Thursday, July 27, 2017

തനയ (കഥ)
^^^^^^^^^^^^^
“The Protection of Children from Sexual Offences –പോക്സോനിയമം. 18 വയസ്സിൽത്താഴെയുള്ളവരെയാണ് ഇതിൽ കുട്ടികൾ എന്നു നിർവ്വചിച്ചിരിക്കുന്നത്. ലൈംഗികാക്രമണം, ലൈംഗികപീഡനം, അശ്ലീലത തുടങ്ങിയ കുറ്റകൃത്യങ്ങളിൽനിന്നു കുട്ടികളെ സംരക്ഷിക്കുന്നതിലും അങ്ങനെയുള്ള കുറ്റകൃത്യങ്ങളുടെ വിചാരണയ്ക്കുവേണ്ടി സ്പെഷ്യൽ കോടതികൾ സ്ഥാപിക്കുന്നതിനും അതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾക്കുംവേണ്ടിയാണ് ഈ നിയമം.
കുട്ടികൾക്കെതിരെയുള്ള ലൈംഗികകുറ്റകൃത്യങ്ങളെ ഈ നിയമം മൂന്നായി തരംതിരിച്ച് അതിനുള്ള നടപടിക്രമങ്ങളും ശിക്ഷയും വ്യവസ്ഥ ചെയ്യുന്നു. ഏഴു വർഷത്തിൽ കുറയാത്ത ജീവപര്യന്തം തടവും പിഴയുമാണു ശിക്ഷ.

ലാപ്ടോപ്പിൽനോക്കി വായിക്കുകയായിരുന്നു ഡി.വൈ.എസ്പി. രവീന്ദ്രനാഥ്.
തെല്ലിട നിറുത്തി, അദ്ദേഹം എഴുന്നേറ്റു.
“നിങ്ങൾ ബ്ലോഗിൽ എഴുതിയിട്ടവരികൾ മാസികയിൽ ലേഖനവുമായി വന്നിട്ടുമുണ്ട് അല്ലേ? ആ നിങ്ങൾ, ശ്ശെ എന്റെ കൂട്ടുകാരനാണെന്നു പറയാൻ പോലും……….”
“ഞാൻ തെറ്റുകാരനല്ല രവീ”
“ശബ്ദിക്കരുത് മേലാകെ തരിച്ചുകയറുകയാ….ഡാ,പന്നലേ…നിന്നെഞാൻ....”
മേശയ്ക്കെതിർവശം നില്ക്കുകയായിരുന്നു നകുലൻ. തീരെ പ്രതീക്ഷിച്ചില്ല രവീന്ദ്രനാഥിന്റെ ഈ ഭാവമാറ്റം.
ഒരു മാത്ര. രവിയുടെ വലതുകരം നകുലന്റെ കവിളിൽ ആഞ്ഞുപതിച്ചു. അടിയുടെ ആഘാതത്തിൽ അയാൾ തറയിൽ വീണു.
നകുലൻ പതിയെ എഴുന്നേല്ക്കുന്നതുകണ്ട് രവീന്ദ്രനാഥ് വീണ്ടും കൈകൾ കൂട്ടിത്തിരുമി.
“പ്ലീസ്, രവീ ഇനി എന്നെ അടിക്കരുത്, ഞാൻ പറയുന്നതു കേൾക്കൂ”
“ഓഹോ,അപ്പോൾ നിന്റെ ഭാര്യയും മകളും എന്നോട് ഇവിടെ വന്ന് കള്ളം പറഞ്ഞെന്നാണോ? അതും ഇന്നലെ രാത്രിയിൽ.അപ്പോൾത്തന്നെ നിന്നെ പൊക്കി, സ്റ്റേഷനിൽ കൊണ്ടുപോകണം എന്നു കരുതിയതാ…”
“കള്ളം പറഞ്ഞതാ രവീ,അവർ. ഒന്നാംക്ലാസ്സുമുതൽ ഡിഗ്രിവരെ നമ്മൾ ഒന്നിച്ചുപഠിച്ചവരല്ലേ, എന്നെ നിനക്കറിയില്ലേ?”
“അതുകൊണ്ടാ ഇന്നു രാവിലെ നിന്നെ ഇവിടേക്കു വിളിപ്പിച്ചത്."
പക്ഷേ; ഞാൻ ഏതാണു വിശ്വസിക്കേണ്ടത്. നീ പറയുന്നതോ അവർ പറയുന്നതോ ?”
“എന്നെ വിശ്വസിക്കണം”
“എന്തടിസ്ഥാനത്തിൽ”
മറുപടി പറഞ്ഞില്ല. പെട്ടെന്ന് കുനിഞ്ഞു രവിയുടെ രണ്ടുകാലുകളിലും കൈത്തടം അമർത്തി. നകുലൻ പൊട്ടിക്കരഞ്ഞു, ഒരു കൊച്ചുകുട്ടിയെപ്പോലെ.
എന്തുപറയണം എന്നറിയാതെ രവി.
കൂട്ടുകാരന്റെ തോളിൽ പിടിച്ചുഎഴുന്നേല്പിച്ചു. തന്റെ കൈപ്പടം പതിഞ്ഞുകിടക്കുന്ന നകുലന്റെ കവിളിൽ ചാലിട്ടൊഴുകുന്ന കണ്ണീർപ്പുഴയെ നോക്കി.
ഒരു വിങ്ങൽ മനസ്സിൽ.
ആ കണ്ണിർ തുടച്ചു, തന്റെകരംകൊണ്ടു്.
“നീ കരയല്ലേ, മറ്റാരെക്കാളും എനിക്കു നിന്നെ അറിയാം.പക്ഷേ അരുതാത്തതു കേട്ടപ്പോൾ, ഞാനും രണ്ടു പെൺമക്കളുടെ അച്ഛനല്ലേടാ. ഒരോരോ വാർത്തകൾ! ആരേയും വിശ്വസിക്കാൻ തോന്നുന്നില്ല.ഞാൻ വിശദമായി ഒന്നുകൂടെ ചോദിക്കാം, നിന്റെ ഭാര്യ ‘സജിത‘യോടും മകൾ ‘തനയ‘യോടും. എവിടെയോ എന്തോ കുഴപ്പമുണ്ട്.”
മേശപ്പുറത്തിരുന്ന ജഗ്ഗിലെ വെള്ളം ഒരു ഗ്ലാസിൽ നകുലനു രവി പകർന്നുനല്കി.
അയാൾ അതു കുടിച്ചു. കരച്ചിലടങ്ങിയസമയം
“ഇപ്പോൾ പോയിക്കോളൂ. ഒരു കാര്യം, ഈ നഗരം വിട്ടുപോകാൻ പാടില്ല. ഞാൻ വിളിക്കും. സ്റ്റേഷനിൽ വരണമെന്നില്ല. ഇവിടെ മതി. കേസാക്കുന്നില്ല. പക്ഷേ നിന്റെ ഭാര്യ എനിക്കു മുകളിലുള്ള ഏമാന്മാരുടെ അടുത്തുപോയാൽ?”
ദയനീയമായി അയാളെ ഒന്നു നോക്കിയിട്ട് നകുലൻ അവിടെനിന്നിറങ്ങി.
നഗരത്തിലെ വി.ഐ.പി. കോളനിയിലെ മുപ്പത്തിമൂന്നാം നമ്പർ വീടീലേക്കു കയറുമ്പോൾ അയാൾ ആകെത്തളർന്നിരുന്നു.
വേഷംപോലും മാറാതെയാണു കിടക്കയിൽ വീണത്.
ഒരുകവിൾ വെള്ളമല്ലാതെ ഒന്നും കഴിച്ചിട്ടില്ല ഇന്നലെ രാത്രി മുതൽ.
തളർച്ചയിലും അയാളുടെ ഒർമ്മകൾ ശയിച്ചില്ല. എല്ലാം മനസ്സിലേക്കോടിയെത്തി ചലനചിത്രംകണക്കേ!.
മകളെ വിട്ട് സജിത പടിയിറങ്ങുമ്പോൾ മോൾക്കു നാലുവയസ്സ്. ഡിവോഴ്സിനു ഇരുവരും ഒപ്പിട്ടപ്പോൾ ഒരു നിബന്ധനമാത്രമേ പറഞ്ഞിരുന്നുള്ളൂ: ‘മോളേ തനിക്കു വിട്ടുതരണം‘. അവളത് അംഗീകരിച്ചു.
മോൾക്കയാൾ അമ്മയും അച്ഛനുമായി. അതുവരെ അടുക്കളയിൽ കയറാതിരുന്ന അയാൾ ദിവസങ്ങൾകൊണ്ട് നല്ലൊരു പാചകക്കാരനായീ വീക്കിലികളിലെ പാചകക്കുറുപ്പുകൾ മനസ്സിരുത്തിപ്പഠിച്ചു.
മകളെ ഒരു ഐ എ എസ്-കാരിയാക്കുക എന്നതായിരുന്നു ആഗ്രഹം അതുകൊണ്ടുതന്നെ കാലാസാഹിത്യമേഖലകളിലേക്കു തിരിച്ചുവിട്ടിരുന്നില്ല.
നകുലൻ എഴുതിയ കവിതയ്ക്ക് കുഞ്ഞുതന്നെ ഈണം നല്കി പദ്യപാരായണമത്സരത്തിൽ ഒന്നാം സമ്മാനം വാങ്ങിയെത്തിയെപ്പോഴാണു തന്റെ മകളിലെ കലാകാരിയെ അയാൾ തിരിച്ചറിഞ്ഞത്. അന്നവൾ ആറാം ക്ലാസ്സിലായിരുന്നു.
കുഞ്ഞുകവിതകൾ അവൾ എഴുതി അച്ഛനെക്കാണിച്ചപ്പോൾ അയാൾ ഏറെ അഭിമാനിച്ചു. തന്റെ പിൻഗാമി.
ഏതോ ഒരു കൂട്ടുകാരിയുമായുള്ള വാശി. അവൾക്കും കലാതിലകമാകണം. അച്ഛൻ മകൾക്കു തേരാളിയായി. ഭരതനാട്യം. മോഹിനിയാട്ടം. ലളിതഗാനം ഒക്കെ പഠിപ്പിക്കാൻ അദ്ധ്യാപകരെ വീട്ടിലെത്തിച്ചു.തന്റെ വക മോണോആക്റ്റും
ഇലക്ട്രിസിറ്റി ഓഫിസിലെ സബ്ബ്എഞ്ചിനിയറായിരുന്നു അന്നയാൾ. മിക്കവാറും ഓഫീസിൽ പോകാറില്ല. മേലുദ്യോഗസ്ഥയായ സുജയുടെ കണ്ണിൽ അയാൾ കരടായി.
ഭരതനാട്യം പഠിപ്പിക്കുന്ന നട്ടുവനെ എന്തോ അയാൾക്ക് ഉൾക്കൊള്ളാനായില്ലാ. ആണും പെണ്ണുമല്ലാത്തവനെപ്പോലുള്ള ഭാവം.പക്ഷേ മോൾക്ക് അയാളെ ഇഷ്ടവും ബഹുമാനവുമായിരുന്നു. അയാളെ പറഞ്ഞുവിടാൻ അവൾ സമ്മതിച്ചില്ലാ.
നഗരത്തിൽത്തന്നെയുള്ള ഫ്ലാറ്റിലാണു സജിതയുടെ താമസം. കോളേജിലെ മലയാളവിഭാഗം പ്രൊഫസർ.
തനയ അടുത്തകാലത്തായി അമ്മയുടെ ഫ്ലാറ്റിൽ പോകാറുണ്ട്. എതിർക്കാറില്ല. അമ്മയ്ക്കും അച്ഛനും തുല്യഅവകാശമാണല്ലോ മക്കളിൽ,
വിവാഹം കഴിഞ്ഞു അഞ്ചു വർഷമായിട്ടും കുഞ്ഞുങ്ങളുണ്ടായില്ല.
അടുപ്പമുള്ള ഡോക്ടർ രേവതിയുടെ അടുത്തെത്തി.. പലതരം ടെസ്റ്റുകൾ
“ബീജകോശത്തിനു ഗർഭപാത്രത്തിലൂടെയോ അണ്ഡവാഹിനിക്കുഴലിലൂടെയോ സഞ്ചരിച്ച് അണ്ഡകോശത്തിനരികിലേക്ക് എത്താൻതക്ക ആരോഗ്യമില്ലാതിരിക്കുമ്പോൾ ഇത് അഭികാമ്യമാണ് നകുലൻ. ചിലയവസരങ്ങളിൽ ബീജകോശത്തിനു അണ്ഡകോശത്തിലേക്ക് ആഴ്ന്നിറങ്ങി ബീജസങ്കലനം നടത്താനുള്ള ശേഷിയില്ലാത്ത അവസ്ഥയുണ്ടാവാം. ബീജകോശങ്ങളുടെ എണ്ണം തീരെ കുറവാകുന്ന വന്ധ്യതകളിലും ഇത്തരം ബീജകോശങ്ങളെ പ്രത്യേകമായ സംവിധാനങ്ങളുടെ സഹായത്തോടെ അണ്ഡകോശത്തിന്റെ കോശദ്രവ്യത്തിനകത്തേക്കു കുത്തിവയ്ക്കുന്ന പ്രക്രിയയും കൃത്രിമനിഷേചനത്തിന്റെ ഭാഗമായി നിലവിലുണ്ട്. അന്തഃകോശദ്രവ്യബീജാധാനം, ആംഗലേയഭാഷയിൽ intracytoplasmic sperm injection അഥവാ ഇക്സി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഈ പദ്ധതി ഇപ്പോൾ സർവ്വസാധാരണമാണ്ശ്രീ.നകുലൻ.”
പുരുഷത്വത്തിനേറ്റ പ്രഹരം. അയാൾ വിഷമിച്ചു.
ഒരു മാസം കഴിഞ്ഞ് വീണ്ടും ഡോക്ക്ടർ രേവതിയുടെ ആശുപത്രിയിൽ.ഓപ്പറേഷൻ തിയേറ്ററിൽ സജിത. പുറത്ത് കാറിൽച്ചാരി നകുലൻ.ചുണ്ടിലെരിയുന്ന വിത്സ്.
“സർ തീപ്പെട്ടി തരുമോ?”
കറുത്തുതടിച്ച കരുത്തനായ ഒരാൾ മുപ്പത്തഞ്ചാകും പ്രായം എന്ന് മനസ്സ്. സി.ഐ.റ്റിയുവിന്റെ നീല ഉടുപ്പാണു വേഷം.അയാൾ സിഗററ്റ് കത്തിച്ച് പുകയൂതി.
“നന്ദി സർ”
“താങ്ക്സ്”
വീക്കിലികളിൽ കഥയെഴുതുന്ന സാറല്ലേ?”
“എങ്ങനെയറിയാം”
ഫോട്ടോ കണ്ടിട്ടുണ്ട്. നല്ല കഥകളാ സർ”
മറുപടി പറഞ്ഞില്ലാ.
“സാറെന്താ ഇവിടെ, ഭാര്യ ലേബർ റൂമിലാണോ?”
“അതെന്താ അങ്ങനെയൊരു ചോദ്യം ?”
“ഏയ് ഒന്നുമില്ല നില്പും ഭാവവുമൊക്കെകക്കണ്ടിട്ടു ചോദിച്ചതാ”
നകുലൻ മറുചോദ്യമെറിഞ്ഞു.
“താങ്കൾ ഇവിടെ…..?”
“ലോഡ് ഇറക്കാനൊന്നും വന്നതല്ല സർ”
“പിന്നെ, രക്തദാനമാണോ ?”
“അല്ലാ”
“പിന്നെ ?”
അയാൾ ചുറ്റുപാടും നൊക്കി.പിന്നെ രഹസ്യമായിപ്പറഞ്ഞു
ചിരിയോടെ അയാൾ പറഞ്ഞതു കേട്ട് നകുലൻ ഞെട്ടി.
“എന്നും ഡൊണേറ്റ് ചെയ്യുമോ”
“ഇല്ല സർ മാസത്തിലൊരിക്കൽ. നല്ല കാശും തരും ഇവിടുത്തെ ഡോക്ടറുടെ ഭർത്താവ് ഡോകടർ പിള്ളസർ”
നകുലൻ നിശ്ശബ്ദനായി. തീപ്പെട്ടി തിരികെ കൊടുത്തിട്ടു് കറുമ്പൻ പോയി
നകുലൻ ആകെ അസ്വസ്ഥനായി. ഇയാളെപ്പോലെ കറുത്ത, വിദ്യാഭ്യാസം കുറഞ്ഞ ഒരുവന്റെ ബീജമാണോ തന്റെ ഭാര്യയ്ക്ക്........??"
“വേണ്ടാ………..!!”
നകുലൻ അറിയാതെ ഉറക്കെ വിളിച്ചു.
ആദ്യത്തെ ഇൻസെമനേഷൻ പരാജയമായപ്പോൾ വീണ്ടും ഒരു തീയതി കുറിച്ചുകൊടുത്ത ഡോക്ടറോടാണു നകുലൻ തറപ്പിച്ചുപറഞ്ഞത്.
സജിതയും ഒന്നു ഞെട്ടി.
“എന്താ സർ?”
ഡോക്ടറുടെ ചോദ്യത്തിന് അയാൾ മറുപടി പറഞ്ഞില്ല.
ആശുപത്രി വിട്ടിറങ്ങി.
യാത്രയുടെ അവസാനത്തിലാണു നകുലൻ ഭാര്യയോട് പറഞ്ഞത്.
“നമുക്കീ പരീക്ഷണം വേണ്ടാ”
“എന്തുകൊണ്ട്?”
“വേണ്ടാ, ഞാൻ ഡോക്ടർ ജയകുമാറുമായി സംസാരിച്ചു. അദ്ദേഹം എന്നെ ചികിത്സിക്കാൻ തയ്യാറാണ്. ആയൂർവേദത്തിലും അലോപ്പതിയിലും ഡിഗ്രിയുള്ള ആളാ. കൌണ്ട് കൂട്ടാനുള്ള ചികിത്സ ഞാൻ തുടങ്ങുന്നു”
അഞ്ചുവർഷത്തെ ഇടവേള
അവരുടെ മോഹങ്ങളെ കുളിരണിയിച്ചുകൊണ്ട് ആ രാജകുമാരി എത്തി.
‘തനയ‘
പ്രദോഷംവരെ അയാൾ കട്ടിലിൽത്തന്നെ കിടന്നു. വിശപ്പുണ്ടായിട്ടും ഒന്നും കഴിക്കാനായില്ല.
മൊബൈൽ ശബ്ദിച്ചു. മറുവശത്ത് രവി.
“നകുലൻ അവർ കേസുമായി മുന്നോട്ടു നീങ്ങുകയാണ്. അമ്മയും മകളും എസ്.പി.യുടെ അടുത്തു പോയിട്ടുണ്ട്.”
“രവീ ഞാൻ രക്ഷപ്പെട്ടോട്ടേ ?”
“എങ്ങോട്ട്, നഗരം വിട്ട് എങ്ങോട്ടും പോകരുതെന്നു ഞാൻപറഞ്ഞതു മറന്നോ?”
“ലോകം വിട്ടുപോയാലോ ?”                                                                                                                   “ലോകം വിട്ടുപോയാലോ ?”
“ഓഹോ,തെറ്റുകാരനാണെന്ന് ഞാൻ ഉറപ്പിച്ചോട്ടേ? ”
“രവീ”
“നീ വിഷമിക്കണ്ടാ .ഞാൻ നേരിട്ടുകാണുകയോ ചാറ്റുചെയ്യുകയോ ആവാം, നിന്റെ ഭാര്യയോട്, ഇന്നുതന്നെ”
ചാറ്റുകൾകണ്ടൂ. അവിചാരിതം. സജിതയുടെ ലാപ്ടോപ്പിൽ. മനഃപൂർവ്വമായിരുന്നില്ലാ. സൈനൌട്ട് ചെയ്യാതെപോകുകയായിരുന്നൂ അവർ, കോളേജിൽ.
നകുലന്റെ ലാപ്പ് പണിമുടക്കിയുമിരുന്നു. അത്യാവശ്യമായി ഒരു മെയിൽ അയയ്ക്കാനുണ്ടു്.
ലാപ്പിന്റെ സ്ക്രീനിൽ തെളിഞ്ഞുവന്ന ചാറ്റുബോക്സിൽ തന്റെ ഭാര്യയുടെ ലൈംഗികത മുറ്റിനില്ക്കുന്ന വാചകങ്ങളും നഗ്നചിത്രങ്ങളും.മറുവശത്ത് ഒരു സീരിയൽനടൻ.ചിത്രങ്ങളിൽ; അയാളും ദിഗംബരൻ.
അയാൾ വീട്ടിൽ വരാറുണ്ടായിരുന്നു. നല്ല കൂട്ടുമായിരുന്നു.
പക്ഷേ; ഇത്തരത്തിലൊരു ബന്ധം!
.
ചാറ്റുകൾ സ്ക്രോൾ ചെയ്ത് വായിക്കണ്ടാ എന്നാണാദ്യം കരുതിയത്.സാധിച്ചില്ലാ.
എല്ലാം വായിച്ചു.
അടക്കാനായില്ലാ പെട്ടെന്നുള്ള ആവേശം.
ലാപ്ടോപ് തറയിലേക്കു വലിച്ചെറിഞ്ഞു. കഷണങ്ങളായി അതു ചിതറി.
“എന്താനാ നിങ്ങൾ എന്റെ സ്വകാര്യതയിലേക്കു കടന്നുകയറിയത് ?”
രാത്രിയായിരുന്നു.അവൾ നിന്നുവിറയ്ക്കുകയായിരുന്നു. അതുവരെ കണ്ടിട്ടില്ലാത്ത ഭാവം.
“നിനക്കതൊക്കെ ഡിലീറ്റ് ചെയ്യാമായിരുന്നില്ലേ?”
“എന്തിന് ? എനിക്കയാളെ ഇഷ്ടമാണു. നിങ്ങളേക്കാളും”
“ഓഹോ,അപ്പോൾ നീ മനഃപൂർവ്വം…….”
“അങ്ങനെയെങ്കിൽ അങ്ങനെ”
സംസാരം കൊടുമുടികൾ കയറി.ഇരുവരും താഴേക്കിറങ്ങാൻ തയ്യാറല്ലായിരുന്നു. വാക്കുകൾ ശരങ്ങളായി.ശരമാരിയിൽ ബന്ധം ശിഥിലമായി.
പിറ്റേന്നു കോളേജിൽ പോയ സജിത തിരികെവന്നില്ല. അയാൾ തിരക്കിയുമില്ല. രാത്രിയിൽ ഫോൺകോൾ അയാളെത്തേടിയെത്തി.
“നമുക്കു പിരിയാം”
അയാൾക്കു പിരിയണമെന്ന് ആഗ്രഹമില്ലായിരുന്നു. തനിക്കു ചൂടുപകർന്നവൾ. തന്റെ ചൂടറിഞ്ഞവൾ. പെട്ടെന്നുള്ള ദേഷ്യത്തിൽ താനങ്ങനെയൊന്നും ചെയ്യുകയോ പറയുകയോ വേണ്ടായിരുന്നു.
എന്നാലും അവൾക്കു ക്ഷമിക്കാമായിരുന്നില്ലേ. മകളെയോർത്തെങ്കിലും ?
പന്ത്രണ്ടു വയസ്സുള്ളപ്പോളാണു മകൾ ഋതുമതിയായത്. രാത്രിയിൽ. അസഹ്യമായ വേദന. സജിതയെ വിളിച്ചു. ഫോണെടുത്തില്ല. മകളെക്കൊണ്ടു വിളിപ്പിച്ചുനോക്കി. ഫോൺ നിശബ്ദം.
അയൽവീട്ടുകാരനായ ജോയിയെ വിളിച്ചു കാര്യം പറഞ്ഞു. അല്ലാതെന്തു ചെയ്യാൻ ! മകൾ പുളയുകയാണ്. ജോയിയുടെ ഭാര്യ മിനി നേഴ്സാണ്.
അവരെത്തി, മുറിയുടെ വാതിലടഞ്ഞു.
കുറേസമയം കഴിഞ്ഞാണു പുറത്തുവന്നത്.
“പെയിൻകില്ലർ ഒരെണ്ണം കൊടുത്തിട്ടുണ്ട്. ഇനി കൊടുക്കണ്ടാ. കുപ്പിയിൽ ചൂടുവെള്ളം എടുത്ത് വയറ്റിൽ അമർത്തിയുരുട്ടിയാൽ മതി. ഗുളികകൾ കൊടുത്തുശീലിപ്പിക്കണ്ടാ…. അല്ലാ സാറേ. മകൾ പെണ്ണായതിന്റെ ചെലവെന്നാ. ആസാദ് ഹോട്ടലിലോ,അതോ സൌത്ത് പാർക്കിലോ ?”
മറുപടിയായി അയാൾ കൈകൂപ്പി.
“ഞാൻ വെറുതേ പറഞ്ഞതാ സർ”
“ചെലവു നടത്താം. ജോയിയേയും
മിനിയേയും ഞാൻ വിളിക്കാം”
അവർ പോയീ.
മനസ്സു വർഷങ്ങൾക്കു പിന്നിലോട്ട് സഞ്ചരിച്ചു. തറവാട്. ചേച്ചി പെണ്ണാണെന്നറിയിച്ച നാൾ. പടിപ്പുരയിലെ കൊച്ചുമുറിയിൽ അവൾ ഒറ്റയ്ക്ക്. കളിക്കാൻ കൂട്ടുവരാത്തതിൽ അനുജന്റെ പരിഭവം. അമ്മ വഴക്കു പറഞ്ഞോടിച്ചെങ്കിലും പിറ്റേനാൾമുതൽ ചേച്ചിക്കായുണ്ടാക്കിയ ഉലുവയും കരുപ്പട്ടിയും തേങ്ങയും വറുത്തമാവുമിട്ടു കുറുക്കിയ ’കിണ്ടൽ’ന്റെ രുചിയും പിന്നെ വറുക്കാത്ത അരിമാവും തേങ്ങയും ശർക്കരയും നല്ലെണ്ണയിൽ കുഴച്ച ‘പച്ചമാവിന്റെ’ രുചിയും നാവിൽ.
പക്ഷേ;
ഇവിടെ ഇപ്പൊൾ ആരാ അതൊക്കെ ഉണ്ടാക്കാൻ !
രാത്രിയിൽ മകൾക്കു വേദനയേറി. അയാൾ ചൂടുവെള്ളം കുപ്പിയിലാക്കി കുഞ്ഞിന്റെ വയറ്റിൽ അമർത്തിയുരുട്ടി.
“വേദന സഹിക്കുന്നില്ലച്ഛാ”
“സഹിക്കണം വാവേ, ഇതൊക്കെ പ്രകൃതിനിയമമാ”
“എന്നാലും അമ്മയെ കിട്ടിയില്ലല്ലോ,ഒന്നുകൂടെ വിളിച്ചു നോക്കട്ടെ”
“വേണ്ടാ മോളേ അമ്മ വരില്ലാ”
ചാലിട്ടൊഴുകിയ,മകളുടെ കണ്ണീർ അയാൾ തുടച്ചു. പിന്നെ പാടി:
“പുലരിത്തുടിപ്പിൻ പുളകം പൂക്കും പൂങ്കവിളിൽ നല്ലൊരുമ്മ
‘ഓമനത്തിങ്കൾക്കിടാവേ’പാടാം ഓമനക്കുട്ടനുറങ്ങു്,
മകരനിലാവിന്റെ കുളിരും തേൻ മാങ്കനിക്കിളുന്തിന്റെ നിറവും
കന്ദർപ്പൻ തോല്ക്കുമുടലും,കാർമേഘം നാണിക്കും മിഴിയും……….”
നീലാംബരിരാഗത്തിന്റെ വശ്യത.
അവൾ അയാളുടെ തോളിൽ ചായുറങ്ങുന്ന കുട്ടിയായി.പുതപ്പെടുത്ത് അവളെപ്പുതപ്പിച്ചു. ഫാനിന്റെ സ്പീഡ് കുറച്ചിട്ടു. ഏ.സി.ഓൺ ചെയ്തു. പുറത്തിറങ്ങി.
സായാഹ്നത്തിലായിരുന്നു തടാകക്കരയിലുള്ള റിസോട്ടിലെ റൂമിന്റെ വാതിൽ തുറന്നു നകുലൻ പുറത്തിറങ്ങിയത്. കൂട്ടുകാരനായ കവി മുറിയിലുണ്ട്. എണീക്കാൻ വയ്യാ, മദ്യസേവ അത്ര രൂക്ഷമായിരുന്നു. നകുലനും മദ്യപിച്ചിരുന്നു,
അവരെ കണ്ടെത്തുമെന്നു കരുതിയില്ലാ.യാദൃച്ഛികതയാണല്ലോ ജീവിതത്തെ നയിക്കുന്നത്. ചിലപ്പോൾ അതു മിത്രമാകും,ശത്രുവും.
കായൽത്തീരത്തിട്ടിരിക്കുന്ന കസേരകളിൽ സജിതയും അവളുടെ കൂടുകാരൻ സീരിയൽനടൻ രുദ്രനും . നകുലനെ ചൂണ്ടിക്കാട്ടി, അവർ എന്തോ അടക്കം പറയുന്നു, ചിരിക്കുന്നു.
കളിയാക്കലായിത്തോന്നി, അവർക്കടുത്തേക്കു നീങ്ങി.
“എന്താടോ ഇത്രയ്ക്കു ചിരിക്കാൻ?”
നകുലന്റെ ചോദ്യം അയാൾക്കിഷ്ടമായില്ലാ. തർക്കമായി. അയാളും അവളും മദ്യപിച്ചിട്ടുണ്ടായിരുന്നു.
മദ്യമാണോ, മനസ്സിൽ വീർപ്പുമുട്ടിനിന്ന അനിഷ്ടമാണോ എന്നറിയില്ലാ; തലങ്ങും വിലങ്ങും രുദ്രനെ മർദ്ദിച്ചു. ഇരുവർക്കുമിടയിലേക്കു കടന്ന സജിതയ്ക്കും തല്ലു കിട്ടി.
“നോക്കിക്കോ താനിതിനനുഭവിക്കും”.അവൾ ഭദ്രയുടെ ഭാവം വെടിഞ്ഞു കാളിയായി..
‘ശ്ശെ, വേണ്ടായിരുന്നു’.
ചിന്തയിൽ കരട്.
സായാഹ്നത്തിൽ വീട്ടിലെത്തിയപ്പൊൾ മകൾ വളരെ സന്തോഷവതിയായിക്കണ്ടു.
“അച്ഛാ ഒന്നിങ്ങോട്ടു വന്നേ”
അവൾ അയാളുടെ കൈയും പിടിച്ചു അവളുടെ മുറിയിലേയ്ക്ക്.
കട്ടിലിൽ നിരത്തിയിട്ടിരിക്കുന്ന ഭരതനാട്യത്തിന്റെ വേഷം. പെട്ടിയിൽ നാട്യത്തിനുള്ള ആഭരണങ്ങൾ
“അമ്മ വാങ്ങിത്തന്നതാ”
അയാൾ നിശ്ശബ്ദനായി.
“എന്താച്ഛാ”
"ഇതൊക്കെ ഞാൻ വാങ്ങിത്തരുമായിരുന്നല്ലോ"
“അമ്മ നിർബ്ബന്ധിച്ചു അച്ഛാ”
അയാൾ ഒന്നു മൂളുകമാത്രം ചെയ്തു.
ജില്ലാതലസ്കൂൾകലോത്സവത്തിനു മോൾക്ക് ഭരതനാട്യത്തിൽ ഒന്നാം സമ്മാനം.
മത്സരം കാണുവാനോ,സമ്മാനം വാങ്ങിക്കുന്നതു കാണുവാനോ സാധിച്ചില്ലാ നകുലന്. നഗരത്തിലൊരിടത്തു ട്രാൻസ്ഫോർമറിനു തീപ്പിടിച്ചു. അതു മാറ്റുന്ന തിരക്കിലായിപ്പോയി. ‘വളരെ താമസിക്കുമെന്നും മോളോട് വിട്ടിൽ പോകാനും കൂടുതൽ ഇരുട്ടുകയാണെങ്കിൽ അയല്പക്കത്തെ മിനിയുടെ വീട്ടിൽ തങ്ങുവാനും വിളിച്ചുപറഞ്ഞു.
അച്ഛൻ മത്സരം കാണുവാൻ വരാത്തതിലെ ദുഃഖം തനയ ഒരു ചെറുകരച്ചിലിലൊതുക്കി.
“മോളേ…..”
അയാളുടെ വിളിയിൽ വേദന നിഴലിച്ചിരുന്നു.
“സാരമില്ലച്ഛാ, അമ്മ വന്നിട്ടുണ്ട്.”
വിചാരിച്ചതിലും നേരത്തേ പണികഴിഞ്ഞു. എട്ടുമണിയോടെ അയാൾ വീട്ടിലെത്തി. രണ്ടു താക്കോലുകളിലൊന്നു മോളുടെ കൈയിലാണ്.
നൂഡിൽസും ചിക്കൻചില്ലിയും തനിക്കിഷ്ടമാണ്. മോൾക്കും പകർന്നുകിട്ടിയിരുന്നു ആ ഇഷ്ടം. രണ്ടു പേർക്കുമുള്ളത് അയാൾ കരുതി.
വെളിച്ചമൊന്നുമില്ല. മോൾ എത്തിയില്ലേ? അവൾ വിളിച്ചതുമില്ലല്ലോ. ഇടയ്ക്കു ഫോൺ ചെയ്യാൻ അയാൾ ശ്രമിച്ചതാണ്. പക്ഷേ; ബാറ്ററിയുടെ ചാർജ്ജ് തീർന്നുപോയി.
കതകു തുറന്നു, അകത്തുകയറി. ഹാളിലെ ലൈറ്റിട്ടു. മിനിയുടെ വീട്ടിലൊന്നു തിരക്കാം. മനസ്സ് പറഞ്ഞെങ്കിലും. ഒരു സംശയം മകളുടെ മുറിയിലേക്കു നടന്നു. കതകു തുറന്നുകിടപ്പുണ്ട്.
ലൈറ്റിട്ടു.
നകുലൻ ഞെട്ടി. ഒന്നേ നോക്കിയുള്ളൂ.
അയാൾ ഹാളിൽ തിരിച്ചുവന്നിരുന്നു.
പെട്ടെന്നു,വളരെ വേഗത്തിൽ, നട്ടുവൻ ശ്രീകുമാർ അയാളുടെ മുന്നിലൂടെ പുറത്തേക്കു പോയി.
“ജാതിയോ മതമോ കാശുള്ളവനോ ഇല്ലാത്തവനോ ആരോ ആയിക്കോട്ടെ, അങ്ങനെയുള്ള ഒരാളെ മോൾക്കു കണ്ടെത്തിക്കൂടായിരുന്നോ. അച്ഛൻ എതിർക്കില്ലായിരുന്നല്ലോ. പ്രായപൂർത്തിയാകുമ്പോൾ വിവാഹംകഴിച്ചുതരുമായിരുന്നല്ലോ. ഈ ആണും പെണ്ണും കെട്ടവനെ…!“
“അതെന്റെ ഇഷ്ടം.അച്ഛനിതിൽ ഇടപെടണ്ടാ. എനിക്കും, എന്റേതായ ചില തീരുമാനങ്ങളുണ്ട്. കാലം ഒരുപാടു മാറിയച്ഛാ”
ഇങ്ങനെ ഒരു മറുപടി അയാൾ ഒരിക്കലും പ്രതീഷിച്ചില്ലാ. സംയമനം പാലിക്കാനുമായില്ലാ.
കൈയിൽ കിട്ടിയത് ടൈൽസ് തുടയ്ക്കുന്ന മോപ്പാണ്. തനയയുടെ തുടയിലാണ് ആഞ്ഞടിച്ചത്. അതിന്റെ സ്റ്റീൽ റാഡുകൊണ്ടു എത്രപ്രാവശ്യം അടിച്ചെന്നറിയില്ലാ. അവളെ തൂക്കിയെടുത്ത് മുറിയിൽ കൊണ്ടുപോയി, കട്ടിലിലെറിഞ്ഞു. കതകു പുറത്തുനിന്നു പൂട്ടി.
രാത്രിയേറെയായി.
കുറ്റബോധം തോന്നി. അലമാരയിൽ സുക്ഷിച്ചിരുന്നുന്ന മദ്യം ആശ്വാസം നല്കുമെന്നു തോന്നി. മൂന്നു പെഗ്ഗ്.
എന്തിനാ താനിങ്ങനെ സ്വാർത്ഥനാകുന്നത്?
“സ്വാർത്ഥതയാണോ”
മനസ്സിന്റെ മന്ത്രണം.
“വേണ്ടിയിരുന്നില്ലാ“
ആത്മഗതം.
“ഏതൊരച്ഛനും സഹിക്കാൻപറ്റാത്തതല്ലേ മകൾ ചെയ്യ്തത്”
മനസ്സിനു മറുപടി കൊടുത്തു.
“പാവം ന്റെ മോൾക്ക് നന്നേ വേദനിച്ചുകാണില്ലേ ? തല്ലണ്ടായിരുന്നു.പറഞ്ഞുമനസ്സിലാക്കിയാൽ പോരായിരുന്നോ?.“
“അടച്ചുവേവിച്ചകറിക്കും അടിച്ചുവളർത്തുന്ന പെണ്ണിനും ഗുണമേറുമെന്നല്ലേ?”
“അതു പഴമൊഴി“
മനസ്സ് തർക്കിക്കാൻ നിന്നില്ലാ
മുറിയ്ക്കു പുറത്തിറങ്ങി. ഡൈനിംഗ് ടേബിളിൽ അയാൾ വാങ്ങിക്കൊണ്ടുവന്ന ആഹാരം രണ്ടു പാത്രങ്ങളിലായി വിളമ്പിവച്ചു.
മകളുടെ മുറി തുറന്നു. ലൈറ്റ് അണഞ്ഞിരുന്നില്ല. പാവം തന്റെ മകൾ ഉറങ്ങുകയാണ്. കട്ടിലിലിരുന്നു.
രാവാട മുകളിലോട്ടുയർത്തി. നീലിച്ചുകിടക്കുന്ന വരകൾ. തന്റെ കൈക്കുറ്റപ്പാട്.അയാൾ മെല്ലേ അവിടെ തഴുകി. മുഖത്തെയ്ക്കു നോക്കി. കണ്ണീർ ചാലിട്ടൊഴുകിയ പാടുകൾ. കവിളിൽ ഉമ്മവയ്ക്കാനാഞ്ഞപ്പോൾ അവൾ തിരിഞ്ഞു, അവളുടെ ചുണ്ടുകളിലായി അയാളുടെ മുത്തം.
അവൾ ചാടിയെണീറ്റു.
“ഓഹോ, ഇതായിരുന്നു ഉദ്ദേശ്യം അല്ലേ? അമ്മ പറയാറുണ്ടായിരുന്നു. ഇന്നും സൂചിപ്പിച്ചിരുന്നു. നിങ്ങളെ വിശ്വസിക്കരുതെന്ന്. മദ്യപാനം, മറ്റു സ്ത്രീകളുമായിട്ടുള്ള ബന്ധം. രാത്രിയിലെ പോൺസൈറ്റുകളിലെ സന്ദർശനം. ഇപ്പോളിതാ......”
“മോളേ !!”
“വേണ്ടാ എനിക്കൊന്നും കേൾക്കണ്ടാ. മകളെ മകളായിട്ടുകാണാനാവില്ലാന്നും, ഭാര്യയായോ കാമുകിയായിയായോ മാത്രമേ നിങ്ങൾക്കു എന്നെ കാണാനാകൂ എന്നു എനിക്കും സംശയം തോന്നിത്തുടങ്ങിയത് അടുത്തകാലത്താണ്. ഇപ്പോൾ ഞാൻ ഉണർന്നില്ലെങ്കിൽ, ഒരു പക്ഷേ....”
“മോളേ തനയാ………..!!!!!!“
“ഇനി എന്നെ തിരക്കണ്ടാ. അച്ഛന്റെയടുത്തു പെണ്മക്കൾ സുരക്ഷിതരല്ലാ എന്നത് എത്ര സത്യം ! ഞാൻ അമ്മയുടെ അടുത്തേക്കു പോകുന്നു; ഇനി എനിക്കച്ഛനില്ലാ“
കൊടുങ്കാറ്റുപോലെ അവൾ പുറത്തേയ്ക്കു പോയി. തടുക്കാനോ മറുപടി പറയാനോ അയാൾക്കായില്ലാ; തളർന്നിരുന്നു.
മൊബൈൽ ശബ്ദിച്ചു. മറുവശത്ത് ഡി.വെ.എസ്.പി രവി.
“നകുലാ നീ വീട്ടിൽത്തന്നെയുണ്ടല്ലോ അല്ലേ?”
"അതേ”
“ഞാൻ നിന്റെ ഭാര്യയുമായി സംസാരിച്ചു, അവർ കേസിൽനിന്നു പിന്തിരിയാൻ തയ്യാറല്ലാന്നു മാത്രമല്ലാ, എസ്.പി.യെക്കണ്ടു പരാതി ബോധിപ്പിക്കുകയും ചെയ്തു. ഞാൻ കുറച്ചകലെയാണ്. ഏതു നിമിഷവും നീ പിടിക്കപ്പെടും. തത്കാലം മാറിനില്ക്കൂ.“
“വേണ്ടാ രവീ.അവർ എത്തിക്കഴിഞ്ഞു എന്നാ തോന്നണേ. വാതിൽ തട്ടുന്നുണ്ട്”
ഫോൺ കട്ടുചെയ്തു. വാതിൽ തുറന്നു. മുന്നിൽ നാലു പോലീസ്സുകാർ
“നകുലൻസാറേ വരണം“
എസ്.പി. യുടെ പരിഹാസസ്വരം
തുടക്കം മാന്യമായിട്ടായിരുന്നു. വിശദമായ ചോദ്യംചെയ്യൽ. താൻ നിരപരാധിയാണെന്നുള്ള യാചന.
എസ് പി. നകുലന്റെ അടുത്തെത്തി.
അയാളുടെ മുഖത്തെ വന്യമായ ഭാവം
ഒരു പോലീസുകാരനോട് അയാൾ ആജ്ഞാപിച്ചതനുസരിച്ചു നകുലന്റെ പാന്റ്സും ജട്ടിയും താഴേക്കൂരി.
തന്റെ കൈയിലിരിക്കുന്ന ചൂരൽകൊണ്ട് എസ്.പി. അയാളുടെ പുരുഷാംഗത്തെ തട്ടിക്കളിച്ചു.
പെട്ടെന്ന്, വളരെപ്പെട്ടെന്ന് ശക്തിയായി ചൂരൽ അവിടെ പതിച്ചു.
നകുലൻ അലറി വിളിച്ചു, തറയിൽ കുഴഞ്ഞുവീണൂ.
കൂടുതൽ ആക്രമണം തുടങ്ങുന്നതിനുമുമ്പേ ഡി എസ്.പി. രവി എത്തി.
“സർ.ഇയാൾ നിരപരാധിയാണ്, മാത്രവുമല്ലാ പീഡിക്കപ്പെട്ടൂ എന്നു പറയുന്ന കുട്ടി ഇതുവരെ നേരിട്ട് പെറ്റിഷൻ തന്നിട്ടുമില്ലാ.”
“അപ്പോൾ കുട്ടിയുടെ അമ്മ കള്ളം പറഞ്ഞെന്നാണോ? ഒരമ്മ അങ്ങനെ കള്ളം പറയുമോ?.....”
“അതിനെക്കുറിച്ച് എനിക്കു സാറിനോടു ചിലതു പറയാനുണ്ട്. ഇദ്ദേഹം അറിയപ്പെടുന്ന ഒരു സാഹിത്യകാരനാണ്.“
“മിസ്റ്റർ രവീന്ദ്രനാഥ്. ഇപ്പോൾ ഇതുപോലുള്ള എഴുത്തുകാരും സിനിമാക്കാരുമൊക്കെയാ പത്രങ്ങൾക്കും റ്റി.വി.വാർത്തകൾക്കും റേറ്റിംഗ് ഉയർത്തുന്നതല്ലേ? കുറേ മന്യന്മാർ……………………..”
എസ്.പിയുടെ സംഭാഷണം നീണ്ടു. ഒക്കെ രവി കേട്ടുനിന്നു. പിന്നെ അയാൾ കൂട്ടുകാരനുവേണ്ടി യാചിച്ചു.
“നകുലൻ തെറ്റുകാരനല്ലാ എന്നാണെന്റെ പക്ഷം. നമുക്കു കുട്ടിയുമായി സംസാരിക്കാം സർ. അപരാധിയാണെങ്കിൽ പോസ്കോ നിയമപ്രകാരം നമുക്കു കോടതിയിൽ ഹാജരാക്കാം. ഞാൻ ഉറപ്പുതരുന്നു.”
ജീപ്പിനു വേഗം.
വശത്ത് തളർന്നിരിക്കുന്ന നകുലൻ വേദനകൊണ്ട് പുളയുകയാണ്, കരയുകയാണ്, ശബ്ദമില്ലാതെ.
രവി അയാളെ ഒന്നു പാളിനോക്കി.
“താൻ കരയണ്ടാ,തത്കാലം നിന്റെ ജീവനെങ്കിലും തിരികെക്കിട്ടിയല്ലോ എന്നോർത്ത് സന്തോഷിക്കുക. എന്റെ മേധാവിയെ എനിക്കു നന്നായിട്ടറിയാം. അയാൾ കൈവച്ചാൽപ്പിന്നെ……………….. അതുകൊണ്ടുതന്നെയാ ഞാൻ അവിടെ പാഞ്ഞെത്തിയത്, അല്ലെങ്കിൽ.........”
“എന്തിനാ നീ വന്നത്. എനിക്കു രക്ഷപ്പെടെണ്ടാ.അവിടെ മരിച്ചുവീണെങ്കിൽ എന്നാ ഞാൻ ആഗ്രഹിച്ചത്…. എനിക്കുമടുത്തൂ ഈ ജീവിതം.“
ചില സ്നേഹം അങ്ങനെയാണ് ആപത്തിൽ കൂടെയുണ്ടാകും എത്ര അകലേനിന്നായാലും ഓടിയെത്തും രക്ഷകനായിട്ട് അതു നിയതിയുടെ നിയോഗം.
വീടെത്തുന്നതുവരെ രവി നകുലനെ ഉപദേശിക്കുകയായിരുന്നു.
യാത്രയ്ക്കിടയിൽ രവി കൂട്ടുകാരനെ നിർബ്ബന്ധിച്ചു. തടുക്കാനാകാതെ അയാൾ ആഹാരം കഴിച്ചു.
വിട്ടിലെത്തിച്ചുതിരിച്ചിറങ്ങുമ്പോൾ രവി ഓർമ്മിപ്പിച്ചു:
“കുറ്റാവാളിയായി, ആത്മഹത്യചെയ്ത് ജീവിതം അവസാനിപ്പിക്കുന്നത് ഭീരുക്കളും മണ്ടന്മാരുമാണ്, നീ ഭീരുവാകരുത്, മണ്ടനും!“
പിന്നീടുള്ള ദിവസങ്ങളിൽ അയാൾ ഓഫീസിൽ പോയില്ലാ. എന്തൊക്കെയോ എഴുതിത്തീർക്കാനുള്ള തത്രപ്പാടിലായിരുന്നു.
തനയയെ ദൂരെയുള്ള സ്കൂളിൽ പഠിപ്പിക്കുവാനുള്ള ആലോചനയിലായി സജിത. കൂട്ടിനു കൂട്ടുകാരനായ രുദ്രനും.
അച്ഛനെതിരെ കേസുകൊടുക്കണമന്നു അമ്മയെപ്പോലെ അയാളും ശക്തമായിട്ടു വാദിച്ചു. മൂന്നാറിലെ ഒരു റസിഡൻഷ്യൽ സ്കൂളിൽ അഡ്മിഷൻ ഏർപ്പാടാക്കി.
പൊട്ടിച്ചിരിച്ചുകൊണ്ടാ സജിത രുദ്രനോട് അതു പറഞ്ഞത്:
“കിട്ടീ നന്നായി കിട്ടീ അയാൾക്ക്. പക്ഷേ ഡി വൈ.എസ്പി. ഇടപെട്ടൂ. അയാളുടെ അടുത്തുപോകാതെ ആദ്യമേതന്നെ നമ്മൾ എസ് പിയെ കാണേണ്ടതായിരുന്നു.ശ്ശെ….., തനയ നേരിട്ടെഴുതിയ പരാതിയോ അല്ലെങ്കിൽ അവൾ നേരിട്ടോ എസ്.പി ഓഫീസിൽ പോയി കാര്യം പറയണമെന്ന് അവിടെയുള്ള എസ്.ഐ രാജീവ് എന്നെ വിളിച്ചുപറഞ്ഞു.“
“താമസിപ്പിക്കണ്ടാ നാളെത്തന്നെ അതു ചെയ്യണം സജിതാ.അയാളെ അങ്ങനെ വിടരുത്”
എല്ലാം കേട്ടുകൊണ്ട് മുറിയിൽ കിടക്കുകയായിരുന്നു തനയ.
ആഘോഷം മദ്യപാനത്തിലേയ്ക്കു വഴിമാറി. ഗ്ലാസ്സുകൾ നിറഞ്ഞു. ഒഴിഞ്ഞു, രണ്ടുപേരുടേയും നാവു കുഴഞ്ഞുതുടങ്ങിയെങ്കിലും സംസാരത്തിൽ നകുലൻ ഇഴയുന്ന സർപ്പമായി.
തനയ അർദ്ധമയക്കത്തിൽ.
അവർ രണ്ടുപേരും അവളുടെ മുറിയിലെത്തി.
രുദ്രൻ അവൾക്കടുത്തിരുന്നു. അവളെ തൊട്ടുണർത്തി
തനയ ഞെട്ടിയെഴുന്നേറ്റൂ‍.
“മോളേ,നാളെ നമുക്ക് എസ്.പി ഓഫീസിൽ പോകണം”
“അമ്മ പരാതി കൊടുത്തതല്ലേ?”
“അതുപോരാ, പ്രതിയുടെ മൊഴി വേണമെന്ന്“
“ശരി നിങ്ങളതു തയാറാക്കിക്കോളൂ.ഞാൻ ഒപ്പിട്ടുതരാം, എന്നാ പുതിയ സ്കൂളിൽ പോകേണ്ടത്?”
“നാളെ ഈവനിംഗിൽ - ഞങ്ങൾ കൂടെ വരുന്നുണ്ട്”
അമ്മ പുറത്തേയ്ക്കു പോയി, ഡ്രാഫ്റ്റ് തയാറാക്കാനുള്ള പേപ്പറെടുക്കാനാകും
പെട്ടെന്നാണു മുറിയിലെ ലൈറ്റ് അണഞ്ഞത്.
തനയ ആക്രമിക്കപ്പെടുന്നു!
അവൾ ഉറക്കെവിളിച്ചു, ബഹളംവച്ചു,
തപ്പിത്തടഞ്ഞു ലൈറ്റിട്ടു.
ചിരിച്ചുകൊണ്ട് മുന്നിൽ രുദ്രൻ!
അവൾ അയാളെ തള്ളിമാറ്റി മുറിയ്ക്കു പുറത്തേയ്ക്ക്.
ഹാളിൽ അമ്മ
“അമ്മേ അയാൾ എന്നെ……”
“സാരമില്ല മോളേ,അച്ഛനാകാമെങ്കിൽ ചെറിയച്ഛനുമായിക്കൂടേ?”
“അമ്മേ………!“
“ബഹളമുണ്ടാക്കണ്ടാ….രുദ്രൻ ഇപ്പോൾ എന്റെ ഭർത്താവാണ്. നിന്റെ അച്ഛനുമല്ലാ. രക്തബന്ധമൊന്നുമില്ലല്ലോ ? നിനക്കു എതിർപ്പില്ലെങ്കിൽ….. മോളേ ഒരു കാര്യം ഞാൻ പറയാൻ വിട്ടുപോയീ. നിനക്കു ആ ശ്രീകുമാറിനെ ഇഷ്ടമാണെങ്കിൽ അടുത്ത വർഷം തന്നെ വിവാഹത്തിനുള്ള ഏർപ്പാടുകൾ അമ്മ ചെയ്യാം”
“ഓഹോ…ഇതൊരു ട്രാപ്പായിരുന്നോ?അമ്മയും ഒരു പെണ്ണുതന്നെയാണോ?”
“അടങ്ങെടീ.നീ ആരെന്നാ നിന്റെ വിചാരം? മര്യാദയെങ്കിൽ അങ്ങനെ....... അല്ലെങ്കിൽ.......”
പ്രതീക്ഷിക്കാതെ പിന്നിലൂടെ വന്ന രുദ്രൻ അവളെ കടന്നുപിടിച്ചു. അവൾ കുതറി. കൈയിൽ കിട്ടയതൊക്കെ അയാളുടെ നേർക്കെറിഞ്ഞു. പിന്നെ വാതിൽ തുറന്ന് പുറത്തേക്കോടി; അവരിരുപർക്കും തടുക്കാനാകുന്നതിനുംമുന്നേ.
കുറ്റകൃത്യങ്ങൾ വളരെയേറുകയാണു നഗരത്തിൽ. പോലീസിന്റെ ജാഗ്രതയില്ലായ്മയിൽ സർക്കാരിനും ജനത്തിനും രോഷം. കവലകൾതോറും സി.സി.റ്റി.വി ക്യാമറകൾ. പക്ഷേ അതൊക്കെ അപ്പപ്പോൾ നിരീക്ഷിക്കാൻ ഉദ്യോഗസ്ഥർ തയാറകുന്നോ?
അതിനൊക്കെ അപവാദമാണു ഡി.എസ്.പി രവീന്ദ്രനാഥ്. ഒരു കുറ്റവാളിയുടെ പിന്നാലെയാണദ്ദേഹം. അതുകൊണ്ടുതന്നെയാവാം അദ്ദേഹം കണ്ട്രോൾറുമിലിരുന്നു സി.സി റ്റി. വി ക്യാമറാദൃശ്യങ്ങൾ നിരീക്ഷിക്കുകയായിരുന്നു.
കടൽത്തീരത്തേയ്ക്കുള്ള പാലത്തിലൂടെ നടന്നുപോകുന്ന പെൺകുട്ടിയുടെ ദൃശ്യം കണ്ണുകളിലുടക്കി. അദ്ദേഹം വാച്ചിൽ നോക്കി. സമയം പതിനൊന്നുമണി അവൾ ഒറ്റയ്ക്കാണ്.
തനയ മുന്നോട്ടു നടക്കുകയാണ്. അവൾ മറ്റൊന്നും ശ്രദ്ധിക്കുന്നില്ലാ. അവളുടെ മുന്നിൽ രവീന്ദ്രനാഥിന്റെ ജീപ്പു ബ്രേക്കിട്ടുനിന്നു.
ജീപ്പിനുള്ളിലിരുന്ന് അവൾ കരഞ്ഞു. ജീപ്പ് മുന്നോട്ടോടുകയാണ്.
കോളിംഗ് ബല്ലിന്റെ ശബ്ദം കേട്ട് നകുലൻ വാതിൽ തുറന്നു.
മുന്നിൽ നില്ക്കുന്ന മകളേയും രവിയേയും കണ്ട് അയാൾ പകച്ചു.
“നകുലാ ….. നിന്റെ മകൾ............. എനിക്കിപ്പോൾ തെരുവിൽനിന്നാ കിട്ടിയത് . ഇനി ഇവളെ തെരുവിലേക്കയയ്ക്കരുത്. ഒരു കുപ്രസിദ്ധമായ കേസിനു പിന്നാലെയാണു ഞാൻ. രാവിലെ വരാം.“
രവി പോയി. മുൻവാതിൽ അടഞ്ഞു.
ചൂടുകാപ്പി അയാൾമകൾക്കു നല്കി. അവളതു മൊത്തിക്കുടിക്കുമ്പോൾ അച്ഛനെത്തന്നെ ശ്രദ്ധിക്കുകയായിരുന്നു. അയാൾ അവളെ ശ്രദ്ധിച്ചതേയില്ലാ.
തന്റെ മുറിയിൽനിന്ന് അയാൾ തനയക്കടുത്തെത്തുമ്പോൾ കൈയിൽ ഒരുകെട്ടുപേപ്പറും ഒരു ഡയറിയും ഒരു ചെറിയ ബാഗുമുണ്ടായിരുന്നു. അയാൾ അവൾക്കഭിമുഖമായിരുന്നു,
“മോളേ ഇതെന്റെ വിൽപത്രം, ഈ വീടും ഇവിടുള്ള സാധനങ്ങളും കാറും ബൈക്കും തറവാട്ടിലുള്ള അഞ്ചേക്കർ പറമ്പും ഒക്കെ ഇനി നിന്റെ പേരിലാണ്. മുൻവാതിലിന്റെ പൂട്ട് ഞാൻ മാറ്റിയിട്ടുണ്ട്. അതിന് ഒറ്റത്താക്കോലെയുള്ളൂ. അത് ഈ ബാഗിലൊണ്ട്; ഞാനൊപ്പിട്ട ചെക്കുകളും. പിന്നെ ജനിച്ചതുമുതലുള്ള ഓരോ വർഷത്തെ വളർച്ചകളുടെ ഫോട്ടോകളും. ഞാൻ പോകുന്നു. മോൾ അകത്തുനിന്നു വാതിൽ പൂട്ടിക്കൊള്ളുക”
അയാൾ എല്ലാം അയാൾക്കു കൈമാറി.
“എവിടെ പോകുന്നു അച്ഛൻ?”
“ആ വിളിക്കു ഞാൻ യോഗ്യനല്ലല്ലോ മകളേ, അതുകൊണ്ടുതന്നെ ഇനിയിവിടെ നില്ക്കെണ്ടതുമില്ലല്ലോ. മോൾക്ക് അമ്മ കാവലുണ്ടാകും- ഒരു കാര്യം ചെയ്യാൻ അച്ഛനെ അനുവദിക്കണം”
അയാൾ പെട്ടെന്ന് അവളുടെ കാലിൽ തൊട്ടു.
“മാപ്പ്, എല്ലാറ്റിനും മാപ്പ് !”
അവൾ പിന്നിലേക്കു മാറി. നിമിഷാർദ്ധം..........
അയാൾ വാതിൽ ലക്ഷ്യമാക്കി നടന്നു.
“അച്ഛാ.............”
പിൻവിളി.
“എല്ലാ ഫോട്ടോകളും ഈ ബാഗിലുണ്ടോ? എന്നെ ദത്തെടുത്ത ആശുപത്രിയുടെ ഫോട്ടോയും”
അയാൾ ഞെട്ടിത്തിരിഞ്ഞു.
കൈയിലിരുന്നതെല്ലാം വലിച്ചറിഞ്ഞ അവൾ നകുലന്റെ അടുത്തേക്കോടിയെത്തി കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു.
“മോൾ കരയരുത്. അച്ഛനു മക്കൾ വാഴില്ലാ. മക്കളുമുണ്ടാകില്ലാ. അറിവായകാലംമുതലുള്ള ആഗ്രഹമായിരുന്നു. ഒരു മകളെ വളർത്തണമെന്നും താലോലിക്കണമെന്നും. പക്ഷേ…………………….. വിധി അച്ഛനെതിരാ മോളേ…. അച്ഛൻ പോയിക്കോട്ടേ ?”
“പോയിക്കോളൂ; ഒരപേക്ഷമാത്രം”
അയാൾ സംശയഭാവത്തോടെ അവളെ നോക്കി.
തനയ നകുലന്റെ കൈകളില്പിടിച്ചു തന്റെ കിടപ്പുമുറിയിലേയ്ക്കു നടന്നു.
അച്ഛനെ കട്ടിലിൽ കിടത്തി. പിന്നെ അയാൾക്കടുത്തിരുന്നു. അവൾ അവളുടെ മുഖം അയാളുടെ നെഞ്ചിൽ ചേർത്തു.
“അറിവായകാലം മുതൽ ഞാൻ കേൾകുന്ന ഒരു പാട്ടുണ്ടല്ലോ. നീലാംബരീരാഗത്തിലുള്ള അച്ഛന്റെ താരാട്ട്. അതച്ഛൻ ഇന്നെനിക്കായി പാടണം. അതുകേട്ട് എനിക്കിന്നുറങ്ങണം. ഞാൻ ഉറങ്ങിക്കഴിയുമ്പോൾ അച്ഛനു പോകാം,എവിടെവേണമെങ്കിലും”
അവളുടെ നിറുകയിൽ തലോടുക്കൊണ്ട് അയാൾ പാടി…..
“പുലരിത്തുടിപ്പിൻ പുളകം പൂക്കും പൂങ്കവിളിൽ നല്ലൊരുമ്മ,‘ഓമനത്തിങ്കൾക്കിടാവേ’പാടാം ഓമനക്കുട്ടനുറങ്ങു്,“
അവളുടെ മിഴികൾ നിറഞ്ഞൊരുകി. അതയാളുടെ നെഞ്ചിൽ തടാകമായി. നനവിന്റെ കുളിരിൽ അയാളുടെ കണ്ണുകൾ മഴക്കാറുരുണ്ടുകൂടി; അതു പെയ്തു. കവിളികളിൽ ധാരയായി ഒഴുകിയെത്തിയ കണ്ണീർനദികൾ അവളുടെ ശിരസ്സിൽ പതിച്ചു.
^^^^^^^^^^^^^^^
(ചന്തുനായർ)
.^^^^^^^^^^^^^^

3 comments:

 1. ശരിക്കും മനസ്സിൽ തട്ടി ...
  തനയയും , നകുലനുമൊക്കെ തനി ജീവനുള്ള കഥപാർട്രങ്ങൾ തന്നെ

  ReplyDelete
 2. വളരെ സന്തോഷം വായനയ്ക്കും അഭിപ്രായത്തിനും

  ReplyDelete
 3. ഹൃദയസ്പര്‍ശിയായ കഥ
  വായനാസുഖം അനുഭവവേദ്യമാകുന്ന അവതരണം
  ആശംസകള്‍ ചന്തു സാര്‍

  ReplyDelete