Saturday, June 4, 2011

സ്വാപം(കവിത)

                                സ്വാപം


ഇനി ഞാന്‍ ഉറങ്ങട്ടെ കാന്തേ ;
ഇടവഴിയിൽ കാരയും കള്ളി മുള്ളും താണ്ടി
നോവുന്ന പാദവും വെമ്പുന്ന ഹൃത്തുമായ്
പാന്ഥന്‍ ഞാന്‍ നല്‍വഴി തേടി നടന്നിട്ടും
കാണായ ദൂരത്ത്‌ കണ്ടതില്ല ,
കാണുമെന്നാശയോ കൈവിട്ട നേരത്ത്
കരളുരുകി ചൊല്ലുന്നു കാന്തന്‍
                         ഇനി ഞാന്‍ ഉറങ്ങട്ടെ കാന്തേ ;

അച്ഛനും അമ്മയ്ക്കും പറ്റിയ കൈപ്പിഴ
കാലത്തിനറിയാതെ വന്ന താളപ്പിഴ
പഴിക്കുന്ന ലോകത്തിന്‍ നടുവിൽ ഗ്രഹപ്പിഴ
പാവം; നീ ചൊല്ലാതെചൊല്ലും ശനിപ്പിഴ
  ഇനി ഞാന്‍ ഉറങ്ങട്ടെ കാന്തേ ;

ഗാത്രത്തിലെവിടെയും നുറുങ്ങുന്ന വേദന
ഹൃദന്ത വീണക്കമ്പി  പൊട്ടിയ വേദന
ആസ്മ; കൊക്കിച്ചുമയ്ക്കുന്ന വേദന
ശ്വാസത്തിനായി ശ്വസിക്കുന്ന യാതന
തരിശായ ശിരസ്സിലോ എരിയുന്ന വേദന
മരുന്നോടും ഞരമ്പിനു  മരുന്നില്ലാ വേദന
ഒരു കാത് മരവിച്ചു, മറു കാതിൽ  വേദന
ഉറങ്ങാത്ത കണ്ണുകളിലെരിവാര്‍ന്ന വേദന
മരുന്നുള്ളിൽ കാളുന്ന വയറിന്റെ വേദന
മനസ്സിന്‍റെ ഭാരമോ വഴി വിട്ട വേദന
                       ഇനി ഞാന്‍ ഉറങ്ങട്ടെ കാന്തേ ;

ഇരുപതു  വത്സരം നിന്നെ അറിഞ്ഞില്ല
നീയെന്നെയറിഞ്ഞില്ല ,തെറ്റെന്റെ കീശയിൽ
ഭാരമായ്‌ ഭാരിച്ച കുറ്റബോധഘനം രാരിനെ-
നെല്ലൂരിൽ ഉരുട്ടിക്കയറ്റിയും,പൊട്ടിച്ചിരിച്ചും
പുലഭ്യം പറഞ്ഞും ഞാന്‍ ഇന്നൊരിളയതായ്
നാറാണത്തലയുന്നു.
        
വെട്ടിപ്പിടിക്കുവാന്‍ വെമ്പിയ യൗവനം
വെട്ടേറ്റു വീണതോ എണ്ണാക്കണക്കുകള്‍
ലക്ഷങ്ങൾ ലക്ഷ്യങ്ങൾ തട്ടിച്ചിതറി  
കിട്ടാക്കടമൊരു കിട്ടാക്കടങ്കഥ.
നേടുവാന്‍ തേടിനടന്ന വഴിയൊക്കെയും
നിയതി നിമിത്തങ്ങള്‍  കൊണ്ടടച്ചു.
തകര്‍ന്നുള്ള ജീവിതം എന്നെതകര്‍ത്തു
നിന്‍ സ്വപ്നസാമ്രാജ്യം ഞാന്‍ തകര്‍ത്തു.

കാളക്ക് കഠിനം ഭാരവണ്ടി , മമ
പ്രിയക്കസഹ്യമീ കൽക്കരി പുകവണ്ടി
വേഗതയാര്‍ന്നില്ലൊരിക്കലും ജീവിത
പാളത്തിലിഴയുന്ന തീവണ്ടി .
ഇഴയുന്നോരുരഗത്തിൻ മാളമങ്ങകലെ
എത്തിപ്പെടുവാന്‍ കഴിയില്ല സത്യം ,
        ഇനി ഞാന്‍ ഉറങ്ങട്ടെ കാന്തേ ;

                     ***************

56 comments:

  1. അഞ്ച് വർഷങ്ങൾക്ക് മുൻപ് എഴുതിയ കവിത.... സ്വാപം

    ReplyDelete
  2. തലേല്‍ മുഴുവനായും കയറാത്തതില്‍ എന്നെ പറഞ്ഞിട്ട് കാര്യമില്ല, എന്റെ തല!!
    സ്വാപം എന്നതേ മനസ്സിലായില്ലാ, അതിനാല്‍ കവിതയ്ക്ക് വാക്കുരിയാടാതെ ഞാനിവിടൊക്കെയൂണ്ട്, എന്താണെന്നറിയണല്ലോ,..

    ReplyDelete
  3. @@ നിശാസുരഭി :സ്വാപം എന്നാല്‍ സ്വപ്നം എന്നും ഉറക്കം എന്നും അര്‍ഥങ്ങള്‍ ഉണ്ട് .ചന്തുവേട്ടന്റെ കവിത വായിച്ചാല്‍ "ഉറക്കം "(അയ്യോ അതല്ല ഉദ്ദേശിച്ചത് :)
    എന്ന അര്‍ത്ഥത്തിനാണ് പ്രാധാന്യം .ഉറങ്ങിയാല്‍ സ്വപ്നവും കാണാമല്ലോ ..അങ്ങനെയും ആ പ്രശ്നം സോള്‍വ്ട്...:-)
    ഈ കവിത വായിച്ചപ്പോള്‍ അത്യുജ്വലമായ സഫലമീ യാത്ര എന്ന കവിതയും അതെഴുതിയ അനശ്വര കവി എന്‍ .എന്‍ .കക്കാടിനെയും ഓര്‍മവന്നു.. ആ കവിതയില്‍ രോഗാതുരനായ കവി തന്റെ സഖിയോടോത്തുള്ള മൂപതിറ്റാണ്ടു നീണ്ട കയ്പ്പും മധുരവും ചവര്‍പ്പും നിറഞ്ഞ ജീവിതം ..സഫലമായിരുന്നു എന്ന ആത്മ നിര്‍വൃതി പങ്കു വച്ച് കൊണ്ടാണ് പാടുന്നത് ..എന്നാല്‍ ഇവിടെ ഇരുപതു വര്ഷം നീണ്ട ദാമ്പത്യം പരസ്പരം അറിയാതെയും മനസിലാക്കതെയും ആണ് കടന്നു പോയതെന്ന് കവി തുറന്നു പറയുന്നു .ചങ്ങമ്പുഴ ഇതേ സ്വഭാവക്കാരന്‍ ആയിരുന്നു ,,രാത്രിയാകുമ്പോള്‍ കുടിച്ചു കുന്തം മറിഞ്ഞു വന്നു ഭാര്യ (ശ്രീദേവി )യെ പുലഭ്യം പറയും മര്‍ദിക്കും,,നേരം വെളുത്തു കള്ള് ഇറങ്ങുമ്പോള്‍ ചെയ്തു പോയ തെറ്റോര്‍ത്ത് പശ്ചാത്തപിക്കും ,വിലപിക്കും പ്രിയതമയോട് മാപ്പ് ചോദിക്കും ,തെറ്റ് ആവര്‍ത്തിക്കില്ലെന്ന് തലയില്‍ കൈ വച്ച് ആണയിടും...വൈകിട്ട് പഴയ പരിപാടി തുടരുകയും ചെയ്യും . അത് പോലെ ചന്തു വേട്ടന്റെ കവിതയിലെ നായകന്‍ പറയുന്നു താന്‍ നല്ല വഴി തേടിയിട്ടും ഇത് വരെ അങ്ങനെയൊന്നു കണ്ടതില്ല എന്ന് ! വഴിതെറ്റിയ പാതകളിലൂടെ സഞ്ചരിച്ചു രോഗത്തിന്റെയും വേദനകളുടെയും മരുന്നുകളുടെയും അടിമയായ , ഞാന്‍ സ്വയം എന്നെ തകര്‍ത്തു എന്ന് മാത്രമല്ല എന്നോടൊപ്പം കൂടിയ നിന്നെയും തകര്‍ത്തു, എന്ന് ഒടുവില്‍ പശ്ചാത്തപിക്കുന്നു! അത് കൊണ്ട് ഞാന്‍ ഉറങ്ങാന്‍(അന്ത്യ നിദ്ര യ്ക്ക് ) പോവുകയാണു ,എനിക്ക് വിട തരിക എന്നാണ് കവി ആവശ്യ പ്പെടുന്നത് ..അഥവാ ഇങ്ങനെയൊക്കെ യാണ് ഞാന്‍ ഈ കവിത വായിച്ചെടുത്തത് ..
    മറ്റൊന്ന് ,ചന്തുവേട്ടന്‍ കുറച്ചു നാളായി ചികിത്സയില്‍ ആണെന്ന് അറിയാം ,, ശരീരത്തിലും രക്തത്തിലും മേദസ്സ് അഥവാ കൊഴുപ്പ് (cholesterol ) അടിഞ്ഞു കൂടിയതാണ് കാരണം .അദ്ദേഹം അതില്‍ നിന്ന് സാവധാനം മുക്തനായി മിടുക്കനായി വരുന്നു എന്ന് നമുക്ക് സന്തോഷിക്കാം .പക്ഷെ ഏട്ടന്‍ എഴുതുന്ന സാഹിത്യ ഭാഷ യെ അടിയന്തിരമായി ചികിത്സയ്ക്ക് വിധേയ മാക്കണം എന്നാണു എന്റെ വിനീതമായ അപേക്ഷ .കാരണം ശരീരത്തില്‍ നിന്ന് വിട്ടകന്ന മേദസ് ഭാഷയെ വണ്ണം വയ്പ്പിക്കുന്നതായാണ് ഈ കവിതാ ശരീരം ടെസ്റ്റ്‌ ചെയ്തപ്പോള്‍ മനസിലായത് .കവിതയെ പുഷ്ടിപ്പെടുത്താല്‍ പോഷക മൂല്യ മുണ്ടെന്നു കരുതുന്ന ചില പദ സഞ്ചയങ്ങള്‍ വയറു നിറയെ കുത്തിനിറച്ചു കൊടുത്തത് ദഹനക്കേടായി മാറി യിട്ടുണ്ട് . ശരീരത്തില്‍ ആയാലും ഭാഷയില്‍ ആയാലും ദുര്മേദസ് അടിഞ്ഞു കൂടിയാല്‍ ആരോഗ്യവും ശരീരവും ഒരു പോലെ ചീര്‍ത്തു രോഗാതുരമാകും..
    കാല്‍ നൂറ്റാണ്ട് കാലം നല്ല പകുതിയായി കൂടെക്കഴിഞ്ഞ പാവം ഏട്ടത്തിയെ അറിഞ്ഞില്ല ,മനസിലാക്കിയില്ല എന്നൊക്കെ യുള്ള ഈ കവിത കാണിച്ചു കരയിക്കരുതെ ...:-)
    ഭാഷയെയും ഒന്ന് ഉഷാറാക്കി എടുക്കാം ,,നേര്‍പ്പിച്ചു സുന്ദരം ആക്കാം ,തല്‍ക്കാലം രണ്ടു പേരും കാട്ടാക്കട മുതല്‍ തിരുവനന്തപുരം വരെ ദിനവും കുറച്ചു ദൂരം നടക്കട്ടെ ...വകതിരിവില്ലാതെ ഇതൊക്കെ വിളിച്ചു പറഞ്ഞതിന് എന്നോട് പരിഭവിക്കരുതേ ..:)

    ReplyDelete
  4. അത്രക്കങ്ങട്ട് മനസ്സിലായില്ല.

    ReplyDelete
  5. രമേശിന്റെ കമന്റിലൂടെയാണ് കുറേയൊക്കെ മനസ്സിലാക്കിയത്. വരികള്‍ കുറച്ചൊക്കെ മനസ്സിലായെങ്കിലും അതിനുപിന്നിലെ ആന്തരാര്‍ത്ഥം മനസ്സിലാക്കുവാന്‍ രമേശിന്റെ കമന്റിലൂടെ കഴിഞ്ഞു. ട്രീറ്റ്മെന്റിലാണെന്നൊന്നും അറിയില്ലായിരുന്നു കേട്ടോ.. സുഖമായി വരുന്നു എന്നത് സന്തോഷം ഉള്ള കാര്യം തന്നെ. പെട്ടന്ന് ആരോഗ്യം വീണ്ടെടുക്കട്ടെ..

    കവിതയില്‍ പദസഞ്ചയങ്ങള്‍ ഒരുപാട് കുത്തിത്തിരുകണ്ട എന്ന രമേശിന്റെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. കടിച്ചാല്‍ പൊട്ടാത്തത് എഴുതിയാല്‍ മാത്രമേ കവിതയാവൂ എന്നുമില്ലല്ലോ. ഒപ്പം കുറേയേറെ അക്ഷരത്തെറ്റുകള്‍ കണ്ടു സുഹൃത്തേ.. കഴിയുമെങ്കില്‍ അവ തിരുത്തുക. ബ്ലോഗല്ലേ എഡിറ്റിങിന് അവസരമുണ്ട്. കവിതയില്‍ അക്ഷരത്തെറ്റുകള്‍ കാണുമ്പോള്‍ വല്ലാത്ത ഒരു അസ്വസ്ഥത. പിന്നെ ഈ കവിത വായിച്ചപ്പോല്‍ ചില വേള എനിക്ക് കടമനിട്ടയുടെ കുറത്തിയും ശാന്തയുമൊക്കെ മനസ്സില്‍ വന്നു. വ്യത്യസ്ഥമായി എഴുതുന്ന ചന്തുമാഷിന് ഇനിയും നല്ല കവിതകളും കഥകളും ചിന്തകളും ബ്ലോഗിന് നല്‍കാന്‍ കഴിയും എന്നത് തീര്‍ച്ച.

    ReplyDelete
  6. അങ്കിളേ ചിന്തകള്‍ മുഴുവന്‍ നെഗറ്റീവ് ആണല്ലോ,ചേച്ചിയെ കാണിക്കണ്ട.. :)
    കവിത എനിക്കിഷ്ടപ്പെട്ടു..
    "ശ്വാസത്തിനായി ശ്വസിക്കുന്ന യാതന" ഈ വരി ഏറെ ഇഷ്ടപ്പെട്ടു..

    ReplyDelete
  7. ആദ്യം വായിച്ചപ്പോള്‍ ഒട്ടും പിടികിട്ടിയില്ല (സ്വാപം എന്നാ വാക്ക് പോലും). പിന്നെ രമേശേട്ടന്റെ കമന്റു വായിച്ച ശേഷം ഒന്നുകൂടി വായിച്ചപ്പോള്‍ മനസ്സിലായി. (എന്നാലും രണ്ടു മൂന്നു വാക്കുകള്‍ ഇപ്പോഴും പിടികിട്ടിയിട്ടില്ല.. സ്കൂളില്‍ പഠിച്ച സമയം മലയാളത്തിനു ഉഴപ്പിയതാവാം കാരണം) . ബന്ധങ്ങളെ ഹൃദയം തുറന്നു ആവിഷകരിച്ചത് ഇഷ്ടപ്പെട്ടു. ഇരുപതു വര്ഷം അല്ലെ നഷ്ടപ്പെട്ടുള്ളൂ.. ഇനി എത്രയോ വര്‍ഷങ്ങള്‍ കിടക്കുന്നു.. ഒക്കെ ശരിയാക്കി സന്തോഷിക്കാന്‍. ആശംസകള്‍ ചന്തുവേട്ടാ ..

    ReplyDelete
  8. നന്ദി ര്‍മേശ് അരൂര്‍
    ഒരുവേള സഫലമീയാത്ര എന്നിലൂടെയും കടന്ന് പോയിരുന്നു..

    ReplyDelete
  9. രമേഷ്ജിയുടെ വിശദമായ കമന്റില്‍ കൂടിയാണ് കവിതയെ കൂടുതല്‍ അറിയുന്നത്. അതുകൊണ്ടുതന്നെ ഞാന്‍ കാര്യമായി ഒന്നും പറയുന്നില്ല.
    കവിത വായിച്ചപ്പോള്‍ നല്ല ഒരു താളം ലഭിച്ചു എന്ന് മാത്രം പറയുന്നു.

    ReplyDelete
  10. ചന്തുവേട്ടാ...മരണം കാത്തു കിടക്കുന്ന ഒരു മനുഷ്യന്റെ കുമ്പസാരമാണെന്നു മനസ്സിലായി....അതിലപ്പുറം പോകാന്‍ ഈ ചാണ്ടിക്ക് കെല്‍പ്പില്ല...ക്ഷമിക്കണേ...
    രമേശേട്ടാ....ഒരു സാഹിത്യനിരൂപകനാവാനുള്ള എല്ലാ സ്കോപ്പും ഉണ്ട്...കലാകൌമുദിയിലെ ശ്രീ. എം. കൃഷ്ണന്‍ നായരുടെ സാഹിത്യവാരഫലം ഓര്‍മയില്‍ വന്നു....

    ReplyDelete
  11. വെട്ടിപ്പിടിക്കുവാന്‍ വെമ്പിയ യൗവനം
    വെട്ടേറ്റു വീണതോ എണ്ണാക്കണക്കുകള്‍
    ലക്ഷങ്ങൾ ലക്ഷ്യങ്ങൾ തട്ടിചിതറി
    കിട്ടാക്കടമൊരു കിട്ടാക്കടങ്കഥ. ഇഷ്ടായി.......
    ചന്തു ഏട്ടനു ആശംസകൾ.....
    രമേഷ്ജിക്ക് നന്ദി...

    ReplyDelete
  12. അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം അവസ്ഥയില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് ഈ പോസ്റ്റില്‍ നിന്നും ( ഞങ്ങൾക്ക് 26 വയസ്സ്......)
    മനസ്സിലായി. ഇനിയും കാര്യമായ പുരോഗതി ഉണ്ടാകാന്‍ ആശംസിക്കുകയും ചെയ്യുന്നു.കവിതയെക്കുറിച്ച് രമേശ്ജി പറഞ്ഞ സ്ഥിതിക്ക് ഞാന്‍ കൂടുതല്‍ ഒന്നും പറയുന്നില്ല . ഒരിക്കല്‍ക്കൂടി ആശംസകള്‍ ................

    ReplyDelete
  13. അല്പം ധിറുതിയായി എഴുതിയതു പോലെ...
    എഴുത്തിലെ ചന്തം തികഞ്ഞില്ല.

    ReplyDelete
  14. രമേശേട്ടന്റെ അഭിപ്രായത്തിൽ നിന്നുമാണു എനിക്കും കുറച്ചൊക്കെ മനസ്സിലാക്കാൻ കഴിഞ്ഞത്.

    ReplyDelete
  15. നല്ല വരികള്‍ .... .വെട്ടിപ്പിടിക്കുവാന്‍ വെമ്പിയ യൗവനം
    വെട്ടേറ്റു വീണതോ എണ്ണാക്കണക്കുകള്‍... പക്ഷെ ഇനിയും ലളിത സുന്ദരമാക്കാമായിരുന്നു ഈ കവിത എന്നൊരു തോന്നല്‍ എന്റെ ഉള്ളില്‍ ഇല്ലാതില്ല..ആശംസകള്‍.. ഭാവുകങ്ങള്‍ ഇനി ഞാനുറങ്ങട്ടെ..

    ReplyDelete
  16. ആശംസകള്‍, ചന്തുവേട്ടന്‍....

    നന്ദി രമേഷട്ടന്....

    ReplyDelete
  17. കവിതയെപ്പറ്റി പറയാന്‍ ആളല്ല, നല്ല ഈണത്തില്‍ ചൊല്ലാന്‍ കഴിഞ്ഞ കവിത എന്ന് മാത്രം പറയാം.

    രമേഷ്ജീയുടെ വ്യാഖ്യാനം വളരെ നന്നായി, പക്ഷേ, ഒരു കഥ അല്ലെങ്കില്‍ കവിത രചയിതാവിന്റെ ജീവിതം എന്ന തെറ്റിദ്ധാരണ, നമ്മള്‍ ബ്ലോഗ്ഗര്‍മാര്‍ക്കിടയില്‍ മാത്രം കാണുന്ന പ്രവണതയാണ്.അത് തിരുത്തേണ്ടിയിരിക്കുന്നു....

    ReplyDelete
  18. @@കുഞ്ഞൂസേ :ഞാന്‍ അത് ചന്തുവേട്ടന്റെ ജീവിതം ആണെന്ന് പറഞ്ഞിട്ടേ ഇല്ല .ചന്തുവേട്ടന്റെ നായകന്‍ എന്നാണു ഒരിടത്ത് പ്രത്യേകം പറഞ്ഞിട്ടുള്ളത്
    ആ ഭാഗം നോക്കൂ :-
    -------------------------------------------------------------------------------------------------------
    "അത് പോലെ ചന്തു വേട്ടന്റെ കവിതയിലെ നായകന്‍ പറയുന്നു താന്‍ നല്ല വഴി തേടിയിട്ടും ഇത് വരെ അങ്ങനെയൊന്നു കണ്ടതില്ല എന്ന് ! വഴിതെറ്റിയ പാതകളിലൂടെ സഞ്ചരിച്ചു രോഗത്തിന്റെയും വേദനകളുടെയും............."
    ----------------------------------------------------------------------------------------------------------
    പക്ഷെ ഒന്ന് പറയാം എത്ര മറച്ചു പിടിച്ചാലും എഴുത്തില്‍ അനുഭവവും ആത്മാംശവും കലരും .അത് സ്വാഭാവികം :)

    ReplyDelete
  19. “നിന്‍ കഥയോര്‍ത്തോര്‍ത്തെന്‍ കരളുരുകി-
    സ്സങ്കല്‍പത്തില്‍ വിലയിക്കേ,
    ഏതോനിര്‍വൃതിയിക്കിളികൂട്ടി
    ചേതനയണിവൂ പുളകങ്ങള്‍!
    വേദന, വേദന, ലഹരിപിടിക്കും
    വേദന-ഞാനിതില്‍ മുഴുകട്ടേ!
    മുഴുകട്ടേ, മമ ജീവനില്‍ നിന്നൊരു
    മുരളീ മൃദൂരവമൊഴുകട്ടേ”

    ചങ്ങമ്പുഴയുടെ മനസ്വിനി എന്ന കവിതയിലെ അവസാന വരികളാണു..ആ മനസ്സതു പോലെ ഇവിടെ കാണാം ഇതിലെ നായകനിലും..രമേശേട്ടന്റെ വിശദീകരണം കവിത വേഗത്തിൽ മനസ്സിലാക്കാൻ സഹായിച്ചു..പതിവുള്ള കഠിനപദ സഞ്ചയം ഇല്ലെങ്കിലും ഗാംഭീര്യത്തിനു കോട്ടം തട്ടിയിട്ടില്യാന്നു തോന്നണു..നല്ല ഈണത്തിൽ വായിക്കാൻ കഴിഞ്ഞ ഒരു കവിത..ആത്മാംശം കലർന്നിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും മനോഹരം..
    അസുഖമൊക്കെ മാറി ആയുരാരോഗ്യ സൌഖ്യത്തോടെ ഇനിയും ഒരുപാട് കാലങ്ങൾ വാഴാൻ ദൈവം അനുഗ്രഹിക്കട്ടെ...പ്രാർത്ഥനകളോടെ

    ReplyDelete
  20. നല്ല കവിത ....ഈ കവിത ചൊല്ലി കേള്ല്കാനാവും കൂടുതല്‍ നന്നാവും എന്ന് തോനുന്നു ....
    ഒരുപാട് കവിതകളുടെ ഒരു മിശ്രണം ആണ് ഈ കവിത എന്ന് തോനുന്നു

    ReplyDelete
  21. കവിത മനോഹരം.
    അഭിപ്രായങ്ങള്‍ അതിമനോഹരം
    പ്രാസങ്ങള്‍ ചൊല്ലിനോക്കാനും ഒരു ഹരം തോന്നുണ്ട്

    ReplyDelete
  22. ഞാൻ സ്കൂളിൽ സംസ്ക്രതം ആയിരുന്നു…മലയാളം അത്രയ്ക്കങ്ങട്ട് വശമില്ലാ…ക്ഷമിക്കൂ….

    ReplyDelete
  23. @ രമേശ്.... ചാണ്ടിക്കുഞ്ഞിന്റെ അഭിപ്രായം പോലെ...സത്യത്തിൽ താങ്കളിൽ ഒരു എം. കൃഷ്ണന്‍ നായർ കുടിയേറിയിരിപ്പുണ്ട്... അതു വളരെ നല്ലതാണ് താനും.... എത് രചനയും വിമർശിക്കപ്പെടണം.. എങ്കിലേ ആ എഴുത്തിന്( രചനക്ക്) നില നിൽ‌പ്പൊള്ളൂ... ഇവിടെ എന്റെ അനിയൻ വിശദമായി ഈ കവിതയെ ഉൾക്കൊണ്ട്.. അതിന് ആദ്യമേ നന്ദി...പിന്നെ താങ്കൾ ബുദ്ധിപൂർവ്വം ഉപയോഗിച്ച “ചന്തു വേട്ടന്റെ കവിതയിലെ നായകന്‍ പറയുന്നു താൻ നല്ല വഴി തേടിയിട്ടും ഇത് വരെ അങ്ങനെയൊന്നു കണ്ടതില്ല“ എന്ന പ്രയോഗത്തിൽ. യഥാർത്ഥത്തിൽ കവിയല്ലാ.. കവിയുടെ നായകനാണ് “വഴിതെറ്റിയ പാതകളിലൂടെ സഞ്ചരിച്ചു രോഗത്തിന്റെയും വേദനകളുടെയും മരുന്നുകളുടെയും അടിമയായ , ഞാന്‍ സ്വയം എന്നെ തകര്ത്തുത എന്ന് മാത്രമല്ല എന്നോടൊപ്പം കൂടിയ നിന്നെയും തകര്ത്തു , എന്ന് ഒടുവില്‍ പശ്ചാത്തപിക്കുന്നു! അത് കൊണ്ട് ഞാന്‍ ഉറങ്ങാന്‍(അന്ത്യ നിദ്ര യ്ക്ക് ) പോവുകയാണു ,എനിക്ക് വിട തരിക എന്നാണ് കവി ആവശ്യ പ്പെടുന്നത്“ എന്നെഴുതിയത് നൂറു തവണ സത്യം... പക്ഷേ ‘നൽവഴി‘ എന്ന് ഞാൻ ഉദ്ദേശിച്ചത് തെറ്റായ വഴിയുടെ വിവരീത പദമായിട്ടല്ലാ...മറിച്ച് നല്ലൊരു ജീവിതം എന്ന അർത്ഥത്തിലാണ്... വേദനയും യാതനയും ഇല്ലാത്ത നല്ല വഴി...വിത്തം ഒരു പ്രശ്നമല്ലാ... മറിച്ച് ആരോഗ്യം അത്യാവസ്യമാണ്... കുഞ്ഞൂസ്സ് പറഞ്ഞത് പോലെ “ഒരു കഥ അല്ലെങ്കില്‍ കവിത രചയിതാവിന്റെ ജീവിതം എന്ന തെറ്റിദ്ധാരണ, നമ്മള്‍ ബ്ലോഗ്ഗര്മാ്ര്ക്കി ടയില്‍ മാത്രം കാണുന്ന പ്രവണതയാണ്.അത് തിരുത്തേണ്ടിയിരിക്കുന്നു....“ ( ഇതു താങ്കൾക്ക് മാത്രമല്ലാ മറ്റുൾലവരുടെ കമന്റുകൾക്കും കൂടി)ഇവിടെ ഞാനും എന്റെ നായകനും തമ്മിൽ വ്യത്യാസം കാണുന്നില്ലാ..എന്റെ കഥാപാത്രങ്ങൾ എനിക്ക് ചുറ്റുമുള്ളതാണ് അതുകൊണ്ട് തന്നെ ഞാനുമാണ്.. “എത്ര മറച്ചു പിടിച്ചാലും എഴുത്തില്‍ അനുഭവവും ആത്മാംശവും കലരും .അത് സ്വാഭാവികം“ അതും ഞാൻ സമ്മതിച്ച് തരുന്നൂ..പക്ഷേ.. “എന്നാല്‍ ഇവിടെ ഇരുപതു വര്ഷം നീണ്ട ദാമ്പത്യം പരസ്പരം അറിയാതെയും മനസിലാക്കതെയും ആണ് കടന്നു പോയതെന്ന് കവി തുറന്നു പറയുന്നു .ചങ്ങമ്പുഴ ഇതേ സ്വഭാവക്കാരന്‍ ആയിരുന്നു ,,രാത്രിയാകുമ്പോള്‍ കുടിച്ചു കുന്തം മറിഞ്ഞു വന്നു ഭാര്യ (ശ്രീദേവി )യെ പുലഭ്യം പറയും മര്ദിനക്കും,,നേരം വെളുത്തു കള്ള് ഇറങ്ങുമ്പോള്‍ ചെയ്തു പോയ തെറ്റോര്ത്ത് പശ്ചാത്തപിക്കും ,വിലപിക്കും പ്രിയതമയോട് മാപ്പ് ചോദിക്കും ,തെറ്റ് ആവര്ത്തി ക്കില്ലെന്ന് തലയില്‍ കൈ വച്ച് ആണയിടും...വൈകിട്ട് പഴയ പരിപാടി തുടരുകയും ചെയ്യും എന്ന് രീതി എന്റെ നായകനില്ലാ...(എനിക്കുമില്ലേ..ചിലപ്പോൾ വെറ്റിൽ മുറുക്കുന്ന ഒരു സ്വഭാവാം മത്രമേയുള്ളേ) അതിനെക്കുറിച്ച് ഒരു വ്യംഗ്യം പോലും എന്റെ കവിതയിലില്ലാ.... പിന്നെ താങ്കൾ പറഞ്ഞ മ്റ്റൊരു കാര്യം എനിക്ക് എത്ര ചിന്തിച്ചിട്ടും മനസ്സിലായില്ലാ..“ശരീരത്തില്‍ നിന്ന് വിട്ടകന്ന മേദസ് ഭാഷയെ വണ്ണം വയ്പ്പിക്കുന്നതായാണ് ഈ കവിതാ ശരീരം ടെസ്റ്റ്‌ ചെയ്തപ്പോള്‍ മനസിലായത് .കവിതയെ പുഷ്ടിപ്പെടുത്താൻ പോഷക മൂല്യ മുണ്ടെന്നു കരുതുന്ന ചില പദ സഞ്ചയങ്ങള്‍ വയറു നിറയെ കുത്തിനിറച്ചു കൊടുത്തത് ദഹനക്കേടായി മാറി യിട്ടുണ്ട്“ അതു ഏതു പദ സഞ്ചയങ്ങള്‍ ആണോ ആവോ... കഴിയുന്നതും ഞാനീ‍ കവിതയിൽ ലളിത മായ വാക്കുകളാണ് ഉപയോഗിച്ചിട്ടൂള്ളതു... വാക്കുകൾ ചൂണ്ടിക്കാട്ടിയാൽ അർത്ഥം പറഞ്ഞ് തരാമായിരുന്നൂ...പിന്നെ..ഭാഷയെ നേര്പ്പി്ച്ചു സുന്ദരം ആക്കാം എന്നത് ഞാൻ ചെയ്യാം ,എന്റെ പൊന്നനിയാ...കാട്ടാക്കടയിൽ നിന്നും തിരുവനന്തപുരത്തേക്ക് 22 കിലോമീറ്റർ ദൂരമുണ്ട്... അങ്ങനെ’ആകെ, മൊത്തം,ടോട്ടൽ 44 കി.മി. നടന്നാൽ പിന്നെ 108 വിളിക്കേണ്ടിവരും...പിന്നെ മുറ്റത്ത് ഇറുങ്ങനെ കാച്ച് നിൽക്കുന്ന മൂവാണ്ടൻ മാവും മുറിക്കേണ്ടിവരും...അത് വേണോ..... പിന്നെ ഒരു നന്ദികൂടെ അറിയിക്കുന്നൂ.. താങ്കൾ ഇത്രയും വിശദമായി എഴുതിയത് കോണ്ട് കുറെ നല്ലാ വായനക്കാരെ എനിക്ക് കിട്ടി എല്ലാ ഭാവുകങ്ങളും... മറുപടിയും കാത്ത്........... സ്വന്തം ചന്തുവേട്ടൻ

    ReplyDelete
  24. @@ അഭിനവ കൃഷന്‍ നായരാകാന്‍ എനിക്ക് താല്പര്യം ഇല്ല. എന്റെ രീതിയില്‍ ഞാന്‍ എന്തെങ്കിലും പറയുന്നു അത്രേ ഉള്ളൂ .ഞാന്‍ കഴിഞ്ഞ കമന്റില്‍ പറഞ്ഞു ഞാന്‍ വായിച്ച രീതിയിലാണ് എന്റെ അഭിപ്രായം എന്ന് .അത് കവിയോ മറ്റു വായനക്കാരോ ചിന്തിച്ചത് പോലെ ആകണം എന്നില്ല.ചന്തുവേട്ടന്റെ ..ഈ കവിതയെ ഒരു തരത്തിലും മൂല്യം കുറച്ചു കാണാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. എന്ന് മാത്രമല്ല നന്നായി ആസ്വദിക്കുകയും ചെയ്തു.എനിക്ക് രുചിക്കാതെ വരുന്ന ഒന്നും സ്പര്‍ശിക്കുകപോലുമില്ല. ഇവിടെ അധിക നേരം ചിലവിട്ടത് തന്നെ കവിത ഇഷ്ടപ്പെട്ടത് കൊണ്ടാണ് .ഭാഷയില്‍ ലാളിത്യം വേണം എന്ന് പറഞ്ഞത് .ഏട്ടന്‍ എഴുതിയ എല്ലാവാക്കുകളും ഉപയോഗിച്ച് വരുന്നത് തന്നെ, ഉദാ:
    "ഭാരമായ്‌ ഭാരിച്ച കുറ്റബോധഘനം രാരിനെ-
    നെല്ലൂരിൽ ഉരുട്ടിക്കയറ്റിയും,"
    ഈ വരികളുടെ അര്‍ഥം?? രാര് =ശബ്ദ താരാവലി നോക്കണം എനിക്ക് സന്ദര്‍ഭം വച്ച് കല്ല്‌ എന്ന് മനസിലാക്കുന്നു.ശരിയാകണം എന്നില്ല.നെല്ലൂരില്‍ ഉരുട്ടിക്കയറ്റുക. നാരാണത്തു അലയുന്നു എന്ന വാക്ക് വന്നത് കൊണ്ട് മാത്രമാണ് .എന്റെ തെറ്റുകള്‍ ആകുന്ന വലിയ ഉരുളന്‍ കല്ലുകള്‍ ഞാന്‍ പൊട്ടിച്ചിരിച്ചും പുലമ്പിയും (ഭ്രാന്തനെ പോലെ )ഉരുട്ടിക്കയറ്റുകയും ഉരുട്ടി വിടുകയും ചെയ്യുന്നു.ഈ അര്‍ഥം എനിക്ക് സന്ദര്ഭം ആലോചിച്ചപ്പോള്‍ കിട്ടിയതാണ് ,ശരിയാണോ എന്ന് ആധികാരിക ഗ്രന്ഥം നോക്കിയാലെ ഉറപ്പിക്കാന്‍ പറ്റൂ ,അല്ലെങ്കില്‍ കവിയോ അറിവുള്ളവരോ പറഞ്ഞു തരണം.ഒരു ശരാശരി വായനക്കാരന്റെ അഭിപ്രായം ആണ് ഞാന്‍ പങ്കു വച്ചത്. ഇനി വിവിധങ്ങളായ വേദനകളെ ക്കുറിച്ച് പറയാന്‍ എത്രയധികം വാക്കുകളാണ് ഉപയോഗിച്ചത്. കഷായം,ലേഹ്യം എന്നിവ ഉണ്ടാക്കുന്നത്‌ എങ്ങനെയാണ് ?വറ്റിച്ചു വറ്റിച്ചു നീറ്റി നീറ്റി ഒടുവില്‍ സത്തെടുക്കുന്നു. അത്രയൊക്കെയേ ഞാനും ഉദ്ദേശിച്ചുള്ളൂ..

    എഴുത്തുകാരന്റെ രചനകളും വ്യക്തി ജീവിതവും താരതമ്യം ചെയ്യുന്നതില്‍ ഒരു കാര്യവും ഇല്ല.ഞാന്‍ തന്നെ അതിനു ഇരയായ വ്യക്തിയും ആണ് .ഞാന്‍ എഴുതുന്ന നുണഎല്ലാം വായിച്ചു സുഹൃത്തുക്കള്‍ പരിഹസിച്ചിട്ടുണ്ട് .കാമുകി പിണങ്ങിയിട്ടുണ്ട് :) എന്തിനു ഭാര്യപോലും ദേഷ്യപ്പെട്ടിട്ടുണ്ട് ! എന്റെ ബ്ലോഗിലെ ഒരു കഥ വായിച്ചാല്‍ നിങ്ങള്‍ക്കും അത് തോന്നും .ഒരളവില്‍ അത് ഭാവനയുടെ വിജയം ആണെന്ന് ഞാന്‍ കരുതുന്നു.ചങ്ങമ്പുഴ .കക്കാട്‌ എന്നീ വലിയ കവികളെ ഓര്‍ക്കാന്‍ ഈ കവിത ഇടയായി എന്നത് ഞാന്‍ സൂചിപ്പിച്ചു എന്നേയുള്ളൂ .ഒരിക്കലും അതൊരു താരതമ്യം അല്ല.
    ചന്തുവേട്ടന്റെ കവിതകളും കഥകളും ഇനിയും വേണം.പൂര്‍ത്തിയാക്കാനിരിക്കുന്ന സിനിമാ പ്രോജക്റ്റ് പൂര്‍ത്തിയാകണം അത് വഴി ഞാനും ഒരു സിനിമാക്കാരന്‍ ആകണം(ഹ ഹ ) എന്നിട്ട് മതി മൂവാണ്ടന്‍ മാവോക്കെ മുറിക്കുന്ന കാര്യം ആലോചിക്കാന്‍ :)ഈ രഹസ്യം കൂടി പൊട്ടിച്ചു ,ഇനി ചാന്‍സ് ചോദിക്കുന്ന മെയിലുകള്‍ വായിക്കാന്‍ റെഡി ആയിക്കൊള്ളു ..:)

    ReplyDelete
  25. ഹാ ഭേഷ് .........

    ReplyDelete
  26. രമേശേട്ടാ....ആദ്യത്തെ ചാന്‍സ് ചോദ്യം എന്റെ വക :-)
    വല്ല തെണ്ടിയോ, കള്ളുകുടിയനോ ആയി അഭിനയിക്കാന്‍ എനിക്ക് പ്രത്യേക പരിശീലനമൊന്നും വേണ്ട :-)

    ReplyDelete
  27. എന്റെ കമന്റില്‍ കവിതയെ വ്യക്തിപരമായി നിരീക്ഷിച്ചു എന്ന് തോന്നിയെങ്കില്‍ മാപ്പ്. മോശപ്പെട്ട ഏതൊരു അവസ്ഥയും ആദ്യം അറിയുമ്പോള്‍ അസഹനീയമായി തോന്നുകയും പിന്നീടത് ജീവിതത്തിന്റെ ഭാഗമായി മാറുകയും ചെയ്യാറുണ്ട്. ഞാന്‍ അനുഭവസ്തന്‍ ആണ്. ആദ്യം ഒരിക്കലും പൊരുത്തപ്പെടാന്‍ ആവില്ലെന്ന് തോന്നുകയും പിന്നെ ക്രമേണ ശീലമാകുകയും ചെയ്യുന്നത് കാണാറുണ്ട്.അഞ്ചു വര്ഷം മുന്പെഴുതിയതെന്നു താന്കള്‍ പറഞ്ഞപ്പോള്‍.അതിനെ താങ്കളുടെ പഴയ പോസ്ടിനോട് താരതമ്യപ്പെടുത്തി തമാശ ആക്കാം എന്നെ കരുതിയുള്ളൂ. എന്തെങ്കിലും ബുധിമുട്ടുണ്ടായിട്ടുന്ടെന്കില്‍ ഒരിക്കല്‍ക്കൂടി മാപ്പ് .
    കവിതയെക്കുറിച്ചാണെങ്കില്‍ പിന്നിട്ട വഴികളിലെക്കുള്ള തിരിഞ്ഞു നോട്ടവും മുന്നിലേക്ക്‌ ഇനിയെത്ര എന്നാ ചോദ്യവും ചെറുപ്പത്തില്‍ നിന്നും വയസ്സാകുന്ന ലക്ഷണം ഫീല്‍ ചെയ്യുമ്പോള്‍ ഓരോ മനുഷ്യനും അനുഭവിക്കുന്നതാണ്.അതിന്റെ പ്രതിഫലനം നന്നായി വരച്ചിട്ടുണ്ട് . നന്നായി അവസാനിപ്പിച്ചില്ല എന്ന് തോന്നി അവസ്ഥാന്തരങ്ങള്‍ക്ക് തുടര്‍ച്ച നല്കാനായില്ലെന്നും ...........
    ആശംസകള്‍ .......

    ReplyDelete
  28. അല്ലെങ്കിലേ കവിത മനസ്സിലാവാന്‍ ഇത്തിരി കഷ്ട്ടമാണ് ..ഇതിപ്പൊ ... ന്താ ചെയ്യ്യാ :))

    ReplyDelete
  29. വെട്ടിപ്പിടിക്കുവാന്‍ വെമ്പിയ യൗവനം
    വെട്ടേറ്റു വീണതോ എണ്ണാക്കണക്കുകള്‍
    ലക്ഷങ്ങൾ ലക്ഷ്യങ്ങൾ തട്ടിചിതറി
    കിട്ടാക്കടമൊരു കിട്ടാക്കടങ്കഥ

    ReplyDelete
  30. പ്രീയ രമേശ്...ആദ്യം താങ്കളുടെ സംശയത്തിന് മറുപടി... രാ‍രിനെല്ലൂർ എന്നത് നാറാണത്ത് ഭ്രാന്തൻകല്ല് ഉരുട്ടിക്കയറ്റിയ മലയുടെ പേരാണ്(രാ‍രിനെല്ലൂർ മല) ... നാറാണത്ത് എന്നത് സ്ഥലപ്പേരാണ്........ പ്ന്തീരുകുലത്തിൽ പെട്ട ഒരു കുലമാണ് ‘ഇളയത്’ ഇളയത് എന്ന് ജാതിയിൽ‌പ്പെട്ട ഒരാളണല്ലോ നാറണത്ത് ഭ്രാന്തനെ എടുത്ത് വളർത്തിയത്...പിന്നെ ആരഹസ്യം ഇപ്പോൾ പൊട്ടിക്കണമായിരുന്നോ.... സാരമില്ലാ.. ഇന്നലെയും ആ സിനിമയുടെ ചെറിയൊരു ചർച്ച നടന്നൂ...താമസ്സിയാതെ അത് തുടങ്ങും..ഇപ്പോൾ ആരോഗ്യത്തിന് വല്ല്യ പ്രശ്നമില്ലാ...ഒരു സത്യം കൂടെ പറയട്ടേ.. അഭിനയത്തിലോ,പാട്ട് എഴുത്തിലോ.. എന്റെ ബ്ലോഗ് കൂട്ടുകാരിൽ നിന്നും രണ്ട് മൂന്ന് ആൾക്കാർ ഉണ്ടാകും എന്നത് ഉറപ്പ്..ഫോട്ടോയിൽ രമേശിന് ഇച്ചിരി ശേലൊക്കെയുണ്ട്..കേട്ടോ... അവസരങ്ങൾ കൊടുക്കുന്നതിൽ ഒരു മടിയും ഇല്ലാത്ത ഒരു സാധാരണ സിനിമാ,സീരിയലുകാരനാണ് ഞാൻ കേട്ടോ...വീണ്ടും കാണാം

    ReplyDelete
  31. അഭിനയത്തിലോ,പാട്ട് എഴുത്തിലോ.. എന്റെ ബ്ലോഗ് കൂട്ടുകാരിൽ നിന്നും രണ്ട് മൂന്ന് ആൾക്കാർ ഉണ്ടാകും എന്നത് ഉറപ്പ്..ഫോട്ടോയിൽ രമേശിന് ഇച്ചിരി ശേലൊക്കെയുണ്ട്..കേട്ടോ... അവസരങ്ങൾ കൊടുക്കുന്നതിൽ ഒരു മടിയും ഇല്ലാത്ത ഒരു സാധാരണ സിനിമാ,സീരിയലുകാരനാണ് ഞാൻ കേട്ടോ...വീണ്ടും കാണാം
    ---------------------------------------------------------
    "ഫോട്ടോയിൽ രമേശിന് ഇച്ചിരി ശേലൊക്കെയുണ്ട്."
    അമ്പട ഞാനേ !!! കണ്ടോടാ മക്കളെ ചന്തു ഏട്ടന്‍ എന്നെ സിനിമയില്‍ എടുത്തു!!:) (എടാ എല്‍ദോ നിന്നെ സിനിമയില്‍ എടുത്തെടാ -റാംജി റാവ് സ്പീക്കിംഗ്)..
    സന്തോഷമായി ചന്തു ഏട്ടാ സന്തോഷമായി..:)(ദേ ചന്തു ഏട്ടാ കളി കാര്യം ആകുവേ ! ഇനി അറിഞ്ഞില്ല ,കണ്ടില്ല ,കേട്ടില്ല എന്നൊന്നും പറഞ്ഞേക്കരുത് .

    ReplyDelete
  32. രമേശേട്ടനെക്കാളും കാണാന്‍ ശേല് എനിക്കാണേ :-)

    ReplyDelete
  33. വായനക്കാരുമായി പെട്ടന്നു സംവദിക്കുന്ന ഒരു കെമിസ്ട്രി താങ്കളുടെ രചനകളിൽ കാണാം..അതു തന്നെയാണ്‌ താങ്കളുടെ ശക്തിയും...
    ഭാവുകങ്ങൾ....

    ReplyDelete
  34. @@ ചാണ്ടി :"രമേശേട്ടനെക്കാളും കാണാന്‍ ശേല് എനിക്കാണേ :-)
    ആഹാ ചാണ്ടി ആളു കൊള്ളാലോ ..അയ്യട!! ഇമ്മിളി പുളിക്കും..ഇത് ഒരു മാതിരി ബസ്‌ സ്റ്റാന്റിലെ നമ്മട മറ്റേ ആ അമ്മിണീം തങ്കമണി ചേച്ചീം ഒക്കെ പറയുന്ന പോലാണല്ലോ ചാന്ടീ ..ഒരു മണവാളന്‍ വന്നിരിക്കുന്നു ..:)
    സിനിമേല്‍ എടുക്കണമെങ്കിലേ..ചില്ലറ ഗ്ലാമര്‍ ഒന്നും പോര കേട്ടാ ...

    ReplyDelete
  35. @ രമേശ്...@ചാണ്ടികുഞ്ഞേ.... ഇനിയും ബൂലോകത്തുള്ളവർ എത്തട്ടെ.. എന്നിട്ട് നറുക്കിടാം... മദ്ധ്യസ്തനായി നമുക്ക് നമ്മുടെ സിദ്ധിക്കയെ ക്കൂടെ വിളിക്കാം... അദ്ദേഹവും ഒരു സിനിമാക്കാരനാണല്ലോ....അല്ലേ

    ReplyDelete
  36. ശ്രീകുമാര്‍, സലിംകുമാര്‍, പ്രേംകുമാര്‍ തുടങ്ങിയ ജനുസ്സിലുള്ള ഒരു ഗ്ലാമര്‍ താരമാ ഈ ചാണ്ടികുമാര്‍ രമേശേട്ടാ :-)
    കുഴപ്പമില്ല, എന്റെ ചാണ്ടിത്തരങ്ങള്‍ എന്നെങ്കിലും സിനിമയാക്കുമ്പോള്‍ ഞാനഭിനയിച്ചോളാം :-) അന്ന് പാട്ടെഴുതി തരാം എന്നു പറഞ്ഞു പുറകെ വന്നാ...ഹാ...

    ReplyDelete
  37. നേടുവാൻ തേടിയ വഴിയൊക്കെയും കാണിച്ചു
    നേടുന്നതൊക്കെയും നേട്ടമല്ലെന്ന്
    കണുമ്പോഴൊക്കെയും തോന്നുമക്കരെപ്പച്ചയെന്ന്
    കാണാത്തതൊക്കെയും നല്ലതെന്ന്.

    ReplyDelete
  38. ഇവിടെ എത്തിയ എല്ലാപേർക്കും നന്ദി.... വിശദമായി ഉടനേകാണാം

    ReplyDelete
  39. കവിത ഇഷ്ടായി ചന്തുവേട്ടാ, മനസിലാവാത്ത ചില വരികള്‍ രമേശേട്ടന്റെയും ചന്തുവേട്ടന്റെയും കമന്റുകളില്‍ നിന്നും മനസിലായി.

    (ചന്തുവേട്ടാ, അപ്പൊ എങ്ങനാ... എല്‍ദോനെ മാത്രേ സിനിമേല്‍ എടുത്തുള്ളോ! അതോ ആശാനേം പിള്ളാരേം ഒക്കെ എടുത്തോ !!
    ആ സിനിമ ഇറങ്ങുമ്പോള്‍ കാണണോ എന്നറിയാനാ :)) രമേശേട്ടനോ ചാണ്ടിച്ചായനോ ഓടിക്കും മുന്‍പ് ഞാന്‍ ഓടി.... :)

    ReplyDelete
  40. സാമാന്യം ബോര്‍ ആയിട്ടുണ്ട്.
    വരികള്‍ ഒരു വശത് കൂടിയും ആശയം മറ്റൊരു വഴിയിലൂടെയും.
    നല്ല വായനയുടെ കുറവ്, വരികളില്‍ കാണുന്നു..

    ReplyDelete
  41. എല്ലാപിഴകളുടേയും...വേദനകൾ അല്ലേ ഭായ്

    ReplyDelete
  42. This comment has been removed by a blog administrator.

    ReplyDelete
  43. @ നിശാസുരഭി....വായനക്ക് നന്ദി..സ്വാപത്തിന്റെ അർത്ഥം ഇപ്പോൾ മനസ്സിലായിക്കാണുമല്ലോ. @ എസ്.എം.സിദ്ധിക്ക്...@ രമേശ്...@ മനോരാജ്....@ മഞ്ഞുതുള്ളി.... @ ഏപ്രിൽ ലില്ലി ...@ പാട്ടേപ്പാടം റാംജി..... @ ചാണ്ടിച്ചായൻ....@ പൊന്മളക്കാരൻ....@ ഞാൻ...@ എച്ചുമിക്കുട്ടി....@ മൊയ്ദീൻ...@ ഉമ്മുഅമ്മാർ... @ ഷമീർ തളിക്കുളം....@ കുഞ്ഞൂസ്...@. സീത..@ മൈ ഡ്രീംസ്...@ ചെറുത്...@ തൂവലാൻ...@ സുധി...@ ചെകുത്താൻ...@ കിങ്ങിണിക്കുട്ടീ....@ നികുച്ചേരീ...@ കലാവല്ലഭൻ...@ ലിപി രഞ്ചു...@ മുരളീ മുകുന്ദൻ..... വന്നെത്തിയും, വായിച്ചും, അഭിപ്രായം പറഞ്ഞും,ആശീർവദിച്ചും,തെറ്റുകൾ ചൂണ്ടികാട്ടിയും എന്നെ പ്രോത്സാഹിപ്പിച്ച,പ്രചോദനമരുളിയ നിങ്ങൾക്കോരൊരുത്തർക്കും എന്റെ നന്ദി...

    ReplyDelete
  44. This comment has been removed by the author.

    ReplyDelete
  45. നല്ല താളമുള്ള കവിത.എനിക്കിഷ്ടായിടോ.
    രാജശ്രീയുടെ കമ്മന്റിനോടു ഒട്ടും യോചിക്കാന്‍
    കഴിയുന്നില്ല്യ.

    ReplyDelete
  46. എന്റെ പരിമിതികളില്‍ നിന്നുകൊണ്ട് കമന്റുകളിലൂടെ കവിത മനസ്സിലാക്കി... നന്നായിട്ടുണ്ട്. ആശംസകള്‍

    രമേശേട്ടന് പ്രത്യേകം നന്ദി പറയാതിരിക്കാന്‍ നിവൃത്തിയില്ല. നന്ദി.

    പിന്നേ... വല്ല കോളേജ് കുമാരന്റെ വേഷം ഉണ്ടേല്‍ ഇങ്ങ് തന്നേക്കണേ... ചാണ്ടിച്ചനും രമേശേട്ടനും വല്ല അച്ഛന്റെ റോളോ അമ്മാവന്റെ റോളോ മറ്റോ കൊടുത്താല്‍ മതി... അവരത് ഭംഗിയായി ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. ;) (ഞാന്‍ ഓടിയേ... ഹ..ഹ)

    ReplyDelete
  47. ഒരാളുടെയല്ല ഒരുപാട് പേരുടെ അനുഭവമാണീ കവിത. വെട്ടിപ്പിടിക്കാന്‍ വെമ്പുന്ന യൌവ്വനം. അവസാനം എല്ലാം വ്യര്‍ത്ഥമായിരുന്നു എന്ന് തിരിച്ചറിയുമ്പോള്‍ ഏറെ വൈകിയല്ലോ എന്ന തിക്തയാഥാര്‍ത്ഥ്യം തുറിച്ചു നോക്കുന്നു. എല്ലാം മനോഹരമായി പറഞ്ഞു.

    ReplyDelete
  48. താങ്കളുടെ പ്രൊഫൈലും ഈ കവിതയും കണ്ടിട്ട് ഞാനെന്തു കമന്‍റിയാലും അതൊരധികപ്രസംഗം ആകും.

    ReplyDelete
  49. kavitha nallathu. athmavichinthanam, athu thalathilakan sramichathum nannayi.

    ReplyDelete
  50. @ ലച്ചൂ,@ ഷബീർ,@സലാം, @കുസുമം ആർ പുന്നപ്ര,@ മുകിൽ... വന്നെത്തിയതിനും വായനക്കും വളരെ വലിയ നന്ദി.. പിന്നെ പ്രീയമുൾല വായനക്കാരെ, ഇതെന്റെ വ്യക്തിജീവിതമല്ലാ.. അഞ്ച് വർഷങ്ങൾക്ക് മുൻപ് എന്റെ ഒരു കൂട്ടുകാരനായ രവി കുമാർ എന്ന വ്യക്തിയുടെ ജീവിതമാണ് ഇതെഴുതാനുള്ള നിമിത്തമായത്....അവന്റെ ദുഖം എന്റെ ദുഖമായിക്കണ്ട് അത്രമാത്രം...

    ReplyDelete
  51. ചന്തു ഭായ് എനിക്കിപ്പോഴാണ് ഈ വഴി തുറന്നു കിട്ടിയത് ,രണ്ടു തവണ ഞാന്‍ മെയില്‍ വഴി അറിയിച്ചിരുന്നു, കയറിയപ്പോള്‍ കാണുന്നത് ഇവിടെ ആകെ കോലാഹലം ആണല്ലോ ? എന്തായാലും ചാണ്ടിച്ചായനെ ഞാന്‍ ഇടയ്ക്കിടെ കാണാറുണ്ട്‌, ഷോപ്പിംഗ്‌ ഞങ്ങളുടെ കൂടെയാണ്,പഹയനാനെങ്കില്‍ ഒടുക്കത്തെ ഗ്ലാമറാണ്, രമേഷുജീയെ ഫോട്ടോ കണ്ടാല്‍ തന്നെ അറിയാം ആളൊരു പുലിയാണെന്ന്,അതുകൊണ്ട് എന്തായാലും രണ്ടുപേരും രണ്ടു കിടിലന്‍ വേഷങ്ങള്‍ക്ക് ആപ്റ്റ് ആണ്.ബാക്കിയൊക്കെ നമുക്ക് നേരിട്ട് കണ്ടു ശേരിയാക്കാം.പിന്നെ കവിതയുമായി വല്യൊരു ബന്ധമൊന്നും ഇല്ലാത്തതിനാല്‍ എന്ത് പറഞ്ഞാലും വിവരക്കെടാവും..വീണ്ടും വരാം..

    ReplyDelete
  52. കവിത എനിക്കിഷ്ടമായി..ആരോഗ്യമുണ്ടാവുമ്പോൾ ചെയ്യുന്നതെല്ലാം കുറ്റബോധത്തോടെ വേദനയോടെ ഓർക്കുന്നത് വളരെ നന്നായി അവതരിപ്പിച്ചു...

    ReplyDelete
  53. നിലവാരമുള്ള ലക്ഷണമൊത്ത കവിത..:)

    ReplyDelete
  54. ചന്തുസാർ,
    കവിത ശരിക്കും ഇഷ്ടമ്മായി.
    കവിതയെ പറ്റി കൂടുതൽ അറിയില്ല. നല്ല വായാനാ സുഖം തരുന്ന കവിതകൾ നല്ല ഇഷ്ടമാണ്. ആ ഗണത്തിൽപ്പെടുത്താവുന്ന ഒന്നാണിത്.
    രമേശേട്ടന്റെ കമന്റിലൂടെ കാര്യങ്ങൾ വ്യക്ത്മായി.
    എത്രയും പെട്ടന്ന് സുഖം പ്രാപിച്ചു വരൂ എന്ന് പ്രാർത്ഥിക്കുന്നു.

    ReplyDelete
  55. ഒരു ബിഗ് താങ്ക്സ് രമേഷിന്. വാസ്തവത്തില്‍ പല കവിതകളുടെയും അര്‍ഥം പിടികിട്ടുന്നത് രമേഷിന്റെ കമന്റും കൂടെ വായിക്കുമ്പോള്‍ ആണ്.

    (രമേഷും ചാണ്ടിയും കൂടെ കമന്റ് അരങ്ങ് കൊഴുപ്പിച്ചു. രണ്ടുപേരും നമ്മുടെ പ്രിയപ്പെട്ട കുട്ടികള്‍....ചന്തുവേട്ടന്റെ അടുത്ത പ്രോജക്റ്റില്‍ അവര്‍ക്ക് വേണ്ടി ഞാന്‍ ഇതാ ശുപാര്‍ശ ചെയ്യുന്നു. ഞാനും അഭിനയിച്ച് സഹായിക്കാം. ഇന്നുതന്നെ കറസ്പോണ്ടന്‍സ് അഭിനയക്കോഴ്സ് വല്ലതുമുണ്ടോന്ന് നെറ്റിലൊന്ന് തപ്പിനോക്കട്ടെ)

    ReplyDelete
  56. കവിത ഇഷ്ടായി ചന്തുവേട്ടാ, മനസിലാവാത്ത ചില വരികള്‍ രമേശേട്ടന്റെയും ചന്തുവേട്ടന്റെയും കമന്റുകളില്‍ നിന്നും മനസിലായി.....ഈ കവിത ചൊല്ലി കേള്ല്കാനാവും കൂടുതല്‍ നന്നാവും എന്ന് തോനുന്നു ....

    ReplyDelete