Saturday, April 9, 2011

ശിലാത്മിക


                                                                                                                                                                                                                                             
 ശിലാത്മിക                                        
ചന്തുനായർ    
രാവിനെയെരിച്ചുലയിൽ കനലാക്കിക്കൊണ്ട്
അരുണരഥമേറിയെത്തീ കരമാലി.(1)
അലയിളകി കടലും ഇലയിളകി കരയുംസ്സ്
ഇമ ചിമ്മിയുണർന്നൂ, മിഴികളിൽ ചെഞ്ചായം.

ഇന്നലെയുറങ്ങീല ശില്പി,ഉണരുന്നൊരര്‍ക്കനെപ്പോലെ
തിളങ്ങും ശിലാത്മികയിൽ വിളങ്ങും
പഞ്ചലോഹമുരുക്കുകയായിരുന്നൂ ശില്പകാരി.

നാട്ടിൽ പെരുമ പെരുത്തുള്ള ദാരു (2)
ദശമേഴുവസന്തങ്ങൾ കണ്ടുള്ള കാരു.(3)
ശില,ലോഹ,സാലത്തിലെത്ര മനോജ്ഞമാം
കവിത രചിച്ചവൻ കമ്മാളാഗ്രേസരൻ (4)

കല്പനാദൈവങ്ങളെത്രയെണ്ണം ,പെരും
തൃക്കോവിലകമെഴുന്നർച്ചന കൊള്ളുന്നു
ഭക്തർക്ക് കൈവല്യ ദായകമാകുന്നു
കഴകനും തന്ത്രിക്കും അരവയർ നിറയുന്നു

ഉത്സവാഘോഷക്കരയാളർ തുന്നിച്ച പുതു
ശീലതന്നിലെ പെരുംകീശ നിറയുവാൻ
കാരണമാകിയ നിർമ്മിതീകാരകൻ, നിർഭാസൻ,
കർമ്മിഷ്ടൻ, യതിക്കു സമാനൻ.

തീർക്കണം ത്സടുതിയിലൊരു ദേവാംഗനാശില്പം
ഐശ്വര്യം കണ്ടഞ്ചുകന്യമാർ തോല്ക്കണം
സൃഷ്ടി,സ്ഥിതി,സംഹാര പരംപൊരുളാകിയ
ആദിയിലെ പോതിയാകണം വിഗ്രഹം

രണ്ടുനാൾ മുമ്പേക്കു തെക്കേക്കരയിലെ തർക്കത്തിൽ
തച്ചുതകർത്തൊരു മന്ദിരത്തറയിന്മേൽ
നവനീതംവച്ചൊരു കോവിലിൽ .....
കുടിയിരുത്തേണ്ടുന്നതാണല്ലോ വിഗ്രഹം.

വിഘ്നം(6) വരുത്താതെ വിഘനം7എടുത്താശു
ശിലാകുട്ടകത്താൽ(8) അംഗങ്ങൾ വെളിവാക്കി
ഉളിവീണ ചാലുകൾ വടിവു തീർത്തീടവേ
മുളിമേനിയാകെ വിയർപ്പുനദി തീർക്കവേ

ലോഹങ്ങളൊന്നായിത്തീർന്നുള്ള ബിംബത്തെ
മോദത്താൽ വീക്ഷിച്ചിരുന്നിതു കാരു
 ‘കുറതീർന്നുവെങ്കിലും കുറവെന്തോ തോന്നിയാ
വദനത്തിലിത്തിരി രൌദ്രതയാർന്നുവോ ?

കരവിരുതകലുന്നോ, ചാരുതാശോഷണം
പ്രായം കടുത്തിട്ടു മനസ്സിനോ ചാഞ്ചല്യം?
ഇല്ലില്ലാ, തോന്നലാണകതാരിൽ കണ്ടൊരു
രൂപമാണെൻ വിരൽ ചാലിച്ചെടുത്തതു്

തളരുന്ന മേനിയെ തളരുവാൻ വിട്ടിട്ടു
തെല്ലിട കാരു ശയിച്ചു പുല്പായയിൽ.

തെക്കേകരയിലെ കരയാളരെത്തി
ശില്പംചുമക്കുവാൻ മഞ്ചവുമെത്തി
അകമ്പടിക്കാരവയേറ്റുവാനായിട്ടു
പഞ്ചവാദ്യഘോഷപരിവാരമെത്തി.

തന്ത്രത്തിൽ തന്ത്രിയായ് തീർന്നൊരാചാര്യനും
മന്ത്രം പണമെന്നു ചൊല്ലും മേൽശാന്തിയും
നിവർന്നും ചരിഞ്ഞും കടക്കണ്ണെറിഞ്ഞും
ശിൽ‌പ്പത്തെ ദർശിച്ചു, ചുറ്റോടുചുറ്റീട്ട്

ഇല്ലില്ലിതല്ലാ മനസ്സിലെ തൂമെയ്യാൾ-(9)
ക്കിതുപോരാ തൂമ, പണിയുക മറ്റൊന്ന് .
കരയാളന്മാരും (10) മുദ്രിക കാട്ടി
പോരായിതു് , ഭദ്രയ്ക്കു രൌദ്രതയെന്തിന് ?
പെരിയോർ പറഞ്ഞ വാക്കുകൾ കേട്ടിട്ടു
കുമ്പിട്ടിരുന്നുപോയ് കമ്മാളാഗ്രേസരൻ

മൺകലം തോളിലേറ്റിയണഞ്ഞൊരു
സുന്ദര,ശ്രീരൂപം, കാരുവിൻ തനൂജ(11)
അനാമൃതയെന്നു പേരു്, പതിനാറു തികയാത്ത
അതിലോല,യാരും കൺപാർത്തുനിന്നുപോം ,തന്വി

തൈർക്കലം താഴത്തുവച്ചിട്ട് പാലികയിൽ(12)
ദ്രപ്സം(13) പകർന്നുകൊടുത്തു മുത്തശ്ശനു്
തന്ത്രിക്കും,ശാന്തിക്കും,തെക്കേക്കരക്കാർക്കും
മുറപോലെ സംഭാരമേകി വിനീതയായ്.

പൊൻകരമുണ്ടും സിൽക്കിന്റുടുപ്പും, പാശം -
പോൽ, ഗളത്തിലൊരു കട്ടിപൊൻ മാലയു-
മണിഞ്ഞോരതീ‍തവ്യവഹാരശ്രേഷ്ഠൻ 14
ആപാദചൂഡം നോക്കിയാ കന്യയെ

കാണ്മിതു ശില്പീ, കണ്മറ മാറ്റീട്ടു കാണുക
കാര്യമായ് ഈ കന്നിത്തൈയ്യലെ 15...
ഇന്ദ്രസഭാതലനർത്തകിമാരൊക്കെ നാണിക്കും
ഈ മുഖപത്മത്തെ പാർക്കുക

ഇതുപോലെയാകണം ദേവിതൻ രൂപം,
ഇതുതന്നെയാകണം പോതിതൻ വദനം.
ചെയ്യുക നവകർമ്മം, പണിയുക മറ്റൊന്നു്,
നാളെക്കഴിഞ്ഞനാളെത്തിടും ഞങ്ങൾ.

ചവുട്ടിമെതിച്ചുനടന്നുപോയ് വന്നവർ
ഞെട്ടറ്റുവീണപോൽ ശില്പിയിരുന്നുപോയ്
അരികത്തണഞ്ഞു കനികര16തനൂജ
മുത്തശ്ശനേകിയൊരു മുത്തം നിറുകയിൽ

ഈ രാവ് മുത്തശ്ശനുള്ളതാണറിയേണം
ഇപ്പോൾ തുടങ്ങുക നവശില്പമുടനെ
പുകളെഴും മുത്തശ്ശനാമം പെരുമയ്ക്കു-
പെരുമയായ്ത്തീർന്നിടും, നാട്ടാരും കുമ്പിടും

തോൽ‌പ്പിക്കാനാവില്ലയാർക്കുമെൻ മുത്തശ്ശനെ
മുതുവർ 17 നമിക്കുന്ന കാലവുമെത്തിടും
തനൂജതൻ വാക്കുകൾ കേട്ടങ്ങെഴുന്നേറ്റു
കർമ്മം തുടങ്ങിയാ വന്ദ്യവയോധികൻ.

രാവേറെയായി, രാക്കിളിയും പോയി
പഞ്ചലോഹങ്ങൾ തിളയ്ക്കുന്നു, വൻവാർപ്പിൽ
അറിയാതുറങ്ങിപ്പോയ് തന്ദ്രനാം18 കാരു
പുൽമേഞ്ഞൊരാലതൻ തൂണൊന്നു ചാരി

കുളിച്ച്,ഈറനുടുക്കാതെ കാലാപം19 മാറ്റി
കാൽസ്വനം കേൾപ്പിക്കാതവിടെത്തി അനാമൃത
പാദസരം താഴെത്തട്ടൊന്നിൽ വച്ചിട്ടു,തെല്ലിട
നോക്കി, മയങ്ങും മുത്തശ്ശനെ,

കൈകൂപ്പി ധ്യാനിച്ച് , കണ്മിഴികൾ പൂട്ടി
ത്സടുതിയിലാലയ്ക്കരുകിലെത്തിയാ പെൺകൊടി
ചാടിയാ വൻവാർപ്പിൽ, തിളക്കുന്നലോഹ
ക്കൂട്ടായിരം കൈനീട്ടി, ലയിച്ചവളാക്കുട്ടിൽ!

പൂർവ്വദിക്കിൽ മുഖംകാട്ടി തപനാംശു 20
കണ്ണിമചിമ്മിയുണർന്നങ്ങു കാരു
വൻവാർപ്പിലുള്ള തിളക്കുന്ന ലായനി
അച്ചിൽ പകർന്നൂ, കൈവന്ന ശക്തിയാൽ

കളിപറഞ്ഞോടുന്നോരരുവിയുണ്ട് ചാരേ
അരുവിക്കരയിലോ പുകളെഴും ശിവക്ഷേത്രം
ആഹാരനീഹാരകർമ്മം കഴിഞ്ഞിട്ടു്
ആപാദചൂഡം ദർശിച്ചു ദേവനെ

ഉച്ചത്തിലുച്ചനും21 തീതുപ്പുംനേരത്തും
കാരു നടന്നങ്ങു കാട്ടിലൂടേകനായ്
ചിന്തയിലൊരു രൂപം, ചിന്മയഭാവത്തിൽ
ആഭ ചൊരിയുന്ന പരാശക്തിമാത്രം.

ആലയം പുൽകീലാ, ആരെയും കണ്ടില്ലാ
ആലയിലെത്തി കീർണ്ണം 22 പൊളിച്ചൂ,
അനാവൃതമാകിയ ശിലയെ മിനുക്കി
തെളിയുന്നൂ സുന്ദരരൂപം, മനോഹരം.!

കരവിരുതിൻ കേമത്തം പുകഴ്ത്തുന്നൂ പൂങ്കാറ്റ്
കടുംലോഹകാഠിന്യം അലിയുന്നു കരമിഴിവിൽ
ഉണരുന്നൂ ശില്പത്തിൽ ഉണ്മപോലൊരു കന്യാ
ആദിയിലെ പോതിക്ക് ഇതുതന്നെ ശ്രീരൂപം.

തെക്കേക്കരയിലെ കരയാളരെത്തി
ശില്പംചുമക്കുവാൻ മഞ്ചവുമെത്തി
അകമ്പടിക്കാരവയേറ്റുവാനായിട്ടു
പഞ്ചവാദ്യഘോഷപരിവാരമെത്തി.

കണ്ടവർകണ്ടവർ കൈകൂപ്പി നിന്നുപോയ്
മഹാമായ മുന്നിൽ ശിലയായ് തീർന്നുവൊ..!
എന്തൊരു ചാരുത, എത്ര മനോജ്ഞം,
എത്ര മനോഹരമീ ശില്പം, മറ്റാരു നിർമ്മിക്കും ?

പട്ടുംവളയും പണക്കിഴി പത്തോളം
വന്ദിച്ചുനൽകി അതീതവ്യവഹാരൻ
ഹേ ശില്പീ... ഞാൻ ചൊന്നപൊലേ ഭവിച്ചല്ലോ
ഈ മുഖം കടംതന്ന സുന്ദരി എവിടെപ്പോയ്.

തൻഗളശോഭിത കയർമാലയൂരീട്ടു
ചൊല്ലിയാ ശ്രേഷ്ഠൻ ആമോദമോടേ
നൽകണം ഈ കൊച്ചുസമ്മാനം പൌത്രിക്ക്
അവളാണു കാരണം, ഗുരുകൃതസൃഷ്ടിക്ക് 23.

ശിൽ‌പ്പംചുമന്നു നടന്നുപോയ് കരയാളർ
പഞ്ചവാദ്യഘോഷസ്വനവുമകന്നുപോയ്
പണിഗേഹം വിട്ടിട്ടു കാരു നടന്നു.
നൽകണം പൌത്രിക്കീ കൈനിറസമ്മാനം

കണ്ടില്ലാ വീട്ടിലും മേട്ടിലും തനൂജയെ
ഉൾത്തടം വിതുമ്പുന്നൂ,എൻകുഞ്ഞിതെവിടെപ്പോയ്
തളരുന്ന മേനിയെ താങ്ങുന്ന പാദങ്ങൾ
തെന്നിയണഞ്ഞൂ വീണ്ടുമാ ആലയിൽ

കണ്ടയാൾ തട്ടിലിരിക്കും തുലാകോടി 24
ഞെട്ടിത്തരിച്ചുപോയ്,വിറയാർന്നു മാനസം
കൈത്തലംതന്നിൽനിന്നൂർന്നുവീണു
പട്ടുംവളയും സമ്മാനക്കിഴികളും

പൊട്ടിക്കരഞ്ഞുകൊണ്ടാ നൂപുരങ്ങൾ
വിറകൊള്ളും കൈയ്യാലെടുത്തുമ്മ വച്ചൂ
എൻ വൻപെരുമക്കെന്തിനേവം മോളേ
നിൻ കൊച്ചുപ്രായം കളഞ്ഞൂ ഹാ, കഷ്ടമേ !

അലറിക്കരഞ്ഞുകൊണ്ടാ ശില്പിയോടി
തെക്കേക്കരയിലെ അമ്പലംതേടി
പച്ചോലപ്പന്തലിൽ ഭദ്രയിരിക്കുന്നു
തന്ത്രിമാർ പ്രതിഷ്ഠയ്ക്കു തട്ടങ്ങൊരുക്കുന്നൂ

കിതച്ചങ്ങണഞ്ഞൂ ശില്പത്തിൻ മുന്നിലായ്
ഇരുകൈകൾകൂപ്പി,തൊഴുതയാൾ തേങ്ങി
ഉണരുക,ശില്പംവിട്ടുയർത്തെഴുന്നേൽക്കുക
നീയില്ലാതില്ലാ,യെനിക്കീ ജന്മം

ഇല്ലെങ്കിലെൻഫാലമിടിച്ചു ഞാൻ ചത്തിടും
ചാക്കാലയായാൽ പ്രതിഷ്ഠ മുടങ്ങിടും
കരയാളരെത്തിത്തടഞ്ഞങ്ങ് വൃദ്ധനെ,
കാലുഷ്യമോടുരചെയ്തവർ ധീരമായ്

സൃഷ്ടികർമ്മം കഴിഞ്ഞു കൈമാറിയ
പൂജിതശില്പത്തിൽ നിനക്കില്ലാ കാര്യം
പോവുകയീ സ്വർഗ്ഗഭൂവു പുലയാക്കാ -
തില്ലെങ്കിൽ, ഞങ്ങൾ സാമം വെടിഞ്ഞിടും.

തെല്ലിട കാരു കളഞ്ഞു തൻ കാശ്മല്ല്യം
തൊഴുകൈയാൽ നിന്നങ്ങു തന്ത്രിതൻ മുന്നിലായ്
കനികരേ, മമപൌത്രിതന്‍ ഈ പാദാംഗദം 25
വിഗ്രഹപാദത്തിലണിയിക്കൂ ക്ഷിപ്രം.

എതിർത്തില്ലായാരും,അണിയിച്ചു തന്ത്രി,
തൊട്ടുനമിച്ചാ കാലിണയിൽ കാരു
എരിമലയുള്ളിലൊതുക്കി കന്തീശൻ 26
കനിവോ‍ടെ നോക്കിയാ ശില്പമുഖത്താരിൽ

കണ്ടയാൾ കന്യതൻ തിരുമിഴികളിൽ
രണ്ടുകണ്ണീർക്കണങ്ങൾ തുളുമ്പി നിൽക്കുന്നതു്
ചൈതന്യശില്പത്തിനുള്ളിലൊരു മനമുണ്ട്,
അതഴലുന്നൂ, തെളിവില്ലാ നിനവിൽ
ചാലിട്ടൊഴുകീലാ, ചാപല്യമാർന്നില്ലാ
അകതാരു പിടയുന്നൂ,

 നേരുനേരായി ചൊല്ലാതെചൊല്ലുന്നു
തന്റെ വിനാശത്തെയോർത്തില്ലാ ദു:ഖം
മുത്തശ്ശന്റെ കാന്തിമുന്നേറ്റുന്ന സൃഷ്ടിക്കു
ചാന്തായിത്തീർന്ന സാഫല്യം !
********************************************


1സൂര്യൻ 2 ശില്പി ,3,ശില്പി 4 ശില്പിയുടെ പേരും (ശില്പികളിൽപ്രധാനി) 5ഭഗവതി,6 താമസം, 7 ചുറ്റിക,8 (കല്ലുളി) 9ദേവി,സുന്ദരി,10കരക്കാർ - നാട്ടുകാർ11തന തനയ-ചെറുമകൾ, 12,മൺകിണ്ണം,13 ദ്രപ്സം‌‌‌- മോരു,തൈര്.14 കരപ്രമാണീ മുഖ്യൻ ,70 വയസ്സ് കഴിഞ്ഞ ആൾ. 15,സുന്ദരിയായ പെൺകുട്ടി,16,ദയയുള്ള,17,സന്യാസിമാർ 18 ,ക്ഷീണിച്ച 19, തലമുടി, 20സൂര്യൻ, 21സൂര്യൻ,22 23 ,മോൾഡ്പൂജിക്കപ്പെടുന്ന 24, പാദസരം, 25 26,വിശുദ്ധിയുള്ളവൻ,


35 comments:

  1. മാന്യരെ, കവിതക്ക് നീളക്കൂടുതലുണ്ട്... കവിതയിലൂടെ ഞാൻ ഒരു കഥ പറയാൻ ശ്രമിക്കുകയാണ്... ഒരു പക്ഷേ ഇതിന്റെ കഥാസാരം എവിടെയെങ്കിലും കേട്ടതായി തോന്നുന്നൂവെങ്കിൽ ഒരു ക്ഷമാപണം ഇത് 2000 വേദികളിലെങ്കിലും അരങ്ങേറിയ എന്റെ തന്നെ ഒരു ഏകാങ്കനാടകത്തിന്റെ കഥയാണ്... അന്ന് നാടകത്തിന് മുൻപ് തന്നെ കവിതയായിട്ടാണ് എഴുതിത്തുടങ്ങിയത്... പക്ഷെ ഇതു ഈ വിധത്തിൽ കവിതയായി ഭവിച്ചത് ഇന്നാണ് എഴുത്തിൽ പഴയ രീതി അവലമ്പിച്ചിട്ടുണ്ട്........ചന്തുനായർ

    ReplyDelete
  2. കവിതയും അതിലെ കഥയും ഇഷ്ടപ്പെട്ടു.

    ഒമ്പതു പേരവര്‍ കല്‍പണിക്കാര്‍ എന്നു തുടങ്ങുന്ന കവിതയുടെ അതേ രീതി ഇതിലും കാണാന്‍ കഴിഞ്ഞു. പിന്നെ പല പുതിയ വാക്കുകളും പദസമ്പത്തിലേയ്ക്ക് ചേര്‍ത്തതിന് നന്ദി.

    ReplyDelete
  3. ഒരു രക്ഷയുമില്ല അങ്കിള്‍ ..ഞാന്‍ കോപ്പിയെടുത്ത് വെച്ചിട്ടുണ്ട് ഉപ്പ വന്നിട്ടിവേണം ഇതെന്താ സംഭവം എന്ന് ചോദിച്ചു മനസ്സിലാക്കാന്‍..

    ReplyDelete
  4. നാടോടിനൃത്തത്തിനും ബാലെയായും ഒക്കെ ഈ കഥ ഉപയോഗിക്കാം എന്ന് തോന്നുന്നു .കവിത എന്ന നിലയില്‍ ശില്പ ഭംഗി തികഞ്ഞോ എന്ന് പറയാന്‍ കഴിയില്ല..ചില വാക്കുകള്‍ ശരിയായി ആണോ പ്രയോഗിച്ചത് എന്ന് പരിശോധിക്കുക.ചിലത് മാത്രം ഉദാഹരിക്കുന്നു :ദാരു =മരം ,മരത്തടി എന്നാണു അര്‍ഥം ..ദാരു ശില്‍പം =മരം കൊണ്ടുള്ള ശില്‍പം ,എന്നാല്‍ ശില്പി എന്നാണു കവിതയില്‍ അര്‍ഥം കൊടുത്തിരിക്കുന്നത്.യതിക്ക് സമാനനന്‍=സന്യാസിക്കു തുല്യന്‍ എന്നാണോ താന്കള്‍ അര്‍ഥം കല്പ്പിച്ചതെന്നു വ്യക്തമല്ല.അങ്ങിനെ ആണെങ്കില്‍ അത് തെറ്റാണ് .ആനനം എന്നാല്‍ മുഖം എന്നാണു.അങ്ങിനെയെങ്കില്‍ ആനനന്‍ എന്നാല്‍ മുഖമുള്ളവന്‍ എന്നാകും അര്‍ഥം.സമാനം എന്ന് ആണ് ഉദ്ദേശിച്ചതെങ്കില്‍ യതിക്ക് സമാനന്‍ എന്നാണ് ചേര്‍ക്കേണ്ടത്. നവനീതം തച്ചൊരു എന്ന പ്രയോഗം എനിക്ക് പിടികിട്ടിയില്ല.അര്‍ഥം കൊണ്ട് ചേരാത്തത് കൊണ്ടാണ് ആശങ്ക .നവനീതം എന്നാല്‍ വെണ്ണ എന്നല്ലേ? അങ്ങനെ കവിതയ്ക്ക് പഴമ വരുത്താനുള്ള ശ്രമത്തില്‍ സ്വാഭാവിക രചനയുടെ ലാളിത്യം ഒരുപാട് സ്ഥലത്ത് നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണു എന്റെ വായനയില്‍ തോന്നിയത്..എന്റെ പരിമിതമായ അറിവില്‍ നിന്നുള്ള വായനയാണ് .ചിലപ്പോള്‍ ശരിയാകണം എന്നില്...എന്തായാലും ഈ ശ്രമത്തിനു അഭിനന്ദനം ..:)

    ReplyDelete
  5. പ്രീയ രമേശ്... കവിത വായിച്ചതിന് നന്ദി.... ദാരു ശില്‍പം =മരം കൊണ്ടുള്ള ശില്‍പം അതു ശരിയാണ്... എന്നാൽ ദാരുവും,കാരുവും ശില്പി എന്ന അർത്ഥം കൂടി ഉണ്ട്( ശബ്ദതാരാവലി സദയം നോക്കുക) യതിക്ക് സമാനൻ എന്നത് തന്നെയാണ് ശരി അതു എനിക്ക് ടൈപ്പ് ചെയ്തപ്പോൾ തെറ്റിയതാണ് അതു മാറ്റാം... നവനീതം = പുതിയത് ,വെണ്ണ എന്നൊക്കെ അർത്ഥംഉണ്ട്. പിന്നെ ഇതൊരു ഗ്രീക്ക് നാടൊടിക്കഥയാണ്... ഇതിന്റെ രംഗഭാഷ്യം ( നാടകം)മുൻപ് ഞാൻ രചിച്ചിട്ടുണ്ട്.. അന്നു എഴുതിത്തുടങ്ങിയ കവിത ഇന്നാണ് എനിക്ക് പൂർത്തിയാക്കൻ കഴിഞ്ഞത് പോരായ്മകൾ താങ്കളെപ്പോലെയുള്ള നല്ല വായനക്കാർ ചൂണ്ടിക്കാട്ടുമ്പോൾ മാത്രമാണ് ശ്രദ്ധിക്കപ്പെടുന്നത്...എന്റെ കവിതകൾ എല്ലാം ഉൾപ്പെടുത്തി ഒരു സി.ഡിയും ഒരു പുസ്തകവും ഞാൻ പുറത്തിറക്കുന്നുണ്ട്..അതിന്റെ മുന്നോടിയായിട്ടാണ് ഞാനിത് ബ്ലോഗിൽ ഇട്ടത് അഭിപ്രായങ്ങൾക്കും വിമർശനങ്ങൾക്കും ഒരായിരം നന്ദി........... സ്വന്തം ചന്തുവേട്ടൻ

    ReplyDelete
  6. കവിത എനിക്ക് തീരെ ദഹിച്ചില്ല..എന്തോ അല്പം കടുപ്പമായി പോയെന്നൊരു തോന്നല്‍. അത് പക്ഷെ താങ്കളുടെ കുഴപ്പമല്ല. എന്റെ മാത്രം കുഴപ്പമാണ്. പിന്നെ കവിതയില്‍ ഇടക്കിടെ ബ്രാക്കറ്റില്‍ ചേര്‍ത്തിരിക്കുന്ന പദങ്ങള്‍ അര്‍ത്ഥങ്ങളോ അതല്ല അവിടെ ഉദ്ദേശിച്ച ബിംബങ്ങളോ ആണെങ്കില്‍ (എന്റെ തെറ്റെങ്കില്‍ ക്ഷമിക്കുക) അതിന് ഇപ്പോള്‍ ഉപയോഗിച്ച രീതി അഭംഗിയായി തോന്നി. പകരം ഓരോന്നിനും ഒന്ന്, രണ്ട് എന്നീ ക്രമത്തില്‍ നമ്പര്‍ ഇട്ടിട്ട് കവിതക്ക് ശേഷം അവ ചേര്‍ത്താല്‍ മതിയായിരുന്നില്ലേ എന്ന് തോന്നി. എനിക്കറിയില്ല. ഏത് ശരിയെന്ന്...

    ReplyDelete
  7. ലളിതമായ ഭാഷ ഉപയോഗിച്ച് ശീലമുള്ളതിനാലാവാം എനിക്കിതല്പം കടുപ്പമായി തോന്നുന്നത്.

    ReplyDelete
  8. പ്രസിദ്ധനായ മൂശാരി തെക്കേകരയിലെ അംമ്പലത്തിലെ ദേവിവിഗ്രഹം പണിയാൻ തുടങ്ങുന്നു.മൂശാരിക്കുതന്നെ ഇഷ്ടപെടാത്ത വിഗ്രഹം കരക്കാരും നിരാകരിക്കുന്നു.മൂശാരിയുടെ കൊച്ചുമോളെ കാണുന്ന അധികാരി അവളെപോലെ ഭംഗിയുള്ള ദേവിവിഗ്രഹം വേണമെന്ന് ആവിശ്യപെടുന്നു.മുത്തഛന്റെ മാനം കാക്കാൻ വേണ്ടി പഞ്ചലോഹക്കൂട്ടിൽ ആത്മാഹുതി നടത്തി സ്വയമൊരു വിഗ്രഹമായിത്തീരുന്ന കൊച്ചുമോൾ.അവസാനം കാര്യമറിയുന്ന മൂശാരിയുടെ മനോവേദനകളും സമൂഹത്തിന്റെ നിസംഗമായ പ്രതികരണങ്ങളും....ഇത്രയുമാണ്‌ എനിക്കു മനസിലായത്....ഇതുമനസിലാക്കാൻ എടുത്തത് ഒരു മണിക്കൂർ....നാലു തവണ വായന.

    ചേട്ടായി, അതുതാനല്ലയോ ഇത് എന്ന് തോന്നിപ്പിക്കുന്ന പദങ്ങളും വായനക്കാരെ ശ്ബ്ദതാരാവലി നോക്കിപ്പിച്ചേ അടങ്ങു എന്ന നിർബന്ധവും ഒഴിവാക്കിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി...

    അനുബന്ധമായ ഗ്രീക്കു പുരാണവും സൂചിപ്പിക്കാമായിരുന്നു.

    ഭാവുകങ്ങൾ.....(ഞാൻ ഓടണോ...!!!!)

    ReplyDelete
  9. ഇഷ്ടപ്പെട്ടു, കഥയും കവിതയും...!

    ReplyDelete
  10. സാളഗ്രാമങ്ങളായിരം നിറച്ച വിഗ്രഹം പോലെ
    ചൈതന്യം നിറഞ്ഞ കവിത

    ReplyDelete
  11. കവിതയെപ്പറ്റി അഭിപ്രായം പറയാന്‍
    ഞാന്‍ ഇല്ല .പക്ഷെ കഥ മനസ്സിരുത്തി മനസ്സിലാക്കി
    കണ്ണ് നിറഞ്ഞു പോയി .ശില്പിയുടെ മാനം കാത്ത
    നിഷ്കളങ്ക ആയ കൊച്ചു മോളുടെ മനസ്സ് "കാട്ടു
    കുതിരയിലെ " കൊച്ചു തമ്ബുരാടിയുടെ
    സംസാരം പോലെ മനസ്സിലേക്ക് ഓടിയെത്തി .

    പിന്നെ മനോരാജ് പറഞ്ഞത് ഞാന്‍ എഴുതാന്‍ ആഗ്രഹിച്ചു .
    അപ്പോഴാണ്‌ കമന്റ്‌ കണ്ടത് ..ഒപ്പം അര്‍ഥം എഴുതിയത്
    കൊണ്ടു വായനക്കൊപ്പം അര്‍ഥം കിട്ടി എങ്കിലും കവിതയ്ക്ക്
    അത് അഭംഗി അല്ലെ ?അല്പം ഗൌരവം ആയി വായിക്കാന്‍
    അവസരം തന്നതിന് നന്ദി ....

    ReplyDelete
  12. വേദനിപ്പിക്കുന്ന കഥ....
    വായനക്കാരുടെ അറിവിനെ ചോദ്യം ചെയ്യുന്ന കവിത... :)
    അര്‍ഥം കൊടുത്തത് നന്നായിട്ടോ... ഇല്ലെങ്കില്‍ എന്നെ
    പോലുള്ളവര്‍ കഷ്ടപ്പെട്ടേനെ.... :)

    ReplyDelete
  13. @ മനോരാജ്..പദങ്ങളൂടെ അര്‍ത്ഥങ്ങൾ ബ്രാക്കറ്റിൽ കൊടുത്തത് മന:പൂർവ്വമാണ് ,കാരണം വായനക്കാർ ഇത്രയും നീണ്ട കവിത വായിക്കുമ്പോൾ..മൌസ് താഴേക്കും മുകളിലേക്കും നീക്കി ബുദ്ധിമുട്ടണ്ടാ എന്ന് കരുതി.... അർഥം അറിഞ്ഞാൽ പിന്നെ ഒന്നുകൂടെ വായിക്കുമ്പോൾ കവിതയുടേ താളം കിട്ടൂം...പുതിയ തലമുറ കുറച്ച് പുതിയ വാക്കുകൾകൂടെ മനസ്സിലാക്കട്ടെ എന്നു വിചാരിച്ചു .അത് നല്ലതല്ലെ മനൊരാജ്.. വന്നതിനും വായിച്ചതിനും വളരെ നന്ദി........

    ReplyDelete
  14. @ ഓലപ്പടക്കം,വയിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി..പുതിയ വാക്കുകൾ അറിയാൻ കാരണക്കാരനായതിൽ സന്തോഷം. @ നേന ഉപ്പ കഥ പറഞ്ഞുതരും.പിന്നെ നികുച്ചേരി വ്യക്തമായി,കഥ പറഞ്ഞിട്ടുണ്ട് അഭിപ്രായത്തിൽ അതു വായിച്ച് നോക്കുക.....@ മൊയ്തീൻ...ഇനി ഒന്ന് കൂടെ വായിച്ച് നോക്കു അപ്പോൾ കടുപ്പം മാറിക്കിട്ടും..( നല്ല വായനക്ക് - എന്റെ എഴുത്തിനെക്കുറിച്ചല്ലാ)കുറച്ച് സമയം നഷ്ടപ്പെടുത്തിയാലും അത് ഗുണമേ ചെയ്യൂ... @ എന്റെ ലോകം, വായനക്ക് നന്ദി,താങ്കളുടെ സ്മ്ശയത്തിന് മനോരാജിന് നൽകിയ മറുപടി നോക്കുമല്ലോ......... @ ലിപി.. നല്ല വായനക്ക് നന്ദിയുടെ പുഷ്പഹാരം

    ReplyDelete
  15. കവിതയിലെ കഥ മനസ്സിനെ സ്പര്‍ശിച്ചു.ആ കഥയുടെ പാശ്ചാത്തലത്തിനു യോജിച്ച പുതിയ പദങ്ങള്‍ പരിചയപ്പെടുത്തിയതില്‍ സന്തോഷം.

    ReplyDelete
  16. കടപ്പെട്ടിരിക്കുന്നു.. ഈ കവിതയ്ക്ക്.. കഥയ്ക്ക്.. പുതിയ വാക്കുക്കള്‍ക്ക്
    ഒന്നോകൂടി ഇരുത്തി വായിച്ചപ്പോള്‍ ആ ചിത്രം തെളിഞ്ഞു തെളിഞ്ഞു വരുന്നു..
    നന്ദി

    ReplyDelete
  17. നീണ്ട കവിത പോലെ തന്നെ ആണ് ഈ വലിയ അക്ഷരങ്ങളും കവിതയെ വല്ലാതെ മുഷിപ്പിക്കുന്നു ....കുറച്ചു കൂടി അടുക്കും ചിട്ടയോടെ എഴുതിരുന്നു എങ്കില്‍ കുറച്ചു കൂടി വായന സുഖം പ്രാധാനം ചെയ്യും ..എനിരുനാലും പഴയ സ്കൂളില്‍ ബെഞ്ചില്‍ കവിത പിടികിട്ടാതെ അര്‍ഥം ടെക്സ്റ്റ്‌ ബുക്കിന്റെ വരികല്ല്ക്ക് ഇടയില്‍ എഴുതി പഠിച്ച ആ കാല ഘട്ടത്തെ ഓര്‍മ്മിപ്പിച്ചു

    ReplyDelete
  18. ഒരു നാടോടി കഥ പോലെ മനോഹരമായി കവിത.
    ശൈലി പഴയ രീതിയിലായത് കൂടുതല്‍ ഇഷ്ടായി .

    ആശംസകള്‍

    ReplyDelete
  19. സമ്മതിച്ചിരിക്കുന്നു...നമിക്കുന്നു.
    ശില്പിയുടെ സൃഷ്ടിയോടുള്ളതും...
    പിതാമഹന് കുഞ്ഞിനോടുള്ള
    വാല്‍ത്സല്യവും,കരുതലും ആത്മാര്താഥയും
    മനോഹരമായി സംയോജിപ്പിക്കുന്നതില്‍
    ഈ കവിതയുടെ സ്രെഷ്ട്ടാവിനു കഴിഞ്ഞിരിക്കുന്നു...
    നിറ കണ്ണുകളോടെ..ഹൃദയഭാരത്തോടെ വായിച്ചു തീര്‍ത്തു...
    ആധികാരികമായി കവിതയെ കുറിച്ച് പറയാന്‍ എനിക്കറിയില്ല..എങ്കിലും വര്‍ഷങ്ങള്‍ക്കു ശേഷം ഒരു കവിത കണ്ടെത്തി...
    ഇതാണ് കവിത എന്ന് ഉറക്കെ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു..

    ReplyDelete
  20. ശൈലി, ഇഷ്ടമായി
    നല്ല കവിതാ ശ്രമം
    തുടരട്ടെ ചന്തുയേട്ടാ

    ReplyDelete
  21. തന്ത്രത്തിൽ തന്ത്രിയായ് തീർന്നൊരാചാര്യനുംമന്ത്രം ‘പണ’മെന്ന് ചൊല്ലും മേൽശാന്തിയും"

    ഇതിലെ ദ്വിതീയ അക്ഷര പ്രാസം നന്നായിരിക്കുന്നു.
    കവിത വായിച്ചു അഭിപ്രായം എഴുതാന്‍ അറിയാത്തത്
    ഒരു കുറവായി തന്നെ ഇരിക്കുന്നു...
    ആശംസകള്‍..

    ReplyDelete
  22. പറഞ്ഞപോലെ നന്നായി വീണ്ടും വീണ്ടും വായിച്ചു ആസ്വദിച്ചു. കടുപ്പമുള്ളതു വായിച്ചു കാര്യങ്ങള്‍ കുറേശെ മനസ്സിലായി വരുമ്പോള്‍ ഒരു സംതൃപ്തി തോന്നുന്നു. ആ അര്‍ത്ഥത്തിലും ഞാന്‍ ഇഷ്ടമായി എന്ന് തന്നെ പറയുന്നു.

    ReplyDelete
  23. രണ്ടുമൂന്നാവർത്തി വായിക്കേണ്ടി വന്നു...എങ്കിലും നഷ്ടബോധമില്യാ...ഹൃദയസ്പർശിയായ കഥ...കണ്ണുകൾ നിറഞ്ഞു മനസ്സും...ഒപ്പം കുറേ നല്ല പദങ്ങളുമെടുക്കുന്നു ഇവിടെ നിന്നും...

    ReplyDelete
  24. പോസ്റ്റ്‌ ആമുഖത്തില്‍ ''സമ്മതിച്ച'' നീളക്കൂടുതല്‍ ഒരു ദഹനക്കേടായി വായനയില്‍ അനുഭവപ്പെട്ടു!
    പ്രിയ ചന്തു നായര്‍, എനിക്ക് മലയാളം ഇങ്ങനെ വശമില്ല... ക്ഷമിക്കണേ....

    ReplyDelete
  25. കവിത നന്നായി, സാരവും, പുതുമയുള്ള പദങ്ങളാണ് ആകര്‍ഷിച്ചത്..
    ഒരു ഫോളോവര്‍ ആയി കൂടുന്നു...
    ആശംസകള്‍...

    ReplyDelete
  26. ഞാനിനിയും മനസ്സിലാക്കാത്ത ഒരുപാട് വാക്കുകള്‍ മലയാളത്തിലുണ്ടെന്ന് ഇവിടെ വന്നപ്പോഴാണ് തിരിച്ചറിഞ്ഞത്..:)
    പെട്ടെന്ന് കണ്ടപ്പോള്‍ മലയാളം ക്ലാസ്സിലെ പദ്യങ്ങളൊക്കെ ഓര്‍മ്മ വന്നു..കവിതയിലെ കഥയിഷ്ടായി..

    ReplyDelete
  27. ഒരു മത്സരം വച്ചാലോ..
    ഈ കവിതക്ക് ആസ്വാദനക്കുറിപ്പെഴുത്ത്
    അപ്പൊ കിട്ടുമല്ലോ അര്‍ത്ഥം!
    ആശംസകള്‍!

    http://chemmaran.blogspot.com/

    ReplyDelete
  28. This comment has been removed by the author.

    ReplyDelete
  29. "ശിലാത്മിക" വായിച്ചു .ഇഷ്ട്ടപ്പെട്ടു .കണ്ണുകള്‍ നനയിച്ച ഒരു കവിത .

    കട്ടിയുള്ള വാക്കുകളുടെ അര്‍ത്ഥം കൊടുത്തത് എന്ത് കൊണ്ടും നന്നായി .
    കഥാസാരം എവിടെയൊക്കെയോ കേട്ടിട്ടുണ്ട് എന്നുള്ളത് സത്യം .
    ചില വരികള്‍ ശ്രീ ഓ.എന്‍ .വി സാറിന്റെ "അമ്മ "(ഒന്‍പതു പേരവര്‍ കല്‍പ്പണിക്കാര്‍.......) എന്ന കവിതയെ ഓര്‍മ്മപ്പെടുത്തി . ,
    ഉദാ:
    "ഒരു മൺകലം തോളിലേറ്റിയണഞ്ഞൊരു
    സുന്ദര ശ്രീരൂപം; കാരുവിൻ തനൂജ (തന തനയ)
    “അനാമൃത“യെന്ന് പേർ; പതിനാറ് തികയാത്ത
    അതിലോല, അരയന്ന നടയാലവിടെത്തി
    തൈർക്കലം താഴത്ത് വച്ചിട്ട് പാലികയിൽ(മൺകിണ്ണം)
    ദ്രപ്സം(മോര്) പകർന്ന് കൊടുത്തു മുത്തശ്ശന്
    തന്ത്രിക്കും,ശാന്തിക്കും,തെക്കേക്കരക്കാർക്കും
    മുറപോലെ സംഭാരമേകി വിനീതയായ്."

    എന്ന വരികള്‍ ഓര്‍മ്മപ്പെടുത്തിയത്‌
    "കഞ്ഞിക്കലവും തലയിലേറ്റി കയ്യാലെ താങ്ങി പിടിച്ചുകൊണ്ടേ
    മുണ്ടകപ്പാട വരമ്പിലൂടെ മുന്‍പിലെ ..............
    മണ്ടിക്കിതച്ചു വരുന്നതാരോ ?....
    കോട്ടിയ പ്ലാവില ..........
    ചട്ടിയില്‍ കഞ്ഞിയും കോരി വെച്ചു......"

    ചില വരികള്‍ വളരെ മനോഹരമായിട്ടുണ്ട്

    "കരവിരുതകലുന്നോ, ചാരുതാ ശോഷണം
    പ്രായം കടുത്തിട്ട് മനസ്സിനോ ചാഞ്ചല്ല്യം?..."

    “സൃഷ്ടി കർമ്മം കഴിഞ്ഞിങ്ങ് കൈമാറിയ
    പൂജിത ശീല്പത്തിൽ നിനക്കില്ല കാര്യം
    പോവുകയീ സ്വർഗ്ഗഭൂവ് പുലയാക്കാ -
    തില്ലെങ്കിൽ ഞങ്ങൾ സാമം വെടിഞ്ഞിടും"
    ("പെരുന്തച്ചനില്‍" ഇതേ സന്ദര്‍ഭം വായിച്ചതായി ഓര്‍ക്കുന്നു ).
    വിഗ്രഹങ്ങള്‍ കല്ലില്‍ കൊത്തിയുണ്ടാക്കുന്ന ശില്‍പ്പികളുടെ ഒന്ന് രണ്ട് ഗ്രാമങ്ങള്‍ തിരുവനന്തപുരത്തുനിന്നും കന്യാകുമാരിയിലെക്കുള്ള യാത്ര മദ്ധ്യേ ഉണ്ട് .
    വഴിയരികില്‍ ദൈവ വിഗ്രഹങ്ങള്‍(ജാതിമത ഭേദമില്ലാതെ ) ഒന്നോടൊന്നു ചേര്ന്നു കിടക്കുന്നതും കണ്ടിട്ടുണ്ട് ,ദൈവാംശം ഇല്ലാതെ .
    വില്‍ക്കുന്നത് വരെ ....അത് ശില്പ്പിക്ക് സ്വന്തം.പാവം വിഗ്രഹങ്ങള്‍ ......(ഒരേ ജാതി കല്ലില്‍ പല ജാതി ദൈവങ്ങള്‍) .

    കവിത അല്‍പ്പം കട്ടികൂടിപ്പോയി എന്ന്‌ എനിക്കും തോന്നി .
    പിന്നെ ശ്രീ സലാം പറഞ്ഞതുപോലെ ". കടുപ്പമുള്ളതു വായിച്ചു കാര്യങ്ങള്‍ കുറേശെ മനസ്സിലായി വരുമ്പോള്‍ ഒരു സംതൃപ്തി തോന്നുന്നു...:-)"
    പുതിയ വാക്കുകള്‍ അവയുടെ അര്‍ത്ഥങ്ങള്‍ അങ്ങനെ പല അറിവുകളും ഈ വായനയിലൂടെ നേടുവാന്‍ കഴിഞ്ഞു ......
    ആശംസകള്‍ .
    ഇനിയും എഴുതുക .
    വീണ്ടും വരാം .

    ReplyDelete
  30. കടുപ്പമുള്ള പദങ്ങൾ കോർത്ത വരികളും കഴമ്പുള്ള ആശയ പ്രയോഗവും കവിതയെ വ്യത്യസ്തമാക്കി.

    ReplyDelete
  31. കുറെ നാളുകള്‍ക്ക് ശേഷമാണ് ഇത്രേം വലിയ ഒരു കവിത വായിക്കുന്നത് !!
    ആശംസകള്‍ മാഷേ ക (ഥ )വിത യ്ക്ക് !!

    ReplyDelete
  32. പല പദങ്ങളും വീണ്ടും ഓര്‍മ്മ വന്നു. പല പദങ്ങളും പുതുതായി കണ്ടു. പല അര്‍ത്ഥങ്ങളും മനസ്സിലാക്കി. ഞാന്‍ എല്ലാം സൂക്ഷിച്ച് വയ്ക്കുന്നു. നല്ലൊരു കവിത തന്നതിന് നന്ദി

    ReplyDelete
  33. കവിതകള്‍ വായിച്ചു വരികയാണ്.
    മനോഹരമായ കവിതകള്‍.,. എനിക്കേറെ ഇഷ്ടപ്പെട്ടു.
    അഭിനന്ദനങ്ങള്‍.,.
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete