Monday, April 24, 2017

സർപ്പം -കഥ-

സർപ്പം (കഥ)
^^^^^^^^^^^^^^^^
തിരക്കൊഴിഞ്ഞു. ബന്ധുക്കളും സ്വന്തക്കാരുമൊക്കെ യാത്രപറഞ്ഞിറങ്ങി. വളരെപ്പെട്ടെന്നായിരുന്നു വിവാഹനിശ്ചയം. രണ്ടു മാസത്തെ അവധി. ദുബായിലായിരുന്നു.
സുന്ദരിയാണവൾ പേരു സീത. അമ്മയ്ക്കിഷ്ടമായി എന്ന അറിയിപ്പ്.
ജാതകത്തിൽ പൊരുത്തക്കേടൊന്നുമില്ലാ.ഉറപ്പിച്ചു. അച്ഛന്റെ അഭാവം അമ്മാവൻ നികത്തി.
നല്ലവാതിൽകഴിഞ്ഞ് ഭാര്യവീട്ടുകാർ മടങ്ങിയപ്പോൾത്തന്നെ രവീന്ദ്രൻ നന്നേ തളർന്നു. കല്യാണഘോഷം.
മണിയറയൊരുക്കിയത് അമ്മാവന്റെ മകൾ ആതിരയും.മരുമകൻ ശശീന്ദ്രനും
“ക്ഷീണിച്ചോ ?”
കുളികഴിഞ്ഞെത്തിയസീതയോടു തിരക്കി.
“നന്നേ ക്ഷീണിച്ചു”
നിലക്കണ്ണാടിക്കു മുന്നിൽ അവൾ മുടികോതിയൊതുക്കിക്കൊണ്ട് മറുമൊഴി.
“എന്നാൽ, കിടന്നോളൂ”
ആതിര വിഭവങ്ങളൊരുക്കിയിരുന്നു.മേശപ്പുറത്ത്.പാലും പഴവും ആപ്പിളും.
സീത പാൽഗ്ലാസ് രവീന്ദ്രനു് നല്കിയപ്പോൾ കവിളുകൾ തുടുത്തു.ചുണ്ടുകൾ വിറച്ചു.കണ്ണിമകൾക്ക് ചടുലചലനം.
പകുതികുടിച്ചിട്ട് പാൽഗ്ലാസ് തിരികെ നല്കി.അത് അവൾ മേശപ്പുറത്ത് വച്ചു.
“എന്താ കുടിക്കുന്നില്ലേ ?”
“പിന്നെയാകാം രവിയേട്ടാ”
അവൾ ആപ്പിൾ മുറിച്ച് കഷണങ്ങളാക്കി. അതു കഴിക്കുമ്പോഴും ഇരുവരും ഒന്നും മിണ്ടിയില്ലാ. രവീന്ദ്രനു എന്തൊക്കെയോ സംസാരിക്കണം എന്നുണ്ടായിരുന്നെങ്കിലും സിതയുടെ നിസ്സംഗത നിശ്ശബ്ദനാക്കി.
അവളെത്തന്നെ നോക്കിയിരുന്നു അയാൾ. ആദ്യകാഴ്ചയേക്കാൾ ഇന്നവൾ കൂടുതൽ സുന്ദരിയായിരിക്കുന്നു. എതു പുരുഷന്റേയും സ്വപ്നമാണല്ലോ സുന്ദരിയായൊരു ഭാര്യ. ഉള്ളിൽ സന്തോഷത്തിന്റെ തിരയിളക്കം.
ലൈറ്റണയ്ക്കാൻ തുടങ്ങുകയായിരുന്നു.
അണയ്ക്കരുതേയെന്ന സീതയുടെ അപേക്ഷ.
കട്ടിലിന്റെ വലത്തുവശത്തായികിടന്നു. ഇടത്തുഭാഗത്ത് അവളും കിടക്കാൻ തുടങ്ങി.പെട്ടെന്ന് വളരെപ്പെട്ടെന്ന്,
“ചേട്ടാ, ഇതു കണ്ടോ?”
“എന്താ ?”
“സർപ്പം”
“എവിടേ?”
സീത കട്ടിലിന്റെ മദ്ധ്യഭാഗത്തേയ്ക്ക് കൈചൂണ്ടി.
“ഞാൻ കാണുന്നില്ലല്ലോ, തനിക്കു തോന്നുന്നതാ സീതേ”
അവളുടെ മുഖത്തെ സൌമ്യഭാവം മാറി.
“ഞാനെന്താ കള്ളം പറയുകയാണെന്നാണോ?”
മയപെടുത്താനായിപ്പറഞ്ഞു.
“ഇന്ന് അമ്മയുടെ അടുത്ത് പോയിക്കിടന്നോളൂ.വീട് മാറിയതിന്റേതാകും”
“വേണ്ടാ ഞാനിവിടെത്തന്നെ കിടന്നോളാം”
ഇരുവർക്കുമിടയിൽ ഒരിടവരമ്പിട്ട് അവൾ കിടന്നു.
വരമ്പിലെ,ഇല്ലാത്ത സർപ്പത്തിനെ, ഒരു കുഞ്ഞിനെയെന്നപോലെ തലയിണകൾ വച്ച് സംരക്ഷിച്ചു.
“ഇപ്പോൾ ഇവൻ ഉറങ്ങിക്കോട്ടെ, കുറച്ചു കഴിയുമ്പോൾ ഉണർന്ന് പാലു കുടിച്ചോളും. ചേട്ടൻ ഉറങ്ങിക്കോളൂ.”
മറുപടി പറഞ്ഞില്ലാ.ആദ്യരാത്രിയെന്ന മോഹനസ്വപ്നം തകർന്ന നിരാശ തെല്ല് അലോസരപ്പെടുത്തിയെങ്കിലും തിരിഞ്ഞുകിടന്നു.
നാഗർകാവും തമ്പുരാൻസേവയുമുള്ള തറവാട്ടിലെ പെൺകുട്ടി. എല്ലാമാസവും ആയില്യത്തിനു മണ്ണാറശാലയിൽ പോകുന്ന കുടുംബം. വർഷത്തിലൊരിക്കൽ നാഗരൂട്ടും പാട്ടും നടത്തുന്ന വീട്. ചില വിശ്വാസങ്ങൾ മനസ്സിൽ കുടിയേറിയിരിക്കും മാറ്റാം. എല്ലാം മാറ്റിയെടുക്കാം.അയാൾ ഉറക്കത്തിലേയ്ക്ക് വീണു.
പലതവണ ദുബായിൽ പോയിവന്നു. മാറ്റമൊന്നും പ്രകടമായിക്കണ്ടില്ലാ സീതയിൽ.
കൃഷികാര്യങ്ങളിൽ കൂടുതലായി ശ്രദ്ധിക്കാനാകാതെയായി അമ്മാവനു്. പിന്നെ രവീന്ദ്രന്റെ അച്ഛൻ നടത്തിപ്പോന്നിരുന്ന ബിസ്സിനസ്സും അമ്മാവനെക്കൊണ്ട് നടത്താനാവാതെയായി.
ദുബായിനഗരത്തോടു വിടപറഞ്ഞു.
“മുറച്ചെക്കാ.ഭാര്യയ്ക്ക് എന്തെങ്കിലും അസുഖമുണ്ടോ?”
ഒരു സായാഹ്നത്തിൽ അമ്പലമുറ്റത്തുവച്ചായിരുന്നു ആതിരയുടെ ചോദ്യം?
“ഏയ് പ്രശ്നമൊന്നുമില്ല.എന്തേ?”
“വെറുതേ, ഭക്തി ഭ്രാന്തിന്റെ അവസ്ഥയിലെത്തിയോ എന്നൊരു സംശയം !”
“പോടീ”
അവളെ കൂടുതൽ സംസാരിക്കാൻ അനുവദിച്ചില്ലാ.നടന്നു.
ആതിരയെ ഇഷ്ടമായിരുന്നു; ഒരു സഹോദരിയെപ്പോലെ. പക്ഷേ അവൾക്ക് രവിയോട് അഭിനിവേശവുമായിരുന്നു. ബാലചാപല്യങ്ങളോ,യൌവനകേളികളോ തമ്മിലുണ്ടായില്ലാ. കാരണം. താൻ ഒരു സ്ത്രീയെ സ്പർശിക്കുന്നെങ്കിൽ അതു സ്വന്തം ഭാര്യയെ മാത്രമായിരിക്കണം എന്നു ശപഥമെടുത്തത് കൌമാരത്തിൽത്തന്നെ.
അതിത്രയുംകാലം പരിപാലിച്ചു.പക്ഷേ;
കാര്യത്തിൽ മന്ത്രിയും രൂപത്തിൽ ലക്ഷ്മിയുമായിരുന്ന സീത നല്ലൊരു ഭാര്യയായോ?
ഇരുപത്തിയഞ്ചു വർഷം കടന്നുപോയി. വിവാഹം കഴിച്ചിട്ട്. കഴിഞ്ഞ വർഷമാണ് രവിയുടെ അമ്മ മരിച്ചത്. വീട്ടിൽ ഭാര്യയും ഭർത്താവും മാത്രം. ബിസിനസ്സിലും കൃഷികാര്യങ്ങളിലും ഒക്കെ സഹായിയാണ് സീത. പുറത്തു മാതൃകാദമ്പതികൾ.
കിടപ്പറയിൽ സർപ്പം വളർന്നുവന്നു. ഇപ്പോൾ ആറടിയെങ്കിലും നീളമുണ്ടെന്നാണു് സീതയുടെ വാദം. സ്വർണ്ണവർണ്ണമുള്ള സർപ്പത്തെക്കുറിച്ച് പറയുമ്പോൾ ആയിരം നാവാണവൾക്ക്. ഇല്ലാത്ത സർപ്പത്തെക്കുറിച്ച് അയാൾ എതിരുപറഞ്ഞില്ലാ.അതുകൊണ്ടുതന്നെ അവർക്കിടയിൽ പിണക്കവുമില്ലായിരുന്നു.
ആതിരയുടെ മൂത്തമകളുടെ മകൾക്ക് രണ്ടു വയസ്സ് പ്രായം. ഒരു സായാഹ്നത്തിലാണ് അവർ രവീന്ദ്രന്റെ വീട്ടിൽ എത്തിയത്. ഭർത്താവിനോടൊപ്പം ദുബായിൽ പോകാനുള്ള പുറപ്പാടിലാണവൾ. രവീന്ദ്രൻ മുമ്പ് വർക്ക് ചെയ്തിരുന്ന കമ്പനിയിലാണു് ആതിരയുടെ മരുമകന് ജോലിലഭിച്ചത്. അനുഗ്രഹം വാങ്ങാനും കമ്പനിയെപ്പറ്റി കൂടുതൽ മനസ്സിലാക്കാനുമായിട്ട് ആതിരതന്നെയാണ് മകളേയും മരുമകനേയും രവീന്ദ്രന്റെ വീട്ടിലേക്കയച്ചത്.
ആതിരയുടെ പേരക്കുട്ടി സുന്ദരിയാണ്. പ്രായത്തിൽക്കവിഞ്ഞ പക്വത.
“എന്താ മോളുടെ പേര്?”
കൊഞ്ചിക്കുഴഞ്ഞ് കുട്ടി :
“ഇമാനായർ”
അയാൾക്ക് പേരിഷ്ടപ്പെട്ടു; കുട്ടിയേയും. ചിരപരിചിതയെപ്പോലെ കുട്ടി രവീന്ദ്രന്റെ മടിയിൽ കയറിയിരുന്നു. മറ്റുകാര്യങ്ങൾ സംസാരിക്കുമ്പോഴും. കുട്ടി അയാളുടെ മടിയിൽത്തന്നെയായിരുന്നു.
സീതയെക്കണ്ടതോടെ.ഇമ അവർക്കു നേരെ കൈനീട്ടി. സീത കുട്ടിയെ എടുത്തുകൊണ്ട് അകത്തേക്കു പോയി.
രണ്ടു മണിക്കൂർ കഴിഞ്ഞാണ് അവർ യാത്രപറഞ്ഞിറങ്ങിയത്. പക്ഷേ കുഞ്ഞുസീതയുടെ നെഞ്ചിൽത്തന്നെ പറ്റിച്ചേർന്നിരുന്നു. ആതിരയുടെ മകൾ കുഞ്ഞിനെ നിർബ്ബന്ധിച്ച് പിടിച്ചെടുത്തുകൊണ്ടുപോകുകയായിരുന്നു. കുട്ടി നിറുത്താതെ കരഞ്ഞു.
സീതയുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പിയത് രവീന്ദ്രൻ കണ്ടില്ലെന്നു നടിച്ചു.
പതിവിലും നേരത്തേ അയാൾ ഉറങ്ങാൻ കിടന്നു.കുളിച്ചിറങ്ങിയ സീത പതിവില്ലാതെ നേര്യതുസാരി ഉടുക്കുന്നതും ഒരുങ്ങുന്നതും കണ്ടു.
അയാൾ വീട്ടിലുള്ള ദിവസങ്ങളിലെല്ലാം കിടക്കുന്നതിനുമുന്നേ ഒരു ഗ്ലാസ് പാല് അവൾ കൊണ്ടുവരുമായിരുന്നു.
വിവാഹത്തിരുന്നാളിലേതുപോലെ. പകുതികുടിച്ചിട്ട് പാൽഗ്ലാസ്സ് അവൾക്കു നല്കും.
“രവിയേട്ടാ”
അയാൾ ശ്രദ്ധിച്ചു.
“ഒരു ഗ്ലാസ് പാലേ ഉണ്ടായിരുന്നുള്ളൂ. അത് ഇമക്കുട്ടിക്കു കൊടുത്തു.എന്റെ അടുത്തുനിന്നു പോകാനേ മനസ്സില്ലായിരുന്നു. നല്ലോണ്ണം കരഞ്ഞു പാവം”
അയാൾ നിശ്ശബ്ദത കുടിച്ചു.
അവൾ കട്ടിലിൽ വന്നുകിടന്നു.
അത്ഭുതത്തോടെ അവൾ ചാടിയെണിറ്റു.
“ചേട്ടാ, നമ്മുടെ സർപ്പത്തെക്കാണാനില്ല ! പോട്ടെ എവിടെയെങ്കിലും പോയിത്തുലയട്ടെ.’
അവൾ ദേഷ്യത്തോടെ ഇടവരമ്പിലെ തലയിണകൾ വലിച്ചെറിഞ്ഞു.
“നാളെ കണ്ണാശുപത്രിയിൽ പോകാം നമുക്ക്”
“എന്തിനാ രവിയേട്ടാ ?”
“നിനക്കു കണ്ണാടി വയ്ക്കാൻ സമയമായി. പ്രായം കൂടിവരികയല്ലേ.വെള്ളെഴുത്ത് തുടങ്ങിക്കാണും”
അവൾ അയാളെ അത്ഭുതത്തോടെ നോക്കുമ്പോൾ രവീന്ദ്രൻ അവൾ വലിച്ചെറിഞ്ഞ തലയിണകൾ കട്ടിലിലെടുത്ത് വച്ച് സർപ്പത്തിനു തടയണ വയ്ക്കുകയായിരുന്നു.
“ഒരു ദിവസം പാലുകുടിച്ചില്ലെങ്കിലും കുഴപ്പമൊന്നുമില്ല. നീയിവനെ ശല്യപ്പെടുത്തരുത്. കുറച്ചുകൂടെ നീളവും വണ്ണവും വച്ചു, നിറവും കൂടി. എന്തുഭംഗിയാ ഈ സർപ്പത്തിനിപ്പോൾ !!”
അയാൾ കട്ടിലിന്റെ വലത്തുവശത്തേക്ക് ഒതുങ്ങിക്കിടന്നു. സർപ്പത്തിനു ബുദ്ധിമുട്ടില്ലാതെ കിടക്കാന്നുള്ള സ്ഥലം നല്കിക്കൊണ്ട്.
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
(ചന്തു നായർ)
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^

1 comment: