നാടൻപാട്ടിന്റെ മടിശീലക്കിലുക്കം (ഭാഗം -1)
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^ അതാത് നാട്ടുഭാഷയുടേയും സാഹിത്യത്തിന്റേയും പ്രകൃത്യാലുള്ള ശുദ്ധിയും കാവ്യഭംഗിയും പ്രസരിക്കുന്ന തനതു സംഗീതരൂപങ്ങളാണ് നാടൻപാട്ടുകൾ. ഭാഷയുടേയും സാഹിത്യ ത്തിന്റേയും എന്നതിലുപരി, ഇവ സംസ്കാരത്തിന്റെ കൂടി ചിഹ്നങ്ങളാകുന്നു. ഒന്നിലധികം ആളുകൾ ചേർന്ന് രചിച്ചവയോ, പല കാലഘട്ടങ്ങളിലൂടെ പരിണാമം നടന്നു കൊണ്ടിരുന്നതോ ആണ് മിക്ക നാടൻ പാട്ടുകളും. ഉപരിവർഗ്ഗത്തിന്റെ കർശനമായ വ്യാകരണ സംഹിതകളിലും ഛന്ദശ്ശാസ്ത്രനിയമങ്ങളിലും ഒതുങ്ങിക്കിടക്കാതെ, മിക്കവാറും സർവ്വ തന്ത്രസ്വതന്ത്രമായി രൂപപ്പെട്ടുവന്ന ഇത്തരം പാട്ടുസംസ്കാരം ജനസാമാന്യത്തിന്റെ നിത്യവൃത്തിയും പ്രകൃതിയുമായി നിലനിന്നിരുന്ന ഗാഢമായ ബന്ധത്തേയും ചൂണ്ടിക്കാണിക്കുന്ന ഏറ്റവും നല്ല ചരിത്രപഠനസാമഗ്രികൾ കൂടിയാണു്.ചരിത്രാതീതകാലം മുതൽ കേരളദേശത്ത് ക്രമേണ ഉരുത്തിരിഞ്ഞുവന്ന നാടൻപാട്ടുസംസ്കാരത്തെക്കുറിച്ചാണു് ഈ ലേഖനമെങ്കിലും ഞാൻ ചില നാടൻപാട്ടുകളിലൂടെയാണ് ഇതിന്റെ സഞ്ചാരവഴി തിരഞ്ഞെടുക്കുന്നത്. പലനാടൻ പാട്ടുകളും പല ന്യത്തരൂപങ്ങളുടേയും പിൻപാട്ടുകളുമാണ്. തെയ്യം, തിറ, പടയണി,കോൽക്കളി,കുംഭക്കളി,കുമ്മാട്ടിക്കളി,കാക്കാരിശ്ശി നാടകം,ചവിട്ട് നാടകം, പുള്ളുവൻപാട്ട് ,കൃഷിപ്പാട്ട്,സർപ്പപ്പാട്ട്,യാത്രക്കളിപ്പാട്ട്, തുയിലുണർത്തുപാട്ട്, ഭദ്രകാളിപ്പാട്ട്,കുത്തിയോട്ടപ്പാട്ട്, ബ്രാഹ്മണിപ്പാട്ട്, വിനോദപ്പാട്ട്, ചാറ്റുപാട്ട്, അരവുപാട്ട്,സങ്കടപ്പാട്ട്, ഓണപ്പാട്ട്,ഇങ്ങനെ പല പേരുകളിലായി ഇവ് അറിയപ്പെടുകയും ചെയ്യുന്നു.
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^ അതാത് നാട്ടുഭാഷയുടേയും സാഹിത്യത്തിന്റേയും പ്രകൃത്യാലുള്ള ശുദ്ധിയും കാവ്യഭംഗിയും പ്രസരിക്കുന്ന തനതു സംഗീതരൂപങ്ങളാണ് നാടൻപാട്ടുകൾ. ഭാഷയുടേയും സാഹിത്യ ത്തിന്റേയും എന്നതിലുപരി, ഇവ സംസ്കാരത്തിന്റെ കൂടി ചിഹ്നങ്ങളാകുന്നു. ഒന്നിലധികം ആളുകൾ ചേർന്ന് രചിച്ചവയോ, പല കാലഘട്ടങ്ങളിലൂടെ പരിണാമം നടന്നു കൊണ്ടിരുന്നതോ ആണ് മിക്ക നാടൻ പാട്ടുകളും. ഉപരിവർഗ്ഗത്തിന്റെ കർശനമായ വ്യാകരണ സംഹിതകളിലും ഛന്ദശ്ശാസ്ത്രനിയമങ്ങളിലും ഒതുങ്ങിക്കിടക്കാതെ, മിക്കവാറും സർവ്വ തന്ത്രസ്വതന്ത്രമായി രൂപപ്പെട്ടുവന്ന ഇത്തരം പാട്ടുസംസ്കാരം ജനസാമാന്യത്തിന്റെ നിത്യവൃത്തിയും പ്രകൃതിയുമായി നിലനിന്നിരുന്ന ഗാഢമായ ബന്ധത്തേയും ചൂണ്ടിക്കാണിക്കുന്ന ഏറ്റവും നല്ല ചരിത്രപഠനസാമഗ്രികൾ കൂടിയാണു്.ചരിത്രാതീതകാലം മുതൽ കേരളദേശത്ത് ക്രമേണ ഉരുത്തിരിഞ്ഞുവന്ന നാടൻപാട്ടുസംസ്കാരത്തെക്കുറിച്ചാണു് ഈ ലേഖനമെങ്കിലും ഞാൻ ചില നാടൻപാട്ടുകളിലൂടെയാണ് ഇതിന്റെ സഞ്ചാരവഴി തിരഞ്ഞെടുക്കുന്നത്. പലനാടൻ പാട്ടുകളും പല ന്യത്തരൂപങ്ങളുടേയും പിൻപാട്ടുകളുമാണ്. തെയ്യം, തിറ, പടയണി,കോൽക്കളി,കുംഭക്കളി,കുമ്മാട്ടിക്കളി,കാക്കാരിശ്ശി നാടകം,ചവിട്ട് നാടകം, പുള്ളുവൻപാട്ട് ,കൃഷിപ്പാട്ട്,സർപ്പപ്പാട്ട്,യാത്രക്കളിപ്പാട്ട്, തുയിലുണർത്തുപാട്ട്, ഭദ്രകാളിപ്പാട്ട്,കുത്തിയോട്ടപ്പാട്ട്, ബ്രാഹ്മണിപ്പാട്ട്, വിനോദപ്പാട്ട്, ചാറ്റുപാട്ട്, അരവുപാട്ട്,സങ്കടപ്പാട്ട്, ഓണപ്പാട്ട്,ഇങ്ങനെ പല പേരുകളിലായി ഇവ് അറിയപ്പെടുകയും ചെയ്യുന്നു.
“ത്യത്താവും കരിന്തുളസിയും”.ഇതിൽ അധികം ഗ്രാമ്യപദങ്ങളില്ലാ. തിശ്രതാളത്തിലാണ് സാധാരണ ഈ പാട്ട് പാടുക. (തക്കിട്ട,തക്കിട്ട,തക്കിട്ട,തക്കിട്ട) താളങ്ങളെക്കുറിച്ച് ആധികാരികമായിട്ടുള്ള അറിവ് പലർക്കും ഉണ്ടാകും എന്ന് കരുതുന്നു.അറിയാത്തവർ ചൂണ്ടിക്കാണിച്ചാൽ ഞാൻ അതും വിശദീകരിച്ച് തരാം…….. (വിനോദപ്പാട്ട് എന്ന ഗണത്തിലാണ് ഈ പാട്ടിനെ ഉൾപ്പെടുത്തിയിരിക്കുന്നത്)ത്യത്താവും കരിന്തുളസിയും.
*****************************വളരുന്നങ്ങനെ വളരുന്നങ്ങിനെ
നടുമുറ്റത്തൊരു ത്യത്താവ്;
വിലസുന്നങ്ങനെ വിലസുന്നങ്ങനെ
തിരുമുറ്റത്ത് കരിന്തുളസി,
കുട്ടികളാടിപ്പാടീടുമ്പോൾ
ത്യത്താവിന്നൊരു ചാഞ്ചാട്ടം;
ശാന്തിക്കാരൻ വെള്ളം പാരുമ്പം
ചാഞ്ഞുലയുന്നു കരിന്തുളസി
വെള്ളം വീണു കനത്തീടുമ്പോൾ
താഴ്ത്തുന്നൂ തല ത്യത്താവ്,
തീർത്ഥച്ചാലിലെ നീരേല്ക്കുമ്പം
തല ചായ്ക്കുന്നൂ കരിന്തുളസി;
കല്യാണപ്പന്തലിൽ നാണിച്ച്നില്ക്കും
കന്യകയല്ലോ ത്യത്താവ്’
നോമ്പും നോറ്റുവലം വച്ചീടും
ആത്തോലല്ലോ കരിന്തുളസി;
പെറ്റ്കിടക്കും കുഞ്ഞിപ്പെണ്ണിന്
ഈറ്റ് മരുന്നായ് ത്യത്താവ്,
ദ്വാദശിനാളിൽ പൂജക്കുള്ളൊരു
പൂദളമായീ കരിന്തുളസി
======================ത്യത്താവെന്നും,കരിന്തുളസിയെന്നും ഒരേ ചെടിയുടെ തന്നെ രണ്ട് പേരുകളാണ്.ഉപയോഗം കൊണ്ട് ആ പേരുകളിലെ പ്രത്യേകതയെ മനോഹരമായി ആവിഷ്ക്കരിച്ചിരിക്കുകയാ ണിവിടെ.മുമ്പൊക്കെ ,പ്രസവിച്ച് കിടക്കുന്ന സ്ത്രീകൾക്ക് ആദ്യമായി നല്കുന്ന ഔഷധം കരിന്തുളസിയിലയും,കുരുമുളകും ചേർത്തരച്ചതായിരിക്കും; അപ്പോൾ അതിനെ ത്യത്താവെന്നേ പറയാറുള്ളു.പൂജക്കുപയോഗിക്കുമ്പോൾ അതിനെ തുളസി എന്നേ പറയാവു. തുളസിയുടെ രണ്ട് വ്യത്യസ്തഭാവങ്ങളെയാണ് ഈ ചെറിയപാട്ടിൽ വർണ്ണിച്ചിരിക്കുന്നത്. സ്ഥാനഭേദം നിമിത്തമുണ്ടാകുന്ന അവസ്ഥയേയും, മരുന്നായും, പൂജാപുഷ്പമായും ഉപയോഗിക്കുമ്പോഴുള്ള വിളിപ്പേരിന്റെ സാംഗത്യവും സരസമായി വർണ്ണിച്ചിരിക്കുന്ന ഈ പാട്ടിൽ വ്യത്തവും അലങ്കാരവും ഒക്കെ ദർശിക്കാമെങ്കിലും,അതിനെക്കാളുപരി താളനിബദ്ധമായ ഒരു രചനയായിക്കാണാനാണ് എനിക്കിഷ്ടം. (തുടരും)
$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$
നാടൻപാട്ടിന്റെ മടിശീലക്കിലുക്കം (ഭാഗം – 2)
**********************************************
വേഷ, രൂപ, ഭാവങ്ങളനുസരിച്ച് നാടൻ പാട്ടുകളെ, പാട്ട് (Song) എന്നും കഥപ്പാട്ടെന്നും (Ballad)വിഭജിക്കാവുന്നതാണ്. അത്തരത്തിലുള്ള ഒരു കഥപ്പാട്ടാണ് ഇവിടെ അവതരിപ്പിക്കുന്നത്. കർശനമായ വ്യാകരണ സംഹിതകളിലും ഛന്ദശ്ശാസ്ത്രനിയമങ്ങളിലും ഒതുങ്ങിക്കിടക്കാതെ, സർവ്വ തന്ത്രസ്വതന്ത്രമായി രൂപപ്പെട്ട് വന്നതാണ് ഈ നാടോടിപ്പാട്ടും.ഇത് ഞാൻ അവതരിപ്പിക്കുന്നത്;നാടൻ പാട്ടെഴുതുന്നവർക്ക്,കുറേ നല്ല ഗ്രാമ്യ പദങ്ങളും കൂടി മനസ്സിലാക്കുവാൻ വേണ്ടിയാണ്. ഉദ്ദേശലക്ഷ്യം അതായത് കൊണ്ടും,പാട്ടിന്റെ ദൈർഘ്യം കൂടുതലായതുകൊണ്ടും മറ്റു വിവരണങ്ങൾ അടുത്ത ലക്കത്തിൽ.
നീലിയമ്മത്തോറ്റം 1 (പാട്ട്)
*****************************
നീലിമലയിലെ കുഞ്ഞിക്കാളീ
ചാത്തൻപുലയന്റെയോള്(2) കാളീ
അന്തിക്കരിക്കാടി(3)ബെളമ്പീകാളി
അന്തിക്കരിക്കാടി മോന്തീ ചാത്തൻ;
കപ്പൽ മുളകും ചെറുനാരോച്ചപ്പും
ഉപ്പും പൂളീംകൂട്ട്യ ശമ്മന്തിയും,
ശമ്മന്തി സാദോടെ (4) നക്കിചാപ്പൻ,
അന്തിത്തെളിയും (5)കുടിച്ചു കാളി;
ചാത്തനെക്കണ്ട് വെറച്ച് കാളീ
ശെമയോടെ (6) വെറ്റില ചവക്കും ചാത്തന്
തുമ്മാൻ(7) ചവക്കാനൊരിമ്പമില്ലാ!
കണ്ണ്കലങ്ങി മൊകറ് കറുത്ത്
ഇന്നെന്റെ പൊലയന് എന്ത് പറ്റ്യേ
ചാത്തന്റെ ചിന്താപരോശം (8) കണ്ട്
കാളീരെയുള്ളാകെ വെന്ത്പോയീ;
എന്തൊരിരിപ്പാണിന്നെന്തേ പറ്റ്യേ
ഉള്ളത് പോലെ പറയെന്നോട്;
ചാത്തന്റെ പെഞ്ചാനി (9) കുഞ്ഞിക്കാളി
ചോദിച്ച വാക്കിനു പോരമായി, (10)
കണ്ണ്തൊടച്ച് കരള് വിറച്ച്
ചൊന്നല്ലോ ചാത്ത്നും നൊമ്പലൊടെ;
“നീലിമലയിലെ കുഞ്ഞ് നീലീ
നമ്മളെയോമന കുഞ്ഞ് നീലി,
മലമേലെത്തേവരെത്തേവിച്ചിറ്റ്
കന്നീലും കടശീലും (11) പെറന്ന മോള്
നാല് തറയിലും പള്ള്യറേലും
നേർച്ച കയ്പിച്ച് പെറന്ന മോള്
അങ്ങനെയുണ്ടായ പൂങ്കനിക്ക്
‘പെലതീണ്ട് (12)പൊലുമേ കുഞ്ഞിക്കാളീ;
നാല് തറക്കാര് തമ്പ്രാക്കന്മാര്
നാളേക്ക് കാവില് കൂട്ടം കൂടും
നാളെ ഞാൻ പത്തരനായികക്ക്
നീലീനേം കൊണ്ടാടെ ചെല്ലണം പോൽ,
ജാതിവയക്കിന് കാത്തറമ്മൽ (13)
ഞാനന്റെ നീലിയെക്കൊല്ലണം പോൽ,
കാവിലെ തേവർക്ക് കുരുതിയാക്കാൻ
ഞാനെന്റെ നീലീനെകൊത്തണം പൊൽ”
ചാത്തന്റെ പയ്യാരം(14)കേട്ടനേരം
കരയ്ന്ന്,വിളിക്കിന്ന് കുഞ്ഞിക്കാളീ,
നെഞ്ഞത്തടിച്ച് കരഞ്ഞ് കാളി
അന്തിയുറങ്ങീല കാളിയന്നു,
ചാത്തനും കാളിക്കും പോതക്കേട്
പോതമുണർന്നില്ലന്നന്തിയില്;
ചീതക്കാറ്റാടീ ചീവീട് പാടി
ചാളക്കുടീന്റെ മിറ്റത്ത്ന്ന്;
കൊറ്റി,(15)യുതിച്ച് പൊന്ത്യത് കണ്ട്
തൊട്ട് വിളിച്ചൂ നീലിനെചാത്തൻ.
“കാവില് പോരെന്തെ പൊന്ന് നീല്യേ
കാവിലെ തേവർക്ക് നേർച്ചയുണ്ടേ,
ചാലില് (!6)പ്പോയിക്കുളിച്ച് വാടീ”
തന്തപ്പുലയന്റെ വാക്ക് കേട്ട്
ചിന്തവെടിഞ്ഞ് നടന്ന് നീലി,
ചോലയിൽ ചെന്ന് നീരാടിനീലി
കോടിപ്പുടവയുടുത്തു നീലി
തന്തയാൻ ചൊന്നത്പോലെയൊക്കെ
സന്തോഷത്തോടങ്ങ് ചെയ്ത് നീലി.
കാളിപുലർച്ചക്കുളിരിൽ മെല്ലെ
കൺകുയ്യെച്ചിമ്മിമയങ്ങിപ്പോയി
നീലീനെ കാളിയറയുമ്മുമ്പ്(17)
കാവിലെത്തിക്കാനുറച്ച് ചാത്തൻ
ചാത്തനെ കണ്ണ് നെറഞ്ഞ്പോയി
ചൂടുള്ളചെഞ്ചോരക്കണ്ണീരാലേ;
തൊണ്ടയടഞ്ഞ് പറഞ്ഞു ചാത്തൻ
“വേഗം നടമോളെ,നേരമ്പാടായ് (18)
കത്ത്യാള് (19)കൈയിലെടുത്തോനീയും
വഴി കുറെ തെളിയിക്കാനുണ്ടെ, നീലീ”
നീലിയും ചാത്തനും കാവിലെത്തി
പത്തരനാഴിക നേരമായി,
നാല് തറക്കാറ് നായമ്മാറും
തമ്പ്രാനുമാൾക്കാരും കാവിലെത്തി,
തൊണയറ്റമാനെപ്പോൽ നീലി വന്നു
ബലിക്കല്ല്മ്മേലെ തലചെരിച്ചൂ
ഏങ്ങലടിച്ച് കൊടുവാളേന്തി
നാല് നാട് വാഴുന്ന തെയ്വങ്ങളെ
ഉള്ളാലെ നന്നായി നിരീച്ച് ചാത്തൻ
നീലിരെ കഴുത്തിന് ആഞ്ഞുവെട്ടി
അതിശയമെന്ത് പറഞ്ഞിടേണ്ടൂ
നീലിയൊര് കരിങ്കൽപ്പിരതിമയായ് (20)
പോതംകെട്ട് ചാത്തൻ വീണ് പോയീ
കൊടുവാള് മാനത്ത് പറന്ന് പോയീ;
നാല് തറക്കാര് നായന്മാർക്കും
നാട്പാലിക്കുന്ന തമ്പിരാനും,
നാവും നടയുമടങ്ങിപ്പോയീ
നാട്ടാർക്കും തൈരിയംകെട്ട് പോയി;
അപ്പോളതിശയം പിന്നൊന്നുണ്ടായ്
ആകാശത്ത്ന്നോരു വാക്ക്കേൾക്കായ്,
‘എന്നെപുലയാട്ട് പറഞ്ഞ് കൊല്ലാൻ
ഇന്ന് പിറന്നോരീമന്നിലില്ലാ
എന്നെയറിഞ്ഞോയിന്നാള് തൊട്ട്
നീലമലവാഴും നീല്യമ്മയാ
അച്ചേലിലുള്ളൊര് (21)നീലിയമ്മ
നമ്മൾക്ക് നന്മവരുത്തിടട്ടേ!
നീലമലവാഴും നീലിയമ്മ
നമ്മളെ എന്നെന്നും കാത്തിടട്ടെ!
*************************************
1,സ്തോത്രം എന്നതിന്റെ തൽഭാവമാണെന്നും,അവതാരം,അവതാരകഥ എന്നീ അർത്ഥമുള്ള തനിച്ച മലയാളവാക്കാണെന്നും,ഉദയം,തോന്നൽ,പ്രദർശനം,താരാട്ട് പാട്ട്,നിർമ്മാണം, എന്നീ അർത്ഥങ്ങൾ തോറ്റം എന്ന വാക്കിനുണ്ടെന്നും ആണ് പണ്ഡിതാഭിപ്രായം,ഗുണ്ടർട്ട് നിഘണ്ടുവിൽ അങ്ങനെ പറയുന്നുമുണ്ട്. ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലയിൽ, , സ്തോത്രം, ഭദ്രകാളിയെക്കുറിച്ചുള്ള ഒരു പാട്ട്(തോറ്റമ്പാട്ട്), തോന്നൽ,വിചാരം,പൊറുപ്പിക്കൽ, സൌഖ്യം, പുറപ്പെടുവിക്കൽ, കാഴ്ച പ്രകാശം, എന്നിങ്ങനെയൊക്കെയാണ് പറഞ്ഞിരിക്കുന്നത്. ഇവിടെ അവതാരകഥ എന്നതാണ് യോജിച്ച അർത്ഥം(സ്തുതി എന്ന അർത്ഥവും സ്ത്രോത്രത്തിന് നല്കാം,രണ്ടും ഈ പാട്ടിന് യോജിച്ചവ തന്നെ).2,ഓള് ,അവൾ എന്നതിന്റെ ചുരുക്കം,വടക്കേ മലബാറിൽ പരക്കെ ഭാര്യ എന്ന അർത്ഥത്തിലും ഉപയോഗിക്കുന്നു.ഭർത്താവിനു –/പുരുവൻ എന്നും പറയുന്നു.3, അത്താഴം,കഞ്ഞി, 4സ്വാദ്,രുചി, 5,അത്താഴകഞ്ഞി,കഞ്ഞിവെള്ളം എന്നും, 6,ക്ഷമ, 7,പാരവശ്യം,-ക്ഷീണം,8,ഭാര്യ,9,ആദ്യത്തേയും അവസാനത്തേതുമായി,(ഒറ്റമോൾ) 10,പകരമായി,11 വ്യഭിചാര ദോഷം,12കൂട്ടി അവിടെ,(ആടെ,ഈടെ എന്ന് സാധാരണ പ്രയോഗം,13,കാവിലെ കൽത്തറയ്ക്ക് മുന്നിൽ.14,നൊമ്പരം,സങ്കടത്തോടുകൂടിയവാക്കുകൾ.15, ശുക്ര നക്ഷത്രം,16,നീർ നിറഞ്ഞ തോട്,17,അറിയും മുൻപ്,18,നേരം വൈകി,19,കൊടുവാൾ, 20കരിങ്കൽ പ്രതിമ(വിഗ്രഹം) 21,അമ്മാതിരിയിൽ
നീലിയമ്മ --- വടക്കേ മലബാറിൽ പണ്ട് തൊട്ട് തന്നെ ആരാധിക്കപ്പെടുന്ന ഗിരി ദേവതയാണ് നീലിയമ്മ.(കാട്ടുജാതിക്കിടയിലെ പ്രീയപ്പെട്ട ദൈവം) വ്യഭിചാരദോഷം ചുമത്തപ്പെട്ട സാധ്വിയായപുലയകന്യക തന്റെ സത്യാവസ്ഥയെ തെളിയിച്ച് മരിച്ചതിൽ പിന്നെ ആരാധ്യയായ ദേവതയായി മാറുന്നതാണ് ഈ പാട്ടിന്റെ ഇതിവ്യത്തം.ഈ കഥയെപ്പോലെ മറ്റു പുരാവ്യത്തങ്ങളും മുൻ കാലങ്ങളിൽ പ്രചരിച്ചിട്ടുണ്ട്. നീലി ഒരു നായർ യുവാവിനെ പ്രണയിച്ചതിൽ കലിപൂണ്ട നായർ പ്രമാണികൾ, പുലതീണ്ടൽ നടത്തി നീലിയെ കൊല്ലാൻ തന്ത്രങ്ങൾ പണിയുന്നതും അവസാനം കന്യകയായ നീലി ഒരു ശിലയായ് ചമഞ്ഞ് നാട്ടുകാർക്ക് ആരാധനാപാത്രമാകുന്ന മറ്റൊരു പാട്ടും ഈ ലേഖകൻ വായിച്ചിട്ടുണ്ട്, പാടി കേട്ടിട്ടുമുണ്ട്.സവർണ്ണ മേധാവിത്ത്വത്തിനെതിരെ അവർണ്ണർ ഉണ്ടാക്കിയ കഥയാണെന്ന് പറഞ്ഞ് കേട്ടിരുന്നെങ്കിലും, ഇപ്പോൾ എല്ലാ ആൾക്കാരും നീലിയമ്മയെ ആരാധിക്കുന്നു.നീലിയമ്മയുടെ ആരാധനാസ്ഥാനങ്ങൾക്ക് നീലിയാർവട്ടം,നീലിയാർക്കോട്ടം എന്നൊക്കെ പേരുകളുണ്ട്. നീലിയമ്മയ്ക്ക് പ്രീയകരമായ വഴിപാടാണ് “പടികം ഒഴിപ്പിക്കൽ.കളിമണ്ണ് കൊണ്ടുണ്ടാക്കി,ചായം പൂശിയിട്ടുള്ള,കിടക്കുന്ന കുട്ടിയുടെ മൺകോലമാണ് പടികം.സന്താനാങ്ങൾ പിറക്കാനുള്ള നേർച്ചക്കായും, ഭൂതാവേശം,അപസ്മാരബാധ മുതലായ,കുട്ടികൾക്കുള്ള രോഗങ്ങൾക്ക് പരിഹാരമായിട്ടാണ് പടികം അർപ്പിക്കുന്നത്… ഈ പാട്ട് ആദി താളത്തിലും,തിശ്രനടയിലും പാടിക്കേട്ടിട്ടുണ്ട്.,ചില സ്ഥലങ്ങളിൽ അയ്യടി താളത്തിലും,പക്ഷേ അയ്യടി താളത്തിൽ ഈ പാട്ട് പാടാൻ ബുദ്ധിമുട്ടുണ്ട്,ഇടയ്ക്ക്നിറുത്തലില്ലാതെ , ഒരേ താളത്തിൽ പാടേണ്ടി വരും. (തുടരും)
************************************************************************
നാടൻപാട്ടിന്റെ മടിശീലക്കിലുക്കം (ഭാഗം – 3)
**********************************************
ദൈവാരാധനാക്രമങ്ങൾ.കാർഷികചര്യകൾ.പൊതുജനാരോഗ്യാവസ്ഥ, യുദ്ധങ്ങളും കലാപങ്ങളും,കുടുംബങ്ങളിലേയും ,കൂട്ടായ്മകളിലേയും ആഘോഷങ്ങൾ,ഉത്സവങ്ങൾ ഐതീഹ്യങ്ങൾ,ചരിത്രങ്ങൾ, വീരകഥാപാത്രങ്ങൾ തുടങ്ങിയവയൊക്കെ വിഷയങ്ങളാകുന്ന ,വിശാലമായ വൈവിദ്ധ്യ ശേഖരം നാടൻ പാട്ടുകളിൽ കാണാം.. പുതിയ എഴുത്തുകാരുടെ ഹൈക്കൂ കവിതകളും ഒരു പക്ഷേ നാടൻപാട്ടുകളിൽ നിന്നും ഉരുത്തിരിഞ്ഞവയാണോ, എന്നും ഈ ലേഖകന് സംശയം ഉണ്ട്.ഒരു ഉദാഹരണം ആകട്ടെ ഇന്ന് ആദ്യം…..
അന്ന് നീയെവിടെ? (പാട്ട് ഒന്ന്)
**********************************
എള്ള് മൊളച്ചിറ്റ് ഈരില വിരിയുമ്പം
എണ്ണയിരിപ്പതെവിടെ?
അമ്മ തീണ്ടാര്ന്ന് മനമ്മലിരിക്കുമ്പം
താനിരിപ്പെടമെവിടെ?
(എള്ളിൻ ചെടിയിലെങ്ങും എണ്ണയില്ല;അതുപോലെ തീണ്ടാരിയായി,(മെൻസസ്സ്) വേർതിരിഞ്ഞിരിക്കുന്ന അമ്മയിൽ താനെവിടെയാണെന്ന ചോദ്യം രസാവഹമായി ഇവിടെ ചോദിച്ചിരിക്കുന്നു)
ചീരപ്പാട്ട്, (പാട്ട് - രണ്ട്)
$$$$$$$$$$$$$$$$
വട്ടത്തിൽ കുയികുത്തി നീളത്തിൽ തടമിട്ടി-
ട്ടങ്ങനെ പാവണം ചെഞ്ചീര,
വെണ്ണീരണിയണം ചെഞ്ചീര,
വെള്ളം നനയണം ചെഞ്ചീര,
മാറോളം പൊന്തണം ചെഞ്ചീര,
മറിഞ്ഞ് കുനിയണം ചെഞ്ചീര,
എങ്ങനെ നുള്ളണം ചെഞ്ചീര?
മുട്ട്ന്ന് നുള്ളണം ചെഞ്ചീര;
എങ്ങനെ അരിയണം ചെഞ്ചീര?
നനുനനെ അരിയണം ചെഞ്ചീര;
എങ്ങനെ വെക്കണം ചെഞ്ചീര?
മിറ്റത്ത് നിക്ക്ണ ചെന്തെങ്ങിന്റെ
തായത്തെ മൂത്തുള്ള വന്നങ്ങ
കൊത്തിയെറക്കണം വന്നങ്ങ
തട്ടിപ്പൊളിക്കണം വന്നങ്ങ
മുട്ടിയുടക്കണം വന്നങ്ങ
കുറു കുറെ ചരകണം വന്നങ്ങ
നീട്ടിയരക്കണം വന്നങ്ങ
വാരിക്കലക്കണം വന്നങ്ങ
ചളുചളെ തിളക്കണം വന്നങ്ങ
അങ്ങനെ വെക്കണം ചെഞ്ചീര,
ആരാര് കൂട്ടണം ചെഞ്ചീര?
അമ്മോമൻ കൂട്ടണം ചെഞ്ചീര;
ആരാര് വെളമ്പണം ചെഞ്ചീര?
അമ്മായി വെളമ്പണം ചെഞ്ചീര.
***********************************
വായമൊഴിയായി, എന്റെ അമ്മാമ(അമ്മയുടെ അമ്മ) പണ്ട് പാടിതന്നതാണീ പാട്ട്, വരമൊഴിയായി എവിടെയെങ്കിലും ഉണ്ടോ എന്ന് അറിയില്ലാ…………..
ഭക്ഷണം നന്നായി കഴിക്കുവാൻ മാത്രമല്ല സ്വാദുള്ള ഉപദംശങ്ങൾ വച്ചുണ്ടാക്കുവാനും, അതിനാവശ്യമായ പച്ചക്കറികൾ ക്യഷി ചെയ്യാനും പോന്നവരായിരുന്നു പണ്ടത്തെ കേരളീയർ.ഓരോ ഭവനപ്പറമ്പുകളിലും അടുക്കളത്തോട്ടം അനുപേക്ഷണീയമായിരുന്നു. വിഭവസമ്യദ്ധമായ ആ കാലത്തെ അനുസ്മരിപ്പിക്കുവാൻ ഈ ചീരപ്പാട്ട് പര്യാപ്തമത്രെ.ചെഞ്ചീര എങ്ങനെ നട്ട് വളർത്തണമെന്ന് തുടങ്ങി ചീരക്കറി ആര് അനുഭവിക്കണം,ആര് വിളമ്പണം എന്ന് പറഞ്ഞവസാനിപ്പിക്കുന്ന ഈ പാട്ട് ആനന്ദപ്രദമായ ഒരു സംഭാവനയാണെന്ന് നിസ്സംശയം പറയാം ( തുടരും)
==========================================
നാടൻപാട്ടിന്റെ മടിശീലക്കിലുക്കം (ഭാഗം – 4)
**********************************************
കലയിലോ സാഹിത്യത്തിലോ ഒരു കൃതിയിലെ യഥാർത്ഥമൂലരൂപങ്ങളിൽനിന്നും കാലാന്തരംകൊണ്ടു് സ്വാഭാവികമായോ, കൃത്രിമമായോ ഉണ്ടായിത്തീരുന്ന മാറ്റങ്ങളേയും തിരുത്തലുകളേയും “പ്രക്ഷിപ്തങ്ങൾ” (പ്രക്ഷിപ്തം =ഇടയ്ക്കു കൂട്ടിച്ചേർത്തത്; ഗ്രന്ഥത്തിൽ അതിന്റെ കർത്താവല്ലാത്ത ഒരാൾ എഴുതിച്ചേർത്ത ഭാഗം) എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇത്തരം പ്രക്ഷിപ്തങ്ങൾ സംഭവിച്ചിരിക്കാൻ ഇടയുണ്ടോ എന്നും, അഥവാ ഉണ്ടെങ്കിൽ ഏതൊക്കെ കാലങ്ങളിലാണു് അതു നടന്നതെന്നും മനസ്സിലാക്കാൻ ഉതകുന്ന വാമൊഴിയായും വരമൊഴിയായും ഉള്ള തെളിവുകളാണു് പ്രമാണങ്ങൾ.
മാറിവരുന്ന സാഹചര്യങ്ങൾക്കനുസരിച്ച്, വായ്മൊഴിയിലൂടെ പകർന്നുവന്നിരുന്ന പാട്ടുകൾക്കു പലപ്പോഴും ലഘുവോ ഭീമമോ ആയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടു്. കാലാവസ്ഥ, ഭൂപ്രകൃതി (തന്മൂലം കൃഷി, ആവാസവ്യവസ്ഥ), ഭരണവ്യവസ്ഥകളിലെ മാറ്റങ്ങൾ, മറ്റു സമുദായങ്ങളുമായുള്ള കൊണ്ടുകൊടുക്കലുകൾ ഇവയൊക്കെ ഇത്തരം പ്രക്ഷിപ്തങ്ങൾക്കു കാരണമായിട്ടുണ്ടാവാം. അതുകൊണ്ടു് പല പാട്ടുകളുടേയും അന്തസ്സത്ത അവയുടെ പ്രാഗ്രൂപവുമായി നേരിട്ട് ഒത്തുപോയെന്നുവരില്ല. അതുകൊണ്ടുതന്നെ, കൃത്യമായ ചരിത്രപഠനം ലക്ഷ്യമാക്കുന്ന ഗവേഷകർക്കു മറ്റു നാടൻകലാരൂപങ്ങളെപ്പോലെത്തന്നെ നാടൻപാട്ടുകളേയും അന്ധമായി ആശ്രയിക്കാനാവില്ല.
എങ്കിൽപ്പോലും, വായ്മൊഴിരൂപത്തിൽ പ്രചരിച്ചിരുന്ന പാട്ടുരൂപങ്ങൾ വരമൊഴിരൂപത്തിൽ സൂക്ഷിക്കുന്നതിനു് ഓരോരോ കാലങ്ങളിൽ അവ ആലപിച്ചുപോന്ന സമുദായങ്ങളോ വ്യക്തികളോ ശ്രമിച്ചിട്ടുണ്ടു്. അത്തരം പരിശ്രമങ്ങൾ താളിയോല, കരിമ്പനയോല, കടലാസ് എന്നീ രൂപങ്ങളിൽ പലയിടത്തുനിന്നും കണ്ടെടുക്കപ്പെട്ടിട്ടുമുണ്ടു്. ഇത്തരം പ്രമാണങ്ങളുടെ കൃത്യമായ കാലനിർണ്ണയം നടത്താനായാൽ അതാതു പാട്ടുകളുടെ ആ കാലഘട്ടംവരെയെങ്കിലും പിന്നോട്ടുള്ള പ്രക്ഷിപ്തങ്ങൾ ഒഴിവായ രൂപങ്ങൾ കണ്ടുപിടിക്കാനാവും എന്നാണെന്റെ ചിന്ത. പക്ഷേ, പാട്ടുകളെക്കുറിച്ചുമാത്രമായിട്ടുള്ള പഠനങ്ങൾമാത്രമേ ഇപ്പോൾ നടക്കുന്നുള്ളു, കാലനിർണ്ണയത്തിനോ രചയിതാക്കളെയോ കണ്ടുപിടിക്കാൻ ആരും മുതിരുന്നില്ല. അതു ശ്രമകരമായ പണിയാണെന്നും അറിയാം. ഫോക്ക്-ലോർ അക്കാഡമിയും അതിനെക്കുറിച്ചുള്ള അന്വേക്ഷണത്തിലാണെന്നുള്ളതു സന്തോഷം. ഒരിക്കൽ ഒരു നന്തുണിപ്പാട്ടുകാരൻ ഈ ലേഖകന്റെ അടുത്തെത്തി. അദ്ദേഹംതന്നെ എഴുതിയുണ്ടാക്കിയ തമ്പുരാൻപാട്ടുകളുടെ കൈയെഴുത്തുപ്രതി എന്നെ ഏല്പിച്ചു. (തിരുവനന്തപുരംഭാഗങ്ങളിൽ തമ്പുരാൻക്ഷേത്രങ്ങൾ വളരെക്കൂടുതലാണ്.) അതു പ്രിന്റ്ചെയ്യണം എന്ന് അദ്ദേഹത്തിന് നിർബ്ബന്ധമുള്ളതുപോലെ, ഞാൻ നോക്കാം എന്നുപറഞ്ഞ് മാറ്റിവച്ചൂ. തറവാട്ടിൽ നിന്നും ഇടയ്ക്കു മറ്റൊരു വീട്ടിലേക്കു മാറിത്താമസിച്ചപ്പോൾ ആ കൈയെഴുത്തുപ്രതി നഷ്ടമായി. കൈയെഴുത്തുപ്രതി തന്ന് ഒരു വർഷം കഴിഞ്ഞപ്പോൾ കേളുവാശാനേയും നഷ്ടമായി. ഇരുപത്തിയഞ്ചു വർഷങ്ങൾ കഴിഞ്ഞിട്ടും ആ വേദന ഇപ്പോഴും എന്നെ വിട്ടുമാറിയിട്ടില്ലാ… ഈ ലക്കം കേളുവാശാനു സമർപ്പിക്കുന്നു.
കഠിനമായ ദേഹാദ്ധ്വാനം ചെയ്യുന്ന വേലക്കാർ, അദ്ധ്വാനഭാരത്തിന്റെ ദണ്ഡം തെല്ലൊന്നു കുറയ്ക്കുവാൻ (ലഘൂകരിക്കുവാൻ) പണിയോടൊപ്പം താളക്രമത്തോടെ പാട്ടുകൾ പാടാറുണ്ട്. അതു പരക്കെ നടപ്പുള്ളതുമാണ്. പണ്ട്, ടാറിടാത്ത, കയറ്റമുള്ള ചെമ്മൺപാതകളിൽ കാളവണ്ടികളും കൈവണ്ടികളും ഭാരംകയറ്റിപ്പോകുമ്പോൾ, കാളകളേയോ, കൈവണ്ടിക്കാരെനേയോ സാഹായിക്കുവാനായി, പിന്നിൽനിന്നും, വശങ്ങളിൽ നിന്നും, ആളുകൾ വണ്ടികൾ തള്ളിക്കയറ്റുമ്പോൾ, “ഉന്തിവിടയ്യാ…. ഏലേസാ, തൂക്കിവിടയ്യാ എലേസാ, എന്നൊക്കെ പാടുമായിരുന്നല്ലോ. വേഗം കൂട്ടുവാനായി അവർ താളവും വേഗമുള്ളതാക്കും, വലിയ കയറ്റംപോലും, ആ ധൃതതാളമേളത്തിൽ അവർക്കു നിസ്സാരമായിതോന്നുന്നതു പാട്ടിന്റേയും താളത്തിന്റേയും വശ്യത.
മഴയത്തും വെയിലത്തും ഒന്നുപോലെ പ്രയത്നശേഷി ചെലവഴിച്ചുകൊണ്ടുള്ള പ്രവൃത്തിയാണ് പാറപൊളി. ആ കഠിനാദ്ധ്വാനത്തെ മയപ്പെടുത്താനുള്ള പാട്ടാണു താഴെക്കൊടുക്കുന്നത് : തങ്ങൾ ചെയ്യുന്ന പണിയുടെ നന്മ മറ്റുള്ളവർക്കും അനുഭവിക്കണമെന്ന ശുദ്ധമായ ലക്ഷ്യം ഈ പാട്ടിൽ വ്യക്തമാണ്. കുട്ടികൾ ജനിക്കുന്നതു ഭാഗ്യമാണെന്നും, ഏറെ കുട്ടികൾക്ക് ജന്മംനല്കുന്ന സ്ത്രീകൾ സൌഭാഗ്യവതികളാണെന്നും കരുതിപ്പോന്ന മുന്‍കാലങ്ങളിൽ ഇത്തരം പാട്ടുകൾ പരക്കെ സ്വാഹതാർഹമായിട്ടുണ്ടാകും. നാം രണ്ട്, നമുക്കു രണ്ട് എന്നു പ്രചരിച്ചുവരുന്ന ഇക്കാലത്ത് ഇമ്മാതിരി പാട്ടുകൾ ആളുകൾക്കു ഹൃദ്യമാകുമോ ആവോ? ആദിതാളത്തിലാണ് ഈ പാട്ടു പാടുന്നത് (ചതുരശ്രജാതി ത്രിപുട -എട്ട് അക്ഷരക്കാലം)
പാറപൊളിപ്പാട്ട്
പാറക്ക്ട്ടടി,ബറക്കട്ട്ട്ടടി –ഏലേലങ്കാ ഏലേലം,
തൊപ്പനാളുകൾ (1) –ഒപ്പരം ക്കൂടി (2)
കപ്പാറക്ക്ടി(3) –ഏലേലം,
പാറക്കണ്ണില് – പാരക്കൊക്കിട്ട് (4)
പാറത്തൊരേല് (5) ബള്ളം(6) പോന്നിറ്റ്
പാറക്ക്ട്ടടി –ഏലേലം,
ഞെട്ടട്ട് പാറ – പൊട്ടട്ട് പാറ,
പൊളിയട്ട് പാറ – ഏലേലം,
തീപ്പറക്കട്ട് –പാറ പൊട്ടട്ട്,
തണ്ണി കാണട്ട് –ഏലേലം.
തണ്ണികോരീറ്റ് – കുഞ്ഞിമ്മക്കള്
കഞ്ഞി ബക്കട്ട് (7) –ഏലേലം,
കഞ്ഞികുടിച്ചിറ്റ് - കുഞ്ഞിമ്മക്കള്
പയ്യകറ്റട്ട് (8) – ഏലേലം
പയ്യകറ്റീട്ട് (9) –കുഞ്ഞിമ്മക്കള്
പെറ്റ്കൂട്ടട്ട് –ഏലേലം
1 - ധാരളം, അധികം, 2 - ഒന്നായിച്ചേർന്ന്, 3 - കല്പാറ, 4 -പാറയുടെ മൂർച്ചയുള്ള അറ്റം, 5 - പാറയിലെ ദ്വാരം, 6 - വെള്ളം, 7 -വെക്കട്ടെ, 8 -വിശപ്പു മാറട്ടെ, 9 - കുട്ടികളെ പ്രസവിക്കട്ടെ
*****************************
നാടൻപാട്ടിന്റെ മടിശീലക്കിലുക്കം (ഭാഗം – 5)
**********************************************
വേഷ, രൂപ, ഭാവങ്ങളനുസരിച്ചു നാടൻപാട്ടുകളെ, പാട്ട് (Song) എന്നും കഥപ്പാട്ടെന്നും (Ballad) വിഭജിക്കാവുന്നതാണ്. അത്തരത്തിലുള്ള ഒരു കഥപ്പാട്ടാണ് ഇവിടെ അവതരിപ്പിക്കുന്നത്. കർശനമായ വ്യാകരണസംഹിതകളിലും ഛന്ദശ്ശാസ്ത്രനിയമങ്ങളിലും ഒതുങ്ങിക്കിടക്കാതെ, സർവ്വതന്ത്രസ്വതന്ത്രമായി രൂപപ്പെട്ട് വന്നതാണ് ഈ നാടോടിപ്പാട്ടും. ഇതു ഞാൻ അവതരിപ്പിക്കുന്നത്; നാടൻ പാട്ടെഴുതുന്നവർക്കു കുറേ നല്ല ഗ്രാമ്യപദങ്ങളുംകൂടി മനസ്സിലാക്കുവാൻവേണ്ടിയാണ്. ഉദ്ദേശ്യലക്‌ഷ്യം അതായതുകൊണ്ടും,പാട്ടിന്റെ ദൈർഘ്യം കൂടുതലായതുകൊണ്ടും മറ്റു വിവരണങ്ങൾ അടുത്ത ലക്കത്തിൽ.
നീലിയമ്മത്തോറ്റം (പാട്ട്)
*****************************
നീലിമലയിലെ കുഞ്ഞിക്കാളീ
ചാത്തൻപുലയന്റെയോള്(2) കാളീ
അന്തിക്കരിക്കാടി(3)ബെളമ്പീകാളി
അന്തിക്കരിക്കാടി മോന്തീ ചാത്തൻ;
കപ്പൽ മുളകും ചെറുനാരോച്ചപ്പും
ഉപ്പും പൂളീംകൂട്ട്യ ശമ്മന്തിയും,
ശമ്മന്തി സാദോടെ (4) നക്കിചാപ്പൻ,
അന്തിത്തെളിയും (5)കുടിച്ചു കാളി;
ചാത്തനെക്കണ്ട് വെറച്ച് കാളീ
ശെമയോടെ (6) വെറ്റില ചവക്കും ചാത്തന്
തുമ്മാൻ(7) ചവക്കാനൊരിമ്പമില്ലാ!
കണ്ണുകലങ്ങി മൊകറ് കറുത്ത്
ഇന്നെന്റെ പൊലയന് എന്ത് പറ്റ്യേ
ചാത്തന്റെ ചിന്താപരോശം (8) കണ്ട്
കാളീരെയുള്ളാകെ വെന്തുപോയീ;
എന്തൊരിരിപ്പാണിന്നെന്തേ പറ്റ്യേ
ഉള്ളതു പോലെ പറയെന്നോട്;
ചാത്തന്റെ പെഞ്ചാനി (9) കുഞ്ഞിക്കാളി
ചോദിച്ച വാക്കിനു പോരമായി, (10)
കണ്ണു തൊടച്ച് കരള് വിറച്ച്
ചൊന്നല്ലോ ചാത്തനും നൊമ്പലൊടെ;
“നീലിമലയിലെ കുഞ്ഞുനീലീ
നമ്മളെയോമന കുഞ്ഞുനീലി,
മലമേലെത്തേവരെത്തേവിച്ചിറ്റ്
കന്നീലും കടശീലും (11) പെറന്ന മോള്
നാലു തറയിലും പള്ള്യറേലും
നേർച്ച കയ്പിച്ച് പെറന്ന മോള്
അങ്ങനെയുണ്ടായ പൂങ്കനിക്ക്
‘പെലതീണ്ട് (12)പൊലുമേ കുഞ്ഞിക്കാളീ;
നാലു തറക്കാര് തമ്പ്രാക്കന്മാര്
നാളേക്ക് കാവില് കൂട്ടം കൂടും
നാളെ ഞാൻ പത്തരനായികക്ക്
നീലീനേം കൊണ്ടാടെ ചെല്ലണം പോൽ,
ജാതിവയക്കിന് കാത്തറമ്മൽ (13)
ഞാനന്റെ നീലിയെക്കൊല്ലണം പോൽ,
കാവിലെ തേവർക്ക് കുരുതിയാക്കാൻ
ഞാനെന്റെ നീലീനെ കൊത്തണംപോൽ”
ചാത്തന്റെ പയ്യാരം(14)കേട്ടനേരം
കരയുന്ന്,വിളിക്കിന്ന് കുഞ്ഞിക്കാളീ,
നെഞ്ഞത്തടിച്ച് കരഞ്ഞ് കാളി
അന്തിയുറങ്ങീല കാളിയന്നു,
ചാത്തനും കാളിക്കും പോതക്കേട്
പോതമുണർന്നില്ലന്നന്തിയില്;
ചീതക്കാറ്റാടീ ചീവീട് പാടി
ചാളക്കുടീന്റെ മിറ്റത്ത്ന്ന്;
കൊറ്റി,(15)യുതിച്ച് പൊന്ത്യത് കണ്ട്
തൊട്ട് വിളിച്ചൂ നീലിനെ ചാത്തൻ.
“കാവില് പോരെന്തെ പൊന്ന് നീല്യേ
കാവിലെ തേവർക്ക് നേർച്ചയുണ്ടേ,
ചാലില് (!6)പ്പോയിക്കുളിച്ച് വാടീ”
തന്തപ്പുലയന്റെ വാക്ക് കേട്ട്
ചിന്തവെടിഞ്ഞ് നടന്ന് നീലി,
ചോലയിൽ ചെന്ന് നീരാടി നീലി
കോടിപ്പുടവയുടുത്തു നീലി
തന്തയാൻ ചൊന്നത്പോലെയൊക്കെ
സന്തോഷത്തോടങ്ങ് ചെയ്തു നീലി.
കാളിപുലർച്ചക്കുളിരിൽ മെല്ലെ
കൺകുയ്യെച്ചിമ്മിമയങ്ങിപ്പോയി
നീലീനെ കാളിയറയുമ്മുമ്പ്(17)
കാവിലെത്തിക്കാനുറച്ച് ചാത്തൻ
ചാത്തനെ കണ്ണ് നെറഞ്ഞ്പോയി
ചൂടുള്ളചെഞ്ചോരക്കണ്ണീരാലേ;
തൊണ്ടയടഞ്ഞ് പറഞ്ഞു ചാത്തൻ
“വേഗം നടമോളെ,നേരമ്പാടായ് (18)
കത്ത്യാള് (19)കൈയിലെടുത്തോനീയും
വഴി കുറെ തെളിയിക്കാനുണ്ടെ, നീലീ”
നീലിയും ചാത്തനും കാവിലെത്തി
പത്തരനാഴിക നേരമായി,
നാല് തറക്കാറ് നായമ്മാറും
തമ്പ്രാനുമാൾക്കാരും കാവിലെത്തി,
തൊണയറ്റമാനെപ്പോൽ നീലി വന്നു
ബലിക്കല്ല് മേലെ തലചെരിച്ചൂ
ഏങ്ങലടിച്ച് കൊടുവാളേന്തി
നാല് നാട് വാഴുന്ന തെയ്വങ്ങളെ
ഉള്ളാലെ നന്നായി നിരീച്ച് ചാത്തൻ
നീലിരെ കഴുത്തിന് ആഞ്ഞുവെട്ടി
അതിശയമെന്ത് പറഞ്ഞിടേണ്ടൂ
നീലിയൊര് കരിങ്കൽപ്പിരതിമയായ് (20)
പോതംകെട്ട് ചാത്തൻ വീണ് പോയീ
കൊടുവാള് മാനത്ത് പറന്ന് പോയീ;
നാല് തറക്കാര് നായന്മാർക്കും
നാട്പാലിക്കുന്ന തമ്പിരാനും,
നാവും നടയുമടങ്ങിപ്പോയീ
നാട്ടാർക്കും തൈരിയംകെട്ട് പോയി;
അപ്പോളതിശയം പിന്നൊന്നുണ്ടായ്
ആകാശത്ത്ന്നോരു വാക്ക്കേൾക്കായ്,
‘എന്നെപുലയാട്ട് പറഞ്ഞ് കൊല്ലാൻ
ഇന്ന് പിറന്നോരീമന്നിലില്ലാ
എന്നെയറിഞ്ഞോയിന്നാള് തൊട്ട്
നീലമലവാഴും നീല്യമ്മയാ
അച്ചേലിലുള്ളൊര് (21)നീലിയമ്മ
നമ്മൾക്ക് നന്മവരുത്തിടട്ടേ!
നീലമലവാഴും നീലിയമ്മ
നമ്മളെ എന്നെന്നും കാത്തിടട്ടെ!
*************************************
1,സ്തോത്രം എന്നതിന്റെ തത്ഭവമാണെന്നും, അവതാരം, അവതാരകഥ എന്നീ അർത്ഥമുള്ള തനിച്ച മലയാളവാക്കാണെന്നും, ഉദയം, തോന്നൽ, പ്രദർശനം, താരാട്ട് പാട്ട്, നിർമ്മാണം, എന്നീ അർത്ഥങ്ങൾ തോറ്റം എന്ന വാക്കിനുണ്ടെന്നും ആണു പണ്ഡിതാഭിപ്രായം. ഗുണ്ടർട്ട്നിഘണ്ടുവിൽ അങ്ങനെ പറയുന്നുമുണ്ട്. ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലയിൽ, സ്തോത്രം, ഭദ്രകാളിയെക്കുറിച്ചുള്ള ഒരു പാട്ട്(തോറ്റമ്പാട്ട്), തോന്നൽ, വിചാരം, പൊറുപ്പിക്കൽ, സൌഖ്യം, പുറപ്പെടുവിക്കൽ, കാഴ്ച, പ്രകാശം, എന്നിങ്ങനെയൊക്കെയാണ് പറഞ്ഞിരിക്കുന്നത്. ഇവിടെ അവതാരകഥ എന്നതാണു യോജിച്ച അർത്ഥം(സ്തുതി എന്ന അർത്ഥവും സ്ത്രോത്രത്തിനു നല്കാം. രണ്ടും ഈ പാട്ടിനു യോജിച്ചവതന്നെ).2, ഓള്, അവൾ എന്നതിന്റെ ചുരുക്കം. വടക്കേമലബാറിൽ പരക്കെ ഭാര്യ എന്ന അർത്ഥത്തിലും ഉപയോഗിക്കുന്നു. ഭർത്താവിനു –/പുരുവൻ എന്നും പറയുന്നു.3, അത്താഴം, കഞ്ഞി, 4 സ്വാദ്, രുചി, 5 അത്താഴക്കഞ്ഞി, കഞ്ഞിവെള്ളം എന്നും, 6 ക്ഷമ, 7 പാരവശ്യം,-ക്ഷീണം, 8 ഭാര്യ, 9 ആദ്യത്തേയും അവസാനത്തേതുമായി,(ഒറ്റമോൾ) 10 പകരമായി,11 വ്യഭിചാരദോഷം,12 കൂട്ടി അവിടെ,(ആടെ,ഈടെ എന്നു സാധാരണപ്രയോഗം,13 കാവിലെ കല്ത്തറയ്ക്ക് മുന്നിൽ.14 നൊമ്പരം, സങ്കടത്തോടുകൂടിയവാക്കുകൾ.15 ശുക്രനക്ഷത്രം,16 നീർ നിറഞ്ഞ തോട്,17 അറിയും മുൻപ്, 18 നേരം വൈകി,19 കൊടുവാൾ, 20 കരിങ്കൽ പ്രതിമ(വിഗ്രഹം) 21 അമ്മാതിരിയിൽ
നീലിയമ്മ --- വടക്കേ മലബാറിൽ പണ്ടുതൊട്ടുതന്നെ ആരാധിക്കപ്പെടുന്ന ഗിരിദേവതയാണ് നീലിയമ്മ.(കാട്ടുജാതിക്കിടയിലെ പ്രീയപ്പെട്ട ദൈവം) വ്യഭിചാരദോഷം ചുമത്തപ്പെട്ട സാധ്വിയായ പുലയകന്യക തന്റെ സത്യാവസ്ഥയെ തെളിയിച്ച് മരിച്ചതിൽപ്പിന്നെ ആരാധ്യയായ ദേവതയായി മാറുന്നതാണ് ഈ പാട്ടിന്റെ ഇതിവ്യത്തം.ഈ കഥയെപ്പോലെ മറ്റു പുരാവ്യത്തങ്ങളും മുൻകാലങ്ങളിൽ പ്രചരിച്ചിട്ടുണ്ട്. നീലി ഒരു നായർയുവാവിനെ പ്രണയിച്ചതിൽ കലിപൂണ്ട നായർപ്രമാണികൾ, പുലതീണ്ടൽ നടത്തി നീലിയെ കൊല്ലാൻ തന്ത്രങ്ങൾ പണിയുന്നതും അവസാനം കന്യകയായ നീലി ഒരു ശിലയായ് ചമഞ്ഞ് നാട്ടുകാർക്ക് ആരാധനാപാത്രമാകുന്ന മറ്റൊരു പാട്ടും ഈ ലേഖകൻ വായിച്ചിട്ടുണ്ട്, പാടിക്കേട്ടിട്ടുമുണ്ട്. സവർണ്ണമേധാവിത്ത്വത്തിനെതിരെ അവർണ്ണർ ഉണ്ടാക്കിയ കഥയാണെന്ന് പറഞ്ഞുകേട്ടിരുന്നെങ്കിലും, ഇപ്പോൾ എല്ലാ ആളുകളും നീലിയമ്മയെ ആരാധിക്കുന്നു. നീലിയമ്മയുടെ ആരാധനാസ്ഥാനങ്ങൾക്കു നീലിയാർവട്ടം, നീലിയാർക്കോട്ടം എന്നൊക്കെ പേരുകളുണ്ട്. നീലിയമ്മയ്ക്കു പ്രിയകരമായ വഴിപാടാണ് “പടികം ഒഴിപ്പിക്കൽ. കളിമണ്ണുകൊണ്ടുണ്ടാക്കി, ചായം പൂശിയിട്ടുള്ള, കിടക്കുന്ന കുട്ടിയുടെ മൺകോലമാണ് പടികം. സന്താനാങ്ങൾ പിറക്കാനുള്ള നേർച്ചയ്ക്കായും, ഭൂതാവേശം, അപസ്മാരബാധ മുതലായ കുട്ടികൾക്കുള്ള രോഗങ്ങൾക്കു പരിഹാരമായിട്ടുമാണു പടികം അർപ്പിക്കുന്നത്… ഈ പാട്ട് ആദി താളത്തിലും, തിശ്രനടയിലും പാടിക്കേട്ടിട്ടുണ്ട്. ചില സ്ഥലങ്ങളിൽ അയ്യടി താളത്തിലും, പക്ഷേ അയ്യടിതാളത്തിൽ ഈ പാട്ടു പാടാൻ ബുദ്ധിമുട്ടുണ്ട്. ഇടയ്ക്കു നിറുത്തലില്ലാതെ, ഒരേ താളത്തിൽ പാടേണ്ടിവരും. (തുടരും)
************************************************************************
നാടൻപാട്ടിന്റെ മടിശീലക്കിലുക്കം (ഭാഗം 6)
&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&പൊട്ടൻ തെയ്യം
വടക്കൻകേരളത്തിൽ കെട്ടിയാടിച്ചുവരുന്ന ഒരു തെയ്യമാണ് ‘പൊട്ടൻതെയ്യം‘. ജാതീയ ഉച്ചനീചത്വങ്ങൾ വളരെ ശക്തമായിരുന്ന കാലത്ത് മനുഷ്യരെല്ലാം സമന്മാരാണെന്നു വിളിച്ചുപറയാൻ ധൈര്യം കാട്ടിയ ഒരു കീഴ്ജാതിക്കാരന്റെ ഐതിഹ്യമാണു പൊട്ടൻതെയ്യത്തിനു പിറകിലുള്ളത്. . പൊട്ടൻതെയ്യം- മലയൻ, പുലയൻ, ചിറവൻ, പാണൻ തുടങ്ങി പല സമുദായക്കാരും കെട്ടാറുണ്ട്. തീയിൽ വീഴുന്ന പൊട്ടനും തീയിൽ വീഴാത്ത പൊട്ടനും ഉണ്ട്. ഉത്തരം പറയാൻ കഴിയാത്ത ചോദ്യങ്ങൾ ചോദിച്ച് കുഴക്കുന്ന ഒരാളെ പൊട്ടൻ എന്നു മുദ്രകുത്തി തന്ത്രപൂർവം ഒഴിഞ്ഞുമാറുന്നതിനാലും പറയേണ്ട കാര്യങ്ങളെല്ലാം തമാശയും കാര്യവും കൂട്ടിക്കുഴച്ചുപറഞ്ഞുഫലിപ്പിക്കുന്ന ‘പൊട്ടങ്കളി’ കളിക്കുന്നതുകൊണ്ടും ആയിരിക്കാം ശൈവശക്തിയുള്ളതായി കണക്കാക്കുന്ന തെയ്യത്തിന് ഈ പേർ വന്നത്.
ശ്രീപരമേശ്വരൻ ചണ്ഡാലവേഷധാരിയായി ശങ്കരാചാര്യരെ പരീക്ഷിച്ച പുരാവൃത്തത്തിന്റെ പശ്ചാത്തലത്തിലുണ്ടായ തെയ്യമാണിത് എന്നു ചിലർ വിശ്വസിക്കുന്നു. എട്ടാം നൂറ്റാണ്ടിൽ, ശങ്കരാചാര്യരുടെ കൃതി മനീഷാപഞ്ചകത്തിൽ ഈ സംഭവം പരാമർശിക്കുന്നുണ്ട് . എല്ലാ തെയ്യങ്ങളുമായും ബന്ധപ്പെട്ടു പറഞ്ഞുകേൾക്കുന്ന പുരാവൃത്തങ്ങൾ ഏതെങ്കിലും ഗ്രാമകഥയുമായി ചേർന്നുനില്ക്കുന്നതാണു്. ശങ്കരാചാര്യർ അലങ്കാരൻ എന്ന പുലയനുമായി വാഗ്വാദം നടത്തിയത് കണ്ണൂർ ജില്ലയിലെ പുളിങ്ങോം എന്ന പ്രദേശത്തുവച്ചാണ് എന്നു വിശ്വസിക്കപ്പെടുന്നു. അതിപ്രാചീനമായ ശങ്കരനാരായണക്ഷേത്രത്തിൽ തലക്കാവേരിയിലേക്കുള്ള യാത്രാമദ്ധ്യേ അദ്ദേഹം എത്തിച്ചേർന്നു എന്നും അവിടെ കൂടിയവരോട് അദ്വൈതതത്ത്വത്തെക്കുറിച്ചു പ്രഭാഷണംനടത്തവേ അകലെ കുന്നിൻചെരുവിൽ ഇരുന്ന് ‘അലങ്കാരൻ‘ എന്ന പുലയയുവാവ് അതു കേട്ടു എന്നുമാണു വിശ്വാസം. പിറ്റേന്ന് പുലർച്ചെ തലക്കാവേരിയിലേക്കു പുറപ്പെട്ട ആചാര്യനോടു വഴിയിൽ നിന്നു തീണ്ടലിനെപ്പറ്റി വാഗ്വാദംനടത്തി. അലങ്കാരന്റെ ചോദ്യങ്ങൾക്കു മറുപടിയില്ലാത്ത ശങ്കരാചാര്യർ സമദർശിയായി മാറി എന്നും കീഴ്ജാതിക്കാരനെ ഗുരുവായി വണങ്ങി എന്നും കഥ.
പുളിങ്ങോത്തുനിന്നും തലക്കാവേരിയിലേക്കുള്ള ഒറ്റയടിപ്പാതയും, ഒരേ വരമ്പിൽനിന്നും ബ്രാഹ്മണനും പുലയനും സംസാരിക്കുന്നതു ശരിയല്ലെന്ന ശാഠ്യം മാറ്റാൻ അലങ്കാരൻ തന്റെ കൈയിലെ മാടിക്കോൽ വഴിയിൽ കുറുകെ വച്ച് രണ്ടാക്കിയ വരമ്പാണു 'ഇടവരമ്പ്' എന്ന സ്ഥലപ്പേരെന്നും, കഥയ്ക്ക് ഉപോദ്ബലകമായി ഇവർ ചൂണ്ടിക്കാണിക്കുന്നു.
തെയ്യം നടക്കുന്ന സ്ഥലത്ത്, പൊട്ടന്റെ തോറ്റം നടക്കുന്ന സമയത്ത് (വൈകീട്ട് 8 മണിയോടെ) പുളിമരം, ചെമ്പകമരം തുടങ്ങിയ മരങ്ങൾ ഉയരത്തിൽ കൂട്ടിയിട്ട് ഉണ്ടാക്കുന്ന “മേലേരി”ക്ക് തീകൊടുക്കും. രാവിലെ 4-5 മണിയാകുമ്പോഴേക്കും ഇവ ഏകദേശം കത്തി, കനലായിത്തീർന്നിട്ടുണ്ടാകും. ആ സമയത്താണ് പൊട്ടന്റെ തെയ്യം പുറപ്പെടുക. ഇതിനിടെ കനൽമാത്രം ഒരിടത്തും, കത്തികൊണ്ടിരിക്കുന്നവ മറ്റൊരിടത്തും കൂട്ടിയിടും. പൊട്ടൻതെയ്യം കത്തുന്ന തീയിലും, കനലിലിലും മാറിമാറി ഇരിക്കുകയും കിടക്കുകയുമൊക്കെ ചെയ്യും . തീയെ പ്രതിരോധിക്കുവാൻ കുരുത്തോലകൊണ്ടുള്ള് “ഉട” ഉണ്ടെങ്കിലും വളരെയധികം ശ്രദ്ധയോടെ ചെയ്തില്ലെങ്കിൽ പൊള്ളലേല്ക്കുവാൻ സാധ്യതയുള്ളൊരനുഷ്ഠാനമാണിത്. കത്തുന്ന തീയിൽ ഇരിക്കുമ്പോഴും “കുളിരണ്, വല്ലാതെ കുളിരണ്“ എന്നാണ് പൊട്ടൻ തെയ്യം പറയാറ്.
തോറ്റം നടക്കുന്നതിനുമുൻപായി പൊട്ടൻതെയ്യത്തിനുള്ള നിവേദ്യം സമർപ്പിക്കുന്നു. രണ്ടു നിലവിളക്കുകൾക്കുമുന്നിൽ ഉണക്കലരി, പുഴുങ്ങലരി, തേങ്ങ, മലർ, വെറ്റില, അടയ്ക്ക തുടങ്ങിയവ വയ്ക്കുന്നു. പൊട്ടൻതെയ്യത്തിന്റെ ആയുധമായ കിങ്ങിണിക്കത്തിയും (അരിവാളിനു സമാനമായ ഒരിനം വളഞ്ഞ കത്തി ) നിലവിളക്കിനു മുന്നിൽ വയ്ക്കും. ചില തറവാടുകളിലും കാവുകളിലും പൊട്ടൻതെയ്യത്തോടൊപ്പം ‘പൊലാരൻ‘ തെയ്യവും കെട്ടാറുണ്ട്. പൊലാരൻതെയ്യത്തിന്റെ മുഖപ്പാള കുറച്ചു ചെറുതാണ്. നിവേദ്യം വയ്ക്കുന്നതോടൊപ്പം പൊട്ടന്റെയും പൊലാരന്റെയും മുഖപ്പാളകൾ കൂടെ വയ്ക്കുന്ന പതിവുണ്ട്
സാധാരണ തെയ്യങ്ങൾക്കു കണ്ടുവരാറുള്ള മുഖത്തെഴുത്ത് ഈ തെയ്യത്തിനില്ല പകരം മുഖത്തു നേരത്തെതന്നെ തയ്യാറക്കിയ മുഖാവരണം അണിയുകയാണ് പതിവ്. വയറിലും മാറിലും അരി അരച്ചുതേക്കുന്നതും പതിവാണ്. ഉടലിൽ മൂന്ന് കറുത്ത വരകളും ഉണ്ടാകും. തലയിൽ കുരുത്തോലകൊണ്ടുള്ള മുടിയും, അരയിൽ ധരിക്കുന്ന കുരുത്തോലകളും പൊട്ടൻതെയ്യത്തിന്റെ പ്രത്യേകതകളാണ്.
ഈ തോറ്റത്തിൽ അദ്വൈതഭാവത്തിന്റെ ലക്ഷണങ്ങളെല്ലാം ഏറ്റവും ലളിതമായി പ്രകാശിപ്പിച്ചിരിക്കുന്നു. നിരക്ഷരകുക്ഷികളെന്നു പറഞ്ഞുപിന്തള്ളപ്പെട്ട സമുദായക്കാരാണ് ഈ തോറ്റം ചൊല്ലി പൊട്ടൻതെയ്യത്തെ ആരാധിക്കുന്നതെന്നു കാണുമ്പോൾ അവരുടെ ഇടയിലും തത്ത്വബോധവും പരമജ്ഞാനവും ചിരപുരാതനമായിത്തന്നെ വേരുറച്ചിരുന്നുവെന്നു മനസ്സിലാക്കാം. അടുത്ത ലക്കത്തിൽ ഞാൻ ആ തോറ്റംപാട്ട് ഇവിടെ എഴുതാം. ആരാണതെഴുതിയതെന്ന് എത്രതന്നെ പരിശ്രമിച്ചിട്ടും എനിക്കു കണ്ടെത്താനായിട്ടില്ല. പക്ഷേ പൊട്ടൻതെയ്യത്തിന്റെ തോറ്റം വായിച്ച് ഞാൻ അത്ഭുതപ്പെട്ടുപോയി എന്നതു സത്യം. അത്രയ്ക്ക് ഗഹനമാണാശീലുകൾ… (തുടരും) &&&&&&&&&&&&&&&&&&&&&&&&&&
നാടൻപാട്ടിന്റെ മടിശീലക്കിലുക്കം (ഭാഗം 7)
&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&
പൊട്ടൻ തെയ്യം (തുടരുന്നു.)
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
പൊട്ടൻ തെയ്യത്തിന്റെ ഉല്പ്പത്തിയെപ്പറ്റി കഴിഞ്ഞ ലക്കം ഞാനിവിടെ പറഞ്ഞിരുന്നല്ലോ.പൊട്ടൻ തെയ്യത്തിന്റെ തോറ്റം വളരെയേറെ നീണ്ടതാണ്.അതു മുഴുവനായും ഞാൻ ഇവിടെ എടുത്തെഴുതുന്നില്ലാ. എങ്കിലും അതിൽ ഞാൻ അതിശയപ്പെട്ടുപോയ ബിംബകല്പനകളടങ്ങിയ കുറച്ച് ഭാഗങ്ങൾ ഈ ലക്കം എഴുതാം.നാടോടിപ്പാട്ടുകളും നാടൻ പാട്ടുകളും ഒക്കെ എഴുതുന്ന കൂട്ടുകാർക്ക് ഇതിലെ വാക്കുകളും ഉപയോഗപ്പെടും എന്ന് കരുതുന്നുതോറ്റം
$$$$$$$പൊലിക പൊലിക പൊലിക ദൈവമേപൊലിക പൊലിക പൊലിക ദൈവമേ
ആദിയിൽ വച്ചൊരു അരിയും പൊലിക
കത്തിച്ച് വച്ചൊരു ദീപം പൊലിക
ഊര് പൊലിക ഉലകം പൊലിക
നാട്പൊലിക നഗരം പൊലിക
…………………………………………………………………………….
………………………………………………………………………………
ഇങ്ങനെ തുടങ്ങുന്നപൊട്ടൻ തെയ്യത്തിന്റെ തോറ്റംപാട്ടിലെ കാതലായ ഭാഗങ്ങളാണ് ഞാനിനീ എടുത്തെഴുതുന്നത്. അതിനോടൊപ്പം ഞാൻ മനസ്സിലാക്കിയ നാടൻ വാക്കുകളുടെ അർത്ഥവും അതിലടങ്ങിയിരിക്കുന്ന തത്ത്വങ്ങളും എന്റെ പഠനം കൊണ്ട് മനസ്സിലാക്കിയവ നമ്പറിട്ട്താഴെ എഴുതാം.
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^എളയെ1 നോക്കാൻ എളപ്പിള്ളരുമില്ലാ 2
കാല്യാളെ 3 നോക്കാൻ കാലിപ്പിള്ളേരുമില്ല;4
ആരുള്ളതിപ്പൊളീ 5 പുഞ്ചയ്ക്ക് കാവൽ
കാവലായ് നിന്നത് പൊട്ടനല്ലോ;പുഞ്ചവരമ്പത്ത് കാവൽ നില്ക്കുന്നേരം
അങ്ങ്ന്നൊരു ചൊവ്വറെ (6) വരവ് കാണ്ന്ന്
ചൊവ്വെറെകൂടെയൊരു മാച്ചറുമുണ്ടേ (7)
മാച്ചറെ കൂട്യൊരു എളങ്കോയിലുണ്ട് (8)
എളങ്കോയിലെകൂട്യൊരു തണ്ടേനുമുണ്ട്(9)
തണ്ടയാന്റെ കൂട്യൊര് കോയിലുമുണ്ട്(10)പരമ്പത്ത് പൊട്ടനെകണ്ടൊരുനേരം
ഒരത്ത് പറഞ്ഞ് 11 ചൊവ്വറ്താനും
വയി(ഴി)തെറ്റ് വയിതെറ്റ് ചിന്നപ്പുലയാ
വയി തെറ്റി വയിതെറ്റി ചിന്നപ്പുലയി;
ഉക്കല് കുട്ടീണ്ട് തലയില് കള്ള്ണ്ട് (ഉക്കല്-ഒക്കത്ത്)
ഇപ്പുറം മുള്ളുണ്ട് അപ്പുറം കാട്ണ്ട്
പിന്നെപ്പുറം നാങ്കള് വയിതിരിയണ്ട്;ആനപ്പുറം കേറി ചൊവ്വറ്പോകുമ്പം
പോത്തുമ്പുറം കേറി നാങ്കളും പോകുന്നേ
പിന്ന്യെന്ത് ചൊവ്വറ്കുലംപിശകുന്നേ;(12)
നാങ്കളെകൊത്ത്യാലും ചോരതന്നെ ചൊവ്വറെ
നീങ്കളെകൊത്ത്യാലും ചോരതന്നെ ചൊവ്വറെ
പിന്നെന്ത്യേ നീങ്കൾ കുലം പെശക്ന്നേ;താമരപ്പൂമാല ചൊവ്വറണിയുമ്പോൾ
പൂത്താലികൊണ്ട് മാല നാങ്കളുമണിയുന്ന്
കണ്ണാടിത്തിടമ്പെടുത്ത് ചൊവ്വറ് തുള്ളുമ്പം
ചെമ്മീൻ പുടലെടുത്ത് അടിയങ്ങൾ തുള്ളുന്നേ;
നീങ്കൾവെക്കുന്ന അരിയും അതൊന്ന്
നാങ്കള് പതപ്പിക്കും അരിയും അതൊന്ന്
പിന്ന്യെന്തെ ചൊവ്വറ് കുലം പിശകുന്നോ;നാങ്കളെ തേങ്ങയുടച്ചില്ലേ ചൊവ്വറെ
തേങ്ങേന്റകത്ത് നീര് കണ്ടില്ലേ ചൊവ്വറെ;
കത്തികത്തി കത്തി കൊക്കണകത്തി,
നീങ്കളെകത്തിക്കും കൊക്കത്ണ്ടല്ലോ
നാങ്കളെകത്തിക്കും കൊക്കതുണ്ടല്ലോ;നീങ്കളെ കൊത്ത്യാലും ചോരതന്നെ ചൊവ്വറെ
നാങ്കളെ കൊത്ത്യാലും ചോരതന്നെ ചൊവ്വറെ
പിന്ന്യെന്തേ ചൊവ്വറ് കുലം പിശകുന്നെ;നാങ്കളെകപ്പേല് നട്ടോര് വായ
അപ്പയം കൊണ്ടല്ലെ ന്ങ്ങളെ ദേവർക്ക് നേർച്ച
നാങ്കളെ കുപ്പേല് നട്ടൊരു തൃത്താവ്
അത്തൃത്താവൊണ്ടല്ലെ ന്ങ്ങടെ ദേവർക്ക് പൂജ
പിന്ന്യെന്തവിടെയൊരു വ്യത്യാസം ചൊവ്വറെ;മുപ്പത്ത്മൂന്ന് മരം നട്ട കാലം(13)
മൂന്ന് മരമതിൽ മുളപ്പാനുണ്ടല്ലോ,
അമ്മരം പൂത്തോര് പൂവല്ലൊയെങ്കൈയിൽ
പിന്ന്യെന്തവിടെക്കൊരു വ്യത്യാസം ചൊവ്വറെ
അക്കരെന്നൊരു തോണി ഇക്കരെ പോരുമ്പം (14)
ഇക്കരെന്നൊരുതോണി അക്കരെ പോകുന്നെ
അത്തോണി തന്നിലല്ലോ നീങ്കളുമ്പോകുന്ന്;
അത്തോണിതന്നിലല്ലോ നാങ്കളും പോകുന്നെ;നീങ്കൾ തുഴന്താലും വെള്ളം വയ്യോട്ട് (15)
നാങ്കൾ തുഴന്താലും വെള്ളം വയ്യോട്ട്,
പിന്ന്യെന്തവിടെക്ക് വ്യത്യാസം ചൊവ്വറെ;
ആറുംകടന്നിട്ടങ്ങക്കരെ ചെല്ലുമ്പോൾ(16)
ആനന്ദമുള്ളൊരു വള്ളുവനെക്കാണം;
കൈയ്യത്ത്,മുയ്യത്ത് കാവുമ്പായിക്കോട്ടം,
മുങ്ങത്ത് കോട്ടം മുഴങ്ങത്ത് കോട്ടം
പട്ടാണിക്കോട്ടം പറങ്കിക്കോട്ടം (തുടരും)^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
കവികൾ ഉപയോഗിച്ച് വന്നിരുന്ന കഠനമായ പദങ്ങളെ മനസ്സിലാക്കാൻ നിഘണ്ടുക്കളെയാണ് അന്നും ഇന്നും നമ്മൾ ആശ്രയിച്ച് പോരുന്നത്. എന്നാൽ നാടോടി വാക്കുകളുടെ അർത്ഥം വാമൊഴിയായി കിട്ടിയതാണ്.അതൊക്കെ തേടി നടക്കുക എന്നതും ഈ ലേഖകന് ഒരു ഹരമായിരുന്നു കൌമാരത്തിലും യൌവ്വനത്തിലും.അതോടൊപ്പം തന്നെ ചെറിയ ചിന്തുകളിലും വാക്കുകളിലും അടങ്ങിയിരിക്കുന്ന തത്ത്വചിന്തകൾ മനസ്സിലാക്കിയെടുക്കുമ്പോൾ, ഇതൊക്കെ എഴുതിവച്ച നാടൻപാട്ട്കാരുടെ ചിന്തയ്ക്ക് മുന്നിൽ പ്രണമിക്കാതെ തരമില്ല.^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
എളയെ1 = വിളയെ, എളപ്പിള്ളരുമില്ലാ 2 (ഇളയപിള്ളാരുമില്ല-കുട്ടികൾ) കാലിപ്പിള്ളേരുമില്ല(4- അന്നൊക്കെപാടത്തിറങ്ങിപണിചെയ്യാൻ കൊച്ചുകുട്ടികളെ ഏർപ്പാടാക്കില്ല കാരണം അവർക്ക് ‘പരുവം‘ അറിയില്ലല്ലോ) ചൊവ്വറെ-6-ജാതിയിൽ കൂടിയവർ,നായർ തീയർ,ബ്രാഹ്മണർ, (മാച്ചറുമുണ്ടേ 7- മണിയാണിയുപയോഗിച്ച് കെട്ടിടങ്ങൾക്ക് ചുമർകെട്ടുന്നവർ , എളങ്കോയിലുണ്ട് (8-നായന്മാരെയും മറ്റും പൊതുവേ വിളിക്കുന്ന പേര്, (തണ്ടേനുമുണ്ട് 9-തീയ്യർ -ശൌണ്ഡൻ എന്നപദത്തിന്റെ രൂപഭേദം, തെങ്ങേറി കള്ള് ചെത്തിയെടുക്കുന്നവൻ), കോയിലുമുണ്ട്10-മാപ്പിളമാരെ വിളിക്കുന്ന പേര്), ഒരത്ത് പറഞ്ഞ് 11-കർശനമായിപ്പറഞ്ഞ്) കുലംപിശകുന്നേ12- ജാതിയെച്ചൊല്ലി ശണ്ഠകൂട്ടുന്നു), മുപ്പത്ത്മൂന്ന് മരം നട്ട കാലം13- ഏറെ സഹസ്രാബ്ദങ്ങൾക്കു മുമ്പ് ഭാരതീയർ വെദിക കാലത്ത് പ്രധാനമായും മുപ്പത്തിമൂന്ന് ദേവന്മാരെ വേദസ്തുതികളാൽ ആരാധിച്ച് പോന്നു.പിന്നീട് ആ ദേവന്മാരെ ത്രിമൂർത്തികളായി പൂജിച്ചു.ദൈവചിന്തയുടെ ഉദാത്തഭാവത്തിൽ ആ ത്രിമൂർത്തികൾ ഏകമായ പരബ്രഹ്മമായിതീർന്നു. ആ പരബ്രഹ്മത്തെയാണുഞാൻ ഉപാസിക്കുന്നത്.) അക്കരേന്നൊരു തോണി ഇക്കരെ പോരുമ്പം -14 – പരമാത്മാവിൽ നിന്നും ജിവാത്മാവ് പ്രപഞ്ചത്തിൽ വന്ന് പ്രവർത്തിക്കുന്നു. പിന്നീട് ആ ജീവാത്മാവ് പരബ്രഹ്മത്തിൽചെന്ന് ചേരുന്നു. ഭൌതികങ്ങളായ ജനനമരണങ്ങൾ സംഭവിക്കുന്നു. ഉന്നതകുലജാതനായതാങ്കൾക്കും ചണ്ഡാലരായ ഞങ്ങൾക്കും അത് തന്നെയാണുനുഭവം) നീങ്കൾ തുഴന്താലും വെള്ളം വയ്യോട്ട് -15- ജീവാത്മാവിന്റെ പ്രവർത്തനങ്ങളിൽ നിങ്ങളും ഞങ്ങളും ഇഹലോകത്തിലുള്ള എല്ലാ കർമ്മങ്ങൾ അനുഷ്ഠിക്കുകയും കൈവെടിയുകയും ചെയ്യുന്നു) ആറുംകടന്നിട്ടങ്ങക്കരെ ചെല്ലുമ്പോൾ-16- സംസാരസാഗരത്തിൽ നിന്നും കരകയറുമ്പോൾ നിത്യാനന്ദസ്വരൂപിയായ ദൈവത്തെ ദർശിക്കാം അതിനു ജന്മസംബന്ധിയായ അന്തരമൊന്നുമില്ല. നാടോടിപ്പാട്ടിൽ പോലും ഇത്തരം തത്ത്വചിന്തകൾ അടങ്ങിയിട്ടുണ്ടെന്ന് പലരും മനസ്സിലാക്കിയിട്ടില്ല എന്നെനിക്ക് തോന്നുന്നു. അതിനാലാണ് ഞാനീ വാക്കുകളുടെ അർത്ഥങ്ങൾക്കൊപ്പം എന്റെ ചിന്തയും സന്നിവേശിപ്പിച്ചത്. ഇത്തരം ചിന്തകൾ കൊണ്ടും സമ്പന്നമാണ് നമ്മുടെ നാടൻപാട്ടുകളും തോറ്റം പാട്ടുകളും……………… ഇതൊക്കെ ആരെങ്കിലും പകർത്തിവയ്ക്കുക. കാരണം ഇതൊക്കെ പറഞ്ഞുതരാനുള്ള ആൾക്കാർ ഇന്ന് ഉണ്ടോ എന്നെനിക്ക് സംശയം ഉണ്ട്. എന്നാൽകഴിയുന്ന കാലം വരെ ഞാൻ അഭിരാമത്തിൽ ഇത് തുടരാം. (തുടരും)
&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&
നാടൻപാട്ടിന്റെ മടിശീലക്കിലുക്കം (8)
0000000000000000000000000000000നമ്മുടെ ഭാഷയുടെ പ്രാചീനകുടുംബസ്വത്തുക്കളിൽ മുഖ്യമായ പാട്ടുസംസ്കാരത്തെ പല രീതിയിലും വിഭജിക്കാം. പാടുന്നവരുടെ ജാതി, വിശ്വാസം, പാട്ട് ഉണ്ടായിവന്ന ദേശം, പാടാറുള്ള സമയവും കാലവും, പാട്ടിൽ ഉപയോഗിക്കുന്ന പ്രധാന ഉപകരണങ്ങൾ, ഇവയൊക്കെ മുൻനിറുത്തിയാണു് ഏതെങ്കിലും ഒരിനം പാട്ടുകൾക്കു് തനതായ ഒരു പേരു ലഭിക്കുന്നതു്. പുള്ളുവൻപാട്ട്, കുറത്തിപ്പാട്ട്, മാപ്പിളപ്പാട്ട് തുടങ്ങിയവ സമുദായങ്ങളുടെ പേരിലാണു് അറിയപ്പെടുന്നതെങ്കിൽ, വടക്കൻ പാട്ട്, തെക്കൻ പാട്ട് എന്നിവ ദേശാടിസ്ഥാനത്തിലും തിരുവാതിരപ്പാട്ട്, ഓണപ്പാട്ട് തുടങ്ങിയവ കാലാടിസ്ഥാനത്തിലുമാണു് തനതുപേരുകൾ കൈക്കൊണ്ടതു്. കോലടിപ്പാട്ട്, വില്ലടിച്ചാൻപ്പാട്ട്, ഉടുക്കുപാട്ട്, നന്തുണിപ്പാട്ട് തുടങ്ങിയവയുടെ നാമോൽപ്പത്തി അവയിൽ ഉപയോഗിക്കപ്പെടുന്ന പ്രധാന സംഗീതോപകരണങ്ങളെ അടിസ്ഥാനമാക്കിയാണു്.
ഇതുപോലെ, പ്രായേണ പ്രാചീനത്വം കല്പിക്കാവുന്ന വണ്ടിപ്പാട്ട്, വള്ളപ്പാട്ട്, കൃഷിപ്പാട്ട്, ഞാറ്റുപാട്ട് തുടങ്ങിയവ അതാതു കാലങ്ങളിലെയും ദേശങ്ങളിലേയും തൊഴിൽസംസ്കാരവുമായാണു് നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നതു്. ദുഃഖവും ദുരിതവുമൊക്കെ നാടൻപാട്ടുകളിൽ കൂടുതൽ കാണുന്നത് അന്നത്തെക്കാലത്ത് മനുഷ്യർ അനുഭവിച്ച വേദനയുടേയും യാതനയുടേയും ബഹിർസ്ഫുരണങ്ങളാണ്. എങ്കിലും നാടൻപാട്ടുകളിലും ചിന്തുകളിലും ഹാസ്യത്തിനും പ്രാധാന്യം നല്കിക്കൊണ്ടുള്ള കുറേയേറെ പാട്ടുകളുണ്ട്.“അയ്യയ്യോ ഏനൊരു പോയത്തം പറ്റ്യേ,
പാച്ചോറുന്നും നണ്ണി പയങ്കഞ്ഞിമോന്ത്യേ”(ഇതിനു രണ്ട് രണ്ട് വ്യാഖ്യനങ്ങളുണ്ട്, ഒന്നു തമ്പ്രാന്റെ വീട്ടിലെ ‘സൽക്കാരത്തിനുപോയപ്പോൾ ലഭിച്ചതു പാൽച്ചോറാണെന്ന് കരുതി, പക്ഷേ പഴങ്കഞ്ഞിയായിരുന്നെന്ന്. രണ്ടാമത്തേത് കോരന് എന്നും ലഭിക്കുന്നത് അന്തിക്കരിക്കാടിയാണെന്നും !) പണ്ട് അമ്മാമ്മ പാടിപ്പകർന്ന ഒരു പാട്ടും ഓർമ്മയിൽ :“ ഏറോട്ട് നോക്കെടി ചക്കീ
എറോപ്ലേൻ പോണത് കണ്ടോ,
അയ്യയ്യോ ആരുടെ വേല
യൂറോപ്യന്മാരുടെ വേല”(ആദ്യമായി ആകാശത്ത് പറക്കുന്ന വിമാനത്തെ കണ്ടുള്ള സന്തോഷമാണീ വരികളിൽ)ഹാസ്യത്തിന്റെ അകമ്പടിയോടെ കാര്യം പറയുന്ന ഒരു നാടൻപാട്ടാകട്ടെ ഇത്തവണ. നാടോടിപ്പാട്ടുകൾ എഴുതുന്നവർക്ക് ഇതിലെ ഗ്രാമ്യവാക്കുകൾ വളരെ പ്രയോജനപ്പെടും.
ഞാൻ ഇവിടെ എടുത്തെഴുതുന്ന പല നാടോടിച്ചിന്തുകളും വായ്മൊഴിയായി പകർന്നുകിട്ടിയതാണ്. മുമ്പൊക്കെ ഞാൻ അതു പകർത്തിവയ്ക്കാറുണ്ടായിരുന്നു. ഇപ്പോൾ സമയം കുറവാണ്. അതുകൊണ്ടുതന്നെ ഇത്തരം പാട്ടുകൾ ഇഷ്ടപ്പെടുന്നവർ അതു പകർത്തിവയ്ക്കുക. നാളത്തെ തലമുറയ്ക്കും അതു പ്രയോജനമാകട്ടെ. മുമ്പെപ്പോഴോ ഇതൊക്കെ ഒരു പുസ്തകമാക്കണം എന്നു കരുതിയിരുന്നു. ഇപ്പോൾ താത്പര്യം കുറഞ്ഞു എങ്കിലും അഭിരാമത്തിലുള്ളവർക്ക് അത് ഉപകാരമാകട്ടെ എന്നു കരുതുന്നു.
0000000000000000000000000000000000000000000തക്കാരം 1
&&&&&&ആരമ്പാനീയെവ്ടപ്പോയീന്ന്
ആറാങ്കോട്ടത്ത് ബല്ലിക്ക് (2)പോയേ,
അവുടത്തെത്തണ്ടായ(3)നെന്ത്പറഞ്ഞു;
ബയ്യനെ(4) തല്ലാനും കുത്താനും പാഞ്ഞു;
അവുട്ന്ന് പിന്നെ നീയെന്തെന്ന് ചെയ്തു
കാട്ടാമ്പള്ളീക്കൈതക്കാട്ടില് പോയേ,
കൈതക്കാട്ട്ന്ന് പൂവും പറച്ചു
തട്ടാങ്കൊട്ടന് പൂകൊടുത്വേ
കൊട്ടനെനക്കൊര് പൂത്താലിതന്ന്വേ (5)
താല്യോണ്ട് ഞാനൊരു പെണ്ണ് കെട്ട്യേ;
കെട്ട്യോളെ ഞാനെന്റെ ചാളേല് (6) കേറ്റ്യേ,
ചാളേന്ന് എനക്കൊരു ചൂടി കിട്ട്യേ;
ചൂടീനെക്കൊണ്ടൊര് (7) കടച്ചീന(8)കെട്ട്യേ
കടച്ചിയൊരു കുന്തി(9)ച്ചാണമ്ട്ട്വല്ലോ,
അച്ചാണം വെറ്റ്ലക്കൊടിക്ക് ഞാൻ വെച്വേ
ഒരു കെട്ട് വെറ്റ്ല പറച്ച് വെച്വേ;
ബായപ്പോളേല് (10) അട്ക്കിയ വെറ്റ്ല
കക്കാട്ടെ അമ്മായിക്ക് കൊണ്ട്കൊടുത്തേ;
അമ്മോമനമ്മായി തുമ്മാൻ ത്ന്ന്നൂ
അമ്മായി തന്നൊര് ചോറ്റ് പൊതി,
ആച്ചോറ് പതപ്പിച്ച പാലിലിട്ടൂ
പാപ്പാച്ചം(11) കുടിക്കാൻ ഞാൻ പ്ലായിലയേന്തീ
പ്ലായിലമുമ്മനും(12) ചോര കണ്ടു
പ്ലായില തോട്ട്ക്കയുകുന്നേരം(13)
ബെള്ളത്തിൽ ബാളേനെ തൊപ്പൻ കണ്ട്വേ(14)
ബാളേനെ പ്ടിച്ചിറ്റ് മാപ്ലപ്പൊരേലെ(15)
മങ്ങലത്തിന്ന് (16) ഞാൻ കായ്ചബെച്ചു,
ബാളക്കറിയങ്ങ് ബറ്റനെ ബെച്ചിറ്റ്(17)
പൊയ്യാപ്ല (18)ക്കുമ്മ തക്കരിച്ച്വേ.
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^1, സൽക്കാരം (വിരുന്ന്) 2,കർഷകത്തൊഴിലാളിക്കു ധാന്യമായി കിട്ടുന്നകൂലി, വല്ലി. 3,തീയ്യർ, 4,പിന്നാലെ(വഴിയെ) 5, വെള്ളികൊണ്ടുണ്ടാക്കുന്ന ചെറിയ താലി. 6,പുലയന്റെ കുടിൽ. 7,ചൂടിയെക്കൊണ്ട്. 8,കന്നുകുട്ടിയെ, 9, കട്ട. 10, വാഴപ്പോള. 11,പാൽപ്പായസം. 12,മുഴുവനും.13,തോട്ടിൽ കഴുകുമ്പോൾ. 14,വാള(ഒരു തരം മത്സ്യം) 15,മാപ്പിളയുടെ (മുസൽമാന്റെ)വീട്ടിൽ. 16,വിവാഹാടിയന്തരം. 17,അധികം വെള്ളമാക്കാതെ വറ്റിച്ചുവറ്റിച്ച്. 18, പുതിയ മാപ്പിള(പുയ്യാപ്ല എന്ന ശരിയായ രൂപം)
====================================ഒരു മുസ്ലീംഭവനത്തിൽ പലപ്പോഴും വേലയെടുത്ത് ഉപജീവനം നേടുന്ന പുലയൻ, ആ ഭവനത്തിലെഒരാൾ വിവാഹംചെയ്ത അവസരത്തിൽ, വാളമത്സ്യം കാഴ്ചവച്ചു. മണവാളനെ സല്ക്കരിക്കാനുള്ള വിഭവങ്ങളുടെ കൂട്ടത്തിൽ ആ ഭവനത്തിലെ ഉമ്മ വാളമത്സ്യക്കറി നന്നായി പാചകം ചെയ്ത് വിളമ്പി. അങ്ങനെ ആ വീട്ടിലുള്ളവരെ സന്തോഷിപ്പിച്ചതിൽ പുലയൻ ആഹ്ലാദിക്കുന്നു. എളിയ ജീവിതം നയിക്കാൻ കഠിനമായ ദേഹാദ്ധ്വാനം ചെയ്തും, വിഭവമുള്ളവരെ ആശ്രയിച്ചുംവരുന്ന അധ:കൃതരുടെ നല്ല സ്വഭാവത്തെ ഈ ചെറിയ നാടോടിപ്പാട്ട് തുലോം സരസമായി വെളിപ്പെടുത്തുന്നു. അന്ത്യജനും അഗ്രജനും വർഗ്ഗവും വർണ്ണവുമൊന്നുമല്ല മനുഷ്യർ നോക്കേണ്ടത് എന്ന തത്ത്വജ്ഞാനം അന്നുള്ളവർക്ക് നന്നേ അറിയാമായിരുന്നു.ഇന്നുള്ളവർക്കോ?00000000000000000000000000000000000000000000000 ?
വിജ്ഞാനപ്രദം ...
ReplyDeleteസെക് ചെയ്ത സൂക്ഷിച്ച വെക്കുന്നു ..
നന്ദി ചന്തുവേട്ടാ ..!
എള്ള് മൊളച്ചിറ്റ് ഈരില വിരിയുമ്പം
ReplyDeleteഎണ്ണയിരിപ്പതെവിടെ?
എന്ന പോലെ രസകരവും ചിന്തനീയവും..ഒരുപാട് പഠിക്കാനുള്ളതാണ് ഇത്.ആശംസകള്‍
തിളക്കമാര്‍ന്ന പഴമയുടെ മണിമുത്തുകളുടെ കിലുക്കം.
ReplyDeleteആശംസകള്‍ ചന്തു സാര്‍