തമിഴ്‌നാട്ടിലെ വിരുദുനഗര്‍, തേനി, മധുര തുടങ്ങിയ ജില്ലകളിലും മനുഷ്യത്വരഹിതവും നിയമ വിരുദ്ധവുമായ തലൈകൂത്തല്‍’ എന്ന ദുരാചാരം ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ട്. മദ്രാസ് സര്‍വകലാശാലയിലെ ക്രിമിനോളജി വിഭാഗം അസിസ്റ്റന്റ് പ്രഫ. എം. പ്രിയംവദ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. വൃദ്ധരെ അവരുടെ കുടുംബാംഗങ്ങള്‍ തന്നെ കൊല്ലുന്ന പരമ്പരാഗതമായ ആചാരമാണ് തലൈക്കൂത്തല്‍. എ സ്റ്റഡി ഓണ്‍ ദി വിക്റ്റിംസ് ഓഫ് ജെറോന്റിസൈഡ് ഇന്‍ തമിഴ്നാട്, ഇന്ത്യ’ എന്ന വിഷയത്തില്‍ പ്രഫ. എം പ്രിയംവദ നടത്തിയ പഠനത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വൃദ്ധരെ ഇങ്ങനെ മരണത്തിന് വിധിക്കുന്നത് ഭൂരിഭാഗവും അവരുടെ മക്കള്‍ തന്നെയാണ്.
തമിഴ്‌നാട്ടിലെ ചിലഭാഗങ്ങളില്‍ നടന്നുവരുന്ന ഈ ദയാവധത്തെ ഭൂരിഭാഗം ആളുകളും ആചാരത്തിന്റെ ഭാഗമായാണ് കാണുന്നത്. പരമ്പരാഗത രീതികളിലൂടെയായിരുന്നു മുമ്പ് ജീവനെടുത്തിരുന്നതെങ്കില്‍ ഇപ്പോള്‍ മാരകവിഷവും ഉറക്കഗുളികയും ഒക്കെയാണ് ആളെ കൊല്ലാന്‍ ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുമ്പു ബന്ധുക്കളെയും നാട്ടുകാരെയും വിളിച്ചുചേര്‍ത്തു പരസ്യമായാണ് ഇതു നടത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ വളരെ രഹസ്യമായാണ് ഈ ദുരാചാരം നടപ്പാക്കുന്നത്.
യുജിസി സഹായത്തോടെ 602 പേരിലാണ് പഠനം നടന്നത്. സര്‍വെയില്‍ പങ്കെടുത്തവരില്‍ 30 ശതമാനം പേരും തലൈക്കൂത്തല്‍ എന്ന് പേരിട്ട് വിളിക്കുന്ന വൃദ്ധഹത്യയെ ആചാരമായാണു കാണുന്നത്. ഇതു തങ്ങള്‍ ഇപ്പോഴും പിന്തുടരുന്നുണ്ടെന്നും ഇവര്‍ വെളിപ്പെടുത്തി. അതേസമയം വയോധികര്‍ക്ക് നല്‍കുന്ന ദയാവധമായാണ് 22 ശതമാനം പേര്‍ ഈ പ്രാകൃതരീതിയെ കാണുന്നത്. വൃദ്ധഹത്യക്ക് 26 വ്യത്യസ്തമായ രീതികളാണ് ഈ പ്രദേശങ്ങളില്‍ പിന്തുടരുന്നത്. ‘തലൈക്കൂത്തല്‍ ‘എന്താണെന്നറിയുമോ? എണ്ണ തേച്ചു കുളി എന്നര്‍ഥം വരുന്ന തമിഴ് വാക്കാണിത്. തമിഴ്‌നാട്ടിലെ വിരുദു നഗറിലും ചില തെക്കന്‍ ജില്ലകളിലും ഇന്നും നിലനില്‍ക്കുന്ന ഒരു ദുരാചാരം. രോഗം മൂലമോ പ്രായാധിക്യം മൂലമോ സ്വന്തം കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തി ഇല്ലാതാകുന്ന ആളെ കൊല്ലുന്ന കാടന്‍ ഏര്‍പ്പാട്.
ബലംപ്രയോഗിച്ചോ നിര്‍ബന്ധപൂര്‍വമോ നടപ്പിലാക്കുന്ന ദയാവധമാണ് തലൈക്കൂത്തല്‍. ഒറ്റദിവസം കൊണ്ട് ആളെ ഇല്ലാതാക്കുന്നതല്ല തലൈക്കൂത്തല്‍. അതിന് ചില രീതികളൊക്കെയുണ്ട്. ദയാവധത്തിന് ഇരയാക്കേണ്ടയാളെ അതിരാവിലെ തലയിലും ശരീരത്തിലും ധാരാളം എണ്ണ ഒഴിച്ച് കുളിപ്പിക്കും. തണുത്ത വെള്ളത്തിലാണ് കുളിപ്പിക്കുന്നത്. ഈ സമയം തലയില്‍ ധാരളമായി വെള്ളം ഒഴിക്കും. തല നല്ലപോലെ തണുത്ത് ശരീരത്തിലെ താപനില കുറയുന്നതിനും പനിയും ജ്വരവും പെട്ടെന്ന് പിടിപെടുന്നതിനും വേണ്ടിയാണിത്.
കുളിച്ചു കഴിഞ്ഞാല്‍ മൂന്നോ നാലോ ഗ്ലാസ് ഇളനീര് കുടിപ്പിക്കും. അതോടെ ന്യൂമോണിയ, കടുത്ത പനി, അപസ്മാരം എന്നിവ ബാധിക്കും. ഒന്നോ രണ്ടോ ദിവസം കൊണ്ട് ആള്‍ നിതാന്തനിദ്ര പ്രാപിക്കും. തലൈക്കൂത്തല്‍ മാത്രമല്ല, വൃദ്ധരെ ഒഴിവാക്കാന്‍ വെള്ളത്തില്‍ മണ്ണു കലക്കി കുടിപ്പിക്കുക, മൂക്കടച്ച് പാല്‍ കുടിപ്പിക്കുക തുടങ്ങിയ വിദ്യകളുമുണ്ടത്രേ . ചിലപ്പോള്‍ മൂക്കിലേക്ക് പശുവിന്‍പാല്‍ നിര്‍ബന്ധപൂര്‍വം ഒഴിച്ച് ശ്വാസതടസവും സൃഷ്ടിക്കും. ചിലപ്പോള്‍ വിഷം ചേര്‍ത്തും നല്‍കും. 26 വിവിധ രീതികളില്‍ ഇവിടെ ഇത്തരം കൊലപാതകങ്ങള്‍ നടക്കുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു.
പല ഗ്രാമങ്ങളിലും ഈ കൃത്യം നിര്‍വഹിക്കാന്‍ പ്രത്യേകം ആളുകള്‍ പോലുമുണ്ട്. ഇതിന് അവര്‍ പണവും ഈടാക്കുന്നുണ്ട്. തലൈക്കൂത്തല്‍ എന്ന ആചാരം നടത്തുന്നതിനായി ഇടനിലക്കാരുടെ ശൃംഖലയും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പഠനത്തില്‍ പറയുന്നു. 300 രൂപ മുതല്‍ 3,000 രൂപവരെ കൈപ്പറ്റി വിഷം കുത്തിവയ്ക്കുകയാണ് ഇത്തരക്കാര്‍ ചെയ്യാറുള്ളത്. ഗ്രാമങ്ങളിലെ മുറിവൈദ്യന്‍മാര്‍ പണം കൈപ്പറ്റി വിഷം കുത്തിവയ്ക്കുന്ന രീതിയും വ്യാപകമാണ്.
പല കാരണങ്ങളാണ് പ്രായമായവരെ മരണത്തിന് വിധേയമാക്കുന്നതിന് പിന്നില്‍. പ്രായമായവരെ സംബന്ധിച്ച ഉത്കണ്ഠ, വൃദ്ധരുടെ ശാരീരികവും മാനസികവുമായ ദുര്‍ബലത, മോശം സാമ്പത്തിക സ്ഥിതി എന്നിവയും കാരണങ്ങളില്‍ ഉള്‍പ്പെടുന്നു. അതേസമയം മറ്റ് നേട്ടങ്ങള്‍ക്ക് വേണ്ടിയും വൃദ്ധരെ കൊല്ലുന്നവരുമുണ്ട്. അച്ഛന്റെ സര്‍ക്കാര്‍ ജോലി നേടുന്നതിനു വേണ്ടിയാണ് തേനി ജില്ലയില്‍ ഒരു മകന്‍ അച്ഛനെ കൊന്നത്.
ചലച്ചിത്രപ്രവര്‍ത്തകനുമായ അന്‍ഷ് സിംഗ് തമിഴ്‌നാട്ടില്‍ നിന്ന് പകര്‍ത്തിയ തലൈക്കൂത്തലിനെപ്പറ്റിയുള്ള ഡോക്യുമെന്ററി നേരത്തെ വന്‍ ചര്‍ച്ചകള്‍ക്കു വഴിവച്ചിരുന്നു. ഈ ഡോക്യുമെന്ററിയിലൂടെയാണ് ഈ ദുരാചാരം പുറംലോകം അറിഞ്ഞതെന്നു വേണമെങ്കില്‍ പറയാം. നിയമവിരുദ്ധമാണ് തലൈക്കൂത്തല്‍ എങ്കിലും തമിഴ്‌നാട്ടില്‍ ഇതിന്നും തുടരുന്നു എന്ന് ഈ ഡോക്യുമെന്ററിയെ ഉദ്ധരിച്ച് ഐബിഎന്‍ പോലുള്ള ദേശീയ മാധ്യമങ്ങള്‍ പോലും നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തനിക്ക് തലൈക്കൂത്തല്‍ നടത്താന്‍ പോകുന്നുവെന്നറിഞ്ഞ് ഓടിപ്പോയവരിലൂടെയും തലൈക്കൂത്തല്‍ നടത്തിയിട്ടും ആയുര്‍ബലം കൊണ്ട് അതിനെ അതിജീവിച്ച് ഓടി രക്ഷപ്പെട്ടവരിലൂടെയും ഒക്കെയാണ് ഇക്കഥകള്‍ പുറംലോകമറിഞ്ഞത്. ഇത് ഇന്നും തുടരുന്നുവെന്നാണ് പുറത്തുവന്ന പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
സംസ്ഥാന തലസ്ഥാനമായ ചെന്നൈയില്‍ നിന്ന് 500 കിലോമീറ്റര്‍ അകലെയുള്ള വിരുദുനഗറിലാണ് തലൈക്കൂത്തല്‍ സര്‍വസാധാരണമായി ഇന്നും തുടരുന്നത്. ഉറ്റവരും ഉടയവരും തങ്ങളുടെ അന്തകരാകുന്നതും കാത്ത് ഭീതിയോടെയാണ് ഇവിടത്തെ വൃദ്ധര്‍ കഴിയുന്നത്. സംരക്ഷണത്തിന് വേണ്ടി ഇവര്‍ പ്രത്യേകം സംഘടനകളും രൂപീകരിച്ചിട്ടുണ്ട്. എന്നിട്ടും ഈ ക്രൂരകൃത്യം അവസാനിക്കുന്നില്ല.
വിവിധ കാരണങ്ങളാണ് വൃദ്ധഹത്യക്കായി സര്‍വെയില്‍ പങ്കെടുത്തവര്‍ പറഞ്ഞത്. വൃദ്ധരായ മാതാപിതാക്കളോടുള്ള ഉത്കണ്ഠ,അവരുടെ ശാരീരികവും മാനസികകവുമായ അസ്വസ്ഥതകള്‍, ദാരിദ്ര്യം തുടങ്ങിയ കാരണങ്ങളാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. വാര്‍ദ്ധക്യ കാലത്തെ ശാരീരികവും മാനസികവുമായ രോഗങ്ങള്‍ക്ക് പരിഹാരം കാണാന്‍ ബുദ്ധിമുട്ടാകുമെന്ന് വിശ്വസിക്കുന്ന ഈ വിഭാഗം ദാരിദ്ര്യം കൂടിയുണ്ടെങ്കില്‍ അവസാന കാലത്ത് തങ്ങളുടെ മാതാപിതാക്കള്‍ കഷ്ടപ്പാടുകള്‍ സഹിക്കേണ്ടി വരുന്നതിന് ഇതൊരു നല്ല പോംവഴിയാണെന്ന് വിശ്വസിക്കുന്നു. ‘മുത്തന്തയ്ക്ക് എന്‍ തന്ത ചെയ്തത് എന്‍ തന്തയ്ക്ക് ഏന്‍ ചെയ്യും ‘ എന്നു പറയുന്ന തമിഴ്മക്കള്‍ നാളെ തനിക്കും ഇതേ ഗതി വരും എന്ന് അറിയാത്തവരല്ല. പക്ഷേ ക്രൂരത ആവര്‍ത്തിക്കപ്പെടുന്നു.
അതേസമയം ഇതൊന്നുമല്ലാത്ത ക്രൂരമായ മറ്റ് പല കാരണങ്ങളും ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്. പണ്ട് ബന്ധുക്കളെയും നാട്ടുകാരെയും അറിയിച്ചാണ് തലൈക്കുത്തല്‍ അനുഷ്ഠിച്ചിരുന്നതെങ്കില്‍ ഇന്ന് വീട്ടുകാര്‍ രഹസ്യമായാണ് ഇത് നടത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനു കാരണം ബാധ്യതയായ പ്രയമായവരെ ആരുമറിയാതെ ഒഴിവാക്കുക എന്നതാണ്. ആദ്യം പഠനം നടത്തിയത് വിരുദുനഗര്‍ ജില്ലയില്‍ മാത്രമായിരുന്നെങ്കിലും പിന്നീട് അത് മറ്റു തേനി, മധുര ജില്ലകളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ തിരുനെല്‍വേലി ജില്ലയിലും ഇതേ പഠനം സംഘടിപ്പിക്കുന്നുണ്ടെന്ന് പ്രഫ. പ്രിയംവദ പറയുന്നു.{കടപ്പാട്} (ചന്തുനായർ)
ലേഖനം മനസ്സില്‍ നൊമ്പരമുണര്‍ത്തുന്നതായി!
ReplyDeleteപഠനവും റിപ്പോര്‍ട്ടുംമാത്രംപോരാ,ഈ ക്രൂരതക്കെതിരെ, ദുരാചാരത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുകയും,നിയമനിര്‍മ്മാണങ്ങള്‍ക്ക് തയ്യാറാകുകയും,ഇവരെ സംരക്ഷിക്കാനുള്ള സംവിധാനം ഉണ്ടാക്കുകയും ചെയ്യണം അധികാരസ്ഥാനങ്ങളിലുള്ളവര്‍.
ആശംസകള്‍ചന്തുസാര്‍
തീർച്ചയായും സർ ഇതിനെതിരെയുള്ള ആഹ്വാനമായി ഞാൻ ഒരു ചലച്ചിത്രം ചെയ്യാനൊരുങ്ങുകയാണു.അതാണീ പോസ്റ്റ് ഇവിടെ ഇടാൻ കാരണവും
Deleteനേരത്തെയും ഇതേപ്പറ്റി വായിച്ചറിഞ്ഞിട്ടുണ്ട്. മനസ്സാക്ഷി മരവിച്ചുപോകുന്ന വാർത്ത. തങ്കപ്പൻ സർ പറഞ്ഞതുപോലെ ഈ ക്രൂരതകൾക്കെതിരെ ശക്തമായ നടപടികൾ കൈക്കൊണ്ടിരുന്നെങ്കിൽ.
ReplyDeleteചന്തു സാറിന്റെ ഈ ശ്രമം തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. ആശംസകൾ സർ.
This comment has been removed by the author.
ReplyDeleteആവശ്യം കഴിഞ്ഞാൽ ആളെന്തിന്? അശരണരും ആലംബ ഹീനരും ആയ ചിലർക്കെങ്കിലും ഇതൊരു ദയ തന്നെയായിക്കും ചലച്ചിത്രത്തിൽ ഇപ്പറഞ്ഞ പറഞ്ഞ ആംഗിൾ കൂടി ഉൾപ്പെടുത്തണെ
ReplyDeleteതമിഴ്‌നാട്ടിലെ ചിലഭാഗങ്ങളില്‍ നടന്നുവരുന്ന ഈ ദയാവധത്തെ
ReplyDeleteഭൂരിഭാഗം ആളുകളും ആചാരത്തിന്റെ ഭാഗമായാണ് കാണുന്നത്. പരമ്പരാഗത
രീതികളിലൂടെയായിരുന്നു മുമ്പ് ജീവനെടുത്തിരുന്നതെങ്കില്‍ ഇപ്പോള്‍ മാരകവിഷവും
ഉറക്കഗുളികയും ഒക്കെയാണ് ആളെ കൊല്ലാന്‍ ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മുമ്പു ബന്ധുക്കളെയും നാട്ടുകാരെയും വിളിച്ചുചേര്‍ത്തു പരസ്യമായാണ് ഇതു നടത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍
വളരെ രഹസ്യമായാണ് ഈ ദുരാചാരം നടപ്പാക്കുന്നത്.ഇത്തരം അനാചാരങ്ങൾ ഭാരത്തിൽ പായിടത്തും ഉണ്ട് ,നല്ല ബോധവാർക്കരണം വേണ്ടുന്ന ഒരു സംഗതിതന്നെയാണിത്
‘മുത്തന്തയ്ക്ക് എന്‍ തന്ത ചെയ്തത് എന്‍ തന്തയ്ക്ക് ഏന്‍ ചെയ്യും ‘
ReplyDeleteകലികാലം അല്ലാണ്ടെന്തു
ഹൃദയഭേദകം. ഇതു തടയാനുള്ള നിയമനിർമ്മാണം ഉടനെയുണ്ടാവണം.
ReplyDelete