Monday, April 24, 2017

അഭിരാമവാരഫലം (കലികപൊൻ കുന്നം)

                                                    അഭിരാമവാരഫലം
                                                    ==================
മേഘസന്ദേശം നമ്മിൽ പലരും വായിച്ചിട്ടുണ്ട്. കാളിദാസന്റെ ഒരു കാവ്യമാണ് മേഘദൂതം. മേഘസന്ദേശം എന്നു പരക്കെ അറിയപ്പെടുന്ന ഇതു സന്ദേശകാവ്യം എന്ന വിഭാഗത്തിൽപ്പെടുന്നു. സംസ്കൃതസാഹിത്യത്തിലെ ആദ്യത്തെ സന്ദേശകാവ്യമായി ഇതു കണക്കാക്കപ്പെടുന്നു. വേർപെട്ടുകഴിയേണ്ടിവരുന്ന കാമുകീകാമുകന്മാരുടെ വിരഹദുഃഖത്തിന്റെ തീവ്രതയാണ് ഈ കൃതിയുടെ പ്രമേയം. കൃത്യവിലോപത്തിനു ശിക്ഷിക്കപ്പെട്ട് അളകാപുരിയിൽനിന്നു വിന്ധ്യാപർവ്വതപ്രദേശത്തെ രാമഗിരിയിലേക്കു നാടുകടത്തപ്പെട്ട പുതുമണവാളനായ ഒരു യക്ഷനാണ് ഈ കാവ്യത്തിലെ നായകൻ. ആഷാഢമാസത്തിലെ ആദ്യദിവസം അയാൾ താഴ്വരയിൽ കൊമ്പുകുത്തിക്കളിക്കുന്ന ഗജത്തെപ്പോലെ ഒരു വർഷമേഘത്തെ കണ്ടെത്തി. ("കൊമ്പുകുത്തിക്കളിക്കാനൊരുമ്പെടും കൊമ്പനാനപോൽ കാണാനഴകുമായ് താഴ്വരയെ തഴുകിവന്നെത്തിടും കാർമുകിലിനെ കണ്ടിതക്കാമുകൻ) വിരഹദുഃഖത്താൽ സുബോധംതന്നെ നഷ്ടപ്പെട്ടിരുന്ന യക്ഷൻ ആ മേഘംവഴി തന്റെ പത്നിക്ക് ഒരു സന്ദേശം അയയ്ക്കുന്നു. വിന്ധ്യാപർവതത്തിൽനിന്ന് അളകാപുരിവരെ പോകാനുള്ള വഴിയും അയാൾ മേഘത്തിനു നിർദ്ദേശിച്ചുകൊടുക്കുന്നു. മാർഗ്ഗവർണ്ണനയിലെ പ്രകൃതിചിത്രങ്ങളിൽ വിരഹിതനായ കാമുകന്റെ മാറിമാറിവരുന്ന മനോഭാവങ്ങൾ തെളിയുന്നു. മലകൾ അയാൾക്കു ഭൂമിയുടെ സ്തനങ്ങളും ജലസമൃദ്ധമായ നദികൾ വിലാസവതികളായ യുവകാമിനികളും വേനലിൽ വരണ്ട നദികൾ വിരഹിണികളായ നായികമാരുമായി തോന്നിച്ചു.
ഈ പ്രപഞ്ചത്തിൽ വിരഹദുഃഖം അനുഭവിക്കുന്ന സകലരുടേയും സന്ദേശമാണ് ഈ കാവ്യമെന്നു രബീന്ദ്രനാഥ ടാഗോർ അഭിപ്രായപ്പെട്ടിട്ടുണ്ട്.
'ജ്ഞാനപീo'ജേതാവായ മലയാളകവി ജി. ശങ്കരക്കുറുപ്പ് ഈ കാവ്യത്തിന് മേഘച്ഛായ എന്ന പേരിൽ ഒരു വിവർത്തനം നല്കിയിട്ടുണ്ട്. ദ്രാവിഡവൃത്തത്തിലുള്ള , തിരുനല്ലൂർ കരുണാകരൻറെ പരിഭാഷ സുപ്രസിദ്ധമാണ്...മേഘസന്ദേശം എന്ന പേരിൽ കെ എസ് നീലകണ്ഠനുണ്ണീയും തർജ്ജമ ചെയ്തിട്ടുണ്ട്.
കഴിഞ്ഞവാരം വായിച്ച കലിക പൊൻകുന്നത്തിന്റെ “നാമിരുമേഘശകലങ്ങൾ” എന്ന കവിതയിലൂടെയുള്ള സഞ്ചാരം ആകട്ടെ ആദ്യം; കാരണം കവിതയിലെ വിഷയം മേഘമാണ്. മേഘസന്ദേശമല്ലാ മേഘംതന്നെ ഇവിടെ സന്ദേശമാകുകയാണ്.
https://www.facebook.com/groups/1498796040413252/permalink/1589686921324163/
@Jincy Jincy Thomas Kalika Ponkunnam
നാമിരുമേഘശകലങ്ങൾ
**************************
നാമിരുമേഘശകലങ്ങളെൻ സഖീ
നോവിന്നുടൽപെറ്റ നൊമ്പരങ്ങൾ,
ഏതോ നിലാവിൽ തളിർത്തതാം രാഗത്തി-
ലൊരുചോപ്പുസൂര്യനെ തൊട്ടറിഞ്ഞോർ!
ഓരോ ഋതുവിന്നടർപ്പും കിളിർപ്പുമ -
ന്നാദ്യമറിഞ്ഞതാമീമിഴികൾ,
വർഷമുണർന്നപോലെന്തേയുണങ്ങാതെ _
യുറവടയ്ക്കാതെ വിതുമ്പിനില്പ്പൂ.
നാം കോർത്തകൈകളിൽ മിന്നൽപിടഞ്ഞതും
മുത്തിവിടർന്നതാം മാരിവില്ലും
ഇരുമെയ്പുണർന്നിളംമഴയായി പൊഴിഞ്ഞതു -
മൊരു സ്വപ്നദൂരേ തുടിച്ചുകാൺമൂ!
കാലം കുരുക്കിട്ടകത്തി മറുകോണി -
ലൊരു ചൂതിനങ്കംകുറിച്ചപോലെ,
കണ്ണേറകലെ നാമെങ്കിലുമംഗനേ-
യീ വിധിപ്പുഴ താണ്ടിയെത്തുകില്ല.
കാതംകണക്കിട്ട മെയ്ദൂരമെങ്കിലു-
മാത്മാവകലമില്ലാതെ സ്വന്തം,
അതു നെയ്ത മോഹനസ്മൃതികുടീരത്തിങ്ക -
ലണയുംനിലാവും വിൺതാരകവും!
ഇനിയെന്നു മാരിവിൽ തെളിയും വിരൽത്തുമ്പി -
ലൊരുമിന്നലെന്നു വിളിച്ചുണർത്തും?
ഇനിയെന്നു നാം ചേർന്നുപെയ്യും മിഴിക്കോണി -
ലൊരു സൂര്യനെന്നു വിളക്കു വയ്ക്കും?
********കലിക****************
ഇവിടെ കലിക എന്ന കവി രണ്ട് മേഘങ്ങളുടെ മനസ്സിനെ തന്റെ മനസ്സിലൂടെ വായിക്കുകയാണ്. “നാമിരുമേഘശകലങ്ങളെൻ സഖീനോവിന്നുടൽപെറ്റ നൊമ്പരങ്ങൾ,” മേഘങ്ങൾക്കും ഉടലും മനസ്സും ഉണ്ടെന്ന കവിഭാവനയുടെ ചിന്തതന്നെ മനോഹരം ഉടൽപെറ്റനൊമ്പരങ്ങൾ എന്ന പ്രയോഗവും നന്നായി.
“ഏതോ നിലാവിൽ തളിർത്തതാം രാഗത്തി-
ലൊരുചോപ്പുസൂര്യനെ തൊട്ടറിഞ്ഞോർ“
(അവർ കാമുകീകാമുകന്മാരാണ്, നിലാവിൽ മൊട്ടിട്ട അനുരാഗത്തിന്റെ തീക്ഷ്ണത ,അസ്തമയസൂര്യന്റെ രാഗവും തൊട്ടറിഞ്ഞ പറവകൾ)
ഓരോ ഋതുവിന്നടർപ്പും കിളിർപ്പുമ -
ന്നാദ്യമറിഞ്ഞതാമീമിഴികൾ
(ഭാരതീയ ദിനദർശികാടിസ്ഥാനത്തിൽ ഭാരത്തിൽ ആറ് ഋതുക്കൾ ഉണ്ട്.1, വസന്തം (Spring)- മാഘം, ഫാൽഗുനം എന്നീ മാസങ്ങൾ (ഫെബ്രുവരി ഉത്തരാർദ്ധം, മാർച്ച്, ഏപ്രിൽ പൂർവാർദ്ധം)
2, ഗ്രീഷ്മം (Summer)- ചൈത്രം, വൈശാഖം എന്നീ മാസങ്ങൾ (ഏപ്രിൽ ഉത്തരാർദ്ധം, മേയ്, ജൂൺ പൂർവാർദ്ധം)
3, വർഷം (Rainy) - ജ്യേഷ്ഠം, ആഷാഢം എന്നീ മാസങ്ങൾ (ജൂൺ ഉത്തരാർദ്ധം, ജുലൈ, ഓഗസ്റ്റ് പൂർവാർദ്ധം)
4, ശരത് (Autumn) - ശ്രാവണം, ഭാദ്രപദം എന്നീ മാസങ്ങൾ (ഓഗസ്റ്റ് ഉത്തരാർദ്ധം, സെപ്റ്റംബർ, ഒക്ടോബർ പൂർവാർദ്ധം)
5, ഹേമന്തം (pre-Winter) - ആശ്വിനം, കാർത്തികം എന്നീ മാസങ്ങൾ (ഒക്ടോബർ ഉത്തരാർദ്ധം, നവംബർ, ഡിസംബർ പൂർവാർദ്ധം)
6, ശിശിരം (Winter) - മാർ‌ഗശീർഷം, പൗഷം എന്നീ മാസങ്ങൾ (ഡിസംബർ ഉത്തരാർദ്ധം, ജനുവരി, ഫെബ്രുവരി പൂർവാർദ്ധം)
ഈ ഋതുക്കളുടെ സഞ്ചാരം ആദ്യമറിയുന്നതും നമ്മളെ അറിയിക്കുന്നതും മേഘങ്ങളാണല്ലോ)
വർഷമുണർന്നപോലെന്തേയുണങ്ങാതെ _
യുറവടയ്ക്കാതെ വിതുമ്പിനില്പ്പൂ.
നാം കോർത്ത കൈകളിൽ മിന്നൽ പിടഞ്ഞതും
മുത്തിവിടർന്നതാം മാരിവില്ലും
(ഉറവയടയ്ക്കാതെ തുള്ളിക്കൊരുകുടം പെയ്യുന്ന വർഷമേഘം, രണ്ടു മേഘശകലങ്ങൾ തമ്മിൽ കൂട്ടിമുട്ടുമ്പോളുണ്ടാകുന്ന മിന്നലും പിന്നീടുണ്ടാകുന്ന മഴവില്ലും ഒക്കെ തങ്ങളിൽനിന്നുടലെടുക്കുന്നതാണെന്നും ഇവ പ്രണയത്തിന്റെ പ്രതീകാത്മകബിംബങ്ങളാണെന്നും കവി പറയാതെ പറയുന്നു… മിന്നലിനെക്കുറിച്ചു ചെറിയൊരു ചിന്ത- അന്തരീക്ഷത്തിൽ ശേഖരിക്കപ്പെടുന്ന സ്ഥിതവൈദ്യുതോർജ്ജം സ്വയം മോചനംനേടുന്നതിന്റെ ഫലമായുണ്ടാകുന്ന പ്രതിഭാസമാണ് മിന്നൽ അഥവാ ഇടിമിന്നൽ. മിക്കപ്പോഴും ഇലക്ട്രോണുകളുടെ അഥവാ ഋണോർജ്ജകണങ്ങളുടെ പ്രവാഹമാണ് മിന്നൽ. (ധനോർജ്ജകണങ്ങളുടെ പ്രവാഹവും മിന്നലുണ്ടാക്കാറുണ്ട്, പക്ഷേ ഇവ കുറവായി -5% - ൽ കുറവായി- മാത്രം കാണപ്പെടുന്നുള്ളൂ) സാധാരണ മേഘങ്ങളിൽനിന്നു ഭൂമിയിലേക്കും മേഘങ്ങളിൽനിന്നു മേഘങ്ങളിലേക്കും മിന്നൽ പ്രവഹിക്കാം. മിന്നൽ‌പിണരുകൾ 60,000 മീ/സെ വരെ വേഗത്തിൽ സഞ്ചരിക്കുന്നു, ഊഷ്മാവ് 30,000 ഡിഗ്രി സെൽ‌ഷ്യസ് (54,000 ഡിഗ്രി ഫാരൻഹീറ്റ്) ഉയരുകയും ചെയ്യുന്നു. വേനലിൽ മഴയ്ക്കൊപ്പമാണ്‌ മിന്നൽ കൂടുതലായി കാണപ്പെടുന്നതെങ്കിലും മഴക്കാലത്തു കുറഞ്ഞ തോതിലെങ്കിലും ഉണ്ടാകാം .അഗ്നിപർവ്വതസ്ഫോടനസമയത്ത് തുടർച്ചയായ മിന്നലുകൾ ഉണ്ടാവാറുണ്ട്. മിന്നൽ വായുവിനെ കീറിമുറിക്കുമ്പോൾ ഉണ്ടാകുന്ന ഭയാനകമായ ശബ്ദത്തെ ഇടിമുഴക്കം എന്നു വിളിക്കുന്നു. കേരളത്തിൽ തുലാമാസകാലത്തു വൈകുന്നേരങ്ങളിൽ കൂടുതലായി മിന്നൽ ഉണ്ടാകുന്നു. വേനൽമഴയോടനുബന്ധിച്ചു രാത്രിയിലും മിന്നൽ ഉണ്ടാകാം. ലോകത്തിൽ എല്ലാ വർഷവും ഏകദേശം 16 ദശലക്ഷം മിന്നലുണ്ടാകുന്നുണ്ട്.
ഇരുമെയ്പുണർന്നിളംമഴയായി പൊഴിഞ്ഞതു -
മൊരു സ്വപ്നദൂരേ തുടിച്ചുകാൺമൂ!
കാലം കുരുക്കിട്ടകത്തി മറുകോണി -
ലൊരു ചൂതിനങ്കംകുറിച്ചപോലെ,
കണ്ണേറകലെ നാമെങ്കിലുമംഗനേ-
യീ വിധിപ്പുഴ താണ്ടിയെത്തുകില്ല
( മഴയായ് പെയ്ത സ്വപ്നമായി ഭൂമിയിൽ തുടിക്കുന്ന തുടിപ്പിനെ കാണുന്ന വർഷമേഘം . കാലങ്ങളുടെ സഞ്ചാരം.ചൂതിൽ,കള്ളച്ചൂതിൽ ചിരിക്കുന്ന ശകുനിമാർ,തമ്മിൽ അങ്കംകുറിക്കുന്ന മർത്ത്യജന്മം. അകലെയാണ് മേഘങ്ങൾ. അതുകൊണ്ടല്ലെങ്കിലും വിധിയെ തടുക്കാനാകില്ലല്ലോ?)
കാതംകണക്കിട്ട മെയ്ദൂരമെങ്കിലു-
മാത്മാവകലമില്ലാതെ സ്വന്തം,
അതു നെയ്ത മോഹനസ്മൃതികുടീരത്തിങ്ക -
ലണയുംനിലാവും വിൺതാരകവും!
(താഴെനിന്നു നോക്കിയാൽ നമ്മൾക്ക് അതു തമ്മിൽ ഒത്തൊരുമിച്ച് നീങ്ങുന്നതായി തോന്നും പക്ഷേ അവ പലപാളികളായാണ് നീങ്ങുക; കാതങ്ങളകലമിട്ട്. എങ്കിലും പ്രണയിനികളുടെ ആത്മാക്കൾതമ്മിൽ ഒരിക്കലും അകലുകയില്ലല്ലോ. അത്തരം പ്രണയത്തിന്റെ ചിഹ്നങ്ങളാണു മതിയും മതിത്തെല്ലും താരകറാണിമാരുമെന്ന് കവിഭാഷ്യം) ഇനിയെന്നു മാരിവിൽ തെളിയും വിരൽത്തുമ്പി -
ലൊരുമിന്നലെന്നു വിളിച്ചുണർത്തും?
ഇനിയെന്നു നാം ചേർന്നുപെയ്യും മിഴിക്കോണി -
ലൊരു സൂര്യനെന്നു വിളക്കുവയ്ക്കും?
(പ്രണയത്തിന്റെ ചേതോഹരഭാവമാണ് കവിതാന്ത്യത്തിലെ വരികളിൽ മിന്നിത്തിളങ്ങുന്നത്. വിരഹമാണ് പ്രണയത്തെ മനോഹരമാക്കുന്ന സമസ്യ. കാത്തിരിക്കുകയാണ് തമ്മിൽ കൂട്ടിമുട്ടാൻ, പെയ്തൊഴിഞ്ഞ മേഘങ്ങൾ കൂരാപ്പ് മാറ്റുമ്പോൾ വിളക്കുവയ്ക്കാനെത്തുന്ന സൂര്യനെ കാത്തിരിക്കുന്ന പ്രണയഭാവം. സുര്യനും ഇവിടെ ബിംബമാകുന്നു. ചൂടുള്ള പ്രണയമായ്.
വായനക്കാർ ഒരു രചന വായിക്കുമ്പോൾ ആഹാ എന്നു പറയുന്നിടത്താണു രചയിതാവിന്റെ വിജയം. കലിക എന്ന ഈ കവിയുടെ ഈ രചന വായിച്ചിട്ട് ഞാൻ ആഹാ എന്നു പറഞ്ഞുപോയെന്നു സത്യം. കവിതയെഴുത്ത് ഇങ്ങനെയൊക്കെ ആകണം എന്നു ചിന്തിക്കുന്ന ഒരു വ്യക്തിയാണ് ഈ ലേഖകൻ. കവിത ആശയംകൊണ്ടു സമ്പന്നമാകണം രണ്ടാമതൊരുവട്ടംകൂടി നമുക്കു വായിക്കാൻ തോന്നണം. അത്തരം വായനകൾ തരുന്ന രചനകളാണു കലികയുടേത്. ഈ കവിയുടെ ആദ്യകവിതാസമാഹാരത്തിന്റെ അവതാരിക എഴുതിയതു ഞാനാണ്. അതുകൊണ്ടുതന്നെ കലികയുടെ പലകവിതകളും ഞാൻ പലയാവർത്തി വായിച്ചുനോക്കിയിട്ടുമുണ്ട്. നാളെയുടെ ഈ നാളെയുടെ ഈ പാട്ടുകാരിക്കെല്ലാ ഭാവുകങ്ങളും !!!
==========================================.
Echmu Kutty
ദൈവത്തിന്റെ വിരലുകൾ ഗിറ്റാർ വായിക്കുമ്പോൾ......
https://www.facebook.com/groups/1498796040413252/permalink/1589709944655194/
എച്ചുമുക്കുട്ടിയുടെ ആദ്യകഥാസമാഹാരമായ അമ്മീമക്കഥകൾക്കും അവതാരിക എഴുതിയത് ഈ ലേഖകനാണ്.(2014) അതിലെവിടെയോ ഇങ്ങനെ എഴുതിയിരുന്നു. “ജീവിതബോധത്തെ കൃതിയിലേക്കു പ്രക്ഷേപിക്കുകയല്ല എഴുത്തുകാരൻ ചെയ്യുന്നത്. അസ്തിത്വവാദത്തിന്റെ വിചാരശൈലി ഉപയോഗിച്ചു പറഞ്ഞാൽ, സാഹിത്യസൃഷ്ടി എഴുത്തുകാരന്റെ കർമ്മമാണ്...പൂർവ്വനിർണ്ണയനമായ ഒരാശയലോകത്തെ കഥകളിൽ വിദഗ്ദ്ധമായി നിക്ഷേപിക്കുകയല്ലാ കഥാരചന എന്ന കർമ്മത്തിലൂടെ കഥാകാരൻ ചെയ്യുന്നത്. ആ ആശയലോകവും തന്റെ സത്തയും സൃഷ്ടിക്കപ്പെടുകയാണ് ചെയ്യുന്നത്. എഴുത്ത് സ്വയം സൃഷ്ടിക്കലാകുന്നത് അങ്ങനെയാണ്.
ഞാൻ തുറന്നു പറയട്ടെ, സൃഷ്ടിയുടെ ഈ സ്വഭാവത്തെക്കുറിച്ച് ഓർക്കാൻ നിർബന്ധിക്കുന്നതാണ് എച്ചുമുക്കുട്ടിയുടെ കഥകൾ. ഗിമിക്കുകളുടെ പുറകെ കഥാകാരി പോകുന്നില്ലാ. ആദ്യവരികളിൽ ആവേശത്തിന്റെ തിര ഇളക്കുന്നില്ലാ. അനുവാചകരെ തന്റെകൂടെ നിറുത്തി,സസ്പെൻസ് കളിക്കുന്നതിലും. ചില കഥകളിൽ കാണുന്നപോലെ കഥാന്ത്യത്തിലെ ട്വിസ്റ്റോ, പൊട്ടിത്തെറിക്കുന്ന ക്ലൈമാക്സോ ഒന്നും ഇവിടെ കഥാകാരി ഉപയോഗിക്കുന്നില്ലാ...എന്നാൽ..നമ്മൾ ഒരോകഥയും അവേശത്തോടെ വായിച്ചുനീങ്ങുന്നത് അതിലെ ജീവിതഗന്ധിയായ ആവിഷ്കാരംകൊണ്ടുതന്നെയാണ്.
“ദൈവത്തിന്റെ വിരലുകൾ ഗിറ്റാർ വായിക്കുമ്പോൾ“ എന്ന കഥയും അത്തരത്തിൽപ്പെടുന്ന ഒരെഴുത്താണ്. നായികയെ ഗിറ്റാർ പഠിപ്പിക്കാനെത്തുന്ന വിരൂപനായ അദ്ധ്യാപകനാണ് ഈ കഥയിലെ നായകൻ. രൂപത്തെ അവജ്ഞയോടെ കാണുന്ന കഥാകാരി അയാളുടെ വിരലുകൾ തന്ത്രിയിൽ തലോടിയപ്പോൾ കേട്ട വിസ്മയിപ്പിക്കുന്ന നാദപ്രപഞ്ചത്തിൽ മതിമറക്കുന്നു.
“നാദപ്രപഞ്ചം എന്റെ മുൻപിൽ മോഹിപ്പിക്കുന്ന ഇന്ദ്രജാലമായി ഇതൾനിവർന്നു. എന്റെ ഉള്ളിൽ കുയിലുകൾ പാടി, മയിലുകൾ പീലി വിടർത്തിയാടി. ഞാൻ ചിരിച്ചു,.ഞാൻ കരഞ്ഞു. ദൈവത്തിന്റെ വിരലുകൾ ഗിറ്റാർ വായിക്കുന്നതു ഞാൻ കാണുകയായിരുന്നു. വിരൂപനായ ആ ഗുരുവിനെ ഞാൻ നമസ്ക്കരിച്ചു. ”
പിന്നെ കഥാകാരി അയാളുടെ കുടുംബവിശേഷങ്ങൾ തിരക്കുന്നു. അയാൾ പറഞ്ഞ ജിവിതകഥയാണ് ഈ കഥയിലെ കാതൽ. കാഴ്ചയ്ക്കു വിരൂപനെങ്കിലും അയാളുടെ മനസ്സിലെ സൌന്ദര്യം നമ്മൾ ദർശിക്കുമ്പോൾ. ഈ കഥ അതിന്റെ പടവുകൾ കയറുകയാണ്. മനോഹരമായ ഈ കഥ ഞാൻ ഇവിടെ എടുത്തെഴുതുന്നില്ലാ. വായിക്കാത്തവർക്കായി അതിന്റെ ലിങ്ക് ഇവിടെ കൊടുത്തിരിക്കുന്നു. വായിക്കാത്തവർ വായിക്കുക. ശ്രീമതി എച്ചുമുക്കുട്ടിയ്ക്ക് അഭിരാമസാഹിത്യവേദിയിലേക്കു സ്വാഗതം. ഇനിയും ഇത്തരം കഥകൾക്കായി കാത്തിരിക്കുന്നു.@ Echmu Kutty
======================================
ജീവിതം സ്വന്തം കാഴ്ചപ്പാടിലൂടെ,
@Saroja Saroja Devi Nediyoottam
https://www.facebook.com/groups/1498796040413252/permalink/1589784274647761/
ഒരു ശരാശരിമലയാളിക്ക് ഇപ്പോൾ തെല്ലും ഇഷ്ടപ്പെടാത്ത കാര്യമാണ് ഉപദേശവും നീണ്ടപ്രസംഗവും പിന്നെ ലേഖനങ്ങളും. അഭിരാമത്തിൽത്തന്നെ ഇടയ്ക്കിടയ്ക്കു സംഭവിക്കുന്ന കാര്യങ്ങൾകൂടി ഇത്തരുണത്തിൽ പറഞ്ഞുകൊള്ളട്ടെ, നമ്മുടെ പ്രീയ ഗുരുനാഥനായ ശ്രീ. ജോസഫ് വി ബോബി സർ, എല്ലാരചനകളിലേയും അക്ഷരത്തെറ്റുകളും വികലമായ വാക്യഘടനകളും, ചില വാക്കുകളുടെ അർത്ഥവും ശരിയായ രീതിയിൽ അല്ലാ പ്രയോഗിച്ചിരിക്കുന്നെങ്കിൽ, അതു തിരുത്തിക്കൊടുക്കാറുണ്ട്. ഞാനും ശ്രീലകം സാറും അതു ചെയ്യാറുണ്ട്. ഞങ്ങൾ പല പല ഗ്രന്ഥങ്ങളും വായിച്ചും പഠിച്ചുമാണ് ഇവിടെ എടുത്തെഴുതുന്നത്. കാരണം അഭിരാമത്തിൽ വരുന്നവർ തെറ്റുകൾ മനസ്സിലാക്കി ശരിയായ വഴിയിലൂടെ സഞ്ചരിക്കാനാണ് അതു ചെയ്യുന്നത്. അതിൽ ഞങ്ങൾക്ക് തെറ്റു പറ്റിയിയിട്ടുണ്ടെങ്കിൽ എല്ലാവർക്കും ചൂണ്ടിക്കാണിക്കാം. ഞങ്ങൾ അതു തിരുത്താനും തയ്യാറാണ്. കാരണം ആരും ഭാഷയുടെ മറുതീരം കണ്ടവരല്ലാ. ഒരാൾ ചന്ദ്രഹാസം എന്ന പദത്തിനു ചന്ദ്രന്റെ ചിരി എന്ന് എഴുതിയപ്പോൾ അതല്ലാ ചന്ദ്രഹാസം എന്നാൽ, ചന്ദ്രഹാസം =പദോൽപ്പത്തി: (സംസ്കൃതം)ചന്ദ്ര+ഹാസ - ഒരുതരം വാൾ; രാവണനു പരമശിവൻ നല്കിയ വാൾ; വെള്ളി എന്നൊക്കെയാണു അർത്ഥം എന്നു പറഞ്ഞപ്പോൾ “ഇയാളാരു ഹേ പാണിനിയുടെ കൊച്ചുമകനോ ? എന്നൊക്കെ ചോദിക്കുന്നതു തികച്ചും തെറ്റായ രീതിയാണ്. അത്തരത്തിലുള്ളവർ അഭിരാമത്തിൽ രചനകളിടാതിരിക്കുക. ഇവിടംവിട്ടു പോകുക. ഇത് ഒരു സാഹിത്യപഠനക്കളരിയാണെന്നു മനസ്സിലാക്കുക. കാരണം, ഇവിടെ തിരുത്തലുകൾ ഇഷ്ടപ്പെടുന്ന കുറേയധികം നല്ല എഴുത്തുകാരുണ്ട്. പറഞ്ഞുവന്നത്, ചില ലേഖനങ്ങൾ പലരും വായിക്കാൻ മടിക്കുന്നത് അതിലെ ഭാഷായുടെ രീതിയും അക്ഷരപ്രക്ഷാളനത്തിന്റെ കടന്നുകയറ്റവും കൊണ്ടാണ്.
എന്നാൽ തികച്ചും ലളിതമായും പറയാനുള്ള കാര്യം വ്യക്തമായും ശക്തമായും പറഞ്ഞ ഒരു ലേഖനം കഴിഞ്ഞയാഴ്ച വായിക്കാനിടയായി ശ്രീമതി സരോജാ ദേവിയുടെ @ Saroja Devi Nediyoottam “ജീവിതം സ്വന്തം കാഴ്ചപ്പാടിലൂടെ,“ എന്ന നല്ല ലേഖനം.
“ജീവിതം വളരെ ലഘുവാണ്. കോടാനുകോടി ജനങ്ങളുടെ കൂട്ടമായ ഈ ലോകത്തേക്കു പിറന്നുവീഴുന്ന ഓരോ ജന്മവും അവരുടെ ജീവിതകാലവും വെള്ളത്തിലെ കുമിളകളോട് ഉപമിക്കാവുന്നത്രയും ലഘുവാണ്. ഇങ്ങനെ അമൂല്യങ്ങളിൽ അമൂല്യമായി വീണുകിട്ടുന്ന ജീവിതത്തെ എത്രമാത്രം സന്തോഷപ്രദവും സമാധാനപ്രദവും ആക്കാന്‍ നമ്മെക്കൊണ്ട് ആകുമോ അത്രക്കും ആനന്ദകരമാക്കാന്‍ ശ്രമിക്കുക എന്നതായിരിക്കണം നമ്മുടെ ആദ്യത്തെ ലക്ഷ്യം” എന്നു ആമുഖമായിപ്പറയുന്ന ഈ ലേഖനം അവസാനിക്കുന്നത് “ഇത്രയുംകാലത്തെ എന്റെ ജീവിതാനുഭവങ്ങള്‍ എന്നെ പഠിപ്പിച്ച പാഠങ്ങളാണ് ഇത്. പലര്‍ക്കും ജീവിതത്തെപ്പറ്റി വ്യത്യസ്തമായ കാഴ്ചപ്പാടുകളും നിര്‍വ്വചനങ്ങളും ആയിരിക്കും ഉണ്ടാവുക. എന്റെ ഈ കാഴ്ചപ്പാടു ശരിയായിക്കൊള്ളണമെന്നില്ല.“ എന്നിടത്താണ്. എല്ലാവരും ഈ ലേഖനം വായിക്കാനപേക്ഷ. സഹോദരീ. ഈ ലേഖനത്തിനുമുന്നിൽ ഒരു വായനക്കാരനെന്നനിലയിൽ തലകുമ്പിടുന്നു, എല്ലാ നന്മ്കളും ഇനിയും ഇത്തരം ലേഖനങ്ങളും താങ്കളുടെ നല്ല രചനകളും പ്രതീക്ഷിക്കുന്നു.
=========================================
വർഷങ്ങൾക്ക് മുമ്പ് ഏതോ ഒരു ഗ്രൂപ്പിൽ ശ്രീ ശിവരാജൻകോവിലഴികത്തിന്റെ ഒരു കവിത ഞാൻ കണ്ടൂ. എന്തൊക്കെയോ അദ്ദേഹത്തിനു കവിതയിലൂടെ പറയാനുണ്ട് എന്നു തോന്നി പക്ഷേ ഭാഷാജ്ഞാനം വളരെ കുറവായി തോന്നി. ഞാൻ അത് അദ്ദേഹത്തിന്റെ ഇൻബോക്സിൽ പറയുകയും ചെയ്തു. “അതൊന്നു തിരുത്തിത്തരൂ സർ” എന്നു മറുപടി. ഞാൻ തിരുത്തിയെഴുതിക്കൊടുത്തു. പലരുടേയും കവിതകൾ വായിക്കാനും, വാക്കുകളും ഭാഷാപ്രയോഗങ്ങളും വായിച്ചുപഠിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. കഠിനമായ പഠനത്തിലൂടെ അദ്ദേഹം ഇന്നു നല്ല കവിതകൾ രചിക്കുന്ന കവികളുടെ മുന്നിരക്കാരിലൊരാളാകുകയും പല ഗ്രൂപ്പുകളിൽനിന്നും സമ്മാനങ്ങൾ വാരിക്കൂട്ടുകയും ചെയ്യുന്നു. പല പുതിയ എഴുത്തുകാരും ഇദ്ദേഹത്തെ മാതൃകയാക്കണം എന്നു ഞാൻ പറഞ്ഞുകൊള്ളട്ടെ.
@Sivarajan Sivarajan Kovilazhikam
ഇനിഞാനുറങ്ങട്ടെ........
https://www.facebook.com/groups/1498796040413252/permalink/1588480564778132/
ഇനിഞാനുറങ്ങട്ടെ........
================================
ഇനി ഞാനുറങ്ങട്ടെ ഭയമേതുമില്ലാതി-
നിയെന്‍ വിലാപങ്ങളരുതായ് വരില്ല.
ഒളിയേണ്ടാ ഞാനിനിയിരുളിന്റെ മറയില്‍
കാലൊച്ച കേട്ടാല്‍ കാതോര്‍ക്കവേണ്ടാ.
അരിയജന്മങ്ങളായ് ജീവിച്ചോടുങ്ങുവാ-
നൊരുപിറവി വേണ്ടിനി പാരിലെന്നമ്മേ !
ഇനിവേണ്ടാ പെണ്ണായൊരുജന്മവും
വെറിപൂണ്ട മിഴികണ്ടു ഞാന്‍ മടുത്തു !
യാത്രയിലിനി വേണ്ട പിന്‍കാഴ്ചകള്‍,
വിജനമാം വീഥിയില്‍ ജപമന്ത്രവും.
എന്തിനായമ്മേ പിറക്കുന്നുനമ്മള്‍
പുറമ്പോക്കുകളെന്ന പിന്‍വിളിക്കോ?
നോവെന്റെ മേനിയിലഗ്നിയായ്പ്പടരുന്ന-
തിലേറെയുണ്ടെന്റെ ചിത്തത്തിലമ്മേ.
മുറിവില്‍നിന്നൊഴുകുന്ന ചുടുചോരാകണ്ടാ-
ലതുമൊരു ലഹരിയോ മര്‍ത്ത്യജന്മത്തിന് !
അരുതരുതെന്നുരചെയ്തുതളര്‍ന്നാലു-
മാരോദനങ്ങളും ലഹരീ നിറയ്ക്കുമോ?
അടിമയാണോ നമ്മളഭയങ്ങളില്ലാതെ-
യടരാന്‍ വിധിതീര്‍ത്ത ബലിമൃഗമോ?
ഭ്രാന്താണുപോല്‍,കാമബ്ഭ്രാന്താണുപോലും
പെണ്ണുടല്‍ചീന്തിരസിക്കുന്ന ഭ്രാന്ത് !
ഒരുകുഞ്ഞുതാരാട്ടുപാടുകയമ്മേയിനി-
ഞാനുറങ്ങട്ടെ ....ഉണരാതിരിക്കാന്‍ !!
==========================
ശിവരാജന്‍ കോവിലഴികം,
ലളിതമായ ആഖ്യാനം ആയതുകൊണ്ട് ഇതിലെ ഓരോ വരിയായെടുത്ത് വിശകലനംചെയ്യുന്നില്ല. എങ്കിലും ഈ വരികൾ വായിച്ചുപോകുമ്പോൾ എവിടെയോ ഒരു നൊമ്പരം പടർന്നുകയറുന്നില്ലേ, അതുതന്നെയാണി കഥയുടെ വിജയവും,
=======================================
കഴിഞ്ഞ രണ്ടു മൂന്നു ലക്കങ്ങളിലായി കൂടുതൽ ആളുകൾ വായിച്ചിരിക്കുന്ന ലേഖനങ്ങളാണ്. ജോസഫ് ബോബി സാറിന്റെ Joseph Boby നല്ല മലയാളം എന്ന പംക്തി. ഭാഷ മനസ്സിലാക്കാൻ മിക്കവരും എത്തുന്നു എന്നത് വളരെ സന്തോഷമുളവാക്കുന്ന കാര്യം. ഇവിടെയാണ് അഭിരാമത്തിന്റെ പ്രസക്തിയും. പ്രണാമം ബോബി സർ.
https://www.facebook.com/groups/1498796040413252/permalink/1588148114811377/
===================================================
മലയാളഭാഷാവ്യാകരണത്തിലെ പ്രാമാണിക ഗ്രന്ഥമാണ് കേരള‍ പാണിനീയം. എ.ആർ. രാജരാജവർമ്മയാണ് ഈ ഗ്രന്ഥത്തിന്റെ കർത്താവ്. ഇതിന്റെ ആദ്യപതിപ്പ് 1896-ലും പരിഷ്കരിച്ച പതിപ്പ് 1917-ലുമാണ് പുറത്തിറങ്ങിയത്.
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ഘട്ടത്തിലും എ.ആർ. രാജരാജവർമ്മയ്ക്കു സമശീർഷനായ ഒരു വൈയാകരണൻ ഇതരദക്ഷിണേന്ത്യൻ ഭാഷകളിൽ ഇല്ലായിരുന്നു. പാണിനി എഴുതിയ പാണിനീയത്തിൽ അവഗാഹം നേടിയിരുന്ന അദ്ദേഹം പക്ഷേ, പാണിനീയത്തെ അന്ധമായി പിന്തുടരാതെ മലയാളഭാഷയുടെ സ്വഭാവത്തിനിണങ്ങുന്ന മട്ടിലാണു കേരളപാണിനീയം രചിച്ചിരിക്കുന്നത്. സംസ്കൃതത്തിൽനിന്നല്ല പ്രാചീനതമിഴിൽനിന്നാണു മലയാളം ഉണ്ടായതെന്ന അഭിപ്രായമാണ് കേരളപാണിനീയത്തിൽ അദ്ദേഹം പ്രകടിപ്പിക്കുന്നത്. തമിഴിൽനിന്നു വേർപെട്ട് മലയാളം സ്വതന്ത്രഭാഷയായതിനു ഹേതുവായി കരുതാവുന്ന ആറു നയങ്ങൾ അദ്ദേഹം ഗ്രന്ഥത്തിൽ അവതരിപ്പിക്കുന്നുണ്ട്.
കേരള പാണിനീയം ഡോ. റോയ് ആംഗലേയത്തിലേക്ക് തർജ്ജിമചെയ്തിട്ടുണ്ട്.
&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&

2 comments:

  1. ചന്തുവേട്ടനെപോലെയുള്ളവരുടെ
    ഇത്തരം വാരഫലങ്ങൾ വായിക്കൊമ്പോഴാണ്
    പല എഴുത്തുകളുടെയും ഗുണമേന്മകൾ തൊട്ടറിയുന്നത് ....
    നന്ദി,

    ReplyDelete
  2. രചനകളുടെ വസ്തുനിഷ്ഠമായ വിലയിരുത്തല്‍ ഇഷ്ടപ്പെട്ടു.
    'കലികയുടെ'"നാമിരുമേഘശകലങ്ങൾ"പരിചയപ്പെടുത്തിയത് നന്നായി.
    മറ്റു നാലുപേരുടെയും രചനകള്‍ ഞാന്‍ fbയിലും ഗ്രൂപ്പിലും മറ്റും നിത്യവും വായിച്ചുകൊണ്ടിരിക്കുന്നു.......
    ആശംസകള്‍ ചന്തു സാര്‍

    ReplyDelete