരഥിമാരാകുന്നത്. പതിനെട്ട് വയസ് മുതൽ കാറോടിച്ച് ശീലിച്ച എനിക്ക് മറ്റൊരാൾ ഡ്രൈവ് ചെയ്യുമ്പോൾ അടുത്തിരിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാ... പലർക്കും അങ്ങനെ അയിരിക്കാം.

എനിക്ക് ജീവിതത്തിൽ കിട്ടിയിട്ടുള്ള ഏറ്റവും വലിയ നിധിയാണ് കഥാകാരന്മാരുമായിട്ടുള്ള സംസർഗ്ഗം.
                                                         
                                                         പി.കുഞ്ഞിരാമൻനായർ

                                             കാവാലം നാരയണപണിക്കർ
                                                   അയ്യപ്പപണിക്കർ
                                                    മലയാറ്റൂർ രാമകൃഷ്ണൻ        
                                                     എം.കൃഷ്ണൻ നായർ

                                                                    കടമ്മനിട്ട                                                                 
                                                      ഡി.വിനയചന്ദ്രൻ                                                                                                                 
                                                     പി.ഗോവിന്ദപിള്ള                                                                  
                                                   
സി.രാധാകൃഷ്ണൻ                                                                                                                                                                                          പി.കുഞ്ഞിരാമൻനായർ അവർകൾ,അയ്യപ്പപണിക്കർ സർ, കടമ്മനിട്ട, ഡി.വിനയചന്ദ്രൻ, ഓ.വി.വിജയൻ അവർകൾ,സുഗതകുമാറ്റിടീച്ചർ,സി.രാധാകൃഷ്ണൻ ചേട്ടൻ, കാവാലം നാരായണപ്പണിക്കർ, ജഗതി എൻ കെ ആചാരി.കെ.ജി സേതുനാഥ്,പി.പത്മരാജൻ കൈതപ്രം,ബിച്ചു തിരുമല,പൂവച്ചൽ ഖാദർ.സി.അച്ചുതമേനോൻ,എം.കൃഷ്ണൻ നായർ.പി.ഗോവിന്ദപിള്ള സർ മലയാറ്റൂർ രാമകൃഷ്ണൻ എന്നീ സാഹിത്യകാരും,നിരൂപക ശ്രേഷ്ടരുമായിട്ട് എത്രയോ വട്ടം സംസാരിക്കാനും, ഇടപഴകാനുമായിട്ടുള്ള അവസരം ലഭിച്ചിട്ടുണ്ട്.പുതിയ എഴുത്തുകാരെ ഞാൻ ഇവിടെ പരാമർശിക്കുന്നില്ലാ. അതി പിന്നീടാകാം.                                                                                                                                           ജോലിയും,പിതാവിന്റെ ബിസിനസ്സ് സാമ്രാജ്യത്തിന്റെ സാരഥ്യം ഏറ്റേടുക്കലുമായപ്പോൾ പിന്നെ ഇവരുമായിട്ടുള്ള അടുപ്പം കുറച്ച് കുറഞ്ഞു. പിന്നെ സിനിമാ ,സീരിയൽ മേഖലയിലായപ്പോഴും ഈ മഹാത്മക്കളുമായി പങ്കിട്ടപ്പോൾ കിട്ടിയ അറിവും,ഭാഷാജ്ഞാനവും തെല്ലും കിട്ടിയിൽlല്ല.പിന്നെ ഞാൻ ബിസ്സിനസ്സിലും,തിരക്കഥയെഴുത്തിലും ചുരുങ്ങി.വായന ഒട്ടും കുറച്ചില്ലാ.                                                                                                                                                                          ഒരു നാൾഅപ്രതീക്ഷമായി ഹൃദയം പണി മുടക്കി. ഓപ്പറേഷനും ഒക്കെ കഴിഞ്ഞ് വീട്ടിലും,കുറച്ചൊക്കെ ഓഫീസിലുമായി കഴിഞ്ഞ് കൂടിയപ്പോൾ ബ്ലോഗെഴുത്തും,വായനയും ആരംഭിച്ചു. അവിടെ എനിക്കു വളരെ നല്ല കൂട്ടുകാരേയും, മക്കൾമാരേയും, സഹോദരങ്ങ ളേയുംകിട്ടി.                                                                                                                                                                                                                                                                                   പല ബ്ലൊഗ് മീറ്റിലും പങ്കെടുക്കണം എന്ന് ആഗ്രഹിക്കുമെങ്കിലും പ്രസ്തുത ദിവസം എന്തെങ്കിലുംഅസൌകര്യങ്ങൾ വന്നു ചേരും. 2 മാസത്തിനു മുൻപ് തൃശ്ശൂരിൽ വച്ച് സി.എൽ.എസ് ബുക്കിന്റെ അഞ്ച് പുസ്തകങ്ങളുടെ പ്രകാശനം നടന്നു.അതിൽ നാലു പുസ്തകത്തിന്റെ അവതാരിക ഞാൻ ആണ് എഴുതിയത്.ഒരെണ്ണം രമേശ് അരൂരും. ശ്രീമതി ലീലാ.എം.ചന്ദ്രനും, ശ്രീമാൻ.ചന്ദ്രനും ,പിന്നെ അവിടെ പങ്കെടുക്കാൻ വന്ന പലരും എന്നെ നിർബ്ബന്ധിച്ച് വിളിച്ചു. അന്നും എനിക്ക് പോകാൻ പറ്റിയില്ലാ എന്നു മാത്രമല്ല.ശ്വാസം മുട്ടലായി ആശുപത്രിയിലുമായി                                                                                                                                                   ഞാൻ മിക്ക ദിവസങ്ങളിലും വായിക്കുന്ന,ചാറ്റ് ചെയ്യുന്ന എന്റെ പ്രീയപ്പെട്ടവരെ കാണാൻ സാധിക്കാത്തതിൽ വലിയ ദുഖം ഉണ്ടായി.ആ ദുഖം മാറ്റിയത് ബ്ലൊഗുലകത്തിലെ ഡോ.മനോജ് കുമാരിന്റെ ഒരു ഫോൺ കോൾ ആയിരുന്നു.” ചന്തുചേട്ടാ നമുക്ക് തിരുവനന്തപുരത്ത് വച്ച് ഒരു ബ്ലൊഗ് മീറ്റ് നടത്തിയാലോ” സന്തോഷത്തോടെ ഞാൻ പറഞ്ഞു”ശരി കുഞ്ഞെ എന്റെ എല്ലാ സഹായ സഹകരണവും ഉണ്ടാകും എന്ന്”.....
   
ഞാൻ ശാരീരികമായും മാനസികമായും തയ്യാറെടുത്തു.അതിനിടയിൽ മോഹൻ ലാലിന്റെ ഒരു സിനിമയുടെ കഥ പറയുവനായി സംവിധായകനായാ പത്മകുമാർ എന്നെ ക്ഷണിച്ചു. ഞാനും ഡ്രൈവറുമായി എറണാകുളത്തേക്ക് പോയി.... സത്യത്തിൽ എന്നെ ബാധിച്ചിരുന്ന അസുഖം എന്ന നീരാളി മനസ്സിൽ നിന്നും ഓടി ഒളിച്ചു. എറണാകുളത്തെത്തുന്നതിനു മുൻപ് മരട് എന്ന സ്ഥലത്ത് നിന്നും പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എന്റെ വണ്ടിയിൽ കയറാനുണ്ടായിരുന്നു. 'പതിനഞ്ചു മിനിറ്റ് സാർ ഒന്നു വെയിറ്റ് ചെയ്യണം എന്നു അയാൾ ഫോൺ ചെയ്തപ്പോഴാണ്' ഞാൻ മകളെപ്പോലെ കാണുന്ന ഒരു ബ്ലോഗർ അവിടയാണ് താമസം എന്ന് ഓർമ്മിച്ചത്.അദ്ദേഹം സുഖമില്ലതിരിക്കുകയുമായിരുന്നു.ഞാൻ ഫോൺ ചെയ്തു. സന്തോഷത്തോടെ അവർ സ്ഥലം പറഞ്ഞു തന്നു.ഞാൻ ആവഴിയ ....                                                                                               ഗേറ്റിൽ അതാ എന്റെ പ്രീയപ്പെട്ട ബ്ലോഗർ കാത്ത് നിൽക്കുന്നു. വണ്ടി ഗേറ്റിനുള്ളിൽ കടന്നു. ഞാൻ കാറിൽ നിന്നും ഇറങ്ങുമ്പൊൾ എന്റെ കണ്ണുകൾ നനഞ്ഞിരുന്നു. തൊട്ട് മുന്നിൽ എന്റെ മകളെപ്പോലെ...അല്ല മകളായി ശ്രീമതി കുഞ്ഞൂസ്സ്.            
                                                    കുഞ്ഞൂസും,ഞാനും                                                                                                                                                                                        പതിനഞ്ച് മിനിറ്റിൽ ഞങ്ങൾ സാഹിത്യവും,സാമൂഹികവും,സാംസാകരികമായ കാര്യങ്ങളും പറഞ്ഞിരുന്നു. എന്റെ ഫോൺ ബെല്ലടിച്ചു.സിനിമാക്കാർ എന്നെ കാത്തിരിക്കുന്നു. ചായകുടിച്ചിറങ്ങവേ കുഞ്ഞൂസ് പറഞ്ഞു ‘ഇനി ബ്ലൊഗ് മീറ്റിൽ കാണാം”

അങ്ങനെ ഫെബ്രുവരി 27 നു തിരുവനതപുരം പ്രസ്സ് ക്ലബ്ബിൽ വച്ച് എന്റെ ആദ്യത്തെ ബ്ലൊഗ് മീറ്റിൽ പങ്കെടുക്കാൻ കാറിൽ നിന്നും ഇറങ്ങവെ ഡോ.മനോജും അൻവറും ഓടി വന്നു  കൈ പിടിച്ചു കുലുക്കി   രണ്ട് പേരേയും ആദ്യമായി കാണുകയാ. “ഹലോ സർ” പിന്നിൽ നിന്നു ഒരു വിളി തിരിഞ്ഞ്  നോക്കി. പഴയ മജിസ്രേട്ട് ഷെരീഫ് കൊട്ടാരക്കര. അദ്ദേഹവുമായി നടന്ന് അകത്തു കയറിയപ്പോൾ ദാ വരുന്നു പ്രസിദ്ധ കവി സണ്ണി ജയിംസ് പാറ്റൂർ. ഞാൻ മുൻ വരിയിൽ സ്ഥാനം പിടിച്ചു.മറ്റൊരു മകളാ‍യ സീത എന്ന ശ്രീദേവീ വർമ്മ, മുകിൽ, അഞ്ചുക്കുട്ടി,കല,അമ്മുകുട്ടി, ഒക്കെ അടുത്ത് വന്ന് ഹസ്തദാനം നടത്തിയപ്പോൾ മനസൊന്നു വിങ്ങി.വീട് വിട്ട് മാറി നിന്ന മക്കൾ ഓടി അടുത്തു വന്നതുപോലെയുള്ള തോന്നാൽ.“ഹായ ചന്തു സർ” എന്നു വിളിച്ചുകൊണ്ട് കൊട്ടോട്ടിയും,വിഡ്ഡിമാനും ഒക്കെ പരിചയപ്പെടാൻ തുടങ്ങിയപ്പോൾ അൻ വർ മൈക്കിനു മുന്നിലെത്തി ഓരൊരുത്തരേയും സ്വയം പരിചയ പെടുവാനായി ക്ഷണിച്ചു.                                                                                                                                     


                                                           സാബു കൊട്ടോട്ടി
                                                ശ്രീദേവീ വർമ്മ (സീത)
                                                         അമ്മുക്കുട്ടി
                                                             സി.വി.ബഷീർ
                                                                  ജയിംസ്
                                                           ലീലാ എം ചന്ദ്രൻ
                                                                     ബ്രൈറ്റ്
                                                               ചന്തു നായർ

                                                                അൻവർ
                                                                                                                                             

സർപ്പം -കഥ-

സർപ്പം (കഥ)
^^^^^^^^^^^^^^^^
തിരക്കൊഴിഞ്ഞു. ബന്ധുക്കളും സ്വന്തക്കാരുമൊക്കെ യാത്രപറഞ്ഞിറങ്ങി. വളരെപ്പെട്ടെന്നായിരുന്നു വിവാഹനിശ്ചയം. രണ്ടു മാസത്തെ അവധി. ദുബായിലായിരുന്നു.
സുന്ദരിയാണവൾ പേരു സീത. അമ്മയ്ക്കിഷ്ടമായി എന്ന അറിയിപ്പ്.
ജാതകത്തിൽ പൊരുത്തക്കേടൊന്നുമില്ലാ.ഉറപ്പിച്ചു. അച്ഛന്റെ അഭാവം അമ്മാവൻ നികത്തി.
നല്ലവാതിൽകഴിഞ്ഞ് ഭാര്യവീട്ടുകാർ മടങ്ങിയപ്പോൾത്തന്നെ രവീന്ദ്രൻ നന്നേ തളർന്നു. കല്യാണഘോഷം.
മണിയറയൊരുക്കിയത് അമ്മാവന്റെ മകൾ ആതിരയും.മരുമകൻ ശശീന്ദ്രനും
“ക്ഷീണിച്ചോ ?”
കുളികഴിഞ്ഞെത്തിയസീതയോടു തിരക്കി.
“നന്നേ ക്ഷീണിച്ചു”
നിലക്കണ്ണാടിക്കു മുന്നിൽ അവൾ മുടികോതിയൊതുക്കിക്കൊണ്ട് മറുമൊഴി.
“എന്നാൽ, കിടന്നോളൂ”
ആതിര വിഭവങ്ങളൊരുക്കിയിരുന്നു.മേശപ്പുറത്ത്.പാലും പഴവും ആപ്പിളും.
സീത പാൽഗ്ലാസ് രവീന്ദ്രനു് നല്കിയപ്പോൾ കവിളുകൾ തുടുത്തു.ചുണ്ടുകൾ വിറച്ചു.കണ്ണിമകൾക്ക് ചടുലചലനം.
പകുതികുടിച്ചിട്ട് പാൽഗ്ലാസ് തിരികെ നല്കി.അത് അവൾ മേശപ്പുറത്ത് വച്ചു.
“എന്താ കുടിക്കുന്നില്ലേ ?”
“പിന്നെയാകാം രവിയേട്ടാ”
അവൾ ആപ്പിൾ മുറിച്ച് കഷണങ്ങളാക്കി. അതു കഴിക്കുമ്പോഴും ഇരുവരും ഒന്നും മിണ്ടിയില്ലാ. രവീന്ദ്രനു എന്തൊക്കെയോ സംസാരിക്കണം എന്നുണ്ടായിരുന്നെങ്കിലും സിതയുടെ നിസ്സംഗത നിശ്ശബ്ദനാക്കി.
അവളെത്തന്നെ നോക്കിയിരുന്നു അയാൾ. ആദ്യകാഴ്ചയേക്കാൾ ഇന്നവൾ കൂടുതൽ സുന്ദരിയായിരിക്കുന്നു. എതു പുരുഷന്റേയും സ്വപ്നമാണല്ലോ സുന്ദരിയായൊരു ഭാര്യ. ഉള്ളിൽ സന്തോഷത്തിന്റെ തിരയിളക്കം.
ലൈറ്റണയ്ക്കാൻ തുടങ്ങുകയായിരുന്നു.
അണയ്ക്കരുതേയെന്ന സീതയുടെ അപേക്ഷ.
കട്ടിലിന്റെ വലത്തുവശത്തായികിടന്നു. ഇടത്തുഭാഗത്ത് അവളും കിടക്കാൻ തുടങ്ങി.പെട്ടെന്ന് വളരെപ്പെട്ടെന്ന്,
“ചേട്ടാ, ഇതു കണ്ടോ?”
“എന്താ ?”
“സർപ്പം”
“എവിടേ?”
സീത കട്ടിലിന്റെ മദ്ധ്യഭാഗത്തേയ്ക്ക് കൈചൂണ്ടി.
“ഞാൻ കാണുന്നില്ലല്ലോ, തനിക്കു തോന്നുന്നതാ സീതേ”
അവളുടെ മുഖത്തെ സൌമ്യഭാവം മാറി.
“ഞാനെന്താ കള്ളം പറയുകയാണെന്നാണോ?”
മയപെടുത്താനായിപ്പറഞ്ഞു.
“ഇന്ന് അമ്മയുടെ അടുത്ത് പോയിക്കിടന്നോളൂ.വീട് മാറിയതിന്റേതാകും”
“വേണ്ടാ ഞാനിവിടെത്തന്നെ കിടന്നോളാം”
ഇരുവർക്കുമിടയിൽ ഒരിടവരമ്പിട്ട് അവൾ കിടന്നു.
വരമ്പിലെ,ഇല്ലാത്ത സർപ്പത്തിനെ, ഒരു കുഞ്ഞിനെയെന്നപോലെ തലയിണകൾ വച്ച് സംരക്ഷിച്ചു.
“ഇപ്പോൾ ഇവൻ ഉറങ്ങിക്കോട്ടെ, കുറച്ചു കഴിയുമ്പോൾ ഉണർന്ന് പാലു കുടിച്ചോളും. ചേട്ടൻ ഉറങ്ങിക്കോളൂ.”
മറുപടി പറഞ്ഞില്ലാ.ആദ്യരാത്രിയെന്ന മോഹനസ്വപ്നം തകർന്ന നിരാശ തെല്ല് അലോസരപ്പെടുത്തിയെങ്കിലും തിരിഞ്ഞുകിടന്നു.
നാഗർകാവും തമ്പുരാൻസേവയുമുള്ള തറവാട്ടിലെ പെൺകുട്ടി. എല്ലാമാസവും ആയില്യത്തിനു മണ്ണാറശാലയിൽ പോകുന്ന കുടുംബം. വർഷത്തിലൊരിക്കൽ നാഗരൂട്ടും പാട്ടും നടത്തുന്ന വീട്. ചില വിശ്വാസങ്ങൾ മനസ്സിൽ കുടിയേറിയിരിക്കും മാറ്റാം. എല്ലാം മാറ്റിയെടുക്കാം.അയാൾ ഉറക്കത്തിലേയ്ക്ക് വീണു.
പലതവണ ദുബായിൽ പോയിവന്നു. മാറ്റമൊന്നും പ്രകടമായിക്കണ്ടില്ലാ സീതയിൽ.
കൃഷികാര്യങ്ങളിൽ കൂടുതലായി ശ്രദ്ധിക്കാനാകാതെയായി അമ്മാവനു്. പിന്നെ രവീന്ദ്രന്റെ അച്ഛൻ നടത്തിപ്പോന്നിരുന്ന ബിസ്സിനസ്സും അമ്മാവനെക്കൊണ്ട് നടത്താനാവാതെയായി.
ദുബായിനഗരത്തോടു വിടപറഞ്ഞു.
“മുറച്ചെക്കാ.ഭാര്യയ്ക്ക് എന്തെങ്കിലും അസുഖമുണ്ടോ?”
ഒരു സായാഹ്നത്തിൽ അമ്പലമുറ്റത്തുവച്ചായിരുന്നു ആതിരയുടെ ചോദ്യം?
“ഏയ് പ്രശ്നമൊന്നുമില്ല.എന്തേ?”
“വെറുതേ, ഭക്തി ഭ്രാന്തിന്റെ അവസ്ഥയിലെത്തിയോ എന്നൊരു സംശയം !”
“പോടീ”
അവളെ കൂടുതൽ സംസാരിക്കാൻ അനുവദിച്ചില്ലാ.നടന്നു.
ആതിരയെ ഇഷ്ടമായിരുന്നു; ഒരു സഹോദരിയെപ്പോലെ. പക്ഷേ അവൾക്ക് രവിയോട് അഭിനിവേശവുമായിരുന്നു. ബാലചാപല്യങ്ങളോ,യൌവനകേളികളോ തമ്മിലുണ്ടായില്ലാ. കാരണം. താൻ ഒരു സ്ത്രീയെ സ്പർശിക്കുന്നെങ്കിൽ അതു സ്വന്തം ഭാര്യയെ മാത്രമായിരിക്കണം എന്നു ശപഥമെടുത്തത് കൌമാരത്തിൽത്തന്നെ.
അതിത്രയുംകാലം പരിപാലിച്ചു.പക്ഷേ;
കാര്യത്തിൽ മന്ത്രിയും രൂപത്തിൽ ലക്ഷ്മിയുമായിരുന്ന സീത നല്ലൊരു ഭാര്യയായോ?
ഇരുപത്തിയഞ്ചു വർഷം കടന്നുപോയി. വിവാഹം കഴിച്ചിട്ട്. കഴിഞ്ഞ വർഷമാണ് രവിയുടെ അമ്മ മരിച്ചത്. വീട്ടിൽ ഭാര്യയും ഭർത്താവും മാത്രം. ബിസിനസ്സിലും കൃഷികാര്യങ്ങളിലും ഒക്കെ സഹായിയാണ് സീത. പുറത്തു മാതൃകാദമ്പതികൾ.
കിടപ്പറയിൽ സർപ്പം വളർന്നുവന്നു. ഇപ്പോൾ ആറടിയെങ്കിലും നീളമുണ്ടെന്നാണു് സീതയുടെ വാദം. സ്വർണ്ണവർണ്ണമുള്ള സർപ്പത്തെക്കുറിച്ച് പറയുമ്പോൾ ആയിരം നാവാണവൾക്ക്. ഇല്ലാത്ത സർപ്പത്തെക്കുറിച്ച് അയാൾ എതിരുപറഞ്ഞില്ലാ.അതുകൊണ്ടുതന്നെ അവർക്കിടയിൽ പിണക്കവുമില്ലായിരുന്നു.
ആതിരയുടെ മൂത്തമകളുടെ മകൾക്ക് രണ്ടു വയസ്സ് പ്രായം. ഒരു സായാഹ്നത്തിലാണ് അവർ രവീന്ദ്രന്റെ വീട്ടിൽ എത്തിയത്. ഭർത്താവിനോടൊപ്പം ദുബായിൽ പോകാനുള്ള പുറപ്പാടിലാണവൾ. രവീന്ദ്രൻ മുമ്പ് വർക്ക് ചെയ്തിരുന്ന കമ്പനിയിലാണു് ആതിരയുടെ മരുമകന് ജോലിലഭിച്ചത്. അനുഗ്രഹം വാങ്ങാനും കമ്പനിയെപ്പറ്റി കൂടുതൽ മനസ്സിലാക്കാനുമായിട്ട് ആതിരതന്നെയാണ് മകളേയും മരുമകനേയും രവീന്ദ്രന്റെ വീട്ടിലേക്കയച്ചത്.
ആതിരയുടെ പേരക്കുട്ടി സുന്ദരിയാണ്. പ്രായത്തിൽക്കവിഞ്ഞ പക്വത.
“എന്താ മോളുടെ പേര്?”
കൊഞ്ചിക്കുഴഞ്ഞ് കുട്ടി :
“ഇമാനായർ”
അയാൾക്ക് പേരിഷ്ടപ്പെട്ടു; കുട്ടിയേയും. ചിരപരിചിതയെപ്പോലെ കുട്ടി രവീന്ദ്രന്റെ മടിയിൽ കയറിയിരുന്നു. മറ്റുകാര്യങ്ങൾ സംസാരിക്കുമ്പോഴും. കുട്ടി അയാളുടെ മടിയിൽത്തന്നെയായിരുന്നു.
സീതയെക്കണ്ടതോടെ.ഇമ അവർക്കു നേരെ കൈനീട്ടി. സീത കുട്ടിയെ എടുത്തുകൊണ്ട് അകത്തേക്കു പോയി.
രണ്ടു മണിക്കൂർ കഴിഞ്ഞാണ് അവർ യാത്രപറഞ്ഞിറങ്ങിയത്. പക്ഷേ കുഞ്ഞുസീതയുടെ നെഞ്ചിൽത്തന്നെ പറ്റിച്ചേർന്നിരുന്നു. ആതിരയുടെ മകൾ കുഞ്ഞിനെ നിർബ്ബന്ധിച്ച് പിടിച്ചെടുത്തുകൊണ്ടുപോകുകയായിരുന്നു. കുട്ടി നിറുത്താതെ കരഞ്ഞു.
സീതയുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പിയത് രവീന്ദ്രൻ കണ്ടില്ലെന്നു നടിച്ചു.
പതിവിലും നേരത്തേ അയാൾ ഉറങ്ങാൻ കിടന്നു.കുളിച്ചിറങ്ങിയ സീത പതിവില്ലാതെ നേര്യതുസാരി ഉടുക്കുന്നതും ഒരുങ്ങുന്നതും കണ്ടു.
അയാൾ വീട്ടിലുള്ള ദിവസങ്ങളിലെല്ലാം കിടക്കുന്നതിനുമുന്നേ ഒരു ഗ്ലാസ് പാല് അവൾ കൊണ്ടുവരുമായിരുന്നു.
വിവാഹത്തിരുന്നാളിലേതുപോലെ. പകുതികുടിച്ചിട്ട് പാൽഗ്ലാസ്സ് അവൾക്കു നല്കും.
“രവിയേട്ടാ”
അയാൾ ശ്രദ്ധിച്ചു.
“ഒരു ഗ്ലാസ് പാലേ ഉണ്ടായിരുന്നുള്ളൂ. അത് ഇമക്കുട്ടിക്കു കൊടുത്തു.എന്റെ അടുത്തുനിന്നു പോകാനേ മനസ്സില്ലായിരുന്നു. നല്ലോണ്ണം കരഞ്ഞു പാവം”
അയാൾ നിശ്ശബ്ദത കുടിച്ചു.
അവൾ കട്ടിലിൽ വന്നുകിടന്നു.
അത്ഭുതത്തോടെ അവൾ ചാടിയെണിറ്റു.
“ചേട്ടാ, നമ്മുടെ സർപ്പത്തെക്കാണാനില്ല ! പോട്ടെ എവിടെയെങ്കിലും പോയിത്തുലയട്ടെ.’
അവൾ ദേഷ്യത്തോടെ ഇടവരമ്പിലെ തലയിണകൾ വലിച്ചെറിഞ്ഞു.
“നാളെ കണ്ണാശുപത്രിയിൽ പോകാം നമുക്ക്”
“എന്തിനാ രവിയേട്ടാ ?”
“നിനക്കു കണ്ണാടി വയ്ക്കാൻ സമയമായി. പ്രായം കൂടിവരികയല്ലേ.വെള്ളെഴുത്ത് തുടങ്ങിക്കാണും”
അവൾ അയാളെ അത്ഭുതത്തോടെ നോക്കുമ്പോൾ രവീന്ദ്രൻ അവൾ വലിച്ചെറിഞ്ഞ തലയിണകൾ കട്ടിലിലെടുത്ത് വച്ച് സർപ്പത്തിനു തടയണ വയ്ക്കുകയായിരുന്നു.
“ഒരു ദിവസം പാലുകുടിച്ചില്ലെങ്കിലും കുഴപ്പമൊന്നുമില്ല. നീയിവനെ ശല്യപ്പെടുത്തരുത്. കുറച്ചുകൂടെ നീളവും വണ്ണവും വച്ചു, നിറവും കൂടി. എന്തുഭംഗിയാ ഈ സർപ്പത്തിനിപ്പോൾ !!”
അയാൾ കട്ടിലിന്റെ വലത്തുവശത്തേക്ക് ഒതുങ്ങിക്കിടന്നു. സർപ്പത്തിനു ബുദ്ധിമുട്ടില്ലാതെ കിടക്കാന്നുള്ള സ്ഥലം നല്കിക്കൊണ്ട്.
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
(ചന്തു നായർ)
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^

അഭിരാമി -കഥ-

അഭിരാമി. (നീണ്ടകഥ) ഭാഗം-ഒന്ന്.
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
വിവേകാനന്ദപ്പാറയിലെ ക്ഷേത്രത്തിലും വള്ളുവർപ്രതിമയുടെ ചുറ്റിലും നിയോൺവിളക്കുകൾ തെളിഞ്ഞു.. ശക്തിയായെത്തിയ തിരമാല പാറക്കെട്ടിലിരിക്കുകയായിരുന്ന ദയാനന്ദസ്വാമിയെ കുളിപ്പിച്ചു.വളർന്ന താടിരോമങ്ങളിലെ ജലകണികകളിൽ അസ്തമയത്തിളക്കം.
ഇത്തരം ഒരു തിരമാല പ്രതീക്ഷിച്ചിരുന്നില്ല. അല്ലെങ്കിലും പ്രതീക്ഷിക്കുന്നതൊന്നുമല്ലല്ലോ ജീവിതം!
സംന്യാസിയായിട്ടും മനസ്സിനെ പിടിച്ചുനിറുത്താനാകാതെ വലഞ്ഞു.
നനഞ്ഞ കാഷായവേഷം ഭാരമായില്ല; മനസ്സിന്റെയത്ര.
‘എന്തേ ഇങ്ങനെ ?’ 
ചോദിച്ചത് മനസ്സാണ്. മറുപടി പറഞ്ഞില്ലാ
തെളിഞ്ഞത് പ്രധാനമന്ത്രിയുടെ രൂപം. രാവിലെയുള്ള പ്രാർത്ഥനാസമയത്താണ് അദ്ദേഹം എത്തിയത്. 
“നമസ്തെ സദാ വത്സലേ മാതൃഭുമേ
ത്വയാ ഹിന്ദു ഭൂമേ സുഖം വർദ്ധിതോഹം
മഹാ മംഗലേ പുണ്യ ഭൂമേ ത്വധർത്തെ
പതത്വേഷ കായോ നമസ്തെ നമസ്തെ...............”
നാഗപ്പൂരിൽ, സംഘത്തിന്റെ തേഡിയർ ഓ.ടി.സി ക്യാമ്പിൽവച്ചാണു നരേന്ദനാഥിനെ പരിചയപ്പെടുന്നത്; സംഘസ്ഥാനിൽ, പ്രാർത്ഥനചൊല്ലിയതിനു ശേഷം.
“നല്ല ഭാവമാണല്ലോ താങ്കളുടെ ആലാപനത്തിന് ! ഭായിയുടെ പേരെന്താ?”
“നരേന്ദ്രൻ”
നരേന്ദ്രനാഥ് ചിരിച്ചു.
“എന്റേയും പേര് അതാണല്ലോ !” 
നല്ലൊരു ബന്ധത്തിന്റെ തുടക്കം. 
നരേന്ദ്രന് നരേന്ദ്രനാഥിനേക്കാൾ എട്ടു വയസ്സ് പ്രായക്കൂടുതൽ. സംഗീതത്തിന്റെ തായ്‌വഴികളിലൂടെയുള്ള സഞ്ചാരം. നാരേന്ദ്രനാഥ് നല്ല പാട്ടുകാരനല്ല എങ്കിലും പാടുന്നവരോടു ബഹുമാനംകലർന്ന ആരാധന. സംഘത്തിന്റെ പ്രാർത്ഥനയും ഗണഗീതവും ഒക്കെ രാഗത്തിൽ പറഞ്ഞുകൊടുത്തുപഠിപ്പിച്ചു, യോഗയും.
“കാതലുള്ള ശരീരത്തിലേ ശക്തമാ‍യ മനസ്സുണ്ടാകൂ“ 
നരേന്ദ്രനാഥ് ആവർത്തിക്കുന്ന പല്ലവി. ശാരീരികമായും മാനസികമായും ശക്തൻ. ശാരീരികമുറകളിൽ മുമ്പൻ. ഖഡ്ഗവും ചുരികയും യോഗചാപ്പും ഒക്കെ ആ കൈകളിൽ ഭദ്രം. ദണ്ഡയാണ് ഇഷ്ടം. പുതിയമുറകൾ അദ്ദേഹം നരേന്ദ്രനു പഠിപ്പിച്ചുകൊടുത്തു. 
"എതിരാളികളെ നേരിടുന്നതിനല്ല. ഈ ഉപകരണങ്ങളും അഭ്യാസവും നമ്മുടെ ആത്മബലത്തിനാണ്. കഴിവതും ഇത് ഉപയോഗിക്കരുത്. മർമ്മമറിഞ്ഞാൽ നമ്മളാരേയും തല്ലില്ല. ജപ്പാകാർ കരാട്ടെ പഠിക്കുന്നത് എന്തിനാണ്‌ ? എതിരാളികളെ തകർക്കാനല്ല; എതിരിടുന്നവനെ നേരിടാൻ. നമ്മൾ പ്രാപ്തനാണു എന്ന വിശ്വാസത്തിന് അത് ആത്മബലമുണ്ടാക്കും“.
പലപ്പോഴും നരേന്ദ്രനാഥ് വാചാലനാകും. മൂന്നു മാസത്തെ ക്യാമ്പ് കഴിഞ്ഞ് പിരിഞ്ഞപ്പോൾ വല്ലാത്ത പ്രയാസം മനസ്സിൽ. നരേന്ദ്രനാഥ് ഒറീസയിൽ സംഘത്തിന്റെ പ്രചാരകനായി പോയി. നരേന്ദ്രൻ നാഗർകോവിലിലും.
ഭാഷാടിസ്ഥാനത്തിൽ കേരളസംസ്ഥാനം രൂപവത്കരിച്ചത് ആയിരത്തിതൊള്ളായിരത്തി അൻപത്തിയാറിൽ. അന്നു ഭരിച്ചിരുന്ന ഭരണകർത്താക്കൾ ചെങ്കോട്ടയെ കേരളത്തോടു കൂട്ടിച്ചേർത്തപ്പോൾ മലയാളത്തിനു നഷ്ടമായത് കന്യാകുമാരിജില്ല. നരേന്ദ്രൻ പ്രചാരകനായി എത്തിയപ്പോഴും കന്യാകുമാരിയിലും നാഗർകോവിലിലും ശുചീന്ദ്രത്തുമൊക്കെ ഏറിയപങ്കും മലയാളം സംസാരിക്കുന്നവരായിരുന്നു.
‘സംഘശക്തികലിയുഗേ’ എന്ന മന്ത്രം മനസ്സിൽ ഉരുവിട്ട് രാജ്യസ്നേഹികളെ വാർത്തെടുക്കുന്നതിലുള്ള തിരക്കിനിടയിലാണ് സ്വാമി ജ്ഞാനാനന്ദസരസ്വതിയുമായി അടുക്കാനിടയായത്. 
അന്നു,വിവേകാനന്ദമെമ്മോറിയൽ റോക്ക് കമ്മറ്റിയുടെ പ്രസിഡന്റായിരുന്നു സ്വാമി. പുരാണേതിഹാസങ്ങളെയും ഉപനിഷത്തുകളേയും സ്വാമിവ്യാഖ്യാനിക്കുന്നതു കേൾക്കാൻ വളരെ ഇഷ്ടമായിരുന്നു നരേന്ദ്രന്. എപ്പോഴാണന്നോ എങ്ങനെയാണെന്നോ അറിയില്ല, സ്വാമിയുടെ ശിഷ്യനായി. 
പൂർവ്വാശ്രമത്തിലെ പേരുമാറ്റി. വിവേകാനന്ദസ്വാമിയെപ്പോലെ. പൂർവ്വാശ്രമത്തിൽ അദ്ദേഹത്തിന്റെ പേർ നരേന്ദ്രനായിരുന്നു. ശരീരം കാവിയുടുത്തു. മനസ്സ് വെളുപ്പും.
“സ്വാമി………………?”
അടുത്തുനിന്നുള്ള ചിരപരിചിതമാ‍യ ശബ്ദം. ദയാനന്ദസ്വാമി തിരിഞ്ഞുനോക്കി. ശങ്കരാനന്ദൻ ! സ്വാമിയുടെ ശിഷ്യരിൽ പ്രമുഖൻ.
“സായാഹ്നപൂജയ്ക്കു കാത്തിരിക്കുന്നു. എല്ലാപേരും”
“നടന്നോളൂ ഞാൻ വരാം”
ശിഷ്യൻ പോയെങ്കിലും സ്വാമിയ്ക്ക് എഴുന്നേല്ക്കാനായില്ല.
രാവിലെ പ്രധാനമന്ത്രി നരേന്ദ്രനാഥ് കാലു തൊട്ടുവണങ്ങിയതിനുശേഷമാണ് അതു സംഭവിച്ചത്.
സുന്ദരിയായഒരു സ്ത്രീ.കാലു തൊട്ടുവന്ദിച്ചു. തലയിൽ കൈവച്ചനുഗ്രഹിച്ചു. വശത്തെ പാത്രത്തിൽനിന്നു ഭസ്മമെടുത്ത് കുട്ടിയ്ക്കു നല്കി. 
“ഇതെന്റെ പി.എ-അഭിരാമി ” : നരേന്ദ്രനാഥ് പരിചയപ്പെടുത്തി.
ഒരു മാത്ര !
ആ കണ്ണുകൾ !!
ആ നോട്ടം !!!
ചില നോട്ടം അങ്ങിനെയാണ്; കരളിനെ കൊരുത്തുവലിക്കും. ജീവിതത്തിൽ മൂന്നാമത്തെ പ്രാവശ്യം ആണ് ഇത്തരം ഒരു നോട്ടത്തെ നേരിടുന്നത്. മനസ്സൊന്നു തിരിഞ്ഞോടി. ‘വാവതുറൈ മുനമ്പിൽ’ ആണ് അന്നിരുന്നത്; ഇപ്പോളിരിക്കുന്നതിനും ഇരുന്നുറു മീറ്റർ അകലെ.
ആയിരത്തിത്തൊള്ളായിരത്തിഅറുപത്തിരണ്ടിലെ ജനുവരിമാസം; വിവേകാനന്ദസ്വാമിയുടെ നൂറാംജന്മദിനത്തോടനുബന്ധിച്ച് സ്വാമിജി ധ്യാനിച്ചിരുന്ന പാറയിൽ ഒരു സ്മാരകം പണിയണമെന്ന് നാട്ടുകാർക്ക് ആഗ്രഹം. പാറയിൽ വിവേകാനന്ദസ്മാരകം പണിയുക, അതിലേക്കായി ഒരു നടപ്പാ‍ലം നിർമ്മിക്കുക. ‘കന്യാകുമാരികമ്മിറ്റി’ക്കു രൂപംനല്കി നാട്ടുകാർ.
മദ്രാസിലെ രാമകൃഷ്ണമിഷനും വിവേകാനന്ദപ്പാറയിൽ ഒരു ധ്യാനമന്ദിരം നിർമ്മിക്കണം എന്ന ആശയമുണ്ടായിരുന്നു. ഇരുസംഘടനകളും വിവേകാനന്ദസ്മാരകം എന്ന സ്വപ്നത്തിനായി ഒന്നിച്ചു.
പ്രദേശവാസികളായ, കത്തോലിക്കാവിഭാഗത്തിൽ‌പ്പെട്ട മുക്കുവർ ഇതിനെതിരായി. അവർ കരയിൽനിന്നു കാണാവുന്നവിധത്തിൽ ഒരു വലിയ കുരിശ് പാറയിൽ നാട്ടി. ഹൈന്ദവർ സംഘടിച്ചു. ഒപ്പം ക്രിസ്തീയരും. വാക്പോര് അടികലശലിൽവരെയെത്തി. തങ്ങളുടെ ആരാധനാസ്ഥലമായ പാറയിൽ കുരിശു നാട്ടിയ നടപടിയെ ചോദ്യംചെയ്ത് ഹൈന്ദവർ കോടതിയെ സമീപിച്ചു.
ഒടുവിൽ പാറ, വിവേകാനന്ദപ്പാറയാണെന്നും, കുരിശു നാട്ടിയത് കടന്നുകയറ്റമാണെന്നും മദ്രാസ് സർക്കാരിന്റെ ജുഡീഷ്യൽ കമ്മിറ്റിറിപ്പോർട്ട് വന്നു. ഒരു രാത്രിയിൽ കൊയിലാണ്ടിയിൽനിന്ന് എത്തിയ ആർ എസ് എസ് പ്രവർത്തകർ പാറയിൽനിന്ന് കുരിശ് നീക്കംചെയ്തു. പ്രദേശത്തു സാമുദായികമായ അസ്വസ്ഥത ഉടലെടുത്തു. ഇതേത്തുടർന്ന് വിവേകാനന്ദപ്പാറ നിരോധിതമേഖലയായി പ്രഖ്യാപിക്കപ്പെട്ടു. പോലീസ് കാവൽക്കാരായി. പാറ ‘കന്യകാമേരി’ പാറയാണെന്ന് അവകാശപ്പെട്ട് കത്തോലിക്കർ പ്രക്ഷോഭത്തിനിറങ്ങിയതോടുകൂടി സ്ഥിതിഗതികൾ നിയന്ത്രാണീതമായി.
പാറ വിവേകാനന്ദപ്പാറതന്നെയാണെന്നും എന്നാൽ പാറമേൽ തത്കാലത്തേക്ക് നിർമ്മാണങ്ങളൊന്നും പാടില്ലെന്നും മദ്രാസ് സർക്കാർ ഉത്തരവിറക്കി. വിവേകാനന്ദസ്മാരകശിലയൊരെണ്ണം പാറയിൽ സ്ഥാപിക്കുക എന്നതുമാത്രമാണു ഏകപോവഴി എന്ന് അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി ശ്രീ എം. ഭക്തവത്സലം. കത്തോലിക്കക്കാർ കോൺഗ്രസ്സിനും മുഖ്യമന്ത്രിയ്ക്കും എതിരായി.
ശിലാഫലകം സർക്കാർ ഉത്തരവുപ്രകാരം പാറയിൽ സ്ഥാപിക്കപ്പെട്ടെങ്കിലും കുരിശു നീക്കംചെയ്തതിനു പ്രതികാരമായി ശിലാഫലകം തകർത്ത് കടലിലെറിയപ്പെട്ടു.
കന്യാകുമാരിക്കമ്മിറ്റിക്കാർ രാഷ്ട്രീയസ്വയംസേവക് സംഘത്തിന്റെ സർസംഘചാലക്ക് ആയിരുന്ന ‘ഗുരുജി ഗോൾവാക്കറുടെ’ സമീപമെത്തി. ഗുരുജിയുടെ നിർദ്ദേശപ്രകാരം ആർ എസ് എസ് ജനറൽ സെക്രട്ടറി ശ്രീ ഏക്നാഥ് റാനഡെ കന്യാകുമാരിയിലെത്തി.
കമ്മിറ്റിക്കാരുടേയും സംഘക്കാരുടേയും എണ്ണം കുറവായിരുന്നു. അടിച്ചമർത്തലായിരുന്നില്ലാ ലക്ഷ്യം എങ്കിലും ‘സംഘശക്തി’കൊണ്ടേ എതിരാളികളെ നിയന്ത്രിക്കാനാവൂ എന്നു മനസ്സിലാക്കിയ റാനഡെ മറ്റുസംസ്ഥാനങ്ങളിൽനിന്നുള്ള പ്രവർത്തകരെ കന്യാകുമാരിയിലേക്കെത്തിച്ചു. അറുനൂറ്റിപന്ത്രണ്ടു പേർ. ഇവരുടെയൊക്കെ കാര്യങ്ങൾ നോക്കുന്നതിനും എതിർക്കുന്നവരെ എതിരിടാനുള്ള തന്ത്രങ്ങൾ മെനയാൻ ഏർപ്പാടുചെയ്തത് നരേന്ദ്രനെയായിരുന്നു.
പദസഞ്ചലനം!
വൈകുന്നേരങ്ങളിൽ, കന്യാകുമാരിയിലെ മണൽത്തിട്ടകൾ ആയിരത്തിയിരുന്നൂറ്റിപ്പതിനാലു പാദങ്ങളിലെ കറുത്ത ഷൂസുകൾ പൊടിക്കാറ്റുയർത്തി; കാക്കിനിക്കറും വെള്ളയുടുപ്പും കറുത്തതൊപ്പിയും തോളിൽ തൂക്കിയിട്ട ദണ്ഡയുമായി.
‘റൂട്ട്മാർച്ച്’കഴിഞ്ഞ് മറ്റുള്ളവരെ ക്യാമ്പിലേക്കു പറഞ്ഞയച്ചിട്ട് പാറക്കെട്ടിൽ ഇരിക്കാനുള്ള പുറപ്പാട്. മുന്നിൽ ളോഹയണിഞ്ഞ പുരോഹിതൻ വഴിതടഞ്ഞുനിന്നു.
തീക്ഷ്ണമായ നോട്ടം !!
കണ്ണുകളിൽ തീയാളുകയായിരുന്നോ?
“ഞങ്ങളെയൊക്കെ കൊല്ലാനുള്ള പുറപ്പാടാണോ?”
“എന്തിനാ അച്ചോ ?”
“താങ്കളാണിപ്പോൾ ഇവിടുത്തെ നേതാവെന്നറിഞ്ഞു. പടയൊരുക്കങ്ങൾ നടക്കുകയാണല്ലോ അല്ലേ?”
“അയ്യോ ഇവിടെ യുദ്ധമൊന്നുമില്ലച്ചോ”
“കുരിശുനാട്ടിയതു തെറ്റായിരിക്കാം, ശരിയായിരിക്കാം, ഞാനൊന്നും ന്യായീകരിക്കുന്നില്ല. പക്ഷേ ഇനി ഇവിടെ ഒരു തുള്ളി വീഴുകയാണെങ്കിൽ, അതെന്റെ തല തകർന്നുവീഴുന്ന രക്തമായിരിക്കണം. നിങ്ങളുടെ ദണ്ഡകൊണ്ടുള്ള ഒരു പ്രയോഗമുണ്ടല്ലോ എന്താ അത് ? ‘ശിരമാർ’ അല്ലേ ? നോക്കൂ നരേന്ദ്രൻ എന്നെ കൊന്നിട്ടേ മറ്റൊരു ക്രിസ്ത്യാനിയുടെ ശവശരീരം ഇവിടെ വീഴാൻ പാടുള്ളു, ആജ്ഞയല്ല അപേക്ഷയാണ് !.”
തീയെരിയുന്ന കണ്ണുകൾ !
ആഗ്നേയാസ്ത്രം!!
മറുപടി കേൾക്കുന്നതിനുമുമ്പേ അച്ചൻ തിരിഞ്ഞുനടന്നു. തലകുമ്പിട്ടിരുന്നു.
“സ്വാമീ.”
ചിന്തയിൽനിന്നു ഞെട്ടിയുണർന്നു.. സമീപത്തായി ഗബ്രിയേലച്ചൻ. കന്യാകുമാരിയിലെ കാത്തലിക് ചർച്ചിലെ ഇപ്പോഴത്തെ ഫാദർ.
എണീറ്റു.
“ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ”
“ഇപ്പോഴും എപ്പോഴും സ്തുതി. സ്വാമി എന്താ ഇവിടെ?”
“വെറുതേ അച്ചോ”
“വിരുന്നുകാരുണ്ടല്ലോ അല്ലേ? നാളെയല്ലേ പുതിയപ്രാർത്ഥനാലയത്തിന്റെ ഉദ്ഘാടനം ?”
“അതേ അച്ചോ”
“ക്ഷണക്കത്തുണ്ട്…നേരത്തേയെത്താം”
“സുസ്വാഗതം”
അച്ഛൻ നടന്നു. പിന്നെയൊന്നു തിരിഞ്ഞുനിന്നു.
“ഞാൻ ആ വഴിക്കാ, വരുന്നോ ?“
“ഫാദർ നടന്നോളൂ”
മനസ്സിനാകെ ചാഞ്ചാട്ടം. ഇവിടെനിന്ന് ഒരുകിലോമീറ്ററോളംനടക്കണം ‘വിവേകാനന്ദപുരത്തേയ്ക്ക്’.കാലുകൾ ചലിക്കുന്നില്ലല്ലോ.സമയമേറെയായി. സായാഹ്നപ്രാർത്ഥനയ്ക്ക് പ്രധാനമന്ത്രിയോടൊപ്പം ആ സ്ത്രീയും കാണും. എങ്ങനെയാണ് അവരെ നേരിടുക.?
(തുടരും)
((((((((((((((((((((((((((((((((((((((()))))))))))))))))))))))))))))))))))))))))))))))))))))))))))))))