Saturday, March 5, 2016

കവിതകളെഴുതുമ്പോൾ

കവിതകളെഴുതുമ്പോൾ(ലേഖനം)
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
കലാസൃഷ്ടികളുടെയെല്ലാം ആത്യന്തികലക്ഷ്യം വിനിമയമാണ്, സംവേദനമാണ്. കേവലാശയങ്ങൾ, വിവരങ്ങൾ, വ്യഞ്ജിപ്പിക്കുകയോ ധ്വനിപ്പിക്കുകയോ ചെയ്യുന്ന കാര്യങ്ങൾ, അനുഭൂതികൾ, വികാരങ്ങൾ, ഭാവങ്ങൾ തുടങ്ങി പലതും വിനിമയം ചെയ്യാനുണ്ട്. ഇതിനുള്ള ഉപാധികൾ വ്യത്യസ്തമായിരിക്കും എന്നുമാത്രം. ചിത്രകലയിൽ വരകളും വർണ്ണങ്ങളുമാകും സംഗീതത്തിൽ സ്വരങ്ങളാകും സാഹിത്യത്തിൽ വാക്കുകളാകും. വാക്കുകൾകൊണ്ടു നിർമ്മിച്ചെടുക്കുന്ന ഒരു കലാരൂപമാണ് സാഹിത്യം. അതിന്റെ ഒരു ശാഖ കവിതയും.
ഭാഷയിൽ നിർമ്മിക്കപ്പെടുന്ന കലാരൂപമാണെങ്കിലും കവിതയ്ക്ക് അതിന്റേതായ ഒരു സവിശേഷമാധ്യമമുള്ളതായി കവികൾക്ക് ബോധ്യമുണ്ടാകണം. സാമാന്യവ്യവഹാരത്തിൽനിന്ന് ഭിന്നമായ ഭാഷ, വൃത്തനിബദ്ധമായ പദ്യമോ, താളാത്മകമായ ഗദ്യമോ ആയ ആഖ്യാനം, അലങ്കാരകല്പനകൾ, കാവ്യഭാഷയുടെ വിനിയോഗം തുടങ്ങി നിരവധി പ്രത്യേകതകൾ കവിതയ്ക്കുണ്ട്. ഇവയിലുടെ കടന്നുപോകുമ്പോൾ കൈവരുന്ന സൌന്ദര്യാനുഭൂതിയും ഉളവാക്കുന്ന വികാരവായ്പും സ്ഫുരിക്കുന്ന ഭാവങ്ങളും ആസ്വാദകനു ലഭിക്കുന്നിടത്ത് കവി വിജയിക്കുന്നു.
ചിലർക്ക് സാഹിത്യവാസന ജന്മസിദ്ധമാണ്. മറ്റുചിലരാകട്ടെ വായിച്ചും എഴുതിയും ചിന്തിച്ചും ഈ സിദ്ധി കൈവശമാക്കുന്നു. നമ്മൾ ഒരു കവിത എഴുതുമ്പോൾ കവിതയ്ക്ക് നാം ഉൾക്കൊണ്ട വിഷയത്തെ ആദ്യം മനനം ചെയ്യണം. നമുക്ക് അറിയാത്ത വിഷയങ്ങളാണെങ്കിൽ അതിനെക്കുറിച്ചു പഠിക്കണം എന്നിട്ടേ കവിത എഴുതാവൂ…. ഒരുദാഹരണം പറയാം : ഒരു കവിതയിൽ തോറ്റംപാട്ടിനെക്കുറിച്ച് പറയുന്നുവെങ്കിൽ തോറ്റംപാട്ടിനെക്കുറിച്ചു നമ്മൾ മനസ്സിലാക്കിയിരിക്കണം. അത്തരത്തിൽ തോറ്റംപാട്ടിനെക്കുറിച്ച് ഒരു കവി എന്നോട് ചോദിച്ചതുകൊണ്ടാണ് ഈ ലേഖനം.
തോറ്റം
തെക്കൻകേരളത്തിലെ (തിരുവിതാംകൂർ പ്രദേശം) ഭദ്രകാളിക്ഷേത്രങ്ങളിൽ നടത്തിവരുന്ന ഒരു അനുഷ്ഠാനമാണ് തോറ്റംപാട്ട്. രണ്ടാം വിളവെടുപ്പിനു ശേഷം വാദ്യമേളങ്ങൾ, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ ഭദ്രകാളിയെ ശ്രീകോവിലിൽനിന്നും എഴുന്നള്ളിച്ച് പാട്ടമ്പലത്തിൽ കുടിയിരുത്തി, ഭദ്രകാളിയുടെ അവതാരകഥ ആദ്യാവസാനം പാടുന്ന ഒരു അനുഷ്ഠാനമാണു തോറ്റംപാട്ട്.
മീനമാസത്തിലെ ഭരണിനാൾമുതലാണ് ഈ പാട്ടുപാടുന്നത്. പ്രത്യേകം കെട്ടിയുണ്ടാക്കിയ പച്ചപ്പന്തലിൽ (മുൻഭാഗം കാണത്തക്കവിധം തെങ്ങോല, പച്ചയോടെ മെടഞ്ഞ്, കുത്തിവയ്ക്കുന്നു.) വച്ചാണ് പാട്ട്/തോറ്റം പാടുന്നത്. പന്തൽ ചാണകം മെഴുകി ശുദ്ധിവരുത്തിയിരിക്കും. പാട്ടു തുടങ്ങുന്ന ദിവസം കാപ്പുകെട്ടുക എന്നൊരു ചടങ്ങുണ്ട്. പാട്ടുത്സവം കഴിഞ്ഞേ കാപ്പഴിക്കുകയുള്ളൂ.
എല്ലാ ഭദ്രകാളിക്ഷേത്രങ്ങളിലും തോറ്റംപാട്ടു നടത്താറില്ല, ഭദ്രകാളിയുടെ പ്രതിരൂപമായ മുടി വെച്ച് ആരാധിക്കുന്ന ക്ഷേത്രങ്ങളിലാണു സാധാരണ തോറ്റംപാട്ട് നടത്താറുള്ളത്. മുടി എന്നതു തെയ്യത്തിന്റെ തലയിലെ വലിയ കിരീടങ്ങൾപോലെ കാണപ്പെടുന്ന, പ്ലാമ്പലകയിൽ കൊത്തിവെച്ച ഭദ്രകാളീമുഖവും തോളുവരെയുള്ള ഭാഗങ്ങളുമാണ്. ഭദ്രകാളിയുടെ തലമുടിയായി ധാരാളം പാമ്പുകളെ ഇതിൽ കൊത്തിവെക്കപ്പെട്ടതായി കാണാം. ഇതു ക്ഷേത്രങ്ങളിൽ ശ്രീകോവിലിൽനിന്നും മാറി മറ്റൊരു മുറിയിൽ (മുടിപ്പുരയിൽ) വെച്ചാരാധിക്കുന്നതാണ്. ഇങ്ങനെ മുടിയും മുടിപ്പുരയും ഉള്ള ക്ഷേത്രങ്ങളിൽമാത്രമാണു തോറ്റംപാട്ടു നടത്തുക.പാട്ടു സധാരണയായി വൈകിട്ടാണു നടത്തുക.
പാട്ടു രണ്ടു പകുതിയായാണു ക്രോഡീകരിച്ചിരിക്കുന്നത്. ഇതിന്റെ ആദ്യ പകുതിയിൽ ശിവന്റെ മകളായ കാളി ജനിക്കുന്നതും ദാരികനെന്ന അസുരനെ കൊലപ്പെടുത്തുന്നതുമാണു വർണ്ണിച്ചിരിക്കുന്നത്. എന്നാൽ രണ്ടാം പകുതി കണ്ണകീചരിതത്തിലധിഷ്ഠിതമാണ്. വടക്കൻ കൊല്ലം പങ്കിപാലകർ എന്ന പ്രമാണിയുടെ ജനനവും കാളിയെ അദ്ദേഹം വിവാഹം കഴിക്കുന്നതും പിന്നീടു ചിലമ്പു വില്ക്കാൻ പാണ്ടിനാട്ടിൽ പോകുന്നതും അവിടെവെച്ചു കൊല്ലപ്പെടുന്നതും ഈ ഭാഗത്തിന്റെ ഇതിവൃത്തമാണ്. ഭർത്താവിനെ അന്വേഷിച്ച് പാണ്ടിനാട്ടിലെത്തുന്ന കാളി പാണ്ടിനാടു മുടിച്ചുചാമ്പലാക്കി മലനാടു കയറി കൊടുങ്ങല്ലൂരിൽ വന്ന് ഇരിക്കുന്നതോടെ തോറ്റം അവസാനിക്കുന്നു. ഓരോ ദിവസവും ഗണപതിപ്പാട്ടു പാടിക്കൊണ്ടാണു തോറ്റം ആരംഭിക്കുന്നത്.
“ പത്തു നൂറായിരക്കോടി കനകവിളക്കും കൊളുത്തിവെച്ച്
പിറന്തവാൻ ഗണപതിയെ തായോടും പൂജിക്കാൻ തുടങ്ങുന്നേ
മാതാവേ...
ശോഭകലർന്നൊരു തമ്പുരാൻ തൻ‌മകൾ
ശോഭയോടെ വന്നിട്ട് അമൃത് പെയ്‌വാൻ

അതിനെ തുടർന്ന് ഒരുക്കലുകളെക്കുറിച്ചു പാടുന്നു.
“ നിലം വിളക്കയോ അമ്മേ തൂപ്പിക്കുന്നേ
നിലം കറുക്കയോ അമ്മേ തളിർപ്പിക്കുന്നിതാ
പഞ്ചവർണ്ണനോ എന്ന കുളിർ കണ്ടിട്ട്
കലശം കൂടയോ വെച്ചങ്ങാടിക്കുന്നേ. ”
നിലവിളക്കും, പൂവിളക്കും, കലശവും, കരിക്കും, കമുകിന്റെ പൂങ്കുലയും പൂവുകളും, പട്ടും മറ്റും വെച്ച് പീഠങ്ങൾ അലങ്കരിച്ച് അതിൽ ദേവിയുടെ ചിലമ്പും വാളും വെച്ച് അലങ്കരിച്ച് തുടർന്ന് ദേവിയെത്തന്നെ ആഹ്വാനംചെയ്ത് പന്തലിൽ ഇരുത്തിയാണ് പ്രധാന പാട്ട് തുടങ്ങുന്നത്.
പാലകൻ എന്നത് ചിലപ്പതികാരെത്തിലെ കോവലനാണെന്നും, കോവലന്റെ തത്ഭവമായ ഗോപാലൻ ലോപിച്ചാണ് പാലകൻ എന്നു വന്നതെന്നും സാഹിത്യചരിത്രത്തിൽ ഉള്ളൂർ അഭിപ്രായപ്പെട്ടിട്ടുണ്ട്
തോറ്റംപാട്ട്
തെയ്യങ്ങൾക്കും അവയോടനുബന്ധിച്ചു തലേന്നാൾ കെട്ടിയാടുന്ന തോറ്റം, വെള്ളാട്ടം എന്നിവയ്ക്കും പാടുന്ന അനുഷ്ഠാനപ്പാട്ടുകളെയാണ്‌ തോറ്റംപാട്ടുകൾ എന്നു പറയുന്നത്. കേരളത്തിൽ തെയ്യത്തിനുപുറമേ മറ്റു പല അനുഷ്ഠാനങ്ങൾക്കും തോറ്റംപാട്ടുകൾ പാടാറുണ്ട്. വണ്ണാൻ, മലയൻ, അഞ്ഞൂറ്റാൻ , മുന്നൂറ്റാൻ തുടങ്ങി തെയ്യം കെട്ടിയാടുന്ന സമുദായങ്ങളുടെ വംശീയമായ അനുഷ്ഠാനപ്പാട്ടുകളാണു തോറ്റംപാട്ടുകൾ. തെയ്യാട്ടത്തിന്റെ ആദിഘട്ടമാണ്‌ തോറ്റം. ദൈവത്തെ വിളിച്ചുവരുത്താൻ ഉപയോഗിക്കുന്നതും, ദൈവചരിത്രം വർണ്ണിക്കുന്നതുമായ പാട്ടാണിത്.
തോറ്റം എന്ന പദത്തിന്‌ സ്തോത്രം (സ്തുതി) എന്ന് അർത്ഥം പറയാറുണ്ട്. സൃഷ്ടിക്കുക, പുനരുജ്ജീവിപ്പിക്കുക എന്നീ അർത്ഥമുള്ള തോറ്റുക എന്ന ക്രിയാരൂപത്തിന്റെ ക്രിയാനാമരൂപമാണ്‌ തോറ്റം എന്നാണ്‌ ഗുണ്ടർട്ട് നിഘണ്ടു പറയുന്നത്. തമിഴിൽ തോറ്റം എന്ന പദത്തിന്റെ അർത്ഥം കാഴ്ച, ഉല്പത്തി, പുകഴ് (കീർത്തി), സൃഷ്ടി, രൂപം, ഉദയം തുടങ്ങി പല അർത്ഥങ്ങളും ഉണ്ട്. തോറ്റത്തിനു തോന്നൽ, വിചാരം എന്നും തോറ്റം പാട്ടിനു സ്തോത്രമെന്നും ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള അർത്ഥം നല്കുന്നു. തോന്നുക എന്ന പദത്തിന്റെ നാമമാണു തോറ്റം. അത് അമ്മയുടെ ജനനം പരാക്രമം തുടങ്ങിയവ വിവരിക്കുന്ന പാട്ടാണെന്നു ചേലനാട്ട് അച്യുതമേനോൻ പറയുന്നു. തോറ്റി എന്നതിനു സൃഷ്ടിച്ച എന്നാണർത്ഥമെന്നും ചേലനാട്ട് പറയുന്നു. പൂരക്കളിപ്പാട്ടിന്റെ വ്യാഖ്യാനത്തിൽ പാഞ്ചാലിഗുരുക്കൾ തോറ്റുക - ഉണ്ടാക്കുക എന്ന അർത്ഥം നല്കിയതിനെ ഉദ്ധരിച്ച് സി.എം.എസ്. ചന്തേര, തോറ്റുക എന്നതിനു ഉണ്ടാക്കുക എന്നും അർത്ഥം കൊടുത്ത് സങ്കല്പ്പിച്ചുണ്ടാക്കുന്നതാണ്‌ തോറ്റം എന്നു പറയുന്നു. ഉണ്ടാക്കൽ, പ്രത്യക്ഷപ്പെടുത്തൽ എന്നീ അർത്ഥങ്ങളാണു തോറ്റത്തിനെന്ന് ഡോ.രാഘവൻ പയ്യനാട് അഭിപ്രായപ്പെടുന്നു.
എല്ലാ സമുദായക്കാരുടെയും തോറ്റംപാട്ടുകൾ ഒരേ സ്വഭാവമുള്ളവയല്ല. അവതരണസ്വഭാവവും സന്ദർഭവുമനുസരിച്ച് മിക്ക തെയ്യത്തോറ്റങ്ങൾക്കും വിവിധ അംഗങ്ങളുണ്ട്. വരവിളിത്തോറ്റം, സ്തുതികൾ, അഞ്ചടിത്തോറ്റം, മൂലത്തോറ്റങ്ങൾ, പൊലിച്ചുപാട്ട്, ഉറച്ചിൽതോറ്റം, മുമ്പുസ്ഥാനം, കുലസ്ഥാനം, കീഴാചാരം തുടങ്ങി വിവിധ പേരുകളിൽ അറിയപ്പെടുന്ന ഘടകങ്ങൾ തെയ്യത്തോറ്റങ്ങളിൽ കാണാം.
വരവിളി
$$$$$$
കോലക്കാരൻ(തെയ്യം കെട്ടുന്ന ആൾ) ധരിക്കുന്ന വേഷത്തിൽ ദൈവത്തെ എഴുന്നള്ളിക്കാൻവേണ്ടി ചൊല്ലുന്ന പാട്ടിനെയാണ് തെയ്യത്തോറ്റം എന്നു പറയുന്നത്. വരവിളി തോറ്റത്തിലെ ഒരു പ്രധാന ഭാഗമാണ്‌. കോലക്കാരനിൽ ദൈവത്തെ ആവാഹിക്കാനുള്ള പ്രാർത്ഥനാപൂർ‌വ്വമായ വിളിയാണ്‌ വരവിളി.
പൊലിച്ചുപാട്ട്
&&&&&&&&&&
നാട്, നഗരം, പീഠം, ആയുധം, തറ, കാവ്, മറ്റു സ്ഥാനങ്ങൾ എന്നിവയ്ക്ക് പൊലിക, പൊലിക (ഐശ്വര്യം വർദ്ധിപ്പിക്കൽ)പാടുന്നതാണ്‌ പൊലിച്ചുപാട്ട്. ഇതിൽ തെയ്യങ്ങളുടെ സഞ്ചാരപഥം (നടവഴി), കുടികൊണ്ട സ്ഥാനം, തെയ്യത്തിന്റെ കഥ എന്നിവ ഉൾകൊള്ളുന്നു. പോരാതെ വാഴ്ക, വാഴ്ക എന്ന വാഴ്ത്തുപാട്ടും ഇതിൽ ഉണ്ടാകും. തായ്പരദേവത, മുച്ചിലോട്ടു ഭഗവതി തുടങ്ങിയ ഭഗവതിമാരുടെ പൊലിച്ചുപാട്ടിന്‌ കൈലാസംപാടൽ എന്ന വിശേഷപേരും ഉണ്ട്.
ഉറച്ചിൽതോറ്റം
&&&&&&&&&&&
പൊലിച്ചുപാട്ട് കഴിഞ്ഞാലുള്ള ഭാഗമാണ്‌ ഉറച്ചിൽതോറ്റം.
വരവിളി, പൊലിച്ചു പാട്ട്, ഉറച്ചിൽതോറ്റം എന്നീ മൂന്നു ഭാഗങ്ങൾ എല്ലാ തോറ്റങ്ങളിലുമുണ്ട്.
തോറ്റംപാട്ടുകൾ തെയ്യത്തിന്റെ കഥയാണ്‌. ദേവനായി അവതരിച്ച് മനുഷ്യഭാവത്തിൽ ജീവിച്ചവർ, മനുഷ്യനായി ജനിച്ച് മരണാനന്തരം ദേവതമാരായി മാറിയവർ, ദേവതകളായി പരിണമിച്ച ചരിത്രപുരുഷന്മാർ, മേൽ‌ലോകത്തുനിന്നു കീഴ്‌ലോകത്തേക്കിറങ്ങി അലൗകികത കൈവിടാതെ ഭൂലോകത്തു കുടികൊള്ളുന്നവർ, ഭൂമിയിൽ ജനിച്ച് ആത്മാഹുതിചെയ്തശേഷം ദേവതകളായി ഭൂമിയിലേക്കിറങ്ങിയവർ, മൃഗരൂപികളായ ദൈവങ്ങൾ, ദേവതാരൂപം ധരിച്ച തിര്യക്കുകൾ, സ്വർഗം പൂകിയ ശേഷം ഭൂമിയിലേക്കുതന്നെ ദേവതകളായി വന്നുചേർന്ന പുരാതനകഥാപാത്രങ്ങൾ, അഗ്നിയിൽനിന്നും,പാൽക്കടലിൽനിന്നും,വെള്ളത്തിൽനിന്നും വിയർപ്പിൽനിന്നും പൊട്ടിമുളച്ചവർ, യോനീബന്ധമില്ലാത്ത ദിവ്യപ്പിറവികൾ എന്നിങ്ങനെ വൈവിധ്യമായ അനേകം ദേവതകളുടെ പുരാവൃത്തങ്ങൾ തെയ്യത്തോറ്റങ്ങൾ പറയുന്നു.
തെയ്യങ്ങൾക്കും, തിറകൾക്കും തലേന്നാൾ തോറ്റമോ,വെള്ളാട്ടമോ കെട്ടിപ്പുറപ്പെടും. കോലക്കാരൻ വേഷമണിഞ്ഞ് കാവിന്റെയോ, സ്ഥാനത്തിന്റേയോ പള്ളിയറയുടെയോ മുന്നിൽ വെച്ചു തോറ്റം പാട്ടുകൾ പാടുകയും ചെണ്ടയോ തുടിയോ താളവാദ്യമായി ഉപയോഗിക്കുകയും പാട്ടിന്റെ അന്ത്യത്തിൽ ഉറഞ്ഞുതുള്ളി നർ‍ത്തനംചെയ്യുകയും ചെയ്യും. അതാണു തോറ്റം. തോറ്റത്തിന്റെ വേഷവിധാനം വളരെ ലളിതമാണ്‌. കാണിമുണ്ടെന്ന വസ്ത്രമുടുക്കുകയും പട്ടും തലപ്പാളിയും തലയ്ക്കു കെട്ടുകയും ചെയ്യും. അരയിൽ ചുവപ്പു പട്ടു ചുറ്റും. കോലക്കാരൻ പട്ടുടുത്ത് തലയിൽ പട്ടുതുണികെട്ടി കാവിനു മുമ്പിൽ വന്ന് കൈ ഉയർത്തി കൈകൂപ്പി താഴ്ന്നുവണങ്ങുന്നു. പറിച്ചുകൂട്ടിത്തൊഴുക എന്നാണു ഇതിനു പറയുക. തോറ്റത്തിനു മുഖത്തുതേപ്പു പതിവില്ല. ദേവതാസ്ഥാനത്തുനിന്നും കൊടുക്കുന്ന ചന്ദനം നെറ്റിയിലും മാറിടത്തിലും പൂശും. ചന്ദനം പൂശി ദിക്കുവന്ദനം നടത്തി കൊടിയില വാങ്ങുന്നു. കർ‍മ്മിയാണു കൊടിയില കൊടുക്കുന്നത്. പിന്നെ വീണ്ടും നാലുദിക്കു വന്ദനം നടത്തി കാവിനെ വലംവെച്ചു തോറ്റത്തിനു നില്ക്കും. തോറ്റത്തിൽ പ്രധാനമായി പിന്നണിയിൽനിന്നു പാടുന്ന ആളിനെ പൊന്നാനി എന്നു പറയുന്നു. തോറ്റംപാട്ടിന്റെ അരങ്ങിന് ഏതാണ്ട് കഥകളിയിലേതിനോടു സാമ്യമുണ്ടെങ്കിലും ഇവിടെ നടനും (തോറ്റവും) പാടുന്നു.
തോറ്റം കെട്ടിയാടുന്ന കോലക്കാരനും, ഗായകസംഘവുംകൂടി പാടുന്ന ഗാനമാണ്‌ തോറ്റംപാട്ട്. തോറ്റംപാട്ടു പാടുന്ന വേഷം തോറ്റവും, തോറ്റമെന്ന വേഷം(തോറ്റക്കാരൻ) പാടുന്ന പാട്ടു തോറ്റംപാട്ടുമാണ്‌.
ഉത്തരകേരളത്തിന്റെ സാമൂഹികവും സാമുദായികവും സാംസ്കാരികവുമായ അനേകം കാര്യങ്ങൾ തോറ്റങ്ങളിലൂടെ അറിയാൻ കഴിയും. പ്രാചീനകാലത്തെ ജനജീവിതത്തിന്റെ നാനാവശങ്ങൾ അറിയാൻ തെയ്യത്തോറ്റങ്ങൾ സഹായിക്കുന്നു. ആചാരങ്ങൾ, ഉപചാരങ്ങൾ, അനുഷ്ഠാനങ്ങൾ, വിശ്വാസങ്ങൾ, ആരാധാനാക്രമം, ജനനമരണപര്യന്തമുള്ള സംസ്കാരചടങ്ങുകൾ, തൊഴിൽ, ഉല്പാദനപ്രക്രിയ, വിപണനസമ്പ്രദായം, ദായക്രമം തുടങ്ങിയവയെക്കുറിച്ചുള്ള അറിവുകൾ തോറ്റങ്ങള്ളിൽനിന്നു ലഭിക്കുന്നു. 
പഴയകാലത്ത് സമൂഹത്തിലുണ്ടായിരുന്ന അനാശാസ്യപ്രവണതകളും തെയ്യത്തോറ്റങ്ങളിലൂടെ മനസ്സിലാക്കാൻ കഴിയും. ഭാര്യമാരുടെ ഏഷണി കേട്ട് സഹോദരിയെ കൊലചെയ്യുന്ന സഹോദരൻന്മാരെ കടവാങ്കോടു മാക്കത്തിന്റെ തോറ്റത്തിൽ കാണുവാൻ കഴിയും. മരുമക്കത്തായസമ്പ്രദായത്തിന്റെ ശൈഥില്യവും പരാജയവുമാണ്‌ ചില തോറ്റങ്ങളിൽ ഉള്ളത്. നാടുവാഴിത്തത്തിന്റെ കെടുതികൾ വ്യക്തമാക്കുന്ന തോറ്റങ്ങളുമുണ്ട്. ജാതിവൈകൃതത്തിന്റെയും അയിത്താചാരങ്ങളുടെയും നിരർത്ഥകത വെളിപ്പെടുത്തുന്ന ഇതിവൃത്തങ്ങളാണു ചില തെയ്യത്തോറ്റങ്ങളിലുള്ളത്. പൊട്ടൻതെയ്യത്തിന്റെ തോറ്റം ഒരു ഉദാഹരണമാണ്‌.
പഴയകാലത്തെ കടൽ‌വ്യാപാരം, വിപണനരീതികൾ തുടങ്ങിയവ തോറ്റംപാട്ടുകളിൽ കാണാം. മുമ്പ് പ്രാമുഖ്യം നേടിയിരുന്ന അഴിമുഖങ്ങളുടെ പേരുകളും ഈ പാട്ടുകളിൽ കാണാം. കുടക് തുടങ്ങിയ വനമേഖലകളുമായി കച്ചവടബന്ധം നടത്തിയതിന്റെ സ്വഭാവവും കതിവന്നൂർവീരൻതോറ്റം, പെരുമ്പഴയച്ചൻതോറ്റം തുടങ്ങിയവയിലൂടെ വ്യക്തമാകുന്നുണ്ട്. പരിസ്ഥിതിവിജ്ഞാനത്തിന്‌ തെയ്യത്തോറ്റങ്ങൾ ഒരു മുതൽക്കൂട്ടാണ്‌. വിവിധ പ്രകൃതികളെക്കുറിച്ചറിയാൻ അവയിലൂടെ കഴിയും. നിരവധി സ്ഥലനാമങ്ങളും ഇവയിൽ കാണാം. കുടകിലേക്കുള്ള സഞ്ചാരപഥത്തിലെ ഓരോ പ്രദേശത്തെക്കുറിച്ചും കതിവന്നൂർവീരൻതോറ്റത്തിൽ എടുത്തുപറയുന്നുണ്ട്. 
തോറ്റംപാട്ടുകളിലെ ഭാഷ
തോറ്റംപാട്ടുകൾ വിവിധ സമുദായക്കരുടെ പാരമ്പര്യധാരയാണെന്നതിനാൽ ഭാഷാഭേദങ്ങൾ അവയിൽ കാണാം. ഈ പാട്ടുകളെല്ലാം ഒരേ കാലഘട്ടത്തിലുള്ളവയല്ല. സംസ്കൃതത്തിന്റെ അതിപ്രസരം ചില തോറ്റങ്ങളിൽ കാണുമ്പോൾ മറ്റു ചിലവയിൽ തുളുവിന്റെയും തമിഴിന്റെയും സ്വാധീനം കാണാം. അത്യുത്തരകേരളത്തിലെ വ്യവഹാരഭാഷയുടെ സ്വാധീനവും തോറ്റംപാട്ടുകളിലുണ്ട്. അതേസമയം ശുദ്ധമലയാളശൈലിയിലുള്ളവയും കാണാൻ കഴിയും.
തെയ്യത്തോറ്റങ്ങൾ ബോധപൂർ‍‌വ്വമായ സാഹിത്യരചനകളാണെന്നു പറയാൻ കഴിയില്ലെങ്കിലും അവയിൽ സാഹിത്യമൂല്യം ഇല്ലെന്നു പറയാനാവില്ല. വർണ്ണനകളുടെ സർ‌വാം‌ഗീണസുഭഗത തോറ്റങ്ങളുടെ ഒരു സവിശേഷതയാണ്‌. ദേവതകളുടെ രൂപവർണ്ണന തോറ്റത്തിലെ മുഖ്യമായൊരു വിഷയമാണ്‌.
“ ചെന്താമര മലർകർ‌ണികയുലർന്നപോൽ
മൂന്നയുലർ‍ന്നെഴുന്നുള്ള പൊൻപൂക്കുല
മിന്നിമിന്നി പ്രഭാമണ്ഡലമതിന്നുടെ
വഹ്നികൾ മൂന്നായുയർന്ന കണക്കിനെ
വൃത്തവിസ്താരമായ് തെളുതേളെ വിളങ്ങിന
ചിത്രരത്നമണിയും പ്രഭാമണ്ഡലേ
............. .............. .......
കണ്ണെഴുത്തും കുറിയും കുനുചില്ലിയും
മന്ദഹാസം കലരും മുഖപത്മവും
കത്തുന്ന വഹ്നികളിരുകരസ്ഥലങ്ങളിൽ
വട്ടവാളും ധരിച്ചു കൊണ്ടിങ്ങനെ

ഈ ഭാഗം മടയിൽ ചാമുണ്ഡിയുടെ രൂപവർണ്ണനയാണ്‌. അകൃത്രിമവും ആശയസമ്പുഷ്ടവുമായ അലങ്കാരങ്ങൾ ചില തോറ്റങ്ങളിൽ കാണാം
“ തെളിവൊടുചന്ദ്രക്കലയതുപോലെ
വെളുവെളെയുള്ളോരു ദംഷ്ട്രാദികളും ”
“ പകലവനൊരു പതിനായിരമൊന്നി
ച്ചുദയംചെയ്തതുപോലെ ശോഭ ”
സാമാന്യജനങ്ങൾക്കുപോലും മനസ്സിലാകുന്ന ഉപമാലങ്കാരങ്ങളുള്ള ഈ ഭാഗം രക്തചാമുണ്ഡിത്തോറ്റത്തിലേതാണ്‌.
തെയ്യത്തോറ്റങ്ങളിൽ രസാവിഷ്കരണങ്ങളും കാണാം. വീരരൗദ്രഭാവങ്ങൾക്കാണ്‌ തോറ്റങ്ങളിൽ കൂടുതൽ പ്രാമുഖ്യമെങ്കിലും വികാരങ്ങളും തോറ്റംപാട്ടുകളിൽ കാണാം. മാക്കത്തോറ്റം, ബാലിത്തോറ്റം, കതുവന്നൂർ‌വീരൻതോറ്റം, വിഷ്ണുമൂർ‍ത്തിത്തോറ്റം തുടങ്ങിയ തോറ്റങ്ങളിൽ കരുണരസപ്രധാനമായ ഭാഗങ്ങൾ കാണാം. തെയ്യത്തോറ്റങ്ങളിൽ ജ്ഞാനവും ഭക്തിയും സാഹിത്യവും സമ്മേളിക്കുന്നു.
തെയ്യത്തോറ്റങ്ങളിൽ ചരിത്രവസ്തുതകൾ നേരിട്ടു പ്രതിപാദിക്കുന്നില്ലെങ്കിലും, ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ വസ്തുതകൾ മനസ്സിലാക്കാൻ ഇവ ഉപയോഗിക്കാം. തോറ്റംപാട്ടുകളെ പ്രാദേശിക ചരിത്രരചനയ്ക്കു നിദാനമായി സ്വീകരിക്കാവുന്നതാണ്‌.
തോറ്റത്തിനു ഉച്ചത്തോറ്റം, അന്തിത്തോറ്റം എന്നിങ്ങനെ വകഭേദമുണ്ട്. ആ പേരുകൾ തോറ്റം പുറപ്പെടുന്ന സമയത്തെ സൂചിപ്പിക്കുന്നതാണ്‌. കോലക്കാരൻ പട്ടു ചുറ്റിക്കെട്ടി ദേവതാസ്ഥാനത്തിനുമുന്നിൽ ചെണ്ടയുമായി വന്നുനിന്ന് തോറ്റംപാടി അവസാനിപ്പിക്കുകയാണ്‌ ഉച്ചത്തോറ്റത്തിൽ ചെയ്യുന്നത്. കക്കര ഭഗവതി, മുച്ചിലോട്ടു ഭഗവതി തുടങ്ങിയ തെയ്യങ്ങളുടെ ഉച്ചത്തോറ്റം ഉറഞ്ഞുതുള്ളുകകൂടി ചെയ്യും. എന്നാൽ അന്തിത്തോറ്റങ്ങൾ മിക്കതും ഉറഞ്ഞുതുള്ളാറുണ്ട്. വളരെ ചുരുക്കം ചില ദേവതകളുടെ അന്തിത്തോറ്റം മാത്രമേ ഉറഞ്ഞുതുള്ളാതിരിക്കുകയുള്ളൂ. തോറ്റങ്ങളുടെ ഉറഞ്ഞിളകിയാട്ടം ശരിയായ നർത്തനം തന്നെയാണ്‌ . തോറ്റം പുറപ്പെടാത്ത തെയ്യങ്ങൾക്കും തിറകൾക്കും തൽസ്ഥാനത്തു വെള്ളാട്ടം എന്ന വേഷമാണു പുറപ്പെടുക.
(കടപ്പാട്,വായന, കണ്ടറിവ്,കൊണ്ടറിവ്,കേട്ടറിവ്)


11 comments:

  1. extremely Informative ! thankyou sir.

    ReplyDelete
  2. എത്ര വ്വിജ്ഞാനപ്രദം..
    നന്ദി ...ചന്തുവേട്ടാ

    ReplyDelete
  3. " ചിലർക്ക് സാഹിത്യവാസന ജന്മസിദ്ധമാണ് . മറ്റു ചിലരാകട്ടെ വായിച്ചും, എഴുതിയും, ചിന്തിച്ചും ഈ സിദ്ധി കൈവശമാക്കുന്നു".
    കുറെ പാഠങ്ങൾ ആണ് ഈ ലേഖനത്തിലൂടെ സർ പറഞ്ഞു തന്നത്. ഒപ്പം ഒരു കലാരൂപത്തെപ്പറ്റി കൂടുതലായി അറിയാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം.
    ആശംസകൾ സർ.

    ReplyDelete
  4. വളരെ നന്ദി ശ്രീമതി.ഗീത ഓമനക്കുട്ടൻ

    ReplyDelete
  5. മനസ്സില്‍തോന്നുന്നതില്‍ ചിലത് ടൈപ്പ് ചെയ്തു ബ്ലോഗിലിടുംമ്പോള്‍ കിട്ടുന്ന പ്രോത്സാഹനം ഒരു ഊര്‍ജ്ജം തന്നെയാണ് സാര്‍. നല്ലൊരു പാഠമാണ് ഈ പോസ്റ്റിലൂടെ കിട്ടുന്നത്. നന്ദി സര്‍

    ReplyDelete
  6. വളരെ സന്തോഷം വായനയ്ക്കും അഭിപ്രായത്തിനും

    ReplyDelete
  7. ഈ കോട്ടയത്ത്‌ ജനിച്ചവർക്ക്‌ തോട്ടത്തെക്കുറിച്ച്‌ വായിച്ചറിവ്‌ മാത്രേ കാണൂ.


    എന്തോരം അറിവുകൾ കിട്ടി.


    വളരെ നന്ദി സർ!!!!

    ReplyDelete
  8. ചന്തു നായര്‍.. ബ്ലോഗേഴ്‌സിന്റെ ഒരു വാട്‌സ്അപ്പ് ഗ്രൂപ്പുണ്ടാക്കുന്നു നമ്പര്‍ തരാമോ ? എന്റെ വാട്‌സ്അപ്പ് നമ്പര്‍ - 00971 564972300
    (രാമു, നോങ്ങല്ലൂര്‍ രേഖകള്‍)

    ReplyDelete
  9. സര്‍ഗ്ഗവാസനകളെ വളര്‍ത്താന്‍ പ്രേരണയും,പ്രോത്സാഹനങ്ങളും അതോടൊപ്പംതന്നെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കണം...
    കുറിപ്പ് വിഞ്ജാനപ്രദമായി.
    ആശംസകള്‍ ചന്തു സാര്‍

    ReplyDelete