Monday, September 12, 2011

തിരക്കഥയുടെ പണിപ്പുര‌ - ഭാഗം 2


                        തിരക്കഥയുടെ പണിപ്പുര‌ - ഭാഗം 2                                                                                                                                                                             നാം ഒരു തിരക്കഥ എഴുതിക്കഴിഞ്ഞാൽ പിന്നെ നമ്മുടെ ജോലി അവിടെ അവസാനിച്ചൂ എന്ന് കരുതരുത്. നിർമ്മാതാവും,സംവിധായകനും,ക്യാമറാമാനും നടീനടന്മാരും ഒക്കെ അടങ്ങുന്ന ഒരു കൂട്ടായ്മയിലാണ് സിനിമ പിറക്കുന്നത്...അതുകൊണ്ട് നാം ഈ തിരക്കഥ എഴുതിക്കഴിഞ്ഞാൽ പിന്നെ ഒരു ഒത്തുചേരലിൽ നമ്മുടെ തിരക്കഥ വായിക്കപ്പെടുന്നു.എന്റെ അനുഭവത്തിൽ സവിധാന സഹായിയായിരിക്കും ഇതു വായിക്കുന്നത്..കാരണം ചില ഡയലോഗുകൾ നാം എഴുതിയ പോലെ, അതിന്റെ ഭാവം വന്നിട്ടുണ്ടോ എന്ന് നമുക്കും മനസ്സിലാക്കാമല്ലോ( സീരിയലുകളിൽ ഈ പതിവില്ല കേട്ടോ!.കാരണം അവിടെ   മിക്കവാറും തലേ  ദിവസമോ,അല്ലെങ്കിൽ അപ്പപ്പോഴോ തിരക്കഥാ സംഭാഷണം രൂപപ്പെടുകയാണ് ചെയ്യുന്നത്) ഇവിടെ സവിധായകനും,ക്യാമറാമനും ഇടപെടും.അവരുടെ ഭാഗത്ത് നിന്നും വരുന്ന നല്ല അഭിപ്രായങ്ങൾ ഉൾക്കൊണ്ട് നമ്മൾ വീണ്ടും,വീണ്ടും വെട്ടിത്തിരുത്തി എഴുതേണ്ടിവരും.അതിൽ കാര്യവുമുണ്ട് ക്യാമറാലെൻസ്, ലൊക്കേഷന്റെ അവസ്ഥ, തുടങ്ങിയവയൊക്കെയാണ് അവിടെ വില്ലനാകുന്നത്. നമുക്ക് മനോഹരം എന്ന് തോന്നുന്ന ചില സീനുകൾ അവരുടെ അഭിപ്രായത്തിൽ ഒന്നോടെ വെട്ടി മാറ്റേണ്ടി വരും... നമ്മുടെ ചില ബ്ളോഗെഴുത്തുകാർ വാശി പടിക്കുന്നത് പോലെ “ എഡിറ്റിംഗ്!!! ഏയ് എന്റെ കഥയിൽ ഒരു വള്ളി,പുള്ളി,വിസർഗ്ഗം പോലും ഞാൻ മാറ്റില്ലാ”...പറഞ്ഞ് കളയരുത് കാരണം സിനിമാ കോടികൾ മുടക്കി ചെയ്യുന്ന ഒരു കലയാണ്, മാത്രവുമല്ലാ ഇതൊരു കൂട്ടായ്മയുടെ ബാക്കിപത്രവും.
            ഷൂട്ടിംഗ് സമയത്ത് ,തിരക്കഥകൃത്ത് ലൊക്കേഷനിൽ തന്നെയുണ്ടാകണം എന്ന് തന്നെയാണ് എന്റെ പക്ഷം.ചില സമയങ്ങളിൽ ചില ഡയലോഗുകൾ പുതിയതായി എഴുതിച്ചേർക്കേണ്ടി വരും, അല്ലെങ്കിൽ നടീ നടന്മാർ കൈയ്യിൽ നിന്നും ഇടുന്ന ഡയലോഗുകളുടെ കണ്ടിന്യൂറ്റി എന്നിവ പരിശോധിക്കേണ്ടി വരും.ചിലപ്പോൾ ചില ഡയലോഗുകൾ- വാക്കുകൾ- നടീ നടന്മാരുടെ നാവിൽ ഉടക്കാറുണ്ട്,അത് പിന്നെ ഡബ്ബിംഗ് സമയത്ത് ബുദ്ധിമുട്ടുണ്ടാക്കും. അതിനാൽ സീനെടുക്കുന്ന സമയത്ത് തന്ന നാം അത് മറ്റി എഴുതിക്കൊടുക്കേണ്ടി വരും.
          കഴിഞ്ഞ ലക്കത്തിൽ ചെറുത് ചോദിച്ച രണ്ട് ചോദ്യങ്ങളുണ്ട്. 1, സംഭാഷണം എവിടെയാണ് എഴുതേണ്ടതെന്നു...സഹോദരാ അത് ആദ്യം തന്നെ ഞാൻ പറഞ്ഞില്ലേ പേജിന്റെ വലത് ഭാഗത്തെന്ന്.( തിരക്കഥ എന്നു പറയുമ്പോൾ അതിൽ സംഭാഷണവും ഉൾപ്പെടും- തിരനാടകം-)    ഉദാഹരണവും അതിന് താഴെ ചേർത്തിട്ടുണ്ട്. 2, സ്റ്റോറി ബോർഡ് എന്നാൽ എന്താണെന്ന്. പരോക്ഷമായി പറഞ്ഞാൽ തിരക്കഥയും സ്റ്റോറി ബോഡും ഒന്ന് തന്നെയാണ്.എന്നൽ പ്രത്യക്ഷമായി പറഞ്ഞാൽ സ്റ്റോറീ ബോർഡ് എന്ന് ഉദ്ദേശിക്കുന്നത്  ഷൂട്ടിംഗ് സ്ക്രിപ്റ്റാണ്.
എന്താണ് ഷൂട്ടിംഗ് സ്ക്രിപ്റ്റ്
സാധാരണ ഷൂട്ടിംഗ് സ്ക്രിപ്ത് തയ്യാറാക്കുന്നത് സംവിധായകനോടൊപ്പം ഉള്ള എക്സിക്യൂട്ടീവ് ഡയറക്റ്ററും,സഹസംവിധായകനുമാണു. കൂട്ടത്തിൽ സംവിധായകനും  തിരക്കഥാകൃത്തും കൂടാറുണ്ട്.                                            
         നമ്മൾ തിരക്കഥാ രചനയിൽ തന്നെ, ഒരോ സീനുകളിലും സ്ഥലവും,സമയവും ഒക്കെ എഴുതിയല്ലോ.ഇതിൽ ആ സീനുകളിൽ പങ്കെടുക്കുന്ന കഥാപാത്രങ്ങളുടെ പേരുകൾ,അവർ അണിയേണ്ട വേഷങ്ങൾ(മുൻപേ അഭിനയിച്ച സീനിന്റെ തൊട്ടടുത്ത സീനാണെങ്കിൽ കണ്ടിന്യൂറ്റി ഒക്കെ പ്രധാനപ്പെട്ടകാര്യങ്ങളാണ്) ഏത് തരത്തിലുള്ള വാച്ചാണ്,ചെരിപ്പാണ് തുടങ്ങിയവയും, വീടിനകത്താണെങ്കിൽ അവിടെ ഉപയോഗിക്കുന്നപ്രോപ്പർട്ടികൾ (മേശ,കസേര,ക്ലോക്ക്,                   ബ്രഷ്,പേയ്സ്റ്റ്, മറ്റു ആഡംബര സാധനങ്ങൾ തുടങ്ങി സീനിനനുസരിച്ചുള്ളഎല്ലാ സാധനങ്ങളും,) ഒക്കെ ഷൂട്ടിംഗ് സ്ക്രിപ്റ്റിലുണ്ടാകും. ശ്രിമതി. ലിപി പറഞ്ഞത് പോലെ ഈ കമ്പ്യൂട്ടർ യുഗത്തിൽ, നാം എടുക്കാൻ ഉദ്ദേശിക്കുന്ന സീനിന്റെ ,ലൊക്കേഷൻ ചിത്രങ്ങൾ ഷൂട്ടിംഗ് സ്ക്രിപ്റ്റിനോട് ചേർത്ത് വക്കാറുണ്ട്.പണ്ടൊക്കെ ഭരതൻ മാഷിനെപ്പോലുള്ളവർ ഓരോ ഷോട്ടും വരച്ച് വച്ച് ഷൂട്ട് ചെയ്യാറുണ്ടായിരുന്നൂ
തിരക്കഥയിലെ എഡിറ്റിംഗ്
നല്ലൊരു തിരക്കഥ രചയിതാവ് ഒരു എഡിറ്ററും കൂടെ ആയിരിക്കണം എന്ന് ഞാൻ നേരത്തേ സൂചിപ്പിച്ചിരുന്നല്ലോ.നമ്മൾ രചിക്കുന്ന തിരക്കഥയിൽ നിന്ന് കൊണ്ട് സംവിധായകൻ അത് ഷൂട്ട് ചെയ്യുന്നൂ.അത് എഡിറ്റിംഗ് ടേബിളിൽ എത്തുമ്പോൾ സവിധായകനും,എഡിറ്ററും ചേർന്ന് കഥക്ക് ആവശ്യമായ സീനുകൾ എഡിറ്റ് ചെയ്ത് ചേർക്കുന്നൂ.(ഒരു ഷോട്ട് പലരീതികളിൽ  സാധാരണ സംവിധായകർ ഷൂട്ട് ചെയ്യാറുണ്ട്, അതിൽ നല്ലതെന്ന് തോന്നിക്കുന്ന ഷോട്ടുകളാണ് എഡിറ്റ് ചെയ്ത് ചേർക്കുന്നത്) ചിലപ്പോൾ ചില സ്റ്റോക്ക് ഷോട്ടുകളും ഉപയോഗിക്കാറുണ്ട്. ഒരു തിരക്കഥാകൃത്ത്,തിരക്കഥയിൽ തന്നെ എഡിറ്റിംഗ് നടത്തി എഴുതിയാൽ ഫിലിം ചിലവുൾപ്പെടെ പലതും ലാഭിക്കാം...
ഒരു ഉദാഹരണം പറയാം
നാം എഴുതുന്ന ഒരു സ്ക്രിപ്റ്റിൽ താഴെക്കാണിച്ചിരിക്കുന്ന ഒരു സീൻ ഉണ്ടെന്ന് വിചാരിക്കുക.
മമ്മൂട്ടിയുടെ കഥാപാത്രത്തിനോട്,അദ്ദേഹത്തിന്റെ അച്ഛനായ കഥാപാത്രം പറയുന്നൂ                  “ “മേഘ എന്നാണ് കുട്ടിയുടെ പേര്....നല്ല കുട്ടി എനിക്ക് ഇഷ്ടപ്പെട്ടൂ.....അത് മാത്രം പോരല്ലോ, നിന്റെ ഇഷ്ടമാണ് പ്രാധാനം..... രാഘവൻ മാസ്റ്ററും ഞാനും ഒരുമിച്ച് വർക്ക് ചെയ്തിരുന്നതാ...പിന്നെ ഇന്ന് തന്നെ ഞാൻ ,നിന്നെ അങ്ങോട്ട് പറഞ്ഞയക്കാമെന്ന് പറഞ്ഞിരുന്നൂ...ഒന്ന് പോയി നോക്കിയിട്ട് വാ...”
അനുസരണയോടെ, തന്റെ മുറിയിൽ പോയി വേഷം മാറി വീ‍ട്ടിൽ നിന്നുമിറങ്ങി തന്റെ കാർ സ്റ്റാർട്ട് ചെയ്ത്,ടാരിട്ട റോഡിലൂടെ,പിന്നെ ചെമ്മൺ പാതയിലൂടെകാറോടിച്ച് ,വശങ്ങളിലെ വാഴത്തോപ്പുകളും,തെങ്ങിൻ തോപ്പുകളും,നെൽ‌പ്പാടവുമൊക്കെ കണ്ട് ഒരു ഇടത്തരം വീടിന്റെ മുമ്പിലെത്തി നിൽക്കുന്നു.കാറിൽ നിന്നും ഇറങ്ങി,മുറ്റത്ത് കൂടെ നടന്ന് വന്ന് അടഞ്ഞ് കിടക്കുന്ന കതകിൽ മമ്മൂട്ടി തട്ടുന്നു. പക്ഷേ ഇന്നത്തെ  കാലഘട്ടത്തിൽ ഇത്രയും വിവരങ്ങളില്ലാതെ  തന്നെ  പ്രേക്ഷകർക്ക് ,കാര്യം മനസ്സിലാക്കാനും മറ്റും ഫാസ്റ്റ് എഡിറ്റിംഗ് ആണ് നല്ലത്....മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ അച്ഛൻപറഞ്ഞ ഡയലോഗ് കട്ട്  ചെയ്താൽ  ഉടൻ തന്നെ   മമ്മൂട്ടിയുടെ കഥാപാത്രം ,വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്ന പെൺകുട്ടിയുടെ വീടിന്റെ വാതിലിൽ തട്ടുന്ന മമ്മൂട്ടിയെകാണിച്ചാൽ മതിയാകും.സീനുകളും ഷോട്ടുകളും വളരെ ഫാസ്റ്റ് ആകുമ്പോൾ കഥ പറച്ചിലിന്റെ ഇഴച്ചിൽ(വേഗതക്കുറവ്)പ്രേക്ഷകർക്ക് അനുഭവപ്പെടുകയില്ലാ.രണ്ട് മണിക്കൂറിനുള്ളിൽ  നാം പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ഇങ്ങനെ തിരക്കഥയിൽ തന്നെ  എഡിറ്റ് ചെയ്ത്  എഴുതിയാൽ സംവിധായകന് കാര്യങ്ങൾ എളുപ്പമാകുമെന്ന് മാത്രമല്ലാ,ഷൂട്ടിംഗിന്റെ ചിലവുകൾ വളരെയേറെ കുറയ്ക്കാനുമാകും....
            ഇനി ആ ഡയലോഗിനെ ഒന്ന് എഡിറ്റ് ചെയ്യാം“ മേഘ എന്നാണ് കുട്ടിയുടെ പേര്, നല്ല കുടുംബക്കാരാ...കുട്ടിയെ നിനക്ക ഇഷ്ടപ്പെട്ടോ എന്ന് മാത്രം അറിഞ്ഞാൽ മതി എനിക്ക്...നീ അത്രടം വരെ പോയിട്ട് വാ...”
 സംഭാഷണം എഴുതുമ്പോൾ നാം ഒരു കാര്യം ശ്രദ്ധിക്കണം, കഴിവതും സംസാരഭാഷ ഉപയോഗിക്കണം...  അത് പോലെ തന്നെ നറേഷനിലും സാഹിത്യപ്രക്ഷാളനം ആവശ്യമില്ലാ... മനോഹരമായ ഒരു കുളത്തിനരുകിൽ എന്നുള്ളടത്ത് ‘അഷ്ട സ്പടിക സങ്കാശം’ എന്നൊന്നും എഴുതേണ്ട് കാര്യമില്ലാ..ഇതെഴുതിയപ്പോഴാണ്. ശ്രീ.വി.കെ.എൻ. തമാശയിൽ എഴുതിയ“അപ്പുണ്ണി എന്ന നീചൻ” എന്ന തിരക്കഥയെപ്പറ്റി ഓർമ്മവരുന്നത്. ആ തിരക്കഥ തുടങ്ങുന്നത് ഇങ്ങനെയാണ് ‘മാനത്ത് വെള്ളി കീറുന്ന ശബ്ദം.....’ തിരക്കഥകളെ കളിയാക്കിക്കൊണ്ട് എഴുതിയ ആ കഥ പിന്നെ സത്യൻ അന്തിക്കാട് ‘അപ്പുണ്ണി’ എന്ന സിനിമയാക്കി.
           കഴിഞ്ഞ ലക്കത്തിൽ ഒരു ബ്ലോഗ് സഹോദരൻ ചോദിച്ചിരുന്നൂ“അപ്പോൾ സംവിധായകന് എന്താ ജോലി എന്ന്.ഒരു കാര്യം ഓർമ്മിക്കുക.ഒരു സിനിമയുടെ പിതാവ് എന്ന് പറയുന്നത് സംവിധായകൻ  തന്നെയാണ് .തിരക്കഥാരചയിതാവ് അമ്മയും.
          തിരക്കഥാകൃത്ത് എഴുതുന്ന സീനുകൾ, സംവിധായകൻ പല ആവർത്തി  വായിച്ച് നോക്കും.അപ്പോൾ തന്നെ അദ്ദേഹത്തിന്റെ മനസ്സിൽ സീനുകളുടെ ദൃശ്യങ്ങൾ  സ്ഥാനം പിടിക്കും.
സിനിമയുടെ ലൊക്കേഷൻ,ആർട്ടിസ്റ്റുകൾ(ഇവിടെ നിർമ്മാതാവിന്റേയും അഭിപ്രായം നിർബ്ബന്ധമാണ്) ക്യാമറാ ആങ്കിളുകൾ ഒക്കെ സ്ഥിരീകരിക്കുനത് സംവിധായകനാണ്. ഒരു തിരക്കഥ സിനിമയായിതീരുന്നത് പ്രാധാനമായും സംവിധായകന്റെ ക്രാഫ്റ്റ് ആണ്.
തിരക്കഥാകൃത്ത് ഉദ്ദേശിക്കുന്ന ‘ദൃശ്യങ്ങൾ’ ആയിരിക്കില്ലാ ഒരു പക്ഷേ സംവിധാ‍യകന്റെ മനസ്സിലുരുത്തിരിയുന്നത്. ഒരേ സ്വപ്നം ഒരേ പോലെ രണ്ട് വ്യക്തികൾക്ക് കാണാൻ സാധിക്കില്ലല്ലോ....അത് പോലെ....എങ്കിലും തിരക്കഥാകൃത്തും.സംവിധായകനും, ഛായാഗ്രാഹകനും,(നിർമ്മാതാവും- ചിലർ) ഒരുമിച്ചിരുന്ന് ചർച്ചകൾ ചെയ്ത് ദൃശ്യങ്ങളെ കൂടുതൽ മനോഹരമാക്കാനാണ് ശ്രമിക്കുന്നത്. ക്ഷമിക്കുക ഈ ലേഖനത്തിലെ പ്രതിപാദ്യ വിഷയം ‘തിരക്കഥ’യാണ്.അത് കൊണ്ട് തന്നെ സംവിധാനകലയെക്കുറിച്ച് ഇനിയോരിക്കൽ എഴുതാം.
ഇതിന്റെ ഒന്നാം ഭാഗത്തിൽ എനിക്ക് ഏറ്റവും പ്രീയപ്പെട്ട ശ്രീ.അപ്പു(ഷിബു) എം.ടി.യുടെ തിരക്കഥകൾ വായിച്ച് നോക്കി കൂടുതൽ മനസ്സിലാക്കാൻ നല്ലൊരു നിർദ്ദേശം കമന്റിലൂടെ ഇട്ടിട്ടുണ്ട്. അത് പോലെ സാബു.എം.എച്ച്.എം.ടിയുടെ തിരക്കഥാ സംബന്ധിയായ ലേഖനങ്ങളെക്കൂടി ചൂണ്ടിക്കാട്ടിയാൽ നന്നായിരിക്കും എന്നൊരു ശ്രദ്ധേയമായ കമന്റും ഇട്ടിട്ടുണ്ട്. പക്ഷേ തിരക്കഥാ രചനകളുടെ ആഴങ്ങളിലേക്ക് ചെന്നെത്താൻ അവ അത്രക്ക് ലളിതമല്ലാ...ഞാനിവിടെ നേനാ സിദ്ധിക്ക് എന്ന എന്റെ കുഞ്ഞ് മോൾക്കും മനസ്സിലാകത്തക്ക വിധത്തിൽ വളരെ ലളിതമായി ആവിഷ്ക്കരിക്കാനാണ്  ശ്രമിച്ചത്...ഇവിടേയും സംശയങ്ങൾ ഉണ്ടെങ്കിൽ ആർക്കും എന്നോട് ചോദിക്കാം എന്റെ അറിവിലുള്ള കാര്യങ്ങളെന്തും പറഞ്ഞ് തരാൻ എപ്പോഴും ഞാൻ തയ്യാറാണ്.



ഒരു കാര്യം കൂടി:- പോസ്റ്റ്കൾക്ക് നീളക്കുടുതൽ വായനക്കാരെ വല്ലാതെ മുഷിപ്പിക്കും എന്ന ഒറ്റക്കാരണത്താൽ, ഞാൻ ഏറ്റെടുത്തിരിക്കുന്ന രണ്ട് സിനിമയുടെ തിരക്കഥയിലെ എതെങ്കിലും ഒരു സീൻ ഇവിടെ എടുത്തെഴുതണമെന്നത് അടുത്ത പോസ്റ്റ്ലേക്ക് മാറ്റിയിരിക്കുന്നു...
           “ആലി തൈയ്യിലൊരാ വെള്ളം അലിവോടൊഴിക്കയാ
                     വളരുമ്പോ അതേകുന്നൂ, വരുവക്കൊക്കെയും തണ
                          എല്ലാവർക്കും എന്റെ ഓണാശംസകൾ
തിരക്കഥയുട പണിപ്പുര ഒന്നാംഭാഗമിവിടെ  http://chandunair.blogspot.com/2011/08/blog-post.html