Saturday, February 20, 2016

അഭിരാമവാരഫലം (വിനയന്റെ കവിത - അവലോകനം)

അഭിരാമവാരഫലം (വിനയന്റെ കവിത Vinayan Vjmd )
**********************
ചില വായനകൾ നമ്മേ വളരെയേറെ ചിന്തിപ്പിക്കും, ചിലത് നമ്മിൽ വിഷമം ഉണ്ടാക്കും, മറ്റുചിലതാകട്ടെ, ലളിതകോമളകാന്തപദാവലികളാലും വൃത്ത, (താള)അലങ്കാരങ്ങളാലും സമ്പന്നമായിരിക്കും. ചിലത് ശക്തമായി പ്രതികരിക്കാനുള്ള ആർജ്ജവവും ഉണ്ടാക്കും. അഭിരാമത്തിലെ ഭാരവാഹികൾ ഗദ്യകവിതകളോടോ,ആധുനിക, അത്യന്താധുനികകവിതകളോടോ ഒരിക്കലും മുഖംതിരിഞ്ഞ് നിന്നിട്ടില്ലാ. ഇവിടെ രചനകളിലെ ‘നന്മയെ’ മാത്രമേ ദർശിക്കാറുള്ളൂ, “അന്തജനഗ്രജനില്ലിവിടെ, വർഗ്ഗം വർണ്ണം അരുതിവിടെ സകലരുമമ്മയ്ക്കോമനമക്കൾ ബന്ധുക്കൾ നാം ഒന്നാണേ, നമ്മുടെ അമ്മ; മലയാളഭാഷ
വളരെ മുമ്പേ ഞങ്ങൾ ഉദ്ദേശിച്ചിരുന്ന കാര്യമാണ് ‘അഭിരാമത്തിൽ വരുന്ന രചനകളിൽ വളരെ നല്ലത് എന്ന് തോന്നുന്ന ഒരെണ്ണം ആഴ്ചയിലൊരിക്കൽ അവലോകനംചെയ്യുക എന്നത്. പലരും തിരക്കിലായതുകോണ്ട് അതാത് കവിതകളിലാണ് അവലോകനം നടത്താറുള്ളത്. ഇത്തവണ എന്റെ മനസ്സിൽ സ്ഥാനംപിടിച്ച ഒരു കവിത ഞാനിവിടെ ഉറക്കെ വായിക്കുകയാണ്. വിനയൻ വെഞ്ഞാറുമ്മൂടിന്റെ “പൊറുക്കരുത്..! “ എന്ന കവിതയാണ് എന്റെ കണ്ണിലുടക്കിയത്. ഭാഷയുടെ ലാളിത്യംകൊണ്ടും വരികളിലും വാക്കുകളിലും ഇഴചേർത്ത് തുന്നിയിരിക്കുന്ന ബിബകല്പനകൾ കൊണ്ടും സമൃദ്ധമാണ് ഈ കവിത
പൊറുക്കരുത്..!
____________________
നോക്കിനും മീതേ മഹാസങ്കടങ്ങളിൽ
വാക്കിന്റെ കുഞ്ഞു പിടഞ്ഞൂ...
കാലങ്ങൾ പൊതിയിട്ട കൂരിരുൾക്കട്ടപോൽ
മാനവമഹാവർഗ്ഗമുകുളം ..!
മണ്ണിൽ പുതഞ്ഞുരുണ്ടമറുന്നു തെയ്യങ്ങൾ
പിൻ കറങ്ങുന്നു വിൺപങ്ക !
സ്വപ്നങ്ങൾ പശവച്ച ചീട്ടുകൊട്ടാരങ്ങൾ
തീ പിടിച്ചണയുന്ന മൃത്യു...!
ചോപ്പക്ഷരങ്ങളിൽ വേറിട്ടവാക്കിന്റെ
കൂലിപ്പണത്തിലെത്തുപ്പൽ...!
വെട്ടിപ്പിളർത്തി വിതച്ചിട്ട വിത്തുകൾ -
ക്കുള്ളിൽ കുരുക്കുന്നയിത്തിൾ...!
മട്ടം പിടിക്കാതെ പൊക്കം ചുമക്കുന്ന
പത്തനപ്പേറ്റാട്ടി ഭൂമി...!
വന്ധ്യങ്കരിച്ചമ്മ വാങ്ങുന്ന കാൽപ്പണം
തിന്നിട്ടുമെല്ലിച്ചമക്കൾ...!
ചൂളം വിളിച്ചതിരിലേക്കാട്ടിവീശുന്ന
കാറ്റിന്റെ സീൽക്കാരസൂചി..!
ഗന്ധം കുടിച്ചുയിരുതോറ്റിച്ചുവാങ്ങിയി-
ട്ടട്ടത്തിലേറ്റുന്ന നീതി...!
മാനംകവർന്നിട്ടെരിച്ചു കൊന്നട്ടയെ-
ച്ചുട്ടെന്നഹന്തതൻ ഘോഷം ...!
പൊട്ടിപ്പിളർന്നൊഴുകിയെത്തും നിണപ്പാച്ചി-
ലൊട്ടിപ്പതഞ്ഞു ചെമ്മാനം...!
മണ്ണിലേക്കിറ്റുവാനുപ്പുനീരി -
ല്ലെന്റെ കണ്ണിൽ കലങ്ങുന്നു ചോര...!
രോഹിതേ, "ജന്മമേയപകടം" എന്നെഴുതി
നിന്നെ സ്മൃതിയിൽ പകർത്തേ,
മാരിവില്ലുടയുന്ന മാനത്ത് കാർമുകിൽ
തീമഴു ചുഴറ്റിവിലപിക്കേ,
ഭാർഗ്ഗവനിലൂടെ നിറയുന്നു പ്രതിചിന്തകൾ
ശീഘ്രമൊരു ശപഥമുടലാർന്നോ?
കൂളികളെണീറ്റു വാ.., മറുതകളുമൊടിയനും,
അറുകൊലയുമായി വാ, ...പ്രേതരാജ്യം.
ചുടലകളുണർന്നിവിടെ, സിന്ധുവറ്റി,
കുരുതിഭൂമിയിൽ മാനവനിറച്ചി മാത്രം..!
ജാതിതിമിരം ,മതഭ്രാന്ത്,മങ്ങുന്നെന്റെഭാരതം,
_____________ ബോധി______________
ഹൈദരാബാദ്‌ യൂണിവേഴ്‌സിറ്റിയില്‍ ഗവേഷകനായ രോഹിത്‌ വെമുല എന്ന ദളിത്‌ വിദ്യാർത്ഥിയുടെ ആത്മഹത്യയെക്കുറിച്ച് പലരും കഥകളും കവിതകളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്,മുഖപുസ്തകത്തിലും,മുഖ്യധാരയിലുമൊക്കെ പക്ഷേ,പലതും വിലാപങ്ങൾക്കപ്പുറം അതു നീണ്ടുനിന്നില്ലാ എന്ന് എന്റെ ചില വായനകൾ. ഇവിടെ വിനയൻ,ആ ഹത്യയ്ക്ക് പിന്നിലേയ്ക്കും മുന്നിലേയ്ക്കുംസഞ്ചരിക്കുകയാണ്.
“നോക്കിനും മീതേ മഹാസങ്കടങ്ങളിൽ
വാക്കിന്റെ കുഞ്ഞു പിടഞ്ഞു“ (പിടഞ്ഞൂ എന്ന് ദീർഘിപ്പിക്കണ്ടാ) ഇവിടെ ആ ആത്മഹത്യ നേരിട്ടുകണ്ട വ്യക്തിയാണു കവി എന്നുദ്ദേശിക്കുക. ആ കാഴ്ചയിൽ കണ്ട നോട്ടത്തിനേക്കാളും, ഉള്ളിലാർത്തലച്ചെത്തുന്ന മഹാസങ്കടത്തിൽ ഒരക്ഷരംപോലും പറയാനാവാതെ വാക്കിന്റെ കുഞ്ഞ് ( ചെറുവാക്ക് ) പറയാൻ കഴിയാതിടറിനിന്നു, മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ. ചില വേദനിക്കുന്ന കാഴ്ചകൾ കണ്ടീട്ട്, പ്രതികരിക്കാനാകാതെയുള്ള നിമിഷങ്ങളെ കവി ഓർക്കുന്നു.
“കാലങ്ങൾ പൊതിയിട്ട കൂരിരുൾക്കട്ടപോൽ
മാനവമഹാവർഗ്ഗമുകുളം .“ കാലാകാലങ്ങളിലായിമൂടിയിട്ടിരിക്കുന്ന അവർണ്ണർ എന്ന മാനവരെ കൂരിരുൾകട്ടയായി കവി വിഭാവനം ചെയ്യുന്നു. ആ മാനവവർഗ്ഗമാകട്ടെ ഇന്നും ശൈശവാവസ്ഥയിലാണ്(മുകുളം =വിടരാത്ത പൂവ്) മറ്റൊരർത്ഥം തേടിയാൽ, പ്രതികരണശേഷി നഷ്ടപ്പെട്ട ഒരു ജനതതിയുടെ ശൈശവാവസ്ഥ ........... പ്രതികരിക്കണം എന്ന കവിയുടെ ചിന്ത.
“സ്വപ്നങ്ങൾ പശവച്ച ചീട്ടുകൊട്ടാരങ്ങൾ
തീ പിടിച്ചണയുന്ന മൃത്യു...! ( സ്വപ്നങ്ങൾ, പശവച്ച ചീട്ടുകൊട്ടാരങ്ങളാണ് അത് കെട്ടിയുയർത്തുന്നതുപോലെതന്നെ നിലംപരിശാകുന്നു - നിമിനേരംകൊണ്ട്. അവ തീപിടിച്ചണയുന്ന മൃത്യുവിനെപ്പോലെതന്നെ, പിന്നെ ദളിതരെ ചുട്ടുകൊന്ന സംഭവവും വരിക്കിടയിൽ ഒളിപ്പിച്ചിരിക്കുന്നു.
“ചോപ്പക്ഷരങ്ങളിൽ വേറിട്ടവാക്കിന്റെ
കൂലിപ്പണത്തിലെത്തുപ്പൽ. ( ജോലി ചെയ്താലും ചെയ്തില്ലെങ്കിലും ചില മുതലാളി വർഗ്ഗം ദിനക്കണക്ക് പുസ്തകത്തിൽ ചുവപ്പടയാളം രേഖപ്പെടുത്താറുണ്ട്. അവിടെ ചിലപ്പോൾ തർക്കവും നടക്കാറുണ്ട്. തുപ്പൽ പശയാക്കിയെണ്ണുന്ന നോട്ടുകളുടെ എണ്ണവും കുറയ്ക്കുന്നു. അവൻ എന്നും ദാരിദ്രത്തിലാണ് കാരണം അവൻ കബളിപ്പിക്കപ്പെടുകയാണ്.
“വെട്ടിപ്പിളർത്തി വിതച്ചിട്ട വിത്തുകൾ -
ക്കുള്ളിൽ കുരുക്കുന്നയിത്തിൾ...!“ (വിതച്ചിട്ട വിത്തുകളിൽ പോലും പരാന്നസസ്യങ്ങൾ,തായ്‌വേരിറക്കുന്നു (വ്യംഗ്യമായി ഇതിൽ മറ്റൊരു അർത്ഥവും വായിക്കപ്പെടുന്നു)
“മട്ടം പിടിക്കാതെ പൊക്കം ചുമക്കുന്ന
പത്തനപ്പേറ്റാട്ടി ഭൂമി...(ഒന്നിലുമില്ലാ ഒന്നിലും ഒരു കണക്കും നാപ്പതും അമ്പതും നിലകളിൽ കെട്ടിയുയർത്തുന്ന പട്ടണത്തിലെ ഭൂമി, വിത്തിനു പകരം കോൺക്രീറ്റ് സൌദങ്ങൾ. കൃഷി ഭൂമി നഷ്ടമാകുന്നതോടെ അടിയാന്മാർക്കും കുടിയാന്മാർക്കും ജോലി നഷ്ടമാകുന്നതും സത്യം.
“വന്ധ്യങ്കരിച്ചമ്മ വാങ്ങുന്ന കാൽപ്പണം
തിന്നിട്ടുമെല്ലിച്ചമക്കൾ...!“ (പട്ടിണികൂടാതെ ജിവിക്കുവാൻ അമ്മ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയാകുന്നു . അങ്ങനെ ചെയ്താൽ സർക്കാർ കുറച്ച് പണം നല്കും അത് എത്രനാൾ മക്കളുടെ വയറു നിറയ്ക്കാനാകും? പ്രാഥമികാരോഗ്യകേന്ദ്രത്തിൽനിന്നും ‘പൊടിയക്കാലയിലെ‘ ആദിവാസി സ്ത്രീകൾ കടുത്ത വേദന വിറ്റെടുത്ത പണം കൊണ്ട് മക്കളെ ഊട്ടുന്നത്. അവിടെ ഞാൻ മൂന്നരക്കൊല്ലം ഏകാധ്യാപകനായിരുന്നു. എന്നും കാഴ്ചകൾ കരയിപ്പിച്ച വർഷങ്ങൾ...!എന്നത് കവിയുടെ സാക്ഷിപത്രം.(ഇത് എനിക്ക് കവിയുടെ ചാറ്റിൽ നിന്നും ലഭിച്ച വിവരം)
“ചൂളം വിളിച്ചതിരിലേക്കാട്ടിവീശുന്ന
കാറ്റിന്റെ സീൽക്കാരസൂചി..! (കരിയിലപോലെയാണ് ദളിതരുടെ ജീവിതം എപ്പോഴും എവിടേയ്ക്കും തട്ടിമാറ്റവുന്ന കരിയിലകൾ, ഒപ്പം വേദനയും)
“ഗന്ധം കുടിച്ചുയിരുതോറ്റിച്ചുവാങ്ങിയി-
ട്ടട്ടത്തിലേറ്റുന്ന നീതി...!നീതിയിപ്പോൾ അട്ടത്തിലാണ്(തട്ടിൻപുറത്ത്) ദളിതർക്ക് നീതി ലഭിക്കുന്നില്ലാ എന്ന വ്യംഗ്യം) ദളിതർക്കെന്നലല്ലാ പലർക്കും ഇന്നു നിതി ലഭിക്കുന്നില്ല അനിതി കൊടികുത്തിവാഴുകയും ചെയ്യുന്നു.
“മാനംകവർന്നിട്ടെരിച്ചു കൊന്നട്ടയെ-
ച്ചുട്ടെന്നഹന്തതൻ ഘോഷം ...! ( ഇതിൽ ഞാൻ രണ്ടർത്ഥം കാണുന്നു. പെണ്ണിന്റെ അഹന്തയെ ,അവളുടെ മാനം(അഭിമാനം,)കവർന്നിട്ട് കൊമ്പൊടിച്ച് വെറും പെണ്ണാക്കി മാറ്റിയെന്നഹങ്കരിക്കുന്ന ആണിന്റെ ആഘോഷമായും. പിന്നെ, ദളിതരായ പെൺകിടാക്കളെ പീഡിപ്പിച്ച്‘അട്ടയെ‘(നികൃഷ്ട ജിവി)അതുമല്ലെങ്കിൽ അട്ടയെക്കൊല്ലുവാൻ തോക്കൊന്നും വേണ്ടല്ലോ, ഒരു കൊച്ച് കല്ലു പോരേ, എന്തോ വലിയ കാര്യം ചെയ്തുവെന്നഹങ്കരികുന്ന മേലാളന്മാരുടെ? ആഘോഷത്തിന്റെ ആരവം ബാലിശമാണെന്ന കവിയുടെ നല്ച്ചിന്ത.
“പൊട്ടിപ്പിളർന്നൊഴുകിയെത്തും നിണപ്പാച്ചി-
ലൊട്ടിപ്പതഞ്ഞു ചെമ്മാനം...! (മനോഹരമായ ആലങ്കാരികത –വേദനിപ്പിക്കുന്നതെങ്കിലും)
“മണ്ണിലേക്കിറ്റുവാനുപ്പുനീരി -
ല്ലെന്റെ കണ്ണിൽ കലങ്ങുന്നു ചോര.( കരയുവാൻ കണ്ണിരില്ലാ, വേദന സഹിച്ച്, യാതനസഹിച്ച്, കഴിയുന്ന വർഗ്ഗത്തിന്റെ കണ്ണിൽ ഇനി കിനിയുവാൻ ചോരമാത്രമേയുള്ളൂ)
“രോഹിതേ, "ജന്മമേയപകടം" എന്നെഴുത
നിന്നെ സ്മൃതിയിൽ പകർത്തേ“ രോഹിത്, "എന്റെ ജൻമമാണ് എനിക്കുണ്ടായ ഏറ്റവും വലിയ അപകടം" എന്നെഴുതിവച്ചിട്ടാണ് രോഹിത് മരിച്ചത് . ആത്മഹത്യാക്കുറിപ്പ്‌ സാർത്ഥകമാക്കി ആ ചെറുപ്പക്കാരൻ മറഞ്ഞു. ശേഷക്രിയകൾ പിന്നാലെയെത്തി. പല തരം മഷിയിട്ടെഴുതി. പല കളങ്ങളിൽ വച്ചു. ആ മനുഷ്യന്റെ "ജൻമമേയപകടം" എന്ന കണ്ടെത്തലിലേക്കെത്തിച്ച മരണത്തിന്റെ പാശങ്ങളാകെ ആ വാക്കുകളിൽത്തന്നെ ഓർമ്മച്ചെപ്പിലടച്ചതാണ് കവി. അത് വിശദീകരിക്കണമെങ്കിൽ എനിക്ക് മറ്റൊരു പോസ്റ്റ് എഴുതേണ്ടി വരും മാത്രവുമല്ലാ, വായനകാർക്ക് അതിനെക്കുറിച്ചും ഏറെ അറിയാമല്ലോ?)
“മാരിവില്ലുടയുന്ന മാനത്ത് കാർമുകിൽ
തീമഴു ചുഴറ്റിവിലപിക്കേ,
ഭാർഗ്ഗവനിലൂടെ നിറയുന്നു പ്രതിചിന്തകൾ
ശീഘ്രമൊരു ശപഥമുടലാർന്നോ?
(ആകാശംപോലും മഴവില്ലിന്റെ ചാരുതകളഞ്ഞ് തീമഴുവെറിയാൻ വെമ്പിനില്ക്കുകയാണ്. പരശുരാമൻ ഇനിയും ഒരു അവതാരമെടുത്ത് പല മേളാളന്മാരുടേയും ശിരസ്സ് കൊയ്യാൻ ഭൂമിയിൽ അവതരിക്കേണ്ടിവരുമോ എന്ന് ഗഗനം പോലും ചിന്തിക്കുന്നു, മഴയായി വിലപിക്കുകയും ചെയ്യുന്നു. മഴ പ്രളയവും ഉണ്ടാക്കുമല്ലോ ?മനോഹരമായ ഒരു ചിന്തയാണിവിടെ വിനയൻ ഈ ആലങ്കാരിക ഭാഷകൊണ്ട് അർത്ഥമാക്കുന്നത്.ഇങ്ങനെയൊക്കെവേണം ആശയങ്ങൾ പകർത്തുവാൻ എന്ന് ഈയുള്ളവന്റെ എളിയ ചിന്തയും.
“കൂളികളെണീറ്റു വാ.., മറുതകളുമൊടിയനും,
അറുകൊലയുമായി വാ, ...പ്രേതരാജ്യം.
ചുടലകളുണർന്നിവിടെ, സിന്ധുവറ്റി,
കുരുതിഭൂമിയിൽ മാനവനിറച്ചി മാത്രം..!
ജാതിതിമിരം ,മതഭ്രാന്ത്,മങ്ങുന്നെന്റെഭാരതം,
....ധർമ്മം കെടുന്ന കാലം. (കാളി കൂളികൾ ഇവിടെ സംഹാരതാണ്ഡവമാടുകയാണ്. ജാതിത്തിമിരം ,മതഭ്രാന്ത്, രാഷ്ട്രീയകോമരങ്ങളുടെ തുള്ളൽ ഒക്കെക്കൊണ്ട് സിന്ധുനദിയും വറ്റുന്നു. (ധർമ്മം ക്ഷയിക്കുന്നു.) ഇവിടെ അധർമ്മം കൊടികുത്തിവാഴുന്നു എന്ന് കവി എഴുതിനിറുത്തുമ്പോൾ, പലരും പറയാതെപറയുന്ന കാരണങ്ങളുടെ നേർച്ചിത്രം മനോഹരമായി അവതരിപ്പിച്ചിരിക്കുകയാണ് ശ്രീ വിനയൻ. ഒറ്റവായനയിൽ തീർക്കാനുള്ളതല്ല കവിതയെന്നും, കാതിൽ വീണ് കാതിൽ വറ്റുന്നതല്ല കവിതയെന്നും അദ്ദേഹം നമ്മെ ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു. നാളെയുടെ വാഗ്ദാനമാണീ കവി എന്ന് സംശയലേശമന്യേ ഈ വായനക്കാരന് തോന്നുന്ന ശൈലിക്കുടമയാണീ കവി. പ്രിയ സഹോദരാ, ഇനിയും താങ്കളുറ്റെ തൂ‍ലിക പടവാളാകട്ടെ, ദന്തഗോപുരങ്ങൾ വിട്ട് മണ്ണിലിറങ്ങട്ടെ കവിത, അത് മണ്ണിന്റെ മക്കൾക്ക് ഉടവാളുകൾ തീർക്കട്ടെ…………….. എല്ലാ ആശംസകളും
$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$

3 comments:

  1. വിനയനെ ആദ്യമായി പരിചപ്പെടുകയും വായിക്കുകയും ചെയ്തു

    ReplyDelete
    Replies
    1. സർ, താങ്കളുടെ വായന എനിക്ക് സന്തോഷം പകരുന്നു.തെറ്റുകൾ പറഞ്ഞു തരണം. അത്എനിക്ക് എഴുത്ത് മെച്ചപ്പെടുത്താൻ സഹായിക്കും. നന്ദി.

      Delete
  2. ശക്തമായ വരികള്‍
    ചന്തുസാറിന്‍റെ വിവരണംകൂടിയായപ്പോള്‍ കവിതയ്ക്ക് തിളക്കമേറി.
    ആശംസകള്‍

    ReplyDelete