Sunday, June 18, 2017

ഗരുഡൻ (കഥ)
^^^^^^^^^^^
അമ്പത്തിമൂന്നാമത്തെ യോഗാസനവും കഴിഞ്ഞു.
ശവാസനം.
സർവ്വാംഗങ്ങളെയും മനസ്സിനെയും തളർത്തിക്കൊണ്ടുള്ള സുഖാസനം. പഠിതാക്കാളെല്ലാം ഉറങ്ങി. അർദ്ധസുഷുപ്തി.
പ്രഹ്ലാദൻ ഉറങ്ങിയില്ലാ. അദ്ധ്യാപകനാണല്ലോ?.
തളർന്നുകിടക്കുന്നവർക്കിടയിലൂടെ നടന്നു. അമ്പത്തിരണ്ടുപേരും നല്ല മയക്കത്തിലാണ്.. അമ്പത്തിമൂന്നാമത്തെയാൾ, മനീഷ, കണ്ണുകൾ ചിമ്മിയുണർന്നു.തന്നെത്തന്നെ നോക്കിക്കൊണ്ടുനില്ക്കുന്ന പ്രഹ്ലാദനെ അവളും നോക്കി.അയാൾ നോട്ടം മാറ്റി, തിരിച്ചുനടന്നു.
അമ്പത്തിമൂന്നു വയസ്സ് പ്രഹളാദനു്. ഗരുഡൻ എന്ന വിളിപ്പേരുമുണ്ട് ശിഷ്യർക്കിടയിൽ. അതിന്റെ കാരണക്കാരൻ അദ്ദേഹമല്ല ലോകം മുഴുവൻ ചുറ്റിനടന്ന് യോഗ പഠിപ്പിച്ചിരുന്ന ‘പറക്കുംസ്വാമി'യുടെ ശിഷ്യനാണു പ്രഹ്ലാദൻ. അങ്ങനെ വീണ അപരനാമം,അവിവാഹിതൻ.
കുന്നിൻനിറുകയിലാണു ആ വീട്, നൂറ്റിയൊന്നു മുറികളുള്ള തറവാട്. കുന്നിറങ്ങിവന്നാൽ മൂന്നു വശവും കായൽ. ഒരു പ്രമാണിയുടേതായിരുന്നു. വൈദ്യരത്നംബാലകൃഷ്ണൻവക. അതുകൊണ്ടുതന്നെയാണ് തുച്ഛമായ വിലയ്ക്ക് ആ തറവാട് അദ്ദേഹം സ്വാമിക്കു വിറ്റത്.
പറക്കുംസ്വാമി അതു വിലയ്ക്കു വാങ്ങിയപ്പോൾമുതൽ പ്രഹളാദൻ കൂടെയുണ്ട്. സ്വാമിയുടെ മരണശേഷവും അയാളായി അതിന്റെ മേൽനോട്ടം. ട്രസ്റ്റ് ആണു ഭരണം..
ഇത്തവണ വന്ന അമ്പത്തിമൂന്നുപേരിൽ പത്തു വിദേശവനിതകൾ. പതിനൊന്നാമത്തേത് മനീഷ. മലയാളം അറിയുന്നത് അവർക്കുമാത്രം. .
ചില സായാഹ്നങ്ങളിൽ കായൽത്തീരത്തിരിക്കുന്ന പ്രഹ്ലാദന്റെ അടുത്ത് മനീഷ എത്തും. അവൾക്ക് പുരാണങ്ങളോടും ഇതിഹാസങ്ങളോടും പ്രതിപത്തി.നല്ല വായനക്കാരിയാണു്. സംശയനിവാരണത്തിനായി പ്രഹ്ലാദനും.
“അമ്പത്തിമൂന്നു വയസായിട്ടും എന്തേ വിവാഹിതനായില്ലാ?”
മഴ ചാറിയ സമയം. ഒരു മരത്തിന്റെ കീഴിൽ അഭയം. തുവാനമേറ്റിരിക്കുന്ന നേരത്തു ചോദ്യം!
“വിവാഹിതനായില്ലായെങ്കിൽ പുരുഷനാകില്ലേ? ”
“എന്നല്ല. ഇത്രയും സുന്ദരനും ശക്തനുമായൊരാൾ”
അയാൾ ചിരിച്ചതേയുള്ളൂ.
“ക്ഷമിക്കണം”
അവൾ മഴയേറ്റുവാങ്ങി. കുന്നിൻനിറുകയിലേയ്ക്ക് ഓടി.
ചിലതുടക്കങ്ങൾ അങ്ങിനെയാണ്. ഒരു നോട്ടം, ഒരുപുഞ്ചിരി, ഒരു വാക്ക്.
അൻപത്തിമൂന്നു വർഷത്തെ ബ്രഹ്മചര്യനിഷ്ഠയ്ക്ക് ഇളക്കമുണ്ടായോ?
ഫാൽഗുനമാസത്തിലെ ഒരു സന്ധ്യ. കൊട്ടിയമ്പലത്തിന്റെ പടിയിൽ വിശ്രമിക്കുകയായിരുന്നു അയാൾ.
മനീഷയെക്കുറിച്ചായിരുന്നുചിന്തിച്ചത്. അതു പതിവില്ലാത്തതാണ്. എത്രയോ പെൺകുട്ടികളും സ്ത്രീകളും ഇവിടെ പഠിച്ചിട്ടുണ്ട്. പക്ഷേ ഇവൾ മാത്രം എന്തേ?
അവളുടെ ചിരിയിൽ വശ്യത. നുണക്കുഴികൾക്കു പ്രത്യേകമായ അഴക്, നീണ്ട ഫാലസ്ഥലം, പവിഴാധരം. വെളുത്തുതുടുത്തശരീരം, കഥകളെഴുതും, കവിതയും വശമാണവൾക്ക്.
“എന്താ മാഷേ ആലോചന? എന്നെപ്പറ്റിയാണോ?”
അയാൾ ഞെട്ടിയുണർന്നു.
“അതെങ്ങനെയറിഞ്ഞു ?”
“ടെലിപ്പതി”
ചിരിയോടെ അവൾ അയാൾക്കടുത്തിരുന്നു.
“ഭർത്താവുമായിട്ട് എന്തെങ്കിലും പ്രശ്നമുണ്ടോ?”
“ഉണ്ടില്ലാ” അവൾ ഒരു ചിരിയോടെ പറഞ്ഞു.
“ഇതെന്താ ന്യൂജെൻഭാഷയാണോ?”
ഈ യോഗാശ്രമത്തെപ്പറ്റി അറിഞ്ഞതും നവധാരാമാദ്ധ്യമത്തിലൂടെയാണല്ലോ”
“അദ്ദേഹം ഇപ്പോൾ എവിടെയാണ് ?“
“നാട്ടിൽത്തന്നെയുണ്ട്. മകൻഒൻപതാംക്ലാസിൽ പഠിക്കുന്നു.”
അവൾ പറഞ്ഞുതുടങ്ങി.
ഒരു കഥപോലെ.
അയാൾ കേൾവിക്കാരനായി.
മനുവിന്റെ അച്ഛന്റെ കൂട്ടുകാരൻവഴി വന്ന ആലോചന. മനീഷയുടേയും അച്ഛന്റെ കൂട്ടുകാരൻ. എഞ്ചിനിയറിംഗ് കഴിഞ്ഞയുടനെ മനുവിനു ക്യാമ്പസ് സെലക്ഷൻവഴി ബാംഗ്ലൂരിലെ ഒരു കമ്പനിയിൽ ജോലിയായി; പിന്നെ ദുബായിലേക്കും. ചങ്ങനാശ്ശേരിയിലെ പ്രശസ്തമായ തറവാട്.
സാമ്പത്തികമായി അത്ര മെച്ചപ്പെട്ടതല്ലായിരുന്നു അവളുടെ കുടുംബം. ആലോചന വന്നപ്പോൾ, അത് എത്രയും പെട്ടെന്നു നടത്തണം എന്നു അച്ഛൻ. അന്നവൾ മദ്രാസ്സിലെ ഒരു കോളേജിലെ അദ്ധ്യാപികയായിരുന്നു
വളരെപ്പെട്ടെന്നുതന്നെ വിവാഹം നടന്നു.
ആദ്യരാത്രിയിൽത്തന്നെ അമിതമായി മദ്യപിച്ചെത്തിയ ഭർത്താവ്.
“ഇതു ബാഡ് ഹാബിറ്റല്ലേ ?”
“എനിക്കിതില്ലാതെ പറ്റില്ലാ !’
പതിനെട്ടു വയസ്സിൽ തുടങ്ങിയതാണു. വീട്ടിലെല്ലാപേരും മദ്യപിക്കും. ആരും എതിർത്തില്ലാ.“
ജോലി രാജിവച്ച് ദുബായിലേക്ക് അവളും.
വലിയൊരു സോഫ്റ്റ് വെയർകമ്പനിയിലെ ഡെപ്പ്യൂട്ടിജനറൽമാനേജരായിരുന്നു അയാൾ.
ഒന്നര വർഷത്തിനുള്ളിൽ മകൻ പിറന്നു.നിരഞ്ജൻ.
ഓഫീസിലായാലും വീട്ടിലായാലും മദ്യമാണു ലഹരി. മകനേയും അവളെയും അവഗണിച്ചു,
മദ്യപിച്ച് കമ്പനിയിലെത്തുന്ന മനീഷിനെ പലരും ഉപദേശിച്ചു. അയാൾ അവരോടൊക്കെ തട്ടിക്കയറി.ചെയർമാൻ പലപ്പോഴും താക്കീതുചെയ്തു.
ഒരുനാൾ കമ്പനിയിൽ അയാൾ പ്രശ്നമുണ്ടാക്കി. ജൂനിയർ എഞ്ചീയർമാർക്കു നേരെ കൈയേറ്റമായി. അവരും എതിരിട്ടു, ക്യാബിൽ തല്ലിത്തകർത്ത അയാൾ കണ്ണിൽക്കണ്ടവരെയെല്ലാം തെറിവിളിച്ചു. പലരേയും ഉപദ്രവിച്ചു.
അയാളെ കമ്പനിയിൽനിന്നു പുറത്താക്കി
ജീവിതം വഴിമുട്ടിയതുപോലെ.
അവൾ ഒരു സ്കൂളിൽ അദ്ധ്യാപികയായി ജോലിക്കു ചേർന്നു.
അയാൾ പല കമ്പനികളിലും ജോലിക്കപേക്ഷിച്ചു. അറിയാവുന്ന കമ്പനിക്കാരൊന്നും അയാളെ സ്വീകരിച്ചില്ല.
മദ്യം കിട്ടാതായപ്പോൾ അയാൾക്കാകെ ഭ്രാന്തുപിടിച്ചപോലെ.
അവൾ അയാളെ സമാധാനപ്പെടുത്തി. കിട്ടുന്ന ശമ്പളത്തിൽനിന്നു കുറച്ച് അയാൾക്കു നല്കി; മദ്യം വാങ്ങാനായി.
എപ്പോഴോ അയാൾ സ്വയം തിരിച്ചറിയാൻ തുടങ്ങി. ഭാര്യയേയും മക്കളേയും ഓർമ്മിച്ചുതുടങ്ങി. തനിക്കു മദ്യം വാങ്ങാൻ പണം തരുന്ന ഭാര്യയെക്കുറിച്ചോർത്തപ്പൊൾ അയാൾക്ക് സങ്കടവും ലജ്ജയും.
വർഷങ്ങൾക്കു ശേഷം അയാൾ ഭാര്യയുടെ ചൂടുപറ്റിക്കിടന്നു.
സുഗന്ധലേപനങ്ങൾക്കുമപ്പുറം അവളുടെ മണം അയാളറിഞ്ഞു.അയാൾ ഭർത്താവാകാൻ ശ്രമിച്ചു.
ഞെട്ടലോടെയാണു അത് മനസ്സിലാക്കിയത്.
തന്റെ പുരുഷത്വം നഷ്ടമായിരിക്കുന്നു !! പുരുഷാംഗം മനസ്സിനൊപ്പം ശക്തിയാർജ്ജിക്കുന്നില്ലാ.
അയാൾ അവൾകാണാതെ തിരിഞ്ഞുകിടന്നു് കരഞ്ഞു.
അവൾ മെല്ലെ അയാളുടെ മുടിയിഴകളിൽ തഴുകി.
“സാരമില്ല ഒക്കെ ശരിയാകും”
എപ്പോഴോ അയാൾ ഉറങ്ങി. അവൾ ഉറങ്ങിയില്ല.
അവളുടെ നിർബ്ബന്ധത്തിൽത്തന്നെ പിറ്റേന്ന് പരിചയക്കാരനായ ഡോക്ടറെ കണ്ടു. അമിതമായ മദ്യപാനംമൂലം പ്രമേഹം, കോളസ്ട്രോൾ എന്നിവ സ്വന്തം !
“വെറുതേ തന്റെ ജീവിതം നഷ്ടപ്പെടുത്തിയല്ലോടോ”
ഡോക്ടറുടെ ഉപദേശം അയാൾ നിസ്സംഗനായി കേട്ടിരുന്നു.
ജിവിതംതന്നെ നഷ്ടമായ അവസ്ഥ.. അയാൾ നിശ്ശബ്ദനായി. നിശ്ശബ്ദത അവൾക്കു വേദനയുണ്ടാക്കി. അയാൾ വീണ്ടും മദ്യപാനത്തിലേക്കു തിരിച്ചുപോകും എന്ന അറിവ് അവളെ ഭയപ്പെടുത്തി
.
അവർ നാട്ടിലേക്കു തിരിച്ചു. വർഷങ്ങളുടെ പ്രവാസം അവസാനിപ്പിച്ചുകൊണ്ട്.
മറ്റാരുടേയോ കഥ പറയുന്ന ലാഘവത്തോടെയാണവൾ അതു പറഞ്ഞുനിറുത്തിയതെങ്കിലും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. പ്രഹ്ലാദൻ മറുപടി പറയാനാകാതെ വിഷമിച്ചു.
അവൾ കണ്ണീർ തുടച്ചു,എണിറ്റു.
“സുഖദുഃഖസമ്മിശ്രമാണു ജീവിതം”
“ദുഃഖം മാത്രമാണെങ്കിലോ?”
എന്താണതിനു മറുപടി പറയേണ്ടത് എന്നോർത്തയാൾ വിഷമിമിച്ചു
.
“നാട്ടിൽ വന്നിട്ടും മനു കുറേ നാൾ നിശ്ശബ്ദനായിരുന്നു. പഴയ കൂട്ടുകാരെക്കണ്ടുമുട്ടിയപ്പോൾ വീണ്ടും മദ്യത്തിലഭയംതേടി. പക്ഷേ ബഹളമൊന്നുമില്ല. മനുവിനു കിട്ടിയ ഷെയർ ഒക്കെ വിറ്റു. ഇപ്പോൾ എന്റെവക വീടും ഇരുപത്തിയഞ്ചു സെന്റും മാത്രം മിച്ചം. ബഹറിനിലെ ഒരു സ്കൂളിലേക്ക് എന്നെ ക്ഷണിച്ചിട്ടുണ്ട്. അവർക്കു യോഗയുംകൂടെ പഠിപ്പിക്കണം അതാണിവിടെ വന്നത്.”
പ്രഹ്ലാദൻ വിഷയം മാറ്റി.
“നന്നായി എല്ലാം പഠിച്ചുമനസ്സിലാക്കുന്നുണ്ട്. പിന്നെ ശരീരവും നന്നായി വഴങ്ങുന്നുണ്ട്. ഇനി പത്തുനാൾ. എന്റെ നല്ലൊരു വിദ്യാർത്ഥിയാണു താൻ“
ഇരുട്ടേറെ പരന്നുകഴിഞ്ഞു രണ്ടുപേരും ആശ്രമത്തിലേക്കു നീങ്ങി. എപ്പോഴോ അയാളുടെ കാലൊന്നു തെന്നി. വീഴാൻ ഭാവിച്ച അയാൾക്ക് അവൾ കൈത്താങ്ങായി. ആദ്യമായിട്ടാണു ചുവടു പിഴയ്ക്കുന്നത്.
നഗരത്തിൽനിന്നു നാല്പത്കിലോമീറ്റർ അകലെയാണു യോഗാ ആസ്ഥാനം. അതുകൊണ്ടുതന്നെ അവിടേക്കുള്ള സാധനങ്ങളൊക്കെ വാങ്ങുന്നത് നഗരത്തിൽനിന്നാണു്. വേറേയും ചില ആവശ്യങ്ങളുണ്ടായിരുന്നതിനാൽ അന്നു ജീപ്പുമായി പ്രഹ്ലാദൻ പോകാനൊരുങ്ങി.
“ഞാനുംകൂടെ വന്നോട്ടെ എനിക്കും ചിലതു വാങ്ങാനുണ്ട്. പിന്നെ പാസ്പോർട്ടാഫീസിലും കയറണം”
മനീഷ അയാളോടൊപ്പം സ്കോർപ്പിയായിൽ.
പകുതിവഴിയിലെത്തിയപ്പോൾ പ്രഹ്ലാദൻ:
“പത്തുകിലോമീറ്റർ ഗ്രാമപാതയിലൂടെ ഒന്നു പോയിവരാം, വിരോധമുണ്ടോ?”
“വിരോധമോ ?ഗ്രാമഭംഗി ആസ്വദിക്കാത്തവരാരുണ്ട് ?എനിക്കു ഗ്രാമമാണിഷ്ടം”
വണ്ടി ഇടത്തേക്കു തിരിഞ്ഞു. ടാറിടാത്ത ചെമ്മൺപാത.
പത്തുകിലോമീറ്റർ താണ്ടി സ്കോർപ്പിയാ നിന്നത് ഒരു നാലുകെട്ടിന്റെ മുന്നിലാണ്.
“ഇതാണെന്റെ ഈറ്റില്ലം”
“ആഹാ“ മനീഷ അത്ഭുതത്തോടെ അയാളെ നോക്കി.
വീട്ടിൽ അമ്മയും ജോലിക്കാരിയും.
അമ്മയെ മനീഷയ്ക്ക് ഇഷ്ടമായി.അവർ തമ്മിൽ വളരെ അടുത്തു. കുറച്ചുനേരംകൊണ്ട് അമ്മയ്ക്കും മനീഷയെ ഇഷ്ടമായി,
പ്രഹ്ലാദന്റെ,വിശാലമായ ഗ്രന്ഥശാലകണ്ട് അവൾ അമ്പരന്നു.
“ഓ ഇത്തരം പുസ്തകങ്ങളും അങ്ങ് വായിക്കുമോ?”
അയാൾ ചിരിച്ചു.
"ഞാനിതെടുത്തോട്ടേ ?"
“എടുത്തോളൂ”
ഉച്ചയൂണും കഴിഞ്ഞാണു പിന്നീടുള്ള യാത്ര.
നഗരത്തിലെ കൊടുക്കൽവാങ്ങലുകൾ കഴിഞ്ഞപ്പോൾ നേരം നന്നേ ഇരുട്ടി.
ആശ്രമംവക ഗസ്റ്റുഹൌസുണ്ട് നഗരത്തിൽ.
നക്ഷത്രസൌകര്യമുള്ളത്.
അവർ അന്നവിടെ തങ്ങി.
‘ലൈംഗികത ഒരിക്കലും തെറ്റല്ല.ഒന്നും പിടിച്ചുവാങ്ങരുത്.ആളും തരവും സമയവും സന്ദർഭവും നോക്കണം. പരസ്പരം ഇഷ്ടപ്പെട്ടാൽ ആർക്കും ആകാം. ഗോപ്യമായിരിക്കണം സുതാര്യവും. കാമശാസ്ത്രലീലകളിലെ പല രിതികളും യോഗയുമായി സാമ്യമുണ്ട്. ഒരുപക്ഷേ ‘ശേതകേതുവും,പതഞ്ജലിമഹർഷിയും രണ്ടിനെക്കുറിച്ചും വിശദമായി പഠിച്ചിരിക്കാം’
പ്രഹ്ലാദന്റെ വീട്ടിൽനിന്നെടുത്ത വാത്സ്യായനന്റെ കാമസൂത്രം എന്ന പുസ്തകം
തുറന്നുനോക്കിയപ്പോളാണു അവളാ കുറിപ്പു കണ്ടത്.
“മാഷെഴുതിത്തുടങ്ങിയതാണോ“
“അതേ.ഒരു ലേഖനത്തിന്റെ തുടക്കം...”
കുളികഴിഞ്ഞെത്തിയ പ്രഹ്ലാദൻ വേഷം മാറുകയായിരുന്നു.
“അപ്പോൾ പലതും അടക്കിവയ്ക്കുകയാ‍യിരുന്നു അല്ലേ?”
“അടക്കിനിറുത്താനുള്ള ആത്മധൈര്യമാണു പുരുഷലക്ഷണം”
“ഓഹോ”
അവൾ കളിയാക്കിച്ചിരിച്ചു.
എന്നത്തേക്കാളും സുന്ദരമായി ആചിരി.
അവളിരുന്നു. അയാൾക്കടുത്തു്
വാചാലമായ മൌനം. നോട്ടം തമ്മിലിടഞ്ഞ മുഹൂർത്തത്തിൽ അവൾ അയാളെ കെട്ടിപ്പിടിച്ചു. ചുണ്ടുകളിൽ തേൻകണം. പീനപയോധരയുഗളം മാറിലമർന്നു.
ആലിംഗനത്തിൽനിന്നു മുക്തയായി.
“ആദ്യമായിട്ടാണ് പരപുരുഷനെ……”
അവളുടെ ശബ്ദം വിറച്ചിരുന്നു.
മുറിയിലെ എ.സിയ്ക്ക് തണുപ്പു കുറവായിത്തോന്നി. അയാൾ എണിറ്റ് ഫാനിട്ടു. പിന്നെ വെളിച്ചവും അണഞ്ഞു.
പങ്കയുടെ കാറ്റിനു വേഗം. അവൾ തുറന്നുവായിച്ചിരുന്ന കാമസൂത്രയുടെ പേജുകൾ വേഗത്തിൽ മറിഞ്ഞുകൊണ്ടിരുന്നു. സീൽക്കാരസ്വനംപോലെ.
“രതിയുമൊരു കലയാണല്ലേ?”
തളർന്നു,വിയർത്തുകിടക്കുന്ന അയാളുടെ നെഞ്ചിൽ മുഖം ചേർത്തുകൊണ്ടായിരുന്നു അവളുടെ ചോദ്യം.
ആദ്യസമാഗമലഹരിയുടെ വശ്യതയിൽ മുഴുകിക്കിടന്ന അയാളൊന്നു മൂളി
“ഞാൻ അന്നത്തെ ചോദ്യം ആവർത്തിക്കട്ടെ, എന്തേ വിവാഹം കഴിക്കാതിരുന്നത്?
“നിയതിയുടെ നിയോഗമാകാം”
“ഇതും;അല്ലേ?”
“യാദൃച്ഛികമാണല്ലോ ജീവിതത്തെ നയിക്കുന്നത്”
“എന്നെ ഇഷ്ടമായോ?"
“തീർച്ചയായും.ഇപ്പോൾ ഞാൻ വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നു”
“സെക്സ്മാത്രമാണോ കാരണം ?”
“മാത്രമല്ല, കുറച്ചുനാളായി മനസ്സിൽ താനാണ്; രാത്രികളിലെ സ്വപ്നത്തിലും”
“ഞാനും ആഗ്രഹിക്കുന്നു.ഈ കൂട്ട്, പക്ഷേ മകനേയും അദ്ദേഹത്തേയുംപറ്റി ഓർക്കുമ്പോൾ........”
“മകനെ നമുക്ക് വളർത്തിക്കൂടേ ? അദ്ദേഹം സമ്മതിക്കുകയാണെങ്കിൽ ഡിവോഴ്സും. നഷ്ടമായതൊക്കെ തിരിച്ചുകിട്ടിയതുപോലെ. ജീവിതത്തിനു അർത്ഥമുണ്ടായതുപോലെ. ഈ തുറന്നുപറച്ചിൽ തെറ്റാണെങ്കിൽ ക്ഷമിക്കുക.”
മടക്കയാത്രയിൽ ഇരുവരും ഒന്നും സംസാരിച്ചില്ല. ഭാവിയെക്കുറിച്ചുള്ള ചിന്തയിലായിരുന്നു.
അമ്പത്തിമൂന്നു ദിവസത്തെ പഠനത്തിനു പരിസമാപ്തിയായി.
എല്ലാപേരും മടക്കയാത്രക്കുള്ള തയാറെടുപ്പിൽ.
ഓഫീസിൽ അയാൾ ഒറ്റയ്ക്കായിരുന്നു. മനീഷ അയാൾക്കുമുന്നിൽ
“തീരുമാനത്തിലെത്തിയോ?”
“ഞാൻ വീട്ടിൽ പോയിവരാം എല്ലാം അദ്ദേഹത്തോടു തുറന്നുപറയാം. എനിക്കും ഇനി നന്നായി ജീവിക്കണം എന്നാഗ്രഹം. മകനോടു കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കണം. പിന്നെ റ്റി.സി.യും മറ്റുമൊക്കെ വാങ്ങണ്ടേ? ഞാൻ അവിടെ എത്തിയിട്ട് വിളിക്കാം.”
“കാത്തിരിക്കും.അടുത്ത ബാച്ചിലേയ്ക്കുള്ള ആളുകൾ വരാൻ സമയമെടുക്കും. ഞാൻ വീടൊക്കെയൊന്നു പെയിന്റടിച്ച് വൃത്തിയാക്കിയിടാം”
അവളെ റെയിൽവേസ്റ്റേഷനിൽ കൊണ്ടുവിടാൻ അയാൾ പോയില്ല. മറ്റുള്ളവർക്കൊപ്പം ബസ്സിലാണു പോയത്..
പിന്നെ കാത്തിരിപ്പിന്റെ നാളുകൾ. അമ്മയോടു കാര്യങ്ങൾ സുചിപ്പിച്ചു. അമ്മ കരഞ്ഞു; സന്തോഷം കൊണ്ടാവാം. അങ്ങോട്ടും ഇങ്ങോട്ടും ഫോൺ വിളികളുണ്ടായില്ല. പൊതുവേ ഫോൺവിളിക്കുന്ന കൂട്ടത്തിലല്ലാ പ്രഹ്ലാദൻ.
മൊബൈൽ മുഴങ്ങി, വിചാരിച്ചതുപോലെ അവൾതന്നെ, മനീഷ.
“മാഷേ ഞാൻ നാളെ അവിടെയെത്തും”
“കാത്തിരിക്കുകയാണ്”
രണ്ടു വാചകങ്ങളിൽ ഫോൺ സംഭാഷണം ഒതുങ്ങി.
പിറ്റേന്ന് പതിനൊന്നു മണിയോടെ അവൾ എത്തി;
പട്ടുസാരി ഉടുത്തിരിക്കുന്നു; മുല്ലപ്പൂ ചൂടിയിരിക്കുന്നു; നവോഢയെപ്പോലെ !
വിഭവസമൃദ്ധമായിരുന്നു ഉച്ചയൂണ്. ‘വേണ്ടാ‘ എന്നു വിലക്കിയിട്ടും അമ്മ അവളെ നിർബ്ബന്ധിച്ച് ഓരോന്നും കഴിപ്പിച്ചു.
പ്രഹാളദന്റെ കിടക്കമുറിയിൽ പുതിയ കട്ടിലിലെ പുതിയ മെത്തയിലവരിരുന്നു.
“നാളെ അടുത്തുള്ള അമ്പലത്തിൽവച്ചാകാം മാലയിടൽ അല്ലേ ? വളരെക്കുറച്ചുപേരെ ഉണ്ടാകൂ”
അവളുടെ നിശ്ശബ്ദതകണ്ട് അയാൾക്ക് സംശയമായി.
“ഞാൻ മനീഷിനോട് കാര്യങ്ങളെല്ലാം പറഞ്ഞു.അദ്ദേഹം വളരെ സന്തോഷവാനായിരുന്നു.നീയെങ്കിലും രക്ഷപ്പെടുക. വിവാഹനാളിലണിയിച്ച മോതിരം ഊരിത്തന്നു.”
അവൾ ബാഗിൽനിന്ന് ആ മോതിരം എടുത്ത് അയാളെ കാണിച്ചു.
“തത്ക്കാലം മോനിവിടെ നില്ക്കട്ടെ, നിങ്ങൾ രണ്ടാളും ഒരുമിച്ചുപോയാൽ…" മനീഷിന്റെ ശബ്ദം വല്ലാതെ ഇടറിയിരുന്നു.
"എനിക്ക് ആത്മഹത്യചെയ്യാൻ പേടിയാടോ. മദ്യപാനത്തിന്റെ രക്തസാക്ഷിയായി അലഞ്ഞുനടക്കാൻ വയ്യാ എനിക്കിനി. ഇതു നിന്റെ വീടാണ്. കുറച്ചുകാലംകൂടെ ഞാനിവിടെ തങ്ങിക്കോട്ടേ, അവിടെപ്പോയി മോന്റെ അഡ്മിഷനൊക്കെ ശരിയാക്കിയിട്ട് അവനെ കൊണ്ടുപോയിക്കോളൂ. അതിനിടയിൽ ഞാൻ എവിടെയെങ്കിലും ഒരിടം കണ്ടെത്തിക്കോളാം.
ഒന്നും പറയാനാകാതെ മരവിച്ച അവസ്ഥ.അതുകണ്ടാകണം അദ്ദേഹം പുറത്തേക്കു പോയി. ഇന്നു രാവിലെയായിരുന്നു ഈ സംസാരം”
മനീഷ എഴുന്നേറ്റു ജാലകത്തിലൂടെ പുറത്തേക്കു നോക്കിനിന്നു.
“തെറ്റുപറ്റിയോ നമുക്ക് ?”
“തെറ്റു ചെയ്യാത്ത മനുഷ്യരുണ്ടോ? ദാമ്പത്യബന്ധങ്ങളിൽ എൺപത്തിയഞ്ചുശതമാനവും അഡ്ജസ്റ്റ്മെന്റാണ്. ഞാനല്ല ഒരു നിരീഷകൻ പറഞ്ഞതാ. ആ അഡ്ജസ്റ്റ്മെന്റിൽനിന്നു പുറത്തുകടക്കാൻ ഞാൻ ആഗ്രഹിച്ചു. ഇല്ല മാഷേ, ചില ബന്ധങ്ങളെ തകർത്തെറിയാനാകുന്നില്ലാ. എന്നോടു ക്ഷമിക്കില്ലേ?തിരിച്ചുപോകാനായല്ലാ ഞാനിങ്ങോട്ട് വന്നത്. പക്ഷേ ബസ്സിലിരുന്നപ്പോൾ കുറേയേറെ ചിന്തിച്ചു. എന്റെ കുഞ്ഞിന്റെ അച്ഛനല്ലേ മനു. പലതും നല്കിയില്ലെങ്കിലും എത്രയോകാലം ഒന്നിച്ചു ജീവിച്ചതല്ലേ............,എനിക്കു മാപ്പു തരണം ”
പ്രഹ്ലാദൻ മേശപ്പുറത്തിരുന്ന ഫയലിൽനിന്ന് അവളുടെ കോഴ്സ് സർട്ടിഫിക്കറ്റ് എടുത്തുകൊടുത്തു.
“മനീഷ പറഞ്ഞ സ്കൂളിന്റെ പ്രധാനി എനിക്കറിയാവുന്ന ആളാണ്. താങ്കൾ ബഹറിനിലേക്കു പൊയ്ക്കൊള്ളൂ. ഞാൻ പഠിപ്പിച്ച പലരും ബഹറിനിലുണ്ട്. മനുവിനും അവിടെ ഒരു ജോലിക്കു ശ്രമിക്കാം. അയാൾ മദ്യപാനം ഉപേക്ഷിക്കും എന്ന് ഇനി ഉറപ്പിക്കാം; താങ്കൾ തിരികെച്ചെല്ലുകയാണെങ്കിൽ. ആരേയും വേദനിപ്പിച്ചുകൊണ്ട് നമുക്കൊരു ജീവിതം വേണ്ടാ”
അയാളുടെ കാൽ തൊട്ടുവണങ്ങി, അവൾ സർട്ടിഫിക്കറ്റ് വാങ്ങി; കണ്ണുകൾ നിറഞ്ഞിരുന്നു.
“നിദ്രയിലൊരു സ്വപ്നം എന്നു ധരിച്ചാൽ മതി, എല്ലാം മറക്കുക. ”
തിരിച്ചുപോകാനൊരുങ്ങുന്നതിനു തൊട്ടുമുമ്പാണ് അവൾ ബാഗിൽനിന്ന് ആ പുസ്തകം അയാൾക്ക് തിരികെ നല്കിയത്.
ടാക്സിക്കാറിലിരുന്നപ്പോളും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് പ്രഹ്ലാദൻ കണ്ടു. പുകപടർത്തി, മുന്നോട്ടോടിയ കാർ കണ്ണിൽനിന്നു മറഞ്ഞപ്പോൾ അയാൾ തിരിച്ചുനടന്നു.
ഉമ്മറത്തു നില്ക്കുന്ന അമ്മയെ ശ്രദ്ധിച്ചില്ല.
പുരയിടത്തിൽ ജോലിക്കാർ തൂത്തുകൂട്ടിയ ചപ്പുചവറുകളിൽ അപ്പോഴും തീയാളുന്നുണ്ടായിരുന്നു. അതിനടുത്തെത്തിയ അയാൾ കാമസൂത്രയിലെ പേജുകൾ ഓരോന്നായി കീറിയെറിഞ്ഞു. തീയാളിപ്പടർന്നു. പിന്നെ ചാരമായി കെട്ടടങ്ങുന്നതുവരെ അവിടെത്തന്നെ നിന്നു.
നിർവ്വിചാരം, നിർവ്വികാരം !!!
^^^^^^^^^^^^^^^^^^^^^^ ചന്തുനായർ ^^^^^^^^^^^^^^^^

5 comments:

  1. നല്ല കഥ. ഇഷ്ടമായി ചന്തുച്ചേട്ടാ.ത്യാഗം വേണ്ടിയിരുന്നില്ലാന്നൊരു അഭിപ്രായമുണ്ട്‌.

    ReplyDelete
    Replies
    1. വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി. പ്രണാമം

      Delete
  2. ശരിക്കും ഇഷ്ടമായി ..,നല്ല കഥ..

    ReplyDelete
    Replies
    1. പ്രീയമുരളീ...വളരെസന്തോഷം.... അങ്ങ് എന്നും എന്റെ കൂടെയാണല്ലോ?ബ്ലോഗുകൾ ഇപ്പോൾ ആരും വായിക്കാറില്ലാ അല്ലേ? അനിയന്റെ സാമീപ്യം എനിക്കെന്നും പ്രചോദനം...സ്നേഹം

      Delete
  3. ഓരോരോ നിമിത്തങ്ങള്‍...
    ജീവിതഗന്ധിയായ കഥ!
    ആശംസകള്‍ ചന്തു സാര്‍

    ReplyDelete